ഐസാ നേതാവും ഗവേഷക വിദ്യാർത്ഥിയുമായ നേഹബോറ 23ാം ദിവസവും നിരാഹാര സമരം തുടരുന്നു. ഇന്നലെ മുതൽ എസ് എഫ് ഐ നേതാക്കളായ ആദർശ് എം സജിയും ഐഷാഘോഷും അനിശ്ചിത കാല നിരാഹര സമരത്തിലാണ്. അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിയ സോനം വാങ് ചുക്ക് അവിടെ സമരം തുടരുകയാണ്. ദീപക് കെ ഇന്നലെ മുതൽ ജന്തർ മന്ദറിൽ നിരാഹാരമാരംഭിച്ചിരിക്കുന്നു..
അഖിലേന്ത്യാ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചക്കുമെതിരായി രാജ്യത്താകെ ഉയർന്നുവന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഡൽഹി ജന്തർമന്തറിൽ സി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സമരങ്ങളാരംഭിച്ചത്. മെഡിക്കൽ - സർവ്വകലാശാല പ്രവേശനപരീക്ഷാക്രമക്കേടും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പർ ചോർച്ചയും കേന്ദ്രസർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ഗുരുതരമായ കൊള്ളരുതായ്മയുടെ ഫലമായിട്ടാണ് സംഭവിച്ചത്. പരീക്ഷാനടത്തിപ്പിലെ സുതാര്യതയില്ലായ്മ എൻട്രൻസ് കോച്ചിംഗ് മാഫിയകളെയും അവരെ സഹായിക്കുന്ന ബി.ജെ.പി നേതാക്കളുടെയും താൽപര്യത്തിന് വഴങ്ങിയ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിന്റെയും കൊള്ളരുതായ്മയുടെയും ഫലമായിട്ടാണ് സംഭവിച്ചത്. അതിനുത്തരവാദിയായ കേന്ദ്രമാനവവിഭവശേഷി മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തിയാണ് ജന്തർമന്തറിലെ വിദ്യാർത്ഥി യുവജന പ്രതിഷേധം ഉയർന്നുവന്നതും തുടരുന്നതും.

ഇപ്പോൾ കേന്ദ്രസർക്കാർ ജന്തർമന്തറിൽ പോലീസിനെ ഇറക്കിയും സമരക്കാർക്കുനേരെ ബലംപ്രയോഗിച്ചും നീതിക്കുവേണ്ടിയുള്ള ഈ സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിട്ടുളളതുപോലെ ആർ.എസ്.എസുകാരും ബി.ജെ.പി പ്രവർത്തകരും പോലീസിനൊപ്പം സമരവേദികളിലേക്ക് നുഴഞ്ഞുകയറി കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങൾ നടത്തുന്നുണ്ട്. സത്യാഗ്രഹം പോലെ അതീവ സമാധാനപരമായ ഒരു സമരത്തെയും വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധ കൂട്ടായ്മകളെയും പോലീസിനെ ഇറക്കി ബലംപ്രയോഗിച്ച് നേരിടുന്നത് ഒരു കാരണവശാലും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണ്.
ഭരണകൂട മർദ്ദക സംവിധാനങ്ങളുടെ ബലത്തിൽ ന്യായമായൊരു സമരത്തെ തകർത്തുകളയാമെന്ന് വ്യാമോഹിക്കുന്നവർ ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവരാണ്. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ ഒരു ശക്തിക്കും തടുക്കുവാനോ തകർത്തുകളയുവാനോ കഴിയില്ലെന്ന് ഹിറ്റ്‌ലേറിയൻ ഫാസിസത്തിന്റെ ഇന്ത്യൻ സന്തതികളായ ആർ.എസ്.എസുകാർക്കും അവർ നയിക്കുന്ന മോദി സർക്കാരിനും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷെ നീതി നിഷേധിക്കപ്പെട്ട കുട്ടികൾ, തങ്ങളുടെ മാർക്ക് നഷ്ടപ്പെട്ടതെങ്ങനെയെന്നറിയാതെ ആത്മഹത്യചെയ്യേണ്ടിവന്ന കുട്ടികൾ അവരുടെ മാതാപിതാക്കൾ അവരോടൊപ്പം നിൽക്കുന്ന നീതിബോധമുള്ള സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ കക്ഷികളും എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് നീതിക്കുവേണ്ടിയുള്ള ഈ സമരം തുടരുകതന്നെ ചെയ്യും.
