ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂർണമായി മാറുകയായിരുന്നു.
ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ
അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൽഹിയിൽ നിന്ന് തീവണ്ടിയുടെ ജനറൽ കമ്പാർട്ട്‌മെന്റിൽ ലക്‌നൗ വരെ. അവിടെ നിന്ന് യു.പി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തുരുമ്പിച്ച ബസ്സിൽ ഫൈസാബാദിലേക്ക്. പിന്നീട് നടന്നും കുതിരവണ്ടി കയറിയുമൊക്കെയാണ് അയോധ്യയിലെത്തിയത്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യ ആയിരുന്നില്ല മുമ്പിൽ. ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിക്കാൻ പോകുന്ന വൻ വിപത്തിന്റെ വാതായനമായിട്ടാണ് അന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ നാവിൽ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസിൽ തുടങ്ങി മൂന്നുവർഷത്തിനുള്ളിൽ മസ്ജിദിനെ കീഴ്‌പ്പെടുത്തി അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയം പതുക്കെ തമോഗർത്തത്തിലേയ്ക്ക് പതിക്കുകയായിരുന്നു. ബാബറി മസ്ജിദ് പൊളിച്ചതിനുശേഷം മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പത്തുപന്ത്രണ്ട് തവണയെങ്കിലും അയോദ്ധ്യയിലേക്ക് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായും- യു.പിയിലെയായാലും പൊതുതെരഞ്ഞെടുപ്പായാലും- മറ്റും. 80കൾക്കുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളേയും സ്വാധീനിച്ച പ്രധാന ഘടകമാണ് ബാബറി മസ്ജിദ് എന്നതുകൊണ്ടുതന്നെ സ്വാഭാവികമായിട്ടും തെരഞ്ഞെടുപ്പുവേളകളിൽ അവിടെ പോകാറുണ്ട്. അതിന് അതിന്റേതായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നെ സംബന്ധിച്ച് അതിലൊരു നൊസ്റ്റാൾജിയയുടെ അംശവും.
28 വർഷം മുമ്പ് ഞങ്ങളെല്ലാം നോക്കി നിൽക്കെ കർസേവകർ ബാബറി മസ്ജിദ് തകർത്ത സംഭവം അത്രത്തോളം മനസിൽ കിടക്കുന്നുണ്ട്. ആ പ്രദേശം കാണാനും അവിടുത്തെ ജനങ്ങളോട് സംവദിക്കാനുമുള്ള ക്യൂരിയോസിറ്റി കൂടി അവിടെ പോകാനുള്ള ഒരു കാരണമാണ്. ബാബറി മസ്ജിദ് തകർത്ത സംഭവം ആ പ്രദേശത്തുണ്ടാക്കിയ മാറ്റം, ആ ഭൂമികയിലുണ്ടാക്കിയ വലിയ മാറ്റം പ്രകടമായിരുന്നു. ഒരു സാമൂഹ്യവിഭജനം അവിടെ കാണാം. മുസ്ലിംകൾ അങ്ങേയറ്റം അരികുവത്കരിക്കപ്പെട്ടിട്ടുണ്ട്. അവർ അവിടെ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവുന്നു, ഛിന്നിച്ചിതറപ്പെടുന്നു, മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. സാമ്പത്തികമായി അവർ വലിയ തോതിൽ തകർന്നിട്ടുണ്ട്.
ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയിൽ നിന്ന് ആഗ്രയിലെ താജ്മഹലിലേയ്ക്കുള്ള ദൂരം എത്രയാണ് എന്ന് ചോദിക്കുമ്പോൾ ആഗ്ര-ലക്‌നൗ എക്സ്പ്രസ് വേ യും തുടർന്ന് ദേശീയപാത 27ഉം എടുത്താൽ 475 കിലോമീറ്റർ എന്ന് ഉത്തരം പറഞ്ഞിരുന്നവരുടെ എണ്ണം ഇന്ന് അനുദിനം കുറഞ്ഞുവരുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും സൃഷ്ടിക്കപ്പെട്ട വിദ്വേഷത്തിന്റെ ശൃംഖല താണ്ടിവേണം ആഗ്രയിലെത്താൻ. ബാബറി മസ്ജിദിന്റെ പതനം കഴിഞ്ഞ്, അവിടെ അമ്പലം പണിയണമെന്ന പരമോന്നത കോടതി വിധി വന്ന്, അത് നടപ്പാക്കാൻ സെക്യുലർ ഇന്ത്യയിലെ ഭരണകൂടം തന്നെ മുന്നോട്ടുവരുമ്പോൾ, ഇന്ത്യ എത്തപ്പെട്ട വഴിത്താരയുടെ നഖചിത്രം ഇതാണ്.
