കോവിഡ് രണ്ടാംതരംഗത്തിൽ മരണനിരക്ക് കുത്തനെ ഉയരുന്നതിനിടയിൽ ഗംഗാതീരത്ത് അടക്കം ചെയ്ത മൃതശരീരങ്ങൾ. ഉത്തർപ്രദേശിലെ കാനൂജിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. / Photo: Screengrab, Barkha Dutt mojo story

മോദി 2.0: അവസാനത്തിന്റെ ആരംഭം?

മോദി പ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ച ഘടകങ്ങൾ, കോവിഡ്​ രണ്ടാം തരംഗത്തോടെ, ഒരോന്നായി പിന്നോട്ടടിക്കുകയാണ്​. അതിന്റെ വ്യക്തമായ രൂപഭാവങ്ങൾ എങ്ങനെയാവുമെന്ന തീർപ്പുകൾക്ക് വരുംദിനങ്ങളിലാവും കൂടുതൽ വ്യക്തത കൈവരിക.

‘ദേശായിയുടെ കാര്യം ഏകദേശായി' എന്ന സുപ്രസിദ്ധമായ തലക്കെട്ടിനെ ഓർമയിൽ വരുത്തുന്ന പരുവത്തിൽ ‘മോദി 2.0' എത്തിയെന്നു പറഞ്ഞാൽ അതിശയോക്തിയാണെന്ന് ഭക്തർ പരിതപിക്കും. ഒരു കാര്യം ഏതായാലും ഉറപ്പാണ്. കാര്യങ്ങൾ പന്തിയല്ലെന്ന തോന്നൽ വ്യാപകമായിരിക്കുന്നു. വായുമലിനീകരണത്തെ ഭേദിക്കുന്ന ശവഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞതോടെ വർഷങ്ങളായി ബോധപൂർവം സൃഷ്ടിച്ചെടുത്ത നുണകളും, വ്യാജസ്തുതികളും മറനീക്കി പുറത്തുവരുന്ന സ്ഥിതിയിലായി. എവിടെയാണ് പിഴച്ചതെന്ന ഉദ്വേഗം സ്ഥിരം സാക്ഷ്യംപറച്ചിലുകാരുടെ വാക്കിലും, നോക്കിലും അവിശ്വാസത്തിന്റെ മുദ്രകൾ ചാർത്തുന്നു. വ്യാജനിർമിതികൾ ഒരോന്നായി പുറത്തുവരുന്നത് ഭക്തരുടെ ആവേശം ചോർത്തിക്കളയുന്നുവെങ്കിലും നേതാവിനായുള്ള കൂട്ടപ്രാർത്ഥനകൾ തുടരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

കാപട്യങ്ങളുടെ പുതിയ ചേരുവകൾ ഒരുക്കുന്നതിന്റെ തിരക്കിലായ പ്രൊപഗാൻഡ സംവിധാനം വർധിതവീര്യത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണന്ന കാര്യത്തിലും ഉപേക്ഷ വിചാരിക്കേണ്ടതില്ല. എന്നാലും കോവിഡ് രണ്ടാം വരവിന്റെ പ്രഹരശേഷി നരേന്ദ്ര മോദിയുടെ രണ്ടാമൂഴത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുന്ന ശക്തിപ്രവാഹമായി രൂപാന്തരപ്പെടാനുള്ള സാധ്യതകൾ ഉരുത്തിരിയുന്നതിന്റെ ലക്ഷണം പ്രകടമാണ്. അതിന്റെ വ്യക്തമായ രൂപഭാവങ്ങൾ എങ്ങനെയാവുമെന്ന തീർപ്പുകൾക്ക് വരുംദിനങ്ങളിലാവും കൂടുതൽ വ്യക്തത കൈവരിക്കുക.

മഹാമാരിയുടെ ആവിർഭാവത്തിന് മുമ്പു തന്നെ ബി.ജെ.പിയും സംഘപരിവാരവും പ്രതിനിധാനം ചെയ്യുന്ന ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ഒരു ദശാസന്ധിയിൽ എത്തിയതിന്റെ ലക്ഷണങ്ങൾ സുലഭമായിരുന്നു.

രാഷ്ട്രീയ ഹൈന്ദവികത നേരിടുന്ന ആന്തരികവും, ബാഹ്യവുമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ലക്ഷണങ്ങളെ വിലയിരുത്തേണ്ടത്. മഹാമാരിയുടെ ആവിർഭാവത്തിന് മുമ്പു തന്നെ ബി.ജെ.പിയും സംഘപരിവാരവും പ്രതിനിധാനം ചെയ്യുന്ന ആക്രമണോത്സുകമായ ഹൈന്ദവ രാഷ്ട്രീയം ഒരു ദശാസന്ധിയിൽ എത്തിയതിന്റെ ലക്ഷണങ്ങൾ സുലഭമായിരുന്നു. സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ അതിന്റെ സൂചന വ്യക്തമായിരുന്നു. ആക്രമണോത്സുക രാഷ്ട്രീയ ഹൈന്ദവികത പ്രതിനിധാനം ചെയ്യുന്ന ദല്ലാളദൗത്യം നേരിടുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടു വരുന്നതിൽ മഹാമാരി നിമിത്തമായെന്ന വീക്ഷണമാവും യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുക. ആഗോള മുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയും, ഇന്ത്യയിലെ സാമ്പത്തിക മേഖല നേരിടുന്ന സവിശേഷമായ മുരടിപ്പും, ഹൈന്ദവ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിമിതികളും, ദല്ലാള ദൗത്യത്തിനെതിരായ പുതിയ രൂപഭാവങ്ങളിലുള്ള രാഷ്ട്രീയ ചെറുത്തുനിൽപ്പുകളും മഹാമാരി വ്യാപിക്കുന്നതിന് മുമ്പു തന്നെ മൂർത്തമായ സ്വഭാവം കൈവരിച്ചിരുന്നു. രാഷ്ട്രീയ- സാമ്പത്തിക മേഖലയിലെ ചില സംഭവങ്ങളെ ഉദാഹരണമായി മുൻനിർത്തിയുള്ള വിചാരങ്ങൾ ഈ പ്രക്രിയയെ കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ സഹായിക്കുമെന്നു കരുതുന്നു.

രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര

2019-ലെ പൊതുതെരഞ്ഞെടുപ്പു ജയം പ്രദാനം ചെയ്ത ആത്മവിശ്വാസത്തിന്റെ ബലത്തിൽ ബി.ജെ.പി കാലങ്ങളായി താലോലിക്കുന്ന ചില അജൻഡകൾ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കിയെന്നതാണ് മോദി ഭരണത്തിന്റെ രണ്ടാമൂഴത്തെ ഒന്നാംഘട്ടത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകം. മുത്തലാക്ക് ചൊല്ലി വിവാഹം റദ്ദു ചെയ്യുന്ന സമ്പ്രദായം നിയമവിരുദ്ധമാക്കുന്ന നിയമനിർമാണമായിരുന്നു ഒന്നാമത്തെ നടപടി. സ്ത്രീ ശാക്തീകരണത്തിന്റെ വാചോടപങ്ങൾ മേമ്പൊടിയാക്കിയ ഈ നിയമം പാസ്സാക്കി ദിവസങ്ങൾക്കകം കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി. കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന 370-ാം വകുപ്പ് ഭേദഗതി ചെയ്യുക മാത്രമല്ല, ജമ്മു- കാശ്മീർ സംസ്ഥാനത്തെ മൂന്നായി വിഭജിക്കുകയും ചെയ്തു. 2019 ആഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം സൃഷ്ടിച്ച ആശങ്കകൾ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന വേളയിലാണ് ബാബറി മസ്ജിദ്- അയോധ്യ വിഷയത്തിലെ സുപ്രീം കോടതി വിധി.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌

മസ്ജിദിനെതിരായ ആക്രമണം തെറ്റാണെങ്കിലും അമ്പലം പണിയുന്നത് ഒഴിച്ചുകൂടാനാവില്ലെന്നായിരുന്നു പരമോന്നത നീതീപീഠത്തിന്റെ വിധി. നവംബറിൽ പുറത്തുവന്ന കോടതി വിധിയുടെ തൊട്ടുപിന്നാലെ പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും മോദി സർക്കാർ മുന്നോട്ടു വച്ചു.

ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ പേറ്റൻറ്​ പതിഞ്ഞ ഈ വിഷയങ്ങൾ ദേശരാഷ്ട്രത്തിന്റെ പൊതുതാൽപ്പര്യമാണെന്നു വരുത്തി തീർക്കുന്നതിൽ ബദ്ധശ്രദ്ധാലുവായിരുന്നു പ്രൊപ്പഗാൻഡ സംവിധാനം. 2019 ജൂലൈ-ഡിസംബർ കാലയളവിൽ ഒന്നിനു പുറകെ ഒന്നായി നടപ്പിലാക്കിയ ഈ തീരുമാനങ്ങൾ രാഷ്ട്രീയ ഹൈന്ദവികതയുടെ ജൈത്രയാത്ര ഉച്ചസ്ഥായിയിൽ എത്തിയെന്ന പ്രതീതി ഉളവാക്കി. എന്നാൽ മോദി 2.0-യുടെ പ്രൊപ്പഗാൻഡ സംവിധാനത്തിന്റെ സമ്മതനിർമിതിയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന നിലയിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം. ദേശവ്യാപകമായി ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധവും, പ്രക്ഷോഭവും രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വത്തിന് പൊതുസമ്മതിയുടെ പരിവേഷം നൽകാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്നു മാത്രമല്ല, സംഘപരിവാരത്തിനെതിരായ രാഷ്ട്രീയ ഭാവനകളുടെ പ്രയോഗത്തിന്റെ പുതിയ ആവിഷ്‌ക്കാരങ്ങൾ തേടുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്തു.

2019-ൽ അധികാരത്തിൽ തിരിച്ചെത്തി ആറു മാസത്തിനുള്ളിൽ സംഘപരിവാരത്തിന്റെ പ്രധാനപ്പെട്ട നാല് അജൻഡകൾ മോദി സർക്കാർ സാക്ഷാത്ക്കരിച്ചുവെങ്കിലും തൽഫലമായി ബി.ജെ.പിക്ക് അനുകൂലമായ ഹിന്ദു ധ്രുവീകരണം രാജ്യത്ത് ഒരിടത്തും പ്രത്യക്ഷമായില്ല.

ദൽഹിക്കടുത്ത ഷഹീൻബാഗ് അതിന്റെ ഉദാത്ത ചിഹ്നമായിരുന്നു. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ ചട്ടപ്പടി പ്രതിഷേധങ്ങൾക്കു പകരം ബഹുജനങ്ങൾ സ്വന്തം നിലയിൽ പ്രതിഷേധിക്കുന്ന രാഷ്ട്രീയാവിഷ്‌ക്കാരങ്ങൾ പ്രൊപ്പഗാൻഡ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കി. ദൈനംദിന ജീവിതം തന്നെ സമരവേദിയാക്കുന്ന ആവിഷ്‌ക്കാരങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ അധികാര സംവിധാനത്തിനും ധാരണയില്ലായിരുന്നു. ദേശവിരുദ്ധത, അർബൻ നക്സൽ എന്നെല്ലാമുള്ള പതിവ് മുദ്രകൾ വേണ്ടത്ര ഫലപ്രദമല്ലെന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വം ഒടുവിൽ തങ്ങൾക്ക് ചിരപരിചിതമായ മാർഗത്തിലേക്കു തിരിഞ്ഞു. കിഴക്കൻ ദൽഹിയിൽ നടത്തിയ ആസൂത്രിതമായ കലാപം അതിന്റെ നല്ല ദൃഷ്ടാന്തമായിരുന്നു. 2

സംഭവിക്കാതെ പോയ ഹിന്ദു ധ്രുവീകരണം

രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ അതിവേഗം അരങ്ങേറിയ ഈ സംഭവവികാസങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയുടെ വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കാനുണ്ട്. 2019-ൽ അധികാരത്തിൽ തിരിച്ചെത്തി ആറു മാസത്തിനുള്ളിൽ സംഘപരിവാരത്തിന്റെ പ്രധാനപ്പെട്ട നാല് അജൻഡകൾ മോദി സർക്കാർ സാക്ഷാത്ക്കരിച്ചുവെങ്കിലും തൽഫലമായി ബി.ജെ.പിക്ക് അനുകൂലമായ ഹിന്ദു ധ്രുവീകരണം രാജ്യത്ത് ഒരിടത്തും പ്രത്യക്ഷമായില്ല.

2020ൽ ഡൽഹിയിലുണ്ടായ വർഗീയ കലാപത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങൾ

രാഷ്ട്രീയ ഹൈന്ദവികത കൊടിയടയാളങ്ങായി ഉയർത്തിപ്പിടിച്ച മുത്തലാക്ക് ബിൽ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, അയോധ്യയിലെ ക്ഷേത്ര നിർമാണം, പൗരത്വ നിയമം തുടങ്ങിയവ സാക്ഷാത്ക്കരിച്ചിട്ടും ഹിന്ദു ധ്രുവീകരണം ഉണ്ടായില്ലെന്നു മാത്രമല്ല, അതിനുള്ള സാധ്യതകളും വിരളമാണെന്നായിരുന്നു പൊതുവായ സൂചനകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ദേശവ്യാപകമായി ലഭിച്ച പിന്തുണ അക്കാര്യം വ്യക്തമാക്കുന്നതായിരുന്നു.

