ലോക ജനസംഖ്യ കണക്കാക്കാനുള്ള ‘ജനസംഖ്യാ ക്ലോക്ക്’ പ്രകാരം, ലോക ജനസംഖ്യ 500 കോടിയായി വർധിച്ചത് 1987 ജൂലൈ 11 നാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1989 മുതൽ ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം ജനസംഖ്യാ വളർച്ചയെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ എല്ലാ വർഷവും ജൂലൈ 11 ജനസംഖ്യാദിനമായി ആചരിക്കുന്നത്. നീതിയെക്കുറിച്ച് പ്രതീക്ഷയുള്ള ഒരു ലോകത്ത് തങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള കുടുംബങ്ങൾ സൃഷ്ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ ജനസംഖ്യാദിന മുദ്രാവാക്യം.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ വളരെ സാവധാനത്തിലായിരുന്ന ലോക ജനസംഖ്യാവളർച്ച ഏതാനും വർഷങ്ങളായി വലിയ വർധനയാണ് കാണിക്കുന്നത്. ലോകജനസംഖ്യ 1800-ാം വർഷത്തിലാണ് 100 കോടിയിലെത്തിയത് (ഒരു ബില്യൺ). അതായത്, രണ്ടേകാൽ നൂറ്റാണ്ടുകൾക്കുമുൻപ് ഒരു ബില്യണിൽ താഴെ മനുഷ്യർ മാത്രമാണുണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ജനസംഖ്യാ വർധവിൻ്റെ വേഗം കൂടി. 100 കോടിയായിരുന്ന ജനസംഖ്യ ഇരട്ടിയായി വർധിക്കാൻ 100 വർഷം മാത്രമേ വേണ്ടി വന്നുള്ളൂ.

20-ാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രരംഗവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളുടെ വളർച്ചയും അതുമൂലം കണ്ടുപിടിച്ച ഒട്ടേറെ പുതിയ മരുന്നുകളും സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളാണ് നൽകിയത്. അതിൻ്റെ ഫലമായി ആയുർദൈർഘ്യം വർധിച്ചു, ശിശു- മാതൃ മരണനിരക്ക് കുറഞ്ഞു. പ്രത്യുൽപാദന നിരക്കിലും വലിയ മാറ്റമുണ്ടായി. തൽഫലമായി 20-ാം നൂറ്റാണ്ടിൻ്റെ പകുതിയോടെ വളർച്ചയുടെ വേഗത വലിയ തോതിൽ വർധിക്കുകയും 2022 ആകുമ്പോഴേക്കും 800 കോടിയായി ലോക ജനസംഖ്യ ഉയരുകയും ചെയ്തു.
ലോകത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനസംഖ്യാ വളർച്ചാനിരക്ക് ഒരു പോലെയായിരുന്നില്ല. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലെയും ജപ്പാനിലെയും ജനസംഖ്യാ വളർച്ച താരതമ്യേന സാവധാനത്തിലാണ്. ആ രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയാകാൻ 50- 100 വർഷം വരെ വേണ്ടിവന്നു. അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, അർജന്റീന എന്നീ രാജ്യങ്ങളിലെ ജനസംഖ്യ 30- 40 വർഷം കൊണ്ടാണ് ഇരട്ടിയായത്. എന്നാൽ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും അധിവസിക്കുന്ന താഴ്ന്ന വരുമാനമുള്ളതും വികസിതമല്ലാത്തതുമായ ഏഷ്യ- ആഫ്രിക്ക വൻകരയിലെ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യാവളർച്ച വളരെ വേഗത്തിലുമാണ്.
ഇന്ത്യ, ഏറ്റവും ജനസംഖ്യയുള്ള രാജ്യം
ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാരേഖകൾ പ്രകാരം 2023- ൽ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. 2021- ൽ സെൻസസ് നടന്നിട്ടില്ലാത്തതിനാൽ, ഇന്ത്യൻ ജനസംഖ്യയുടെ കൃത്യമായ കണക്ക് അറിയാൻ കഴിയില്ല. പക്ഷേ ജനസംഖ്യാശാസ്ത്രരീതികൾ പ്രകാരം 2023 ഏപ്രിലോടെ 140 കോടിയിലധികം (1.4 ബില്യൺ) ആളുകൾ ഇന്ത്യയിലുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ‘സ്റ്റേറ്റ് ഓഫ് ദി വേൾഡ് പോപ്പുലേഷൻ 2025’ റിപ്പോർട്ട് അനുസരിച്ച് 2025-ൽ ഇന്ത്യൻ ജനസംഖ്യ 146 കോടി (1.46 ബില്യൺ ) യാണെന്നും കണക്കാക്കപ്പെട്ടു.
