വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റുക, അതിന്റെ പേരിൽ പാസ്‌പോർട്ട് പുതുക്കിനൽകാതിരിക്കുക, അതിനായി പലതരം രേഖകൾ ആവശ്യപ്പെടുക- ഇത്തരം നടപടികൾ സാധാരണക്കാരായ ഇന്ത്യൻ പൗരരുടെ പൗരജീവിതത്തെ ഭാവിയിൽ എങ്ങനെയാണ് മാറ്റിത്തീർക്കാൻ പോകുന്നത് എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. കാരണം, ഗോൾ പോസ്റ്റ് മാറുന്നതുപോലെ കാര്യങ്ങൾ ദിവസവും മാറിമറിയുകയാണ്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ സുപ്രീംകോടതിയിൽ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്, എസ്.ഐ.ആറിലൂടെ ശേഖരിക്കുന്ന ഡേറ്റ വോട്ടർ പട്ടിക തിരുത്തുന്നതിനു മാത്രമേ ഉപയോഗിക്കൂ എന്നാണ്. എസ്.ഐ.ആർ ശരിവെച്ചുകൊണ്ടുള്ള വിധിന്യായത്തിൽ സുപ്രീംകോടതി വ്യക്തമായി പറയുന്നുണ്ട്, ഈ ഡേറ്റ ഈയൊരു ആവശ്യത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്ന്.
മാത്രമല്ല, പൗരത്വം സംബന്ധിച്ച ആശങ്കകളോ സംശയങ്ങളോ തെരഞ്ഞെടുപ്പു കമീഷനുണ്ടാവുകയാണെങ്കിൽ, അവരുടെ പേരുവിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുക്കണം, മന്ത്രലായത്തിനുമാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുള്ളൂ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇക്കാര്യം നാലാഴ്ചക്കകം ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. അഞ്ചാമത്തെ ആഴ്ചയാണിത്. പൗരത്വവുമായി ബന്ധപ്പെട്ട് സംശയമുള്ളവരുടെ ലിസ്റ്റ് തെരഞ്ഞെടുപ്പു കമീഷൻ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുവോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നടപടികളിലെ സുതാര്യതയില്ലായ്മ തന്നെയാണ് പ്രധാന പ്രശ്‌നം. കോടതിയിൽ ഒരു കാര്യം പറയുക, പുറത്ത് മറ്റൊന്ന് പ്രവർത്തിക്കുക. ബംഗാളിൽ തന്നെ പല ക്ഷേമപ്രവർത്തനങ്ങളെയും SIR ഡേറ്റയുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നറിയാൻ കഴിഞ്ഞു. എന്റെ വ്യക്തിപരമായ കാര്യത്തിൽ തന്നെ, ഒരു സിറ്റി പൊലീസ് ഫോഴ്‌സ്, ഇലക്ഷൻ കമീഷൻ സുപ്രീംകോടതിയ്ക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായി, എസ്.ഐ.ആർ ഡേറ്റയെ എന്റെ പാസ്‌പോർട്ട് പുതുക്കലുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.
ആദ്യം, പ്രഖ്യാപിക്കപ്പെട്ട ഒരു ലക്ഷ്യത്തിനുവേണ്ടി ഡേറ്റ ശേഖരിക്കുക, പിന്നീട്, മറ്റു കാര്യങ്ങൾക്ക് അവ ഉപയോഗിക്കുക. ഭാവിയിൽ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും ഈ ഡേറ്റയെ ദുരുപയോഗപ്പെടുത്തിയേക്കാം. ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളുമായും ഇതിനെ ബന്ധപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പിടിച്ചുകുലുക്കിയ
ഭീകരാനുഭവം
വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടശേഷം, പൗരർ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയും അപകർഷതാബോധവും Turmoil Upheaval എന്ന അവസ്ഥയും എങ്ങനെ അഡ്രസ് ചെയ്യണമെന്ന് ഇലക്ഷൻ കമീഷനോ മറ്റ് ഏജൻസികളോ നമുക്ക് പറഞ്ഞുതന്നിട്ടുണ്ടോ?
