നാളെ ആദ്യ ഘട്ട നിയമസഭാ വോട്ടെടുപ്പിലേക്ക് പോകുന്ന ഝാർഖണ്ഡിൽ ബി.ജെ.പിയുടെ 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റ' വിവാദം പാരമ്യത്തിൽ. ആരോപണത്തിന് ബലം നൽകാൻ ഇന്ന് ഝാർഖണ്ഡിലെയും പശ്ചിമ ബംഗാളിലെയും 17 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റെയ്ഡും സംഘടിപ്പിച്ചു. അതിർത്തിയിലൂടെയുള്ള ബംഗ്ലാദേശി പൗരരുടെ നുഴഞ്ഞുകയറ്റം സംസ്ഥാനത്തേക്ക് വൻതോതിൽ അനധികൃത പണമിടപാടിന് വഴി തുറക്കുന്നുവെന്നും ഇതിന് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (JMM) ഒത്താശയുണ്ടെന്നുമാണ് ബി.ജെ.പി (BJP) ആരോപണം.
കഴിഞ്ഞ സപ്ംബറിൽ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട വകുപ്പു ചുമത്തി ഇ.ഡി കേസ് ഫയൽ ചെയ്തിരുന്നു. അനധികൃത പണമിടപാടിന് ചില ബംഗ്ലാദേശി സ്ത്രീകളെ കടത്തികൊണ്ടുവരുന്നുവെന്നായിരുന്നു കേസ്. ദിവസങ്ങൾക്കുമുമ്പ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പേഴ്സനൽ സെക്രട്ടറി സുനിൽശ്രീവാസ്തവയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
ബി.ജെ.പി ഇത്തവണയും പരാജയം മണക്കുന്ന തെരഞ്ഞെടുപ്പിൽ, അവസാന പിടിവള്ളിയെന്ന നിലയ്ക്കാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന വർഗീയ അജണ്ട പയറ്റുന്നത്.
ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ഒത്താശയിൽ നടക്കുന്ന നുഴഞ്ഞുകയറ്റം വഴി സംസ്ഥാനത്തെ ആദിവാസി ജനസംഖ്യാനുപാതം അട്ടിമറിക്കപ്പെടുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു. ‘നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്ത്, ആദിവാസി ഭൂമി വൻതോതിൽ കൈവശപ്പെടുത്തുകയാണ്’ എന്ന 'ലാൻഡ് ജിഹാദ്' കാമ്പയിനും ബി.ജെ.പി ഊർജിതമാക്കിയിരുന്നു. ജെ.എം.എമ്മിന്റെ ആദിവാസി വോട്ടുബാങ്കിൽ വിള്ളൽ വരുത്തുകയാണ് ഈ വിഭജന കാമ്പയിനിലൂടെ ബി.ജെ.പി ലക്ഷ്യം. ജെ.എം.എം- കോൺഗ്രസ് സഖ്യത്തിന്റെ 'കുടിവെള്ളം- ഭൂമി- വനം' എന്ന മുദ്രാവാക്യത്തിന് ബദലായി ബി.ജെ.പി 'ഭക്ഷണം, പെൺമക്കൾ, ഭൂമി' എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവച്ചത്.
സംസ്ഥാന ജനസംഖ്യയിൽ 28 ശതമാനം വരുന്ന ഗോത്രവിഭാഗങ്ങളുടെ വോട്ട് നേടാനുള്ള തന്ത്രമാണിതെല്ലാം. സംസ്ഥാനത്ത് ആകെ 81 നിയമസഭാ സീറ്റുകളിൽ 28 എണ്ണവും പട്ടികവർഗ സംവരണമാണ്. കോൽഹാൻ, നോർത്ത് ഛോട്ടാ നാഗ്പുർ, സാന്താൾ- പർഗാന ഡിവിഷൻ എന്നിവ ഗോത്രവിഭാഗ മണ്ഡലങ്ങളാണ്.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 28 എസ്.ടി സംവരണ സീറ്റുകളിൽ വെറും രണ്ടിടത്താണ് ബി.ജെ.പിക്ക് ജയിക്കാനായത്. ജെ.എം.എം- കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം നേടിയ 47 സീറ്റിൽ 25 എണ്ണവും ഗോത്ര മേഖലയിലേതായിരുന്നു, അതായത്, ഗോത്ര വിഭാഗത്തിന്റെ 90 ശതമാനത്തിലേറെയും വോട്ട്. ബി.ജെ.പിക്ക് 7.14 ശതമാനം ഗോത്ര വിഭാഗം വോട്ടുമാത്രമാണ് കിട്ടിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗോത്ര വിഭാഗത്തിന് ആധിപത്യമുള്ള കോൽഹൻ മേഖല 'ഇന്ത്യ' മുന്നണി തൂത്തുവാരി. സാന്താൾ പർഗാന മേഖലയിലും മുന്നണി ആധിപത്യം നേടി. അത്യന്തം വിദ്വേഷകരമായ കാമ്പയിൻ നടത്തിയിട്ടും ഗോത്ര വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള അഞ്ചിടത്തും ബി.ജെ.പി തോറ്റു.