യൂറോപ്പിലാകെയുള്ള ജനസംഖ്യയേക്കാളും (74.4 കോടി) അല്ലെങ്കിൽ നോർത്ത്, സൗത്ത് അമേരിക്കയേക്കാളും (104 കോടി) കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിലാകട്ടെ 140 കോടിയിലധികം ആളുകളുണ്ടെങ്കിലും ജനസംഖ്യാ വളർച്ച കുറഞ്ഞുകൊണ്ടിരിക്കയാണ്. ഇന്ത്യയുടെ ജനസംഖ്യയെയും വരും ദശകങ്ങളിൽ അതിനുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെയും കുറിച്ച് പല പഠനങ്ങളും നടന്നുവരികയാണ്. എങ്കിലും യഥാർത്ഥ ചിത്രം ലഭിക്കാൻ കേന്ദ്ര സർക്കാർ വൈകിയാണെങ്കിലും 2027- ൽ നടക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സെൻസസ് കണക്കുകൾ വരെ കാത്തിരിക്കേണ്ടിവരും.

ജനസംഖ്യയെ നിശ്ചയിക്കുന്ന ഘടകങ്ങൾ
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലുണ്ടായ സാമൂഹ്യമായ പുരോഗതിയും വിദ്യാഭ്യാസനേട്ടങ്ങളും ജനങ്ങളുടെ ജീവിത കാഴ്ച്ചപ്പാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ലിംഗസമത്വം, ആരോഗ്യ പരിപാലനം, ജനസംഖ്യാ വളർച്ചയും ജീവിത സൗകര്യവും തമ്മിലുള്ള ബന്ധം തുടങ്ങിയവ സംബന്ധിച്ച പ്രായോഗിക അറിവുകൾ കൈവന്നതോടെ, കുടുംബജീവിത ഘടനയിലും സ്വഭാവത്തിലും ഗുണപരമായ മാറ്റം പ്രകടമായി.
ഒരു പ്രദേശത്തെ ജനസംഖ്യ നിശ്ചയിക്കുന്നതിൽ ആയുർദൈർഘ്യം, മരണനിരക്ക്, പ്രത്യുൽപാദന നിരക്ക്, സ്ത്രീകളുടെ പ്രായവിതരണം തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്
പ്രത്യുൽപാദന നിരക്ക്
ജനസംഖ്യാവളർച്ചയെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ സാധിക്കുന്ന തരത്തിൽ സ്ത്രീകളുടെ പ്രത്യുൽപാദനനിരക്ക് (ഫെർട്ടിലിറ്റി റേറ്റ്) കുറക്കുന്നതിനുള്ള കുടുംബങ്ങളുടെ ശ്രമം വിജയം കണ്ടതുമൂലമാണ് ഇന്ത്യയിൽ ജനസംഖ്യാ വളർച്ച അടുത്തകാലത്ത് മന്ദഗതിയിലായത്. ഇന്ത്യയിലെ നിലവിലുള്ള ഫെർട്ടിലിറ്റി നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) 1 .9 ആണെന്നാണ് ഐക്യരാഷ്ട്രസഭയുടെ 2025-ലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിനർത്ഥം രാജ്യത്തെ ജനസംഖ്യാവളർച്ച അതേരീതിയിൽ നിലനിർത്താൻ ആവശ്യമായതിലും കുറവ് കുട്ടികളെ മാത്രമാണ് ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കുന്നത്. (കണക്കുപ്രകാരം ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2 .1 എങ്കിലും വേണം, വളർച്ച അതേപോലെ നിലനിർത്താൻ). 1950- ലെ കണക്കുപ്രകാരം ഇന്ത്യയിലെ ഫെർട്ടിലിറ്റി നിരക്ക് 5.9 ആയിരുന്നെങ്കിൽ ഇന്ന് അത് 2.0- നേക്കാളും കുറഞ്ഞിരിക്കുന്നു. സാമൂഹ്യവും വിദ്യഭ്യാസപരവുമായ മുന്നേറ്റത്തിലൂടെ എല്ലാ മത വിഭാഗങ്ങളിൽപെട്ടവരിലും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
അവസാനമായി നടന്ന ദേശീയ ആരോഗ്യ സർവ്വേ പ്രകാരം, ശരാശരി ഇന്ത്യൻ സ്ത്രീക്ക് ജീവിതകാലത്ത് 2.0 കുട്ടികൾ ഉണ്ടാകുമെന്നാണ് കണക്ക്. ഇതാകട്ടെ ചൈനയിലെയും (1.2) അമേരിക്കയിലെയും (1.6) നിരക്കിനേക്കാൾ വളരെ കൂടുതലുമാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ പ്രൊജക്ഷൻ പ്രകാരം ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യൻ ജനസംഖ്യ 150 കോടി (1.5 ബില്യൺ) കവിയുമെന്നും 2068 ആകുമ്പോഴേക്കും 200 കോടി മറികടക്കുമെന്നും പ്രവചിക്കുന്നു.
