വധവും നീതിയും

രാജീവ്ഗാന്ധി വധക്കേസിൽ നളിനി ഉൾപ്പെടെ എല്ലാവരെയും വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിൽ 26 പ്രതികളാണുണ്ടായിരുന്നത്. ടാഡ വിചാരണ കോടതി 26 പേരെയും ശിക്ഷിച്ചുവെന്നുമാത്രമല്ല, വധശിക്ഷയാണ് അവർക്കു കിട്ടിയത്. തുടർന്ന്, സുപ്രീംകോടതി ആറുപേരുടെ വധശിക്ഷ ശരിവച്ചു... പേരറിവാളന് ശിക്ഷയിൽ ഇളവ് ലഭിച്ച സന്ദർഭത്തിൽ ജസ്റ്റിസ് കെ.ടി. തോമസുമായി കെ. കണ്ണൻ നടത്തിയ സംഭാഷണം.

കെ. കണ്ണൻ:ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ നിരവധി സവിശേഷതകളുള്ളതാണ്, രാജീവ്ഗാന്ധി വധക്കേസും, ഇപ്പോൾ പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട തുടർനിയമനടപടികളും. ഇവയിൽ, ഭരണഘടനാവകുപ്പുകളുടെയും നിയമവ്യവസ്ഥയുടെയും ശരിയായ പ്രയോഗത്തിനുവേണ്ടി ഫലപ്രദമായ ഇടപെടലുകൾ നടത്തിയ ന്യായാധിപൻ കൂടിയാണ് താങ്കൾ. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ല, ഒരാളുടെ കുറ്റസമ്മതമൊഴി മറ്റൊരാൾക്കെതിരെ ഉപയോഗിക്കാനാകില്ല തുടങ്ങിയ വാദങ്ങൾ പല ഘട്ടങ്ങളിലും താങ്കൾ മുന്നോട്ടുവച്ചിരുന്നു. പ്രതികളാക്കപ്പെട്ടവർക്ക് ശിക്ഷായിളവ് നൽകണമെന്ന തമിഴ്‌നാട് സർക്കാറിന്റെ ശുപാർശയിൽ തീരുമാനമെടുക്കാതെ ഗവർണർ രാഷ്ട്രപതിക്ക് കൈമാറിയത് കേട്ടുകേൾവിയില്ലാത്തതും ഭരണഘടനാവിരുദ്ധവുമാണ് എന്നും താങ്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധി വധക്കേസ് പ്രതിയായ ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെ അടക്കമുള്ളവരെ, ജീവപര്യന്തം ശിക്ഷയിൽ 14 വർഷം കഴിഞ്ഞപ്പോൾ നെഹ്‌റു സർക്കാർ ശിക്ഷയിളവ് നൽകി പുറത്തുവിട്ട കാര്യം, 2017ൽ സോണിയാഗാന്ധിക്ക് എഴുതിയ ഒരു കത്തിൽ താങ്കൾ സൂചിപ്പിച്ചിരുന്നു. ഇത്തരം അടിസ്ഥാന തത്വങ്ങൾ, ജുഡീഷ്യൽ നടപടികളെ ഈ കാലത്ത് കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്ന് പറയാൻ കഴിയുമോ?

