യാത്രക്കാരെ പിഴിയുന്ന റെയിൽവേ അവരുടെ ജീവനുവേണ്ടി എന്തു ചെയ്യുന്നു?

ക‍ഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഫ്ലക്സി നിരക്ക്, തത്കാൽ, പ്രീമിയം തത്കാൽ എന്നീ ഇനങ്ങളിൽ 12,128 കോടി രൂപയാണ് റെയിൽവേ അധികമായി സമാഹരിച്ചത്. ഫ്ലക്സിയിൽ നിന്ന് മാത്രം 3,792 കോടി അധികവരുമാനമുണ്ടാക്കി. തത്കാലിൽനിന്ന് 5,937 കോടിയും പ്രീമിയം തത്കാലിൽനിന്ന് 2,399 കോടിയും വരുമാനമുണ്ടാക്കി.

ന്ദേഭാരതിനെ മുൻനിർത്തിയുള്ള ആരവും ആർപ്പും കണ്ട് ഇ. ശ്രീധരനെ പോലുള്ളവർ ഒരു കാര്യം പറഞ്ഞുവച്ചു; “ഒരു തീവണ്ടി വേഗത കൂട്ടി ഓടിച്ചതുകൊണ്ട് നമ്മുടെ തീവണ്ടിഗതാഗത പ്രശ്നത്തിന് പരിഹാരം ആകുന്നില്ല. റെയിൽവേയുടെ അടിസ്ഥാന മേഖലയിലാണ് തിരുത്തൽ വേണ്ടത്. ട്രാക്കുകൾ മാറ്റുക, അവയുടെ വളവുകൾ നിവർത്തുക, സിഗ്നലിംഗ് സംവിധാനം ആധുനികവത്കരിക്കുക തുടങ്ങിയ ജോലികൾ ചെയ്താൽ മാത്രമേ റെയിൽവേ ഗതാഗതം സുഗമമാകൂ …”

വേഗത കൂടിയ തീവണ്ടികൾ ഓടിക്കണമെങ്കിൽ സമർപ്പിതമായിട്ടുള്ള റെയിൽ പാളങ്ങൾ വേണമെന്നുള്ളതാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിന്റെ കെ-റെയിലിനെ എതിർക്കുന്നവർ പോലും ഇക്കാര്യം അടിവരയിടുന്നുണ്ട്. എന്നാൽ വന്ദേഭാരത് വന്നാൽ കേരളത്തിന്റെ തീവണ്ടി ഗതാഗത പ്രശ്നം പരിഹരിക്കുമെന്നാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പോലും പറഞ്ഞുവച്ചത്. കേന്ദ്ര ഭരണകക്ഷിയാകട്ടെ വന്ദേഭാരതിനെ മുൻനിർത്തി തീവണ്ടി സ്റ്റേഷനുകൾ ഏറെക്കുറെ ഏറ്റെടുത്ത് വലിയ ആരവും ആർപ്പുമാണ് അഴിച്ചുവിട്ടത്. ഓരോ വന്ദേഭാരത് സർവീസും ആരംഭിക്കാൻ വേണ്ടി പ്രധാനമന്ത്രി ഓരോ ഇടങ്ങളിലും പറന്നിറങ്ങി. അപ്പോഴും ഇന്ത്യൻ റെയിൽവേയുടെ യഥാർത്ഥ പ്രതിസന്ധി എന്താണെന്ന് കേന്ദ്രസർക്കാർ ആരോടും പറഞ്ഞില്ല. ഇന്ന് ഒറീസയിലെ ബാലസോറിൽ വലിയൊരു ദുരന്തത്തിന്റെ ചിത്രം അനാവരണം ചെയ്യപ്പെടുമ്പോൾ നമ്മുടെ റെയിൽവേ ഗതാഗതത്തെ ചൂഴ്ന്നു നിൽക്കുന്ന ആ പ്രതിസന്ധിയുടെ ചെറിയൊരു അഗ്രം മാത്രമാണ് പുറത്തേക്ക് വരുന്നത്.

വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ കോവിഡ് പ്രതിസന്ധി കാലത്ത് പോലും ഒരു കാലത്തുമില്ലാത്ത രീതിയിൽ യാത്രക്കാരെ പിഴിയുകയാണ് റെയിൽവേ ചെയ്തത്. അതിനുവേണ്ടി പല നൂതന പദ്ധതികളും അവർ നടപ്പിലാക്കി. തത്ക്കാലിനുപുറത്ത് ഒരു പ്രീമിയം തത്ക്കാൽ കൊണ്ടുവന്നു. ക്യാൻസലേഷൻ ഇനത്തിൽ മാത്രം വലിയൊരു തുക റെയിൽവേ യാത്രക്കാരിൽ നിന്നും പിഴിഞ്ഞെടുത്തു.

കണക്കുകൾ പരിശോധിച്ചാൽ ക‍ഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഫ്ലക്സി നിരക്ക്, തത്കാൽ, പ്രീമിയം തത്കാൽ എന്നീ ഇനങ്ങളിൽ 12,128 കോടി രൂപയാണ് റെയിൽവേ അധികമായി സമാഹരിച്ചത്. ഫ്ലക്സിയിൽ നിന്ന് മാത്രം 3,792 കോടി അധികവരുമാനമുണ്ടാക്കി. തത്കാലിൽനിന്ന് 5,937 കോടിയും പ്രീമിയം തത്കാലിൽനിന്ന് 2,399 കോടിയും വരുമാനമുണ്ടാക്കി. നികുതിക്കുമേൽ നികുതി എന്നപോലെ തത്കാലിനുമേൽ പ്രീമിയം എന്ന വിദ്യ കണ്ടെത്താൻ ബി.ജെ.പി സർക്കാരിനുമാത്രമേ ക‍ഴിയൂ! എന്താണ് ഫ്ലക്സി നിരക്ക് എന്നുപോലും സാധാരണ യാത്രക്കാർക്ക് അറിയില്ല. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കുകൾ ഉയർത്തുക എന്നുള്ള തന്ത്രത്തിന്റെ പേരാണ് ഫ്ലക്സി. സ്വകാര്യ വിമാനകമ്പനികൾ ഈ മാർഗം അവലംബിച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടാൻ തങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് പറയുന്ന കേന്ദ്രം തന്നെയാണ് ഈ വിദ്യ റെയിൽവേക്കായി കടം കൊണ്ടിട്ടുള്ളത് എന്നതാണ് ഏറെ വിരോധാഭാസം.

PHOTO : PURUSOTTAM THAKUR

വന്ദേ ഭാരത്‌ ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെയും പേരിൽ മേനിനടിക്കുന്ന സർക്കാർ ട്രാക്കുകളും സിഗ്നൽ സമ്പ്രദായവും ബ്രേക്കിങ്‌ സംവിധാനവും കുറ്റമറ്റതാക്കാൻ പണം ചെലവിടുന്നില്ല. മൊത്തം റെയിൽവേ വിഹിതത്തിന്റെ 10 ശതമാനം മാത്രമാണ്‌ സിഗ്‌നൽ സംവിധാനം നവീകരിക്കാൻ നീക്കിവയ്‌ക്കുന്നത്‌. ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനുള്ള ‘കവച്‌’ സാങ്കേതിക സംവിധാനം രാജ്യത്തെ രണ്ടു ശതമാനം ട്രാക്കിൽമാത്രമാണുള്ളത്‌.

ഇതിനുപുറമെ വർഷങ്ങളായി നിയമനം നടത്താതെ തസ്തികകൾ ഒഴിച്ചിട്ട് ഇരിക്കുന്നത് ജീവനക്കാരിലും സമ്മർദ്ദം ചെലുത്തുന്നു. എൻജിനിയർമാർ, ടെക്‌നീഷ്യന്മാർ, സ്‌റ്റേഷൻ മാസ്റ്റർമാർ, ലോക്കോ പൈലറ്റ് എന്നിവരുടെ അടക്കം തസ്‌തികകളാണ്‌ വർഷങ്ങളായി നിയമനം നടത്താതെ റെയിൽവേ ഒഴിച്ചിട്ടിരിക്കുന്നത്‌. മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്‌തികയുടെ 21 ശതമാനമായ 3.14 ലക്ഷം തസ്‌തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്.

രാഷ്ട്രീയ കച്ചവടം അവസാനിപ്പിച്ച് റയിൽവേ മേഖലയുടെ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയുള്ള നടപടികളാണ് വേണ്ടത്, മറ്റൊരു ബാലസോർ ആവർത്തിക്കാതിരിക്കാൻ.

Comments