ഇന്ദിരയും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകൾ നയൻതാരയും (നെഹ്റുവിന്റെ മടിയിലിരിക്കുന്നത്) ജവഹർലാൽ നെഹ്റുവിനോടൊപ്പം.

ഇന്ദിരയ്ക്കു
മാത്രമായിരുന്നില്ല,
നെഹ്റു അയച്ച
ആ കത്തുകൾ…

1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.

20-ാം നൂറ്റാണ്ടോടെ വളർന്നുവന്ന പ്രധാന വിവരകൈമാറ്റ മാധ്യമമായിരുന്നു കത്തുകൾ. സാക്ഷരതയിലുണ്ടായ വളർച്ചയും സർക്കാർ നിയന്ത്രണത്തിൽ പൊതുസ്ഥാപനങ്ങൾ വളർന്നുവന്നതും വിവരകൈമാറ്റത്തിന് കത്തെഴുതുക എന്ന രീതി വിപുലപ്പെടുത്തി. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും വരേണ്യ വിഭാഗം കൈകാര്യം ചെയ്തിരുന്ന കത്തിടപാടുകൾ ആധുനിക വിദ്യാഭ്യാസം നേടിയ മധ്യവർഗം വിപുലമായി ഉപയോഗിക്കാൻ തുടങ്ങിയത് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.

സ്വാമി ദയാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ആശയങ്ങളും നിലപാടുകളും 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കത്തുകളിലൂടെ പങ്കുവയ്ക്കുന്നതു കാണാം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ദാദാഭായ് നവറോജി എഴുതിയ നൂറുകണക്കിന് കത്തുകൾ ആദ്യകാല ദേശീയ നേതാക്കന്മാരുടെ കത്തെഴുത്തിലൂടെയുള്ള രാഷ്ട്രീയ വിനിമയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

ദേശീയപ്രസ്ഥാനത്തിന്റെയും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വളർച്ചയോടെയാണ് ഇന്ത്യയിൽ കത്തെഴുത്തിന് രാഷ്ട്രീയ സ്വാഭാവം കൈവന്നുതുടങ്ങുന്നത്. 1920- കളോടെ കോൺഗ്രസ് ഒരു വലിയ രാഷ്ട്രീയ പാർട്ടിയായി ഇന്ത്യയിലാകമാനം പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ സന്ദേശങ്ങൾ കൈമാറാൻ കത്തുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങൾ സവിസ്തരം പലരും കത്തുകളിൽകൂടി ചർച്ച ചെയ്തിരുന്നു.

ടാഗോറിന്റെ കത്തുകൾ കത്തെഴുത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റത്തെ അടയാളപ്പെടുത്തുന്നുണ്ട്. അതുപോലെ ഗോപാലകൃഷ്ണ ഗോഖലെയും, റൊമെയ്ൻ റോളണ്ടുമൊക്കെയായി ഗാന്ധിജി നടത്തിയ കത്തിടപാടുകൾ ഇക്കാലത്ത് വികസിച്ചു വരുന്ന കത്തുകളിലൂടെയുള്ള സംവാദാത്മക പൊതുമണ്ഡലത്തിന്റെ ഉദാഹരണമായിരുന്നു. മോത്തിലാൽ നെഹ്‌റു, മദൻമോഹൻ മാളവ്യ, സി. ആർ ദാസ് തുടങ്ങിയ നിരവധി ദേശീയ നേതാക്കൾ കത്തുകളെ രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകാൻ ഉപയോഗിച്ചവരായിരുന്നു. ലാല ലജ്പത് റായും ബാൽ ഗംഗാധർ തിലകും എഴുതിയ നിരവധി കത്തുകൾ ദേശീയപ്രസ്ഥാനത്തിന്റെ വിവിധ മാനങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. അതുപോലെ സിസ്റ്റർ നിവേദിതയുടെയും ആനി ബസന്റിന്റെയും കത്തുകൾ കത്തെഴുത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടുകളാണ്.

ജവഹർലാൽ നെഹ്‌റു അമ്മ സ്വരൂപ് റാണിക്കും അച്ഛൻ മോത്തിലാൽ നെഹ്‌റുവിനും അതുപോലെ മോത്തിലാൽ നെഹ്‌റു മകനുമയച്ച നൂറുകണക്കിന് കത്തുകൾ അപൂർവതയായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയ നേതാക്കന്മാരാണ് കത്തുകളെ സാമൂഹ്യ വിദ്യാഭ്യാസത്തിന് (social education) ഉപയോഗിച്ചു തുടങ്ങുന്നത്. കത്തുകൾ വിവരകൈമാറ്റത്തിനുള്ള മാധ്യമം എന്നതിനൊപ്പം ആശയപ്രചാരണത്തിനും വലിയ തോതിൽ ഉപയോഗിക്കപ്പെട്ട കാലമായിരുന്നു 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി.

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കത്തെഴുത്ത് വിപുലമായ സ്വാധീനമുണ്ടായിരുന്ന വിനിമയ മാധ്യമമായി വളർന്നെങ്കിലും കുട്ടികൾ കത്തെഴുതുക, അതുപോലെ കുട്ടികൾക്ക് കത്തെഴുതുക എന്നത് അധികം കാണാൻ കഴിഞ്ഞിരുന്നില്ല. ലണ്ടനിൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഗാന്ധിജി പതിവായി കത്തുകൾ എഴുതാറുണ്ടായിരുന്നു. ജവഹർലാൽ നെഹ്‌റു അമ്മ സ്വരൂപ് റാണിക്കും അച്ഛൻ മോത്തിലാൽ നെഹ്‌റുവിനും അതുപോലെ മോത്തിലാൽ നെഹ്‌റു മകനുമയച്ച നൂറുകണക്കിന് കത്തുകൾ അപൂർവതയായിരുന്നു. നിരവധി വാല്യങ്ങളായ് പിൽക്കാലത്ത് പ്രസിദ്ധീകരിച്ച The Collected Works of Mahatma Gandhi, Selected Works of Motilal Nehru, Selected Works of Jawaharlal Nehru എന്നിവയിലെ ആദ്യ വാള്യങ്ങൾ ഇത്തരം കത്തുകളുടെ ശേഖരമാണ്. കത്തെഴുത്തിന്റെ രീതിയിലും ഉള്ളടക്കത്തിലും സൂക്ഷിച്ച പുതുമയും അതിനുപയോഗിച്ച ഭാഷയുടെ സൗന്ദര്യവുമാണ് നിരവധി വാള്യങ്ങൾ വരുന്ന ഈ പുസ്തകങ്ങൾ ഇന്നും വായനക്കരെ ആകർഷിക്കുന്നത്.

വിദ്യാർത്ഥിയെന്ന നിലയിൽ ജവഹറിന്റെ ജീവിതവും അക്കാലത്തെ യൂറോപ്പിലെ സാഹചര്യങ്ങളും വിശദമായി അച്ഛനെ എഴുതിയറിയിക്കുമ്പോൾ അച്ഛനാകട്ടെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മകനെയും അറിയിക്കുന്നുണ്ട്. കത്തുകളിലൂടെയുള്ള പാരന്റിംഗ് മോത്തിലാൽ നെഹ്‌റു - ജവഹർ കത്തുകളിൽ കണാൻ കഴിയും.

യുവാവായ ജവഹർലാൽ അച്ഛൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം.
യുവാവായ ജവഹർലാൽ അച്ഛൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം.

