കോർപറേറ്റുകളുടെ കാരുണ്യപ്പണം വലിയൊരു കെണിയാണ്

പ്രകൃതി ദുരന്തങ്ങൾ തൊട്ട് മഹാമാരി വരെയുള്ള എന്തും കോർപ്പറേറ്റ് കാരുണ്യം വാരിവിതറാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയും ഗവൺമെന്റുകളും ജനാധിപത്യ സ്ഥാപനങ്ങളും ഉത്തരവാദിത്വങ്ങൾ കയ്യൊഴിഞ്ഞ് ചാരിറ്റി ഫൗണ്ടേഷനുകളെ ആശ്രയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അവ ഒരുക്കുന്ന ചതിക്കെണികൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ആഗോളതലത്തിൽ വ്യാപകമാകുന്ന കാരുണ്യ മുതലാളിത്തത്തിന്റെ പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടപ്പെടുന്നു

ന്ത്യയിലെ അതിസമ്പന്നരിൽ മൂന്നാമത്തെയാളെന്ന് ഹരുൺ ഇന്ത്യ റിച്ച് ലിസ്റ്റ്1 രേഖപ്പെടുത്തിയ വിപ്രോ കമ്പനി ഉടമ അസീം പ്രേംജി, 2019 മാർച്ച് 13ന് അത്യധികം അസാധാരണമായ ഒരു പ്രഖ്യാപനം നടത്തി. തന്റെ സമ്പത്തിൽ നിന്ന് 53,000 കോടി രൂപ കാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നുവെന്നായിരുന്നു ആ പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നായ വിപ്രോയിലെ തന്റെ ഓഹരികളുടെ 34% ആയിരുന്നു അസീം പ്രേംജി സംഭാവനയായി നൽകിയത്. കൂടാതെ, ആഗോളതലത്തിൽ ബിൽഗേറ്റ്സും വാറൺ ബഫറ്റും ആരംഭിച്ച ‘ഗിവിംഗ് പ്ലഡ്ജ്' എന്ന ഫിലാന്ത്രോപിക് സംരംഭത്തിൽ ഒപ്പുവെച്ച വ്യക്തിയെന്ന നിലയിൽ തന്റെ ഓഹരികളുടെ 73%ത്തോളം കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്നും ഈ അവസരത്തിൽ അദ്ദേഹം പറഞ്ഞു. 1,45,000 കോടി രൂപ (21 ബില്യൺ ഡോളർ) വരും ഈ തുക. കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു വ്യക്തി നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നായി ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ‘ഇന്ത്യയിലെ ഏറ്റവും ഉദാരനായ വ്യക്തി'യായി മാധ്യമങ്ങൾ അസീം പ്രേംജിയെ വാഴ്ത്തി. ‘അസിം പ്രേംജി ഒരു മാതൃകാമനുഷ്യസ്നേഹിയാണ്, ഞങ്ങൾക്ക് പ്രചോദനം നൽകിയ ഒരാൾ, അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഞങ്ങൾ അഭിമാനിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ രാഷ്ട്രനിർമാതാവാണെന്ന് ഞാൻ കരുതുന്നു'- ഇന്ത്യയിലെ ബില്യണയർ ക്ലബ്ബിലെ മറ്റൊരംഗമായ, ബയോകോൺ എന്റർപ്രൈസസ് ഉടമ കിരൺ മജുംദാർ ഷാ, അസീം പ്രേംജിയുടെ പ്രവൃത്തിയെ പ്രശംസിച്ച് കുറിച്ച്​2. ‘സെക്കന്റ്ഹാൻഡ് മേർസിഡസ് ഇ ക്ലാസ് കാർ സ്വന്തമായുള്ള', ‘വിമാനയാത്രകളിൽ cattle class ൽ മാത്രം സഞ്ചരിക്കുന്ന', ‘ഒരു ഉല്ലാസനൗകപോലും സ്വന്തമായില്ലാത്ത' ഇന്ത്യൻ സിലക്കൻവാലിയുടെ സർവാധിപതിയായ അസിം പ്രേംജിയുമായി പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അനിൽ ധാർകർ നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു; ‘‘ധനികനായിരിക്കുന്നത് എന്നെ പുളകംകൊള്ളിക്കുന്നില്ല''3.
അസീം പ്രേംജിയുടെ കാരുണ്യപ്രവൃത്തിക്ക് മറ്റ് ഇന്ത്യൻ മാതൃകകൾ കാണാൻ കഴിയില്ലെങ്കിലും ഇന്ത്യയിലെ അതിസമ്പന്നർക്കിടയിൽ ഭൂതദയ വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നു.