തണുത്തുറഞ്ഞ ആ പ്രഭാതത്തിൽ
ബാബറി മസ്ജിദ് അവസാനം കാണാൻ ഭാഗ്യം സിദ്ധിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഞാൻ. ഡിസംബറിന്റെ കൊടുംതണുപ്പിൽ മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങളുടെ വെളുത്ത അംബാസിഡർ ഫൈസാബാദിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് തിരിച്ചപ്പോൾ അത് മതനിരപേക്ഷ ഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു എന്ന് നിനച്ചിരുന്നില്ല. ഇന്നത്തെ ഗതിവിഗതികൾ നിരീക്ഷിക്കുമ്പോൾ അന്ന് കോറിയ വരികൾ അക്ഷരം പ്രതി ശരിയായി എന്ന് ആർക്കും ബോധ്യപ്പെടും. മസ്ജിദിന്റെ ധൂളികൾ കോറിയിട്ട വരികളിലൂടെയാണ് പിൽക്കാല ഇന്ത്യൻ രാഷ്ട്രീയം ചലിച്ചത്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ചില വാർത്തവിസ്‌ഫോടനങ്ങളുടെ ബാക്കിപത്രം എന്റെ മനസ്സിൽ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബർ ആറിലെ ദൗർഭാഗ്യകരമായ ദിനമാണ്. 500 വർഷം പഴക്കമുള്ള പുരാതനമായ ബാബറി മസ്ജിദിന്റെ തകർച്ച റിപ്പോർട്ട് ചെയ്യാൻ ദൽഹിയിൽ നിന്ന് വണ്ടികയറിയത് മുതലുള്ള ഓരോ രംഗവും ഒരുനിമിഷം കൊണ്ട് എനിക്ക് ഓർത്തെടുക്കാനാകും. ഡിസംബർ ആറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തിൽ വെള്ളകീറുന്നതിന് മുമ്പ് ഫൈസബാദിലെ ഹോട്ടലിൽ നിന്ന് ഞങ്ങൾ ഒരുകൂട്ടം മാധ്യമപ്രവർത്തകർ അയോദ്ധ്യയിലേക്ക് യാത്ര ആരംഭിച്ചു. അഞ്ച് കിലോമീറ്റർ മാത്രമേ ദൂരമുള്ളുവെങ്കിലും കാറിൽ ഞെരുങ്ങിയിരുന്നു നിശബ്ദതയുടെ ആഴങ്ങളിൽ ഓരോരുത്തരും ഒട്ടേറെ അനുമാനങ്ങൾ നടത്തി. വെങ്കിടേഷ് രാമകൃഷ്ണൻ, എം.കെ. അജിത് കുമാർ, ഇ.എസ്. സുഭാഷ്, പി.ആർ. രമേഷ്, മുരളീധരൻ റെഡ്ഡി എന്നിങ്ങനെ ഒരുപിടി പേരുകൾ മനസ്സിലേയ്ക്ക് വരുന്നു. ബാബറി മസ്ജിദിന് തൊട്ടുമുമ്പിലുള്ള മാനസ്സ് ഭവന്റെ പടവുകൾ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോൾ അന്തരീക്ഷം ‘ജയ് ശ്രീറാം' വിളികളാൽ മുഖരിതമാക്കിയിരുന്നു. കാവിതുണികളും തലക്കെട്ടുകളും തൃശൂലങ്ങളും വിറ്റുകൊണ്ടിരുന്ന ഒരുകൂട്ടം പേരെ വകഞ്ഞ് മാറ്റിയാണ് ഞങ്ങൾ ടെറസ്സിലെത്തിയത്. മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സിൽ പുറത്ത് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മുതിർന്ന നേതാക്കൾ തങ്ങിയിരുന്നു. എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി, അശോക് സിംഗാൾ, ഇപ്പോഴത്തെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥ് ഇവരൊക്കെ പ്രസരിപ്പോടെ കർസേവകർക്കിടയിൽ തലയുയർത്തി നിലകൊണ്ടു. ഇടയ്ക്കിടയ്ക്ക് ഇവർ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചു കൂടിയിരുന്ന കർസേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോർത്ത് നിന്ന അന്നത്തെ അന്തരീക്ഷം മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.