ജസ്റ്റിസ് കെ.ടി. തോമസ്: രാജീവ്ഗാന്ധി വധക്കേസിൽ 26 പ്രതികളാണുണ്ടായിരുന്നത്. ടാഡ വിചാരണ കോടതി 26 പേരെയും ശിക്ഷിച്ചുവെന്നുമാത്രമല്ല, വധശിക്ഷയാണ് അവർക്കു കിട്ടിയത്. ഇത്, ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത ഒരു കാര്യമാണ്. തുടർന്ന്, സുപ്രീംകോടതി ആറുപേരുടെ വധശിക്ഷ ശരിവച്ചു. വധശിക്ഷ കൊടുക്കാൻ കാരണമുണ്ട്. ദീർഘകാലമായി ആസൂത്രണം ചെയ്‌തെടുത്ത ഒരു സംഭവമാണല്ലോ ഇത്. അപൂർവങ്ങളിൽ അപൂർവമായ കേസ്. ഇതിനുവേണ്ടി പരിശീലനം നടന്നു, വി.പി. സിങ്ങിന്റെ ഒരു പരിപാടിയിൽ ട്രയൽ റണ്ണും നടന്നു. ഇതെല്ലാം കഴിഞ്ഞാണ്, രാജീവ്ഗാന്ധിയെ ടാർഗറ്റ് ചെയ്ത്, ഒരു മനുഷ്യനെ മനുഷ്യബോംബാക്കി മാറ്റി കൃത്യം നടത്തിയത്. ഇങ്ങനെയൊരുസംഭവം ചരിത്രത്തിൽ കണ്ടിട്ടില്ല. രാജീവ്ഗാന്ധിയെ ടാർഗറ്റ് ചെയ്തപ്പോൾ, നിരപരാധികളായ മറ്റുള്ളവരും മരിച്ചില്ലേ? ഇതെല്ലാം കണക്കിലെടുത്താണ് അപൂർവങ്ങളിൽ അപൂർവകേസായി പരിഗണിച്ചത്.

ജസ്​റ്റിസ്​ കെ.ടി. തോമസ് / Photo : Augustus Binu, Wikimedia Commons

ഞാൻ വ്യക്തിപരമായി വധശിക്ഷക്ക് എതിരാണ്. എന്നാൽ, നിയമം അതുപോലെ പരിപാലിച്ചുകൊള്ളാമെന്നു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതുകൊണ്ട്, സുപ്രീംകോടതി എങ്ങനെയാണോ വധശിക്ഷയെ കണ്ടിരിക്കുന്നത്, അതായത്, അപൂർവങ്ങളിൽ അപൂർവമായ കേസിൽ കൊടുക്കണം എന്നാണല്ലോ, അങ്ങനെയാണ് ആ വിധിയുണ്ടായത്.

വധശിക്ഷക്ക് എതിരായ വ്യക്തിയെന്ന നിലയ്ക്കുള്ള അഭിപ്രായവും വധശിക്ഷ വിധിക്കുന്ന ന്യായാധിപന്റെ നിലപാടും തമ്മിലൊരു വൈരുധ്യമുണ്ടാകും. ഗവർണർക്കോ പ്രസിഡന്റിനോ വധശിക്ഷ നീക്കിക്കൊടുക്കാമല്ലോ, ആ സാധ്യത വച്ചാണ് ആ കോൺഫ്‌ളിക്റ്റിനെ ഞാൻ മറികടക്കുന്നത്.

നളിനിയെയും മുരുകനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ (1991) / Photo : starsunfolded.com

നളിനിക്ക് ജീവപര്യന്തം നൽകിയ ഭിന്നവിധി, മൂന്നംഗ ബഞ്ചിൽ ഞാൻ മാത്രമാണ് എഴുതിയത്. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. രാജീവ്ഗാന്ധിയാണ് വധിക്കപ്പെടാൻ പോകുന്നത് എന്ന് നളിനിയോട് നേരത്തെ പറഞ്ഞിരുന്നില്ല. പറഞ്ഞത്, കൃത്യം നടക്കുന്നതിന് തൊട്ടുമുമ്പാണ്. അപ്പോൾ, പുറകോട്ടുമാറാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു അവർ. പുറകോട്ടുമാറിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ അവരെ വെടിവെച്ചുകൊല്ലുമായിരുന്നു. അതുകൊണ്ട്, അവർ വിധേയയായ ഒരു റോബോട്ട് പോലെ പ്രവർത്തിക്കുകയായിരുന്നു. അവർ, തടവിലായിരുന്ന സമയത്ത് മുരുകനുമായി പ്രണയത്തിലാകുകയും ഗർഭിണിയാകുകയും ചെയ്തു. വിധി പറയുന്ന സമയത്ത് അവർ ഒരമ്മ കൂടിയാണ്. അവരുടെ പങ്കാളിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. അവരെ കൂടി വധശിക്ഷക്കുവിധേയമാക്കിയാൽ ആ കുഞ്ഞിന്റെ കാര്യം കഷ്ടത്തിലാകുമല്ലോ. ഈ പരിഗണനകൾ വച്ചാണ് ഞാൻ ജീവപര്യന്തം മതിന്ന് വിധിയിൽ എഴുതിയത്. മറ്റുരണ്ടു ജഡ്ജിമാർ അത് അംഗീകരിച്ചില്ല. അതുകഴിഞ്ഞ്, റിവ്യൂ പെറ്റീഷൻ വന്നു. കാര്യമായ പിശക് വിധിയിലുണ്ടെങ്കിലേ, റിവ്യൂ ചെയ്യാൻ പറ്റുകയുള്ളൂ. സാധാരണ ഗതിയിൽ റിവ്യൂ പെറ്റീഷൻ തള്ളിയാൽ മതിയായിരുന്നു. എന്നാൽ, ബച്ചൻ സിങ് കേസിലെ വിധിയനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ കേസിന് വധശിക്ഷ തന്നെ നൽകുന്നതിനുള്ള സാധ്യത ലഘൂകരിക്കപ്പെട്ടു. ജീവപര്യന്തം എന്ന ആൾട്ടർനേറ്റീവ്, Unquestionably Foreclosed ആണെങ്കിൽ മാത്രമേ വധശിക്ഷക്ക് സാംഗത്യമുള്ളൂ.

