കോൺഗ്രസ്, ഇടതുപക്ഷം, സോഷ്യലിസ്റ്റ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു ബീഹാർ ടെസ്റ്റ്

കോൺഗ്രസ്- ഇടത്- സോഷ്യലിസ്റ്റ് ചേരിയെന്ന, ഒരുപക്ഷെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തമായ ഒരു സാധ്യതയാണ് ബീഹാർ ഇത്തവണ പരീക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഇതിന് ബീഹാറിലൂടെ രാജ്യത്തെ മുഴുവൻ ജനതയൂടെയും അവരുടെ പ്രതിസന്ധികളുടെയും പ്രതിനിധികളാകാൻ കഴിയുന്നത്. മറുവശത്ത്, സവർണ ജാത്യാധികാരമുപയോഗിച്ച് വ്യാജമായ ജനവിധിക്കുവേണ്ടിയുള്ള ബി.ജെ.പി- സംഘ്പരിവാർ തന്ത്രങ്ങളും. സമീപകാല ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ തന്ത്രങ്ങളാണ് ഏറെയും വിജയിക്കുന്നത്, അതുകൊണ്ടുതന്നെ, ഈ ജനവിധിയും ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഏറെയും

ഴുപതുകളുടെ മധ്യത്തിൽ ഇന്ദിരാഗാന്ധി ഒരു സമഗ്രാധിപത്യ ഭരണകൂടമായി മാറിയപ്പോൾ, അതിനെതിരായ ജനമുന്നേറ്റത്തിന് വിത്തിട്ട സംസ്ഥാനമാണ് ബീഹാർ. ഒരു സിനിമ തിയറ്ററിന്റെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിൽ സൗജന്യ ടിക്കറ്റുകളുമായി ബന്ധപ്പെട്ട തർക്കത്തിൽനിന്നാണ് ഈ പ്രതിഷേധത്തിന്റെ തുടക്കമെന്ന് അരവിന്ദ് നാരായൺ ദാസിന്റെ ‘റിപ്പബ്ലിക് ബീഹാർ' എന്ന കൃതിയിൽ പറയുന്നുണ്ട്, ആ മുന്നേറ്റം, ‘സമ്പൂർണ വിപ്ലവം' എന്ന മുദ്രാവാക്യവുമായി ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനമായി വിപുലപ്പെട്ടു.

അഴിമതിക്കേസിൽ മൂന്നുവർഷമായി തടവിൽ കഴിയുന്ന ലാലു പ്രസാദ് യാദവ്, ബി.ജെ.പിയുടെ കൂടി മുഖ്യമന്ത്രി സ്ഥാനാർഥിയായ നിതീഷ് കുമാർ എന്നിവർ ഈ കാലഘട്ടത്തിന്റെ മുളകളായിരുന്നുവെന്നുകൂടി ഓർക്കാം. അഴിമതിക്കും ഫാസിസത്തിനും എതിരായ ജെ.പി മൂവ്‌മെന്റിന്റെ ഒന്നല്ല, പലതരം ആന്റി ക്ലൈമാക്‌സുകളിൽ ചിലരുമാത്രമാണിവരെന്നും ആശ്വസിക്കാം.

ചെറിയ നിമിത്തങ്ങളിൽനിന്ന് വലിയ മുന്നേറ്റങ്ങളുണ്ടാക്കാനുള്ള, രാഷ്ട്രീയ പൊട്ടൻഷ്യലുള്ള പൗരസമൂഹമാണ് ബീഹാറിലേതെന്ന് ദേശീയരാഷ്ട്രീയത്തിലെ പല കാലങ്ങളും സാക്ഷ്യം പറയും. ഒക്‌ടോബർ 28ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും പ്രധാനമാകുന്നത്, രാജ്യം മുഴുവൻ നേരിടുന്ന പ്രശ്‌നങ്ങളുടെ ഒരു ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ്.

നിതീഷ്‌കുമാർ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുന്നു

നിതീഷ്, തേജസ്വി, ചിരാഗ്

ഈ നിയമസഭ തെരഞ്ഞെടുപ്പ് ബീഹാറിലെ രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും അവയുടെ പലതരം വോട്ടുവിനിമയങ്ങളെയും സംബന്ധിച്ച് ഒട്ടും സവിശേഷതയില്ലാത്ത ഒന്നു കൂടിയാണ്. കാരണം, ഇത്തവണത്തെ തെരഞ്ഞെടുപ്പുസഖ്യങ്ങൾ സ്വഭാവികമായിരുന്നു, നിതീഷിനെതിരായ രാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന്റെ ‘കലാപം' പ്രതീക്ഷിത നാടകം മാത്രമായിരുന്നു.

മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ ജെ.ഡി(യു)- എൻ.ഡി.എ സഖ്യം, ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി)- കോൺഗ്രസ്- ഇടതുപാർട്ടികൾ എന്നിവയുടെ മഹാസഖ്യം എന്നീ രണ്ടു മുന്നണികളാണ്​ മുഖാമുഖം. 2015ൽ ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തിനൊപ്പം എൻ.ഡി.എക്കെതിരെ വൻ ഭൂരിപക്ഷം നേടിയാണ് നിതീഷ്‌കുമാർ മുഖ്യമന്ത്രിയായത്. തേജസ്വിയും സഹോദരൻ തേജ് പ്രതാപും മന്ത്രിമാരാകുകയും ചെയ്തു. 2017ൽ ആർ.ജെ.ഡിയുമായുള്ള സഖ്യം വിട്ട നിതീഷ് ബി.ജെ.പിക്കൊപ്പം കൂടി മുഖ്യമന്ത്രിയായി തുടർന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബീഹാർ നിതീഷ്- ബി.ജെ.പി സഖ്യം തൂത്തുവാരി.

മഹാസഖ്യത്തിൽ ആർ.ജെ.ഡി 144, കോൺഗ്രസ് 70, ഇടതുപാർട്ടികൾ 29 സീറ്റുകളിൽ വീതം മൽസരിക്കുന്നു. 50ലേറെ മണ്ഡലങ്ങളിൽ സ്വാധീനമുള്ള സി.പി.ഐ (എം.എൽ ലിബറേഷൻ) 19, സി.പി.ഐ ആറ്, സി.പി.എം നാല് സീറ്റുകളിൽ വീതമാണ് മൽസരിക്കുന്നത്. സി.പി.ഐ(എം.എൽ)ക്ക് ഇപ്പോൾ മൂന്ന് എം.എൽ.എമാരാണുള്ളത്. സി.പി.എമ്മും സി.പി.ഐയും സ്വാധീനമുള്ള ഇടതുപാർട്ടികളല്ല.

നിതീഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ബി.ജെ.പിയുമായി ബന്ധം നിലനിർത്തുകയും ചെയ്യുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) യാണ് മറ്റൊരു ഘടകം. നിതീഷിന്റെ ജെ.ഡി(യു)വിനെതിരെ മാത്രമേ സ്ഥാനാർഥികളെ നിർത്തൂ എന്ന് ചിരാഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
എൽ.ജെ.പി നിലപാട് ‘സ്വന്തം മുഖ്യമന്ത്രി' എന്ന സ്വപ്‌നസാക്ഷാൽക്കാരത്തിലേക്ക് തങ്ങളെ നയിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

എൽ.ജെ.പി പ്രകടന പത്രിക പുറത്തിറക്കുന്ന യോഗത്തിൽ ചിരാഗ് പാസ്വാൻ

ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന മുഖ്യമന്ത്രി നീതീഷ് കുമാർ കഴിഞ്ഞ തവണത്തേതുപോലെ അത്ര ജനപ്രിയനല്ല. ഒരു തൂക്കുസഭ വരികയാണെങ്കിൽ ‘എന്തു വില' കൊടുത്തും ബി.ജെ.പി തനിക്കെതിരെ തിരിയുമെന്നും തന്ത്രശാലിയായ നിതിഷിന് ബോധ്യമുണ്ട്. ഈയൊരു സംഘർഷം ജെ.ഡി.യു- എൻ.ഡി.എ മുന്നണിയിൽ ആന്തരിക വെല്ലുവിളിയുയർത്തുന്നു.

മഹാസഖ്യത്തിലുമുണ്ട് വിള്ളലുകൾ. ആർ.ജെ.ഡിയുടെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി പ്രസാദ് യാദവിനെ മഹാസഖ്യത്തിലെ പല പാർട്ടികളും മുഖ്യമന്ത്രി മുഖമായി അംഗീകരിക്കുന്നില്ല. മാത്രമല്ല, നിതീഷിനൊപ്പം നിൽക്കാനുള്ള രാഷ്ട്രീയ പാകതയും തന്ത്രജ്ഞതയും തേജസ്വിക്ക് ഇല്ലെന്ന യാഥാർഥ്യവും സഖ്യത്തിലെ പല കക്ഷിനേതാക്കളും പങ്കുവെക്കുകയും ചെയ്യുന്നു. കൂടാതെ, തേജസ്വി യാദവും സി.പി.ഐയുടെ സ്റ്റാർ സ്‌ട്രൈക്കർ കനയ്യ കുമാറും തമ്മിലും ഭിന്നതയുണ്ട്.

ഇടതുപാർട്ടികളുടെ വിദ്യാർഥി നേതാക്കളാണ് മഹാസഖ്യത്തിന്റെ പ്രചാരണ മുഖങ്ങൾ. ജെ.എൻ.യുവിലെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും സമരമുഖത്തുണ്ടായിരുന്ന പൂർവ വിദ്യാർഥികളെയാണ് ഇടതുപാർട്ടികൾ പ്രധാനമായും മൽസരിപ്പിക്കുന്നത്. സന്ദീപ് സൗരവ്, മനോജ് മൻസിൽ, അഫ്താബ് ആലം, രജ്ഞിത്ത് റാം, ജിതേന്ദ്ര പാസ്വാൻ, അജിത് കുശ്‌വാഹരേ എന്നിവരാണ് സി.പി.ഐ (എം.എൽ)യുടെ പ്രമുഖ സ്ഥാനാർഥികൾ.

