ഗോത്ര ജനത തീരുമാനിക്കും,
ജാർഖണ്ഡിൽ പാർട്ടികൾ മുൾമുനയിലാണ്

ആദിവാസി വോട്ട് നേടാനായില്ലെങ്കിൽ ജാർഖണ്ഡിൽ ബി.ജെ.പിക്ക് തിരിച്ചുവരവ് അസാധ്യമാണ്. അതുകൊണ്ടുതന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ആദിവാസി ജനതയെ മുൻനിർത്തിയാണ് കാമ്പയിൻ.

Election Desk

ഗോത്ര ജനതയുടെ തീരുമാനം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ വിധി നിർണയിക്കുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്. ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ പട്ടികവർഗ സംവരണസീറ്റുകൾ 28, ഒമ്പതെണ്ണം പട്ടികജാതി സംവരണം. അതുകൊണ്ടുതന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ആദിവാസി ജനതയെ മുൻനിർത്തിയാണ് കാമ്പയിൻ.

2000-ൽ ബീഹാറിൽനിന്ന് വിഭജിച്ച് സംസ്ഥാനം രൂപീകരിക്കപ്പെട്ട് 13 വർഷം ബി.ജെ.പിയാണ് ജാർഖണ്ഠ് ഭരിച്ചത്. എന്നാൽ, ഓരോ തെരഞ്ഞെടുപ്പിലും സ്വാധീനം വർധിപ്പിച്ചുവന്ന ഏക പാർട്ടി ജാർഖണ്ഡ് മുക്തി മോർച്ചയാണ് (Jharkhand Mukti Morcha- JMM). ഇപ്പോഴും സംസ്ഥാനത്ത് ‘ഒറ്റയ്ക്ക് ഭരിക്കാം’ എന്ന ആത്മവിശ്വാസം പുലർത്താൻ കഴിയുന്ന ഏക പാർട്ടിയും ജെ.എം.എമ്മാണ്. കഴിഞ്ഞ തവണ ജയിച്ചപ്പോൾ രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാമെന്ന കോൺഗ്രസ് നിർദേശം ജെ.എം.എം നിഷ്കരുണം തള്ളിയിരുന്നു. മാത്രമല്ല, വേണ്ടിവന്നാൽ, 2014-ലെപോലെ ഒറ്റക്കു മത്സരിക്കുമെന്ന ഭീഷണിയും മുഴക്കി.
സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുക എന്ന ഒറ്റ അജണ്ടയുമായി മുന്നോട്ടുപോകുന്ന കോൺഗ്രസ് ഇത്തവണ അത്തരം ഉടക്കു നിർദേശങ്ങൾ മുന്നോട്ടുവക്കില്ല എന്നുറപ്പാണ്.

നിർണായകം
ആദിവാസി വോട്ടുകൾ

ജാർഖണ്ഡ് മുക്തി മോർച്ച- കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ ('INDIA') മുന്നണിയും ബി.ജെ.പി സഖ്യവുമാണ് നേർക്കുനേർ. ജെ.ഡി-യു, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യുണിയൻ (AJSU), ചിരാഗ് പാസ്വാന്റെ എൽ.ജെ.പി- ആർ.വി (LJP-RV) എന്നീ പാർട്ടികളാണ് ബി.ജെ.പി സഖ്യത്തിലുള്ളത്. ജെ.ഡി-യു രണ്ടിടത്തും AJSU പത്തിടത്തും മത്സരിക്കുമെന്നാണ് സൂചന. എന്നാൽ, ഈ പാർട്ടികൾക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ല.

സംസ്ഥാനത്ത് ‘ഒറ്റയ്ക്ക് ഭരിക്കാം’ എന്ന ആത്മവിശ്വാസം പുലർത്താൻ കഴിയുന്ന ഏക പാർട്ടി ജെ.എം.എമ്മാണ്.
സംസ്ഥാനത്ത് ‘ഒറ്റയ്ക്ക് ഭരിക്കാം’ എന്ന ആത്മവിശ്വാസം പുലർത്താൻ കഴിയുന്ന ഏക പാർട്ടി ജെ.എം.എമ്മാണ്.