1907 നവമ്പർ ഏഴിന് ജവഹർ മോത്തിലാലിനയച്ച കത്തിൽ, അവർ തമ്മിൽ നടത്തുന്ന കത്തിടപാടുകളിൽ രാഷ്ട്രീയവിഷയങ്ങൾ കടന്നു വരുന്നതിനെ പറ്റി സൂചിപ്പിക്കുന്നുണ്ട്. അച്ഛൻ മകനെഴുതിയ കത്തുകൾ രാഷ്ട്രീയ അവബോധം പകർന്നുനൽകുന്ന രീതിയിൽ പുതിയൊരു അനുഭവമായിരുന്നു. ഇതേസമയത്തു തന്നെ ജവഹർ അക്കാലത്തെ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുമായും വിവിധ വിഷയങ്ങളെ പറ്റി കത്തിടപാടുകൾ നടത്തുന്നുണ്ട്. അച്ഛന്റെ കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കാനും ജവഹറിന് മടിയുണ്ടായിരുന്നില്ല.

1907 ഡിസംബർ 20 ന് ജവഹർ അച്ഛനയച്ച കത്തിൽ മോത്തിലാൽ പയനിയർ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തോട് തനിക്കുള്ള വിയോജിപ്പ് അറിയിക്കുന്നുണ്ട്. എങ്ങനെയാവണം ഒരു കുട്ടി സ്വതന്ത്രമായി വളരേണ്ടത് എന്ന കാര്യത്തിൽ ജവഹറിന് പിൽക്കാലത്തു കൃത്യമായ ധാരണയുണ്ടാവാൻ അച്ഛനും മകനും തമ്മിലുള്ള കത്തിടപാടുകൾ ഏറെ സഹായിച്ചിട്ടുണ്ട്.

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജനും ജി. എച്ച്. ഹാർഡിയും തമ്മിലുള്ള 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ കത്തുകൾ ഗണിതശാസ്ത്രമേഖലയിൽ അക്കാലത്തു വളർന്നുവരുന്ന ചർച്ചകളുടെ നേർ ചിത്രമായിരുന്നു. നൂറുകണക്കിന് പേജുകൾ വരുന്ന ഇവർ തമ്മിലുള്ള കത്തുകളിൽ ഗണിത സൂത്രങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിശദമായി ചർച്ചചെയ്തതായി കാണാം. നെഹ്റുവും മോത്തിലാലും കത്തുകളിലൂടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത അതെ കാലത്തു തന്നെയാണ് രാമാനുജനും ഹാർഡിയും തമ്മിൽ കത്തുകളിലൂടെ ഉയർന്ന തലത്തിലുള്ള പഠനപ്രവർത്തനങ്ങൾ നടന്നത്.

ഫെർഡിനൻറ് ടി ബ്രൂക്ക്സ് എന്ന റസിഡന്റ് ട്യൂട്ടറായിരുന്നു ജവഹറിന് 11-ാം വയസ്സിൽ സയൻസിന്റെ ലോകത്തേക്ക് വാതിൽ തുറന്നു കൊടുക്കുന്നത്. ആനന്ദ് ഭവനിൽ തന്നെ ഒരു ചെറിയ ലാബോറട്ടറി തയ്യാറാക്കി രസതന്ത്രത്തിലും ബൗദ്ധിക ശാസ്ത്രത്തിലുമുള്ള പ്രാഥമിക കാര്യങ്ങൾ ബ്രൂക്ക്സ് ജവഹറിനെ പരീക്ഷണങ്ങളുടെ സഹായത്തോടെ പഠിപ്പിച്ചു. 15-ാം വയസ്സിൽ ഇംഗ്ലണ്ടിലെ ഹാരോയിലെ ഔപചാരിക സ്കൂൾ വിദ്യഭ്യാസ കാലത്ത് ജവഹറിൽ ശാസ്ത്രവിഷയങ്ങളോട് അഭിരുചിയുണ്ടാവാൻ അച്ഛൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയിലാണ് ജവഹറിൽ പ്രകൃതി ശാസ്ത്രത്തിൽ താല്പര്യം ഉണരുന്നത്. അതോടൊപ്പം അക്കാലത്തെ രാഷ്ട്രീയ വിഷയങ്ങളിലുള്ള വായനയും കാമ്പസിലെ ചർച്ചകളും ജവഹറിനെ രൂപപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സമയത്തു കത്തുകൾ വഴി മകനും അച്ഛനും നിരന്തരം സംവദിക്കുന്നുണ്ട്. തനിക്കു കിട്ടിയിരുന്ന ട്യൂട്ടോറിയലും പാരന്റിംഗും നെഹ്‌റുവിന്റെ കത്തെഴുത്തിനെ ചിട്ടപ്പെടുത്താൻ ഏറെ സഹായിച്ചിരുന്നു. അക്കാലത്തു വളർന്നുവന്ന പുരോഗമന വിദ്യാഭ്യാസ ചിന്തകളെയും ജ്ഞാനരൂപങ്ങളെയും അനൗപചാരിക പഠന മാധ്യമമായ കത്തുകളിലൂടെയാണ് നെഹ്‌റു അവതരിപ്പിക്കുന്നത്.

ലണ്ടനിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹർ 1912-ൽ ഇന്ത്യയിൽ തിരിച്ചെത്തുകയും 1916-ൽ വിവാഹിതനാവുകയും ചെയ്തു. 28-ാമത്തെ വയസ്സിൽ 1917- ലാണ് മകൾ ഇന്ദിരയുടെ ജനനം. 1920- ന്റെ തുടക്കത്തിൽ തന്നെ അഞ്ചു വയസ്സുകാരിയായ ഇന്ദിരാ പ്രിയദർശിനിക്ക് നെഹ്‌റു ജയിലിലായ സമയത്ത് കത്തുകൾ എഴുതാൻ തുടങ്ങിയിരുന്നു. എന്നാൽ ജയിൽ മോചിതനായതിനുശേഷം അവർ തമ്മിലുള്ള കത്തുകളുടെ എണ്ണം കുറവായിരുന്നു. പിന്നീട് 1926- ലെ യൂറോപ്യൻ യാത്രയിൽ ഇന്ദിര പലതവണ നാട്ടിലേക്ക് കത്തുകൾ എഴുതുന്നതായി കാണുന്നുണ്ട്. കത്തുകൾ വഴിയുള്ള പഠനസാധ്യത നെഹ്‌റു ഇക്കാലത്ത് മനസ്സിലാക്കിയിരുന്നു. യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയശേഷം ഇന്ദിരക്ക് 10 വയസ്സ് പ്രായമുള്ളപ്പോൾ നെഹ്റു എഴുതിയ 31 കത്തുകൾ സവിശേഷ പഠനരീതി അവതരിപ്പിച്ചു എന്നതിലൂടെയാണ് പ്രസ്കതമാവുന്നത്. വൈകാതെ ഈ കത്തുകൾ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ അതു പ്രധാന സാഹിത്യസൃഷ്ടിയും പിന്നീട് പാഠപുസ്തകമായും മാറി.

അക്കാലത്തു ഇന്ത്യയിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന പരമ്പരാഗത രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങളോടുള്ള നെഹ്റുവിന്റെ പ്രതികരണം കൂടിയായിരുന്നു ഈ കത്തുകളിൽകൂടി പ്രകടമായത്. പരിണാമ സിദ്ധാന്തവും, നാഗരികതകളുടെ വളർന്നുവരവും, സാമൂഹിക-സാംസ്‌കാരിക വളർച്ചയും എങ്ങനെ ലളിതമായ് കുട്ടികൾക്കായി അവതരിപ്പിക്കുക എന്ന വെല്ലുവിളി നെഹ്‌റു ഏറ്റെടുത്തു. ശാസ്ത്രീയമായി വർത്തമാനകാലത്തെ മനസ്സിലാക്കാനുള്ള പഠന ചട്ടക്കൂടാണ് ഇതുവഴി രൂപപ്പെടുത്തിയെടുത്തത്. സ്കൂൾ വിദ്യാഭ്യാസം സ്ഥാപനവത്കരിച്ചു വളർന്നു വരുന്ന ഇന്ത്യയിൽ പഠനപ്രവർത്തനങ്ങൾ ആധുനികമാവണമെന്നുള്ള നെഹ്റുവിന്റെ ബോധ്യമായിരുന്നു ഈ കത്തുകൾ.