2020 നവംബറിൽ ബീഹാറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അതിന്റെ സൂചനയായിരുന്നു. രാഷ്ട്രീയ ഹൈന്ദവികതയുടെ ഒരു പരീക്ഷണ ലാബായ ഗംഗാതടത്തിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ ബീഹാറിൽ ബി.ജെ.പിയും സഖ്യ കക്ഷിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ 34 ശതമാനം വോട്ടു വിഹിതം ഹിന്ദു ധ്രുവീകരണത്തിന്റെ ലക്ഷണം തീർച്ചയായും പ്രകടമാക്കിയില്ല.

കോൺഗ്രസിന്റെയും മൻമോഹൻ സിംഗിന്റെ ഉപയോഗമൂല്യം കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ട ഭരണവർഗത്തിലെ അധികാര ബ്ലോക്കുകൾ തേടിയ ഉത്തരമായിരുന്നു മോദി. രത്തൻ ടാറ്റ മുതൽ മുകേഷ് അംബാനി വരെയുള്ള കോർപറേറ്റ് ലോകം അക്കാര്യം അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസിനെ പോലെ ദീനം പിടിച്ച ഒരു കക്ഷി 70 സീറ്റുകളിൽ മത്സരിക്കുകയെന്ന സാഹസത്തിന് പകരം കുറച്ചുകൂടി യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ബീഹാറിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നു. കാശ്മീരും, അയോധ്യയുമടക്കമുള്ള വിഷയങ്ങളിലെ നടപടികൾ വിചാരിച്ച നേട്ടമുണ്ടാക്കിയില്ല. സംഘപരിവാരിന്റെ വിഷലിപ്ത ശേഖരത്തിൽ ഇനി ബാക്കിയാവുന്നത് ഏക സിവിൽ കോഡും, ഗോവധ നിരോധനവും, കാശി, മഥുര അമ്പലം കെട്ടലുകളും മാത്രമാണ്. കശ്മീരിനും, അയോധ്യക്കും കഴിയാതെ പോയത് ഏക സിവിൽ കോഡിനും, ഗോവധത്തിനും, കാശി, മഥുര അമ്പലങ്ങൾക്കും സാധ്യമാവുമോയെന്ന സന്ദേഹം സജീവമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപകമായത്. അതിലേക്കു കടക്കുന്നതിന് മുമ്പ് സാമ്പത്തിക മേഖലയിലെ സംഭവവികാസങ്ങളും പരിശോധന അർഹിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി എന്തുകൊണ്ട്​?

2007-08 ലെ മഹാമാന്ദ്യം ആഗോളസാമ്പത്തിക മേഖലയിൽ വരുത്തിയ പ്രതിസന്ധികളും, ഇന്ത്യൻ സമ്പദ്ഘടനയുടെ സവിശേഷമായ ഏങ്കോണിപ്പുകളും ബഹുജനങ്ങളിലും, ഭരണവർഗങ്ങളിലും സൃഷ്ടിച്ച വ്യത്യസ്തങ്ങളായ ഉത്ക്കണ്ഠകളുടെ ഫലം കൂടിയായിരുന്നു 2014 ൽ മോദി കൈവരിച്ച തെരഞ്ഞെടുപ്പ് വിജയം.

മൻമോഹൻ സിങ്

കോൺഗ്രസിന്റെയും, മൻമോഹൻ സിംഗിന്റെയും ഉപയോഗമൂല്യം കഴിഞ്ഞുവെന്ന് ബോധ്യപ്പെട്ട ഭരണവർഗത്തിലെ വിവിധ അധികാര ബ്ലോക്കുകൾ തേടിയ ഉത്തരമായിരുന്നു മോദി. രത്തൻ ടാറ്റ മുതൽ മുകേഷ് അംബാനി വരെയുള്ള കോർപറേറ്റ് ലോകം അക്കാര്യം അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആഗോള- ഇന്ത്യൻ സമ്പദ്ഘടനകളിൽ അന്തർലീനമായ ദൗർബല്യങ്ങളും മോദി സർക്കാരിന്റെ ദല്ലാളദൗത്യം സ്വാഭാവികമായും സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങൾ രൂക്ഷമായതോടെ വളർച്ചയെക്കുറിച്ചുള്ള അവകാശവാദങ്ങൾ പരുങ്ങലിലായെന്ന് മോദി 1.0-യുടെ കാലത്തെക്കുറിച്ചുള്ള കൊള്ളാവുന്ന വിലയിരുത്തലുകൾ വ്യക്തമാക്കുന്നു.

സമ്പദ്​വ്യവസ്​ഥ നേരിടുന്ന ഘടനപരമായ പ്രതിസന്ധികളും, വെല്ലുവിളികളും താൽക്കാലികമായി മറച്ചുവെയ്ക്കുവാൻ സ്ഥിതിവിവര കണക്കുകളിലെ മറിമായങ്ങളും, ധനവിപണികളിലെ ആരവങ്ങളും സഹായിച്ചുവെങ്കിലും സാമ്പത്തിക മേഖല ഗുരുതര പ്രതിസന്ധിയിൽ അകപ്പെടുന്നതിനെകുറിച്ചുള്ള ആശങ്ക മോദി ഭരണത്തിന്റെ പ്രഥമഘട്ടം അവസാനിക്കുമ്പോൾ ഭരണവർഗങ്ങളിൽ തന്നെ പ്രകടമായിരുന്നു. പ്രതിസന്ധിയുടെ കാര്യകാരണങ്ങൾ വിശദീകരിക്കുന്ന രണ്ട് ധാരകളാണ് പ്രധാനമായും കാണാനാവുക. മോദി സർക്കാരിന്റെ നയവൈകല്യങ്ങളും, പിടിപ്പുകേടുമാണ് പ്രതിസന്ധിയുടെ കാരണമെന്ന സമീപനമായിരുന്നു ഒരു ധാര. നോട്ടു നിരോധനവും, മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ ചരക്കു-സേവന നികുതിയുമെല്ലാം അതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡിന്റെ രണ്ടാം വരവിന്റെ സംഹാരശേഷി പ്രകടമാകുന്നതിനും വളരെ മുമ്പ് ഇന്ത്യ നേരിടാൻ പോകുന്ന പ്രതിസന്ധിയെപ്പറ്റി കൗഷിക് ബാസു മുന്നറിയിപ്പ് നൽകിയിരുന്നു

മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ മുതൽ കൗഷിക് ബാസുവരെയുള്ള പ്രമുഖർ ഈ ധാരയുടെ ഭാഗമാണ്. നവലിബറൽ നയങ്ങളുടെ പിന്തുണക്കാരായ ഈ മുഖ്യധാര സാമ്പത്തിക പണ്ഡിതർ ഏതെങ്കിലും തരത്തിലുള്ള റാഡിക്കൽ വീക്ഷണം പുലർത്തുന്നവരാണെന്ന് ആരും പറയില്ല. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബി.ജെ.പി ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവായി മൻമോഹൻ സിംഗിന്റെ അക്കാദമിക മികവും അനുഭവ പരിജ്ഞാനവും മോദിയുമായി താരതമ്യം ചെയ്യുന്ന ജനപ്രിയ ട്രോളുകളുടെ ആഖ്യാനം ഈ ധാരയുടെ ലക്ഷണമൊത്ത മാതൃകയാണ്. ലോകബാങ്കിന്റെ മുൻ മുഖ്യ-സാമ്പത്തിക ശാസ്ത്രജ്ഞനായ കൗഷിക് ബാസു മോദിയുടെ ഒന്നാമൂഴം മുതൽ ഇന്ത്യൻ സമ്പദ്ഘടനയുടെ വീഴ്ചകളെപ്പറ്റി മുന്നറിയിപ്പുകൾ നൽകുന്നവരിൽ ഉൾപ്പെടുന്നു.