‘ഒരു തട്ടുകൂടി കൊടുക്കൂ'
പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിലുള്ള വെല്ലുവിളികളും ഉയർന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യയ്ക്ക് ഇതൊക്കെ പ്രതിരോധിക്കാൻ കരുത്തുണ്ടാകുമെന്നാണ് ഞാനും സുഹൃത്തുക്കളും വിചാരിച്ചിരുന്നത്. എന്നാൽ സൂര്യൻ ഞങ്ങളുടെ ഉച്ചിക്ക് മുകളിൽ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഞങ്ങളെയാകെ സ്തംബ്ധരാക്കി എവിടെ നിന്നോ നൂറുകണക്കിന് കർസേവകർ കപ്പിയും കയറും ഉപയോഗിച്ച്
മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. ആയുധങ്ങൾ കൊണ്ട് അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയർന്നു. ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. വിശ്വസിക്കാനാകാതെ കണ്ണ് തിരുമ്മി തുറന്ന ഞങ്ങൾ മറ്റൊരു അപകടം കൂടി അഭിമുഖീകരിക്കാൻ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥ എന്നപോലെ പത്രക്കാർക്കെതിരെ വേട്ട ആരംഭിച്ചു. കുറുവടി എന്തിവന്ന ഒരുപറ്റം കർസേവകർ മാധ്യമപ്രവർത്തകരെ തലങ്ങും വിലങ്ങും മർദ്ദിച്ചു. ജോൺ ബ്രിട്ടാസ്, ബാലൻ എന്ന പേര് സ്വീകരിക്കാൻ നിമിഷങ്ങളേ വേണ്ടിയിരുന്നുളളൂ. മാനസ് ഭവന്റെ ടെറസിൽ കുടുങ്ങിയ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും? എന്റെ ചെറിയ ബുദ്ധിയിൽ വിരിഞ്ഞ ഒരാശയമാണ് ഞങ്ങൾക്ക് സുരക്ഷാ ഇടനാഴി തീർത്തത്. വിൽപ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി പലകഷണങ്ങളാക്കി ഞങ്ങൾ ഓരോരുത്തരും തലയിൽ കെട്ടി. അപ്പോഴേക്കും വിൽപ്പനക്കാർ തുണിവില പതിന്മടങ്ങായി ഉയർത്തിയിരുന്നു. ജീവന്റെ മുമ്പിൽ ഇതൊക്കെ നിസ്സാരമായിരുന്നത് കൊണ്ട് ചോദിച്ച പണം കൊടുത്ത് തുണിവാങ്ങികെട്ടി. കാവിയുടെ ആവരണത്തിന് കർസേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങൾ ‘ജയ് ശ്രീറാം' എന്ന് വിളിച്ച് സുരക്ഷിതമായി പടി ഇറങ്ങി. ഒരുവിധത്തിൽ കാറ് കണ്ടെത്തി. സുരക്ഷിതമായ ഭൂമിയിലേക്കു പലായനം ചെയ്തു. കാൽനൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോദ്ധ്യയിൽ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിനെ ഇന്നും കൊളുത്തി വലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കം മറച്ചിലുകകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.
റാവു അപ്പോൾ പൂജാമുറിയിലായിരുന്നു
മസ്ജിദ് തകർക്കപ്പെട്ടതിന്റെ പിറ്റേന്ന് ഞങ്ങൾ അയോദ്ധ്യ സന്ദർശിച്ചു. അപ്പോഴേയ്ക്കും കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി ഗവൺമെന്റിനെ പിരിച്ചുവിട്ടതുകൊണ്ട് കേന്ദ്രഭരണത്തിന്റെ തണലിലായി ഈ ഭൂമികയും. കൊടുംചതിയുടെ കഥകൾ വിളിച്ച് പറഞ്ഞുകൊണ്ട് സരയു നദി ഒഴുകിക്കൊണ്ടേ ഇരുന്നു. ബാബറി പള്ളി നിലനിന്നിരുന്ന സ്ഥാനത്ത് ടാർപോളിൻ കെട്ടിയ ടെന്റിൽ അമ്പലം തീർക്കപ്പെട്ടുകഴിഞ്ഞിരുന്നു. തലേന്ന് ചരിത്ര മന്ദിരം പൊളിക്കുമ്പോൾ പോലും നിഷ്‌ക്രിയമായി കടലകൊറിച്ച് സരയു നദിക്കരയിൽ കഴിഞ്ഞിരുന്ന കേന്ദ്ര സേനാംഗങ്ങൾ താൽക്കാലിക ക്ഷേത്രത്തിന് കാവൽ നിൽക്കുന്നതിലെ വിരോധാഭാസം തിരിച്ചറിയാതിരുന്നില്ല. ബാബറി പള്ളി തകർക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു ഗവൺമെന്റ് നിശബ്ദത പാലിച്ചത്? നിർണ്ണായക ഘട്ടത്തിൽ അദ്ദേഹം പൂജാമുറിയിലായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കപ്പെടുകയുണ്ടായി. അയോദ്ധ്യയിലുയർന്ന ഭ്രാന്തൻ മന്ത്രോച്ചാരണങ്ങൾക്ക് ശക്തിപകരാൻ റാവു ധ്യാനമഗ്നനായിട്ടാണോ പൂജാമുറിയിൽ നിമിഷങ്ങൾ തള്ളിനീക്കിയത്?