1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക് ഈ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. തുടർന്ന് രണ്ടു കത്തുകൾ ജൂണിലും ആറു കത്തുകൾ ജൂലൈയിലും. 17 കത്തുകൾ ആഗസ്റ്റിലും ഒരു കത്ത് സെപ്റ്റംബറിലും ബാക്കി നാലെണ്ണം ഒക്ടോബറിലുമായാണ് എഴുതുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഇന്ത്യയിലെ മധ്യവർഗ സമൂഹത്തിൽ വളർന്നുവന്നുകൊണ്ടിരുന്ന കുടുംബ സങ്കല്പങ്ങളെയും അതിന്റെ ഭാഗമായ സ്ത്രീ സങ്കല്പങ്ങളെയും പാരന്റിങ്ങിനെയും പറ്റി നെഹ്‌റുവിന് വിമർശനകളുണ്ടായിരുന്നു. 1926 ഡിസംബർ ഒന്നിന് സയീദ് മഹ്‌മൂദിനയച്ച കത്തിൽ നെഹ്‌റു എഴുതി: Kamala received a parcel of Urdu books from you a few days ago. She tells me that in it there is a very interesting book about the training of women and the early education of a child. She gave me some idea of what the book contains and I wondered how far you agreed with the learned author of the work. Some months ago I suggested to you to read Bertrand Russel's book On Education. I do not know if you read it. Whether you read it or not it is a little surprising that you should patronise such absolute trash as the Urdu book I have referred to above. Do you really think there is any sense in it?

ഇക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘നല്ല വീട്ടമ്മ’യെ രൂപപ്പെടുത്തുന്ന പാചകപുസ്തകങ്ങളും അതുപോലെ സ്കൂൾ- കോളേജ് പാഠപുസ്തകങ്ങളായി പ്രചാരത്തിലുണ്ടായിരുന്ന Religion and Ethics പോലുള്ളവ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പടുകൾക്കും സമീപനങ്ങൾക്കും എതിർദിശയിലായിരുന്നു നെഹ്‌റു സ്വന്തം കത്തുകൾ വഴി പാഠഭാഗങ്ങൾ രൂപപ്പെടുത്തിയത്.

ജോലി എന്ന നിലയിൽ ഒരു അഭിഭാഷകനായി മാത്രമാണ് നെഹ്‌റു കുറച്ചു സമയമെങ്കിലും പ്രവർത്തിച്ചിരുന്നത്. എന്നാൽ അധ്യാപകനാവാൻ ശ്രമിച്ചില്ല. ആഗ്രഹിച്ചിരുന്നോ എന്നതിന് സൂചനകളുമില്ല. അതേസമയം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായും കാണാം. ഇതേ കാലത്തു തന്നെയാണ് വിശ്വഭാരതി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ, കാശി വിദ്യാപീഠ് തുടങ്ങിയ സ്ഥാപനങ്ങൾ വളർന്നു വരുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവർ പലരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നു.

നെഹ്‌റുവാകട്ടെ മറ്റൊരു രീതിയിൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇടപടുന്നുണ്ട്. 1920- കൾക്കുശേഷം മുനിസിപ്പൽ- ഡിസ്ട്രിക്‌ട് ബോഡുകൾ വിദ്യഭ്യാസസ്‌ഥാപങ്ങൾ തുടങ്ങുന്നുണ്ട്. ഈ ബോർഡുകൾ നിയന്ത്രിച്ചത് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ അംഗങ്ങളുമായിരുന്നു. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയെ കുറിച്ച് വലിയ ചർച്ചകൾ കോൺഗ്രസിനകത്ത് നടന്നിട്ടില്ലങ്കിലും വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പറ്റി മുതിർന്ന നേതാക്കന്മാർക്കിടയിൽ ചില നിലപടുകൾ രൂപപ്പെട്ടുവരുന്നതായി കാണാം. ഇതിന്റെയെല്ലാം സ്വാധീനം നെഹ്‌റുവിലും ദൃശ്യമായിരുന്നു.

1923- ൽ അലഹബാദ് മുനിസിപ്പൽ ബോർഡ് ചെയർമാനായിരുന്നപ്പോൾ ബോർഡ് സ്കൂളുകളിലെ ബോധനഭാഷ ഹിന്ദി, ഉറുദു, ഹിന്ദുസ്ഥാനി എന്നിവയാക്കാൻ നെഹ്റു മുൻകൈ എടുക്കുന്നുണ്ട്. നൂൽനൂൽപ് സ്കൂളുകളിൽ പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമ്പത്തിക സ്വാശ്രയത്വം നേടാനും സ്കൂളുകളിൽ പ്രചാരണം നടത്തുന്നുണ്ട്. ആത്മാഭിമാനമുള്ള നല്ല പൗരരാക്കാനാണ് ബോർഡ് സ്കൂളുകളിലൂടെ ശ്രമിക്കുന്നതെന്ന് ബോർഡ് പ്രവർത്തന റിപ്പോർട്ടിലൂടെ നെഹ്‌റു പറയുന്നതായി കാണാം.

മകൾക്ക് ഇത്തരത്തിൽ കത്തുകൾ എഴുതുന്നതായി അച്ഛന്റെയടുത്തോ അടുത്ത സുഹൃത്തുക്കളുടെയടുത്തോ സൂചിപ്പിക്കുന്നതായ് കാണുന്നില്ല. മാത്രമല്ല, 1936- ൽ പ്രസിദ്ധീകരിച്ച നെഹ്‌റുവിന്റെ ആത്മകഥയിൽ ഈ കത്തുകളെ പറ്റി പരാമർശിക്കുന്നില്ല. കത്തുകൾ എഴുതുന്നതിന്റെ പിന്നിലുണ്ടായിരുന്ന പശ്ചാത്തലം നെഹ്‌റു എവിടെയെങ്കിലും വിശദമായി സൂചിപ്പിച്ചതായും കാണുന്നില്ല. 1928- ലെ വേനൽക്കാലത്ത് നെഹ്‌റു അലഹബാദിൽ നിന്നുമാണ് മസൂരിയലായിരുന്ന ഇന്ദിരക്ക് കത്തുകൾ എഴുതുന്നത്. 1926 ജൂലൈ 15 ന് യൂറോപ്യൻ യാത്രക്കിടയിൽ സയ്യിദ് മഹ്മൂദിനയച്ച കത്തിൽ ഇന്ദിരയുടെ സ്കൂൾ അടച്ചുവെന്നും അവളെ ജനീവക്കടുത്തുള്ള ഹിൽ സ്റ്റേഷനിലേക്കു ഒരു മാറ്റത്തിനായി അയക്കണമെന്നുമുള്ള ആഗ്രഹം നെഹ്റു സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് ഓഗസ്റ്റിൽ ജനീവയിലെ മലനിരകൾ ഇന്ദിര സന്ദർശിക്കുന്നുമുണ്ട്.

ജവഹൽലാൽ നെഹ്റു, ഇന്ദിര പ്രിയദർശിനി, കമലാ നെഹ്‌റു, 1931- ലെ കുുടംബചിത്രം.
ജവഹൽലാൽ നെഹ്റു, ഇന്ദിര പ്രിയദർശിനി, കമലാ നെഹ്‌റു, 1931- ലെ കുുടംബചിത്രം.

പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ ഇന്ദിര 1928 മെയ് പകുതിയോടെ മസൂറിയിൽ / ഹിൽ സ്റ്റേഷനിൽ പോയ സമയത്താണ് നെഹ്‌റു കത്തുകൾ എഴുതുന്നത്. ഇന്ദിര ഈ സമയത്ത് അലഹബാദിലെ സെന്റ് മേരിസ് കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഹിൽ സ്റ്റേഷൻ നൽകുന്ന പരിസരസ്വാധീനം നല്ലൊരു പഠനാന്തരീക്ഷം പ്രദാനം ചെയ്യും എന്ന കാഴ്ചപ്പാടിലാവാം ഈ സ്ഥലം പഠനത്തിന് തെരഞ്ഞെടുത്തത്.

1928- ൽ ഈ കത്തുകൾ എഴുതുന്നതിനു മുമ്പ് നെഹ്റുവും ഇന്ദിരയും കമലയുടെ ചികിത്സയ്ക്ക് യൂറോപ്പ് സന്ദർശിക്കുന്നുണ്ട്. വളരെ ചെറിയ കുട്ടിയായ ഇന്ദിരയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനും ഇന്ദിരയുടെ മനസ്സ് കൂടുതൽ അടുത്തറിയാനും രണ്ടു വർഷം നീണ്ടുനിന്ന ഈ യാത്ര (1926 മാർച്ച് മുതൽ 1927 ഡിസംബർ വരെ) നെഹ്‌റുവിനെ സഹായിച്ചു. ഏഴു വർഷം നീണ്ടുനിന്ന ഇംഗ്ളണ്ടിലെ വിദ്യാഭ്യാസ കാലത്തിനുശേഷം നെഹ്‌റു ആദ്യമായിട്ടാണ് ഇത്രയും നീണ്ടകാലം യൂറോപ്പിൽ താമസിക്കുന്നത്.

ഇതേസമയത്ത് സ്വിറ്റസർലാണ്ടിലെ രണ്ട് സ്കൂളുകളിൽ (International School, Geneva and Ecole Nouvelle, Bex) ഇന്ദിരയെ അയക്കുന്നുണ്ട്. അക്കാലത്ത യൂറോപ്പിൽ നിലവിലുണ്ടായിരുന്ന സ്കൂൾ വിദ്യാഭ്യാസരീതി അടുത്തറിയാൻ ഇത് നെഹ്‌റുവിനെ സഹായിച്ചു. സൈക്കോളജിയിലും കോഗ്നിറ്റീവ് സയൻസിലുമുള്ള പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ യൂറോപ്പിൽ വളർന്നുവരാൻ തുടങ്ങുന്നതും ഇക്കാലത്താണ്. മനസ്സും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പറ്റി നെഹ്‌റു ഇക്കാലത്തു കൂടുതൽ ചിന്തിക്കുന്നുണ്ട്. 1927 മാർച്ച് 22 നു നെഹ്‌റു സയീദ് മഹ്മൂദിനു അയച്ച കത്തിൽ, ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെപറ്റി പറയുന്നുണ്ട്. പ്രായം കൂടുംതോറും കൂടുതൽ പഠിക്കാനും മനസിലാക്കാനുമിനിയുമുണ്ടന്നു തിരിച്ചറിയുന്നുണ്ടെന്നും പക്ഷെ ഇപ്പോൾ അതിനു പറ്റുന്നില്ലെന്നും, കുറച്ചുവർഷത്തെ സ്കൂൾ കോളജ് വിദ്യാഭ്യാസത്തിലൂടെ നമ്മൾ വളരെ കുറച്ചു മാത്രമേ പഠിക്കുന്നുള്ളുവെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എങ്ങനെ ഒരു ആധുനിക മനുഷ്യനെ വളർത്തിയെടുക്കാമെന്നും അതിന് വിദ്യാഭ്യാസത്തിനുള്ള പങ്കെന്തെന്നും നെഹ്‌റു ഇക്കാലത്തു ചിന്തിക്കുന്നുണ്ട്. പുതിയൊരു ഇന്ത്യക്കായി പഴയ ചിന്തകളിൽ നിന്ന് എങ്ങനെ മോചനം നേടാം എന്നതായിരുന്നു നെഹ്റുവിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി.

1923- ൽ പ്രസിദ്ധീകരിച്ച ബെർട്രാൻഡ് റസ്സലിന്റെ On Education: Especially in Early Childhood എന്ന പുസ്തകം നെഹ്‌റു വിശദമായി വായിക്കുകയും തുടർന്ന് അതിന്മേലുളള ചിന്തകൾ വളരെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുന്നുമുണ്ട്. 1926 സെപ്തംബർ 12 ന് സയീദ് മഹ്മൂദിനയച്ച കത്തിൽ ബർട്രൻഡ് റസ്സലിന്റെ ചിന്തകൾ ഇന്ത്യക്കു അനിവാര്യമാണെന്നും ഈ കൃതി ഇന്ത്യയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. പഴയ ആശയസംഹിതകളും ചിന്തകളുമായി നമുക്ക് പുരോഗതി കൈവരിക്കാൻ കഴിയില്ലെന്നും ഈ കത്തിൽ അടിവരയിട്ടു പറയുന്നുണ്ട്.

1926 ഡിസംബർ ഒന്നിന് സയീദ് മഹ്മൂദിനയച്ച മറ്റൊരു കത്തിൽ കുട്ടികൾക്ക് ചെറിയ പ്രായത്തിൽ കൊടുക്കേണ്ട വിദ്യാഭ്യാസത്തെ പറ്റി പറയുന്നു. യൂറോപ്യൻ യാത്രയിൽ പല തവണ പ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ റൊമെയ്ൻ റോളണ്ടിനെ നെഹ്‌റു സന്ദർശിക്കുകയും രാഷ്ട്രീയ കാര്യങ്ങൾക്കൊപ്പം പല ദാർശനിക കാര്യങ്ങളും ചർച്ച ചെയ്തതായും കാണാം. ഒട്ടുമിക്ക മ്യൂസിയങ്ങളും പ്രധാന ചരിത്രസ്മാരകങ്ങളും ശേഷിപ്പുകളും, വ്യവസായ സ്ഥാപനങ്ങളും നെഹ്‌റു സന്ദർശിക്കുകയും ചെയ്തു. ഈ യാത്രകളിൽ ഇന്ദിരയെ കൂടെ കൂട്ടുന്നുമുണ്ട്. അതുപോലെ, ഇതേ സമയത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയുടെ ഭാഗമായി വളർന്നുവരുന്ന ഇന്റർനാഷണലിസം നെഹ്‌റു തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി വളർത്തിയെടുക്കുന്നുണ്ട്. യൂറോപ്യൻ യാത്രയിലെ അനുഭവങ്ങളാണ് പലപ്പോഴും നെഹ്റു മകളോട് പാഠഭാഗങ്ങൾ മനസ്സിലാക്കാൻ ഉദാഹരണങ്ങളായി പറഞ്ഞുകൊടുക്കുന്നത്. യൂറോപ്പിലെ മ്യൂസിയങ്ങൾ, ചരിത്രപ്രധാനമായ സ്ഥലങ്ങൾ, അവിടെ കണ്ടുമുട്ടിയ പ്രമുഖ ശാസ്ത്രജ്ഞർ എന്നിവയെല്ലാം നെഹ്‌റു കത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രമുഖ ശാസ്ത്രജ്ഞൻ ജഗദിഷ് ചന്ദ്ര ബോസ് ജനീവയിൽ വച്ച് നെഹ്‌റുവിനെയും ഇന്ദിരയെയും സന്ദർശിച്ചതും അദ്ദേഹം സസ്യങ്ങളെ കുറിച്ച് പരീക്ഷണങ്ങളിലൂടെ സംസാരിച്ചതുമെല്ലാം ഇന്ദിരയെ കത്തിലൂടെ ഓർമപ്പെടുത്തുന്നുണ്ട്.

