പാറ്റച്ചിറകിന്റെ
ഇടിമുഴക്കം

‘‘ഈ വിദ്യാർത്ഥികൾക്കൊപ്പം ജനാധിപത്യബോധമുള്ള മനുഷ്യരുടെ കൂട്ടങ്ങൾ തെരുവിലേക്കിറങ്ങാൻ തയ്യാറായി എന്നതാണ് കാലത്തിൻ്റെ പ്രതീക്ഷ. അത് എല്ലാത്തരം ജൈവമനുഷ്യരേയും ഉൾക്കൊള്ളാനുള്ള വിശാലതയും ആഴവും പ്രകടിപ്പിക്കുന്നുണ്ട്’’- EDITORIAL | MANILA C MOHAN

ഒരു പാറ്റച്ചിറകടിയുടെ പ്രതിധ്വനിയിൽ ഇന്ത്യ അതിൻ്റെ ജനാധിപത്യ വേരുകളിലേക്ക്, ജനാധിപത്യത്തിൻ്റെ ധീരമായ ഓർമകളിലേക്ക് ആവേശത്തോടെ കുതറുകയാണ്.

രാജ്യത്തെ യുവാക്കളാണ് മുൻനിരയിൽ. ഇന്ത്യൻ രാഷ്ട്രീയം അതിൻ്റെ വ്യവസ്ഥാപിത ഭാഷയും ശരീരഭാഷയും മാറ്റിവെക്കാൻ നിർബന്ധിതമാവുന്നു. ആധുനിക ചരിത്രത്തിലെല്ലായിടത്തും ലോകത്തെല്ലായിടത്തും രാഷ്ട്രീയം കലങ്ങിമറിയാൻ പാകമാവുന്ന നിർണായക സന്ദർഭങ്ങളിലെല്ലാം വിദ്യാർത്ഥികൾ തങ്ങളുടെ സുതാര്യമായ ചിറകുകളോടെ ഭരണകൂടത്തിൻ്റെ നേർക്കുനേർ അവകാശബോധത്തോടെ നിന്നിട്ടുണ്ട്. ആ നിൽപ്പ് തുടക്കമോ തുടർച്ചയോ ഉൾപ്രേരകമോ ആവുന്ന അക്ഷോഭ്യമായ നിൽപ്പാണ്.

ഇന്ത്യയിലിപ്പോൾ CJP യ്ക്ക്, കോക്റോച്ച് ജനതാ പാർട്ടിയ്ക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികൾക്ക്, INDIA സഖ്യത്തിന് അണിനിരക്കേണ്ടി വന്നിരിക്കുകയാണ്.

2014 ൽ ആദ്യ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള കഴിഞ്ഞ 12 വർഷം, സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ഹിന്ദുത്വ ഭരണകൂടം, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സകല സ്വാതന്ത്ര്യങ്ങളേയും എങ്ങനെയാണ് ഇല്ലാതാക്കിക്കളഞ്ഞത് എന്ന് നമുക്കറിയാം.

പശുവിൻ്റെ പേരിൽ നടന്ന ആൾക്കൂട്ടക്കൊലകൾ. ജാതിയുടേയും മതത്തിൻ്റെയും പേരിൽ നടത്തിയ നിരന്തര വയലൻസ്. ദലിതരുടേയും മുസ്ലീങ്ങളുടെയും മനസ്സിൽ ഒരു സമൂഹമെന്ന നിലയിൽ പകർത്തിയിട്ട, ജീവനോടും ജീവിതത്തോടുമുള്ള നിരന്തര ഭയം. അദാനിയും അംബാനിയും പോലുള്ള കോർപ്പറേറ്റ് കുത്തകകൾക്ക് വേണ്ടി രാജ്യത്തിൻ്റെ കടലും ഭൂമിയും ആകാശവും കൈമാറിയത്.

നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയിലൂടെയേയല്ല ആ പ്രത്യയശാസ്ത്രം വിദ്യാഭ്യാസത്തിനുമേൽ കൈവെച്ചത്. സർവ്വകലാശാലകളിൽ മുഴുവൻ പതിയെപ്പതിയെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൻ്റെ പ്രായോജകരുടെ പ്രതിഷ്ഠാപനം നടത്തി. സിലബസും കരിക്കുലവും മാറ്റി. സമരോത്സുകമായിരുന്ന കാമ്പസുകളിൽ മുഴുവൻ അച്ചടക്കത്തിൻ്റെ ഗണഗീതങ്ങൾ ശീലമാക്കിച്ചു. ഓർക്കുന്നില്ലേ വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദിനെ? ആറു വർഷമായി ജയിലിൽ കിടക്കുന്നു ഉമർ ഖാലിദ്. എത്രയോ മനുഷ്യർ, മോദിസർക്കാരിനെതിരെ സമരം ചെയ്ത എത്രയോ എത്രയോ മനുഷ്യരെ ആ ഫാഷിസ്റ്റ് സർക്കാർ തടവിലാക്കി? എത്രയെത്ര പേർ തടവിലും പുറത്തു വന്നും മരിച്ചുപോയി? മനുഷ്യാവകാശപ്രവർത്തകർ, രാജ്യത്തിൻ്റെ ജനാധിപത്യത്തിനു വേണ്ടി വാദിച്ചവർ.

ഇന്ന് സി ജെ പി സമരത്തിൽ പങ്കെടുക്കുന്നവർക്കുനേരെ പ്രയോഗിക്കുന്ന അതേ വിശേഷണങ്ങൾ 12 വർഷമായി മോദി സർക്കാരിൻ്റെ ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ്. രാജ്യദ്രോഹികൾ, അർബൻ നക്സലുകൾ, പാകിസ്ഥാനിൽനിന്ന് ഫണ്ട് വാങ്ങുന്നവർ, തീവ്രവാദികൾ തുടങ്ങി എത്രയോ വിശേഷണങ്ങൾ. കത്തിയെരിഞ്ഞ മണിപ്പൂരിൽനിന്ന് ഓടിപ്പോന്ന മനുഷ്യരുടെ ഭയത്തെ ഇങ്ങ് കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽപ്പോലും കാണാൻ പറ്റാറുണ്ട്. പാർലമെൻ്റിലേക്ക് നടന്നുവന്ന ഇന്ത്യൻ കർഷകരുടെ വിണ്ടുകീറിയ കാലുകളെ ഓർക്കുന്നില്ലേ? കർഷക സമരത്തിൽ മരിച്ചുവീണ എത്രയോ മനുഷ്യർ. ദീർഘനാൾ നീണ്ടു നിന്ന കർഷക സമരത്തെ രാഷ്ട്രീയ നെറിയില്ലാതെ നേരിട്ടത്.

ഇന്ത്യൻ ഫെഡറൽ സിസ്റ്റത്തെ ദുർബലമാക്കാൻ നടത്തുന്ന നീചമായ അറ്റമില്ലാത്ത ശ്രമങ്ങൾ. ഫണ്ട് തടഞ്ഞുവെക്കൽ മുതൽ സർക്കാരുകളെയും പാർട്ടികളെയും വിലയ്ക്കുവാങ്ങുന്നതുവരെ. സർക്കാർ പ്രതിസന്ധിയിലാവുന്നുവെന്ന് തോന്നുമ്പോഴൊക്കെയും കശ്മീരിൽ കൊല്ലപ്പെടുന്ന സൈനികരും പെട്ടെന്നുണ്ടാവുന്ന യുദ്ധങ്ങളും. രാജ്യത്തെ പൗരരുടെ മനസ്സിൽ വിധേയത്വത്തിൻ്റെയും ആശ്രിതത്വത്തിൻ്റെയും ഭയം വിതച്ചിട്ട പൗരത്വനിയമങ്ങൾ. അഖണ്ഢ ഭാരതം ലക്ഷ്യമിട്ട് തയ്യാറാക്കിയ മണ്ഢല പുനർനിർണയ ബില്ല്. ഭൂരിഭാഗം മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരേയും വിലയ്ക്കെടുക്കുകയോ നിശ്ശബ്‌ദമാക്കുകയോ ചെയ്തത്. ഇലക്ട്രൽ ബോണ്ട്, നിയമസംവിധാനത്തെയും ഇലക്ഷൻ കമ്മിഷനെയും സ്വന്തക്കാരാക്കി മാറ്റിയത്. പറഞ്ഞാൽ തീരില്ല മോദിസർക്കാരിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രപദ്ധതി നടപ്പാക്കൽ.