അസീം പ്രേംജി

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ വളർച്ചയുമായി താരതമ്യപ്പെടുത്തിയാൽ തുലോം തുച്ഛമാണെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഫിലാന്ത്രോപി മേഖലയിലേക്ക് കടന്നുവരുന്ന സൂപ്പർ റിച്ചുകളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണെന്ന് ഇന്ത്യൻ ഡവലപ്മെന്റ് റിവ്യൂ സ്ഥാപക ഡയറക്ടറായ സ്മരണീത ഷെട്ടി അഭിപ്രായപ്പെടുന്നു4. 2018ലെ ഹരുൺ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് അനുസരിച്ച് 10 കോടിക്ക് മുകളിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലഴിച്ചവരുടെ സംഖ്യ 39ഓളം വരും. എച്ച്.സി.എൽ കമ്പനിയുടെ ശിവ് നടാർ 770 കോടി രൂപ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും, റിലയൻസ് ഇന്ത്യയുടെ മുകേഷ് അംബാനി 437 കോടി രൂപ വിദ്യാഭ്യാസം, ഗ്രാമീണ വികസനം എന്നീ മേഖലകളിലും. പിരമൾ എന്റർപ്രൈസസ് ഉടമ അജയ് പിരമൾ 200 കോടി രൂപ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലുമായി ചെലവഴിച്ചുവെന്ന് ഹരുൺ ഇന്ത്യ വെളിപ്പെടുത്തുന്നു5. അസീം പ്രേംജി തൊട്ട് നന്ദൻ നീലകേനി വരെയുള്ള ‘ഐ.ടി ഓവർലോഡുകളു'ടെയും മറ്റ് ഇന്ത്യൻ ‘ബോളിഗാർക്കു'കളുടെയും ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ‘ഭൂതദയ'യുടെ പടിഞ്ഞാറൻ പരിഛേദത്തെക്കൂടി മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട്, ആഗോളതലത്തിൽ തന്നെ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാരുണ്യ മുതലാളിത്തത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയത്തെ ആഴത്തിൽ പരിശോധിക്കാം.

ഉത്തരവാദിത്തം കൈയൊഴിയുന്ന സർക്കാറുകൾ

പ്രകൃതി ദുരന്തങ്ങൾ തൊട്ട് മഹാമാരി വരെയുള്ള എന്തും കോർപ്പറേറ്റ് കാരുണ്യം വാരിവിതറാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയും ഗവൺമെന്റുകളും ജനാധിപത്യ സ്ഥാപനങ്ങളും അവരുടെ ഉത്തരവാദിത്വങ്ങൾ കയ്യൊഴിഞ്ഞ് ചാരിറ്റി ഫൗണ്ടേഷനുകളെ ആശ്രയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അവ ഒരുക്കുന്ന ചതിക്കെണികൾ എന്തൊക്കെയായിരിക്കും എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഒരു ദശകക്കാലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 ആഗസ്റ്റിൽ, ആഗോള ഐ.ടി ഭീമനായ ബിൽഗേറ്റ്സും അമേരിക്കൻ ഇൻവെസ്റ്ററായ വാറൻ ബഫറ്റും ചേർന്ന് അന്താരാഷ്ട്ര ഫിലാന്ത്രോപിക് സംരംഭമായ ‘ഗിവിംഗ് പ്ലഡ്ജി'ന് (The Giving Pledge) രൂപം നൽകുകയുണ്ടായി. ലോകത്തിലെ അതിസമ്പന്നരായ ആളുകളെ തങ്ങളുടെ സമ്പത്തിന്റെ വലിയൊരു ഭാഗം സാമൂഹ്യ സേവനങ്ങൾക്കായി ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധരാക്കുന്ന തരത്തിലായിരുന്നു ഗിവിംഗ് പ്ലഡ്ജിന്റെ രൂപീകരണം. ഗിവിംജ് പ്ലഡ്ജിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച് 2020 വരെ 23 രാജ്യങ്ങളിൽ നിന്ന്​ 210 പേർ ഈ സംരംഭത്തിൽ ഭാഗഭാക്കായി6. ബിൽ-മെലിൻഡ ഗേറ്റ്സ്, വാറൻ ബഫറ്റ് എന്നിവരെക്കൂടാതെ മാർക് സക്കർബർഗ്-പ്രിൻസില ചാൻ, ഡേവിഡ് റോക്ഫെല്ലർ, ലോറൻസ് എല്ലിസൺ, മൈക്ക്ൾ ബ്ലൂംബെർഗ് തുടങ്ങി ലോകത്തിലെ അതിസമ്പന്നരോടൊപ്പം ഇന്ത്യയിൽ നിന്ന് അസീം പ്രേംജി, നന്ദൻ-രോഹിണി നിലകേനി, പി.എൻ.സി മേനോൻ, കിരൺ മജുംദാർ ഷാ എന്നിവരും ഗിവിംഗ് പ്ലെഡ്ജിൽ അംഗങ്ങളാണ്. ദാരിദ്ര്യ നിർമാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഗിവിംഗ് പ്ലഡ്ജ് ഇടപെടുന്ന മേഖലകൾ വിശാലമാണെന്ന് പ്ലഡ്ജിനെ സംബന്ധിച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ആഗോള ഫിലാന്ത്രോപിക് സംരംഭത്തിന്റെ മുഖ്യസംഘാടകനായ ബിൽ ഗേറ്റ്സ് അതേക്കുറിച്ച് വ്യക്തമാക്കുന്നു; ‘‘ഇത്, മനുഷ്യസ്നേഹത്തിന്റെ ഒരു ഉത്കൃഷ്ട പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്, അത് ആത്യന്തികമായി ലോകത്തെ ഒരു മികച്ച സ്ഥലമാക്കി മാറ്റാൻ സഹായിക്കും''.

