മന്ത്രിമാരെ പുറത്താക്കുന്ന ബിൽ, ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം; JPC പരിഗണിക്കും

ബിൽ ഭരണഘടനാവിരുദ്ധമാണെന്നും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷം. പ്രതിഷേധത്തിനിടയിൽ അവതരിപ്പിച്ച ബിൽ ഇനി സംയുക്ത പാർലമെൻററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

National Desk

ഞ്ച് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ അവതരിപ്പിച്ച ബിൽ ഇനി സംയുക്ത പാർലമെൻററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം ബിൽ നിയമമാവണോ വേണ്ടയോ എന്ന കാര്യത്തിൽ വിശദമായ ചർച്ച നടക്കും. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്നതാണ് ബിൽ. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.

ബിൽ അവതരത്തിനിടെ നാടകീയരംഗങ്ങൾക്കാണ് പാർലമെൻറ് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ എം.പിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു. തൃണമുൽ എം.പിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അമിത് ഷായുടെ നേർക്ക് പോലും ബിൽ കീറിയെറിഞ്ഞു. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ സഭാനടപടികൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. പിന്നീട്, മൂന്ന് മണിക്ക് പ്രതിഷേധങ്ങൾക്കിടയിലും ബിൽ അവതരിപ്പിക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് കൈമാറുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. “നാളെ നിങ്ങൾ ഏത് മുഖ്യമന്ത്രിയെയും കേസിൽ പെടുത്തി ജയിലിൽ അടയ്ക്കും. 30 ദിവസം ജയിലിൽ കിടത്തിയ ശേഷം അധികാരത്തിൽ നിന്ന് പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്,” കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയനേതാക്കളെ നേരിടുന്നത് എൻ.ഡി.എയുടെ ഭരണകാലത്ത് പ്രത്യക്ഷത്തിൽ തന്നെ നടക്കുന്ന കാര്യമാണ്. പല മുഖ്യമന്ത്രിമാർക്കെതിരെയും കേസുകൾ വരികയും ചിലർ അന്വേഷണം നേരിടുകയും ചിലർ ജയിലിലാവുകയും വരെ ചെയ്തു. ഇത്തരത്തിലുള്ള വേട്ടയാടലുകൾക്കെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. അതിനിടയിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള പുതിയ നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ഇനിയും തുടരാൻ തന്നെയാണ് സാധ്യത. ലോക്സഭയിൽ അവതരിപ്പിച്ച പല ബില്ലുകളിൽ നിന്നും പിൻമാറുകയോ മാറ്റം വരുത്തുകയോ ചെയ്യേണ്ടുന്ന സാഹചര്യം മൂന്നാം നരേന്ദ്ര മോദി സർക്കാരിന് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ.

Comments