വോട്ട് ചെയ്യണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്. ഞാൻ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്നില്ല. മാത്രമല്ല, 1990-ൽ പത്രപ്രവർത്തനജീവിതം തുടങ്ങമ്പോൾ, എനിക്കുണ്ടായിരുന്ന ഒരു ധാരണ- അതൊരു മിഥ്യാധാരണയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു- പത്രപ്രവർത്തകർ പൂർണമായും ന്യൂട്രൽ ആയിരിക്കണമെന്നും ഇലക്ഷനിൽ വോട്ട് ചെയ്യുന്നതുപോലും ആ ന്യൂട്രാലിറ്റിയെ ഇല്ലാതാക്കും എന്നുമായിരുന്നു. കാരണം, വോട്ട് ചെയ്യുമ്പോൾ നമ്മൾ ഒരു രാഷ്ട്രീയപാർട്ടിയെ തെരഞ്ഞെടുക്കുകയാണല്ലോ.
പക്ഷെ, പിന്നീട് ആ ധാരണ തെറ്റാണെന്ന് മനസ്സിലായി. കാരണം, വോട്ടിങ് എന്നാൽ വളരെ പ്രധാനപ്പെട്ടയും വിലപ്പെട്ടതുമായ ഒരവകാശമാണ്, അത് വിനിയോഗിക്കണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. എന്നാൽ, ഇപ്പോൾ സംഭവിക്കുന്നത് എന്താണ്? നമ്മൾ വോട്ട് ചെയ്യണോ വേണ്ടയോ എന്ന് മറ്റാരോ തീരുമാനിക്കുകയാണ്. സ്‌റ്റേറ്റിന്റെ ഭാഗമായ ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റി തീരുമാനിക്കുകയാണ്: ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ പറ്റില്ല, ഒരു ഇലക്ഷനിൽ വോട്ട് ചെയ്തില്ലെങ്കിൽ അത്ര വലിയ കുഴപ്പമൊന്നുമില്ല എന്ന്. അത്തരമൊരു തീരുമാനമുണ്ടാക്കുന്ന ഇംപാക്റ്റ് എത്ര ഭീകരമാണ് എന്ന് ഞാനിപ്പോൾ അനുഭവിച്ചറിയുന്നു.
നമ്മൾ ഒരു പാതി പൗരനാണ്, എന്തോ ന്യൂനതയുള്ള പൗരനാണ് എന്നൊരു തോന്നൽ. അത് സമ്പൂർണമായി ഉൾവലിയാനുള്ള പ്രേരണയുണ്ടാക്കി. നമുക്ക് നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന തോന്നലുണ്ടാക്കി.
വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റിയ ആ സമയം, എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായിരുന്നു. പത്രപ്രവർത്തനജീവിതത്തിൽ എനിക്ക് വലിയ വെല്ലുവിളികളുണ്ടായിട്ടുണ്ട്. ഏതു സമയത്തും ജോലി നഷ്ടപ്പെടാം എന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടായിരിക്കാം, ജോലി നഷ്ടപ്പെട്ടതുപോലും എന്നെ വലിയ തോതിൽ ബാധിച്ചിരുന്നില്ല. എന്നാൽ, ഈ പ്രശ്‌നം എന്നെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. പാസ്‌പോർട്ട് പുതുക്കാതായതോടെ അത് ഇരട്ടി ആഘാതമായി മാറി.
