മനില സി. മോഹൻ: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുമുന്നോടിയായി പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ 65 വാക്കുകൾ അൺപാർലമെന്ററിയാക്കിയിട്ടുണ്ടല്ലോ. ജനാധിപത്യവിരുദ്ധമായ ഈ നടപടിയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. കൈപ്പുസ്തകം അപ്‌ഡേറ്റ് ചെയ്യുന്നത് സ്ഥിരം പരിപാടിയാണെന്നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള വിശദീകരിച്ചത്. ഈ നടപടി പാർലമെന്റിനകത്തെ ചർച്ചകളെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നത്?
ജോൺ ബ്രിട്ടാസ്: അൺ പാർലമെന്ററി പദങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് സ്ഥിരം പ്രോസസാണെന്നാണ് സ്പീക്കർ പറഞ്ഞത്. പക്ഷെ ഇപ്പോൾ അതിൽ കൊണ്ടുവന്നിരിക്കുന്ന 65 പദങ്ങൾ നേരത്തെ ഉണ്ടായിരുന്നില്ല. ഞങ്ങളെപ്പോലുള്ള അംഗങ്ങൾ ഇനി പാർലമെന്റിൽ ആംഗ്യഭാഷ ഉപയോഗിക്കേണ്ടിവരും. പാർലമെന്റിൽ മൂകമായ സംസാരം മതി, ആംഗ്യഭാഷ മാത്രം ഉപയോഗിച്ചാൽ മതി. അതാണ് ഇതിൽ അടിവരയിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇപ്പോൾ സംഭവിക്കുന്നത്, പുതിയ പാർലമെൻറ്, പുതിയ ചിഹ്നങ്ങൾ, പുതിയ പാർലമെന്ററി ഭാഷ, പുതിയ പാർലമെന്ററി രീതികൾ. അങ്ങനെ മൊത്തത്തിൽ പാർലമെന്ററി ഡെമോക്രസിയെ അടിമുടി മാറ്റുന്ന തീരുമാനങ്ങളാണ്.
പാർലമെൻറ് മന്ദിര വളപ്പിൽ പ്രതിഷേധ ധർണയ്ക്കും പ്രകടനങ്ങൾക്കും സമരത്തിനും വിലക്കേർപ്പെടുത്തിയതാണ് ഏറ്റവും പുതിയ വാർത്ത.
ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഒട്ടുമിക്ക പ്രതിഷേധങ്ങളുടെയും തുടക്കം പാർലമെന്റിലാണ്. യഥാർഥത്തിൽ പാർലമെന്റിൽ നിന്ന് എം.പി.മാർ ഇറങ്ങിപ്പോയി, അവർ ആരംഭിക്കുന്ന പ്രതിഷേധത്തിന്റെ ജ്വാലകളാണ് പലപ്പോഴും ദേശീയരാഷ്ട്രീയത്തെ മാറ്റിമറിച്ചിട്ടുള്ളത്. വലിയ ഭൂരിപക്ഷത്തിൽ വന്ന സർക്കാരുകൾ തകിടംമറിഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള ആദ്യത്തെ വെടിയുതിർത്തിരിക്കുന്നത് പാർലമെന്റിനുള്ളിലും അവിടെനിന്ന് ഇറങ്ങിവന്നിട്ടുമാണ്. ഉദാഹരണം പറയാം. നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ വന്ന രാജീവ് ഗാന്ധിക്കെതിരെ ബൊഫോഴ്സ് കുംഭകോണം വന്നതിനെതുടർന്ന് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ ലോക്സഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് രാജിവെച്ച് പുറത്തേക്കിറങ്ങുകയാണ്. രാജിവെച്ചിറങ്ങി ആ പ്രക്ഷോഭം പാർലമെൻറ് വളപ്പിൽ ആരംഭിക്കുകയാണ്. ആ പ്രക്ഷോഭമാണ് രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രക്ഷോഭമായി തെരുവോരങ്ങളിൽ അലയടിച്ചത്.
പാർലമെൻറ് വളപ്പിലെ പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ ബി.ജെ.പി. ആയിരുന്നു എപ്പോഴും ലീഡ് ചെയ്തിരുന്നത്. പത്രപ്രവർത്തകനെന്ന നിലയിൽ 1980കളുടെ അവസാനം വാജ്പേയിയും അദ്വാനിയുമൊക്കെ അവിടെ ഇരിക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്. എത്രയോ പ്രക്ഷോഭങ്ങൾ അവർ നടത്തിയിട്ടുണ്ട്. പാർലമെന്റിൽ നിന്ന് ജാഥയായിട്ടാണ് അവർ പുറത്തേക്ക് പോകുന്നത്. പാർലമെന്റിൽ നിന്നാണവർ പ്രക്ഷോഭം നയിച്ചിരുന്നത്.
യഥാർഥത്തിൽ നമ്മൾ മനസിലാക്കേണ്ടത്, ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതികരണങ്ങളുടെ അളവ് കുറച്ചുകുറച്ചു വരികയാണ്. പണ്ട് പാർലമെന്റിനോട് ചേർന്നുകിടക്കുന്ന ബോട്ട് ക്ലബ് മൈതാനിയായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതികരണവേദി. പാർലമെന്റിൽനിന്ന് എം.പി.മാരും നേതാക്കളും പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബിലേക്ക് പോകുമ്പോൾ, ബോട്ട് ക്ലബ്ബിലെ വലിയ ജനാവലിയുമായി സന്നിവേശിപ്പിച്ചുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചത്. പിന്നീട് ബോട്ട് ക്ലബ്ബ്, പ്രതിഷേധങ്ങളിൽ നിന്ന് വേലികെട്ടി മറച്ചു. അതിനുശേഷം ഘട്ടംഘട്ടമായി ഇപ്പോൾ പാർലമെൻറ് വളപ്പിൽ പോലും പ്രതിഷേധം വിലക്കി. പാർലമെൻറ് ജനങ്ങളുടെ ശബ്ദത്തിനുവേണ്ടിയുള്ളതാണ്. പാർലമെന്റിൽ സ്പീക്കറും രാജ്യസഭാ ചെയർമാനും ശബ്ദമുയർത്താൻ സമ്മതിക്കുന്നില്ലെങ്കിൽ എം.പി.മാർക്കുള്ള ഏക ഫോറം എന്നുപറയുന്നത് പുറത്തേക്കിറങ്ങി അവിടെ പ്രതിഷേധിക്കുക എന്നുള്ളതാണ്. അതും ഇല്ലാതായി.