സംസ്ഥാന ജനസംഖ്യയിൽ 28 ശതമാനം വരുന്ന ഗോത്ര വിഭാഗങ്ങളുടെ വോട്ട് നേടിയെടുക്കുക ബി.ജെ.പിയെ സംബന്ധിച്ച് ഇത്തവണയും നിർണായകമാണ്. 2019-ൽ 28 എസ്.ടി സംവരണ സീറ്റുകളിൽ വെറും രണ്ടെണ്ണമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. ഈ തോൽവിയാണ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം- കോൺഗ്രസ്- ആർ.എൽ.ഡി സഖ്യസർക്കാറിനെ അധികാരത്തിലെത്തിച്ചത്. അന്ന്, യു.പി.എ സഖ്യത്തിൽ ജെ.എം.എമ്മിന് 30, കോൺഗ്രസിന് 16, ആർ.ജെ.ഡിക്ക് ഒന്നു വീതം സീറ്റുകളാണ് കിട്ടിയത്- ആകെ 47. ബി.ജെ.പി 25 സീറ്റിൽ ഒതുങ്ങി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആകെയുള്ള 14 സീറ്റിൽ ഒമ്പതും എൻ.ഡി.എ നേടിയെങ്കിലും അഞ്ച് പട്ടികജാതി സീറ്റുകളും ‘ഇന്ത്യ’ മുന്നണിക്കായിരുന്നു. ആദിവാസി മേഖലയിൽ ജെ.എം.എമ്മിനുള്ള കുത്തക പൊളിക്കുക അത്ര എളുപ്പമല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആകെയുള്ള 14 സീറ്റിൽ ഒമ്പതും എൻ.ഡി.എ നേടിയെങ്കിലും അഞ്ച് പട്ടികജാതി സീറ്റുകളും ‘ഇന്ത്യ’ മുന്നണിക്കായിരുന്നു. ആദിവാസി മേഖലയിൽ ജെ.എം.എമ്മിനുള്ള കുത്തക പൊളിക്കുക അത്ര എളുപ്പമല്ല.

2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മേഖലകളിൽ പാർട്ടികൾ നേടിയ സീറ്റുകൾ:

  • സാന്താൾ പർഗാന (18): ഇന്ത്യ മുന്നണി: 13, ബി.ജെ.പി 4, മറ്റുള്ളവർ: 1.

  • നോർത്ത് ഛോട്ടാനാഗ്പുർ (25): ഇന്ത്യ മുന്നണി: 10, ബി.ജെ.പി: 11, മറ്റുള്ളവർ: 4.

  • സൗത്ത് ഛോട്ടാനാഗ്പുർ (15): ഇന്ത്യ മുന്നണി: 8, ബി.ജെ.പി: 5, മറ്റുള്ളവർ: 2.

  • കോൽഹൻ (14): ഇന്ത്യ മുന്നണി: 13, ബി.ജെ.പി: 0, മറ്റുള്ളവർ: 1.

  • പലാമു (9): ഇന്ത്യ മുന്നണി: 3, ബി.ജെ.പി: 5, മറ്റുള്ളവർ: 9.

കോൽഹാൻ, നോർത്ത് ഛോട്ടാ നാഗ്പുർ, സാന്താൾ- പർഗാന ഡിവിഷൻ എന്നിവ ഗോത്രവിഭാഗ മണ്ഡലങ്ങളാണ്. കോൽഹൻ മേഖല ‘ഇന്ത്യ’ മുന്നണി തൂത്തുവാരി. സാന്താൾ പർഗാന മേഖലയിലും ആധിപത്യം നേടി. ഈ രണ്ട് മേഖലകളിലുമാണ് 28 എസ്.ടി സംവരണസീറ്റുകളിൽ 16 എണ്ണവുമുള്ളത്.