പൊതുവേ നമ്മൾ കേട്ടിട്ടുള്ള ഡിപ്രഷൻ (ഒരു മെഡിക്കൽ ടേം വളരെ ലൂസായി ഉപയോഗിക്കുന്നത് ശരിയാണോ എന്നറിയില്ല, ക്ലിനിക്കൽ രീതിയിലല്ല ഈ അവസ്ഥയെ ഇവിടെ ഉപയോഗിക്കുന്നത്), ഒരു അവസ്ഥയെന്ന നിലയ്ക്ക്, രണ്ടു മാസത്തോളം എനിക്കുണ്ടായി. ആ സമയത്ത് ഞാൻ ചെയ്തിരുന്നത് ഇതാണ്: രാവിലെ ഉണർന്ന് ലാപ്‌ടോപ്പ് തുറന്ന്, ഒരു ഒബ്‌സെഷൻ പോലെ, എന്റെ സ്റ്റാറ്റസ് നോക്കും: ട്രൈബൂണലിൽ എന്താണ് സ്റ്റാറ്റസ്, പാസ്‌പോർട്ട് സ്റ്റാറ്റസ് എന്താണ്. പിന്നെ, അച്ഛനെയും അമ്മയെയും കുറിച്ചുള്ള വിവരങ്ങൾ തെരയും. അവർ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അവരുടെ സുഹൃത്തുക്കൾക്കും ഫോൺ ചെയ്യും. ഇതൊക്കെയായിരുന്നു എന്റെ ജോലി. ടെലിവിഷനിൽ സിനിമ കാണാൻ ഇഷ്ടമുള്ളയാളാണ് ഞാൻ, രണ്ടു മാസമായി അതെല്ലാം നിന്നുപോയി.

എല്ലാം നഷ്ടപ്പെട്ട ഒരാളെപ്പോലെ, അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു ഞാൻ ചെയ്തിരുന്നത്. അതൊരു വിഷാദാവസ്ഥയുടെ സൂചനയായിരുന്നു. കാരണം, വളരെ ആക്റ്റീവായ ഒരാളാണ് ഞാൻ. ആരുമായും സംസാരിക്കാതിരിക്കുക, സംസാരിക്കുകയാണെങ്കിൽ വഴക്കുണ്ടാക്കുക, എല്ലാത്തിലുമുള്ള താൽപര്യം നഷ്ടപ്പെടുക, വെറുതെയിരിക്കൽ മാത്രമാകുക- ഇത്തരമൊരവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയത്. പൗരനെന്ന നിലയ്ക്ക് സംസാരിക്കാനുള്ള അവകാശം തന്നെ ഇല്ലാതായതുപോലെ, ഒരു ഭയം എന്നെ പുറകോട്ടുവലിച്ചുകൊണ്ടിരുന്നു. ‘നീ മാർക്ക് ചെയ്യപ്പെട്ടവനാണ്’ എന്ന ഭീതി വേട്ടയാടി. ഒരു നിഴലിനു കീഴിലാണ് ഞാൻ എന്ന തോന്നൽ- അത് നമ്മെ ഞെരിച്ചില്ലാതാക്കുന്ന വികാരമാണ്. ഇങ്ങനെ, ഒരു പൗരൻ എന്ന നിലയിൽ രണ്ടു മാസം കൊണ്ട് സമ്പൂർണമായ നിസ്സഹായാവസ്ഥയാണ് എനിക്കുണ്ടായത്.
പാസ്‌പോർട്ട് പുതുക്കിക്കിട്ടില്ല എന്നതുകൊണ്ട് ലോകം അവസാനിക്കുകയില്ല എന്നറിയാം, എന്നാൽ വോട്ട് ചെയ്യാനുള്ളതടക്കമുള്ള നമ്മുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നത് വലിയൊരു അപകർഷതയിലേക്കാണ് എന്നെ തള്ളിയിട്ടത്. നമ്മൾ ഒരു പാതി പൗരനാണ്, എന്തോ ന്യൂനതയുള്ള പൗരനാണ് എന്നൊരു തോന്നൽ. അത് സമ്പൂർണമായി ഉൾവലിയാനുള്ള പ്രേരണയുണ്ടാക്കി. നമുക്ക് നമ്മുടെ രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന തോന്നലുണ്ടാക്കി. ഒരു കാര്യത്തെ വിമർശിക്കണമെങ്കിൽ ആത്മവിശ്വാസം വേണം, അത് തകർക്കപ്പെട്ട അവസ്ഥ.
ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഇവിടെ ജനിച്ചവനാണ് എന്നെല്ലാം തെളിയിക്കേണ്ട ബാധ്യത എന്റെ മേൽ വന്നിരിക്കുന്നു.
