സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥികളും ഉദ്യോഗാർഥികളും നടത്തുന്ന പ്രക്ഷോഭം പത്തൊൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തലസ്ഥാനമായ റാഞ്ചിയിൽ സമരം ശക്തമായതോടെ സർക്കാർ-വിദ്യാർത്ഥി തർക്കം കൂടുതൽ രൂക്ഷമായി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) എന്നിവ നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ചോദ്യം ചെയ്താണ് സമരം. പരീക്ഷകൾ റദ്ദാക്കുക, ക്രമക്കേടുകൾ അന്വേഷിക്കുക, നിയമന നടപടികൾ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്.
പ്രക്ഷോഭത്തിന് അടിയന്തര കാരണം 2026 ഏപ്രിൽ 19ന് നടന്ന 14-ാം JPSC Combined Civil Services Preliminary Examination-ന്റെ ഫലവുമായി ബന്ധപ്പെട്ട പരാതികളാണ്. ഫലം പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗാർഥികൾ പരീക്ഷാ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായതായി ആരോപിച്ചു. ഉത്തരസൂചിക, OMR രേഖകൾ, മെറിറ്റ് പട്ടിക, ഫലപ്രഖ്യാപന രീതി എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയത്.
സമരം പിന്നീട് JSSC പരീക്ഷകളിലേക്കും വ്യാപിച്ചു. പ്രത്യേകിച്ച് JSSC-CGL പരീക്ഷയുമായി ബന്ധപ്പെട്ട പഴയ ക്രമക്കേട് ആരോപണങ്ങൾ വീണ്ടും ഉയർന്നു. ഈ പരീക്ഷ റദ്ദാക്കണമെന്നും മുഴുവൻ നിയമന പരീക്ഷാ സംവിധാനത്തെയും കുറിച്ച് കേന്ദ്ര അന്വേഷണ ബ്യൂറോ (CBI) അന്വേഷണം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. സർക്കാർ ജോലിക്കായി വർഷങ്ങളോളം തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ഭാവിയെ പരീക്ഷാ ക്രമക്കേടുകൾ ബാധിക്കുന്നുവെന്നാണ് അവരുടെ വാദം.

ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ റാഞ്ചിയിൽ നിരാഹാര സമരവും പ്രതിഷേധ മാർച്ചുകളും നടത്തി. എന്നാൽ, ഓഗസ്റ്റ് 10ന് നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ലാത്തിച്ചാർജ്, കണ്ണീർവാതകം, ജലപീരങ്കി എന്നിവ ഉപയോഗിച്ച് തടയുകയും മർദിക്കുകയുമായിരുന്നു. പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തോടെ സമരം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുകയും ചെയ്തു.
ഇതിനിടെ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മൂന്ന് ജെ.പി.എസ്.സി പരീക്ഷകൾ റദ്ദാക്കാൻ ജാർഖണ്ഡ് സർക്കാർ സമ്മതിച്ചു. 14-ാം JPSC പ്രിലിമിനറി പരീക്ഷയ്ക്കൊപ്പം 2023-2025 വർഷങ്ങളിലെ ബാക്ക്‌ലോഗ് പരീക്ഷകളും റദ്ദാക്കാനാണ് തീരുമാനം. എന്നാൽ, ജെ.എസ്.എസ്.സി- സി.ജി.എൽ പരീക്ഷ റദ്ദാക്കുക, എല്ലാ ആരോപണങ്ങളിലും സി.ബി.ഐ അന്വേഷണം നടത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. സർക്കാരും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ പല ഘട്ടങ്ങളിലായി ചർച്ചകൾ നടന്നു. എന്നാൽ, ആറാം ഘട്ട ചർച്ചയും സമവായത്തിലെത്താതെ അവസാനിച്ചു. പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാത്തതിനാൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സർക്കാർ ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർക്ക് ഇനി വാക്കാലുള്ള ഉറപ്പുകൾ മാത്രം മതിയാകില്ലെന്നും കൃത്യമായ തീരുമാനവും നടപടിയും വേണമെന്നുമാണ് നിലപാട്.
ഓഗസ്റ്റ് 11ന് സമരം പുതിയ ഘട്ടത്തിലേക്ക് കടന്നു. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്യുകയുണ്ടായി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി, സർക്കാർ വിദ്യാർത്ഥികളോട് സ്വീകരിച്ച സർക്കാർ സമീപനത്തെ വിമർശിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ദിന്റെ പ്രതിഫലനം പ്രകടമായിരുന്നു. റാഞ്ചിയിൽ വാഹന ഗതാഗതം കുറഞ്ഞതായും സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ സമരക്കാരോട് സംവാദത്തിന്റെ വഴിയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നടപടിക്കുശേഷം പ്രതിഷേധം കൂടുതൽ ശക്തമാകുകയായിരുന്നു.