ഈ കേസിൽ, മൂന്ന് ജഡ്ജിമാരുടെ വിധിയിൽ ഒരാൾ പറയുന്നു, ജീവപര്യന്തം മതിയെന്ന്, മറ്റു രണ്ടുപേർ പറയുന്നു. അത് പോരാ എന്ന്. അപ്പോൾ, Unquestionably Foreclosed എന്നതിൽ ഇത് പെടില്ല. അഞ്ചുപേരുടെ ഒരു ബെഞ്ചിൽ പറയുന്നതുപോലെയല്ല മൂന്നുപേരുടെ ബഞ്ചിൽ പറയുന്നത്. അതൊരു കോൺസ്റ്റിറ്റിയൂഷനൽ പ്രൊവിഷനാണ്, ആർട്ടിക്കിൾ 21നെ ബാധിക്കുന്നത്. അതുകൊണ്ടാണ് ഞാൻ റിവ്യൂ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.

സോണിയ ഗാന്ധി, രാജീവ് ഗാന്ധി / Photo : Priyanka Gandhi, fb page

രാജീവ്ഗാന്ധിയുടെ വധത്തിൽ, സോണിയാഗാന്ധിക്കാണല്ലോ എറ്റവും കൂടുതൽ സങ്കടമുണ്ടാകേണ്ടത്. അതുകൊണ്ട് അവർ പറഞ്ഞാൽ ഫലമുണ്ടാകുമെന്ന് എനിക്കുതോന്നിയപ്പോഴാണ്, ശിക്ഷായിളവിന് ഇടപെടണമെന്നാവശ്യപ്പെട്ട് ഞാൻ അവർക്ക് കത്തയച്ചത്.

വധിക്കപ്പെട്ടയാൾ ഇന്ത്യൻ പൗരനാണ് എന്നതല്ലാതെ, അദ്ദേഹം ഏത് ഓഫീസിലുള്ളയാളാണ് എന്നത് അപ്രസക്തമാണ്. കാരണം, ഭരണഘടനയനുസരിച്ച് എല്ലാവർക്കും തുല്യരാണ്. വധിക്കപ്പെട്ടയാളുടെ പദവി നോക്കി ശിക്ഷ വിധിക്കുന്നതിന് ഭരണഘടനയും നിയമവും അനുവദിക്കുന്നില്ല.

നേരത്തെ സൂചിപ്പിച്ച അടിസ്ഥാന തത്വങ്ങൾ ജുഡീഷ്യറിയെ സ്വാധീനിച്ചതിന്റെ ഫലമായല്ലേ ഇപ്പോൾ പേരറിവാളനെ മോചിപ്പിച്ചത്.

