ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഡിറ്റ് പേജില്‍ ഫെബ്രുവരി 20 ന് 'Perils of propaganda ( Amit Shah's remarks about Kerala are unbecoming of a Union minister)' എന്ന തലക്കെട്ടില്‍ രാജ്യസഭാ എം.പി.യായ ജോണ്‍ ബ്രിട്ടാസ് എഴുതിയ ലേഖനത്തിന്റെ പേരില്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണം ചോദിച്ചിരിക്കുകയുമാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. നേതാവ് പി. സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഭ്യന്തര മന്ത്രിയും ബി.ജെ.പി.നേതാവുമായ അമിത് ഷാ കേരളത്തിനെതിരെ നടത്തിയ വംശീയ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസ് ലേഖനം എഴുതിയത്. അമിത് ഷായുടെ പ്രസംഗത്തിലെ പരാമര്‍ശം ഇതായിരുന്നു : ' മോദി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ ദേശദ്രോഹികളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, ഞാന്‍ കൂടുതലൊന്നും പറയുന്നില്ല '. അമിത് ഷായുടെ കേരളത്തിനെതിരായ വംശീയ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
മനില സി. മോഹന്‍: വിശദീകരണം ആവശ്യപ്പെട്ട നടപടി താങ്കളെ കുറച്ച് കാലമായി വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണോ കാണുന്നത്?
ജോണ്‍ ബ്രിട്ടാസ്: അടിയന്തിരാവസ്ഥക്കാലത്ത് പോലും ഇങ്ങനെ ഒരു സംഭവം നടന്നതായി എനിക്ക് ഓര്‍മയില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ടോ ഒരു ലേഖനമെഴുതിയതിന്റെ പേരില്‍ വിശദീകരണം ആവശ്യപ്പെടല്‍?
അവര്‍ക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്നത് അജണ്ടയുടെ ഭാഗമാണ്. അതേസമയം ഇതില്‍ കുറേക്കൂടി ലാര്‍ജര്‍ അജണ്ടയുണ്ട്. ഇവര്‍ ഇപ്പോള്‍ മാധ്യമങ്ങളെയും ലക്ഷ്യം വച്ചിരിക്കുകയാണ്. എന്റെ ലേഖനമാണെങ്കിലും ഇത് പ്രസിദ്ധീകരിച്ചത് പത്രമല്ലേ. അവരും ഇതിനകത്ത് ചോദ്യം ചെയ്യപ്പെടുകയല്ലേ. എനിക്കെതിരെ മാത്രമല്ലല്ലോ, യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ക്ക് എതിരെക്കൂടിയല്ലേ. ഇന്ത്യന്‍ എക്സ്പ്രസ് ഡല്‍ഹിയിലെ ഏറ്റവും റെപ്യൂട്ടഡ് ആയ പത്രമാണ്, ആ പത്രത്തിന്റെ അധികാരത്തിന്റെ മുകളിലുള്ള ഒരു കടന്നുകയറ്റം കൂടിയല്ലേ അത്. എന്റെ അറിവില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇക്കാലത്തിനിടെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല.
ഇവര്‍ക്കെതിരെ ശബ്ദിക്കുന്നവരെയൊക്കെ നിശബ്ദമാക്കുക എന്നത് ഇവരുടെ അജണ്ടയാണ്. പാര്‍ലമെന്റിനകത്തും പുറത്തും നിശബ്ദമാക്കുക എന്നത് തന്നെയാണ് ഇവരുടെ രീതി. ഒന്നും പറയാതിരിക്കുക, പ്രത്യേകിച്ച് ഞാന്‍ എഴുതുക കൂടി ചെയ്തത് അവര്‍ക്ക് കൂടുതല്‍ പ്രശ്നമായി. എല്ലാ ഒപ്പീനിയന്‍ മേക്കേഴ്സും വായിക്കുന്ന പത്രമാണ് ഡല്‍ഹി ഇന്ത്യന്‍ എക്സ്പ്രസ് . അത്തരമൊരു പത്രത്തില്‍ എഴുതുന്നത് അവരെ കൂറെക്കൂടി വിറളിപിടിപ്പിക്കുന്നുണ്ട്.
