ജന്തർമന്തറിൽ എന്തുകൊണ്ട് ഒരു 'ടിയനെൻമെൻ സ്‌ക്വയർ' സംഭവിച്ചില്ല - അങ്ങനെയൊരു സാധ്യത സമരത്തിലുണ്ടായിരുന്ന യുവാക്കൾതന്നെ പറഞ്ഞിരുന്നു, 'ചിലപ്പോൾ ടാങ്കുകളും അവരിവിടെ കൊണ്ടുവരും.' സമരം ചെയ്തിരുന്ന യുവാക്കളിൽ ചിലർ അവിടെ മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിൽനിന്നും എത്തിച്ച 'കമ്പനി ബറ്റാലിയൻസും' തുടർന്ന് വിദ്യാർത്ഥികൾക്കു നേരെ ഉണ്ടായ മാരകമായ ബലപ്രയോഗവും പ്രതിപക്ഷ നേതാവിനെയും മറ്റുള്ളവരെയും പോലീസ് തെരുവിലൂടെ വലിച്ചിഴച്ച് റിമാന്റിൽ എടുത്തതും എല്ലാം കാണുമ്പോൾ തീർച്ചയായും ഒരു 'ടിയനെൻമെൻ ഭയം’ എല്ലാവർക്കും തോന്നിയിരുന്നു. ആ വൈകുന്നേരം തൃശൂരിൽ മകൾക്കുമൊപ്പം ഞാനും ബിന്ദുവും പങ്കെടുത്ത സിറ്റിസൻസ് പ്രൊട്ടസ്റ്റ് മാർച്ചിൽ സാറ ടീച്ചർ പങ്ക് വെച്ചതും വരാനിരിക്കുന്ന രാത്രിയിൽ എന്തും സംഭവിക്കാമെന്ന ഭയമായിരുന്നു. "ഈ രാത്രി നമ്മെ എന്തും കേൾപ്പിക്കും."
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന യുവാക്കളുടെയും കുട്ടികളുടെയും ധീരവും സത്യസന്ധവുമായ ചെറുത്ത്നിൽപ്പ് മറ്റൊരു ഉറപ്പ് തന്നിരുന്നുവെങ്കിലും ഞാനും അങ്ങനെ ഭയപ്പെട്ടു. അത്തരമൊരു അടിച്ചമർത്തലിന്, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയെ പോലെ തന്നെ ആശയപരമായിക്കൂടി സായുധവൽക്കരിച്ച സംഘടനയാണ് ആർ എസ് എസ് - അതിന്റെ പിന്തുണയും ഭരണവുമുള്ളതിനാൽ ബി.ജെ.പി സർക്കാരും അതിന് പ്രാപ്‌തമായിരുന്നു. കഴിഞ്ഞ ദിവസം ഒരു മലയാളി ആർ എസ് എസ് നേതാവ് പരസ്യമായി പറഞ്ഞതും തങ്ങൾക്ക് പ്രാപ്തമായ ആ സെന്റിമെന്റും ആയിരുന്നു. "അങ്ങനെ ചെയ്യണമായിരുന്നു."
എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. രാജ്യത്തെ യുവാക്കളുടെ സമരാവശ്യങ്ങൾക്കു മുമ്പിൽ മോദി സർക്കാരിന് കീഴടങ്ങേണ്ടി വന്നു. പ്രധാൻ രാജി വെച്ചു, പരീക്ഷാ പരിഷ്ക്കരണത്തിന്റെ ചില പരിപാടികൾ തുടങ്ങി, യുവാക്കൾ സമരം നിർത്തി ജന്തർമന്തറിൽനിന്നും മടങ്ങി, ഇപ്പോൾ ഡൽഹി കോർപറേഷൻ സമരസ്ഥലത്തെ ചുവരെഴുത്തുകൾ, ഗ്രാഫിറ്റികൾ, മായ്ക്കുന്നു : 'അത് മറന്നേയ്ക്കു' അഥവാ, 'ഒന്നും ഇവിടെ ഉണ്ടായിട്ടില്ല' 'ഒരു പ്രക്ഷോഭവും ഉണ്ടായിട്ടില്ല.'