‘ചമ്പയ് ഫാക്ടർ’

ആദിവാസി വോട്ട് നേടാനായില്ലെങ്കിൽ ബി.ജെ.പിക്ക് തിരിച്ചുവരവ് അസാധ്യമാണ്. അത് മുന്നിൽ കണ്ട് നേരത്തെ തന്നെ പലതരം തന്ത്രങ്ങളും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്താൽ സംസ്ഥാനത്ത് അരങ്ങേറി. ഏറ്റവും പ്രധാനം, പ്രമുഖ ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചമ്പയ് സോറനെ ബി.ജെ.പിയിലേക്ക് കൊണ്ടുവന്നതാണ്.

മുൻ ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചമ്പയ് സോറൻ ബി.ജെ.പി വേദിയിൽ സംസാരിക്കുന്നു.
മുൻ ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായിരുന്ന ചമ്പയ് സോറൻ ബി.ജെ.പി വേദിയിൽ സംസാരിക്കുന്നു.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും പിതാവ് ഷിബു സോറന്റെയും അടുത്ത അനുയായിയായ ചമ്പയ് സോറന് ​ആദിവാസി മേഖലയിൽ നല്ല സ്വാധീനമുണ്ട്. ഇ.ഡിയുടെ ഭൂമിയിടപാട് കേസിൽ പെട്ട് ഹേമന്ത് സോറൻ ജയിയിലായിരുന്ന സമയത്ത് തന്റെ വിശ്വസ്തൻ എന്ന നിലയിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുത്തത് ചമ്പയ് സോറനാണ്. എന്നാൽ, ജാമ്യം കിട്ടി ജയിൽമോചിതനായപ്പോൾ ഹേമന്ത് സോറനുവേണ്ടി ആ കസേര ഒഴിഞ്ഞുകൊടുക്കാൻ ചമ്പയ് സോറൻ ഒന്നു മടിച്ചു. ‘കടുത്ത നടപടി’ ഭീഷണി ഉയർത്തിയാണ് ഹേമന്തിന് മുഖ്യമന്ത്രിക്കസേരയിൽ തിരിച്ച് ഇരിക്കാനായത്. അന്നുമുതൽ ചമ്പയ് സോറൻ കടുത്ത അതൃപ്തിയിലായിരുന്നു.

‘‘പാർട്ടി എന്നോട് പെരുമാറിയ രീതിയിൽ ഞാനാകെ തകർന്നുപോയി. എന്നോട് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനാവശ്യപ്പെട്ടപ്പോൾ ആത്മാഭിമാനം ഹനിക്കപ്പെട്ടു. ഇനി എന്റെ മുന്നിൽ മൂന്നു വഴികളാണുള്ളത്, നിയമസഭാ തിരഞ്ഞെടുപ്പ് വരെ അത് തുറന്നു കിടക്കും’’- സ്ഥാനമെഴിയേണ്ടിവന്ന ചമ്പയ് അന്ന് എക്സിൽ കുറിച്ചു.
ഈ സന്ദേശം തങ്ങൾക്കുള്ള ക്ഷണമാണെന്ന് ബി.ജെ.പി കൃത്യമായി തന്നെ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം തിരികെ കിട്ടാൻ ബി.ജെ.പി ഒരു വഴിയും ചമ്പയ് സോറന് പറഞ്ഞുകൊടുത്തു: പാർട്ടി പിളർത്തി 15 എം.എം.എമാരുമായി വരിക. എന്നാൽ, ആ നീക്കം പാളി. എങ്കിലും അന്ന് ബി.ജെ.പി നൽകിയ ഒരു ഉറപ്പ് ബാക്കിയുണ്ട്, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ചമ്പൻ സോറന് ഉപമുഖ്യമ​ന്ത്രി പദം. ചമ്പയ് സോറന്റെ വരവ് ആദിവാസി മേഖലയിൽ ഗുണം ​ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. കര്‍ഷക കുടുംബാംഗമായ ചമ്പയ് സോറന്‍ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിലെ പോരാളിയാണ്. ആ സമരവീര്യം 'ജാർഖണ്ഡ് ടൈഗര്‍' എന്ന പേരും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ, 2023 ജൂലൈയിൽ സാന്താൾ വിഭാഗത്തിലെ ബാബുലാൽ മറാണ്ടിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബർ 15നും ഒക്‌ടോബർ രണ്ടിനുമിടയിൽ രണ്ടുതവണ സംസ്ഥാനത്തെത്തി, രാജ്യത്തെ ഗോത്ര വിഭാഗങ്ങൾക്കുള്ള 79,150 കോടി രൂപയുടെ വൻ ക്ഷേമപദ്ധതി പ്രഖ്യാപിച്ചു.