കൗഷിക് ബാസു

കോവിഡിന്റെ രണ്ടാം വരവിന്റെ സംഹാരശേഷി പ്രകടമാകുന്നതിനും വളരെ മുമ്പ് ഇന്ത്യ നേരിടാൻ പോകുന്ന പ്രതിസന്ധിയെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്ന ബാസു 2020 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മഹാമാരി നേരിടുന്നതിൽ സംഭവിച്ച പിഴവുകളോടൊപ്പം 2016 മുതൽ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച താഴേക്കു പോകുന്നതിന്റെയും ഉദാഹരണങ്ങൾ നിരത്തുന്നു. ലോകത്തിലെ തെരഞ്ഞെടുത്ത 42 പ്രമുഖ സാമ്പത്തിക ശക്തികളെ പറ്റി ഇക്കണോമിസ്റ്റ് വാരിക ആഴ്ചതോറും നൽകുന്ന സ്ഥിതിവിവരകണക്കുകൾ സൂചകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2013 അല്ലെങ്കിൽ 2014 വരെയുള്ള കാലയളവിൽ 42-രാജ്യങ്ങളുടെ ഈ പട്ടികയിൽ ലോകത്തിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം മൂന്നോ നാലോ ആയിരുന്നു. എന്നാൽ 2020ൽ ഇന്ത്യയുടെ സ്ഥാനം 42 ൽ 35 ആയി. ആഭ്യന്തരോൽപ്പാദന വളർച്ചയിൽ 2016-17 മുതൽ പ്രകടമാവുന്ന കുറഞ്ഞ നിരക്കാണ് മറ്റൊരു ഉദാഹരണം. 2016-17 സാമ്പത്തിക വർഷം 8.12 ശതമാനം രേഖപ്പെടുത്തിയ മൊത്തം ആഭ്യന്തരോൽപ്പദാനം (ജി.ഡി.പി) 2017-18-ൽ 7.2 ശതമാനമായി കുറഞ്ഞു. 2018-19ൽ ജി.ഡി.പി വളർച്ച 6.1 ഉം 2019-20ൽ 4.2 ഉം ശതമാനമായി കുറഞ്ഞ ശേഷം 2020-21ൽ 1947നു ശേഷം ആദ്യമായി നെഗറ്റീവ് വളർച്ചയിലേക്ക് രാജ്യം എത്തി. വളർച്ചാ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കോവിഡ് മഹാമാരിയായി എത്തിയതോടെ സമ്പദ്ഘടനയുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. പൊതുജനാരോഗ്യ പരിപാലനവും, സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്ന നയരൂപീകരണത്തിന്റെ മാനദണ്ഡങ്ങളും പ്രകാരം കോവിഡിനെ നേരിടുന്ന കാര്യത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് ബാസു വിലയിരുത്തുന്നു.

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി പുറംകരാറായി നൽകിയിരുന്നു പല ജോലികളും, സേവനങ്ങളും അതാതു രാജ്യങ്ങളിലേക്കു തിരികെ എത്തുന്ന പ്രവണത ശക്തമായി

ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന സവിശേഷമായ മുരടിപ്പും ഏങ്കോണിപ്പുകളും എന്ന പരിപ്രേക്ഷ്യത്തിൽ ഊന്നുന്ന സമീപനമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ മനസ്സിലാക്കുവാൻ കൂടുതൽ ഉപകരിക്കുകയെന്ന ധാരയാണ് മറ്റൊരു വീക്ഷണം.
ബാസുവിനെ പോലുള്ളവർ മുന്നോട്ടുവയ്ക്കുന്ന വിമർശനങ്ങൾ മുഖ്യധാരയിലെ വികസനഗാഥകളുടെ യഥാർത്ഥ സ്വഭാവം തുറന്നു കാട്ടുന്നതിന് പര്യാപ്തമല്ലെന്നും ഈയൊരു സമീപനം വ്യക്തമാക്കുന്നു. 2007-08 കാലയളവിൽ ആഗോള മഹാമാന്ദ്യം വരുത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യം കുറച്ചുകൂടി വ്യക്തമായി മനസ്സിലാവുക. ‘ആഗോള വിപണിയില്ലാത്ത ആഗോളീകരണം' എന്നാണ് ഈ സാഹചര്യത്തെ റാഡിക്കൽ യൂണിയൻ ഫോർ പൊളിറ്റിക്കൽ എക്കോണമി (RUPE) വിശേഷിപ്പിക്കുന്നത്. മുംബെ ആസ്ഥാനമായ RUPE, 2016 ഏപ്രിലിൽ ഈ സാഹചര്യത്തെ വിലയിരുത്തുന്ന ഹ്രസ്വപഠനം പുറത്തിറക്കിയിരുന്നു. അന്നത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ നൽകിയ മുന്നറിയിപ്പുകൾ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായി ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.