പ്രസിദ്ധീകരിക്കാൻ കഴിയാത്ത ചിത്രങ്ങൾ
യഥാർത്ഥത്തിൽ കേരളത്തിൽ ജീവിക്കുന്നു എന്നതുകൊണ്ടും ഇടതുപക്ഷ ധാരയുമായി ബന്ധപ്പെട്ടുവെന്നുള്ളതുകൊണ്ടും മാത്രമായിരിക്കും എനിക്ക്ഇതിനെക്കുറിച്ച് എഴുതാൻ കഴിയുന്നത്. ഉത്തരേന്ത്യയിൽ ജീവിക്കുന്ന, സഹകരണ മാധ്യമപ്രവർത്തനായിരുന്നു ഞാനെങ്കിൽ എന്റെ മനസിലുള്ള വികാരങ്ങൾ മുഴുവൻ അടിയറവെക്കണം. അതല്ലെങ്കിൽ സന്ധിചെയ്യണം. ഈ വിഷയങ്ങൾ പൊതുമധ്യത്തിൽ ചർച്ചയ്ക്കുവെക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ മാധ്യമങ്ങളും മാറിയിരിക്കുന്നു. ഇപ്പോൾ തന്നെ ബാബറി മസ്ജിദ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഷ്വലോ ഇന്ന് കേരളത്തിലെ മാധ്യമങ്ങൾക്ക് പോലും കൊടുക്കാൻ പറ്റുന്നില്ല. ഹിറ്റ്ലർ നടത്തിയിട്ടുള്ള നരനായാട്ടിന്റെ ചിത്രങ്ങളൊക്കെ ഇപ്പോഴും നമ്മൾ കൊടുക്കാറുണ്ട്. പക്ഷേ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കൊടുക്കാൻ പറ്റില്ല. കൊടുത്തുകഴിഞ്ഞാൽ എന്തോ പ്രശ്നമാണെന്ന്, കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അത് ഇഷ്ടപ്പെടില്ലയെന്ന് അവർ ധരിച്ചുവെച്ചിരിക്കുന്നു. കേന്ദ്രം പ്രതികാരനടപടികൾ എടുക്കുമെന്ന് ഭയക്കുന്നു, അതല്ലെങ്കിൽ കേന്ദ്രം ഓരോ ഘട്ടത്തിൽ കൊണ്ടുവന്ന പെരുമാറ്റച്ചട്ടങ്ങളുടെ പരിധിയിൽ ഇതും ഉൾപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഏതെങ്കിലും ഒരു കാരണംകൊണ്ട് കൊടുക്കാൻ പറ്റുന്നില്ലയെന്നതൊരു യാഥാർത്ഥ്യമാണ്.
ഹിന്ദു രാഷ്ട്രത്തിന് അടിത്തറയിടലോ?