ആ അധികാരത്തിൻ്റെ തലപ്പാവിലും പുരുഷ ലിംഗത്തിലുമാണ് തെരുവിൽ ഇപ്പോൾ ജെൻസി പിള്ളേർ പിടിച്ചുവലിക്കുന്നത്. ടീനേജിലും ഇരുപതുകളിലും ഉള്ളവർ. നീറ്റ് പരീക്ഷാ ക്രമക്കേട് തങ്ങളുടെ ഭാവിയെ ഭയപ്പെടുത്തുമ്പോൾ അവർക്ക് ഭയത്തിൻ്റെ ചരിത്രം തിരഞ്ഞ് പോകാതിരിക്കാനാവില്ല. അതിർത്തികളില്ലാത്ത ലോകക്കാഴ്ച സ്വാഭാവിക കാഴ്ചയായ തലമുറ കൂടിയാണവർ. ഗുജറാത്ത് വംശഹത്യയുടെ വിഷ്വലുകൾ അവർ ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ടതും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വാളുകളും ശൂലങ്ങളും അവർക്ക് മനസ്സിലായിട്ടുണ്ടാവില്ല.

പക്ഷേ പൊലീസിനെയും സൈന്യത്തെയും ഗുണ്ടകളേയും കളത്തിലിറക്കി വിദ്യാർത്ഥികളെ നേരിടുന്ന ഒരു കേന്ദ്ര ഭരണകൂടം ആ വിദ്യാർത്ഥികളോട് തങ്ങളുടെ ചരിത്രം തന്നെയാണ് പറയാതെ പറയുന്നത്. ലാത്തിത്തുമ്പിൽ ആണി കെട്ടിവെച്ച് തലയ്ക്കടിക്കുകയും പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുകയും സമരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളോട് ലൈംഗിക കുറ്റകൃത്യം ചെയ്യുകയും ചെയ്യുന്ന ഭരണകൂടത്തിൻ്റെ പൊലീസുകാരെയും സംഘപരിവാർ സേനയേയും കുട്ടികൾ നേർക്കുനേർ അറിഞ്ഞുവരികയാണ്. ഹിന്ദുത്വയ്ക്ക് എതിരെ നിൽക്കുന്ന വിദ്യാർത്ഥികളെ, പെൺകുട്ടികളെ തെരുവിൽ നേരിടാൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന സംഘപരിവാർ നേതാക്കളുടെ വിഷ്വലുകൾ നമുക്ക് മുന്നിൽ വന്നു കഴിഞ്ഞു.

യുവാക്കളെ, കോക് റോച്ചുകൾ - പാറ്റകൾ എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ജഡ്ജി സൂര്യകാന്തിൻ്റെ പരാമർശത്തിൽ നിന്ന് രൂപം കൊണ്ടതാണ് അഭിജിത് ദീപ്കെ എന്ന ചെറുപ്പക്കാരൻ്റെ നേതൃത്വത്തിൽ കോക്റോച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്ഫോം. What if all cockroaches come together എന്ന ഒരൊറ്റ ചിറകടിയിൽ ആരംഭിച്ച സമരം. അതിന്ന് ജനാധിപത്യബോധമുള്ള മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കാൻ പ്രാപ്തിയുള്ള കൊടുങ്കാറ്റായി മാറിയിരിക്കുന്നു. ആ കാറ്റ് നിശ്ചയമായും സംഘപരിവാറിൻ്റെ, ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൻ്റെ, ജനാധിപത്യവിരുദ്ധമായ കേന്ദ്രസർക്കാരിനെ ഉലച്ചിട്ടുണ്ട്. സമരം ചെയ്യാനും സംസാരിക്കാനും പല പല കാരണങ്ങളാൽ തയ്യാറാവാതിരുന്ന മനുഷ്യർ സംസാരിക്കാൻ തയ്യാറാവുന്നു എന്നതുതന്നെയാണ് CJP സമരത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം.