രഘുറാം രാജൻ

‘കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികാസം' പഴയതുപോലെ സാധ്യമല്ലെന്നു വിലയിരുത്തിയ രാജൻ, ‘വ്യാവസായിക രാജ്യങ്ങളിലെ പതിഞ്ഞ' വളർച്ചയാണ് അതിന്റെ കാരണമെന്നും വ്യക്തമാക്കിയിരുന്നു. അതിനു പുറമെ സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി പുറംകരാറായി നൽകിയിരുന്നു പല ജോലികളും, സേവനങ്ങളും അതാതു രാജ്യങ്ങളിലേക്കു തിരികെ എത്തുന്ന പ്രവണത ശക്തമായതായി ചൂണ്ടിക്കാട്ടി. മോദിയുടെ ആദ്യ കാലഘട്ടത്തിലെ ‘മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പരാമർശിച്ച് രാജന്റെ നിരീക്ഷണവും ഇത്തരുണത്തിൽ ശ്രദ്ധേയമായിരുന്നു. നവലിബറൽ നയങ്ങളുടെ മുഖ്യ ഊന്നലായിരുന്നു കയറ്റുമതി അധിഷ്ഠിത വികസനം. ‘ഏഷ്യൻ കടുവകൾ' എന്നറിയപ്പെട്ടിരുന്ന രാജ്യങ്ങളും, ചൈനയും കയറ്റുമതിയിൽ ഊന്നിയ വികസനം കൈവരിച്ച വിജയത്തിന്റെ മികച്ച ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചിരുന്നു. തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളും, ചൈനയും മാനുഫാക്ചറിംഗ് മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചപ്പോൾ 1990-കളോടെ ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ (ഐ.ടി) പ്രത്യക്ഷമായ സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ സേവനമേഖലയിലും തൊഴിലുകളുടെ പുറംകരാർ (ഔട്ട്സോഴ്സിംഗ്) സാധ്യതകൾ മുന്നോട്ടു വച്ചു. സേവനമേഖലയിലെ ഈ സാധ്യതകൾ ഉപയോഗപ്പെടുത്തി ഐ.ടി മേഖലയിൽ ഇന്ത്യയിൽ ഉയർന്നു വന്ന ഒരുപറ്റം ബിസിനസ് സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും ആവിർഭാവം പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ ഇന്ത്യൻ വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി. എന്നാൽ മുതലാളിത്ത പ്രതിസന്ധിയുടെ ആവർത്തനങ്ങൾ വളർച്ചയെ കുറിച്ചുള്ള വീരഗാഥകളെ തുടക്കം മുതൽ സംശയനിഴലിലാക്കിയിരുന്നു.

തോമസ് പിക്കറ്റിയെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ‘ബ്രട്ടീഷ് രാജിൽ നിന്ന്​ ബില്യണർ രാജിലേക്ക്' എന്ന് വിശേഷിപ്പിക്കുന്ന സ്ഥിതിവിശേഷം ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ മുഖമുദ്രയായ അസമത്വത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നു.

2008-ലെ മഹാമാന്ദ്യം സ്ഥിതിഗതികളെ രൂക്ഷമാക്കിയെന്നു മാത്രമല്ല പുറംകരാറുകളെ അടിസ്ഥാനമാക്കിയുള്ള മാതൃകയെ തന്നെ സന്നിഗ്ദ്ധാവസ്ഥയിലാക്കി. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ നേരിടുന്ന മൗലിക പ്രതിസന്ധിയെ വിശദീകരിക്കുവാൻ ‘ആഗോള വിപണി ഇല്ലാത്ത ആഗോളീകരണം' എന്ന വിലയിരുത്തൽ പ്രസക്തമാകുന്ന സാഹചര്യം ഇതാണ്. ദല്ലാളദൗത്യം മുഖമുദ്രയായ മോദി ഭരണവർഗത്തിൽ നിന്നും ഈയൊരു സ്ഥിതിവിശേഷത്തെ നേരിടുന്നതിനുള്ള ഇച്ഛാശക്തി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പ്രകടമായ വീഴ്ച അതിന്റെ ഉദാഹരണമാണ്.

മൂലധന നിക്ഷേപം, വിന്യാസം, തൊഴിൽ വിപണിയുടെ പുനഃസംഘാടനം എന്നീ മേഖലകളിൽ ആഗോള തലത്തിലുണ്ടായ മാറ്റങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും, പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ഇന്ത്യയുടെ സമ്പദ്ഘടനയിൽ പുതിയ ഉണർവിന്​ വഴിയൊരുക്കിയെന്ന കാര്യത്തിൽ സംശയമില്ല. ആഗോളീകരണമെന്ന്​ പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ മുതലാളിത്തം നേരിട്ട ഘടനപരമായ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഉപാധികളുടെ ഭാഗമായ പുനഃസംഘടനങ്ങളുടെ ഫലമായിരുന്നു എന്ന തിരിച്ചറിവും പ്രധാനമാണ്.

തോമസ് പിക്കറ്റി

സേവന മേഖലയിൽ ലഭ്യമായ പുറംകരാർ അവസരങ്ങളായിരുന്നു ഇന്ത്യയിൽ പ്രത്യക്ഷമായ ഉണർവിന്റെ പ്രധാന ചാലകശക്തി. പരമ്പരാഗത സമ്പന്നരോടൊപ്പം, പുത്തൻ കൂറ്റുകാരായ മുതലാളിമാരും മധ്യവർഗത്തിന്റെ ഉന്നത ശ്രേണിയിലെ ഒരു വിഭാഗവും ഈ ഉണർവിന്റെ ഗുണഭോക്താക്കളായി. എന്നാൽ, ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിത നിലവാരം സ്ഥായിയായ നിലയിൽ ഉയർത്തുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ ഭരണസംവിധാനം പരാജയമായിരുന്നു. സേവന മേഖലയിലെ പുറംകരാറിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ചയും, ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിത നിലവാരവും പരസ്പരബന്ധമില്ലാത്ത നിലയിലായതോടെ ‘മേക്ക് ഇൻ ഇന്ത്യ' മുതൽ "ആത്മനിർഭർ' വരെയുള്ള പ്രഖ്യാപനങ്ങൾ ഇന്ത്യൻ ഭരണവർഗത്തിന്റെ പരാജയത്തിന്റെ രേഖചിത്രങ്ങളായി. തോമസ് പിക്കറ്റിയെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ ‘ബ്രട്ടീഷ് രാജിൽ നിന്ന്​ബില്യണർ രാജിലേക്ക്' എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥിതിവിശേഷം ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ മുഖമുദ്രയായ അസമത്വത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്നു. 2020 ജനുവരിയിൽ ഓക്സ്ഫാം​ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസഖ്യയുടെ ഒരു ശതമാനം അതിസമ്പന്നർ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 42.5 ശതമാനം സമ്പത്തും അനുഭവിക്കുന്നു. ജനസംഖ്യയുടെ ഉന്നതശ്രേണിയിലുള്ള 10 ശതമാനം മൊത്തം സമ്പത്തിന്റെ 74.3 ശതമാനം അനുഭവിക്കുമ്പോൾ 90 ശതമാനത്തിന്റെ കൈവശം 25.7 ശതമാനം മാത്രം. സാമ്പത്തിക അസമത്വത്തിന്റെ ഈ കണക്കുകളുടെ കൂടെ ജാതി-വംശ-ന്യൂനപക്ഷ-ലിംഗ വിവേചനങ്ങൾ കൂടി ചേരുമ്പോൾ അസഹനീയമായ ഹീനതയുടെ പര്യയായമായി ഇന്ത്യനവസ്ഥ അനുഭവദ്യേമാവുന്നു.

ലോക തൊഴിൽ വിപണയിലെ ഏറ്റവും വിലകുറഞ്ഞ മനുഷ്യവിഭവ ശേഷി മാത്രമാണ് തങ്ങളെന്ന അധമബോധം ഇന്ത്യയിലെ ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്ന ദശലക്ഷങ്ങളെ സംബന്ധിച്ച്​ ഒഴിവാക്കാനാവുമായിരുന്നില്ല.