സന്ദീപ് സൗരവ് ‘ഐസ' ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്. 37കാരനായ ദളിത് നേതാവ് മനോജ് മൻസിൽ, സി.പി.ഐ (എം.എൽ) യുവജനവിഭാഗമായ റവലൂഷനറി യൂത്ത് അസോസിയേഷൻ ദേശീയ പ്രസിഡന്റാണ്, തീപ്പൊരി നേതാവാണ്, ദളിത് വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പരിചിത മുഖം.
ലോക്ക്ഡൗണിനെതുടർന്ന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയ തൊഴിലാളികളെ സർക്കാർ അവഗണിച്ചപ്പോൾ അവർക്കൊപ്പം അണിനിരന്നതിന്റെ അനുഭവം കൂടി സി.പി.ഐ(എം.എൽ) പ്രവർത്തകർക്കുണ്ട്. ബൂത്ത് പിടുത്തം തടഞ്ഞ് ദളിതരെയും ഭൂരഹിത കർഷകരെയും പോളിംഗ് ബൂത്തിലെത്തിച്ചാണ് എൺപതുകളുടെ ഒടുവിൽ എം.എൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്. 1989ലാണ് പാർട്ടിക്ക് ആദ്യ എം.പിയുണ്ടാകുന്നത്, രാമേശ്വർ പ്രസാദ്.

അസദുദ്ദീൻ ഒവൈസി സെക്യുലർ ഫ്രണ്ട് സ്ഥാനാർത്ഥികൾക്കൊപ്പം

അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, രാഷ്ട്രീയ ലോക് സമത പാർട്ടി, ബി.എസ്.പി, സമാജ്‌വാദി ജനത ദൾ(യുണൈറ്റഡ്), ഭാരതീയ സമാജ് പാർട്ടി, ജൻവേദി പാർട്ടി സോഷ്യലിസ്റ്റ് എന്നിവയടങ്ങുന്ന ഗ്രാന്റ് ഡെമോക്രാറ്റിക് സെക്യുലർ ഫ്രണ്ടാണ് മറ്റൊരു മുന്നണി, പ്രകാശ് അംബേദ്കറും ഇതിന്റെ ഭാഗമാകും. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി, ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക്​ ഫ്രണ്ട്​, ബഹുജൻ മുക്​തി പാർട്ടി എന്നിവ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ട് (പി.ഡി.പി) എന്ന പേരിലും മൽസരിക്കുന്നു. ദളിത്​- ന്യൂനപക്ഷ വോട്ടുകളാണ്​ ഇരുമുന്നണികളുടെയും ലക്ഷ്യം. ചില മേഖലകളിൽ വൻ ജനപിന്തുണയുള്ള ആസാദിന്റെ നീക്കം നിതീഷും ബി.ജെ.പിയും കരുതലോടെയാണ്​ വീക്ഷിക്കുന്നത്​. തെരഞ്ഞെടുപ്പു നേട്ടത്തേക്കാളുപരി യു.പിക്കുപുറമേ ബീഹാറിൽ കൂടി ദളിത്​ വിഭാഗത്തിന്റെ യഥാർഥ പ്രാതിനിധ്യത്തിലേക്കുയരുകയാണ്​ ആസാദിന്റെ ലക്ഷ്യം.

പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ട്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചന്ദ്രശേഖർ ആസാദ്​ സംസാരിക്കുന്നു

ജനവിധി അട്ടിമറിക്കാൻ ബി.ജെ.പി ഒരു മുഴം മുമ്പേ

ജനം പുറന്തള്ളിയവരെ പിൻവാതിലുകളിലൂടെ ഭരണാധികാരത്തിലെത്തിച്ച് ജനവിധി അട്ടിമറിക്കുക എന്നത് ബി.ജെ.പി നയമാണ്. ബീഹാറിൽ, 2015ലെ വോട്ടിംഗ് പാറ്റേണിലാണ് ബി.ജെ.പിയുടെ കണ്ണ്. 2015ൽ പാർട്ടി മൽസരിച്ചത് 157 സീറ്റിലാണ്, 53 ഇടത്ത് ജയിച്ചു, 104 ഇടത്ത് രണ്ടാം സ്ഥാനത്തായി.
ഇത്തവണ 243 അംഗ സഭയിലേക്ക്, 110 സീറ്റിൽ ബി.ജെ.പി മൽസരിക്കുന്നു, അതിനർഥം, ബാക്കി മണ്ഡലങ്ങളിൽ ബി.ജെ.പി മൽസരിക്കുന്നില്ല എന്നുകൂടിയാണ്. ഇവിടെയാണ് എൽ.ജെ.പി ഒരു ഘടകമാകുന്നത്.

എൽ.ജെ.പിക്ക് എതിർപ്പ് നിതീഷിനോടുമാത്രമാണ്. അതായത്, എൽ.ജെ.പി മൽസരിക്കുന്നിടങ്ങളിൽ അവർക്ക് ബി.ജെ.പി പിന്തുണ കിട്ടും, നിതീഷിനെ നേരിടാൻ ബി.ജെ.പി- എൽ.ജെ.പി ‘ഇൻവിസിബിൾ' ധാരണ.

