കേരളം കരുതിയിരിക്കണം; ബി.ജെ.പി തുടങ്ങിവെച്ചത് പൂക്കൾ കൊണ്ടുള്ള കർസേവ

നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുമുമ്പ് ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കേരളത്തിന്റെ രക്തസാക്ഷികൾക്കുനേരെ വിതറിയ പൂക്കൾ ചരിത്രത്തിന്റെ ഒരു ഓർമപ്പെടുത്തലിലേക്കാണ് വന്നുപതിക്കുന്നത്. അതൊരു വിവാദമായി അവസാനിക്കേണ്ടതുമല്ല.

കാരണം, ജന്മികളുടെയും ദിവാന്റെയും ഒരു കേരളത്തിൽനിന്ന് ജനാധിപത്യത്തിന്റെ ഒരു കേരളത്തിലേക്കുള്ള പരിവർത്തനത്തെ അതിവേഗത്തിലാക്കിയ ഒരു ചരിത്ര സന്ദർഭത്തെയാണ്, വഞ്ചനയുടെ പ്രതീകമായി ഈ ബി.ജെ.പി സ്ഥാനാർഥി ആക്ഷേപിച്ചത്.

പുന്നപ്ര വയലാറിന്റെ ചരിത്രം മുൻനിർത്തിയല്ല, ബി.ജെ.പിയുടെ ചരിത്രം ഓർമിപ്പിച്ചുവേണം നാം ഈ രാഷ്ട്രീയ കുടിലതയെ രേഖപ്പെടുത്തേണ്ടത്. കാരണം, പുന്നപ്ര വയലാർ, ജനങ്ങൾ ആധിപത്യവ്യവസ്ഥയോട് നേർക്കുനേർ നടത്തിയ പോരാട്ടമാണ്. അത് ബി.ജെ.പി നടത്തുന്നപോലുള്ള ഒളിയുദ്ധമല്ല.

മറ്റു നിരവധി സമരങ്ങളെപ്പോലെ, പുന്നപ്ര വയലാർ സമരചരിത്രത്തിലൂന്നിയാണ് മലയാളികൾ ഇന്ന് നിവർന്നുനിൽക്കുന്നത്. നമ്മുടെ സ്വത്വത്തിന്റെ ഏതൊക്കെയോ അംശങ്ങളിൽ ആ രക്തസാക്ഷിത്വങ്ങളുടെ ചോര തെറിച്ചുവീണിട്ടുണ്ട്. അന്ന് പാട്ടക്കുടിയാന്മാരും കർഷക തൊഴിലാളികളും നേരിട്ട കൊടും പീഡനങ്ങൾ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ക്ഷാമവും പട്ടിണിയും, ഇവക്കെതിരായി രൂപപ്പെട്ട തൊഴിലാളി പണിമുടക്കുകളും സമരങ്ങളും... അങ്ങനെ സാമൂഹിക- രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ചരിത്രസന്ദർഭത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടനത്തിൽ ഒരു ജനത നടത്തിയ ഉയിർത്തെഴുന്നേൽപ്പിനെ വഞ്ചനയുടെ ചരിത്രമായേ ബി.ജെ.പിക്ക് കാണാനാകൂ.

പുന്നപ്ര വയലാർ അടക്കമുള്ള നിരവധി സമരങ്ങളെയും രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരത്തിന്റെ രേഖകളിൽനിന്ന് തേച്ചുമാച്ചുകളഞ്ഞ് പുതിയ രാഷ്ട്രചരിത്രവും രാഷ്ട്രനായകന്മാരെയും സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചരിത്രനിർമിതി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടി കൂടിയാണ് ബി.ജെ.പി എന്നും ഓർക്കുക. ചരിത്ര സ്മാരകങ്ങളെ തകർത്തുകൊണ്ടു കൂടിയാണ് ഫാസിസത്തിന്റെ ചരിത്രനിർമിതി എന്നും നമ്മുടെ അനുഭവങ്ങളിലുണ്ടല്ലോ.

സ്വാതന്ത്ര്യ സമരങ്ങളെയും അടിസ്ഥാന വർഗ സമരങ്ങളെയും രക്തസാക്ഷിത്വങ്ങളെയും വഞ്ചിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത ചരിത്രമാണ് ആ പാർട്ടിക്കുള്ളത്. പുന്നപ്ര വയലാറിനെക്കുറിച്ച് ആ സ്ഥാനാർഥി വാർത്താസമ്മേളനത്തിൽ വായിച്ച ഫോട്ടോസ്റ്റാറ്റ് കോപ്പികളല്ല, രാജ്യത്തിന്റെ ഒറിജിനൽ ചരിത്രം തന്നെ ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് ബി.ജെ.പിക്കെതിരെ ഹാജരാക്കാനുണ്ട്. അത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയുടെ വാസ്തവം കൂടിയാണ്. സബർമതിയിലെ ഗാന്ധി ചർക്കക്കും രാജ്ഘട്ടിനും മുന്നിൽ നിന്നെടുക്കുന്ന സെൽഫികൾ കൊണ്ട് മറച്ചുപിടിക്കാനാകാത്ത രേഖകളാണത്.

കേരളത്തിലെ ബി.ജെ.പിയുടെ സമരചരിത്രം കൂടി, ആലപ്പുഴയിലെ ആ സ്ഥാനാർഥി നമ്മെ ഓർമിപ്പിക്കുന്നുണ്ട്. കേരളത്തിൽ നടക്കുന്ന മിക്കവാറും സമരങ്ങളിൽ നുഴഞ്ഞുകയറി അവയെ വർഗീയമായി ഭിന്നിപ്പിക്കാനും അതുവഴി ജനവിരുദ്ധമാക്കാനും സംഘ്പരിവാറും ബി.ജെ.പിയും നടത്തുന്ന ഗൂഢശ്രമങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇങ്ങനെ അലസിപ്പോയ സമരങ്ങളുടെ വലിയൊരു പട്ടിക നമുക്കുമുന്നിലുണ്ട്. സുപ്രീംകോടതി വിധിക്കെതിരെ, ശബരിമലയെ ആയുധമാക്കി ആസൂത്രണം ചെയ്ത ആചാരസംരക്ഷണ സമരം, സമീപകാലത്ത് കേരളം കണ്ട ഏറ്റവും ജനവിരുദ്ധമായ ഒരു സമരാഭാസമായിരുന്നുവല്ലോ.

ആ സമരത്തിലൂടെ സംഘ്പരിവാർ നേടിയെടുത്ത തിണ്ണബലത്തിലാണ് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് കാലെടുത്തുവച്ചത്. ആ തിണ്ണബലത്തിലാണ് വിശ്വാസികളുടെ കേരളത്തെ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് മറ്റൊരു ബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരൻ, സഹജീവികളെക്കൊണ്ട് പാദം കഴുകിപ്പിക്കുന്നത്. അങ്ങനെ, ശുദ്ധരും ശ്രേഷ്ഠരും ആചാരസംരക്ഷകരും വിശ്വാസികളും മാത്രമടങ്ങുന്ന ഒരു കാവി കേരളത്തിന്റെ സൃഷ്ടിക്കുള്ള പുഷ്പാർച്ചനയാണ് പുന്നപ്ര വയലാർ സ്മാരകത്തിൽ അതിക്രമിച്ചുകയറി ആ സ്ഥാനാർഥി നടത്തിയത്. അത് തുടക്കത്തിലേ ചെറുത്തുതോൽപ്പിക്കപ്പെടണം.

Comments