ഇന്ത്യൻ സമൂഹത്തിലെ ഘടനപരമായ അസമത്വങ്ങളോടൊപ്പം ആഗോളീകരണം സാമൂഹ്യ ജീവിതത്തിന്റെ പല മേഖലകളിലും സൃഷ്ടിച്ച അസ്ഥിരതകളും, അനിശ്ചിതത്വങ്ങളും രാഷ്ട്രീയ മുഖ്യധാരയിൽ 1990 കളോടെ പ്രബലമായ രാഷ്ട്രീയ ഹൈന്ദവികതക്ക് ഉത്തേജനം നൽകി. സേവനമേഖലയിലെ തൊഴിൽ വിപണിയുടെ ഭാഗമായി പുതുതായി ഉയർന്നു വന്ന മധ്യവർഗം നവഹൈന്ദവികതയുടെ പ്രധാന വൃഷ്ടിപ്രദേശങ്ങളിലൊന്നായി. ലോക തൊഴിൽ വിപണയിൽ നിലനിൽക്കുന്ന ചൂഷണവുമായി ബന്ധപ്പെട്ട അധമബോധം അതിനുള്ള ഭൗതിക സാഹചര്യമൊരുക്കി. ലോക തൊഴിൽ വിപണയിലെ ഏറ്റവും വിലകുറഞ്ഞ മനുഷ്യവിഭവ ശേഷി മാത്രമാണ് തങ്ങളെന്ന അധമബോധം ഇന്ത്യയിലെ ഐടി മേഖലയിൽ തൊഴിലെടുക്കുന്ന ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവുമായിരുന്നില്ല. ഈ അധമബോധം മറികടക്കുന്നതിനുളള ആൻറിഡോട്ടായി രാഷ്ട്രീയ ഹൈന്ദവികതയുടെ മിഥ്യകൾ സഹായകമായിരുന്നു. കൊളോണിയൽ അധീശത്വത്തിന്റെ തണലിൽ രൂപപ്പെട്ട ഇന്ത്യൻ ആധുനികതയുടെ ഗുണഭോക്താക്കളായ സവർണ-സമ്പന്ന വിഭാഗങ്ങൾക്ക് ഇന്ത്യയുടെ പുരാതന സംസ്‌കൃതിയെ കുറിച്ചുള്ള ആഖ്യാനങ്ങൾ ദിവ്യങ്ങളായി അനുഭവപ്പെട്ടതിന്റെ ആധുനികോത്തര രൂപമായി കരുതാവുന്ന ഈ സ്ഥിതിവിശേഷം വിശദമായ പഠനം ആവശ്യപ്പെടുന്നു.

കോവിഡ്​ വീഴ്​ചകൾ

സാമ്പത്തിക- സാമൂഹ്യ മേഖലകളിൽ കാലങ്ങളായി നിലനിൽക്കുന്നതും, പുതതായി രൂപപ്പെട്ടതുമായ ക്രൂരമായ വിവേചനങ്ങളുടെ മറ്റൊരു പതിപ്പാണ് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ഭരണ സംവിധാനം പുലർത്തുന്ന കുറ്റകരമായ നിസ്സംഗതയും, പിടിപ്പുകേടും.

കോവിഡ് മരണനിരക്ക് ഏറ്റവുമധികമുയർന്ന ലോകത്തിലെ അഞ്ച് രാജ്യങ്ങൾ.

ഭരണപരമായ പരാജയം മാത്രമല്ല ഈ വീഴ്ചകൾ. കുടിയേറ്റ തൊഴിലാളികളുടെ പലായനം, പ്രാണവായുവിനായി പിടയുന്നവർ, ആശുപത്രി കിടക്ക ലഭിക്കാതെ ജീവൻ വെടിഞ്ഞവർ, ഉറ്റവരുടെ ചിതയൊരുക്കാൻ കാത്തിരിക്കുന്നവർ, അതിനുപോലും കഴിയാതെ പുഴകളിലേക്ക് ശവം വലിച്ചെറിയാൻ നിർബന്ധിതരായവർ, വാക്സിൻ ലഭ്യതക്കു വേണ്ടിയുള്ള കാത്തിരിപ്പ് - പരിഷ്‌കൃത നാഗരികതയുടെ ഏതു മാനദണ്ഡമെടുത്താലും നീതികരിക്കാനാവാത്ത കൃത്യവിലോപങ്ങളുടെ അവസാനിക്കാത്ത കണക്കെടുപ്പുകളാണ് 2020 മാർച്ച് 24-ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മുതലുള്ള ചരിത്രം. അസമത്വം ജനിതക ഘടനയിൽ തന്നെ ആലേഖനം ചെയ്ത അധികാര സംവിധാനത്തിന്റെ ലക്ഷണമൊത്ത സാമൂഹ്യ വിരുദ്ധത ഇത്രയും വ്യക്തതയോടെ പ്രകടമാവുന്നത് ഇതാദ്യമായിരിക്കും.

സമ്പൂർണ ലോക്ക്ഡൗൺ ലോകത്തിലാദ്യമായി പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന്റെ തോതിൽ കുറവുണ്ടായില്ലെന്നു മാത്രമല്ല രോഗം പടരുകയും ചെയ്തു. കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കുവാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് മനുഷ്യർ കൊറോണ വൈറസിന്റെ വാഹകർ ആയി മാറുന്നതിന്റെ സാധ്യതകൾ ഭരണ സംവിധാനത്തിന്റെ പരിഗണനയിൽ പോലുമുണ്ടായില്ലെന്നത് അത്ഭുതകരമാണ്. കോവിഡിന്റെ ആദ്യഘട്ടത്തിലും മരണനിരക്കിൽ ദക്ഷിഷ്യേയിൽ ഒന്നാം സ്ഥാനം ഇന്ത്യക്കായിരുന്നു. കോവിഡ് മൂലം ദശലക്ഷത്തിൽ 46 മരണം ഇന്ത്യയിൽ രേഖപ്പെടുത്തിയപ്പോൾ അഫ്ഗാനിസ്ഥാനിൽ 36 ഉം, പാകിസ്ഥാനിൽ 28ഉം ബംഗ്ലദേശിൽ 24ഉം നേപ്പാളിൽ ആറും ശ്രീലങ്കയിൽ 0.6 ഉം ആയിരുന്നു. ഒരു നിർദ്ദിഷ്ട ദേശത്തെ മൊത്തം മരണനിരക്കിന്റെ കണക്കുകളിൽ 106 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 85 ആയിരുന്നു. അതായത് 21 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയെക്കാൾ മോശം നിലയിൽ ഉണ്ടായിരുന്നത്. 2020 മാർച്ച് മുതൽ രോഗബാധയുടെ മൊത്തം എണ്ണം ഉയരുകയായിരുന്നു. രോഗവ്യാപന തോത് ഏപ്രിലിൽ ഗ്രാമീണ മേഖലയിൽ 23 ശതമാനം ആയിരുന്നുവെങ്കിൽ 2020 ആഗസ്റ്റ് മാസത്തോടെ അത് 54 ശതമാനമായി ഉയർന്നുവെന്ന് ബാസുവിന്റെ ലേഖനം വെളിപ്പെടുത്തുന്നു. രോഗവ്യാപനത്തെക്കുറിച്ചുള്ള മറ്റു പല മാനദണ്ഡങ്ങളും രോഗവ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കുന്നു.