കഴിഞ്ഞുപോയ എന്റെ 57 വർഷങ്ങളിൽ ഡോക്യുമെൻേറഷൻ എന്നതിന് വളരെ ചെറിയ റോളേ ഉണ്ടായിരുന്നുള്ളൂ. 1968-ലാണ് ഞാൻ ജനിച്ചത്. 1970 ഏപ്രിൽ ഒന്നിനാണ് ജനന- മരണ രജിസ്‌ട്രേഷൻ നിയമം വന്നത്. അതിനുമുമ്പ് അങ്ങനെയൊരു വ്യവസ്ഥയില്ലാതിരുന്നതിനാലാകാം, ജനനസർട്ടിഫിക്കറ്റ് പോലും എടുത്തിരുന്നില്ല. മാത്രമല്ല, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റായിരുന്നു എന്റെ ആധികാരിക രേഖ. ആ ചെറിയ ബുക്ക് ലെറ്റ് വെച്ചാണ് ഇക്കാലമത്രയും ജീവിച്ചത്. ആധാറും പാനും ഉണ്ടെങ്കിലും എന്റെ പൗരത്വത്തിന്റെ അടിസ്ഥാനരേഖ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റായിരുന്നു. 2005-ൽ ആദ്യ പാസ്‌പോർട്ട് എടുക്കുന്നതും 2015-ൽ പുതുക്കുന്നതും ഈ രേഖ വെച്ചാണ്. അത് എന്റെ അസ്തിത്വത്തിന്റെ അടയാളമായിരുന്നു. എന്നാൽ, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എന്തുകൊണ്ടോ എസ്.ഐ.ആറിൽ സ്വീകരിക്കപ്പെട്ടില്ല. എന്താണ് പ്രശ്‌നമെന്ന് ഔദ്യോഗികമായി എന്നെ അറിയിച്ചിട്ടില്ല.
എന്നാൽ, ഈ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് പോരാ എന്ന് ഇപ്പോൾ തോന്നുന്നു. 57 വർഷം എന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. ഒരിക്കൽ ഒരു മലയാളം ടെലിവിഷൻ ചർച്ചയിൽ ബി.ജെ.പി അനുഭാവിയായ ഒരാൾ, ‘ഈ താടിക്കാരനെ പാക്കിസ്ഥാനിലേക്ക് അയക്കണം’ എന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത്, ‘നിങ്ങൾ ഒരു വിസ സംഘടിപ്പിച്ചതരൂ, ഞാൻ പോയി വരാം’ എന്നാണ്. കാരണം, പാക്കിസ്ഥാനിലേക്ക് വിസ കിട്ടാനൊക്കെ ബുദ്ധിമുട്ടല്ലേ, നിങ്ങൾക്ക് പാക്കിസ്ഥാനുമായി അടുത്ത ബന്ധം കാണും, അതാണ് എന്നെ പാക്കിസ്ഥാനിലേക്ക് അയക്കാനാവശ്യപ്പെടുന്നത്. നിങ്ങൾ ഇടപെട്ട് എനിക്കൊരു വിസ സംഘടിപ്പിച്ചുതരികയാണെങ്കിൽ ഞാൻ സന്തോഷത്തോടെ പോയി വരാം എന്ന് ഉരുളയ്ക്ക് ഉപ്പേരിയെന്ന നിലയ്ക്ക്, തമാശയായാണ് പറഞ്ഞത്. ഇപ്പോൾ എനിക്ക് ആ തമാശ പറയാൻ പറ്റില്ല.

ഇന്നലെ വരെ ഞാൻ വിചാരിച്ചിരുന്നത്, എന്റെ പൗരത്വത്തെ ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കിൽ അക്കാര്യം തെളിയിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ് എന്നായിരുന്നു. ഇപ്പോൾ എനിക്കുതോന്നുന്നത്, ഞാൻ ഇന്ത്യക്കാരനാണ്, ഞാൻ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ഇവിടെ ജനിച്ചവനാണ് എന്നെല്ലാം തെളിയിക്കേണ്ട ബാധ്യത എന്റെ മേൽ വന്നിരിക്കുന്നു. ‘ഇത് എന്റെ നാടാണ്’ എന്ന് വളരെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറയാൻ കഴിയുന്ന എനിക്ക് ഇന്ന് അതെല്ലാം അവകാശപ്പെടാൻ കഴിയുമോ?