ഈ ധാരണയിലൂടെ കഴിഞ്ഞ തവണ ജയിച്ച 53 സീറ്റ് നിലനിർത്താനും രണ്ടാം സ്ഥാനത്തെത്തിയ 104 സീറ്റ് തിരിച്ചുപിടിക്കാനും കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു- അതായത്, 157 ഇടത്ത് ജയം. 2015ൽ എൽ.ജെ.പി രണ്ടിടത്താണ് ജയിച്ചത്, 36 ഇടത്ത് രണ്ടാം സ്ഥാനത്തുവന്നു. ഇത്തവണ പാർട്ടി 140 സീറ്റിലാണ് മൽസരിക്കുന്നത്. അതായത്, ബി.ജെ.പി വോട്ട് കിട്ടിയാൽ ഇത്തവണ 2 + 36 = 38 സീറ്റ് കിട്ടിയേക്കാം, രണ്ടു പാർട്ടികൾക്കും കൂടി 193 സീറ്റാകും, സഭയിൽ ഇത് നിർണായക ഭൂരിപക്ഷമാകും, മുഖ്യമന്ത്രിയാകാനുള്ള നിതീഷിന്റെ വിലപേശൽ ശക്തി തകർക്കാനും ‘സ്വന്തം മുഖ്യമന്ത്രി'യെ വാഴിക്കാനും ഇതിലൂടെ കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.

2005ലെ തെരഞ്ഞെടുപ്പിൽ രാം വിലാസ് പാസ്വാനായിരുന്നു കിംഗ് മേക്കർ, ഇത്തവണ ആ പദവിയിൽ താനായിരിക്കും എന്നാണ് ചിരാഗിന്റെ പ്രതീക്ഷ. പിതാവിന്റെ മരണത്തിലുള്ള സഹതാപതരംഗം അടക്കം ചിരാഗ് മുതലാക്കുന്നുണ്ട്. രാം വിലാസ് പാസ്വാനോടുള്ള പക, മരണശേഷവും നിതീഷ് പ്രകടിപ്പിച്ചുവെന്ന് എൻ.ഡി.ടി.വിക്കുനൽകിയ അഭിമുഖത്തിൽ ചിരാഗ് പാസ്വാൻ പറയുന്നു: പാസ്വാന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്ന ഒരു വാക്ക് എന്നോടോ അമ്മയോടോ നിതീഷ് പറഞ്ഞില്ല. പാസ്വാന്റെ ഭൗതികശരീരം ഡൽഹിയിൽനിന്ന് പാറ്റ്‌നയിൽ എത്തിച്ചേപ്പോൾ ആദരം അർപ്പിക്കാൻ നിതീഷും ഉണ്ടായിരുന്നു. പക്ഷെ, എന്നെ അദ്ദേഹം കണ്ടഭാവം നടിച്ചില്ല, ഞാൻ അദ്ദേഹത്തിന്റെ കാലടികൾ തൊട്ടുവന്ദിച്ചു, എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നു.

ചിരാഗിന് എത്രത്തോളം നിതീഷിനെ മുറിവേൽപ്പിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. എൽ.ജെ.പിക്ക് 30ലേറെ സീറ്റ് കിട്ടുകയും തൂക്കുസഭയാകുകയും ചെയ്താൽ എൽ.ജെ.പി പിന്തുണയോടെ, നിതീഷിന്റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

നിതീഷ്‌കുമാറിന് ഇത്തരം തന്ത്രങ്ങൾക്ക് മറുപടി നൽകാൻ തക്ക തന്ത്രജ്ഞതയുണ്ട്. ഒരുവേള തൂക്കുസഭയായാൽ, എൻ.ഡി.എ സഖ്യം വിട്ട് മഹാസഖ്യത്തോടൊപ്പം ചേർന്ന് തുടർഭരണം നേടിയെടുക്കാനുള്ള വിദ്യ അദ്ദേഹത്തിനറിയാം. ഒരു മുന്നണിയോടും അസ്​​പർശ്യതയില്ലാത്ത നിതീഷിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ധാരണയിലെത്താൻ മഹാസഖ്യത്തിലെ ഒരു പാർട്ടിയും എതിരുനിൽക്കില്ല.

കാസ്റ്റിംഗ് ദി കാസ്റ്റ്

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വോട്ടിങ് ഉപകരണങ്ങളായി മാത്രം കാണുന്ന വിഭാഗമാണ് ദളിതർ. നിയമസഭാ സീറ്റുകളുടെ 40 ശതമാനത്തിലും സ്വാധീനം ചെലുത്താൻ കഴിയുന്ന വിഭാഗം. സംസ്ഥാന ജനസംഖ്യയിൽ 14 ശതമാനും യാദവരും 17 ശതമാനം മുസ്‌ലിംകളും 16 ശതമാനം പട്ടികജാതിക്കാരും 36 ശതമാനം യാദവരല്ലാത്ത ഒ.ബി.സിക്കാരുമാണ്. 15 ശതമാനമാണ് മേൽജാതിക്കാർ.