വിവിധ ജാതി- മത വിഭാഗങ്ങളെയും പ്രദേശങ്ങളെയും ആശ്രയിച്ച് രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് വ്യത്യാസപ്പെടുന്നതായി കാണാം. 2019 -21ലെ ആരോഗ്യ സർവ്വേ പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ശരാശരി 2.1 കുട്ടികളും നഗരപ്രദേശങ്ങളിലെ സ്ത്രീകൾക്ക് 1.6 കുട്ടികളുമുണ്ടാകാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. രണ്ടു ദശാബ്ദങ്ങൾക്ക് മുൻപ് ഇത് യഥാക്രമം 3 .7, 2 .7 കുട്ടികളായിരുന്നു.

സംസ്ഥാനങ്ങൾ തമ്മിലും നിരക്കിൽ വലിയ വ്യത്യാസമുണ്ട്. ബീഹാർ- 2.98, മേഘാലയ- 2.91, കേരളം- 1.80, സിക്കിം- 1.05, ഗോവ- 1.30 എന്നിങ്ങനെയാണ് ഫെർട്ടിലിറ്റി റേറ്റ്. ഗർഭധാരണ പ്രായം സംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്, നഗര- ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾ തമ്മിൽ ഗർഭധാരണപ്രായത്തിലും വലിയ അന്തരമുണ്ടെന്നാണ്. നഗരപ്രദേശങ്ങളിൽ താമസിക്കുന്ന 20- 49 പ്രായമുള്ളവരിൽ ആദ്യ പ്രസവത്തിലെ ശരാശരി പ്രായം 22.3 ആണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശരാശരി പ്രായം 20.8 ആണ്.
ആൺ -പെൺ അനുപാതം
പെൺകുട്ടി ജനിക്കുന്നതിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം സാങ്കേതികവിദ്യ ഉപയോഗിച്ച് ജനനത്തിനുമുമ്പ് ലിംഗനിർണയം നടത്താനും 1970 മുതൽ നിയമപരമായി അംഗീകരിച്ച ഗർഭഛിദ്രത്തിലൂടെ പെൺഭ്രൂണം അലസിപ്പിക്കാനും ശ്രമിച്ചിരുന്നുവെന്ന വാർത്തകൾ പല പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ ഇന്ത്യൻ സമൂഹത്തിൽ ആൺ -പെൺ അനുപാതം കൃത്രിമമായി ഉയരാനുള്ള ഒരു കാരണം ഇതായിരിക്കാം. ഈ സാമൂഹ്യ വിപത്തിനെതിരായി സർക്കാർ നേതൃത്വത്തിൽ 2015 മുതൽ നടന്ന വ്യപക പ്രചാരണങ്ങളും നടപടികളും കാരണം ആൺ -പെൺ അനുപാതം സാധാരണ നിലയിലേക്ക് ചുരുങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2011- ലെ സെൻസസിൽ ജനനസമയത്തെ ലിംഗാനുപാതം 100 പെൺകുട്ടികൾക്ക് ഏകദേശം 111 ആൺകുട്ടികൾ എന്ന വലിയ അസന്തുലിതാവസ്ഥയുണ്ടായിരുന്നെങ്കിൽ 2019-21 ലെ NFHS-ൽ 100 പെൺകുട്ടികൾക്ക് 108 ആൺകുട്ടികളെന്ന സ്വാഭാവിക നിലയിലയിലെത്തുന്ന സൂചനയാണുള്ളത്.