യോഗേന്ദ്ര യാദവ് ഈയിടെ എഴുതി, ഇന്ത്യയിൽ വോട്ടർമാരാണ് സർക്കാറിനെ തെരഞ്ഞെടുത്തിരുന്നത് എങ്കിൽ, ഇപ്പോൾ സർക്കാറാണ് വോട്ടർമാരെ തെരഞ്ഞെടുക്കുന്നത്. ജനാധിപത്യത്തിൽ നമുക്ക് ഒരിക്കലും ഉൾക്കൊള്ളാനാകാത്ത ഒരു ഷിഫ്റ്റ് സംഭവിച്ചു എന്നർഥം.
‘ഇത് നിങ്ങളുടെ സ്വന്തം രാജ്യമാണോ’ എന്ന ചോദ്യം നേരിടേണ്ടിവരുന്ന ഒരു ജനവിഭാഗത്തെ ഈ ഷിഫ്റ്റ് എങ്ങനെയാണ് ബാധിച്ചിരിക്കുക എന്ന് എനിക്കിപ്പോൾ മനസ്സിലാക്കാനാകുന്നുണ്ട്. എന്നെപ്പോലെ കുറച്ചൊക്കെ പ്രിവിലേജ്ഡായ ബാക്ക്ഗ്രൗണ്ടുുള്ള ഒരാൾക്കുപോലും ഇങ്ങനെയാണ് സംഭവിക്കുന്നത് എങ്കിൽ, ആ മനുഷ്യർക്ക് അത് എത്രത്തോളം ഭീകരമായ അവസ്ഥയായിരിക്കും?.
പൗരരെന്ന നിലയ്ക്ക് നമുക്കും നമ്മളടങ്ങുന്ന പൗരസമൂഹത്തിനും ചെയ്യാവുന്നത്, നമ്മൾ തെരഞ്ഞെടുത്ത പ്രതിനിധകളെ നിരന്തരം ഇക്കാര്യം ഓർമപ്പെടുത്തുകയും അവരുടെ മേൽ സമ്മർദം ചെലുത്തി പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യുകയാണ്.
കഴിഞ്ഞദിവസം കൊൽക്കത്തയിലെ ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ ഒരു റിപ്പോർട്ടുണ്ടായിരുന്നു: എസ്.ഐ.ആർ പരാതികൾ കൈകാര്യം ചെയ്യാൻ ബംഗാളിൽ മാത്രം 19 ട്രൈബൂണലുകളാണുള്ളത്. എൻേറതുൾപ്പെടെ 33 ലക്ഷം അപ്പീലുകളാണ് അവയ്ക്കു മുന്നിലുള്ളത്. ഇപ്പോഴത്തെ വേഗതയിലാണ് അപ്പീലുകൾ കൈകാര്യം ചെയ്യുന്നത് എങ്കിൽ, 25 വർഷമെടുക്കും ഇവയിലെല്ലാം തീരുമാനമെടുക്കാൻ. ആലോചിച്ചുനോക്കുക, എന്തുമാത്രം ട്രോമയായിരിക്കും ഈ മനുഷ്യർ അനുഭവിക്കേണ്ടിവരിക. നമ്മൾ അറിയാത്ത, പല തലങ്ങളിലുള്ള വലിയൊരു പ്രശ്‌നമാണിത്.