ഇതിൽ മോസ്റ്റ് ബാക്ക്‌വേഡ് കാസ്റ്റ് അല്ലെങ്കിൽ എക്​സ്​​ട്രീമിലി ബാക്ക്‌വേഡ് കാസ്റ്റ് വിഭാഗം (MBC/ EBC) 24 ശതമാനം, ദളിതർ ആറു ശതമാനം, മഹാദളിതർ 10 ശതമാനം- ആകെ 40 ശതമാനം. പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത 38 സീറ്റുകളിൽ മാത്രമല്ല, 60 മറ്റു സീറ്റുകളിൽ കൂടി സ്വാധീനം ചെലുത്താൻ യഥാർഥത്തിൽ ദളിത് വിഭാഗത്തിന് കഴിയും. ആകെ 100, അതായത്, നിയമസഭ സീറ്റുകളുടെ 40 ശതമാനം. എന്നാൽ, രാഷ്ട്രീയ പ്രയോഗങ്ങളിൽ ഈ ശതമാനക്കണക്കിന് പുല്ലുവിലയാണ്.

സി.പി.എം സ്ഥാനാർത്ഥി പ്രചാരണത്തിൽ

തങ്ങളെ വോട്ടുബാങ്കാക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയും വിധമുള്ള ഒരു രാഷ്ട്രീയ- സംഘടനാ രൂപവത്കരണം അസാധ്യമാക്കും വിധം അത്ര ശക്തമാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ധൃതരാഷ്ട്രാലിംഗനം. അംബേദ്കറിസത്തിലൂന്നി, വിജ്ഞാനം അടക്കമുള്ള വിഭവാധികാര രാഷ്ട്രീയം മുദ്രാവാക്യമായി തന്നെ രൂപപ്പെടുത്തിയ ഒരു ദളിത് റാഡിക്കൽ ഇന്റലിജൻഷ്യ ഉത്തരേന്ത്യയിൽ രൂപപ്പെട്ടുവരുന്നതായി സബാൾട്ടൻ പഠനങ്ങളുടെ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ജനാധിപത്യപരമായി കീഴാള പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ കഴിയുംവിധമുള്ള ഒരു രാഷ്ട്രീയ പരിപ്രേഷ്യമായോ പരിപാടിയായോ ഇതിന് വികസിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, സ്വന്തം പ്രതിനിധാനങ്ങളിലേക്ക് ഒരിക്കലും ഉയരാൻ അനുവദിക്കാതെ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇവരെ എന്നും ‘കീഴാള' ഉപകരണങ്ങളായി നിലനിർത്തുന്നു.

ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി- ബീഹാർ കേന്ദ്രീകരിച്ച് ദളിതരെയും യാദവ് ഒഴിച്ചുള്ള ഒ.ബി.സി വിഭാഗങ്ങളെയും തങ്ങളുടെ പ്രാതിനിധ്യത്തിലേക്ക് കൊണ്ടുവരാൻ അമിത് ഷായുടെ ഒത്താശയിൽ വർഷങ്ങളായി ഊർജിതശ്രമം നടക്കുന്നുണ്ട്. പാർട്ടിയുടെ ബ്രാഹ്മണ വോട്ടുബാങ്കിനെ ഒരു ഹിന്ദു വോട്ടുബാങ്കായി വിപുലപ്പെടുത്താനുള്ള നീക്കം കൂടിയാണിത്. ഈ ‘ഹിന്ദു ഏകീകരണ' ശ്രമങ്ങൾ ഫലം കാണുകയും ചെയ്യുന്നു.

ഇതുവരെ തങ്ങളുടെ വോട്ടുബാങ്ക് അല്ലാത്ത ദളിതുകളുടെ പിന്തുണ ഇത്തവണ ബീഹാറിൽ ബി.ജെ.പി വരവുവെക്കുന്നു. കായസ്ത, രജ്പുത്, ഭൂമിഹാർ, ബ്രാഹ്മണ സമുദായങ്ങൾ കൂടാതെ, ദളിത്, മഹാദളിത് വിഭാഗക്കാരെ സ്ഥാനാർഥികളാക്കി ബി.ജെ.പി ദളിത് വോട്ടുബാങ്ക് പിളർത്താനും സ്വന്തമാക്കാനും തന്ത്രം മെനയുന്നുണ്ട്. മഹാദളിതുകൾ, ഇ.ബി.സി വിഭാഗം (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ), ഒ.ബി.സി, ആദിവാസികൾ എന്നീ വിഭാഗങ്ങൾ മഹാസഖ്യം വിട്ടതായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. വോട്ടർമാരിൽ 30 ശതമാനം വരുന്ന ഇ.ബി.സിക്കും 22 ശതമാനം വരുന്ന ഒ.ബി.സിക്കും കൂടുതൽ മണ്ഡലങ്ങൾ നൽകി ആർ.ജെ.ഡി വോട്ടുബാങ്ക് പിളർക്കുകയാണ് ബി. ജെ.പി ലക്ഷ്യം.