ഡിജിറ്റൽ യുഗം മറവിയെ വളഞ്ഞു പിടിക്കുന്നു. ഒന്നും മറക്കാതിരിക്കാൻ എല്ലാ തെളിവുകളും സൂക്ഷിച്ചുവെയ്ക്കുന്നു. ഓർമ്മയെ വരുംദിവസങ്ങളിലേക്കുള്ള ലോഞ്ചിംഗ് പാഡ് ആക്കി ഒരുക്കി നിർത്തുന്നു. അതേ ഓർമ്മ അധികാരത്തെ പരോളിൽ വിട്ട ജയിൽപ്പുള്ളിയെ പോലെ സദാ നിരീക്ഷിക്കുന്നു. എങ്കിൽ ഇതെല്ലാം രാജ്യത്തെ ഈ വിദ്യാർത്ഥി യുവജന സമരം സാധിച്ചിരിക്കുന്നു. സിജെപി, ഐസാ, എസ് എഫ് ഐ തുടങ്ങിയ യുവജന സംഘടനകളും രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ് - പ്രതിപക്ഷ പാർട്ടി സമരങ്ങളും 'പോസ്റ്റ്- എമർജൻസി' കാലത്തെ ഏറ്റവും ഫാഷിസ്റ്റ് ആയ ഒരു ഭരണക്രമത്തിന്, മോദി ഭരണത്തിന്, (അതുകൊണ്ടു തന്നെ ആർ എസ് എസ്സിന്), രാജ്യത്തെ "ജനാധിപത്യത്തിന്റെ മൂഡ്" കാണിച്ചു കൊടുത്തു. ടാങ്കുകൾ ഉരുണ്ടില്ല. കുട്ടികളുടെ ഭാഗ്യം. നമ്മുടെ ഭാഗ്യം. ഇന്ത്യയുടെ ഭാഗ്യം.
ഞാൻ വീണ്ടും സംഭവിയ്ക്കുമായിരുന്ന, മാരകമായ ആ സാധ്യതയെ തിരഞ്ഞു പോകട്ടെ. എന്തെന്നാൽ, സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന് മേൽക്കൈയുള്ള ഒരു ഭരണം ഇപ്പോഴും ഡൽഹിയിലുണ്ട്. മോദി - ഷാ കൂട്ട്കെട്ട്, വാസ്തവത്തിൽ, ഏക പാർട്ടി സ്വേച്ഛാധിപത്യത്തിന് എന്നും തയ്യാറായി നിൽക്കുന്ന കൂട്ട്കെട്ടാണ്. അവരുടെ ലക്ഷ്യവും അതാണ്. രാഷ്ട്രീയ പാർട്ടികളെ പിളർത്തിയും തിരഞ്ഞെടുപ്പുകൾ കവർച്ച ചെയ്തും ജനാധിപത്യ സ്ഥാപനങ്ങളെ കീഴ്പ്പെടുത്തിയും ആർ എസ് എസ് കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷംകൊണ്ട് ഇന്ത്യയിൽ നടപ്പാക്കിയ ഭരണക്രമം 'ഹിന്ദുത്വ'യുടെ പേരിലാണ്. അവരുടെ ആശയപ്രകാരം അത് ലക്ഷ്യമാക്കുന്നത് "അഖണ്ഡ ഭാരതം" തന്നെയാണ് : ഭാഷാ വൈവിദ്ധ്യത്തെ, മത സഹജീവിതത്തെ, വിവിധ ദേശീയ സംസ്കാരങ്ങളെ ഉറപ്പ് വരുത്തുന്ന ഫെഡറലിസത്തെ അത് നിരാകരിക്കുന്നു. പകരം ദേശീയതകളുടെ ആശ്രിതത്വത്തെ ഭരണക്രമമാക്കുന്ന ഒരു ഏക പാർട്ടി ഭരണം സ്ഥാപിക്കുന്നു. അത് പ്രച്ഛന്നമായ ജനാധിപത്യത്തിന്റെ ഭരണകൂട സങ്കല്പമാകുന്നു. 'ഞങ്ങളുടെ ഈ ഉശിരൻ ടാങ്കിനെ നിങ്ങൾക്ക് തടയാനാകില്ല' എന്ന് വിശ്വസിപ്പിക്കാൻ ആർ എസ് എസ് /ബി ജെ പി നേതൃത്വത്തിന് ഏറെക്കുറെ കഴിയുകയും ചെയ്തിരുന്നു. പാർലമെന്ററി ജനാധിപത്യത്തെ അവിശ്വസിക്കാൻ നമ്മെ ശാക്തീകരിക്കുക: മോദി സർക്കാറിന്റെ നുണകൾ അങ്ങനെയാണ് ഒരു രാഷ്ട്രീയയന്ത്രം തന്നെയായി നമ്മുടെ കാഴ്ച്ചയിൽ നിറഞ്ഞത്.