കിരൺ മജുംദാർ ഷാ

സ്വകാര്യ ചാരിറ്റി ഫൗണ്ടേഷനുകൾ വഴിയാണ് മേൽപ്പറഞ്ഞ അതിസമ്പന്നർ സമ്പത്ത് സാമൂഹ്യ സേവനങ്ങൾക്കായി ചെലവഴിക്കുന്നത്. ബിൽഗേറ്റ്സിന്റെ അധീനതയിലുള്ള ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, മാർക് സക്കർബെർഗും പ്രിൻസില്ല ചാനും ചേർന്ന എജ്യുക്കേഷൻ ഫൗണ്ടേഷൻ, വാറൻ ബഫറ്റിന്റെ ബഫറ്റ് ഫൗണ്ടേഷൻ, മൈക്ക്ൾ ബ്ലൂംബെർഗിന്റെ ബ്ലൂംബെർഗ് ഫിലാന്ത്രോപി, അസീം പ്രേംജിയുടെ അസീം പ്രേംജി ഫൗണ്ടേഷൻ തുടങ്ങി നൂറുകണക്കായ സ്വകാര്യ ഫൗണ്ടേഷനുകളുടെ സഖ്യം കൂടിയാണ് ഗിവിംഗ് പ്ലെഡ്ജ്.
ഫേസ്ബുക് സ്ഥാപകൻ മാർക് സക്കർബെർഗ് തന്റെ സ്ഥാപനത്തിലെ 99% ഓഹരികളും സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുകയാണെന്ന് 2015 ഡിസംബർ 2ന് ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു. ഏതാണ്ട് 45 ബില്യൺ ഡോളറാണ് മാർക്- ചാൻ ദമ്പതികൾ കാരുണ്യ ഫണ്ടായി മാറ്റിവെച്ചത്. തങ്ങളുടെ മകളായ മാക്സിന് അവളുടെ ജന്മദിനത്തിൽ ഇരുവരും ചേർന്നെഴുതിയ കത്തിൽ അവർ എഴുതി: ‘‘എല്ലാ രക്ഷിതാക്കളെയും പോലെ, ഞങ്ങളുടേതിനേക്കാളും മികച്ച ഒരു ലോകത്തായിരിക്കണം നിന്റെ വളർച്ച എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു''. തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം വ്യക്തമാക്കിക്കൊണ്ട് അവർ വിശദീകരിക്കുന്നു; ‘‘...എല്ലാ ജീവിതങ്ങൾക്കും തുല്യമൂല്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആ കൂട്ടത്തിൽ ഇന്ന് ജീവിക്കുന്നതിനേക്കാൾ ഭാവിതലമുറകളിൽ ജീവിക്കാനിരിക്കുന്ന അനേകമാളുകൾ ഉൾപ്പെടുന്നു. ഇപ്പോൾത്തന്നെ ഇവിടെയുള്ളവരുടെ മാത്രമല്ല, ഈ ഭൂമുഖത്തേക്ക് കടന്നുവരുന്ന എല്ലാവരുടെയും ജീവിതം