മനുഷ്യാവകാശപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ സോനം വാങ്ചുക്കിനെ ഇന്നു രാവിലെ, ജൂലായ് 18-ന് ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നീറ്റ് പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം കഴിഞ്ഞ 23 ദിവസമായി കൊക്രോച്ച് ജനതാപാർടി നടത്തുന്ന സമരവേദിയിൽ നിരാഹാര സമരത്തിലായിരുന്നു. ബലംപ്രയോഗിച്ച് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ബലംപ്രയോഗിച്ച് വാങ്ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വിദ്യാർത്ഥി നേതാക്കൾ ആരോപിക്കുന്നത് പോലീസിനൊപ്പം ആർ.എസ്.എസുകാരും ജന്തർമന്തറിലെ സമരവേദിയിലേക്ക് ഇരച്ചുകയറിയെന്നാണ്. അത് പ്രതീക്ഷിക്കാവുന്നതുമാണ്. ഹിറ്റ്‌ലറുടെ സ്‌ട്രോം സ്ട്രൂപേഴ്‌സിനെ പോലെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. സ്‌ട്രോം സ്ട്രൂപേഴ്‌സ് തൊഴിലാളികളുടെ പൊതുയോഗ സ്ഥലങ്ങളിലും സമരവേദികളിലും ഇരച്ചുകയറി യോഗങ്ങൾ കലക്കുകയും സമരങ്ങളെ തല്ലിച്ചതയ്ക്കുകയും ചെയ്ത ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് സംഘടനയായിരുന്നു. അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയുള്ള സമരങ്ങളെ ഫാഷിസ്റ്റ് ഭീകരത അഴിച്ചുവിട്ട് നേരിടുകയെന്ന ഹിറ്റ്‌ലേറിയൻ തന്ത്രം തന്നെയാണ് ഇവിടെ നരേന്ദ്രമോദി സർക്കാരും പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് 'വിദഗ്ധരായ വൈദ്യശാസ്ത്ര വിദഗ്ധരുടെ ഉപദേശപ്രകാരം' ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പോലീസിന്റെ ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. 21 ദിവസം ഒരു സാമൂഹ്യപ്രവർത്തകൻ ഏറ്റവും ന്യായമായ ഒരു ആവശ്യത്തെ മുൻനിർത്തി നിരാഹാര സത്യാഗ്രഹം നടത്തിയിട്ടും, ആ സത്യാഗ്രഹിയുടെ ജീവൻ രക്ഷിക്കണമെന്നും അതിനായി സർക്കാർ ഇടപെടണമെന്നും രാജ്യത്തെ സാമൂഹ്യസാംസ്കാരിക ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലെ പ്രമുഖർ ആവശ്യപ്പെട്ടിട്ടും നിസ്സംഗത പുലർത്തുകയാണ് സർക്കാർ ചെയ്തത്. കുറ്റകരമായ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലായ് 20-ന് പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിലാണ് വാങ്ചുക്കിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജന്തർമന്തറിൽ നിന്ന് വരുന്ന ദൃശ്യങ്ങളും റിപ്പോർട്ടുകളും പോലീസ് ഇരച്ചുകയറ്റത്തിന്റെയും ഏകപക്ഷീയമായ ബലപ്രയോഗത്തിന്റേതുമാണ്. വാങ്ചുക്കിനെ അറസ്റ്റുചെയ്യാനുള്ള നീക്കങ്ങളെ സമാധാനപരമായി പ്രതിരോധിക്കുന്ന വിദ്യാർത്ഥികളെ പോലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാങ്ചുക്കിനെ നീക്കം ചെയ്യുമ്പോൾ പോലീസ് വെളുത്ത ഷീറ്റുകൾ ഉപയോഗിച്ച് അദ്ദേഹത്തെ മറച്ചിരുന്നു. സഫ്ദർജംഗ് ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റിയിരിക്കുന്നത്. ഇതേ ജന്തർമന്തറിൽ കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ പരീക്ഷാ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ട് വാങ്ചുക്കിനു പുറമെ വിദ്യാർത്ഥി സംഘടനാ നേതാക്കളായ നേഹ, ആമെൻ, മനീഷ് തുടങ്ങിയവരും അനിശ്ചിതകാല നിരാഹാര സമരം തുടരുന്നുണ്ട്.