തങ്ങളെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തെ ആദിവാസികളിൽ ഭൂരിപക്ഷമായ ‘സർണ’ വിഭാഗത്തിന്റെ ആവശ്യമാണ് ബി.ജെ.പിക്കുമുന്നി​ലെ യഥാർഥ വെല്ലുവിളിയും ‘ഇന്ത്യ’ മുന്നണിയുടെ സാധ്യതയും.

‘സർണ ഫാക്ടർ’

എന്നാൽ, ഇത്തരം മുഖം മിനുക്കലുകൾ കൊണ്ട് ഗോത്ര ജനതയുടെ വിശ്വാസമാർജിക്കാൻ കഴിയുമെന്ന് ബി.ജെ.പിക്കുതന്നെ ഒരുറപ്പുമില്ല. അതിനുകാരണം, ഗോത്ര ജനതയുടെ സാമൂഹിക ജീവിതത്തിലെ സങ്കീർണതകളാണ്. തങ്ങളെ പ്രത്യേക മതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തെ ആദിവാസികളിൽ ഭൂരിപക്ഷമായ ‘സർണ’ വിഭാഗത്തിന്റെ ആവശ്യമാണ് ബി.ജെ.പിക്കുമുന്നി​ലെ യഥാർഥ വെല്ലുവിളിയും ‘ഇന്ത്യ’ മുന്നണിയുടെ സാധ്യതയും.

ഈ ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ 50 ലക്ഷം സർണ വിഭാഗക്കാരുണ്ടെന്നാണ് 2011-ലെ സെൻസസ് റിപ്പോർട്ട്, അവരിൽ ഭൂരിപക്ഷവും ജാർഖണ്ഡിലാണ്. സംസ്ഥാനത്തെ 32 ഗോത്രവിഭാഗങ്ങളിൽ സർണ അടക്കം എട്ടെണ്ണം പ്രാക്തന വിഭാഗങ്ങളാണ്. ഗോത്ര വിഭാഗങ്ങളിലേറെയും ഹിന്ദു വിശ്വാസം പിന്തുടരുന്നവരാണ്. ചിലത് ക്രിസ്ത്യൻ വിശ്വാസികളും. പ്രകൃതിശക്തികളെ ആരാധിക്കുന്നവരാണ് സർണ.

പുതിയ സെൻസസിൽ, 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽനിന്ന് മാറ്റി തങ്ങളെ പുതിയ മത വിഭാഗമായി പരിഗണിക്കണം എന്നാണ് ആവശ്യം. ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജാർഖണ്ഡ് വികാസ് മോർച്ച 2019-ൽ, സർണയ്ക്ക് മത പദവി നൽകുമെന്ന് പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഭരണം ലഭിക്കാത്തതിനാൽ ബി.ജെ.പി അന്ന് ‘രക്ഷപ്പെട്ടു’.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.എം.എമ്മും കോൺഗ്രസും ‘സർണ കോഡ്’ ഉയർത്തിയായിരുന്നു കാമ്പയിൻ നടത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.എം.എമ്മും കോൺഗ്രസും ‘സർണ കോഡ്’ ഉയർത്തിയായിരുന്നു കാമ്പയിൻ നടത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.എം.എമ്മും കോൺഗ്രസും ‘സർണ കോഡ്’ ഉയർത്തിയായിരുന്നു കാമ്പയിൻ നടത്തിയത്. ഈ ആവശ്യം ഇപ്പോൾ ഹേമന്ത് സോറൻ തന്റെ പ്രധാന കാമ്പയിനായി ഏറ്റെടുത്തിരിക്കുകയാണ്. 2020-ൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് 'സർണ ട്രൈബൽ റിലീജിയൻ' കോഡ് വേണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ഇത് കേന്ദ്രം നാലു വർഷമായി പൂഴ്ത്തിവച്ചിരിക്കുകയാണ് എന്നാണ് സോറൻ പറയുന്നത്. സർണ വിഭാഗത്തെ മതമായി അംഗീകരിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയെന്നും എന്നാൽ കേന്ദ്ര സർക്കാറാണ് തടസമെന്നുമാണ് സോറന്റെ വാദം: ‘‘പാർട്ടി എം.പിമാർ ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ബി.ജെ.പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം’’- സോറൻ പറയുന്നു.