അമ്മ അർപ്പുതമ്മാളിനൊപ്പം പേരറിവാളൻ

സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിക്കുള്ള പ്രത്യേക അധികാരം, അതായത്, ഭരണഘടനയുടെ 142ാം വകുപ്പ്, പ്രയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ശിക്ഷ ഇളവുചെയ്യാൻ തമിഴ്‌നാട് സർക്കാർ 2018ൽ ശുപാർശ ചെയ്തിട്ടും ഗവർണർ തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി ഇടപെടൽ. കൊലക്കുറ്റത്തിലെ ശിക്ഷ ഇളവുചെയ്യുന്നത് രാഷ്ട്രപതിയുടെ സവിശേഷ അധികാരമാണെന്നും ഗവർണർ തീരുമാനമെടുത്താലും ഫലമില്ലെന്നുമാണ് കേന്ദ്ര സർക്കാർ വാദിച്ചത്. വധക്കേസുകളിൽ മാപ്പ് നൽകുന്നതും ശിക്ഷ കുറക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ ഗവർണറെ ഉപദേശിക്കാനുള്ള വ്യക്തമായ അധികാരം സംസ്ഥാന സർക്കാറുകൾക്കുണ്ടെന്നും ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്ക് പരിശോധിക്കാമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. സുപ്രീംകോടതിയുടെ ഈ ഇടപെടൽ, ഈ കേസിലെ മറ്റു പ്രതികളുടെ കാര്യത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുക? ഭാവിയിൽ, സമാനമായ കേസുകളിൽ ഈ വിധി എങ്ങനെയാണ് പ്രതിഫലിക്കുക?

ഭാവിയിലല്ല, 142ാം വകുപ്പ്, ഇപ്പോൾ തന്നെ നിരവധി കേസുകളിൽ പ്രയോഗിച്ചിട്ടുണ്ട്. ഞാൻ തന്നെ നിരവധി കേസുകളിൽ ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. സമ്പൂർണമായ നീതി നടപ്പാക്കുന്നതിന്, സുപ്രീംകോടതിക്കുമാത്രം കൊടുത്തിരിക്കുന്ന പ്രത്യേക അധികാരമാണിത്.
ശിക്ഷായിളവ് നൽകണമെന്ന തമിഴ്‌നാട് സർക്കാറിന്റെ ശുപാർശ ഗവർണർ വച്ചുതാമസിപ്പിച്ചതും അതിൽ രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടത് എന്ന് ഗവർണർ പറഞ്ഞതും എനിക്ക് മനസ്സിലാകാത്ത കാര്യങ്ങളാണ്. ഭരണഘടനയിലെ രണ്ടു വകുപ്പുകളിൽ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ഫെഡറൽ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണത്. ആർട്ടിക്കിൾ 162ൽ പറയുന്നുണ്ട്, ഗവർണർക്കും പ്രസിഡന്റിനും ഇക്കാര്യത്തിൽ ഇടപെടാം. ഒരാൾ നേരിട്ട് പ്രസിഡന്റിന് കൊടുത്താലും കുഴപ്പമില്ല. ഇവിടെ, മന്ത്രിസഭ ഗവർണർക്ക് ശുപാർശ സമർപ്പിക്കുന്നു. ആർട്ടിക്കൾ 161 അനുസരിച്ച് ഗവർണർ അത് ചെയ്യേണ്ടതായിരുന്നു. ഈ ആർട്ടിക്കിൾ പറയുന്നത്, The Governor of a State shall have the power to grant pardons, reprieves, respites or remissions of punishment or to suspend, remit or commute the sentence of any person convicted of any offence against any law relating to a matter to which the executive power of the State extends എന്നാണ്. എന്തുകൊണ്ടാണ് ഗവർണർ ചെയ്യാതിരുന്നത്? അറിയില്ല.

രാജീവ്ഗാന്ധി കൊലപാതകക്കേസിൽ മറ്റു പ്രതികൾക്കും ഇതേ ഇളവ് നൽകണം. ഈ പ്രതികളെ കൂടി ഉൾപ്പെടുത്തിയുള്ള ശുപാർശയായിരിക്കണം തമിഴ്‌നാട് സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരിക്കുക. ആ പ്രതികൾക്കും ഇതേ യുക്തിവച്ച് ശിക്ഷായിളവ് നൽകേണ്ടതുണ്ട്.

(ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 78 ൽ പ്രസിദ്ധീകരിച്ചത്)

Comments