ഇപ്പോൾ ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിടലാണോ അവിടെ നടക്കുന്നത് എന്നാണ് എന്നെപ്പോലുള്ളവർ ചിന്തിക്കുന്നത്. അതിന്റെയൊരു പൊലിപ്പാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഒരു അമ്പലത്തിന് അല്ലെങ്കിൽ പള്ളിക്ക് തറക്കല്ലിടുന്നത് ആ ഒരു വികാരരീതിയുള്ള ധർമിഷ്ടന്മാരാണ്. എന്നാൽ ഈ അമ്പലത്തിന് തറക്കല്ലിടുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ്. അതാണതിന്റെ പ്രത്യേകത. അമ്പലങ്ങളിൽ സന്ദർശനം പോലും പാടില്ലയെന്നു പറഞ്ഞ, ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ള ഭരണകർത്താക്കളുള്ള രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്ത് ഒരു അമ്പലത്തിന് തറക്കല്ലിടാൻ പ്രധാനമന്ത്രി പോകുമ്പോൾ, അത് മതരാഷ്ട്രത്തിന്റെ പൊളിറ്റിക്കൽ ഡെമോൺസ്ട്രേഷനല്ലാതെ മറ്റെന്താണ്. വ്യവസായ ശാലകളും അണക്കെട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് പറഞ്ഞ നെഹ്റുവിന്റെ ശിഷ്യന്മാർ ഇന്ന് എന്ത് നിലപാട് സ്വീകരിച്ചിരിക്കുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് എന്നെ നടുക്കിയ മറ്റൊരു കാര്യം. പള്ളി പൊളിച്ചത് ക്രിമിനൽ ആക്ടാണെന്നും ബാബറി മസ്ജിദിനുള്ളിൽ കെ.കെ. നായരുടെ നേതൃത്വത്തിൽ രാംലല്ല പ്രതിഷ്ഠകൊണ്ടുവെച്ചത് നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ച സുപ്രീംകോടതി, ഈ നിയമവിരുദ്ധ പ്രവർത്തനം, ക്രിമിനൽ ആക്ട് നടന്നയിടത്ത് ഒരു അമ്പലം പണിയണമെന്ന് ഉത്തരവിടുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്.
അതിഹീനമായ ആ പ്രവൃത്തിയുടെ കുറ്റവാളികൾ ഇന്നും ശിക്ഷിക്കപ്പെടാതെ നിൽക്കുമ്പോഴാണ് ആ ക്രിമിനൽ കുറ്റം നടന്ന സ്ഥലം അത് ചെയ്തയാൾക്കാരുടെ കയ്യിലേക്ക് കൈമാറപ്പെടുന്നത്. ഇന്ത്യയെന്ന സെക്യുലർ രാഷ്ട്രത്തിലെ പരമോന്നത നീതിപീഠത്തിന്റെ വിധി എന്നെ തുറിച്ചുനോക്കുകയാണ്. അവിടെ മതമാണ് ഏറ്റവും പ്രധാനപ്പെട്ടത്, ബാക്കിയെല്ലാം അപ്രസക്തമാകുകയാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് നിർമ്മിക്കുന്ന അമ്പലത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആണ്. കുറ്റവാളികളുടെ നേർപ്രതീകങ്ങളല്ലേ അവിടെ ആദരിക്കപ്പെടുന്നത്.
ആ സ്ഥലം രണ്ടുകൂട്ടർക്കൂടി വീതിച്ചുകൊടുത്ത്, സർക്കാർ മേൽനോട്ടത്തിൽ ഒരു ട്രസ്റ്റുണ്ടാക്കി ഒരു അമ്പലവും പള്ളിയും പണിത് മതസൗഹാർദ്ദത്തിന്റെ ചിഹ്നമാക്കിമാറ്റിയിരുന്നെങ്കിൽ എന്നെപ്പോലുള്ള ആൾക്കാർക്ക് ഒന്നുകൂടി അവിടെ പോകാൻ തോന്നുമായിരുന്നു. ശബരിമല പോലെ വാവർപള്ളിയിൽ കയറി അമ്പലത്തിലേക്ക് പോകുന്നതുപോലത്തെ പ്രതീകമായി അത് മാറിയിരുന്നെങ്കിൽ ഒരുപക്ഷെ അത് കുറച്ചുകൂടി ഹീൽ ചെയ്യപ്പെടുമായിരുന്നു.
അതിനൊന്നും ഇടനൽകാതെ വേറൊരു രീതിയിലേക്ക് അതിനെ ഡെമോൺസ്ട്രേറ്റ് ചെയ്യുമ്പോഴാണ് നമ്മളെ ഭയപ്പെടുത്തുന്നത്. ഇനി അത് വലിയ തീർത്ഥാടന കേന്ദ്രമായി വികസിച്ച്, ഇക്കോണമി ഡെവലപ്പ് ചെയ്ത് പല പല മാറ്റങ്ങൾ വന്നേക്കാം. ഇപ്പോൾ മുകേഷ് അംബാനി അവിടെ പോകുമെന്ന് പറയുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണതിന്റെ ഇക്കണോമിക് വശം. അപ്പോൾ, അതിന്റെ ചിഹ്നങ്ങളൊക്കെ മാറുകയാണ്.
(2020 ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)