മെച്ചപ്പെടുത്തുന്നതിനായി ഇപ്പോൾ നിക്ഷേപം നടത്തേണ്ട ബാദ്ധ്യത നമ്മുടെ സമൂഹത്തിനുണ്ട്''. പൊതുവിൽ സമൂഹം ഉയർത്തുന്ന പല ചോദ്യങ്ങളും ഈ കത്തിലൂടെ സക്കർബെർഗും ചാനും ഉന്നയിക്കുന്നുണ്ട്; ‘‘വരും തലമുറയ്ക്ക് പട്ടിണിയെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കാൻ കഴിയുമോ?'', ‘‘എല്ലാവർക്കും അടിസ്ഥാന ആരോഗ്യ സുരക്ഷ നൽകാൻ നമുക്ക് സാധിക്കുമോ?'', ‘‘ഉൾച്ചേർക്കുന്നതും സ്വാഗത സ്വഭാവമുള്ളതുമായ സമൂഹരചന സാധ്യമാക്കുവാൻ കഴിയുമോ?'', ‘‘എല്ലാ രാഷ്ട്രങ്ങൾക്കകത്തെയും മനുഷ്യർ തമ്മിൽ സമാധാനപരവും പരസ്പര ബോദ്ധ്യം നിലനിൽക്കുന്നതുമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ സാധിക്കുമോ?'', ‘‘സ്ത്രീകൾ, കുട്ടികൾ, പ്രാതിനിധ്യമില്ലാത്ത ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, ബന്ധമറ്റവർ എന്നിവരെ ശാക്തീകരിക്കാൻ നമുക്ക് സാധിക്കുമോ?''. ചോദ്യങ്ങൾക്കുള്ള മറുപടി തന്റെ പ്രവൃത്തികളിൽ കണ്ടെത്തിക്കൊണ്ട് ഫേസ്ബുക് സ്ഥാപകൻ കുറിക്കുന്നു; ‘‘നമ്മുടെ തലമുറ ശരിയായ നിക്ഷേപം നടത്തുകയാണെങ്കിൽ മേൽപ്പറഞ്ഞ ഓരോ ചോദ്യത്തിനുമുള്ള ഉത്തരം സാധിക്കും എന്നായിരിക്കും-നിന്റെ ജീവിതകാലത്തുതന്നെ''7.

മുകേഷ് അംബാനി

ഏതാണ്ടെല്ലാ അതിസമ്പന്ന കാരുണ്യ പ്രവർത്തകരെയും പോലെ ‘ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാനുള്ള' വഴിയായി സക്കർബെർഗും കണ്ടെത്തുന്നത് വിദ്യാഭ്യാസമേഖലയെയാണ്. തന്റെ ചാരിറ്റി സ്ഥാപനത്തിന് അദ്ദേഹം നൽകിയ പേര് തന്നെ എജ്യുക്കേഷൻ ഫൗണ്ടേഷൻ എന്നാണ്. കാരുണ്യ മുതലാളിത്തത്തിന്റെ പുതിയ അവതാരമായ ബിൽഗേറ്റ്സ് സ്ഥാപിച്ച ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ (Bill & Melinda Gates Foundation BMGF) ആരോഗ്യമേഖലയിൽ പ്രത്യേകിച്ചും പ്രതിരോധ വാക്സിനുകളുടെ പ്രചാരണത്തിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയും.