മഹാമാരിക്കു ശേഷമുള്ള ലോക സമ്പദ്ഘടനക്ക് ഉത്തേജകം നൽകുമെന്ന് കരുതപ്പെടുന്ന മേഖലകളിൽ ഇന്ത്യയുടെ നില ഭദ്രമായിരുന്നു. എന്നിട്ടും എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മുന്നറിയിപ്പില്ലാതെ രാജ്യമാകെ അടച്ചുപൂട്ടിയതു മുതലുള്ള നടപടികൾ സർക്കാരിന്റെ അനവധാനത വ്യക്തമാക്കുന്നവയായിരുന്നു. അടച്ചുപൂട്ടലിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയിരുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനം, തുടർച്ചയായി രേഖപ്പെടുത്തിയ രോഗവ്യാപന വർദ്ധന, ഉയർന്ന മരണനിരക്ക്, ഗ്രാമങ്ങളിലേക്കുള്ള രോഗവ്യാപനം തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ ആഗസ്റ്റിൽ തന്നെ ബാസുവിന്റെ ലേഖനം അക്കമിട്ടു നിരത്തുന്നു. രോഗമുക്തിക്ക് ശേഷം സംഭവിക്കാനിടയുള്ള സാമ്പത്തിക പുരോഗതിയുടെ ഗുണങ്ങൾ സ്വായത്തമാക്കുന്നതിന് രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിൽ സംഭവിച്ച വീഴ്ചകൾ ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മഹാമാരിക്കു ശേഷമുള്ള ലോക സമ്പദ്ഘടനക്ക് ഉത്തേജകം നൽകുമെന്ന് കരുതപ്പെടുന്ന മൂന്നു മേഖലകളിൽ - ഐ.ടി-പുറംകരാർ, ആരോഗ്യം- ഫാർമസ്യൂട്ടിക്കൽസ്, ഉന്നത വിദ്യാഭ്യാസം- ഗവേഷണം - എന്നിവയിൽ ഇന്ത്യയുടെ നില ഭദ്രമായിരുന്നു. എന്നിട്ടും എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന്റെ ഉത്തരം മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മുന്നറിയിപ്പില്ലാതെ നടപ്പിലാക്കിയ അടച്ചുപൂട്ടൽ സമ്പദ്ഘടനയെ നിശ്ചലമാക്കിയതോടെ സാമ്പത്തിക വളർച്ച കുത്തനെ ഇടിയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. നിക്ഷേപകരുടെ ആത്മവിശ്വാസം ഇതോടെ ഇല്ലാതായതായി ബാസു ചൂണ്ടിക്കാണിക്കുന്നു. സ്ഥായിയായ വളർച്ചയുടെ ഒരു സുപ്രധാന സൂചകം നിക്ഷേപ നിരക്കാണ്. മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ ശതമാനമെന്ന നിലയിൽ മൂലധന നിക്ഷേപ നിരക്ക് 2018-ൽ 38.1 ശതമാനം ആയിരുന്നുവെങ്കിൽ 2020-ൽ അത് 30 ശതമാനമായി കുറഞ്ഞു. മഹാമാരിയുടെ രണ്ടാം വരവിനുള്ള ഭൗതിക പശ്ചാത്തലം 2020 ആഗസ്റ്റിൽ തന്നെ വ്യക്തമായിരുന്നുവെന്ന് ബാസുവിന്റെ ലേഖനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ പ്രൊഫസറായ ബാസുവിന് മുൻകൂട്ടി കാണുവാൻ കഴിഞ്ഞ ദുരന്തം ഇന്ത്യയിലെ ഭരണസംവിധാനത്തിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്? മോദി സർക്കാരിന്റെ പിടിപ്പുകേടിനൊപ്പം ഇന്ത്യ നേരിടുന്ന ഘടനപരമായ വൈരുദ്ധ്യങ്ങളും ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമാണെന്ന വീക്ഷണം പ്രസക്തമാവുന്നതിന്റെ പശ്ചാത്തലം ഇതാണ്.

സായിപ്പിന്റെ മാധ്യമങ്ങളുടെ സ്വതസിദ്ധമായ പക്ഷപാതിത്വത്തെ പറ്റി ഇപ്പോൾ വാചാലരാവുന്ന മോദി ഭക്തർ നാട്ടിലെ കൊളളാവുന്ന മാധ്യമങ്ങൾ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് നൽകിയ മുന്നറിയിപ്പുകൾ അവജ്ഞയോടെ അവഗണിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലെ ജയാപജയങ്ങളുടെ കണക്കുകൂട്ടലുകളെ മറികടക്കുന്ന വിശ്വാസ തകർച്ചയെ അഭിമുഖീകരിയ്ക്കുന്ന മോദിയുടെ രാഷ്ട്രീയം ഭരണകൂടാധികാരത്തിന്റെ പിൻബലത്തിൽ ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ തത്രപ്പാടിലാണ്. മോദി പ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിതെളിച്ച ഘടകങ്ങൾ ഒരോന്നായി പിന്നോട്ടടിക്കുന്നതോടെ ഭരണകൂടാധികാരത്തിന്റെ ബലത്തിൽ മാത്രമുള്ള അതിജീവന സാധ്യത വരാനിരിക്കുന്ന നാളുകളിൽ രാഷ്ട്രീയ മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്തും. സ്വതസിദ്ധമായ പ്രതിസന്ധിയോടൊപ്പം മഹാമാരി സൃഷ്ടിച്ച തകർച്ചയും കൂടി ചേർന്നതോടെ സാമ്പത്തിക മേഖല രൂക്ഷമായ സ്ഥിതിയിലായി. മോദി പ്രതിഭാസത്തിന്റെ ബഹുജനാടിത്തറയുടെ ശക്തിയായ മധ്യവർഗമാണ് അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കുന്ന കൂട്ടർ. വിജൃംഭിതമായ രാഷ്ട്രീയ ഹൈന്ദവികതയുടെ മിഥ്യാടനങ്ങളുടെ പ്രധാന ഉപഭോക്താക്കളായിരുന്നു ഇക്കൂട്ടർ. അവർ തന്നെ പാടി പുകഴ്ത്തിയ "മോദി മാജിക്' എടുക്കാച്ചരക്കായി മാറിയെന്ന അങ്കലാപ്പിലാണ് മധ്യവർഗം. തൊഴിൽ ഇല്ലായ്മയും, വേതന നഷ്ടവും കൂടുതൽ രൂക്ഷമാവുന്ന സാഹചര്യത്തിൽ മധ്യവർഗത്തിന്റെ അങ്കലാപ്പുകൾ കൂടുന്നതല്ലാതെ കുറയുന്നതിനുള്ള സാധ്യതയില്ല. കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച പരാജയം സാർവദേശീയ തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയിൽ വരുത്തിയ ആഘാതവും ചെറുതല്ല. ഐ.ടി അടമുള്ള സാങ്കേതിക വിദ്യയിൽ കേമന്മാരായി ഊറ്റം കൊണ്ടിരുന്ന ഇന്ത്യ, ആവശ്യത്തിന് ഓക്സിജൻ പോലും ലഭിക്കാതെ മനുഷ്യർ പിടഞ്ഞു മരിക്കുന്ന മൂന്നാം ലോക രാജ്യം മാത്രമാണെന്ന ധാരണയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ ഇമേജറി നൽകുന്ന സന്ദേശം. സായിപ്പിന്റെ മാധ്യമങ്ങളുടെ സ്വതസിദ്ധമായ പക്ഷപാതിത്വത്തെ പറ്റി ഇപ്പോൾ വാചാലരാവുന്ന മോദി ഭക്തർ നാട്ടിലെ കൊളളാവുന്ന മാധ്യമങ്ങൾ വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് നൽകിയ മുന്നറിയിപ്പുകൾ അവജ്ഞയോടെ അവഗണിക്കുകയായിരുന്നു.