കത്തുകൾ മകൾക്കെഴുതിയപ്പോൾ അത്യന്തം വ്യക്തിപരമായിരുന്നെങ്കിൽ പുസ്തമാക്കിയപ്പോൾ വലിയ വായനക്കാർക്ക് മുമ്പിലാണ് അവതരിപ്പിക്കുന്നത്. എഴുതിയത് ഇന്ദിരക്കായിട്ടാണെങ്കിലും പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നത് കുട്ടികൾക്കു വേണ്ടിയാണെന്ന് ശീർഷകത്തിൽ തന്നെ പറയുന്നുണ്ട്.

1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക് ഈ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. തുടർന്ന് രണ്ടു കത്തുകൾ ജൂണിലും ആറു കത്തുകൾ ജൂലൈയിലും. 17 കത്തുകൾ ആഗസ്റ്റിലും ഒരു കത്ത് സെപ്റ്റംബറിലും ബാക്കി നാലെണ്ണം ഒക്ടോബറിലുമായാണ് എഴുതുന്നത്. ചില കത്തുകൾ അടുത്തടുത്ത ദിവസങ്ങളിലും ചിലത് ആഴ്ചകളുടെ ഇടവേളകളിലുമാണ് എഴുതിയത്. ഓഗസ്റ്റ് ഒന്നിന് നാലു കത്തുകൾ എഴുതിയതായി കാണാം. എല്ലാ കത്തുകളും കോർത്തിണക്കി ഒരു ഫയലായി ('Summer, Letters to Indira- I to XXXI') പ്രസിദ്ധീകരണത്തിന് തയ്യാറാക്കുകയായിരുന്നു. നാലു മാസത്തിനിടെ എഴുതിയ 31 കത്തുകളുടെ ശേഖരമാണ് 1929-ൽ പുസ്‌തക രൂപത്തിൽ അലഹബാദ് ലോ ജേർണൽ പ്രസ് പ്രസിദ്ധീകരിക്കുന്നത്.

എന്നാൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചപ്പോൾ കത്തുകൾ എഴുതിയ തിയ്യതികൾ പ്രസിദ്ധീകരിക്കുന്നില്ല. അക്കാലത്ത് നിലവിലുണ്ടായിരുന്ന പാഠപുസ്തങ്ങളുടെ രൂപമായ റോയൽ സൈസിൽ പ്രസിദ്ധീകരിച്ച കത്തുകൾ, കളർ ഫോട്ടോകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് പൂർണമായും പാഠപുസ്തക രൂപത്തിലായിരുന്നു പ്രസിദ്ധീകരിച്ചത്. 121 പേജുകളിലായി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകത്തിൽ കുട്ടികൾക്ക് അനായാസം വായിക്കാൻ പാകത്തിന് വേണ്ടത്ര ലൈൻ സ്പേസ് കൊടുക്കുകയും അതുപോലെ ഒരു പേജിൽ മൂന്ന് ഖണ്ഡികയിൽ ഉള്ളടക്കം കവിയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഒരോ പാഠഭാഗങ്ങളും പ്രത്യേക അലങ്കരണം (motif) ഉപയോഗിച്ച് വേർതിരിക്കുകയും ചെയ്തിരുന്നു. കൂടുതൽ വൈഡ് മാർജിൻ ഒരോ പേജിലും കാണാം. ചിത്രങ്ങൾ ഗ്ലോസി പേജുകളിലായാണ് കൊടുത്തിരിക്കുന്നത്. വില അല്പം കൂടുതലായിരുന്നെങ്കിലും ആദ്യത്തെ കോപ്പികൾ വളരെവേഗം വിറ്റുപോയി. നെഹ്‌റുവിന്റെ കൈവശം പോലും ആദ്യത്തെ കോപ്പി ഇല്ലാത്ത അവസ്ഥ വന്നതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്. ആദ്യ പ്രതിയുടെ അച്ചടിയിൽ നെഹ്‌റു വളരെയധികം സംതൃപ്തനായിരുന്നു.

കത്തുകൾ മകൾക്കെഴുതിയപ്പോൾ അത്യന്തം വ്യക്തിപരമായിരുന്നെങ്കിൽ പുസ്തമാക്കിയപ്പോൾ വലിയ വായനക്കാർക്ക് (wider audience) മുമ്പിലാണ് അവതരിപ്പിക്കുന്നത്. എഴുതിയത് ഇന്ദിരക്കായിട്ടാണെങ്കിലും പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നത് കുട്ടികൾക്കു വേണ്ടിയാണെന്ന് (Letters from a Father to his Daughter: Being a Brief Account of the Early Days of the World Written for Children) ശീർഷകത്തിൽ തന്നെ പറയുന്നുണ്ട്.

ഇംഗ്ലീഷിൽ എഴുതിയ കത്തുകളായതിനാൽ ആ ഭാഷയിൽ പ്രാവിണ്യമില്ലാത്തവർക്ക് ഇത് വായിക്കാനാവില്ല എന്ന കാര്യം നെഹ്‌റു മനസ്സിലാക്കിയിരുന്നു. പരിഭാഷപ്പെടുത്തുക എന്ന കാര്യം അദ്ദേഹം തന്നെ പരിഹാരമായി പറയുന്നുമുണ്ട്. ഇതിന്റെ ഭാഗമായാണ് പിന്നീട് മുൻഷി പ്രേംചന്ദ് ഈ പുസ്‌തകം 1931-ൽ Pita Ke Patra Putri Ke Naam (पिता के पत्र पुत्री के नाम) എന്ന ശീർഷകത്തിൽ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ അച്ചടിച്ച ഈ പുസ്തകം ചെറിയ വിലയിൽ കുട്ടികൾക്ക് ലഭ്യമാക്കി. സ്കൂൾ ആവശ്യത്തിനായാണ് (स्कूलों के लिए) ഹിന്ദി പതിപ്പ് പുറത്തിറക്കിയതെന്ന് ഈ പുസ്തകത്തിൽതന്നെ പറയുന്നുണ്ട്.

‘അച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ. മുൻഷി പ്രേംചന്ദിന്റെ Pita Ke Patra Putri Ke Naam എന്ന വിവർത്തനം 1931-ലാണ് പ്രസിദ്ധീകരിച്ചത്.
‘അച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ. മുൻഷി പ്രേംചന്ദിന്റെ Pita Ke Patra Putri Ke Naam എന്ന വിവർത്തനം 1931-ലാണ് പ്രസിദ്ധീകരിച്ചത്.

അലഹബാദ് ലോ ജേർണൽ പ്രസ് പ്രസിദ്ധീകരിച്ച പരിഭാഷയ്ക്ക് നെഹ്‌റു തന്നെയാണ് മുഖവുര എഴുതുന്നത്. ഈ പുസ്തകം കുട്ടികൾ ഇഷ്ടപ്പെടുമോ എന്ന് തനിക്കറിയില്ല എന്ന് പരിഭാഷയുടെ മുഖവുരയിൽ കുറിക്കുന്നുണ്ട്. എന്നാൽ ഇത് വായിക്കുന്നതുവഴി ഭൂമിയിലുള്ള എല്ലാജീവജാലങ്ങളും ഒരു വലിയ കുടുംബമാണെന്ന് കുട്ടികൾ വിശ്വസിക്കുകയും അത് മനുഷ്യർ തമ്മിലുള്ള വിദ്വേഷം, ശത്രുത എന്നിവ ഇല്ലായ്മ ചെയ്യാൻ സഹായിക്കുമെന്നും നെഹ്‌റു പ്രതീക്ഷിക്കുന്നുണ്ട്.