ചാരിറ്റിയുടെ ചരിത്രവും പ്രത്യയശാസ്ത്ര ലോകവും

ചാരിറ്റി അഥവാ ഭൂതദയ എന്ന വാക്കിന്റെ ഉത്ഭവം ക്രിസ്ത്യൻ വേദപുസ്തകങ്ങളിൽ നിന്നാണെന്നതും ലോകത്ത് സ്വകാര്യ സ്വത്തിന്റെ ആവിർഭാവത്തോടൊപ്പം തന്നെയാണ് ചാരിറ്റി എന്ന കാഴ്ചപ്പാട് വികസിക്കുന്നതെന്നും ചാരിറ്റിയുടെ എറ്റിമോളജിയെ സംബന്ധിച്ച അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ലാറ്റിൻ ഭാഷയിലെ ‘കരിതാസ്' (Caritas) എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ചാരിറ്റി (Chartiy) ആയി പരിണമിക്കുന്നതും സാഹിത്യ-ധാർമ്മിക വ്യവഹാരങ്ങളിലേക്ക് വ്യാപകമായി കടന്നുവരുന്നതും പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്. ഇതേ കാലത്തുതന്നെയാണ് ഇംഗ്ലണ്ടിൽ ‘യൂറോപ്യൻ എൻക്ലോഷർ ആക്ട്' (1773) നടപ്പിലാക്കപ്പെട്ടതെന്നതും കൗതുകത്തോടെ നാം മനസ്സിലാക്കുന്നു. സ്വകാര്യ സ്വത്തിനെയും ഭൂതദയയെയും സംബന്ധിച്ച കാഴ്ചപ്പാടുകൾ ആദ്യകാല ക്രിസ്ത്യൻ പാഠങ്ങളിൽ കണ്ടെത്താമെന്ന് ചാൾസ് ആവില (Charles Avila) വിശദീകരിക്കുന്നു;

‘‘ഞാൻ എന്റേതാണ് എങ്കിൽ, എന്റെ തൊഴിൽ ശക്തി എന്റേതാണ് എങ്കിൽ, ഞാൻ നിർമ്മിക്കുന്നതെന്തും എന്റേതായിരിക്കും''8. ഈയൊരു യുക്തിയാണ് ഭൂമി അടക്കമുള്ള എന്തിനെയും സ്വകാര്യ സ്വത്തായി മാറ്റാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആവിലയുടെ നിഗമനം. സ്വകാര്യ സ്വത്തിന്റെ ആവിർഭാവത്തിലൂടെ ഉറവെടുക്കുന്ന സാമൂഹ്യാസ്വസ്ഥതകളെ ഭൂതദയയിലൂടെ പരിഹരിക്കാമെന്നും കൈകാര്യം ചെയ്യാമെന്നും ഉള്ള ഉടമസ്ഥ വർഗ്ഗത്തിന്റെ മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. സമ്പത്തിന്റെ സ്വകാര്യ കേന്ദ്രീകരണവും ചാരിറ്റിയും തമ്മിലുള്ള അഭേദ്യബന്ധം വെളിപ്പെടുത്തുന്നതാണിത്.
മത-ധാർമ്മിക ബോധങ്ങളെ വ്യാവസായിക താൽപര്യങ്ങൾക്ക് വിനിയോഗിക്കാമെന്ന് വ്യാവസായിക വിപ്ലവ കാലത്ത് വൻകിട ബിസിനസ് ഗ്രൂപ്പുകൾ അവയുടെ ആരംഭഘട്ടത്തിൽ തന്നെ തെളിയിച്ചുകഴിഞ്ഞിരുന്നു. പൊതുവിഭവങ്ങളിന്മേലും ജനാധിപത്യത്തിന്റെ വിശാല ഭൂമികയിലേക്കുമുള്ള തങ്ങളുടെ കടന്നുകയറ്റങ്ങളെ ഫിലാന്ത്രോപിയുടെ മൂടുപടത്തിന് പിന്നിൽ ഒളിപ്പിച്ചു നിർത്താൻ അവർ എപ്പോഴും ശ്രദ്ധിച്ചതായി കാണാം.
തങ്ങളുടെ വ്യാവസായിക താൽപര്യങ്ങൾ ആഗോളതലത്തിൽ സ്ഥാപിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ കടന്നുചെന്നത് കാരുണ്യ

പ്രവർത്തനങ്ങളിലൂടെയായിരുന്നു. വർത്തമാന കാലത്തെന്നപോലെ അവരുടെ എക്കാലത്തെയും ആകർഷണ വിഷയം ‘ദാരിദ്ര്യ നിർമാർജ്ജന'വും ‘വിദ്യാഭ്യാസ'വും ആയിരുന്നു. 1920കളിൽ ഫിലാന്ത്രോപിക് പ്രവർത്തനങ്ങളിൽ ഏറ്റവും ശക്തമായ ഇടപെടൽ നടത്തിയിരുന്ന വ്യവസായ കുടുംബങ്ങളിൽ സുപ്രധാനമായ മൂന്നെണ്ണം ഫോർഡ് (Ford), റോക്ഫെല്ലർ (Rockfeller), കാർണഗീ (Carnagie) എന്നിവയായിരുന്നു. ഈ മൂന്ന് സ്ഥാപനങ്ങളും ലോകത്തിലെ വൻകിട സർവ്വകലാശാലകളിലും നയരൂപീകരണ/ഗവേഷണ സ്ഥാപനങ്ങളിലുമായി സഹസ്ര കോടികൾ ചാരിറ്റിയുടെ പേരിൽ നിക്ഷേപിക്കുകയുണ്ടായി.