ഞാന്‍ എം.പി. എന്ന തരത്തിലുള്ള ഒരു സവിശേഷ അധികാരവും ഉപയോഗിച്ചില്ല. ഒരു പൗരനെന്ന നിലയിലുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിനിയോഗമല്ലേ അത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആവശ്യപ്പെട്ട് എഴുതിയ ലേഖനമാണ്.
അമിത്ഷായെ വിമര്‍ശിച്ചു കൊണ്ടാണത് തുടങ്ങുന്നത്. കേരളത്തിനെതിരെ പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കേരളത്തെ വംശീയമായി വിമര്‍ശിച്ചത് ശരിയല്ലെന്ന് പറഞ്ഞ ഞാന്‍ രാജ്യദ്രോഹിയായി. കേരളത്തെക്കുറിച്ച് എന്തേലും നല്ലത് പറഞ്ഞാല്‍ രാജ്യദ്രോഹമാവും. കേരളമെന്തോ ശത്രുരാജ്യമാണെന്ന പോലെയാണ് അവരുടെ പെരുമാറ്റം.
യഥാര്‍ഥത്തില്‍ അമിത്ഷാ പറഞ്ഞത് എത്ര ഭയങ്കരമാണ്. നിങ്ങളുടെ അയല്‍പക്കത്ത് കേരളമുണ്ട് സൂക്ഷിക്കുക എന്ന് ആഭ്യന്തരമന്ത്രി കര്‍ണാടകയില്‍ വച്ച് പറയുമ്പോള്‍, അയല്‍പക്കത്തുള്ളത് ഏതെങ്കിലും ശത്രുരാജ്യമാണോ. നിങ്ങളുടെ അയല്‍പക്കത്ത് കേരളമുള്ളതുകൊണ്ട് നിങ്ങള്‍ സുരക്ഷിതരാണ്. ആശ്വസിക്കണമെന്നല്ലേ യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.
വിളിച്ചു വരുത്തിയിട്ട് എന്തൊക്കെയാണ് ചോദിച്ചത്?
ഇങ്ങനെയൊരു കണ്‍വെന്‍ഷന്‍ ഇല്ലല്ലോ. ഇങ്ങനെ ഒന്ന് മുമ്പ് ഉണ്ടായിട്ടില്ല. അതിനൊരു നിയമവുമില്ല സത്യത്തില്‍. എന്നെ വിളിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന് നിങ്ങളെ കാണണം എന്ന് പറഞ്ഞു. ഞാന്‍ ഹാജരായി. അദ്ദേഹം പരാതിയുടെ പ്രസക്തഭാഗങ്ങള്‍ വായിച്ചു. അത് കേട്ട ശേഷം ഈ പരാതി ഇവിടെ വരേണ്ട പ്രസക്തിയെന്താണെന്ന് മനസിലാവുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ഒരു പൗരനെന്ന നിലയില്‍ എന്റെ അഭിപ്രായസ്വാതന്ത്ര്യമാണ് ഞാന്‍ വിനിയോഗിച്ചിരിക്കുന്നതെന്നും അതില്‍ യാതൊരു തെറ്റും കാണുന്നില്ലെന്നും വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ആ നിലപാട് എഴുതിത്തരാന്‍ അദ്ദേഹം പറഞ്ഞു.
നിലപാട് അങ്ങനെ പെട്ടെന്ന് എഴുതിത്തരാനാവില്ലല്ലോ, എനിക്ക് ആലോചിക്കണ്ടേ. ഇങ്ങനെ ഒരു ആലോചന എന്റെ മനസ്സില്‍ ഇല്ലാത്തത് പോട്ടെ, ഇങ്ങനെ ഒരു സംഭവം ഇന്ത്യയിലും മുമ്പൊരിക്കല്‍ പോലും നടന്നിട്ടില്ലല്ലോ. ആലോചിക്കണമെന്ന് പറഞ്ഞു.
ഞാനായിട്ട് ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല.രാജ്യസഭ സെക്രട്ടറിയേറ്റിലെ ഏതോ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എക്സ്പ്രസിലൊക്കെ വാര്‍ത്ത വന്നത്. യഥാര്‍ഥത്തില്‍ എനിക്കിത് അവിശ്വസനീയവും അന്ധാളിപ്പുമായിപ്പോയി.
ഞാന്‍ രാജ്യസഭയില്‍ എന്തെങ്കിലും കൃത്യവിലോപം കാണിക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്തതിന് ചെയര്‍മാന്‍ വിളിപ്പിക്കുന്നത് പ്രതീക്ഷിക്കാം. ഇത് അങ്ങനെയൊരു സംഭവമേയല്ലല്ലോ.
ഒരു കേന്ദ്രം ഭരിക്കുന്ന ഒരു ഭരണകക്ഷിക്ക്, വിമര്‍ശനാത്മകമായ ഒരു ലേഖനം തങ്ങള്‍ക്കെതിരെ വരുമ്പോള്‍ അതെഴുതിയ എം.പിയെ നിശബ്ദനാക്കാന്‍ വേണ്ടി ഇതുപോലെ ഹീനമായ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നു. എനിക്കെതിരെ വന്നു എന്നതിനേക്കാള്‍ എന്നെ വിഷമിപ്പിക്കുന്നത് ഈ ഒരു പ്രവണതയാണ്. ഞാനെന്ന വ്യക്തി ഇനി മിണ്ടരുത് എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.
പത്രങ്ങളുടെ വാര്‍ത്താ പേജുകളൊക്കെ പരിപൂര്‍ണമായി ബി.ജെ.പിക്ക് ആദ്യമേ കീഴടങ്ങി. രണ്ടാമത് അവര്‍ ലക്ഷ്യമിട്ടത് എഡിറ്റോറയില്‍ പേജുകളാണ്. അങ്ങനെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അവിടെ വരാതായി. ആ പേജുകളില്‍ മുഴുവന്‍ ബി.ജെ.പി പക്ഷക്കാരും അവരുമായി ബന്ധപ്പെട്ടവരുടേയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതിവ് ആരംഭിച്ചു.
മലയാളത്തില്‍ ഉള്‍പ്പടെ അങ്ങനെയാണ്. ദല്‍ഹിയിലൊക്കെ ഇരുപത് ലേഖനം അപ്പുറത്ത് വന്നാല്‍ ഒരെണ്ണമായിരിക്കും ഇപ്പുറത്ത് വരുന്നത്. ആ ഒരെണ്ണം പോലും മൈല്‍ഡ് ആയിരിക്കും. ആ ഇരുപതിന് ഇപ്പുറത്തുള്ള ഒന്നാണ് എന്റേത്. ആ ഒന്ന് പോലും സംഭവിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, അതിലേക്ക് രാജ്യസഭാ ചെയര്‍മാന്റെ സ്റ്റാമ്പ് കൂടി വരുമ്പോള്‍ അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.
ഈ നടപടിയെ എങ്ങനെ നേരിടും? നിയമപരമായി നേരിടാനാവുമോ?
ഇതിനെ നിയമപരമായി നേരിടാന്‍ എന്ത് നിയമമാണ് നമ്മുടെ മുന്നിലുള്ളത്. ഏത് നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. വഴിയെ പോകുന്ന ഒരുത്തനെ വെറുതെ മെക്കിട്ട് കേറുകയാണ്. ഇതിനെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല സത്യത്തില്‍.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെയുള്ള പ്രസ്താവനയാണ് അമിത്ഷാ നടത്തിയതെന്ന് ഐ.പി.സി വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്ത് ഞാന്‍ ഓര്‍മിപ്പിക്കുകയാണ് ആ ലേഖനത്തില്‍ ചെയ്തത്. ഇപ്പൊ ഞാന്‍ രാജ്യദ്രോഹിയായി.