2014-ൽ അധികാരത്തിൽ വന്ന എൻ.ഡി.എ ആദിവാസി ഇതര മുഖ്യമന്ത്രിയെ കൊണ്ടുവന്നതും ആദിവാസികൾക്ക് ഭൂവുടമസ്ഥത ഉറപ്പുനൽകുന്ന 1908-ലെ ഛോട്ടാ നാഗ്പുർ ടെനൻസി നിയമവും 1947-ലെ സാന്താൾ പർഗാന ടെനൻസി നിയമവും ഭേദഗതി ചെയ്തതുമാണ് 2019-ൽ ബി.ജെ.പിക്ക് തിരിച്ചടിയായത്.
ബി.ജെ.പി ഫോക്കസ്
മുസ്‍ലിംകളിലേക്ക്
ഗോത്ര വിഭാഗങ്ങളിലെ ഹിന്ദു- ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്നവർ തമ്മിലുള്ള ഭിന്നത മുതലെടുക്കുന്ന തന്ത്രങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പയറ്റിയിരുന്നത്. ഹിന്ദു വിശ്വാസം പിന്തുടരുന്ന സർന വിഭാഗവും ക്രിസ്ത്യൻ വിഭാഗവും തമ്മിലുള്ള തർക്കമായിരുന്നു പാർട്ടിക്ക് ‘സുവർണാവസരം’ നൽകിയിരുന്നത്. എങ്കിൽ ഇത്തവണ ക്രിസ്ത്യൻ വിഭാഗത്തെ വിട്ട് മുസ്‌ലിംകളായി ടാർഗറ്റ്. തലമുറകളായി സംസ്ഥാനത്ത് ജീവിച്ചുവരുന്ന മുസ്‌ലിംകളെ ഒന്നടങ്കം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായി മുദ്രയടിക്കുകയാണ് ബി.ജെ.പി. ആസാമിലും പശ്ചിമ ബംഗാളിലും പാർട്ടി പയറ്റുന്ന അതേ 'നുഴഞ്ഞുകയറ്റ' സൂത്രം.
നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം സാന്താൾ, പർഗാന, കോൽഹൻ മേഖലകളിലെ ആദിവാസി ജനസംഖ്യയിൽ വലിയ ഇടിവുണ്ടാക്കിയെന്നാണ് ബി.ജെ.പി പറയുന്നത്. തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ ആരോപണം ഏറ്റെടുത്തിരുന്നു. വോട്ട് ഉറപ്പിക്കാൻ ബംഗ്ലാദേശികളുടെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിന് ജെ.എം.എം സഹായം നൽകുകയാണ് എന്നായിരുന്നു മോദിയുടെ ആരോപണം: ''ജെ.എം.എം സഖ്യം നുഴഞ്ഞുകയറ്റക്കാരുടെ സഖ്യമാണ്. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയോടെ അവർ സാമൂഹിക സഹവർത്തിത്വം തകർക്കാനാണ് ശ്രമിക്കുന്നത്''.
ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ, നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്ത് ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കുകയും അവരുടെ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്യുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്, ജെ.എം.എം- കോൺഗ്രസ് സഖ്യ സർക്കാർ ജാർക്കണ്ടിനെ റോഹിംഗ്യകളുടെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെയും 'ധർമശാല'യാക്കി എന്നാണ്.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസാണ് സാന്താൾ- പർഗാന മേഖല അതിവേഗം ഒരു 'മിനി ബംഗ്ലാദേശ്' ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന ആരോപണമുയർത്തിവിട്ടത്. എന്നാൽ, സെൻസസ് ഡാറ്റ സംഘ്പരിവാറിന്റെ വിദ്വേഷ കാമ്പയിനെ തുറന്നുകാട്ടുന്നു.