പൗരത്വത്തിനുമേലുള്ള ഭരണകൂട ആക്രമണങ്ങളെ, അത് നിഷേധിക്കപ്പെടുന്ന പൗരരെ മുന്‍നിര്‍ത്തി എങ്ങനെയാണ് നമ്മുടെ സിവില്‍ സൊസൈറ്റിയ്ക്ക് ചെറുക്കാനാകുക എന്നു ചോദിച്ചാൽ, പൗരനെന്ന നിലയ്ക്ക് പൂർണമായും നിസ്സഹായാവസ്ഥയാണ് എന്ന് പറയേണ്ടിവരും. വളരെ വേദനയോടെ ഞാൻ പറയുന്നു, ഇക്കാര്യത്തിൽ സിവിൽ സൊസൈറ്റിയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല. അത്രമാത്രം കാർക്കശ്യത്തോടെയാണ് ഭരണകൂടം, വ്യത്യസ്ത അഭിപ്രായമുള്ളവരെ നേരിടുന്നത്. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇതിന്റെയെല്ലാം പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത്. ഭരണകൂടത്തിന്റെ പ്രഹരശേഷി എപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്നത് സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ടവർക്കായിരിക്കും. സമൂഹത്തിലെ മധ്യ- ഉയർന്ന വിഭാഗങ്ങൾക്കുവേണ്ടി കൂടിയാണ് ഈ സാധാരണ ജനത വ്യത്യസ്ത അഭിപ്രായം പറയുന്നത് എങ്കിൽ കൂടിയും ഇതിന്റെയെല്ലാം കയ്‌പേറിയ അനുഭവം ഈ മനുഷ്യർക്കുമാത്രമായിരിക്കും. അതുകൊണ്ട്, ഇത്രയും ക്രൂരത കാണിക്കാൻ ഒരു മടിയുമില്ലാത്ത ഭരണകൂടത്തിനുമുന്നിൽ സിവിൽ സൊസൈറ്റിയെ കൂടി ഇരകളാക്കണോ എന്നതിൽ എനിക്ക് സംശയമുണ്ട്.

ജനാധിപത്യസംവിധാനത്തിൽ പൂർണമായും വിശ്വസിക്കുന്ന ആളാണ് ഞാൻ. നമുക്കുമുന്നിലുള്ളത് ഏജൻസികളാണ്. ഒന്നുകിൽ, എസ്.ഐ.ആർ ഡേറ്റ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാമോ എന്ന കാര്യത്തിൽ എക്‌സിക്യൂട്ടീവ് വ്യക്തത വരുത്തണം.
ഇല്ലെങ്കിൽ ജുഡീഷ്യറി ഇടപെടണം, അല്ലാത്തപക്ഷം പാർലമെന്റ്.
പൗരരെന്ന നിലയ്ക്ക് നമുക്കും നമ്മളടങ്ങുന്ന പൗരസമൂഹത്തിനും ചെയ്യാവുന്നത്, നമ്മൾ തെരഞ്ഞെടുത്ത പ്രതിനിധകളെ നിരന്തരം ഇക്കാര്യം ഓർമപ്പെടുത്തുകയും അവരുടെ മേൽ സമ്മർദം ചെലുത്തി പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്യുകയാണ്. പാർലമെന്റിൽ സമീപകാലത്ത് നടക്കുന്ന സംഭവവികാസങ്ങൾ കണക്കിലെടുത്താൽ, അത് എത്രമാത്രം പ്രതീക്ഷയുണർത്തുന്നതാണ് എന്നതിൽ സംശയമുണ്ട്. എങ്കിലും സമ്പൂർണ നിസ്സഹായാവസ്ഥയിൽ ഇതുമാത്രമാണ് എന്റെ മുന്നിൽ തെളിയുന്ന വഴി.
ആശാവഹമായ ചില കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചിട്ടുണ്ട്. സംയുക്ത പ്രതിപക്ഷ പാർട്ടികൾ, ഇന്ത്യ സഖ്യത്തിൽനിന്ന് മാറിനിന്ന ചില പാർട്ടികളടക്കം, എസ്.ഐ.ആറിനെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയിട്ടുണ്ട്. ഇതെല്ലാം, ഒരു ജനാധിപത്യപ്രക്രിയയിൽ ഏറെ പ്രധാനമാണ്. ജനാധിപത്യത്തിലേക്കുതന്നെ തിരിച്ചുപോകുക, കൂടുതൽ ഡെമോക്രാറ്റിക്കാവാൻ ശ്രമിക്കുക എന്നതുതന്നെയാണ് മുന്നിലുള്ള വഴി.