(മഹാദളിത് എന്നതുതന്നെ, നിതീഷ്‌കുമാറിന്റെ രാഷ്​ട്രീയ അവതരണമാണ്. 2007ൽ ബീഹാർ സ്‌റ്റേറ്റ് മഹാദളിത് കമീഷൻ 18 പട്ടികജാതി വിഭാഗങ്ങളെ മഹാദളിത് കുടക്കീഴിലണിനിരത്തി, പിന്നീട് പാസ്വാൻ ഒഴിച്ച് മൂന്നുവിഭാഗങ്ങളെ കൂടി ചേർത്തു. രാം വിലാസ് പാസ്വാന്റെ വോട്ട് അടിത്തറ ഇതോടെ ദുർബലമായി. 2018ൽ പാസ്വാൻ വിഭാഗത്തെ കൂടി മഹാദളിത് വിഭാഗത്തിൽ ഉൾപ്പെടുത്തി).

ബീഹാർ നിയമസഭയിൽ 38 സംവരണ സീറ്റുണ്ട്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി 14 ദളിത് സീറ്റ് നേടി, ജെ.ഡി.യുവിന് 10, കോൺഗ്രസ്, ബി.ജെ.പി അഞ്ചുവീതം സീറ്റും നേടി. ഇതിൽ 13 സ്ഥാനാർഥികളും രവിദാസ് സമുദായക്കാരായിരുന്നു, 11 പേർ പാസ്വാൻ സമുദായവുമാണ്. 2015ൽ ലാലുവുമായി കൈകോർത്ത നിതീഷ്, 19 ശതമാനം ദളിത്, 25 ശതമാനം മഹാദളിത് വോട്ട് നേടി. എൻ.ഡി.എക്ക് 54 ശതമാനം ദളിത്, 30 ശതമാനം മഹാദളിത് വോട്ട് കിട്ടി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ദളിത്, മഹാദളിത് വിഭാഗങ്ങളുടെ 42 ശതമാനവും നേടിയത്. ജെ.ഡി.യുവിന് 20 ശതമാനവും. ലാലുവിന്റെ പാർട്ടിക്ക് കിട്ടിയത് വെറും 10 ശതമാനം. മുസ്‌ലിം- യാദവ്, ദളിത് വോട്ട് കേന്ദ്രീകരണത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മഹാസഖ്യം. യാദവ, മുസ്‌ലിം, ദളിത്, മുന്നാക്ക വോട്ടുകളുടെ കോമ്പിനേഷനാണ് തേജസ്വി അവതരിപ്പിക്കുന്നത്. നിതീഷിന്റെ വോട്ടുബാങ്കായ മഹാദളിത് വിഭാഗത്തെ ഭിന്നിപ്പിക്കാൻ കഴിഞ്ഞത് മഹാസഖ്യത്തിനും എൽ.ജെ.പിക്കുമാകും ഗുണം ചെയ്യുക. എങ്കിലും, ബി.ജെ.പിയുടെ വോട്ട് വിഭജനതന്ത്രങ്ങളെ മറികടക്കാനുള്ള സാമർഥ്യം പ്രതിപക്ഷ നീക്കങ്ങൾക്കില്ല.

ബീഹാർ പറയുന്നു, നിതീഷ് നഗ്‌നനാണ്

രണ്ടാം മോദി സർക്കാറിന്റെ വരവോടെ, ആർ.എസ്.എസിന്റെ ആശീർവാദത്തിൽ തീവ്രമാക്കപ്പെട്ട ഹിന്ദുത്വ, ജാതി ധ്രുവീകരണ- വിഭജന അജണ്ടയും സാമ്പത്തിക- വികസന മേഖലയിലെ കോർപറേറ്റുവൽക്കരണവും തുടരാനുള്ള മാൻഡേറ്റിനുകൂടിയായാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളുടെ തീർപ്പുകൾ നൽകിയ ആനുകൂല്യം, അയോധ്യയിൽ മോദി തന്നെ തുടക്കമിട്ട രാമക്ഷേത്ര നിർമാണം, കൃഷി, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ കോർപറേറ്റുവൽക്കരണവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ എന്നിവയുടെ സ്ഥിരീകരണത്തിന് ബീഹാർ ഒരു ഉപകരണമായി മാറുന്നു. അതുകൊണ്ടുതന്നെ, യഥാർഥ ജനവിധിയെ അവിഹിതമായി സ്വാധീനിച്ചും അതിനെ അട്ടിമറിച്ചും ബീഹാറിൽ സ്വന്തം ഭരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണങ്ങളിൽ വ്യക്തമാണ്.