അതേസമയം, വിദ്യാർത്ഥി സംഘടനകളും വീണ്ടും നിയമസഭയിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുകയും റാഞ്ചിയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായതായും നിരവധിപേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ-വിദ്യാർത്ഥി പ്രതിനിധികൾ തമ്മിലുള്ള ആറാംഘട്ട ചർച്ചയും ആവശ്യങ്ങൾ പൂർണമായി പരിഹരിക്കാതെ അവസാനിച്ചു. സമരത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തിയ വിദ്യാർത്ഥി നേതാവ് ദേവേന്ദ്രനാഥ് മഹതോയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഒമ്പത് ദിവസത്തെ നിരാഹാര സമരത്തിനുശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജാർഖണ്ഡിലെ സമരം ഒരു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഒതുങ്ങുന്നതല്ല. സർക്കാർ ജോലി നേടാൻ വർഷങ്ങളോളം പഠിക്കുകയും പരീക്ഷകൾക്കായി പണം, സമയം, അധ്വാനം എന്നിവ ചെലവഴിക്കുകയും ചെയ്യുന്ന യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ടതാണ്. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് വ്യക്തമായ അന്വേഷണം, കുറ്റക്കാർക്കെതിരെ നടപടി, സുതാര്യമായ നിയമന സംവിധാനം എന്നിവയാണ് സമരത്തിന്റെ കേന്ദ്ര ആവശ്യം.
റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സി.ഐ.ഡി ഓഗസ്റ്റ് 10 തിങ്കളാഴ്ച മുൻ ജെ.പി.എസ്.സി ചെയർപേഴ്‌സൺ എൽ. ഖിയാങ്‌ടെയെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 28 മുതൽ ഖിയാങ്‌ടെയെ നാല് തവണ ചോദ്യം ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനുശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി) ചെയർപേഴ്‌സണായി നിയമിതനായ എൽ. ഖിയാങ്‌ടെ ജൂലൈ 22ന് രാജി സമർപ്പിച്ചിരുന്നു. ആരോപണവിധേയമായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ സി.ഐ.ഡി റെയ്ഡ് നടത്തുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ജെ.പി.എസ്.സി ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജി. ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ താൻ സ്വമേധയാ രാജിവയ്ക്കാൻ തീരുമാനിച്ചു എന്നാണ് ഖിയാങ്‌ടെ അതിന് നൽകിയിരുന്ന വിശദീകരണം.
ഖിയാങ്‌ടെയുടെ അറസ്റ്റോടെ ഇതുവരെ സി.ഐ.ഡി അറസ്റ്റ് ചെയ്തവരുടെ എണ്ണം 20 ആയി ഉയർന്നു. വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മൂന്ന് ജെ.പി.എസ്.സി അംഗങ്ങൾ രാജിവെച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. നിലവിൽ മൂന്ന് ജെ.പി.എസ്.സി പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തയ്യാറായെങ്കിലും ജെ.എസ്.എസ്.സി- സി.ജി.എൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമവായമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭം അത്ര വേഗത്തിൽ അവസാനിക്കുന്നതല്ല. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതും ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുന്നതുമാണ് ഇനി സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ജാർഖണ്ഡിലെ ഇപ്പോഴത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെ ഒരു പരീക്ഷാ വിവാദമായി മാത്രം കാണാൻ സാധിക്കില്ല. സർക്കാർ ജോലിക്കായുള്ള മത്സര പരീക്ഷകൾ പല യുവാക്കൾക്കും സാമ്പത്തിക സുരക്ഷയിലേക്കുള്ള പ്രധാന വഴിയാണ്. ഒരു പരീക്ഷയ്ക്കായി മാസങ്ങളും വർഷങ്ങളും തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷാ ക്രമക്കേട് എന്ന ആരോപണം ഉയരുന്നത് തന്നെ മാനസികവും സാമ്പത്തികവുമായ തിരിച്ചടിയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ മുതൽ ചോദ്യപേപ്പർ വിതരണം, ഉത്തരസൂചിക, ഒ.എം.ആർ, രേഖകൾ, ഫലപ്രഖ്യാപനം, റാങ്ക് പട്ടിക, നിയമനം തുടങ്ങി ഓരോ ഘട്ടത്തിലും വിശ്വാസ്യത ഉറപ്പാക്കണമെന്നാണ് ഇനിയുള്ള ആവശ്യം.
ദൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രക്ഷോഭം പോലെ നീണ്ടുനിൽക്കുന്ന സർക്കാർ - വിദ്യാർത്ഥി ഏറ്റുമുട്ടലായി മാറുകയാണ് ജാർഖണ്ഡിലേത്. പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ എത്രത്തോളം മുന്നോട്ടുപോകും, ആവശ്യങ്ങൾ എങ്ങനെ പരിഹരിക്കും എന്നതിലേക്കാണ് എല്ലാം വിരൽചൂണ്ടുന്നത്. സർക്കാർ ജോലി നേടാനുള്ള മത്സരത്തിൽ പങ്കെടുക്കുന്ന ഒരു യുവാവിന് താൻ എഴുതുന്ന പരീക്ഷ നീതിപൂർവവും സുതാര്യവുമായിരിക്കും എന്ന വിശ്വാസം ഉറപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നുണ്ടോ എന്നതും വളരെ പ്രാധാന്യമർഹിക്കുന്നു. ആ വിശ്വാസം വീണ്ടെടുക്കുന്നതുവരെ ജാർഖണ്ഡിലെ തെരുവുകളിൽ ഉയരുന്ന പ്രതിഷേധത്തിന് അവസാനമുണ്ടാകുമോ എന്നത് അനിശ്ചിതമാണ്.