അക്കാലത്ത് റൊമൈൻ റോളണ്ട് അടക്കമുള്ള ബുദ്ധിജീവികൾ കൈക്കൊണ്ട യുദ്ധവിരുദ്ധ കാഴ്ചപ്പാടുകളുടെ സ്വാധീനം നെഹ്‌റുവിൽ ദൃശ്യമായിരുന്നു. രണ്ടു ലോക യുദ്ധങ്ങൾക്കിടയിൽ ഒരു സ്നേഹപുസ്തകമായാണ് നെഹ്‌റു തന്റെ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്

‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ രണ്ടാമത്തെ പതിപ്പ് 1932- ൽ നെഹ്‌റു തന്നെ മുൻകൈയെടുത്ത് ചെറിയ തിരുത്തലുകളോടെ പ്രസിദ്ധീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ തുടർച്ചയായി ഇതിന്റെ കോപ്പികൾ പ്രസിദ്ധീകരിച്ചു.
‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ രണ്ടാമത്തെ പതിപ്പ് 1932- ൽ നെഹ്‌റു തന്നെ മുൻകൈയെടുത്ത് ചെറിയ തിരുത്തലുകളോടെ പ്രസിദ്ധീകരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ തുടർച്ചയായി ഇതിന്റെ കോപ്പികൾ പ്രസിദ്ധീകരിച്ചു.

സ്കൂൾ പ്രവേശനത്തിലും സാക്ഷരതയിലും വർദ്ധനവുണ്ടായ 1930- കളിൽ ഈ കത്തുകൾ പാഠപുസ്തകരൂപത്തിൽ കുട്ടികൾക്ക് ലഭ്യമായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മാറിയതായി കാണാം.

നെഹ്‌റു ആദ്യ കത്തിൽ തന്നെ കത്തെഴുത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. പിന്നീട് എഴുതാൻ പോകുന്ന കത്തുകൾക്കുള്ള അവതാരിക എന്ന നിലക്കുവേണം ആദ്യ കത്തിനെ കാണാൻ. സമയാ സമയം ഭൂമിയെ കുറിച്ചും അതിലെ ചെറുതും വലുതമായ രാജ്യങ്ങളെ കുറിച്ചുമാണ് എഴുതാൻ പോകുന്നതെന്നു പറഞ്ഞുകൊണ്ടാണ് എഴുത്തു തുടങ്ങുന്നത്. ലോകത്തെ മനസ്സിലാക്കാൻ വിശാല കാഴ്ചപ്പാട് വേണമെന്ന് സൂചിപ്പിക്കുന്നു. നമ്മൾ ജനിച്ച പ്രദേശം / രാജ്യം എന്ന നിലയിലുള്ള സങ്കുചിത നിലപാടുകൾ ഭൂമിയെപ്പറ്റി പഠിക്കുമ്പോൾ ഉണ്ടാവരുതെന്നും തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. ഭൂമിയെ മനുഷ്യവാസമുള്ള ഒരേയൊരു ഗ്രഹമായി കണ്ട് രാജ്യങ്ങൾ മനുഷ്യർ തീർത്ത അതിർത്തികളായി കാണുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. ഒരു വലിയ രാജ്യം പോലും ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ പ്രദേശമാണെന്ന നെഹ്റുവിന്റെ നിലപാട് അക്കാലത്ത് ദേശീയ നേതാക്കന്മാരിൽ ടാഗോറിനെ പോലെ കുറച്ചു പേർ മാത്രമാണ് മുന്നോട്ടുവച്ചിരുന്നത്.

ഒരേസമയം ഇന്ത്യയെ കുറിച്ചും ലോകത്തെ കുറിച്ചും ധാരണയുള്ള രാഷ്ട്രീയ പ്രവർത്തകനാണ് നെഹ്‌റു. താൻ ജീവിക്കുന്ന കാലത്തെ എങ്ങനെ മനസ്സിലാക്കണം എന്നദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുമ്പോൾ തന്നെ അധ്യാപകനാവാനുള്ള ശ്രമമായിരുന്നു ഈ കത്തുകൾ. അതിനായി അക്കാലത്തു വളർന്നുവന്ന പുരോഗമന വിദ്യാഭ്യാസ ചിന്തകളെയാണ് നെഹ്‌റു ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ വളർന്നുവന്ന ബോധനരീതിയിൽ നിന്ന് വ്യത്യസ്തമായി തന്റേതായ ശൈലി അവതരിപ്പിക്കാൻകൂടി ശ്രമിക്കുകയാണിവിടെ.

ഒരു കത്ത് എങ്ങനെ ഒരു പാഠഭാഗമാക്കി മാറ്റി എന്ന് നമുക്കിവിടെ കാണാം. Book of Nature എന്ന ആദ്യ പാഠഭാഗം, തുടർന്ന് എങ്ങനെയാണ് ആദ്യകാല ചരിത്രം എഴുതപ്പെട്ടത്, ഭൂമിയെങ്ങനെയാണ് ഉണ്ടായിവന്നത്, അതിൽ എങ്ങനെയാണ് ജീവജാലങ്ങളുണ്ടായത്, പിന്നീട് മനുഷ്യർ വിവിധ വർഗങ്ങളായി താമസിക്കാൻ തുടങ്ങിയത് എന്നു തുടങ്ങി 31 അധ്യായങ്ങളാണ് ഒരു പാഠപുസ്തകം കണക്കെ പ്രസിദ്ധീകരിച്ചത്. ഓരോ കത്തുകളും ഒരു വലിയ ആശയചട്ടക്കൂടിൽ തയ്യാറാക്കുകയും അതുപോലെ പരസ്പരബന്ധത്തിൽ തുടർച്ചയായി അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഭൂമിശാസ്ത്രവും ചരിത്രവും ഒരു പാഠഭാഗമാക്കി മാറ്റാനാണ് ശ്രമിച്ചത്. അക്കാലത്തു വളർന്നുവന്ന പല പുതിയ ജ്ഞാനരൂപങ്ങളും കാഴ്ചപ്പാടുകളും ഓരോ പാഠത്തിനകത്തും ചർച്ച ചെയ്യുന്നുമുണ്ട്. ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി പല ശാസ്ത്രവിഷയങ്ങളും അവയുടെ പുതിയ നിഗമനങ്ങളും മുഖ്യ പാഠത്തിന്റെ ഭാഗമായി ഉൾച്ചേർത്തു. കൂട്ടികൾക്ക് ലളിതമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രീതിയാണ് അവതരണത്തിന് ഉപയോഗിക്കുന്നത്. കത്തെഴുതുന്നയാൾ അധ്യാപകനും വായിക്കുന്നയാൾ വിദ്യാർത്ഥിയുമാവുന്ന ക്ലാസ് അനുഭവമാണ് ഈ കത്തുകളുടെ ശേഖരം നൽകുന്നത്.

റസ്സലിന്റെ On Education- ൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ നെഹ്‌റുവിനെയും സ്വാധീനിച്ചതായി കാണാം.
എന്താണ് പഠിക്കേണ്ടത്?
എങ്ങനെയാണ് പഠിക്കേണ്ടത്?
കൂടുതൽ പഠിക്കാൻ കഴിയുമോ?
എന്തുതരം പഠനരീതിയാണ് വിദ്യാഭ്യാസത്തിന് അവലംബിക്കേണ്ടത് തുടങ്ങി റസ്സൽ ഉയർത്തുന്ന ചില മൗലിക ചോദ്യങ്ങൾ കത്തുകളിലൂടെ നെഹ്‌റു അഭിസംബോധന ചെയ്യുന്നുണ്ട്. ആദ്യം സാമാന്യമായ കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയും അത് പിന്നീട് അഭിരുചിക്കനുസരിച്ച് ആഴത്തിലുള്ള വിശേഷപഠനത്തിന് നയിക്കുകയും ചെയ്യട്ടെ എന്ന കാഴ്‌ചപ്പടാവാം നെഹ്‌റു വിഭാവനം ചെയ്തത്. മനുഷ്യരെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്ര പഠനമാണ് കത്തുകളിൽ കൂടി അവതരിപ്പിച്ചത്. കൃത്യമായ ചട്ടക്കൂടിൽ ഒരു സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഇന്ത്യയിൽ സ്കൂൾ പഠനത്തിനില്ലാതിരുന്ന കാലത്താണ് ഈ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്.