എന്നാൽ, കഴിഞ്ഞ തവണത്തേതുപോലെ നീതിഷ്‌കുമാറിന് ‘മികച്ച ഭരണനിർവഹണം', ‘വികസനം' എന്നീ മുദ്രാവാക്യങ്ങളുടെ പുറത്ത് സഞ്ചരിക്കാനാകില്ല. ആഭ്യന്തര ഉൽപാദന- വളർച്ചാ നിരക്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബീഹാർ ഏറെ പുറകിലാണ്. കാർഷിക മേഖലയിലും ഗ്രാമീണ സമ്പദ്ഘടനയിലും കേന്ദ്ര നയങ്ങളുണ്ടാക്കിയ പ്രത്യാഘാതങ്ങൾ രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്ന് ബീഹാറാണ്. കാർഷിക ചെലവുകൾ വർധിക്കുകയും കാർഷികോൽപ്പന്നങ്ങളുടെ ആഭ്യന്തര വില ഇടിയുകയും കർഷകരുടെയും ചെറുകിട ഉൽപാദകരുടെയും വായ്പാ സാധ്യതകൾ കുറയുകയും ചെയ്തു. ഇത് ഗ്രാമങ്ങളിൽ ദാരിദ്ര്യവൽക്കരണത്തിന്റെ തോത് കൂട്ടി.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

അടിസ്ഥാന വർഗത്തിന്റെ തൊഴിലില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. 87 ശതമാനം തൊഴിലാളികൾക്കും പതിവായി ശമ്പളം കിട്ടുന്ന ജോലിയില്ലെന്ന് നാഷനൽ സാമ്പിൾ സർവേയുടെ 2017-18 ലേബർ ഫോഴ്‌സ് സർവേ പറയുന്നു. തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ 2015നുശേഷം കുത്തനെ ഉയരുകയാണ്.
അയൽ സംസ്ഥാനമായ യു.പിയിൽ നിയമവാഴ്ച പൂർണമായി തകർന്നതും ബീഹാർ വോട്ടർമാരെ സ്വാധീനിക്കുമെന്ന ഭീതി നിതീഷിനുണ്ട്. അതുകൊണ്ട്, മഹാസഖ്യത്തിലെ സി.പി.ഐ (എം.എൽ) സാന്നിധ്യം ചൂണ്ടിക്കാട്ടി ‘ഭീകരവാദം' എന്ന ഭീതി സൃഷ്ടിക്കുകയാണ് നിതീഷ്.

യഥാർഥ ഭൂരിപക്ഷം, യഥാർഥ വിഷയം

എന്നാൽ, വിഹിതമായതും അവിഹിതമായതുമായ കൂട്ടലും കിഴിക്കലും മാത്രമല്ല, ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്. വിപുലമായ അർഥത്തിൽ പൗരത്വവും അപൗരത്വവും കൂടിച്ചേർന്ന ഇച്ഛയുടെയും നിർണയത്തിന്റെയും അന്തർധാര, ഏതു ജനവിധിയെയും സ്വാധീനിക്കാറുണ്ട്, അവ മാധ്യമങ്ങളുടെ വോട്ടുബാങ്കുതിയറികളുടെ ഉള്ളടക്കമാകാറില്ലെങ്കിലും. വോട്ടിംഗ് പാറ്റേണിൽ ദൃശ്യമാകുന്നതല്ല, യഥാർഥ ഭൂരിപക്ഷം എന്ന വസ്തുത നവ ജനാധിപത്യപ്രയോഗങ്ങളെക്കുറിച്ചുള്ള വിചാരങ്ങളിൽ പ്രാമുഖ്യം നേടുന്നുണ്ടെങ്കിലും നമ്മുടെ ജനാധിപത്യബോധത്തെ ഈ യാഥാർഥ്യം കണ്ണുതുറപ്പിച്ചിട്ടില്ല എന്നുമാത്രം.

കോവിഡ് കാലത്ത് ലോകത്തുതന്നെ നടക്കുന്ന ഏറ്റവും വിപുലമായ തെരഞ്ഞെടുപ്പ് എന്നാണ് ബീഹാർ ഇലക്ഷനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വിശേഷിപ്പിച്ചത്. എന്നാൽ, കോവിഡുമാത്രമല്ല, ഈ തെരഞ്ഞെടുപ്പിനെ വിപുലമാക്കുന്നത്. അത്, ഇന്ത്യൻ ജനത ഇന്ന് അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്‌നങ്ങളുടെ ‘ഇലക്ഷൻ' കൂടിയാണ്.

തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ മടക്കം, പുതിയ കാർഷിക- തൊഴിൽ നിയമങ്ങൾ, കീഴാള പ്രശ്‌നങ്ങൾ, ജാതി വിവേചനം, പ്രകൃതി ദുരന്തം തുടങ്ങി ഇന്ത്യൻ ജനത നേരിടുന്ന ഏറ്റവും അടിസ്ഥാന വിഷയങ്ങൾ തന്നെയാണ് ബീഹാറിലെ ഓരോ സ്ഥാനാർഥിക്കുമുന്നിലും ഉള്ളത്.

