ബി.ജെ.പിയുടെ വി​ദ്വേഷ കാമ്പയിന് ഝാർഖണ്ഡിന്റെ മറുപടി, ‘ഇന്ത്യ’ സഖ്യം അധികാരത്തിലേക്ക്

മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ‘ഇന്ത്യ’ മുന്നണിയുടെ വിജയശിൽപ്പി. ബി.ജെ.പിയുടെ വർഗീയ കാമ്പയിനെതിരെ തന്റെ പാർട്ടിയെയും സർക്കാറിനെയും ഉപയോഗിച്ച് നടത്തിയ ദ്വിമുഖ പോരാട്ടമാണ് സംസ്ഥാനത്ത് ‘ഇന്ത്യ’ മുന്നണിയെ പിടിച്ചുനിർത്തിയത്.

News Desk

'ബംഗ്ലാദേശി നുഴഞ്ഞുകയറ്റം' എന്ന വർഗീയ അജണ്ടയും 'ലാൻഡ് ജിഹാദ്' അടക്കമുള്ള മുസ്‌ലിം വിരുദ്ധ കാമ്പയിനും അഴിച്ചുവിട്ട് ഗോത്രവിഭാഗ വോട്ടുബാങ്ക് സ്വന്തമാക്കാൻ ബി.ജെ.പി നടത്തിയ ഇലക്ഷൻ തന്ത്രത്തിന് ഝാർഖണ്ഡ് വൻ തിരിച്ചടി നൽകി. സംസ്ഥാനത്ത് 'ഇന്ത്യ' മുന്നണി വീണ്ടും അധികാരത്തിലേക്ക്. ആകെ 81 സീറ്റിൽ 57 സീറ്റിൽ മുന്നണി ലീഡ് ചെയ്യുന്നു. ബി.ജെ.പിക്ക് 23 സീറ്റിലാണ് ലീഡ്. എൻ.ഡി.എ സഖ്യം അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കിയാണ് 'ഇന്ത്യ' മുന്നണി തുടർഭരണത്തിലെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമാദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ കാമ്പയിൻ നടത്തിയിട്ടും നേരിട്ട തിരിച്ചടി ബി.ജെ.പി ദേശീയനേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഝാർഖണ്ഡ് മുക്തി മോർച്ച (JMM) 25 സീറ്റിലും കോൺഗ്രസ് 15 സീറ്റിലും ആർ.ജെ.ഡി നാലിടത്തും ലീഡ് ചെയ്യുന്നു.
ബി.ജെ.പിക്ക് 19 സീറ്റിൽ ലീഡുണ്ട്. സി.പി.ഐ- എം.എൽ ലിബറേഷൻ, ലോക്ജനശക്തി പാർട്ടി, ജെ.ഡി-യു എന്നിവ ഓരോ സീറ്റിൽ വീതം മുന്നിലാണ്.
മുഖ്യമന്ത്രി ഹേമന്ദ് സോറൻ ബാർഹെയ്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

2019-ൽ ജാർഖണ്ഡ് മുക്തിമോർച്ച- കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം 81-ൽ 47 സീറ്റാണ് നേടിയത്. ബി.ജെ.പിക്ക് 25 സീറ്റുണ്ടായിരുന്നു.

സംസ്ഥാന ജനസംഖ്യയിൽ 28 ശതമാനം വരുന്ന ഗോത്രവിഭാഗം ജെ.എം.എമ്മിനൊപ്പം നിന്നു. 28 പട്ടികവർഗ സംവരണ മണ്ഡലങ്ങളിലും 'ഇന്ത്യ' മുന്നണിക്കാണ് ലീഡ്.

​ഹേമന്ത് സോറൻ എന്ന
വിജയശിൽപി

മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ‘ഇന്ത്യ’ മുന്നണിയുടെ വിജയശിൽപ്പി. അദ്ദേഹത്തിന്റെ അതിശക്തമായ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയാണ് ഈ ജയം. ബി.ജെ.പിയുടെ വർഗീയ കാമ്പയിനെതിരെ തന്റെ പാർട്ടിയെയും സർക്കാറിനെയും ഉപയോഗിച്ച് നടത്തിയ ദ്വിമുഖ പോരാട്ടമാണ് സംസ്ഥാനത്ത് ‘ഇന്ത്യ’ മുന്നണിയെ പിടിച്ചുനിർത്തിയത്.