ഭൂമിശാസ്ത്രവും ചരിത്രവും രസകരമായി കുട്ടികളെ പഠിപ്പിക്കാനാണ് നെഹ്‌റു ശ്രമിക്കുന്നത്. ഭൂമിശാസ്ത്രമാണ് ചരിത്രവുമായി ഏറ്റവും കൂടുതൽ അടുത്തുനിർത്തി പഠിപ്പിക്കാൻ പറ്റുന്നതെന്ന് റസ്സൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്ങനെ ഈ രണ്ടു വിഷയങ്ങളും ആസ്വാദ്യകരമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാം എന്നതായിരിക്കും നെഹ്‌റു കത്തെഴുത്തിൽ ഏറ്റവും ശ്രദ്ധിച്ചത്. ഏതെങ്കിലുമൊരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ ചരിത്രം എന്ന നിലയിലല്ലാതെ മനുഷ്യന്റെ സമഗ്രചരിത്രം തേടുക എന്ന നിലയിലേക്കുള്ള നെഹ്റുവിന്റെ ചിന്തയുടെ വർച്ചയുടെ ആദ്യകാല ശ്രമങ്ങളായിരുന്നു മകൾക്കയച്ച കത്തുകൾ.

ചില ചരിത്രകാരന്മാർ ആഘോഷിച്ചുകൊണ്ടിരുന്ന ഇന്ത്യയുടെ സുവർണ്ണ ഭൂതകാലമായിരുന്നില്ല നെഹ്‌റു കണ്ടെത്താൻ ശ്രമിച്ചത്. പകരം, എല്ലാ ജനങ്ങളെയും ഉൾച്ചേർക്കുന്ന മാനവിക ദേശീയതയാണ് കുട്ടികൾക്ക് പകർന്നുനൽകുന്നത്.

പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും ഏറെ സൂക്ഷ്മത പുലർത്തിയിരുന്നു. ഈജിപ്ഷ്യൻ Sphinx ആണ് ആരംഭ ഭാഗത്ത് ഉൾപ്പെടുത്തിയ ചിത്രം. ഇതിനു പുറമെ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ നാല് ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി. ഒരു ചിത്രം Great Wall of China യുടേതാണ്. വരാൻ പോകുന്ന കാലം ഏഷ്യയുടേതാണെന്ന തന്റെ അഭിപ്രായം 1929- ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നെഹ്‌റു ഏഷ്യൻ നാഗരികതക്ക്, ആ വർഷം പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നത്. പുസ്തകത്തിൽ ഫോട്ടോകൾക്കൊപ്പം നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇത് കൂടുതൽ ലളിതമായി പാഠഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം.

ബാലസാഹിത്യ കൃതികൾക്ക് ഇന്ത്യയിൽ അത്ര പ്രചാരം കിട്ടാത്ത സമയത്താണ് നെഹ്‌റു കുട്ടികളോട് പ്രപഞ്ചത്തെയും ഭൂമിയെയും അവിടുത്തെ ജീവജാലങ്ങളെയും കുറിച്ച് കഥ പറയുന്നത്. ഉപേന്ദ്രകിഷോർ റേയും സുകുമാർ റേയും അടക്കമുള്ളവർ വളർത്തിക്കൊണ്ടുവന്ന കുട്ടികൾക്കായുള്ള സാഹിത്യ പാരമ്പര്യത്തെ നെഹ്‌റു കൂടുതൽ സമ്പന്നമാക്കുകയും കുട്ടികൾക്കായുള്ള ശാസ്ത്ര സാഹിത്യരചനാ രീതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കഥ പറച്ചിലിന് പൂർണമായും നിലവിലുള്ള രീതി പിന്തുടരുമ്പോൾ അവതരണത്തിൽ ശ്രദ്ധയോടെ കാര്യങ്ങൾ പാഠഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്.

കൊളോണിയൽ വിരുദ്ധ രാഷ്ട്രീയവും ദേശീയതയും അവതരണത്തിൽ ഫലപ്രദമായി ഉപയോഗിച്ച ആധുനിക എഴുത്തുകാരിൽ പ്രമുഖനാണ് നെഹ്‌റു. സാമ്പത്തികമായും സാംസ്കാരികമായും സമ്പന്നമായിരുന്ന ഇന്ത്യ എങ്ങനെ കൊളോണിയൽ ഭരണത്തിൽ ദരിദ്രമായെന്നും ഇതിൽ നിന്ന് മുക്തി നേടാൻ ദേശീയ സ്വാതന്ത്ര്യം നേടണമെന്നും ഇതുവഴി ബഹുഭൂരിഭാഗം വരുന്ന ജനവിഭാഗങ്ങളുടെ ദാരിദ്ര്യത്തിന് പരിഹാരം കാണാമെന്നും നെഹ്‌റു പറഞ്ഞുവെക്കുന്നുണ്ട്. ഇക്കാലത്ത് ചില ചരിത്രകാരന്മാർ ആഘോഷിച്ചുകൊണ്ടിരുന്ന ഇന്ത്യയുടെ സുവർണ്ണ ഭൂതകാലമായിരുന്നില്ല നെഹ്‌റു കണ്ടെത്താൻ ശ്രമിച്ചത്. പകരം, എല്ലാ ജനങ്ങളെയും ഉൾച്ചേർക്കുന്ന മാനവിക ദേശീയതയാണ് കുട്ടികൾക്ക് പകർന്നുനൽകുന്നത്. ആധുനിക ഇന്ത്യയെ സ്വപ്നം കാണാൻ ശാസ്ത്രീയമായ ഉൾക്കാഴ്ചകൾ എങ്ങനെ വളർത്തിയെടുക്കാം എന്ന ചിന്തയാണ് കത്തുകളിൽ കാണുന്നത്.

താൻ ഇന്ദിരയ്ക്ക് എഴുതിയ കത്തുകൾ പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും നെഹ്റു ഏറെ സൂക്ഷ്മത പുലർത്തി. ഈജിപ്ഷ്യൻ Sphinx ആണ് ആരംഭ ഭാഗത്ത് ഉൾപ്പെടുത്തിയ ചിത്രം. ഇതിനു പുറമെ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ നാല് ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി.
താൻ ഇന്ദിരയ്ക്ക് എഴുതിയ കത്തുകൾ പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും നെഹ്റു ഏറെ സൂക്ഷ്മത പുലർത്തി. ഈജിപ്ഷ്യൻ Sphinx ആണ് ആരംഭ ഭാഗത്ത് ഉൾപ്പെടുത്തിയ ചിത്രം. ഇതിനു പുറമെ ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ നാല് ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി.