മോദി ഭരണത്തിൽ പുതിയ പാർലമെൻറ്, പുതിയ ചർച്ചകൾ, പുതിയ ചിഹ്നങ്ങൾ, പുതിയ നിയമങ്ങൾ, അങ്ങനെ പാർലമെന്ററി ജനാധിപത്യത്തെ അടിമുടി മാറ്റിയിരിക്കുകയാണ് ഇത്രയും കാലംകൊണ്ട്. സാധാരണഗതിയിൽ വലിയ അട്ടിമറിയിലൂടെയൊക്കെ വരുന്ന ഭരണകൂടങ്ങളാണ്, ഈ രീതിയിൽ അടിമുടി മാറ്റമുണ്ടാക്കുക. ഇവിടെ ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന് ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളെയും നിർവീര്യമാക്കുകയാണ്. അതൊരു പുതിയ കാലഘട്ടത്തിലെ രീതിയാണ്. പലപ്പോഴും ഭൂരിപക്ഷവാദവും തീവ്ര അധികാരപ്രകടനങ്ങളും നടത്തുന്ന പല സർക്കാരുകളും ജനാധിപത്യത്തിന്റെ മാർഗത്തിലൂടെ അധികാരത്തിലേക്ക് വന്നിട്ടാണ് ജനാധിപത്യത്തെ ഇല്ലാതാക്കുന്നത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മോദി സർക്കാർ മാറിയിരിക്കുകയാണ്.
പാർലമെൻറ് മന്ദിരത്തിനുമുന്നിൽ ഈ അശോകസ്തംഭം സ്ഥാപിച്ച എക്സിക്യൂട്ടീവ്, പാർലമെന്റിനുമേലുള്ള ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്. പാർലമെൻറ് തങ്ങളോട് വിധേയപ്പെട്ട് നിൽക്കണമെന്ന സന്ദേശമാണ് മോദി നൽകുന്നത്.
പാർലമെൻറ്പാർലമെൻറ് തങ്ങളോട് വിധേയപ്പെട്ട് നിൽക്കണമെന്ന സന്ദേശമാണ് മോദി നൽകുന്നത്. മന്ദിരത്തിനുമുന്നിൽ ഇപ്പോൾ അശോകസ്തംഭം സ്ഥാപിച്ചിരിക്കുകയാണ്, ഛായ പാടേ മാറ്റിക്കൊണ്ട്
അശോകസ്തംഭം യഥാർഥത്തിൽ സമാധാനത്തിന്റെ ചിഹ്നമാണ്. അതിനെ ക്രൂരതയുടെയും ക്രൗര്യത്തിന്റെയും ചിഹ്നമാക്കി മാറ്റി. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചറിന് വിധേയപ്പെട്ടിരിക്കണമെന്നാണ്. ഇപ്പോഴെന്താണ് സംഭവിക്കുന്നത്. പാർലമെൻറ് മന്ദിരത്തിനുമുന്നിൽ ഈ അശോകസ്തംഭം സ്ഥാപിച്ച എക്സിക്യൂട്ടീവ്, പാർലമെന്റിനുമേലുള്ള ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ്. പാർലമെൻറ് ഞങ്ങളോട് വിധേയപ്പെട്ട് നിൽക്കണമെന്ന സന്ദേശമാണ് മോദി നൽകുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കുറഞ്ഞ സമയം പാർലമെന്റിൽ ചെലവഴിച്ച ഒരാളാണ് മോദി. പാർലമെൻറിൽ ‘ജുംല’ (വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം) എന്ന വാക്ക് പറയുമ്പോൾ ആദ്യം നെറ്റി ചുളിക്കുന്നത് മോദിയാണ്. അല്ലെങ്കിൽ ഏറ്റവും പ്രതിഷേധിക്കുന്നത് ബി.ജെ.പി.യാണ്. ഇത് മോദിയെയാണ് ഉദ്ദേശിക്കുന്നതെന്ന് അവർക്കറിയാം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ആദ്യം വരുമ്പോൾ ഒരു ജുംല നടന്നു. പാർലമെൻറ് കവാടത്തിൽ വീണുകിടന്ന് സാഷ്ടാംഗ പ്രണാമം നടത്തി. ആ മോദിയാണ് ഓരോ പടികളിലൂടെ പാർലമെന്ററി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നത്. നെഹ്റു മുതലുള്ള കാലമെടുത്തുകഴിഞ്ഞാൽ പാർലമെന്റിൽ ഏറ്റവും കുറഞ്ഞ സമയം ചെലവഴിച്ച പ്രധാനമന്ത്രിയായി മോദി മാറുകയാണ്. ചില സമയത്ത് മിനിറ്റുകൾ മാത്രമാണ് പാർലമെന്റിലിരിക്കുന്നത്. നെഹ്റുവിനെപ്പോലെയുള്ള ഭരണാധികാരികൾ എപ്പോഴും പാർലമെന്റിൽ ഇരിക്കുമായിരുന്നു. പിന്നീട് ആ ഒരു അളവ് കുറഞ്ഞു കുറഞ്ഞു വന്നു. പക്ഷെ കുറഞ്ഞെങ്കിൽ പോലും ഇതുപോലെ ആരുമില്ല. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം പ്രധാനമന്ത്രിയുടെ വകുപ്പാണ് ചോദ്യത്തിൽ വരുന്നത്. സാധാരണ ഒരു പാർലമെൻറ് സമ്മേളനം മൂന്നോ നാലോ ആഴ്ചയാണുണ്ടാകുന്നത്. അപ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ പ്രധാനമന്ത്രിക്ക് അവിടെ വരേണ്ടതുള്ളൂ. ആ വകുപ്പിലുള്ള ചോദ്യം അനുവദിച്ചാൽ തന്നെ അഞ്ച് മിനിറ്റേ ഉണ്ടാകുകയുള്ളൂ. ആ അഞ്ച് മിനിറ്റിൽ അദ്ദേഹത്തിനുവേണ്ടി മറുപടി പറയാൻ, സഹമന്ത്രിമാരുമുണ്ട്. അദ്ദേഹം വന്ന് ഇരിക്കും, ആ ചോദ്യം കഴിഞ്ഞാൽ തിരിച്ചുപോകും. മിനിറ്റുകൾ മാത്രമാണദ്ദേഹം പാർലമെന്റിൽ ചെലവഴിക്കുന്നത്.
മുൻകാലങ്ങളിൽ ഏതെങ്കിലും പ്രധാനപ്പെട്ട വിഷയം വരികയാണെങ്കിൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന പരിപാടിയുണ്ട്. പെഗാസസ്, കർഷകരുടെ പ്രശ്നം അതുപോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വന്നാൽ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യും. എന്നാൽ, ഇപ്പോൾ അങ്ങനെയുള്ള ഒരു പരിപാടിക്കും മോദി നിൽക്കില്ല. മോദി നടത്തുന്നത് ഏകപക്ഷീയ സംഭാഷണങ്ങളാണ്. അത് പൂർണമായും രാഷ്ട്രീയവുമാണ്. ഭരണപരമായിട്ടുള്ള പ്രധാനമന്ത്രിയുടെ ദൗത്യം അനുഷ്ഠിക്കുന്ന പരിപാടികളൊന്നുമില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ രീതി. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നുവെച്ചാൽ, പാർലമെന്ററി നടപടിക്രമങ്ങൾ വേണ്ട, പാർലമെൻറ് കെട്ടിടം മതിയെന്നുള്ളതാണ്. ഇതിന്റെ അന്തഃസത്തയല്ല നിങ്ങൾക്ക് പ്രധാനം. കെട്ടിടമാണ് വേണ്ടത്, അത് മോദിയുടെ പേരിൽ അറിയപ്പെടണം. ഒരു ചക്രവർത്തിക്ക് എപ്പോഴും തന്റെ ചിഹ്നങ്ങൾ സ്ഥാപിക്കപ്പെടണം എന്നുപറയുന്നതുപോലെ, ഇത് പുതിയ ഇന്ത്യയാണ് എന്നൊരു സന്ദേശം കൊടുക്കുകയാണ്. 2014-ലാണ് ഇന്ത്യ ഉണ്ടായത് എന്ന മട്ടിലാണ് കാര്യങ്ങൾ. മോദിയോട് ചോദിച്ചാൽ അങ്ങനെയാണ് പറയുക. അതിനുവേണ്ടിയുള്ള കസർത്തുകളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പാർലമെന്റ് സമ്മേളനം തുടങ്ങുന്ന സമയത്ത് ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തിന് മറ്റു പാർട്ടികളുമായി ആലോചനയുണ്ടോ?
