ഒമ‍ർ വീണ്ടും കാശ്മീരിനെ നയിക്കുമ്പോൾ

ജമ്മു കാശ്മീരിൻെറ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വീണ്ടും ആ പദവിയിലേക്ക് എത്തുകയാണ്. നേരത്തെ വാജ്പേയി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായ ചരിത്രവും അദ്ദേഹത്തിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പിൻവലിച്ചാണ് ഈ തിരിച്ചുവരവ്. ഇന്ത്യാ മുന്നണിയുടെ ദേശീയ മുഖമായും ഇനി ഒമറുണ്ടാവും…

Election Desk

മ്മു കാശ്മീരിൽ ബി.ജെ.പിയുടെയും പി.ഡി.പിയുടെയുമെല്ലാം പ്രതീക്ഷകൾ അസ്ഥാനത്താക്കി മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് നാഷണൽ കോൺഫറൻസിൻെറ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി. സഖ്യം ഭരണം ഉറപ്പിച്ചതിന് പിന്നാലെ പത്ത് വർഷത്തിന് ശേഷം കാശ്മീരിൻെറ മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിനും ഉത്തരമായിരിക്കുകയാണ്. ജമ്മു കാശ്മീരിൻെറ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരിക്കൽ കൂടി ആ ചുമതല ഏറ്റെടുക്കാൻ പോവുകയാണ്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് രണ്ടിടത്തും ജയിച്ചാണ് ഒമർ അബ്ദുള്ള ഇത്തവണ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

കാശ്മീർ നിയമസഭയിലെ ആകെയുള്ള 90 സീറ്റിൽ 50 എണ്ണത്തിലും സഖ്യം വ്യക്തമായ ലീഡോടെയാണ് ഇന്ത്യാ സഖ്യം മുന്നേറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, ഗണ്ടേർബാൾ മണ്ഡലത്തിൽ നിന്ന് ഒമ്പതിനായിരത്തിലധികം വോട്ടുകളുടെ ലീഡോടെയാണ് ഒമർ അബ്ദുള്ളയുടെ വിജയം. ബാദ്ഗാമിൽ പതിനെട്ടായിരത്തിലധികം വോട്ടുകളുടെ ലീഡോടെയും വിജയം ഉറപ്പിച്ചു.

ജമ്മു കാശ്മീരിൻെറ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരിക്കൽ കൂടി ആ ചുമതല ഏറ്റെടുക്കാൻ പോവുകയാണ്.
ജമ്മു കാശ്മീരിൻെറ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഒരിക്കൽ കൂടി ആ ചുമതല ഏറ്റെടുക്കാൻ പോവുകയാണ്.

ഗണ്ടേർബാളിൽ ഇരുപതിനായിരം വോട്ടുകൾ നേടിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) സ്ഥാനാർത്ഥി ബാഷിർ ആഹമ്മദ് മിറിനെയാണ് ഒമർ അബ്ദുള്ള തോൽപ്പിച്ചത്. ബാദ്ഗാമിൽ, 17525 വോട്ട് നേടിയ പി.ഡി.പിയുടെ തന്നെ ആഗാ സയ്യിദ് മുംതാസിർ മെഹ്ദിയെയും തോൽപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഞ്ചിനീയർ റാഷിദിനോട് ബാരാമുള്ള മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തോറ്റ ഒമർ അബ്ദുള്ളയുടെ രാഷ്ട്രീയ ജീവിതത്തിന് ഇരട്ടി മൈലേജ് ആവുകയാണ് ഈ വിജയം. കാശ്മീർ വിഷയത്തിൽ എക്കാലവും ബി.ജെ.പിയുടെ കടുത്ത വിമർശകരായിരുന്നു അബ്ദുള്ള കുടുംബം. അതിനാൽ തന്നെ ഒമർ അബ്ദുള്ളയുടെ പരാജയം ഉറപ്പുവരുത്താൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. വിജയത്തോടെ നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യ സർക്കാരിന് ദേശീയ രാഷ്ട്രീയത്തിലടക്കം വലിയ ചലനങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ഒമർ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മത്സരത്തിനിറങ്ങുകയായിരുന്നു. ഇത് പാർട്ടികകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി തെളിയിക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പട്ടതിനാലാണ് മത്സരത്തിനിറങ്ങുന്നത് എന്നായിരുന്നു ഒമർ അബ്ദുള്ള പ്രതികരിച്ചത്.

ഫാറൂഖ് അബ്ദുള്ള
ഫാറൂഖ് അബ്ദുള്ള

കാശ്മീർ രാഷ്ട്രീയം നിർണയിക്കുന്നതിൽ എക്കാലവും വലിയ പങ്കു വഹിച്ചിട്ടുള്ള, അബ്ദുള്ള കുടുംബത്തിൽ നിന്നാണ് ഒമർ അബ്ദുള്ളയുടെ വരവ്. നാഷണൽ കോൺഫറൻസ് സ്ഥാപകനും മുൻ കാശ്മീർ മുഖ്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള, ഒമർ അബ്ദുള്ളയുടെ മുത്തച്ഛനാണ്. മൂന്ന് തവണ മുഖ്യമന്ത്രി ആയിട്ടുള്ള ഫാറൂഖ് അബ്ദുള്ളയാണ് പിതാവ്. കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിൻെറ വഴിയേ ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നു ഒമർ അബ്ദുള്ള. 1998ൽ തൻെറ 28ാം വയസ്സിൽ അദ്ദേഹം ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീനഗറിൽ നിന്നാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിട്ടുണ്ട് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ സഹമന്ത്രിയായിരുന്നു. 2008-ൽ തൻെറ 38ാം വയസ്സിൽ ജമ്മു കാശ്മീരിൻെറ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസിന്റെ ചെയർപേഴ്സൺ സ്ഥാനത്തെത്തി.

കാശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കുന്ന കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഒമർ അബ്ദുള്ള. സംസ്ഥാന പദവി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട കാശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) പ്രകാരം കേസെടുത്ത് ഒന്നരമാസത്തിലധികമാണ് കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയത്. 2002-ൽ പിതാവ് ഫാറൂഖ് അബ്ദുള്ളയിൽ നിന്നും നാഷണൽ കോൺഫറൻസിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം കാശ്മീർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന നേതാവാണ് ഒമർ അബ്ദുള്ള. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ഊന്നിയായിരുന്നു ഒമറിന്റെ പ്രചാരണം. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പി.ഡി.പി സ്ഥാനാർത്ഥികൾക്കു പുറമേ പ്രാദേശിക സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെയും എളുപ്പത്തിൽ മറികടക്കാൻ ഒമർ അബ്ദുള്ളയ്ക്ക് കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്.

Comments