മംഗലശ്ശേരി നീലകണ്ഠൻ എതിരാളിയായ മുണ്ടക്കൽ ശേഖരനോട് പറയുന്ന ഡയലോഗ് കോപ്പിയടിച്ചു പറഞ്ഞാൽ, ഭക്തരുടെ ഭാഷക്ക് ഇതുവരെയില്ലാത്ത ഒരു ശുദ്ധി വന്നിട്ടുണ്ട്. വിദേശ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ പരാമർശിക്കുവാൻ "നരേറ്റീവ്, നറേറ്റിവിറ്റി' തുടങ്ങിയ പദങ്ങൾ അവർ ഉപയോഗിക്കാൻ തുടങ്ങി. സാധാരണഗതിയിൽ അവരുടെ പദകോശത്തിൽ ഇല്ലാത്തവയാണ് അത്തരം പദങ്ങൾ. "ഗോധീ മീഡിയ' എന്നു പരിഹാസിക്കപ്പെടുന്ന ടെലിവിഷൻ വാർത്ത ചാനലുകളുടെ (പ്രൊപ്പഗാൻഡ സംവിധാനങ്ങൾ എന്നാണ് ശരിയായ പ്രയോഗം) സഹായത്തോടെ സർക്കാരിന് അനുകൂലമായ ‘നറേറ്റീവുകൾ' സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ പുതിയ പ്രയോഗമാണ് ‘പോസിറ്റിവിറ്റി'. രോഗവ്യാപനത്തിന്റെ തീവ്രത വിലയിരുത്തിയതിൽ സംഭവിച്ച പിശകാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും അതിനെപ്പറ്റി വ്യാകുലപ്പെടാതെ സർക്കാരിന്റെ പ്രവർത്തങ്ങളെ പോസിറ്റീവായി വീക്ഷിക്കണമെന്നുമാണ് ഈ വാദത്തിന്റെ ഉള്ളടക്കം. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്ത് തന്നെ ‘പോസിറ്റിവിറ്റിയുടെ' വക്താവായി അവതരിക്കുകയുണ്ടായി.

സി.ബി.എസ്.ഇ പ്ലസ്​ ടു പരീക്ഷ റദ്ദാക്കിയ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാർത്ഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

രോഗ വ്യാപനത്തിന്റെ തോത് കുറയുന്നതോടെ സർക്കാരിന്റെ ഇടപെടലിന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്ന നിരവധി ആഖ്യാനങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പാണ്. അതിനുള്ള റിഹേഴ്സൽ തുടങ്ങിയിട്ടുണ്ട്. 12-ക്ലാസ് വിദ്യാർത്ഥികളുടെ (സി.ബി.എസ്.ഇ) പരീക്ഷ റദ്ദു ചെയ്യുന്ന തീരുമാനം പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിക്കുന്നതും, അതിനു ശേഷം വിദ്യാർത്ഥികളുടെ സംശയനിവാരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നതുമെല്ലാം പുതിയ ആഖ്യാനങ്ങളുടെ സൂചനകളാണ്. ഇമേജറികളുടെ വിതരണ ശൃംഖലകളിൽ നിന്നു മാത്രമല്ല ഉൽപ്പാദന വ്യവസ്ഥയിൽ നിന്നു പോലും ഇഷ്ടമില്ലാത്ത ദൃശ്യങ്ങൾ നിഷ്‌ക്കാസനം ചെയ്യുന്നതിനുള്ള അധികാരം ഭരണകൂടം കൈക്കലാക്കിയ സാഹചര്യത്തിൽ കരുത്തനായ "പ്രൈം സേവകനിൽ' നിന്നും കരുണാമയനായ നേതാവിലേക്കുള്ള പരിവർത്തനത്തിന്റെ ദൃശ്യവിന്യാസങ്ങൾ എളുപ്പത്തിൽ സാധ്യമാവുന്നതാണ്. എന്നാലും പോസിറ്റിവിറ്റി ആഖ്യാനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്ന മൊണ്ടാഷുകളായി നദികളിൽ വീർത്തുപൊന്തിയ ശവങ്ങളുടെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇമേജറികളുടെ ബദൽ ഭാഷയാവുന്ന പക്ഷം മോദി 2.0-യുടെ ആരംഭത്തിന്റെ അവസാനമായെന്നു കരുതാം.▮

കുറിപ്പുകൾ1. 1979ൽ മൊറാർജി ദേശായി മന്ത്രിസഭക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോകസഭയിൽ ചർച്ചക്കെടുക്കുന്ന ദിവസം തൃശ്ശൂരിൽ നിന്ന്​പ്രസിദ്ധീകരിച്ചിരുന്ന മലയാളംഎക്സ്പ്രസ്സ് പത്രത്തിന്റെ തലക്കെട്ട് ഇതായരിന്നുവെന്ന കേട്ടറിവ്. 2. കമ്യൂണൽ വയലൻസ് ഇൻ നോർത്ത് ഈസ്റ്റ് ഡെൽഹി, ഫെബ്രുവരി 2020. 3. കൗഷിക് ബാസു; India's descent into stepwells of growth: livemint.com August 28, 2020 4: ‘രാവണ പ്രഭു’ സിനിമ


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments