മണിപ്പുരില്‍ യാഥാര്‍ഥ്യമാകുന്നു, വിഭജന രാഷ്ട്രീയത്തിന്റെ ‘ഡബ്ള്‍ എഞ്ചിന്‍’

ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്നിട്ടുള്ള വംശീയ ആക്രമണങ്ങളിലെ ആസൂത്രിത സ്വഭാവം, മണിപ്പുരിലും ദൃശ്യമായിരുന്നുവെന്ന് അവിടെനിന്നുള്ള ദൃക്‌സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു.

ക്രമസമാധാനപാലനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണകൂട നടപടികളില്‍ ഒന്നായ ‘അക്രമികളെ കണ്ടാലുടന്‍ വെടിവെക്കുക’ എന്ന ഉത്തരവ്, കേന്ദ്ര ഇടപെടല്‍, 16 ജില്ലകളില്‍ ഒമ്പതിലും നിരോധനാജ്ഞ, മൊബൈല്‍- ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും റദ്ദാക്കല്‍, ആക്രമിക്കപ്പെടുന്ന പള്ളികളും ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, കൂട്ട പലായനങ്ങള്‍, അമ്പതോളം പേരുടെ മരണം... സൈനിക നിയന്ത്രണത്തിലുള്ള മണിപ്പുരില്‍നിന്ന് ഇപ്പോഴും പുറത്തേക്കുവന്നുകൊണ്ടിരിക്കുന്നത് അര്‍ധസത്യവും അസത്യവും നിറഞ്ഞ വാര്‍ത്തകള്‍ മാത്രം. ‘സ്ഥിതി ശാന്തമായി' എന്ന് സൈന്യമാണ് പറയുന്നത്, സംസ്ഥാനം ഇപ്പോഴും അശാന്തിയിലാണ് എന്ന് അവിടെനിന്നുള്ള മനുഷ്യരുടെ പ്രതികരണങ്ങള്‍ കാണിക്കുന്നു.

വിവിധ സാമൂഹിക- സാംസ്‌കാരിക ഐഡന്റിറ്റികളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളെ ഭരണഘടനാപരമായും ജനാധിപത്യപരമായും ബഹുസ്വരതയുടെ സത്തയിലൂന്നിയും അഭിമുഖീകരിക്കുന്നതില്‍ ഭരണകൂടങ്ങൾ വരുത്തുന്ന കുറ്റകരമായ അനാസ്ഥയാണ് മണിപ്പുരിലെ സംഘര്‍ഷത്തിന് കാരണം എന്ന് പ്രാഥമികമായി വിലയിരുത്താമെങ്കിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിതക്കുന്ന വിഭജന രാഷ്ട്രീയത്തിന്റെ മുളകളാണ് മണിപ്പുരില്‍ പൊട്ടിമുളയ്ക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. മണിപ്പുരിലെ സമീപകാല ഭരണകൂട നടപടികള്‍ ഇതിന് ഉദാഹരണമാണ്.

 ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഗോത്ര ഐക്യ റാലി  / Photo: CMTV FB Page
ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഗോത്ര ഐക്യ റാലി / Photo: CMTV FB Page

മണിപ്പുരിലെ ജനസംഖ്യയില്‍ 53 ശതമാനം മെയ്‌തെയ് വിഭാഗമാണ്. കുകി, നാഗ അടക്കമുള്ള 34 ഗോത്രവിഭാഗങ്ങള്‍ ന്യൂനപക്ഷമാണ്, 40 ശതമാനം. മെയ്തെ​യ് വിഭാഗത്തിലേറെയും ഹിന്ദു വിശ്വാസവും ഗോത്ര വിഭാഗങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസവും പിന്തുടരുന്നവരാണ്. സംവരണം അടക്കമുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന് മെയ്‌തെയ് വിഭാഗം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനായി ‘ഷെഡ്യള്‍ഡ് ട്രൈബ് ഡിമാൻറ്​ കമ്മിറ്റി'യുണ്ടാക്കി അവര്‍ പ്രക്ഷോഭരംഗത്തുമാണ്. 1949-ല്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിനുമുമ്പ് തങ്ങള്‍ പട്ടികവര്‍ഗക്കാരായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. മെയ്‌തെയ് വിഭാഗത്തിന് ഇപ്പോള്‍ പട്ടികജാതി- ഒ.ബി.സി സംവരണവുമുണ്ട്​.

ഈ ആവശ്യം പരിഗണിച്ച്, ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന ഹൈകോടതി ഉത്തരവാണ് ഗോത്ര വിഭാഗങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഗോത്ര ഐക്യ റാലി നടന്നു. റാലിക്കിടെ കുകി- നാഗ പ്രക്ഷോഭകര്‍ മെയ്‌തെയ് വിഭാഗത്തെ ആക്രമിച്ചുവെന്നാരോപിച്ചാണ് വ്യാപകമായ കലാപത്തിന് തിരി കൊളുത്തിയത്.

സംവരണം അടക്കമുള്ള കാര്യങ്ങളില്‍ പട്ടികവര്‍ഗ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം നടത്തിയ പ്രക്ഷോഭം
സംവരണം അടക്കമുള്ള കാര്യങ്ങളില്‍ പട്ടികവര്‍ഗ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം നടത്തിയ പ്രക്ഷോഭം

ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്നിട്ടുള്ള വംശീയ ആക്രമണങ്ങളിലെ ആസൂത്രിത സ്വഭാവം, മണിപ്പുരിലും ദൃശ്യമായിരുന്നുവെന്ന് അവിടെനിന്നുള്ള ദൃക്‌സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. ബുധനാഴ്​ച, ഗോത്ര വിഭാഗക്കാരുടെ മാര്‍ച്ചിനുശേഷം പൊടുന്നനെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ചര്‍ച്ചുകളും വീടുകളും സ്‌കൂളുകളും വാഹനങ്ങളും മറ്റു വസ്തുക്കളുമെല്ലാം നിമിഷനേരം കൊണ്ട് അഗ്‌നിക്കിരയായി. അനാഥരായ കുട്ടികളെ താമസിപ്പിച്ചിരുന്ന കേന്ദ്രം പോലും കത്തിച്ചു. ക്രിസ്ത്യാനികളെയും അവരുടെ വാസസ്​ഥലങ്ങളെയും കച്ചവട സ്​ഥാപനങ്ങളെയും ചര്‍ച്ചുകളെയുമാണ്​ അക്രമികൾ ലക്ഷ്യം വച്ചത്​. മെയ്‌തെയ്​ സമുദായത്തിലെ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ പള്ളികളും ആക്രമിക്കപ്പെട്ടുവെന്ന്​ സഭാ പ്രതിനിധികൾ പറയുന്നു. ക്രിസ്ത്യന്‍ വിശ്വാസികളായ കുകി വിഭാഗക്കാര്‍ തങ്ങളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്.

ഇംഫാലിലെ മണിപ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കുകി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തി നടന്ന ആക്രമണം, ആസൂത്രിതമായ വംശീയാക്രമണത്തിന്റെ സൂചന നല്‍കുന്നു. സായുധ സംഘം മെയ് മൂന്നിന് വൈകീട്ട് ഏഴിനാണ് യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയത്. അധ്യാപകരുടേതടക്കമുള്ള ലാപ്‌ടോപ്പും പുസ്തകങ്ങളും വാഹനങ്ങളും കത്തിച്ചു. രാത്രി ഒമ്പതരക്കാണ് അക്രമികള്‍ ലേഡീസ് ഹോസ്റ്റലിലെത്തിയത്. വാതിലുകള്‍ തകര്‍ത്ത് അവര്‍കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നുവെന്ന് കുകി വിഭാഗക്കാരായ ഗവേഷക വിദ്യാര്‍ഥികളെ ഉദ്ധരിച്ച് ‘ദി ക്വിന്റ്' റിപ്പോര്‍ട്ടു ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ ഗേറ്റില്‍ നിന്ന് ഒരു അക്രമി, താന്‍കുകികളെ തേടി കാമ്പസിലേക്ക് പോകുകയാണ് എന്ന് ആക്രോശിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വംശീയാക്രമണത്തിന്​ ആഹ്വാനം ചെയ്യുന്ന ഇത്തരം നിരവധി വീഡിയോകളാണ്​ സാമൂഹ്യമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്​. ന്യൂനപക്ഷ വിഭാഗങ്ങളുടെ 12 പള്ളികള്‍ തകര്‍ത്തിട്ടുണ്ടെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍മച്ചാഡോ പറയുന്നു. ആക്രമണത്തിനുപിന്നില്‍ ക്രിസ്ത്യന്‍ സഭയാണെന്നും ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് വന്‍തോതില്‍ പലായനം നടക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘ഓര്‍ഗനൈസര്‍' ആരോപിച്ചതുകൂടി ഈ സന്ദർഭത്തിൽ കൂട്ടിവായിക്കാം.

ഭൂരിപക്ഷ മെയ്‌തെയ് വിഭാഗത്തെ മുന്നില്‍നിര്‍ത്തി ബി.ജെ.പി നടത്തുന്ന വംശീയ വിഭജന തന്ത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കോണ്‍ഗ്രസിനെ തകര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പി ശക്തി പ്രാപിച്ച കഴിഞ്ഞ ഒരു ദശകത്തിനിടയില്‍, ഹിന്ദുത്വ ഗ്രൂപ്പുകള്‍ വന്‍തോതില്‍ മെയ്‌തെയ് വിഭാഗത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത് ഗോത്ര വിഭാഗങ്ങളിലും പ്രതികരണങ്ങളുണ്ടാക്കി. ഗോത്ര വിഭാഗങ്ങളില്‍ തീവ്രവാദ സംഘങ്ങള്‍ ശക്തിപ്പെട്ടു. കുകി ഭീകരസംഘങ്ങളും നിയമവിരുദ്ധ ബര്‍മീസ് കുടിയേറ്റക്കാരും ചേര്‍ന്ന് ഹിന്ദു സൈറ്റില്‍മെന്റുകളെ ആക്രമിക്കുന്നുവെന്ന മെയ്‌തെയ് വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന പ്രതികരണങ്ങള്‍ മറുഭാഗത്തുനിന്നുണ്ടായി. ഇതോടെ, സാമൂഹികവും സ്വത്വപരവുമായ അവകാശത്തര്‍ക്കം പൊടുന്നനെ ക്രിസ്ത്യന്‍- ഹിന്ദു സംഘര്‍ഷമാക്കി, സംഘ്പരിവാറിന്റെ ഇച്ഛക്കനുസരിച്ച് മാറ്റിയെടുക്കാനായി. സംസ്ഥാന സര്‍ക്കാറിന്റെ രാഷട്രീയ- ഭരണ നടപടികള്‍ ഈ സംഘര്‍ഷത്തെ വര്‍ഗീയമായി മൂര്‍ച്ഛിപ്പിച്ചു.

ജനസംഖ്യാനുപാതത്തിലെ സ്വത്വപരമായ വൈജാത്യങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനുപകരം, അവയെ പ്രശ്‌നസങ്കീര്‍ണമാക്കുന്നതായിരുന്നു സംസ്ഥാനത്തെ ഭരണകൂട നടപടികളെല്ലാം.

മണിപ്പുരിലെ ജനസംഖ്യ ഇംഫാല്‍ താഴ്‌വര, പര്‍വത മേഖല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്. ആകെയുള്ള ഭൂപ്രദേശത്തിന്റെ 10 ശതമാനം വരുന്ന ഇംഫാല്‍ താഴ്‌വരയിലാണ് മെയ്‌തെയ്ക​ള്‍ കഴിയുന്നത്. ബാക്കി 90 ശതമാനം വരുന്ന പര്‍വത മേഖലയിലാണ് ഗോത്ര വിഭാഗങ്ങള്‍. മലനിരകളില്‍ ഗോത്രേതര വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ പാടില്ല. എന്നാല്‍, താഴ്‌വര മേഖയില്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. അവര്‍ക്ക് അവിടെ ഭൂമി വാങ്ങാം.

Photo: CMTV FB Page
Photo: CMTV FB Page

മെയ്‌തേയ് വിഭാഗത്തിനാണ് സാമ്പത്തികമായും വിദ്യാഭ്യാപരമായും ഭരണപരമായും മുന്‍തൂക്കം. 60 നിയമസഭാ സീറ്റുകളില്‍ 40-ലും മെയ്‌തേയ് വിഭാഗത്തിനാണ് പ്രാതിനിധ്യം. ഏത് പാര്‍ട്ടി ഭരിച്ചാലും ഈ വിഭാഗത്തിനാണ് മേല്‍ക്കൈ.

ഭരണഘടനാപരമായി രൂപം നല്‍കിയ ഹില്‍ ഏരിയാസ് കമ്മിറ്റിയാണ് ഗോത്രമേഖലകളുടെ ഭരണം നടത്തുന്നത്. പര്‍വത മേഖലയിലേക്ക് മ്യാന്മറില്‍നിന്നും ബംഗ്ലാദേശില്‍നിന്നും കുകി വിഭാഗങ്ങള്‍ അനധികൃത കുടിയേറ്റം നടത്തുന്നുവെന്നും തദ്ദേശീയ കുകികള്‍ ഇവരെ സംരക്ഷിക്കുന്നുവെന്നുമാണ് മെയ്‌തെയ് വിഭാഗത്തിന്റെ പരാതി. 1971 മുതല്‍ നടക്കുന്ന ഇത്തരം കുടിയേറ്റങ്ങള്‍ സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തെ തകിടം മറിയ്ക്കുന്നതായും അവര്‍ പറയുന്നു.

ഈ വിഭാഗങ്ങള്‍ തമ്മിലുള്ള ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗ സംവരണം ലഭിച്ചാല്‍ അവര്‍ മലനിരകളിലേക്ക് സ്വാധീനം വ്യാപിപ്പിക്കുമെന്നും അതോടെ തങ്ങളുടെ പരമ്പരാഗത അവകാശങ്ങള്‍ ഇല്ലാതാകുമെന്നും ഗോത്ര വിഭാഗങ്ങള്‍ ആശങ്കപ്പെടുന്നു. വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങളെല്ലാം താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു. ഇത്, ഭൂരിപക്ഷ വിഭാഗവും ഗോത്ര വിഭാഗങ്ങളുമായുള്ള സാമ്പത്തിക വിഭജനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ ഗോത്ര ഐക്യ റാലി / Photo: CMTV FB Page
ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ ഗോത്ര ഐക്യ റാലി / Photo: CMTV FB Page

കരുതലോടെയല്ലാത്ത ഏതൊരു നടപടിയും പൊടുന്നനെ സംഘര്‍ഷത്തിനിടയാക്കുന്ന വൈകാരിക സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പോപ്പി കൃഷിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടി ഒരു ഉദാഹരണം. പര്‍വത മേഖലകളിലെ ഗ്രാമങ്ങളില്‍ ഗോത്ര വിഭാഗക്കാര്‍ ഉപജീവനത്തിന് നിയമവിരുദ്ധമായി പോപ്പി കൃഷി ചെയ്യുന്നുണ്ട്. ബൈറന്‍ സിങ് സര്‍ക്കാര്‍ ഇതിനെതിരെ നടപടി കര്‍ശനമാക്കിയത് കുകി വിഭാഗത്തില്‍ വന്‍ അതൃപ്തി പടര്‍ത്തി. ‘പോപ്പി സമം കുകി' എന്ന സമവാക്യത്തിലേക്ക് സര്‍ക്കാര്‍ നടപടി വഴിതിരിഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്. സാമൂഹിക പ്രവര്‍ത്തകരുടെയും യുവ സംഘടനകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ‘മണിപ്പുര്‍ എഗൈന്‍സ്റ്റ് പോപ്പി കള്‍ട്ടിവേഷന്‍' എന്ന സംഘടന, സര്‍ക്കാര്‍ നടപടി ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വക്കുന്നതിനതെിരെ ജാഗ്രത നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

ഗോത്ര വിഭാഗങ്ങള്‍ക്ക് വനമേഖലയില്‍ പരമ്പരാഗതമായുള്ള അവകാശം സ്ഥാപിച്ചുകൊടുക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള ചില ഭേദഗതികളാണ്, ഇപ്പോഴത്തെ കലാപം വരെയെത്തിച്ച സംഭവങ്ങളുടെ തുടക്കം. കൃത്യമായ വിജ്ഞാപനമില്ലാതെ, ഹില്‍ ഏരിയ സംരക്ഷിത വനമായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ടുവന്നു. മണിപ്പുരിനുമാത്രം ബാധകമായ ഭരണഘടനയുടെ 371 സി അനുസരിച്ച്, സംസ്ഥാന സര്‍ക്കാറിന് ഇത്തരം ഭേദഗതി കൊണ്ടുവരാനാകില്ലെന്ന് കുകി ഗ്രൂപ്പുകള്‍ വാദിക്കുന്നു. സംസ്ഥാന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഹില്‍ പ്രദേശങ്ങളിലെ എം.എല്‍.എമാരടങ്ങിയ കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതൊന്നും പാലിക്കാതെയുള്ള ഏകപക്ഷീയ നടപടിയായിരുന്നു സര്‍ക്കാറിന്റേത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മലയോര മേഖലയില്‍നിന്ന് ഒഴിപ്പിക്കല്‍ നടപടിക്ക് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി പര്‍വത ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളുള്‍പ്പെടെ റിസര്‍വ്- സംരക്ഷിത വനമായും വൈല്‍ഡ് ലൈഫ് സാങ്ച്വറിയായും പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. ഫെബ്രുവരി 20ന് ചുറാചാന്ദ്പുരിലെ കെ. സോന്‍ജംഗ് ഗ്രാമത്തിലാണ് കുടിയിറക്കലിന് തുടക്കമിട്ടത്. 1800- കള്‍മുതല്‍ രേഖകളിലുള്ള സെറ്റില്‍മെന്റ് പ്രദേശമാണിത്. ഇവിടെ ഒരു അനധികൃത നിര്‍മാണവുമില്ല. മറ്റു ഗ്രാമങ്ങളില്‍നിന്നും നൂറുകണക്കിന് കുകി ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഇംഫാല്‍ ട്രൈബല്‍ കോളനി ഭാഗത്തെ മൂന്ന് പള്ളികള്‍ ഏപ്രില്‍ 11ന് തകര്‍ത്തു. ഇതേതുടര്‍ന്ന് പര്‍വത മേഖലയില്‍ വന്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. മെയ്‌തെയ് വിഭാഗക്കാരുടെ പട്ടികവര്‍ഗ പദവി സംബന്ധിച്ച ഹൈകോടതി ഉത്തരവ് ഈ സംഘര്‍ഷത്തെ ഒരു കലാപത്തില്‍ കൊണ്ടെത്തിക്കുകയായിരുന്നു.

നരേന്ദ്രമോദിയുടെ ‘ഡബ്ള്‍ എഞ്ചിന്‍' ഭരണസമീപനത്തിന്റെ കൃത്യമായ അടയാളമായിരിക്കുകയാണിപ്പോള്‍ മണിപ്പുര്‍. കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ‘ഡബ്ള്‍ എഞ്ചിന്‍' വികസനം മണിപ്പുരിന് കുതിപ്പേകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മോദിയുടെ ‘ഡബ്ള്‍ എഞ്ചിന്‍', വികസനമല്ല മണിപ്പുരിന് നല്‍കിയത്. മറിച്ച്, കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നടപ്പാക്കുന്ന ന്യൂനപക്ഷവിരുദ്ധ നയത്തിനാണ് മണിപ്പുരില്‍ ‘ഡബ്ള്‍ എഞ്ചിന്‍' ഗതിവേഗമുണ്ടായതെന്നുമാത്രം.

Comments