ജന്തർമന്തറിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകളിൽ രാവിലെ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ നിരാഹാരം നടത്തുന്ന വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് തടയുകയായിരുന്നുവെന്നാണ്. ഐസ പ്രതിഷേധക്കാരുടെ ശക്തമായ പ്രതിരോധത്തിനുമുമ്പിൽ പോലീസിന് പിന്തിരിയേണ്ടിവന്നുവെന്നും റിപ്പോർട്ടുണ്ട്. ഡൽഹിയിൽ സി.ജെ.പി നേതാവ് ദീപ്കെ താമസിച്ചിരുന്ന എൻ.സി.പി വക്താവ് അനീഷ് ഗവാൻഡെയുടെ വീട് ഉൾപ്പെടെ പോലീസ് വളഞ്ഞിരുന്നു. ദീപക്.കെയെ തടങ്കലിൽ വെക്കുകയും മർദ്ദിക്കുകയും ചെയ്തതായിട്ടുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന് പുറത്തുപോകാൻ പോലീസ് അനുവാദം നൽകി.
ഡൽഹി പോലീസ് തന്നോട് ഇന്ന് വളരെ തരംതാണ രീതിയിലാണ് പെരുമാറിയതെന്ന് അദ്ദേഹം ജന്തർമന്തറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദീപക്.കെ ജന്തർമന്തറിൽ സോനം വാങ്ചുക്ക് സത്യാഗ്രഹം അനുഷ്ടിച്ച അതേവേദിയിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്. വാങ്ചുക്കിനെ അറസ്റ്റുചെയ്ത് നീക്കിയതിനെ തുടർന്നുള്ള സാഹചര്യത്തെ ആത്മവിശ്വാസത്തോടെ നേരിടാനും ജൂലായ് 20-ന്റെ പാർലമെന്റ് മാർച്ച് നല്ല ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കണമെന്നുമാണ് ദീപക്.കെ തന്റെ പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുകതന്നെ ചെയ്യണമെന്ന ആവശ്യം ആവർത്തിച്ചിരിക്കുകയാണ്. അതുവരെ സമരം തുടരും. ബഡ്ഷീറ്റുകൾകൊണ്ട് വാങ്ചുക്കിനെ അറസ്റ്റുചെയ്യുന്നത് മറച്ചുവെച്ച് വീഡിയോ ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ പോലീസ് പ്രതേ്യകം ശ്രദ്ധിച്ചു. മാത്രമല്ല അറസ്റ്റ് സമയത്ത് ഇന്റർനെറ്റ് അടക്കം വിഛേദിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് ജനകീയസമരങ്ങളെയും അതുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെയും ഒരു കാരണവശാലും അംഗീകരിക്കാനോ അനുഭാവപൂർവം പരിഹരിക്കാനോ ഉള്ള മനോഭാവമോ സമീപനമോ കേന്ദ്രസർക്കാരിനില്ലെന്നതാണ്. ഇന്നലെ ഒരു വീഡിയോ സന്ദേശത്തിൽ വാങ്ചുക്ക് പറഞ്ഞത്; ഞാൻ പുറത്തേക്ക് ക്ഷീണിതനാണെങ്കിലും ഉള്ളിൽ കരുത്തുണ്ടെന്നാണ്. നിങ്ങൾ എല്ലാവർക്കും കരുത്തുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും നമുക്ക് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തേണ്ട