‘‘മുമ്പ് ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണം ഞങ്ങൾ ഏർപ്പെടുത്തിയത് രഘുബർ ദാസ് സർക്കാർ 14 ശതമാനമാക്കി കുറച്ചു. ഇത് വീണ്ടും വർധിപ്പിക്കാനുള്ള ബിൽ പാസാക്കി ഞങ്ങൾ ഗവർണർക്ക് അയച്ചപ്പോൾ അത് രാജ്ഭവനും കേന്ദ്രവും തടഞ്ഞുവച്ചു. അതാതു വിഭാഗത്തിലുള്ളവർ കോടതികളിൽ പൊതുതാൽപര്യ ഹർജി നൽകേണ്ട അവസ്ഥയാണ്, ഈ ബില്ലുകളുടെ തടസം നീക്കാൻ’’- ഹേമന്ത് സോറൻ പറയുന്നു.

ഹേമന്ത് സോറൻ സർക്കാർ, വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചാണ് ​ബി.ജെ.പി കാമ്പയിനെ നേരിടുന്നത്.
ഹേമന്ത് സോറൻ സർക്കാർ, വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചാണ് ​ബി.ജെ.പി കാമ്പയിനെ നേരിടുന്നത്.

‘വിശാല ഹിന്ദു’വിൽ
തട്ടിത്തടഞ്ഞ് ബി.ജെ.പി

സർണ വിഭാഗത്തെ പ്രത്യേക മതമായി പ്രഖ്യാപിക്കുന്നതിൽ ബി.ജെ.പിക്ക് ആശയപരമായ തടസമുണ്ട്. എല്ലാ ആദിവാസി വിഭാഗങ്ങളെയും ‘വിശാല ഹിന്ദു’ എന്ന ഐഡന്റിറ്റിയി​ലേക്ക് കൊണ്ടുവരാനുള്ള ആർ.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയാണ് ഇതിന് തടസം. ജാർഖണ്ഠിലെ ആദിവാസി വിഭാഗങ്ങളെ ലക്ഷ്യമിട്ട് ‘വിശാല ഹിന്ദു’ മുദ്രാവാക്യം ബി.​ജെ.പി പയറ്റുന്നുമുണ്ട്. അതിനിടെ, ഒരു വിഭാഗത്തിനു മാത്രമായി പ്രത്യേക മത പദവി നൽകുന്നതിനെ പാർട്ടിക്ക് അനുകൂലിക്കാനാകില്ല. അതുകൊണ്ടുതന്നെ, സർണ വിഭാഗത്തിന്റെ ​ആവശ്യം നേരിടാൻ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിൽ പ്രയോഗിക്കുന്ന അതേ വർഗീയ തന്ത്രങ്ങളാണ് ജാർഖണ്ഡിലും പയറ്റുന്നത്: ബംഗ്ലാദേശി നുഴഞ്ഞുകയറ്റം.
ലവ് ജിഹാദ്, ലാൻഡ് ജിഹാദ്.
ഇത്തരം ‘ജിഹാദി’ പ്രവർത്തനം മൂലം സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ കുറഞ്ഞുവരികയാണെന്ന് ബി.ജെ.പി പറയുന്നു. പാർട്ടിയുടെ ആരോപണം ഇതാണ്: ജെ.എം.എമ്മിന്റെ ശക്തികേന്ദ്രമായ സാന്താൾ പർഗാന മേഖലയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം രൂക്ഷമാണ്. നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം ചെയ്ത് പ്രാദേശിക ജോലികളും ഭൂമിയുമെല്ലാം തട്ടിയെടുക്കുന്നു. അങ്ങനെ ഗോത്ര ജനസംഖ്യ ശോഷിച്ചുവരുന്നു. എന്നാൽ, ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് ഗോത്രമേഖലയിൽ വലിയ സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്ന് ലോക്സഭാ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു.