പാർലമെന്റ് വളപ്പിൽ നടക്കുന്ന പ്രതിഷേധങ്ങൾ പലപ്പോഴും ഇൻസ്റ്റന്റാണ്. ഉദാഹരണം പറഞ്ഞാൽ, കേരളത്തിലെ ഒരു വിഷയം വന്നാൽ കേരളത്തിൽ നിന്നുള്ള എം.പി.മാർ അരമണിക്കൂറോ ഒരു മണിക്കൂറോ പ്രതിഷേധിക്കും. ചെറിയ വിഷയങ്ങളിൽ പോലും ഞങ്ങളെല്ലാം അവിടെ പ്ലക്കാർഡും പിടിച്ച് നിൽക്കും. ഇന്ത്യ എന്ന് പറയുന്ന വലിയ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങൾക്ക് പാർലമെന്റിൽ സംസാരിക്കാൻ സമയം കിട്ടുന്നില്ലെങ്കിൽ, അവരുടെ ശബ്ദം കേൾക്കാനുള്ള ഒരു വേദിയാണത്. അവിടെ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ ഉപവാസം നടത്തും. സഭയിൽനിന്ന് പുറത്താക്കപ്പെട്ട എം.പി.മാർ പാർലമെന്റിന്റെ നടപടിക്രമങ്ങൾ ആരംഭിച്ച് അവസാനിക്കുന്ന സമയം വരെ ഗാന്ധിപ്രതിമക്കുമുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യും. അതൊക്കെ പ്രതിഷേധത്തിന്റെ വിവിധ തലങ്ങളാണ്. എന്തായാലും ഇപ്പോൾ കൊണ്ടു വന്ന മാറ്റങ്ങളെ തൃണവൽഗണിച്ച് ഇതുവരെയുള്ള എല്ലാ പ്രതിഷേധത്തിന്റെ തലങ്ങളും അവിടെ നമ്മൾ ഇനിയും ആവർത്തിക്കും. ആവർത്തിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന ചോദ്യമാണുള്ളത്. പട്ടാളത്തെ ഇറക്കി നമ്മളെ ഒഴിവാക്കുമോ? അറസ്റ്റ് ചെയ്യുമോ? ലോക്‌സഭാ സെക്രട്ടറി ജനറലും രാജ്യസഭാ സെക്രട്ടറി ജനറലും ഒരുപോലെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലോക്സഭയെയും രാജ്യസഭയെയും കോ-ഓർഡിനേറ്റ് ചെയ്യണമെങ്കിൽ അത് പ്രധാനമനത്രിക്കേ പറ്റൂ. രണ്ട് സഭയുടെയും സെക്രട്ടറി ജനറൽമാർ ഇതുപോലൊരു ഉത്തരവ് പുറപ്പെടുവിച്ചു എന്നുപറയുമ്പോൾ അത് ഉന്നതതലത്തിലെ തീരുമാനമാണ്. ഒരു ഭരണാധികാരിയെന്ന നിലയിൽ ഒരുതരത്തിലുമുള്ള വിമർശനവും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
ഞാൻ കേരളത്തിലെ മാധ്യമപ്രവർത്തകരോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. പാർലമെന്റിൽ നിന്ന് മാധ്യമങ്ങളെ ആട്ടിപ്പായിച്ചു. കോവിഡ് കഴിഞ്ഞ് എല്ലാം തുറന്നെങ്കിലും പാർലമെന്റിന്റെ പ്രസ് ഗാലറികൾ പൂർണമായും തുറന്നുകൊടുത്തിട്ടില്ല. നേരത്തെ പാർലമെന്റിൽ പോയിരുന്ന പത്രപ്രവർത്തകരിൽ അഞ്ചുശതമാനം പേർക്ക് മാത്രം ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമോ മാത്രം ഗാലറിയിൽ വന്നിരിക്കാമെന്നാണ് ഇപ്പോൾ. അങ്ങനെ ഫോർത്ത് എസ്റ്റേറ്റിനെ പാർലമെന്റിൽനിന്ന് ആട്ടിപ്പായിച്ചു. പാർലമെന്റിന്റെ ചരിത്രത്തിൽ പ്രധാനന്ത്രിയും മന്ത്രിമാരും എം.പി.മാരും മുതിർന്ന മാധ്യമപ്രവർത്തകരും ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്തുന്ന സ്ഥലമാണ് പാർലമെന്റിന്റെ സെൻട്രൽ ഹാൾ. ഇപ്പോൾ ഈ സെൻട്രൽ ഹാൾ മാധ്യമങ്ങൾക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകർ വാർത്തയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു സ്ഥലം പാർലമെന്റിന്റെ സെൻട്രൽ ഹാളാണ്. പത്തുവർഷം തുടർച്ചയായി പാർലമെന്റ് കവർ ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന് കിട്ടുന്ന അംഗീകാരമാണ് പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസ്. ഇരുപതുവർഷം കവർ ചെയ്താൽ ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസ് കിട്ടും. പാർലമെന്റിന്റെ സെൻട്രൽ ഹാൾ പാസും ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസും കൈയിൽ വെച്ചുകൊണ്ടാണ് ഞാൻ എം.പി.യായത്. ഇന്ന് ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ്ഡ് പാസുള്ളവരാണെങ്കിൽ പോലും മാധ്യമപ്രവർത്തകർക്ക് സെൻട്രൽ ഹാളിൽ പ്രവേശനമില്ല. കേരളത്തിലെ മാധ്യമപ്രവർത്തകർ ഇതൊന്നും അറിയുന്നില്ല. ഈ രീതിയിലേക്ക് ഇന്ത്യൻ പാർലമെന്റ് മാറി.