1951- 2011 കാലത്ത് സാന്താൾ- പർഗാന മേഖലയിൽ ഹിന്ദു ജനസംഖ്യയിൽ 24 ലക്ഷത്തിന്റെയും മുസ്‌ലിം ജനസംഖ്യയിൽ 13.6 ലക്ഷത്തിന്റെയും ഗോത്ര ജനസംഖ്യയിൽ 8.7 ലക്ഷത്തിന്റെയും വർധനവാണുണ്ടായത്. 2011-ൽ ഈ മേഖലയിൽ ഗോത്ര ജനസംഖ്യ 1951ലെ 46.8 ശതമാനത്തിൽനിന്ന് 28.11 ശതമാനമായി കുറഞ്ഞു. ഹിന്ദു ജനസംഖ്യ 43.5 ശതമാനത്തിൽനിന്ന് 49 ശതമാനമായി വർധിച്ചപ്പോൾ മുസ്‌ലിം ജനസംഖ്യ 9.44 ശതമാനത്തിൽനിന്ന് 22.73 ശതമാനമായാണ് കൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗോത്രവിഭാഗ വോട്ടുബാങ്കിൽ പിളർപ്പുണ്ടാക്കാൻ ആർ.എസ്.എസും ബി.ജെ.പിയും നേരത്തെ നീക്കം തുടങ്ങിയിരുന്നു. 2023 ഡിസംബറിൽ ആർ.എസ്.എസ് ബാനറിലുള്ള വനവാസി കല്യാൺ കേന്ദ്രയുടെ പിന്തുണയോടെ, അനുബന്ധ സംഘടനയായ ജനജാതി സുരക്ഷാ മഞ്ച് (JSM) റാഞ്ചിയിലെ മൊറാബാദിയിൽ ഒരു റാലി നടത്തി. ക്രിസ്ത്യാനിറ്റിയിലേക്കും ഇസ്‌ലാമിലേക്കും മാറിയ ഗോത്രവിഭാഗക്കാരെ, പട്ടികവർഗ ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു റാലി. ഇതിന് മറുപടിയായി രണ്ടു മാസങ്ങൾക്കുശേഷം, സംസ്ഥാനത്തെ വിവിധ ഗോത്രവിഭാഗ സംഘടനകൾ2024 ഫെബ്രുവരിയിൽ ഇതേ സ്ഥലത്ത് ആദിവാസി ഏക്താ മഹാ റാലി സംഘടിപ്പിച്ചു. സർണ മത കോഡ് നടപ്പാക്കണമെന്നും മതപരമായി ഗോത്രവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചുനിൽക്കാനും റാലി ആഹ്വാനം ചെയ്തു. ഈ ഐക്യമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഈ മേഖലയിലെ അഞ്ചു സീറ്റുകളിലും കടപുഴക്കിയത്.
തങ്ങളെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തെ ആദിവാസികളിൽ ഭൂരിപക്ഷമായ 'സർണ' വിഭാഗത്തിന്റെ ആവശ്യമാണ് ബി.ജെ.പിക്കുമുന്നിലെ യഥാർഥ വെല്ലുവിളി. ഈ ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ 50 ലക്ഷം സർണ വിഭാഗക്കാരുണ്ടെന്നാണ് 2011-ലെ സെൻസസ് റിപ്പോർട്ട്, അവരിൽ ഭൂരിപക്ഷവും ഝാർഖണ്ഡിലാണ്. പ്രകൃതിശക്തികളെ ആരാധിക്കുന്നവരാണിവർ. പുതിയ സെൻസസിൽ, 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽനിന്ന് മാറ്റി തങ്ങളെ പുതിയ മതവിഭാഗമായി പരിഗണിക്കണം എന്നാണ് ആവശ്യം.
ആദിവാസി വോട്ടുബാങ്ക് ഉറപ്പിക്കാൻ ജെ.എം.എമ്മും ഒ.ബി.സി വോട്ടുകൾ ഉറപ്പാക്കാൻ കോൺഗ്രസും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഹരിയാനയിൽ സംഭവിച്ചതുപോലുള്ള ചോർച്ച ഒ.ബി.സി- പട്ടികജാതി വോട്ടുകളിൽ സംഭവിക്കാതിരിക്കാനുള്ള കരുതലും കോൺഗ്രസ് എടുക്കുന്നു.
ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചംപയ് സോറനെ മറുകണ്ടം ചാടിച്ചും സോറൻ കുടുംബത്തിലുള്ളവർക്ക് സീറ്റ് നൽകിയുമാണ് ബി.ജെ.പി ഹേമന്ത് സോറനെ നേരിടുന്നത്. കോലാൻ മേഖലയിൽ സ്വാധീനമുള്ള ചംപായ് സോറനിലാണ് ബി.ജെ.പി പ്രതീക്ഷ. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തുവെന്ന കേസിൽമുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റു ചെയ്യപ്പെട്ടപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന്റെ പങ്കാളി കൽപ്പനയെയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതെങ്കിലും സോറൻ കുടുംബത്തിൽനിന്ന് മറ്റു ചിലരും മുഖ്യമന്ത്രിയാകാൻ രംഗത്തുവന്നതിനെതുടർന്നാണ് ചംപയ് സോറന് നറുക്കുവീണത്. ജയിൽ മോചിതനായ ഹേമന്ത് സോറന് മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന ചംപയ്, തന്നെ പാർട്ടി നേതൃത്വം അപമാനിച്ചുവെന്നാരോപിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്.