ജൂലായ് 20 വരെ ഊർജ്ജം വേണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ക്രോകോച്ച് ജനതാപാർടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ആരംഭിച്ച സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ 28-നാണ് വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. 17-ാം ദിവസമാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരതരാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. ശരീരഭാരം 9 കിലോഗ്രാം കുറഞ്ഞിരുന്നു. നാഡിമിടിപ്പ് കുറഞ്ഞുവന്നിരുന്നു. ഓരോ നിമിഷവും ജീവന്റെ സ്പന്ദനം പതുക്കെ താഴോട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഇച്ഛാശക്തിയോടെ തന്റെ പോരാട്ടം തുടരുമെന്ന നിലപാടാണ് വാങ്ചുക്ക് തന്നെ കാണാനെത്തുന്നവരോട് പറഞ്ഞത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ആവശ്യം എന്തുകൊണ്ടാണ് പ്രക്ഷോഭകരും അവരെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപാർടികളുമെല്ലാം ഒരേപോലെ ഉന്നയിക്കുന്നതെന്ന കാര്യം സാമൂഹ്യമാധ്യമങ്ങളിൽ സത്യാഗ്രഹ സമരത്ത ആക്ഷേപിക്കുകയും സോനം വാങ്ചുക്കിനെ രാജ്യവിരുദ്ധനായി മുദ്രകുത്തുകയുമൊക്കെ ചെയ്യുന്ന സൈബർസംഘികൾക്ക് ഇനിയും മനസ്സിലായിട്ടില്ല. കാരണം അവർ രാജ്യത്തെയോ ജനങ്ങളെയോ ഭാവിതലമുറകളെയോ കാണാത്ത മതാന്ധവാദികളും മതരാഷ്ട്രവാദികളുമാണ്. നമ്മുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിലാണ് ധർമേന്ദ്രപ്രധാൻ നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസവകുപ്പുകളിൽ നിന്നും അതിന്റെ പരീക്ഷ ഏജൻസികളിൽ നിന്നും വിദ്യാർത്ഥികൾ അനീതികൾക്ക് ഇരയായത്.

22 ലക്ഷത്തിലേറെ കുട്ടികൾ എഴുതിയ മെഡിക്കൽ പ്രവേശനപരീക്ഷയിലും 17 ലക്ഷം കുട്ടികൾ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും 11 ലക്ഷം കുട്ടികളെഴുതിയ സർവ്വകലാശാല പ്രവേശന പരീക്ഷയിലും വൻക്രമക്കേടുകളാണ് നടന്നത്. എൻട്രൻസ് കോച്ചിംഗ് മാഫിയകൾക്ക് യഥേഷ്ടം ചോദ്യപേപ്പർ ചോർത്തിയെടുക്കാനും പരീക്ഷ നടത്തിപ്പിലെ എല്ലാ സുതാര്യതയെയും അട്ടിമറിക്കാനും കഴിഞ്ഞത് ധർമേന്ദ്രപ്രധാൻ നേതൃത്വംകൊടുക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്. മാപ്പ് അനുവദിക്കാനാവാത്ത കൊള്ളരുതായ്മയാണ് കുട്ടികളുടെ ഭാവിയെ പന്താടുന്ന പരീക്ഷ ക്രമക്കേടുകളിലേക്ക് വഴിവെച്ചത്.
നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നെങ്കിലും ഈ ക്രമക്കേടിന്റെയും കൊള്ളരുതായ്മയുടെയും ഇരകളായി തീർന്ന വിദ്യാർത്ഥികളിൽ എത്രയോ പേർ ആത്മഹത്യ ചെയ്തു. അവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്? അവരുടെ മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുത്തിയ കൊള്ളരുതായ്മയ്ക്ക് കേന്ദ്രസർക്കാരും അതിന്റെ വിദ്യാഭ്യാസവകുപ്പും മറുപടി പറഞ്ഞേപറ്റൂ. പരീക്ഷ നന്നായി എഴുതിയിട്ടും സ്വന്തം മാർക്ക് എങ്ങനെ പോയി എന്നറിയാതെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ എത്ര കുട്ടികളാണ് ദിവസങ്ങളോളം തീ തിന്നേണ്ടി വന്നത്.
നീറ്റ് പരീക്ഷ റദ്ദുചെയ്ത് പുനപരീക്ഷ നടത്തിയിട്ടും രണ്ടുലക്ഷം വിദ്യാർത്ഥികൾ പുറത്തായതായാണ് റിപ്പോർട്ടുകൾ വരുന്നത്. മോദി സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേട് മൂലമുണ്ടായ ചോദ്യചോർച്ചയെ തുടർന്ന് രണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ നീറ്റെന്ന സ്വപ്നം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. ആദ്യപരീക്ഷയെഴുതിയ 2.05 ലക്ഷം കുട്ടികൾ പുനഃപരീക്ഷ എഴുതിയില്ലെന്ന ഞെട്ടിക്കുന്ന കണക്ക് ആഴ്ചകൾക്കുശേഷം ഇപ്പോൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. മെയ് 3-ന് നടന്ന ആദ്യ പരീക്ഷയിൽ 22.05 ലക്ഷം വിദ്യാർത്ഥികൾ എഴുതിയിരുന്നു. എന്നാൽ ഇപ്പോൾ പുനഃപരീക്ഷയിൽ 19.99 ലക്ഷം കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതിയത്. 22.79 ലക്ഷം പേർ രജിസ്റ്റർ ചെയ്തതനുസരിച്ച് ഇപ്പോൾ 2.79 ലക്ഷം കുട്ടികൾ പരീക്ഷ എഴുതിയില്ലെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യ പരീക്ഷയിൽ 96.72% ഹാജർ രേഖപ്പെടുത്തിയ സ്ഥാനത്ത് ഇപ്പോൾ പുനഃപരീക്ഷയിൽ അത് 87.22% ആയി കുറഞ്ഞിരിക്കുന്നു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെയാണ് കേന്ദ്രസർക്കാർ തകർത്തുകളഞ്ഞിരിക്കുന്നത്. കുട്ടികളുടെ ഭാവിവെച്ചുള്ള കളിയാണ് കോച്ചിംഗ് മാഫിയകൾക്കും അവരെ സഹായിക്കുന്ന ബി.ജെ.പി നേതാക്കൾക്കും വേണ്ടി ധർമേന്ദ്രപ്രധാൻ നേതൃത്വം കൊടുക്കുന്ന കേന്ദ്ര വിദ്യാഭ്യാസവകുപ്പും പരീക്ഷാ ഏജൻസികളും നടത്തിയത്. അതുകൊണ്ടുതന്നെ പരീക്ഷാ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ധർമേന്ദ്രപ്രധാൻ രാജിവെക്കുകയെന്നതും ഉന്നത വിദ്യാഭ്യാസരംഗത്തെ സംവിധാനപരമായ കൊള്ളരുതായ്മകൾക്കും പിടിപ്പുകേടുകൾക്കുമെതിരെ നടപടിയെടുക്കുകയെന്നതും ഏറ്റവും ന്യായമായ ആവശ്യമാണ്. ആ ആവശ്യത്തെ മുൻനിർത്തിയാണ് ഡൽഹിയിൽ സമരം നടക്കുന്നത്.