CJP യ്ക്ക് ഒരുപക്ഷേ ഒരു മുന്നേറ്റത്തിൻ്റെ കരുത്ത് നിലനിർത്താൻ കഴിഞ്ഞേക്കാം. ഇനിയൊരുപക്ഷേ ഈ മുന്നേറ്റം തന്നെ ഇല്ലാതായിപ്പോയേക്കാം. നിരാഹാരസമരം നടത്തി CJP യ്ക്ക് ശക്തമായ പിന്തുണ നൽകിയ സോനം വാങ് ചുക്ക് നിരാഹാര സമരം പിൻവലിച്ചത് കേന്ദ്ര മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായതും സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രതീതി സൃഷ്‌ടിച്ചതും അത്രയ്ക്ക് നിഷ്കളങ്കമായി കാണാനാവില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്കു മുന്നിൽ നടത്തിയ സമരം ആത്മാർത്ഥതയില്ലാത്തതാണ് എന്ന സോനം വാങ്ങ് ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്ങ് മോയുടെ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു സോനം വാങ്ങ് ചുക്ക് നിരാഹാരം പിൻവലിച്ചത് എന്നതും സമരത്തിൻ്റെ സാധ്യതകളെ പരിമിതപ്പെടുത്തിയെന്ന തോന്നൽ ഉണ്ടാക്കിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയ്ക്കും അണ്ണാ ഹസാരെയ്ക്കും പിന്നിൽ സംഘപരിവാറിൻ്റെ സംഭാവനയെന്തായിരുന്നു എന്നതിന് കാലം തെളിവു നൽകിയിട്ടുണ്ട്.

അത്തരത്തിലുള്ള താരതമ്യം ഇവിടെ പ്രസക്തമല്ല. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ CJP സമരത്തോട് ചേർന്നുനിൽക്കാൻ തയ്യാറായി എന്നത് ആ സമരത്തിൻ്റെ വിജയം തന്നെയാണ്. പാറ്റകൾക്കൊപ്പം ജനാധിപത്യബോധമുള്ള മനുഷ്യരുടെ കൂട്ടങ്ങൾ തെരുവിലേക്കിറങ്ങാൻ തയ്യാറായി എന്നതാണ് കാലത്തിൻ്റെ പ്രതീക്ഷ. അത് എല്ലാത്തരം ജൈവമനുഷ്യരേയും ഉൾക്കൊള്ളാനുള്ള വിശാലതയും ആഴവും പ്രകടിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദി സെൽഫി വീഡിയോ എടുത്ത് ജെൻസിക്കൊപ്പമെന്ന് പറയാൻ ശ്രമിച്ച് പരിഹാസ്യനാവുകയും നാടകങ്ങൾ തുടരുകയും ചെയ്തേക്കാം.
പക്ഷേ, അപ്പോഴും പാറ്റച്ചിറകടികളുടെ പ്രതിധ്വനി കരുത്തോടെ പൗരബോധമുള്ള മനുഷ്യരെ ഇന്ത്യൻ തെരുവുകളിലേക്ക് ഭരണകൂടത്തിനെതിരായ നിരന്തര പോരാട്ടത്തിന് പ്രേരിപ്പിക്കുക തന്നെ ചെയ്യും.

Comments