ബി.ജെ.പിയുടെ ഇലക്ഷൻ ചുമതല വഹിക്കുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വർഗീയ കാമ്പയിനുകൾക്ക് വലിയ പ്രചാരം നൽകുന്നുണ്ട്.
ബി.ജെ.പിയുടെ ഇലക്ഷൻ ചുമതല വഹിക്കുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വർഗീയ കാമ്പയിനുകൾക്ക് വലിയ പ്രചാരം നൽകുന്നുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പിയുടെ ഇലക്ഷൻ ചുമതല വഹിക്കുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ ഇത്തരം കാമ്പയിനുകൾക്ക് വലിയ പ്രചാരവും നൽകുന്നുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ചമ്പയ് സോറൻ, മധു കോഡ എന്നിവരെ മുന്നിൽനിർത്തിയാണ് ബി.ജെ.പി കാമ്പയിൻ. സിറ്റിങ് എം.പിമാരെ ഒഴിവാക്കി ഒ.ബി.സി, എസ്.സി- എസ്.ടി വിഭാഗങ്ങളിൽനിന്നുള്ള പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.

ഹേമന്ത് സോറൻ സർക്കാറാകട്ടെ, വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചാണ് ​ബി.ജെ.പി കാമ്പയിനെ നേരിടുന്നത്.

ഇത്തവണ ‘ഇന്ത്യ’ മുന്നണിയുടെ സ്റ്റാർ കാമ്പയിനർ, ​കൽപ്പന സോറനല്ലാതെ മറ്റാരുമല്ല.
ഇത്തവണ ‘ഇന്ത്യ’ മുന്നണിയുടെ സ്റ്റാർ കാമ്പയിനർ, ​കൽപ്പന സോറനല്ലാതെ മറ്റാരുമല്ല.

18-50 പ്രായക്കാരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 മുതൽ 2500 രൂപ വരെ സ്‌റ്റൈപ്പന്റ് നൽകുന്ന ‘ജാർഖണ്ഡ് മുഖ്യമന്ത്രി മൈയ സമ്മാൻ യോജന’യാണ് ഇതിൽ പ്രധാനം. അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്‌റ്റൈപ്പന്റ് നൽകുമെന്ന് സോറൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ആസാമിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആദിവാസികളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണക്കാലത്ത് ജാർക്കണ്ഠിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പുനരവധിവസിപ്പിക്കപ്പെട്ട ആദിവാസികളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.

ഇത്തവണ ‘ഇന്ത്യ’ മുന്നണിയുടെ സ്റ്റാർ കാമ്പയിനർ, ​കൽപ്പന സോറനല്ലാതെ മറ്റാരുമല്ല. ജെ.എം.എമ്മിൽ മാത്രമല്ല, ‘ഇന്ത്യ’ മുന്നണിയിലും പെട്ടെന്ന് ഉയർന്നുവന്ന താരമാണ് കൽപ്പന

‘കൽപ്പന ഫാക്ടർ’