നമ്മൾ വിചാരിക്കും, അൺപാർലമെന്ററി പ്രയോഗങ്ങളെന്ന് പറയുന്നവ വേണമെങ്കിൽ പറയാം, ഒബ്ജക്റ്റ് ചെയ്താൽ മാത്രമെ നീക്കേണ്ടതുള്ളൂ എന്ന്. അതൊക്കെ തെറ്റാണ്. ഞാനിപ്പോൾ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചാൽ ചാടിയെഴുന്നേൽക്കുന്നത് കേന്ദ്രമന്ത്രിമാരാണ്.
പുതിയ പാർലമെൻറ് കെട്ടിടത്തിൽ അങ്ങനെയൊരു സെൻട്രൽ ഹാൾ തന്നെയില്ല. ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാവർക്കും ഇരിക്കാവുന്ന, മുതിർന്ന മാധ്യമപ്രവർത്തകർക്കും എം.പി.മാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും മുൻ എം.പി.മാർക്കും ഒക്കെ വന്ന് ഇരിക്കാനും അവർക്ക് കുശലം പറയാനും ചായ കുടിക്കാനുമൊക്കെ ഉണ്ടായിരുന്ന ഒരു സ്ഥലമാണ്. ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഇടമായിരുന്നു. പലപ്പോഴും പല ആശയങ്ങളും സഖ്യങ്ങളും രൂപപ്പെട്ടിരുന്നത് അവിടെയാണ്. മന്ത്രിമാർ കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നത് അവിടെയാണ്. പലപ്പോഴും സർക്കാരിലെ രഹസ്യങ്ങൾ അല്ലെങ്കിൽ സ്വന്തം മന്ത്രിസഭയോടുള്ള എതിർപ്പുകൾ പോലും അവർ പങ്കുവെച്ചിരുന്നത് അവിടെയാണ്. അങ്ങനെയുള്ള അനൗപചാരികമായ സംഭാഷണവേദി പോലും മോദിക്ക് സുഖകരമല്ല.
സെൻട്രൽ ഹാൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൊട്ടിയടയ്ക്കുന്നതിന് മുമ്പുതന്നെ മോദി ഒരിക്കലും അവിടെ വന്ന് ഇരുന്നിട്ടില്ല. മുൻ പ്രധാനമന്ത്രിമാരെല്ലാം വന്നിട്ടുണ്ട്. മോദി തന്റെ മന്ത്രിസഭയിലെ അംഗങ്ങൾ അവിടെ വന്നിരിക്കുന്നത് നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. ആകെ ഇളവ് കൊടുത്തിരുന്നത് അരുൺ ജെയ്റ്റലി, സ്മൃതി ഇറാനി തുടങ്ങി ചിലർക്ക് മാത്രമാണ്.
അതായത് ജനാധിപത്യത്തിന്റേതായ കൾച്ചർ തന്നെ മാറ്റിമറിച്ചു?
പൊതുവെ മോദിയുടെ സംസ്‌കാരം ഉൾക്കൊള്ളുന്ന മന്ത്രിമാരൊന്നും അവിടെ വന്ന് ഇരിക്കില്ല. മുൻകാലങ്ങളിൽ എല്ലാ മന്ത്രിമാരും വന്നിരിക്കുമായിരുന്നു. എല്ലാ മന്ത്രിമാരും അവിടെ വന്ന് ചായയും കാപ്പിയും കുടിച്ച് എല്ലാവരുമായും സംസാരിച്ചിട്ട് പോകും. ഇപ്പോൾ ആ ഒരു കൾച്ചർ തന്നെ ഇല്ലാതായി. പാർലമെന്ററി ജനാധിപത്യത്തിന്റെ അലകും പിടിയും മാറ്റുന്ന നടപടികളാണ് ഓരോ ദിവസവും എടുത്തുകൊണ്ടിരിക്കുന്നത്.
എനിക്ക് ഒരു അനുഭവമുണ്ടായി. നമ്മൾ വിചാരിക്കും, അൺപാർലമെന്ററി പ്രയോഗങ്ങളെന്ന് പറയുന്നവ വേണമെങ്കിൽ പറയാം, ഒബ്ജക്റ്റ് ചെയ്താൽ മാത്രമെ നീക്കേണ്ടതുള്ളൂ എന്ന്. അതൊക്കെ തെറ്റാണ്. ഞാനിപ്പോൾ അങ്ങനെയൊരു വാക്ക് ഉപയോഗിച്ചാൽ ചാടിയെഴുന്നേൽക്കുന്നത് കേന്ദ്രമന്ത്രിമാരാണ്. മുമ്പ്, മുൻ ധനകാര്യ സഹമന്ത്രി ശുക്ല തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു, ശുക്ലയും അരുൺ ജെയ്റ്റ്ലിയും കൂടിയാണ് ജി.എസ്.ടി. കൊണ്ടുവന്നതെന്ന്. ജി.എസ്.ടി.യുടെ മഹത്വമൊക്കെ അദ്ദേഹം പറഞ്ഞു. ഞാൻ പ്രസംഗിക്കുമ്പോൾ, ‘പുവർ ഫെലോ ശുക്ലാജി’ എന്നുപയോഗിച്ചു. ഉടനെ നിർമല സീതാരമൻ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു, ‘പുവർ ഫെലോ’ എന്നത് അൺ പാർലമെന്ററിയാണ്. അപ്പോൾ അത്രത്തോളം അവർക്ക് അസഹിഷ്ണുതയാണ്. ഒരു സർക്കാരിന്റെ പ്രവർത്തനത്തെ അല്ലെങ്കിൽ ഒരു ഭരണകൂടത്തെ വിശേഷിപ്പിക്കാൻ കഴിയുന്ന പദങ്ങളാണ് ഇപ്പോൾ വിലക്കിയിരിക്കുന്നത്. നിരോധിച്ച പദങ്ങൾ മാത്രം ചേർത്തുവച്ചാൽ മോദിക്കെതിരെയുള്ള പ്രതിഷേധമാണ്. നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് ഉപയോഗിക്കേണ്ട പദങ്ങൾ ഏതാണെന്ന് ചോദിച്ചാൽ, ആ ലിസ്റ്റ് എടുത്തുവച്ചാൽ മതി. മോദി സർക്കാരിനെ വിമർശിക്കുന്ന ഒരാളോട് അതിനെക്കുറിച്ച് എഴുതാൻ പറഞ്ഞാൽ എഴുതിവെക്കുന്ന പദങ്ങളാണ് മാറ്റിയിരിക്കുന്നത്.
ബി.ജെ.പി.യുടെ നാഷണൽ എക്സിക്യൂട്ടീവ് ഹൈദരാബാദിൽ കഴിഞ്ഞല്ലോ. അതിൽ അമിത് ഷായുടെ ഒരു വലിയ പ്രഖ്യാപനമുണ്ടായിരുന്നു. അടുത്ത 30-40 വർഷത്തേക്ക് ബി.ജെ.പി. തന്നെയായിരിക്കുമെന്ന ഒരു വലിയ പദ്ധതി. ഇത്തരത്തിൽ 100 വർഷത്തെ പദ്ധതിയൊക്കെ വിഭാവന ചെയ്യുകയും പ്രൊജക്റ്റായി നടപ്പാക്കുകയും ചെയ്യുന്ന രീതിയാണല്ലോ ആർ.എസ്.എസ്- ബി.ജെ.പിയുടേത്. അപ്പോൾ ഈയൊരു പറച്ചിലും ഇപ്പോഴത്തെ സംഭവവികാസങ്ങളുമെല്ലാം കൂടി നോക്കുമ്പോൾ പ്രതിപക്ഷത്തിന്റെ റോൾ ഇനി എന്തായിരിക്കുമെന്നാണ് തോന്നുന്നത്?
ഇവർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ ആയിരം വർഷം "മറ്റുള്ളവർ' ഭരിച്ചു. അതായത് മുസ്ലിമും ഇംഗ്ലീഷുകാരും ഭരിച്ചു. ഇനി "ഞങ്ങളുടെ' ഭരണമാണ്. അരുടെ പ്രീആംബിൾ അതാണ്. അതിന്റെ ബഹിർസ്ഫുരണമാണ് ഇപ്പോൾ 30-40 എന്നു പറയുന്നത്. 700-800 വർഷം മുസ്ലിംകൾ ഇന്ത്യ ഭരിച്ചു, 200 വർഷത്തോളം വിദേശികൾ ഭരിച്ചു, ഇനി സ്വദേശികളുടെ ഭരണമാണ്, എന്നുവച്ചാൽ ഞങ്ങളുടെ ഭരണമാണ് - ഇതാണ് അവരുടെ നരേറ്റീവ്. അവർക്കത് പറയാൻ പറ്റുന്നില്ലെങ്കിൽ പോലും അതാണ് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്. അതിന്റെ ഒരു പ്രതിഫലനമാണ് അമിത് ഷായുടെ വാക്കുകളിലൂടെ മനസിലാക്കാൻ പറ്റുന്നത്. ഇതിന്റെ പര്യായങ്ങൾ വേറെയുമുണ്ട്. ഉദാഹരണത്തിന്, 80:20. യോഗി ആദിത്യനാഥ് പറയഞ്ഞതുപോലെ 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള പോരാട്ടമാണ്. ഇതിന്റെ വ്യത്യസ്തങ്ങളായ പര്യായങ്ങളാണ് ഇവർ പറയുന്നത്. അതായത് നാഷണലിസ്റ്റ് Vs ആന്റി നാഷണലിസ്റ്റ്.
പസ്മാന്ത മുസ്ലിം എന്നൊരു വിഭാഗമുണ്ട്. മുസ്ലിമിലെ ദലിത് വിഭാഗമാണവർ. യു.പി. തെരഞ്ഞെടുപ്പ് വരുമ്പോൾ മോദി അവരെ കൂടെ നിർത്തുകയാണ്. അവരെ മറ്റു മുസ്ലിംകൾക്ക് എതിരാക്കി കൂടെ നിർത്തുകയാണ്.
അതായത് കൃത്യമായി, മുസ്ലിം കമ്യൂണിറ്റിയെ തന്നെയാണ് ടാർഗറ്റ് ചെയ്യുന്നത് എന്ന്എല്ലാ തരത്തിലും പറഞ്ഞുകൊണ്ടേയിരിക്കുകയാണ് അങ്ങനെയും വായിച്ചുകൂടെ ഇതിനെ?
യഥാർഥത്തിൽ നമ്മൾ ചിന്തിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർന്നുപോവുന്നതിനെക്കുറിച്ചാണ്. ഒരു ഉദാഹരണം പറയാം. പട്ടാളഭരണമോ രാജഭരണമോ പോലെയുള്ള സംവിധാനങ്ങളിലല്ലാതെ ലോകത്ത് എവിടെയെങ്കിലും 20 കോടി വരുന്ന ജനങ്ങൾക്ക് ഭരണത്തിലോ നിയമനിർമാണത്തിലോ നീതിന്യായത്തിലോ ഒന്നും പ്രാതിനിധ്യമില്ലാതാകുമോ?. ഇപ്പോൾ ഇന്ത്യയിൽ 20 കോടി വരുന്ന ജനങ്ങളുടെ പൗരാവകാശങ്ങളുടെ മൂല്യം എത്രയാണ്. മൂല്യം പൂജ്യമായിരിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തിൽ ഒരു മുസ്ലിമിന് പ്രാതിനിധ്യമില്ല. ചെറിയ ചെറിയ ഉപജാതികൾക്കുപോലും പ്രാതിനിധ്യം കൊടുക്കണമെന്ന് വാശിപിടിച്ച് മന്ത്രിസഭ വികസിപ്പിക്കുന്ന മോദി, ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ 20 കോടിയുള്ളവർക്ക് പ്രാതിനിധ്യം നൽകുന്നില്ല. അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി, മീഡിയ എന്നീ നാല് പില്ലറുകളിൽ ഈ 20 കോടി ജനങ്ങൾക്ക് എത്ര പ്രാതിനിധ്യമുണ്ടെന്നാണ്. അത് ഭയാനകമാണ്. പ്രാതിനിധ്യ ജനാധിപത്യം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു തത്വം തന്നെ യഥാർഥത്തിൽ നിർവീര്യമായിരിക്കുകയാണ്. ഇത് പറഞ്ഞാൽ ഞാനൊരു ദേശദ്രോഹിയായി മാറും. പക്ഷെ ഇതാണ് യഥാർഥത്തിൽ സംഭവിക്കുന്നത്.
പസ്മാന്ത മുസ്ലിം എന്നൊരു വിഭാഗമുണ്ട്. മുസ്ലിമിലെ ദലിത് വിഭാഗമാണവർ. യു.പി. തെരഞ്ഞെടുപ്പ് വരുമ്പോൾ മോദി അവരെ കൂടെ നിർത്തുകയാണ്. അവരെ മറ്റു മുസ്ലിംകൾക്ക് എതിരാക്കി കൂടെ നിർത്തുകയാണ്. റാംപൂറിലും അസംഗഡിലും നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പസ്മാന്ത മുസ്ലിംകൾ തങ്ങൾക്ക് അനുകൂലമായിരുന്നു എന്നാണ് മോദി കരുതുന്നത്. അവർ മുസ്ലിമായതുകൊണ്ടല്ല, ദലിത് എന്ന നിലയ്ക്കും മറ്റു ഡോമിനൻറ് മുസ്ലിംകൾക്ക് എതിരാണെന്നുമുള്ള ധാരണയുണ്ടാക്കിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. പസ്മാന്ത മുസ്ലിമിന്റെ കാര്യത്തിൽ കാണിക്കുന്ന അതേ ഫോർമുലയാണ് കേരളത്തിൽ ക്രിസ്ത്യാനികളുടെ കാര്യത്തിൽ എടുത്തിരിക്കുന്നത്.
ദലിത് വിഭാഗങ്ങൾക്കിടയിലും ഇതേ ഫോർമുല തന്നെയാണ് പയറ്റുന്നത്.