ചംപയ് സോറനുപുറമേ ഷിബു സോറന്റെ മരുമകൾ സീത സോറൻ, മുൻ മുഖ്യമന്ത്രി മധു കോഡയുടെ പങ്കാളി ഗീത കോഡ എന്നിവർക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്. ഇവരെ കൂടാതെ, മുതിർന്ന ആദിവാസി നേതാക്കളായ ബാബുലാൽ മറാണ്ടി, മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടേയുടെ പങ്കാളി മീര മുണ്ടേ തുടങ്ങിയവരെയും ബി.ജെ.പി ഇത്തവണ പരിഗണിച്ചിട്ടുണ്ട്.
2000-ൽ നിലവിൽവന്ന സംസ്ഥാനത്ത് ഇതുവരെ നടന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു പാർട്ടിക്കുമാത്രമായി കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.എം.എം- കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം ആകെ 81 സീറ്റിൽ 47 എണ്ണവും നേടിയാണ്, ഹേമന്ത് സോറന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയത്. ജെ.എം.എം- 30, കോൺഗ്രസ്- 16, ആർ.ജെ.ഡി- 1 വീതം സീറ്റാണ് നേടിയത്. ബി.ജെ.പി 25 സീറ്റിലൊതുങ്ങി.
ജാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' ('INDIA') മുന്നണിയും ബി.ജെ.പി സഖ്യവുമാണ് നേർക്കുനേർ. ജെ.ഡി-യു, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യുണിയൻ (AJSU), ചിരാഗ് പാസ്വാന്റെ എൽ.ജെ.പി- ആർ.വി (LJP-RV) എന്നീ പാർട്ടികളാണ് ബി.ജെ.പി സഖ്യത്തിലുള്ളത്.
സർണ ധരം കോഡ് ഉറപ്പുനൽകുന്ന 1932-ലെ ഖാതിയാൻ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് 'ഇന്ത്യ' മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന ഉറപ്പ്. ആദിവാസികൾക്ക് 28, പട്ടികജാതിക്കാർക്ക് 12, ഒ.ബി.സിക്കാർക്ക് 27 ശതമാനം വീതം സംവരണം, ഭക്ഷ്യ സുരക്ഷാ ഗ്യാരണ്ടി പ്രകാരം ഒരാൾക്ക് ഏഴു കിലോ റേഷൻ, പത്തു ലക്ഷം യുവാക്കൾക്ക് തൊഴിൽ, 15 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ വാഗ്ദാനങ്ങളും 'ഇന്ത്യ' മുന്നണി പ്രകടനപത്രികയിലുണ്ട്.
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, ചെറുകിട- ഇടത്തരം വ്യാപാരികളുടെ കടം എഴുതിത്തള്ളും, ചെറുകിട വ്യവസായിക സംരംഭകർക്ക് അഞ്ചു കോടി രൂപ വരെ വായ്പ തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളാണ് ജെ.എം.എം മുന്നോട്ടുവച്ചിരിക്കുന്നത്.
സ്ത്രീകൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ കാമ്പയിനിൽ പ്രധാന ഇടം പിടിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകൂടിയാണിത്. 81 സീറ്റിൽ 32 ഇടത്തും സ്ത്രീവോട്ടർമാർക്കാണ് ഭൂരിപക്ഷം. മാത്രമല്ല, ആകെയുള്ള 28 പട്ടികവർഗ സംവരണ മണ്ഡലങ്ങളിലും സ്ത്രീവോട്ടർമാർ പുരുഷവോട്ടർമാരേക്കാൾ കൂടുതലാണ്. 18-19 വയസ്സുകാരായ, ആദ്യമായി വോട്ട് ചെയ്യുന്നവരിൽ 56 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ, സ്ത്രീവോട്ടർമാരെ ആകർഷിക്കാനുള്ള നിരവധി ക്ഷേമപദ്ധതികളാണ് ജെ.എം.എം കോൺഗ്രസ് സഖ്യവും എൻ.ഡി.എയും പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നത്. ഗോത്ര വിഭാഗം വോട്ടുബാങ്കു പോലെ തന്നെ സ്ത്രീകളുടെ വോട്ടുബാങ്കിനും ഝാർഖണ്ഡിൽ ഇത്തവണ വൻ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.