രാജ്യത്ത് ആർ എസ് എസ് നരേന്ദ്ര മോദിയ്ക്ക് ചുറ്റും ഉണ്ടാക്കിയൊരു നരേറ്റീവ് "ഭയപ്പെടാനുള്ള സ്വാതന്ത്ര്യം" ആയിരുന്നു: “നിങ്ങൾ ഞങ്ങൾക്ക് കീഴടങ്ങുക, നിങ്ങൾ ഞങ്ങളെ അനുസരിക്കുക, ഒടുവിൽ ഞങ്ങൾ തരുന്ന ഇന്ത്യയിൽ ജീവിക്കുക.” കഴിഞ്ഞ പത്ത് വർഷത്തിലധികം കാലം നമ്മുടെ രാജ്യത്ത് ആർ എസ് എസ് നിർമ്മിച്ച ഭയത്തെയാണ് അവർ "ദേശസ്നേഹം" എന്ന് പേരിട്ടത്. ആ ഭയം നമ്മൾ പലവിധത്തിൽ ജീവിച്ചു. ഉദാഹരണത്തിന്, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ പിളർത്തി എംഎൽഎമാരെയും എംപിമാരെയും അമിത് ഷാ വിലയ്ക്ക് എടുക്കുന്നതിനെ ('കേരളത്തിലെ പോലും') മീഡിയ ആഘോഷിച്ചത്, 'ചാണക്യന്റെ ബുദ്ധി' എന്ന് കൈ കൊട്ടിക്കൊണ്ടായിരുന്നു. എങ്ങനെ ജനാധിപത്യം തകരുന്നു എന്ന് അവർ, മീഡിയ, ചർച്ച ചെയ്തതേ ഇല്ല. ഒരു പക്ഷേ ഭയംകൊണ്ട്. അല്ലെങ്കിൽ ഓട്ടോക്രസിയെ സ്വയം വരിക്കാൻ തയ്യാറായിക്കൊണ്ട്. എന്നാൽ, മറ്റൊരു രാഷ്ട്രീയം നമ്മുക്കിടയിൽത്തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പരമ്പരാഗത ജനാധിപത്യ സങ്കൽപ്പത്തിനു പുറത്ത്.

ദേശീയ സ്വാതന്ത്ര്യസമരകാലം മുതൽ ഈ ദിവസംവരെയും "നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ" അതിനുള്ള ദിശയായി ജനാധിപത്യത്തെ തിരഞ്ഞെടുത്തു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ രാഷ്ട്രീയ പ്രവർത്തനം. അത്തരമൊരു രാഷ്ട്രീയ പ്രവർത്തനം സ്വതന്ത്രോന്മുഖമായ ഒരു ബഹുസ്വര പ്രവർത്തനമാണ്. അതിൽ ഭൂതത്തേക്കാൾ വർത്തമാനം ഉള്ളടക്കമാവുന്നു. ('മോദി ഈസ് പാസ്റ്റ്' എന്ന് രാഹുൽ ഗാന്ധി ). ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ, ചെറുത്തുനിൽപ്പുകൾ, സ്വപ്നങ്ങൾ, ഈ ബഹുസ്വരതയിൽ പ്രവർത്തിക്കുന്നു. അധികാര രാഷ്ട്രീയത്തെ കൂടുതൽ വിശ്വാസ്യവും നിർമ്മലവുമാക്കാൻ ഇടപെടുന്നു. എങ്കിൽ, ഈ രാഷ്ട്രീയ പ്രവർത്തനത്തിനു പുറത്താണ് ആർ എസ് എസ്. ആർ എസ് എസ് ഒരു ഫാഷിസ്റ്റ് സംഘടനയും അതിന്റെ ആശയശാസ്ത്രം ജനാധിപത്യത്തെ വെറുക്കുന്നതുമാണ്. ഡൽഹിയിൽ ഭരണം പിടിച്ചെടുത്തതിലൂടെ തങ്ങളുടെ രാജ്യം വന്നു എന്നുതന്നെ അവർ കരുതി. "ഭയം ജീവിക്കുക" എന്ന ഉപാധി വെച്ചു. എന്നാൽ, ഈ ഭയത്തിൽനിന്നും ഇന്ത്യ ഇപ്പോൾ മോചിക്കപ്പെട്ടു എന്നുതന്നെയാണ് ഇപ്പോഴത്തെ വിദ്യാർത്ഥി, യുവജന പ്രക്ഷോഭത്തിന്റെ അനന്തര ദിവസങ്ങൾ പറയുന്നത്.