വിദ്യാർഥികളുടെയും യുവാക്കളുടെയും ഊർജം ഏറെയുള്ള ഇടതുപാർട്ടികളടങ്ങുന്ന മഹാസഖ്യം തൊഴിലില്ലായ്മയിലാണ് ഊന്നുന്നത്. സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവാക്കളിൽനിന്ന് ആർ.ജെ.ഡിക്കും കോൺഗ്രസിനും അപ്രതീക്ഷിത പ്രതികരണമാണ് ലഭിച്ചത്. തൊഴിൽ രഹിതരായ പത്തുലക്ഷത്തിലേറെ യുവാക്കളാണ് സപ്തംബർ അഞ്ചിന് തുടങ്ങിയ ആർ.ജെ.ഡിയുടെ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. നാലുലക്ഷത്തിലേറെ പേർ ബീഹാർ പ്രദേശ് യൂത്ത് കോൺഗ്രസ് പോർട്ടലിലും എത്തി. പത്തുലക്ഷം പേർക്ക് തൊഴിലാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം.

തേജസ്വി യാദവ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നു

സംസ്ഥാനത്ത് ഏപ്രിൽ വരെയുള്ള തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമാണ് (Centre for Monitoring Indian Economy -CMIE). ഇത് ദേശീയശരാശരിയായ 23.5 ശതമാനത്തേക്കാൾ ഇരട്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിസന്ധിയും രൂക്ഷമാണ്.

ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികളുടെ ദുരിതമാണ് മറ്റൊന്ന്. സർക്കാർ കണക്കനുസരിച്ച് ബീഹാറികളായ 30 ലക്ഷം പേർ മറ്റു സംസ്ഥാനങ്ങളിൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാർ കണക്കിലുള്ളതിലുമേറെ പേർ കഴിഞ്ഞ മാസങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ, ഗ്രാമങ്ങളിൽ ദാരിദ്ര്യവൽക്കരണത്തിന്റെ തോത് വർധിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കം കൂടിയായപ്പോൾ സീതാമാർഗി, ദർഭൻഗ, മുസാഫർപുർ, ഈസ്റ്റ് ചമ്പാരൻ, സമസ്തിപുർ, സരൺ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് കൊടും പട്ടിണിയിലായത്. സംസ്ഥാനത്ത് 7.54 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണ് നശിച്ചത്.

ബീഹാർ പ്രധാനമായും കാർഷിക സമ്പദ്‌വ്യവസ്ഥയെ ഊന്നുന്ന സംസ്ഥാനമാണ്. കേന്ദ്ര സർക്കാറിന്റെ കോർപറേറ്റ് അനുകൂല കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധം മാത്രം മതി, അധികാര രാഷ്ട്രീയത്തെ തിരുത്താൻ. എന്നാൽ, ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ യു.പി, കർണാടക എന്നിവിടങ്ങളിലേതുപോലത്തെ ശക്തരായ കർഷക പ്രസ്ഥാനങ്ങളോ ഗ്രൂപ്പുകളോ ബീഹാറിൽ ഇല്ല. മാത്രമല്ല, വലിയ മണ്ഡികളെയോ അഥവാ കമ്പോളങ്ങളെയോ വിപണിയിലെ നയങ്ങളെയോ സ്വാധീനിക്കാൻ തക്ക ഉൽപാദനശേഷിയുള്ളവരുമല്ല കർഷകർ.

ബീഹാറിൽ ഏറ്റവും വലിയ തൊഴിൽ മേഖല കാർഷികവൃത്തിയാണെങ്കിലും, ഈ മേഖലയിലുള്ളവരുടെ ശരാശരി പ്രതിമാസ വരുമാനം 3558 രൂപ മാത്രമാണ്, രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്ക്. (ദേശീയ ശരാശരി 6426 രൂപ). സംസ്ഥാനത്ത് കാർഷികവൃത്തിയിലുള്ള 86 ശതമാനം കുടുംബങ്ങളും കടക്കാരാണ്.

ബി.ജെ.പിക്ക് ഉത്തരങ്ങളില്ലാത്ത വിഷയങ്ങളാണിവ. ഈ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഭാഗങ്ങൾ, ഇത്തവണ ഒരു വോട്ടിംഗ് ക്ലാസ് ആയി മാറുമോ എന്ന ചോദ്യമാണ് ബീഹാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. കോൺഗ്രസ്- ഇടത്- സോഷ്യലിസ്റ്റ് ചേരിയെന്ന, ഒരുപക്ഷെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രസക്തമായ ഒരു സാധ്യതയാണ് ബീഹാർ ഇത്തവണ പരീക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഇതിന് ബീഹാറിലൂടെ രാജ്യത്തെ മുഴുവൻ ജനതയൂടെയും അവരുടെ പ്രതിസന്ധികളുടെയും പ്രതിനിധികളാകാൻ കഴിയുന്നത്.

മറുവശത്ത്, സവർണ ജാത്യാധികാരമുപയോഗിച്ച് വ്യാജമായ ജനവിധിക്കുവേണ്ടിയുള്ള ബി.ജെ.പി- സംഘ്പരിവാർ തന്ത്രങ്ങളും. സമീപകാല ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ തന്ത്രങ്ങളാണ് ഏറെയും വിജയിക്കുന്നത്, അതുകൊണ്ടുതന്നെ, ഈ ജനവിധിയും ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഏറെയും.

Comments