ഇന്ത്യൻ ജനങ്ങളുടെ ശരാശരി പ്രായം
ഇന്ത്യയിലെ 146 കോടി ജനങ്ങളിൽ 40 ശതമാനത്തിലധികവും 25 വയസ്സിന് താഴെയുള്ളവരാണെന്ന് ജനസംഖ്യയെ സൂക്ഷ്‌മമായി വിലയിരുത്തുമ്പോൾ മനസ്സിലാകും. ആഗോളതലത്തിലുള്ള 25 വയസ്സിന് താഴെയുള്ള ആൾക്കാരിൽ അഞ്ചിൽ ഒരാൾ ഇന്ത്യയിലാണെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. പ്രായവിതരണം (Age Distribution) സംബന്ധിച്ച കണക്കുകൾ പ്രകാരം, ജനങ്ങളുടെ ശരാശരി പ്രായം 28 വയസ്സാണ്. ഇതാകട്ടെ അമേരിക്കയിൽ 38 വയസ്സും ചൈനയിൽ 39 വയസ്സുമാണ്. അതുകൊണ്ട് ലോകത്തെ മറ്റു രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ജനസംഖ്യ ചെറുപ്പമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

ശിശുമരണ നിരക്ക്
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ശിശുമരണനിരക്ക് വലിയ തോതിൽ കുറക്കാൻ കഴിഞ്ഞുവെങ്കിലും അന്തർദേശീയ മാനദണ്ഡങ്ങൾ വെച്ചുനോക്കുമ്പോൾ ഇപ്പോഴും ഉയർന്ന നിലയിലാണ്. 1,000 ജനനങ്ങളിൽ 89 മരണങ്ങളായിരുന്നു 1990- ലെ കണക്കുപ്രകാരം ഉണ്ടായിരുന്നുവെങ്കിൽ 2020-ൽ 1,000 ജനനങ്ങളിൽ 27 മരണങ്ങളായി കുറഞ്ഞു. ഇന്ത്യയിലെ ശിശുമരണനിരക്ക് ഓരോ വർഷവും 0.1% നും 0.5% നുമിടയിൽ കുറയുന്നതായിട്ടാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. ചൈന (6), യു.എസ് (5) എന്നീ രാജ്യങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ശിശുമരണനിരക്ക് വളരെ കൂടുതലാണ് അതോടൊപ്പം അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവയേക്കാൾ ഇന്ത്യയുടെ ശിശുമരണനിരക്ക് കൂടുതലാണെന്നതും അവരുടെ ഗവേഷണ പഠനങ്ങളിൽ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനു വ്യത്യസ്തമായി, കേരളത്തിലെ ശിശുമരണനിരക്ക് അമേരിക്കയിലെ ശിശുമരണനിരക്കിന് സമാനമായ തരത്തിലാണെന്നത് നമ്മുടെ നേട്ടങ്ങളിലൊന്നാണ്.
ജനസംഖ്യാ വളർച്ചയും
വെല്ലുവിളികളും
ലോകത്തുള്ള 800 കോടിയിലധികം ജനങ്ങളുടെ വ്യക്തിഗത അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കിയും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനുള്ള അനന്തമായ സാധ്യതകൾ കണ്ടെത്താൻ നാമെല്ലാം ശ്രമിക്കേണ്ടിയിരിക്കുന്നു. ശാസ്ത്ര -സാങ്കേതിക പുരോഗതിയുടെ അടിസ്ഥാനത്തിൽ ജനജീവിതം മെച്ചപ്പെടുത്താനുള്ള സൗകര്യം ലോകമെമ്പാടുമുണ്ടെങ്കിലും നിർഭാഗ്യവശാൽ, ഇത്തരത്തിലുള്ള പുരോഗതി വിവിധ പ്രദേശങ്ങളിലായാലും വിവിധ വിഭാഗങ്ങളിലായാലും അസമമാണ്. ഇത് അസമത്വം രൂക്ഷമാക്കുന്നു. അതുകൊണ്ടുതന്നെ പട്ടിണി, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ, അക്രമം, ജലദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്കൽ ഭീഷണി തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നത് മുഖ്യമായും ലോകത്തിലെ ദുർബല ജനവിഭാഗങ്ങളാണ്. മതം, വംശം, ലിംഗഭേദം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും ഈ വിഭാഗങ്ങളെയാണ് പ്രതികൂലമായി കൂടുതൽ ബാധിക്കുന്നതും.

വിഭവങ്ങളുടെ പരിമിതമായ ലഭ്യത, കൃഷിഭൂമിയുടെ ശോഷണം, ജലത്തിന്റെ അമിത ഉപയോഗം, ഇന്ധനങ്ങളുടെ കുറഞ്ഞ ലഭ്യത, സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും വർധിക്കുന്ന വംശനാശം എന്നീ പ്രശ്നങ്ങളും ഭരണകൂടങ്ങൾ അനുവർത്തിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ നിലപാടുകളും കാരണം എണ്ണൂറുകോടിയോളം വരുന്ന മനുഷ്യരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ശരിയായ രീതിയിൽ നിറവേറ്റാൻ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള, ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ സാമൂഹ്യ- സാമ്പത്തിക സ്ഥിതിയാകട്ടെ ഒട്ടും ആശാവഹമല്ലതാനും.
ജനപ്പെരുപ്പം ഉയർത്തുന്ന ഇത്തരത്തിലുള്ള വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വിഭവങ്ങൾ ശരിയായ തോതിൽ വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്. ജനസംഖ്യയിലെ പ്രധാന വിഭാഗമായ യുവസമൂഹത്തെ ഇതിനായി ശാക്തീകരിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായേക്കാം.