ന്യൂനപക്ഷത്തിൽ നിന് ക്രിസ്ത്യാനികളെ അടർത്തിമാറ്റി ഇവിടത്തെ മറ്റ് ന്യൂനപക്ഷമായ മുസ്ലിംകൾക്കെതിരെ അവരെ തിരിക്കുക. ഇവിടത്തെ സൈദ്ധാന്തികൾക്ക് അത് പിടികിട്ടാത്തതുകൊണ്ടാണ്.അവരുടെ സൗത്ത് മിഷന്റെ ഏറ്റവും പ്രധാന കേരളത്തിലെ അച്ചുതണ്ട് എന്നുപറയുന്നത് ക്രിസ്ത്യൻ കമ്യൂണിറ്റിയെ മുസ്ലിംകൾക്കെതിരെ തിരിക്കുക എന്നതാണ്.
ക്രിസ്ത്യാനികൾ അതിൽ ചെന്ന് വീണുകൊടുക്കുന്നുമുണ്ട്. ‘സൗത്ത് മിഷൻ’ പറയുന്ന സമയത്തുതന്നെ തമിഴ്നാട് അതിനകത്ത് വേറിട്ടുനിൽക്കുകയാണ്. കൃത്യമായി എതിർത്ത് തന്നെ നിൽക്കുന്ന ഭരണകൂടം എന്ന നിലയിൽ സ്റ്റാലിൻ മാറുന്നുണ്ട്. ആ രീതിയിൽ കേരളത്തിലും കർണാടകയിലുമൊക്കെ ഇന്ത്യയിലെ മറ്റെല്ലാ പ്രാദേശിക പാർട്ടികളുടെയും നേതൃത്വത്തിൽ ഒരു മുന്നണിക്കുള്ള സാധ്യത, സ്റ്റാലിനും പിണറായി വിജയനുമൊക്കെ ഉൾപ്പെടുന്ന ഒരു നേതൃത്വം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട്? അങ്ങനെയുള്ള ചർച്ചകൾ നടക്കുന്നുണ്ടോ?
സ്റ്റാലിനാകുമ്പോൾ കൂടുതൽ പാർട്ടികളിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇടതുപക്ഷമെന്ന് പറയുമ്പോൾ ചിലപ്പോൾ മമതയ്ക്ക് പ്രശ്നമുണ്ടാകും.
സ്റ്റാലിനാകുമ്പോൾ അതുണ്ടാകില്ല.
യഥാർഥത്തിൽ ഇപ്പോൾ സ്റ്റാലിനെ ഫോക്കസ് ചെയ്ത് ഒരു ബദലിനുള്ള സാധ്യതകളുണ്ട്. ബി.ജെ.പി. അത് തിരിച്ചറിയുന്നതുകൊണ്ടാണ്, അവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ കേട്ടിട്ടില്ലാത്ത രീതിയിൽ എല്ലാ മാർഗങ്ങളും അവലംബിക്കുന്നത്. എവിടെയെങ്കിലും ഒരു സോഫ്റ്റ് സ്പോട്ടുണ്ടെങ്കിൽ അതിനെ അവർ ഉപയോഗിക്കുകയാണ്. ഉദാഹരണം പറഞ്ഞാൽ, മഹാരാഷ്ട്രയിൽ ഇപ്പോൾ ശിവസേനയെ പൊളിക്കുന്നതുതന്നെ യഥാർഥത്തിൽ ഇ.ഡി.യെയും സി.ബി.ഐ.യെയും ഇൻകംടാക്സിനെയും ഉപയോഗിച്ചാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സംവിധാനങ്ങൾ ഉപയോഗിച്ച് അടിപ്പിക്കുകയാണ്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും മാവുണ്ടാക്കുന്ന അതേ രീതിയിലാണ് രാഷ്ട്രീയത്തെ കാണുന്നത്. അതായത് ഭയങ്കരമായി ഈ മാവ് അടിച്ചടിച്ച് പതം വരുത്തുന്നതുപോലെ ഓരോ സംസ്ഥാനത്തും ഇവരിങ്ങനെ അടിച്ചടിച്ച് പതം വരുത്തുകയാണ്. രാഷ്ട്രീയം ഉപയോഗിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും പതം വരുത്തുകയാണ്. അങ്ങനെയുള്ള പതം വരുത്തൽ പ്രക്രിയയിൽ പലപ്പോഴും ആൾക്കാർക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല. ഉദാഹരണത്തിന് ഇപ്പോൾ ജാർഖണ്ഡിൽ ജെ.എം.എമ്മിന്റെ മുഖ്യമന്ത്രി സോറനെ ഒരു മൈനിങ് കേസിൽ പെടുത്തിയിരിക്കുകയാണ്. ആ കേസുപയോഗിച്ചാണ് ഇനി അവിടെ വർക്ക് ചെയ്യാൻ പോകുന്നത്. ഇത് ഇവരുടെയൊരു തന്ത്രമാണ്. ഇപ്പോൾ തന്നെ അതിന്റെ ലാഞ്ചന കണ്ടുതുടങ്ങി. ഒരു ആദിവാസി, അല്ലെങ്കിൽ ഗോത്രവർഗം എന്ന പോയിന്റിലാണെങ്കിൽ പോലും ജെ.എം.എം. ഇപ്പോൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി. പക്ഷത്തേക്ക് മാറി. കോൺഗ്രസിന്റെ സഖ്യകക്ഷിയായി അവിടെ ഭരണം നടത്തുന്ന പാർട്ടിയാണ് ജെ.എം.എം. അവരെ അടിച്ച് പതം വരുത്തുകയാണ്. ഈ പതം വരുത്തലാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരു മീഡിയ ഇന്ററാക്ഷനിൽ അമിത് ഷാ പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങൾ പീക്കിലെത്തിയല്ലോ എന്നുചോദിച്ചപ്പോൾ, ഇല്ല കേരളം കിട്ടിയാലേ പീക്കാവൂ എന്നാണ് അമിത് ഷാ പറഞ്ഞത്. ഒരുപക്ഷെ യു.പി.യെക്കാൾ കൂടുതൽ ഞാൻ സന്തോഷിക്കുക കേരളം ഞങ്ങളിലേക്ക് വരുമ്പോഴാണ്.