പരമ്പരാഗത രാഷ്ട്രീയം ജനാധിപത്യത്തെ നിർവചിക്കുകയാണ് ചെയ്യുന്നത് - ഓരോ ആശയ ശാസ്ത്രങ്ങളുടെയും പിൻബലം അതിനുണ്ടാകും. ആത്യന്തികമായ അർത്ഥത്തിൽ അത് ഒരു ഭരണകൂട സങ്കൽപ്പത്തെയാണ് ലക്ഷ്യമാക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച ഒരു ഉള്ളടക്കം അതിനുണ്ട്. രാഷ്ട്രീയ പാർട്ടികൾ ജൈവമാകുന്നതും അജൈവമാകുന്നതും വീണ്ടും ജൈവമാകുന്നതും മുന്നോട്ട് നീങ്ങുന്നതും ആ ഉള്ളടക്കം നിർണ്ണയിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണ്. ആ അർത്ഥത്തിൽ പാർലമെന്ററി ജനാധിപത്യം ഒരു വേള മുരടിച്ച ഭരണസമ്പ്രദായം പോലുമാണ്. കാരണം, പാരമ്പര്യ രാഷ്ട്രീയത്തിന്റെ റിജിഡ് ആയ കാല സങ്കൽപ്പം പാർലമെന്ററി ജനാധിപത്യത്തെ പലപ്പോഴും തടവിൽ വെയ്ക്കുന്നു.
എന്നാൽ, സാമൂഹ്യ ജീവിതത്തിലെ വ്യത്യസ്തങ്ങളായ ലീഡുകൾ - സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, തൊഴിൽരഹിതരായ യുവാക്കൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഓരോ ലീഡും ജനാധിപത്യത്തെ നിർവചിയ്ക്കുകയല്ല, മറിച്ച് ഒരു രാഷ്ട്രീയാവകാശ ബോധമാക്കി അതിനെ ഒരു ലിക്യുഡ് ഫോമിൽ ജീവിത സന്ധാരണത്തിനുള്ള മാർഗ്ഗമാക്കുകയാണ് ചെയ്യുന്നത്. മറ്റൊരർത്ഥത്തിൽ, പരമ്പരാഗത രാഷ്ട്രീയം അപ്പൊളിറ്റിക്കൽ എന്ന് കണ്ട ഏരിയ, വാസ്തവത്തിൽ, ജനാധിപത്യത്തിന്റെ സക്രിയതയുടെ ഇടമാവുന്നു. ‘ആശയങ്ങളുടെ ശൂന്യത’ കണ്ട ഈ ഇടങ്ങളിൽ പല ആശയങ്ങളും അവയുടെ മറവിയെയും ഓർമ്മയേയും പുനരാനയിക്കുന്നു: ഗാന്ധി, അംബേദ്കർ എന്നീ ആശയങ്ങൾ ഇപ്പോൾ ഇടപെട്ട പോലെ. എങ്കിൽ, ഈ 'അപാരമ്പര്യ ഊർജ്ജ'മാണ് ജന്തർമന്തറിലെ 'ടിയാനെൻമെൻ സ്‌ക്വയർ കുരുതി'യെ മറ്റ് പല ഘടകങ്ങൾക്കുമൊപ്പം തടഞ്ഞത്.

അപ്പോഴും, ആർ എസ് എസ് വേഗത്തിൽ അധികാരത്തിൽനിന്നും പുറത്താവും എന്നും കരുതിക്കൂടാ, രാജ്യത്തെ മുഴുവൻ മെഷിനറിയും അവർ ഇതിനകം കൈക്കലാക്കിയിട്ടുണ്ട്. എന്നാൽ, അവരുടെ അന്തിമ പരാജയം അവരുടെതന്നെ രാഷ്ട്രീയമാണ് ഉറപ്പ് വരുത്തുന്നത്: എന്തെന്നാൽ, ആർ.എസ്.എസ് ജനാധിപത്യത്തെ വെറുക്കുന്നു. സമൂഹം, പക്ഷേ, ഓരോ നിമിഷവും സ്വയം ജനാധിപത്യവൽക്കരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മൾ കാണുന്നപോലെ….