ഇത്തവണ ‘ഇന്ത്യ’ മുന്നണിയുടെ സ്റ്റാർ കാമ്പയിനർ, മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പങ്കാളി ​കൽപ്പന സോറനല്ലാതെ മറ്റാരുമല്ല. ജെ.എം.എമ്മിൽ മാത്രമല്ല, ‘ഇന്ത്യ’ മുന്നണിയിലും പെട്ടെന്ന് ഉയർന്നുവന്ന താരമാണ് കൽപ്പന. ഇ.ഡി ചമച്ച ഭൂമി ഇടപാടു കേസിൽ ഹേമന്ത് സോറൻ ജയിലിലായപ്പോഴാണ് കൽപ്പനയുടെ ഉദയം. അഞ്ചു മാസമാണ് സോറൻ ജയിലിൽ കഴിഞ്ഞത്. ഇതിനിടയിലായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് പാർട്ടി അനാഥാവസ്ഥയിലായ സാഹചര്യത്തിൽ, കൽപ്പന ​സ്വയം നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

സോറന്‍ ജയിലിലായപ്പോള്‍ പകരം മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടിയുടെ മുന്നില്‍ കല്‍പ്പനയുടെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാണ്ടേ ണ്ഡലത്തിലെ എം.എല്‍.എയായ സര്‍ഫറാസ് അഹമ്മദ് രാജിവക്കുകയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തത് സോറന്റെ പിൻഗാമിയാകാനാണ് എന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍, സോറന്‍ കുടുംബത്തില്‍ ഈ നീക്കം കലാപക്കൊടി ഉയര്‍ത്തി. ഒടുവില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥയായി ചമ്പയ് സോറന് നറുക്കുവീഴുകയും ചെയ്തു.

എങ്കിലും കല്‍പ്പന, പാര്‍ട്ടിയില്‍ മേല്‍ക്കൈ നിലനിര്‍ത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വവും കാമ്പയിന്‍ നേതൃത്വവും കൽപ്പന ഏറ്റെടുത്തു. ഇ.ഡി കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളി സുനിതക്കൊപ്പം ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'ഇന്ത്യ' റാലിയില്‍ പങ്കെടുത്ത് കല്‍പ്പന ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് ദേശീയ ശ്രദ്ധ നേടി; ഇ.ഡി വേട്ടയാടിയ രണ്ട് മുഖ്യമന്ത്രിമാരുടെ പങ്കാളികൾ എന്ന നിലയ്ക്ക്.

ഇന്ന്, ജാർഖണ്ഡിൽ സ്ത്രീകളെ ഏറ്റവും ആകർഷിക്കുന്ന നേതൃത്വമാണ് കൽപ്പനയുടേത്. പാര്‍ട്ടി പവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിക്കുപുറത്തുള്ള അനുഭാവി വൃന്ദത്തിലും ഏറ്റവും സ്വാധീനമുള്ള നേതൃത്വം. സംസ്ഥാനത്തെ 2.6 കോടി വോട്ടര്‍മാരില്‍ 1.29 കോടി സ്ത്രീവോട്ടര്‍മാരിലേക്കാണ് ജെ.എം.എം കല്‍പ്പനയെ ചേര്‍ത്തുനിര്‍ത്തുന്നത്. 45 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന മൈയാന്‍ സമ്മാന്‍ യോജനയുടെ ബുദ്ധികേന്ദ്രം കല്‍പ്പനയാണ്. ഈ പദ്ധതി ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ സംസ്ഥാനത്ത് 70 പൊതുയോഗങ്ങളാണ് കല്‍പ്പന സംഘടിപ്പിച്ചത്. അത്യാകര്‍ഷകമായ പ്രസംഗശൈലിയും ആശയവിനിമയശേഷിയുമാണ് കല്‍പ്പനയെ ജനപ്രിയമാക്കുന്ന ഘടകങ്ങളിലൊന്ന്. ജെ.എം.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ കല്‍പ്പനയുടെ കാമ്പയിന് ക്യൂ നില്‍ക്കുന്ന സ്ഥിതിയാണിപ്പോള്‍.

2025 ജനുവരി അഞ്ചിനാണ് ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. സംസ്ഥാനത്തെ 81 സീറ്റുകളിലേക്ക് നവംബർ 13, 20 തീയതികളിൽ രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.

Comments