സ്വച്ഛന്ദമായി രാഷ്ട്രീയത്തെ ഒഴുകാൻ മോദി സമ്മതിക്കില്ല. ഒഴുകാൻ സമ്മതിക്കുന്ന ഒരു പ്രക്രിയയിലാണ് സ്വാഭാവികമായും ഇങ്ങനെയുള്ള ഐക്യങ്ങളൊക്കെ രൂപപ്പെടുന്നത്. ബി.ജെ.പി.യോട് ഉള്ളിൽ ഇഷ്ടമല്ലെങ്കിലും ബി.ജെ.പി.യെ പിന്തുണയ്ക്കാൻ നിർബന്ധിതരായ രണ്ട് രാഷ്ട്രീയപാർട്ടികളാണ് ബി.ജെ.ഡി.യും വൈ.എസ്.ആർ. പാർട്ടിയും. അവർക്ക്, ഉള്ളിൽ ബി.ജെ.പി.യെ ഇഷ്ടമല്ല. അവർ സംസ്ഥാനത്ത് ബി.ജെ.പി.യെ നേരിടുന്നുണ്ട്. ജഗന്റെ കാര്യത്തിലാണെങ്കിൽ നൂറുകണക്കിന് കേസുകളുണ്ട്. ബി.ജെ.ഡി.യ്ക്കും പ്രശ്നങ്ങളുണ്ട്. ബി.ജെ.ഡി.യെ ഏത് നിമിഷവും ഇവർക്ക് തകർക്കാമെന്നുള്ളതാണ്. ഭീമമായ സംഖ്യകളൊക്കെ കൊടുത്ത് അവരുടെ എം.പി.മാരെയും എം.എൽ.എ.മാരെയുമൊക്കെ വിലയ്ക്കെടുക്കാം.
18 വർഷത്തിനുശേഷം ആദ്യമായിട്ടാണ് അവരുടെ നാഷണൽ എക്സിക്യൂട്ടീവ് തെലങ്കാനയിൽ ചേർന്നത്. എളുപ്പം അവർക്ക് അടിക്കാൻ പറ്റുന്ന ഇടമായി തെലങ്കാനയെ അവർ കാണുകയാണ്. ദക്ഷിണേന്ത്യയിലുള്ള 130 എം.പി.മാരിൽ കർണാടകയിൽ 25 എം.പി.മാർ കഴിഞ്ഞാൽ പിന്നെ നാല് എം.പി.മാരുള്ളത് തെലങ്കാനയിലാണ്. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ വലംകൈയായിരുന്ന എട്ടേല രാജേന്ദ്രൻ എന്നൊരാളുണ്ട്. അയാൾ വളരെ ശക്തനാണ്. തെലങ്കാനയുടെ ആദ്യ ധനമന്ത്രിയായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി. പിടിച്ചെടുത്തു. അങ്ങനെയാണ് ഇവർ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ വലിയ കോർപറേറ്റ് കമ്പനികൾ ചെയ്യുന്നതുപോലെ അക്വിസിഷൻ, മെർജർ, ടേക്ക് ഓവർ ഒക്കെയാണ് ഇവർ ഉപയോഗിക്കുന്നത്. ബ്ലാക്ക് മെയിലിങ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ഉപയോഗിക്കുകയാണ്.
അത് രാഷ്ട്രീയ നേതൃത്വത്തിനെതിരെ മാത്രമല്ല. വിസിൽ ബ്ലോവേഴ്സായ, അല്ലെങ്കിൽ പബ്ലിക് ഇന്റലക്ച്വൽസായ ടീസ്ത തൊട്ട് സുബൈർ തൊട്ട് മേധ വരെ, ഇതുതന്നെയാണ് സംഭവിച്ചത്. എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക?
യഥാർഥത്തിൽ അത് വലിയൊരു സമസ്യയാണ്. ഉദാഹരണം പറഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. ആ മഹാരാഷ്ട്രയിൽ ഇപ്പോൾ ആശയപരമായി ഭിന്നനിലയിൽ നിൽക്കുന്ന ശിവസേനയും കോൺഗ്രസും എൻ.സി.പി.യുമൊക്കെ ഒരുമിച്ചുവന്നപ്പോൾ പോലും നമുക്കൊരു സന്തോഷം വന്നു. അങ്ങനെയെങ്കിലും ഒരു പ്രതിരോധമുണ്ടാകട്ടെ. ആ ഒരു പ്രതിരോധത്തെപ്പോലും അവർ തകർത്തു. തമിഴ്നാട്ടിൽ രജനീകാന്ത് ചെറിയൊരു സെക്കൻറ് ഒന്ന് വഴുതിപ്പോയിരുന്നെങ്കിൽ എന്താകുമായിരുന്നു. നമുക്ക് ചിന്തിക്കാൻ പറ്റുമോ അത്. തെലങ്കാനയിൽ കോൺഗ്രസിനെ അവർ ഇല്ലാതാക്കി. അവിടെയുള്ള കോൺഗ്രസുകാരിൽ കെ.സി.ആറിനോട് വിരോധമുള്ളവരെല്ലാം ഇപ്പോൾ ബി.ജെ.പി.യിലേക്ക് പോവുകയാണ്.
സൗത്തിലും കൂടി വ്യാപിച്ചാൽ മാത്രമെ അവരുടെ അജണ്ട നടക്കുകയുള്ളൂ. വിക്റ്ററി ഉണ്ടെങ്കിലും മോറൽ വിക്റ്ററി ഇല്ല എന്നൊരു പ്രശ്നമുണ്ട് ഇപ്പോൾ. അവർക്ക് ടെക്നിക്കൽ വിക്റ്ററിയേയുള്ളൂ. മോറൽ വിക്റ്ററിയുണ്ടാകണമെങ്കിൽ ഇന്ത്യ എന്ന ഭൂമികയെ മൊത്തം പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയപാർട്ടിയായി അവർ ഉരുത്തിരിയണം. അവർ റപ്രസെന്റേഷൻ മാത്രല്ല, ഐഡിയോളജിയും ശ്രദ്ധിക്കുന്നുണ്ട്. ഒരു മീഡിയ ഇന്ററാക്ഷനിൽ അമിത് ഷാ പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങൾ പീക്കിലെത്തിയല്ലോ എന്നുചോദിച്ചപ്പോൾ, ഇല്ല കേരളം കിട്ടിയാലേ പീക്കാവൂ എന്നാണ് അമിത് ഷാ പറഞ്ഞത്. ഒരുപക്ഷെ യു.പി.യെക്കാൾ കൂടുതൽ ഞാൻ സന്തോഷിക്കുക കേരളം ഞങ്ങളിലേക്ക് വരുമ്പോഴാണ്. ഐഡിയോളജിക്കലി കേരളം മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രധാനമാണെന്നാണ് അമിത് ഷാ പറയുന്നത്. പ്രാതിനിധ്യത്തെ പോലെ തന്നെ തങ്ങൾക്കെതിരെയുള്ള ആശയങ്ങളെ തകർക്കുക എന്ന സംഭവവുമുണ്ട്. കേരളത്തിന്റെ 20 എം.പി.മാരൊന്നുമല്ല അവരെ ആകർഷിക്കുന്നത്. ഇന്ത്യയിൽ ബി.ജെ.പി.യ്‌ക്കെതിരെയുള്ള അക്കാദമിക്സ് ഉൾപ്പെടെ ഉത്പതിഷ്ണുക്കളായ ആൾക്കാരെ കോർത്തിണക്കുന്നതിൽ ഇടതുപക്ഷ ആശയങ്ങൾക്ക് വലിയൊരു പങ്കുണ്ട്. നമ്മുടെ കാമ്പസുകളിൽ ഇപ്പോൾ ഒരു പ്രൊഫസർ സംസാരിക്കുന്നു, ഒരു വിദ്യാർഥി സംസാരിക്കുന്നു. അപ്പോൾ അവിടെയൊക്കെ ചെറിയ ചെറിയ തുരുത്തുകൾ നിലനിൽക്കുന്നതിനുള്ള കാരണം ഇടതുപക്ഷ ആശയങ്ങളാണ്. അവർ സി.പി.എമ്മോ സി.പി.ഐ.യോ ഒന്നും ആകണമെന്നില്ല.
നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങൾക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാർഥ്യം നമ്മൾ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.
പക്ഷെ ഇടതുപക്ഷമാണ്.
അതെ. ചില കമ്പനികളിൽ പോലും ലെഫ്റ്റുകളെ കാണാം. കുറേക്കൂടി മാനവികമായ, ഇഗാലിറ്റേറിയനായ, ജാതിക്കും മതത്തിനുമൊക്കെ അതീതമായ കാഴ്ചപ്പാടുകൾ അവർക്കുണ്ടാകാറുണ്ട്. അടിസ്ഥാനപരമായി അവരുടെ ഏറ്റവും പ്രധാന പ്രചോദനം എന്നത് കേരളമാണ്. അതുകൊണ്ടാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഏറ്റവും സങ്കീർണമായ ഇന്റർനാഷണൽ പൊളിറ്റിക്സിന്റെ കാലഘട്ടത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി തിരുവനന്തപുരത്ത് ഫ്ലൈഓവർ കാണാൻ വന്നുവെന്ന് പറയുമ്പോൾ ആലോചിക്കൂ, എത്രത്തോളം അവർ കേരളത്തെ ഫോക്കസ് ചെയ്യുന്നുണ്ട്.
അതിന്റെ ഭാഗമായിത്തന്നെയാണോ മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു എന്നുള്ള ഒരു സംഗതി വരുന്നത്? കേരളത്തിൽ അങ്ങനെ പൂർണമായി വിലയ്ക്കെടുക്കാൻ പറ്റുന്ന ഒരു സ്ഥിതി നിലനിൽക്കുന്നുണ്ടോ?
മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നതിനേക്കാൾ ഭയപ്പെടുത്തുകയാണ്. ഭയപ്പെടുത്തിക്കഴിഞ്ഞു അവർ നേരത്തെ തന്നെ. നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് അങ്ങനെയൊരു അമിതപ്രതീക്ഷയൊന്നും എനിക്കില്ല. കാരണം, ഇന്ന് നരേന്ദ്ര മോദിക്കെതിരെയും കേന്ദ്രത്തിനെതിരെയോ ഒരു വിമർശനവും കേരളത്തിൽ മാധ്യമങ്ങൾ നടത്തുന്നില്ല. നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ രാജീവ് ഗാന്ധി ഭരിച്ചപ്പോഴും അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും കേരളത്തിലെ മാധ്യമങ്ങൾക്കുണ്ടായിരുന്ന തന്റേടത്തിന്റെ നൂറിലൊന്ന് ഇന്നില്ല. ആ യാഥാർഥ്യം നമ്മൾ അംഗീകരിക്കാതിരുന്നിട്ട് കാര്യമില്ല.
അത് നിസ്സഹായതയാണോ അതോ ഹിന്ദുത്വയിലേക്ക് മെന്റലി പ്രിപ്പയേഡാകുന്നതാണോ?
അത് നിസ്സഹായതയായിരിക്കാം, ഭയപ്പെടുത്തലായിരിക്കാം. എന്തുമാകാം. ബി.ജെ.പി. നൽകുന്ന ഒരു മിശ്രിതമാണിത്. ഏറെക്കുറെ മോദിയുടെ നയങ്ങളെയെല്ലാം പിന്തുണയ്ക്കുന്ന ടൈംസ് ഓഫ് ഇന്ത്യയെ പോലും പേടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവിടെ റെയ്ഡ് നടന്നു. ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകുന്ന ഒരു ദൃശ്യം കൊടുത്തു എന്നതിന്റെ പേരിലാണ് ദൈനിക് ഭാസ്‌കറിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയത്. ഏതെങ്കിലും മെയിൻസ്ട്രീം മാധ്യമം എന്തെങ്കിലും ചെയ്തോ. പുണ്യനദിയിൽ ആയിരക്കണക്കിന് മൃതദേഹങ്ങളിങ്ങനെ ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഒരു ദൃശ്യം പോലും കൊടുക്കാൻ ഇന്ത്യയിലെ ടെലിവിഷൻ ചാനലുകൾക്കോ പത്രങ്ങൾക്കോ പറ്റിയില്ല. ഒരു ദിവസം ഒരു ഫോട്ടോ കൊടുത്തതിനാണ് ദൈനിക് ഭാസ്‌കറിന് വലിയ വില കൊടുക്കേണ്ടിവന്നത്. പിന്നീട് ദൈനിക് ഭാസ്‌കർ ആ പരിപാടി നിർത്തുകയും ചെയ്തു. ഇതൊക്കെ എന്താണ് കാണിക്കുന്നത്.
കേരളത്തിലെ പത്രങ്ങളും ചാനലുകളുമെടുക്കുക. കേരളത്തിൽ നിന്നുള്ള എം.പിയല്ല വി. മുരളീധരൻ. അദ്ദേഹം ക്യാബിനറ്റ് മന്ത്രിയല്ല. അദ്ദേഹം കേരളത്തിന്റെ സാമൂഹ്യമോ സാമ്പത്തികമോ ആയി ബന്ധപ്പെട്ട നിർണായകമായ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന വ്യക്തിയേയല്ല. കേന്ദ്രത്തിൽ വലിയ വകുപ്പുകൾ കൈകാര്യം ചെയ്ത എ.കെ. ആന്റണിക്കും വയലാർ രവിക്കും നൽകിയതിനേക്കാൾ പതിൻമടങ്ങ് പ്രാധാന്യമാണ് കേരളത്തിലെ ചാനലുകളും പത്രങ്ങളും വി. മുരളീധരന് നൽകുന്നത്. പക്ഷേ കേരളത്തിലെ ഒരാളും ഇത് പറയില്ല. അല്ലെങ്കിൽ അവർക്കത് മനസിലായിട്ടില്ല.
കേരളത്തിന്റെ ഇക്കോണമിയുമായി ബന്ധപ്പെട്ട വലിയൊരു പ്രൊജക്റ്റ് പ്രഖ്യാപിക്കാൻ ആന്റണി സമയം ചെലവഴിച്ചാൽ അതിനുപോലും കൊടുക്കാത്ത പ്രാധാന്യമാണ് ഇന്ന് കേരളത്തിന്റെ വികസനത്തിനെതിരെ പറയുന്ന മുരളീധരന് കൊടുക്കുന്നത്. അതുകൊണ്ട് കേരള മീഡിയ പിടിച്ചുനിൽക്കുന്നുണ്ട്, പിടിച്ചുനിൽക്കും എന്നൊക്കെയുള്ള പ്രതീക്ഷയില്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.