ഹേമന്ത് സോറനെ ടാർഗറ്റ് ചെയ്തായിരുന്നു ബി.ജെ.പി കാമ്പയിൻ. അഴിമതി ആരോപണം മുതൽഗോത്രവിഭാഗ പ്രീണനം വരെ സോറനുമേൽ ആരോപിക്കപ്പെട്ടു. അനധികൃത പണമിടപാട് കേസിൽ ഇ.ഡി അറസ്റ്റു ചെയ്ത് ജയിലിലടച്ച സോറൻ പതിന്മടങ്ങ് ശക്തിയോടെയാണ് തിരിച്ചുവന്നത്.

ഝാര്‍ഖണ്ഡിലെ വിജയത്തിന് ശേഷം റാഞ്ചി എയര്‍പോര്‍ട്ടിലെത്തിയ ഹേമന്ത് സോറനും കല്‍പന സോറനും. /photo: x @JMMKalpanaSoren
ഝാര്‍ഖണ്ഡിലെ വിജയത്തിന് ശേഷം റാഞ്ചി എയര്‍പോര്‍ട്ടിലെത്തിയ ഹേമന്ത് സോറനും കല്‍പന സോറനും. /photo: x @JMMKalpanaSoren

അറസ്റ്റ് ശരിക്കും ബി.ജെ.പിക്ക് തിരിച്ചടിയായി. താൻ വേട്ടയാടപ്പെടുകയായിരുന്നുവെന്നും ഒരു ആദിവാസി മുഖ്യമന്ത്രിയായതുകൊണ്ടാണ് തന്നെ അറസ്റ്റുചെയ്തത് എന്നുമുള്ള സോറന്റെ നിലപാട് അദ്ദേഹത്തിന് ഏറെ പിന്തുണ നേടിക്കൊടുത്തു. ഇത്തരം വേട്ടയാടലുകളുടെ വെളിച്ചത്തിൽ 'കേന്ദ്രം ആദിവാസികൾക്ക് എതിരാണ്' എന്ന കാമ്പയിൻ ജെ.എം.എം ഏറ്റെടുത്തു. ഇത് നല്ല ഫലം ചെയ്തു.

അറസ്റ്റിനുമുമ്പ് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ സോറനുപകരം മുതിർന്ന നേതാവായ ചംപയ് സോറനാണ് മുഖ്യമന്ത്രിയായത്. മാസങ്ങൾക്കുശേഷം ജാമ്യം ലഭിച്ചതിനെതുടർന്നാണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തിയത്. എന്നാൽ, സ്ഥാനം നഷ്ടമായ ചംപയ് സോറൻ പാർട്ടിയിൽ കലാപക്കൊടി ഉയർത്തുകയും, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഉപമുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പിൽ ബി.ജെ.പിയിലേക്ക് പോകുകയുമായിരുന്നു. ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ചംപയ് സോറനെ മുൻനിർത്തിയാണ് ബി.ജെ.പി ഇലക്ഷൻ അജണ്ട സെറ്റ് ചെയ്തത്. ചംപയ് സോറനെ ചൂണ്ടിക്കാട്ടി, ജെ.എം.എമ്മിൽ ഗോത്രവിഭാഗം നേതാക്കൾക്ക് രക്ഷയില്ലെന്ന് ബി.ജെ.പി പ്രചാരണം നടത്തി. ചംപയ് സോറൻ ജയിച്ചെങ്കിലും അദ്ദേഹത്തിന് ജെ.എം.എമ്മിനെതിരെ ഒരു ചലനവുമുണ്ടാക്കാനായില്ല.

ബി.ജെ.പി പരാജയം ഉറപ്പാക്കിയതുകൊണ്ടാണ് അവസാന പിടിവള്ളിയെന്ന നിലയ്ക്കാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന വർഗീയ അജണ്ട പുറത്തിട്ടത്. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ഒത്താശയിൽ നടക്കുന്ന നുഴഞ്ഞുകയറ്റം വഴി സംസ്ഥാനത്തെ ആദിവാസി ജനസംഖ്യാനുപാതം അട്ടിമറിക്കപ്പെടുകയാണെന്നായിരുന്നു ബി.ജെ.പി ആരോപണം. 'നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്ത്, ആദിവാസി ഭൂമി വൻതോതിൽ കൈവശപ്പെടുത്തുകയാണ്' എന്ന 'ലാൻഡ് ജിഹാദ്' കാമ്പയിനും ബി.ജെ.പി ഊർജിതമാക്കിയിരുന്നു. ജെ.എം.എം- കോൺഗ്രസ് സഖ്യത്തിന്റെ 'കുടിവെള്ളം- ഭൂമി- വനം' എന്ന മുദ്രാവാക്യത്തിന് ബദലായി ബി.ജെ.പി 'ഭക്ഷണം, പെൺമക്കൾ, ഭൂമി' എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേ​ന്ദ്രമ​ന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലായിരുന്നു ഈ കാമ്പയിൻ.

ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ചംപയ് സോറനെ മുൻനിർത്തിയാണ് ബി.ജെ.പി ഇലക്ഷൻ അജണ്ട സെറ്റ് ചെയ്തത്.
ഗോത്രവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ചംപയ് സോറനെ മുൻനിർത്തിയാണ് ബി.ജെ.പി ഇലക്ഷൻ അജണ്ട സെറ്റ് ചെയ്തത്.

എന്നാൽ, ബി.എസ്.എഫ് അടക്കമുള്ള സംവിധാനങ്ങൾ നുഴഞ്ഞുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അതിന് കേന്ദ്രമാണ് ഉത്തരവാദി എന്നും ഹേമന്ത് സോറൻ കാമ്പയിനിലുടനീളം വ്യക്തമാക്കി. ഇത് ബി.ജെ.പി കാമ്പയിന്റെ മുനയൊടിച്ചു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തെതുടർന്ന് ആദിവാസി ജനസംഖ്യ വൻതോതിൽ കുറഞ്ഞുവെന്ന് ബി.ജെ.പി പ്രചരിപ്പിച്ച സാന്താൾ പർഗാന മേഖലയിൽ ജെ.എം.എം വിജയം നേടിയത്, 'നുഴഞ്ഞുകയറ്റ' കാമ്പയിന് ഏറ്റ തിരിച്ചടിയായിരുന്നു.

ഇതോടൊപ്പം, സ്ത്രീകൾക്കും ആദിവാസികൾക്കുമായി തന്റെ സർക്കാർ നടപ്പാക്കിയ ക്ഷേമ പദ്ധതികൾക്ക് ഹേമന്ത് സോറൻ നന്നായി പ്രചാരണം നൽകി. സ്ത്രീകൾക്ക് മാസം 1000 രൂപ നിക്ഷേപമായി നൽകുന്ന മുഖ്യമന്ത്രി മൈയ്യ സമ്മാൻ യോജന, ആദിവാസി വിഭാഗങ്ങൾക്കുള്ള ആദിവാസി അസ്മിത തുടങ്ങിയ പദ്ധതികൾ ജനപ്രീതി നേടി. ഹേമന്ത് സോറന്റെ ജീവിതപങ്കാളി കൽപന സോറന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ, സർക്കാർ പദ്ധതികളെക്കുറിച്ച് കാമ്പയിൻ നടത്തുകയും സ്ത്രീകളെ വൻതോതിൽ പാർട്ടിയിലേക്ക് ആകർഷിക്കുകയും ചെയ്തു. അങ്ങനെ സ്ത്രീവോട്ടർമാരുടെ ഉറച്ച പിന്തുണ ജെ.എം.എം ഉറപ്പാക്കി. 81 സീറ്റിൽ 68 ഇടത്തും സ്ത്രീവോട്ടർമാർ വൻതോതിൽ ഇത്തവണ വോട്ടുചെയ്യാനെത്തിയത് ഈയൊരു ഉണർവിന്റെ സൂചനയായിരുന്നു.

ജെ.എം.എമ്മിന് സംസ്ഥാന രാഷ്ട്രീയത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞും അതിനെ അംഗീകരിച്ചുമുള്ള കോൺഗ്രസ് സമീപനവും 'ഇന്ത്യ' മുന്നണിയെ ശക്തമാക്കി. പ്രതീക്ഷിച്ചതിനേത്താൾ പാർട്ടി മികച്ച പ്രകടനം കാഴ്ചവക്കുകയും ചെയ്തു. ബി.ജെ.പി ശക്തികേന്ദ്രമായ ബൊക്കാറോ അടക്കമുള്ള നഗരകേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായി. ആർ.ജെ.ഡിയുടെയും സി.പി.എമ്മിന്റെയും മികച്ച പ്രകടനം കൂടിയായപ്പോൾ, എൻ.ഡി.എയുടെ തകർച്ച പൂർണമായി.

Comments