1929- ൽ ആദ്യമായ് Letters പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചശേഷം വൈകാതെ അടുത്ത പരമ്പര കത്തുകൾ Gilmpses of World History എന്ന ശീർഷകത്തിൽ 1934- ൽ പ്രസിദ്ധീകരിച്ചു. 1932- ൽ രണ്ടാം പതിപ്പ് നെഹ്‌റു തന്നെ മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചെങ്കിലും, Letters -ന്റെ തുടർപതിപ്പുകൾക്ക് 1930- കളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ നെഹ്‌റുവിന് കഴിഞ്ഞില്ല. മാത്രമല്ല 1936- ൽ Gilmpses- നെ തുടർന്ന് ആത്മകഥ (An Autobiography) പ്രസിദ്ധീകരിക്കുന്ന തിരക്കിലായി. നീണ്ട ജയിൽവാസവും, കമലയുടെ ആരോഗ്യപ്രശ്നങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിക്കേണ്ട ഉത്തരവാദിത്വവും നെഹ്‌റുവിനുണ്ടായിരുന്നു. എങ്കിലും Letters 1930- കളിൽ നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ധാരാളം പതിപ്പുകൾ പുറത്തുവരികയും ചെയ്തു.

1930- ന്റെ അവസാനത്തോടെ Letters സ്കൂളുകളിലും സർവകലാശാലകളിലും പാഠപുസ്തകമായി. നെഹ്‌റു തന്നെ അതിനായി മുൻകൈയെടുത്തു. 1937- ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയ പ്രൊവിൻസുകളിൽ വിദ്യഭ്യാസ വകുപ്പ് Letters- നെ പാഠഭാഗമാക്കി. 1938 മാർച്ച് 26 ന് യുനൈറ്റഡ് പ്രൊവിൻസിലെ വിദ്യഭ്യാസമന്ത്രിയായ സമ്പൂർണാനന്ദിന് നെഹ്‌റു അയച്ച കത്തിൽ Letters- ന്റെ ഹിന്ദി, ഉറുദു പതിപ്പുകൾ യുനൈറ്റഡ് പ്രോവിൻസിലെ സ്കൂളുകളിൽ പഠിപ്പിക്കാൻ പ്രസിദ്ധീകരണാവകാശം കൊടുക്കുന്നുണ്ട്. വളരെ ചെറിയ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കണം എന്നു മാത്രമാണ് നെഹ്‌റുവിന് നിബന്ധനയുണ്ടായിരുന്നുള്ളൂ. ഇക്കാര്യം യുനൈറ്റഡ് പ്രൊവിൻസ് പ്രീമിയറായിരുന്ന ജി.ബി. പന്തിനോട് നെഹ്‌റു സംസാരിച്ചിരുന്നു. അതുപോലെ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമവും നടന്നു.

‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ 1946-ൽ പ്രസിദ്ധീകരിച്ച തെലുങ്ക് വിവർത്തനം
‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ 1946-ൽ പ്രസിദ്ധീകരിച്ച തെലുങ്ക് വിവർത്തനം

1939- ൽ നെഹ്‌റു ഇന്ദിരക്കെഴുതിയ കത്തിൽ Letters സംബന്ധിച്ച നിർദേശം ഇങ്ങനെയാണ്: The little book I wrote- Letters from a Father to His Daughter - has become quite a gold mine, though I am not going to profit by it. It is becoming a textbook in many provinces in English, Hindi and Urudu and vast numbers have been printed...But I disliked the idea of exploiting poor students and so I have made a present to my rights in the book to provincial governments and universities on condition that the book was issued at a very low price. The UP Government are selling it to students at 4 annas and yet making a substantial profit.. At my suggestion they are using this money for scholarships for poor students, to be named after Kamala.

1940- കളിൽ നെഹ്‌റു Letters- ന്റെ പരിഭാഷയിലും പ്രസിദ്ധീകരണത്തിനും കൂടുതൽ ശ്രദ്ധ ചെലുത്തി. സപ്തംബർ 24- ന് കൃഷ്ണ കൃപലാനിക്കെഴുതിയ കത്തിൽ നെഹ്‌റു നേരത്തെ വച്ച നിർദേശത്തിന് കൂടുതൽ വ്യക്തത വരുത്തി: If Viswabharathi, or any publishing concern connected with Santiniketan, will care to take up the Bengali translation of my Letters from a Father to His Daughter, I would gladly let them have it free of all rights and encumbrances. This would be not only for their own use but also for the use of other schools or colleges.

ഇന്ന് ചർച്ച ചെയ്യുന്ന copyleft ആശയങ്ങളുടെ ആദ്യകാല രൂപങ്ങൾ നെഹ്‌റുവിൽ കാണാം. പുസ്തകങ്ങൾ ചെറിയ വിലയിൽ കുട്ടികൾക്ക് ലഭ്യമാവണമെന്ന നിലപാട് ഇക്കാലത്ത് നെഹ്‌റുവിൽ വ്യക്തമായി കാണാം.

ഇന്ന് ചർച്ച ചെയ്യുന്ന copyleft ആശയങ്ങളുടെ ആദ്യകാല രൂപങ്ങൾ നെഹ്‌റുവിൽ കാണാം. പുസ്തകങ്ങൾ ചെറിയ വിലയിൽ കുട്ടികൾക്ക് ലഭ്യമാവണമെന്ന നിലപാട് ഇക്കാലത്ത് നെഹ്‌റുവിൽ വ്യക്തമായി കാണാം. വിജ്ഞാനാധിഷ്ഠിത പുസ്തകങ്ങൾ എല്ലവർക്കും ചെറിയ വിലയ്ക്ക് ലഭ്യമാക്കുക എന്ന ഈ ചിന്തയാണ് 1957-ൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ (NBT) രൂപീകരണത്തിൽ എത്തിച്ചത്. ഈ സ്വാധീനത്തിൽ തന്നെയാണ് ഇതേ വർഷം കാർട്ടുണിസ്റ്റ് ശങ്കറിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും (CBT) രൂപീകരിക്കുന്നത്.

കത്തുകൾ ഒരു സാഹിത്യ സൃഷ്ടിയും ആധുനിക കാലത്തിനൊത്ത പാഠപുസ്തകവുമാക്കുന്ന രീതിയായാണ് നെഹ്‌റു 1930-കളിലും 40-കളിലും അവലംബിക്കുന്നത്. പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ വളർന്നുവരുന്ന കാലത്ത് പാഠപുസ്തകങ്ങൾ ആധുനിക സമൂഹ വളർച്ചക്കനുഗുണമാവണമെന്നുള്ള നെഹ്റുവിന്റെ ചിന്തകളായിരുന്നു ഈ കത്തുകൾ. ദേശീയ പ്രസ്ഥാനത്തിന്റെ നിർണായക ഘട്ടത്തിൽ സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ കത്തുകളിലൂടെ കുട്ടികളുമായി സംവദിക്കുകയും അത് പാഠപുസ്തകമാക്കി ബോധനപ്രക്രിയയിൽ ഇടപെടുകയും ചെയ്തു എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർത്തിക്കൊണ്ടുവന്നതിലൂടെ മാത്രമല്ല, അതിന് എത്രയോ മുമ്പ് സ്കൂൾ പാഠ്യപ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തിക്കൊണ്ടുമാണ് നെഹ്റു തന്റെ രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ ഉറുദു വിവർത്തനം
‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ ഉറുദു വിവർത്തനം
‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ തമിഴ് വിവർത്തനം.
‘അച്ഛൻ മകൾക്കയച്ച കത്തു’കളുടെ തമിഴ് വിവർത്തനം.
വരാൻ പോകുന്ന കാലം ഏഷ്യയുടേതാണെന്ന തന്റെ അഭിപ്രായം 1929- ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നെഹ്‌റു ഏഷ്യൻ നാഗരികതക്ക്, ആ വർഷം പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നത്.
വരാൻ പോകുന്ന കാലം ഏഷ്യയുടേതാണെന്ന തന്റെ അഭിപ്രായം 1929- ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് നെഹ്‌റു ഏഷ്യൻ നാഗരികതക്ക്, ആ വർഷം പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നത്.

Comments