സർവശക്തൻ ഇമേജ്

വൻകിട കോർപ്പറേറ്റുകളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്നിലെ അടിസ്ഥാന ആശയമായി കരുതപ്പെടുന്ന മൂന്ന് ലക്ഷ്യങ്ങൾ ഇവയായിരുന്നുവെന്ന് റോബർട്ട് ആർനോവ് വിശദീകരിക്കുന്നു; 1. ലിബറൽ ദേശീയതയ്ക്കും ശക്തമായ ദേശീയ ഗവൺമെന്റുകൾക്കും അനുകൂലമാകുന്ന വിധത്തിൽ പൊതു അഭിപ്രായം രൂപപ്പെടുത്തുക. 2. വ്യത്യസ്ത ദേശരാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളിൽ അമേരിക്കൻ താൽപര്യങ്ങൾ വളർത്തിയെടുക്കാനുള്ള വരേണ്യവർഗ്ഗ സംഘത്തിന് രൂപം നൽകുക. 3. ഒരു ആഗോള ക്രമം രൂപപ്പെടുത്താനാവശ്യമായ ജനാധിപത്യ പരിഷ്‌കാരങ്ങൾക്കായി ദേശരാഷ്ട്രങ്ങളിൽ ഇടപെടുകയും അതുവഴി നിയോ ലിബറൽ പരിഷ്‌കാരങ്ങൾ വ്യാപകമാകുകയും ചെയ്യുക9. തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായ ആശയവ്യാപനം ശക്തമാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയായി വിദ്യാഭ്യാസത്തെയും സാംസ്‌കാരിക പ്രവർത്തനങ്ങളെയും കണ്ടെത്തുകയും ഗവേഷണ സ്ഥാപനങ്ങൾ വഴി ഈ ലക്ഷ്യം ഉറപ്പിച്ചെടുക്കുകയും ചെയ്യുകയായിരുന്നു ആദ്യം മുതൽക്കുതന്നെ അവർ ചെയ്തിരുന്നത്. ഇത്തരം ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുമ്പോഴും വരേണ്യ വർഗ്ഗത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാത്ത ഒരു സുസ്ഥിര സാമൂഹികക്രമം നിലനിർത്തുന്ന രീതിയിൽ ‘‘സംഘടനയുടെ ശ്രേണീബദ്ധമായ യുക്തി'' (Ctsaells, 1994)യെ പ്രതിഷ്ഠിക്കുന്നതിൽ അവർ ബദ്ധശ്രദ്ധരായിരുന്നു.
ജനാധിപത്യത്തെ പിന്തുണച്ചുകൊണ്ടുള്ള സാമൂഹ്യ മാറ്റം, ഉദാരമായ ഭരണനിർവ്വഹണം, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങി ചാരിറ്റി ഫൗണ്ടേഷനുകൾ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വൈപുല്യം ശ്രദ്ധിച്ചാൽ തികച്ചും വ്യത്യസ്തവും ഭിന്നവുമായ ഒരു ലോകക്രമത്തിലേക്ക് സമൂഹത്തെ നയിക്കാൻ പര്യാപ്തമായ ഇടപെടലുകളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രതീതിയിലേക്ക് ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നതായി കാണാം. രാഷ്ട്രീയ ഭരണകൂടങ്ങളും നേതൃത്വങ്ങളും കടന്നുചെല്ലാൻ മടികാണിക്കുകയോ ഭയക്കുകയോ ചെയ്യുന്ന ജനാധിപത്യത്തിന്റെ വിശാലമായ ഇടങ്ങളിലേക്ക് യാതൊരു മറയും മടിയുമില്ലാതെ ഇറങ്ങിത്തിരിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് സാധിക്കുന്നുവെന്നതുതന്നെ ‘‘നല്ല ഭാഗ്യത്തിനായി നാം പ്രാർത്ഥിക്കുന്ന സർവ്വശക്തന്റെ'' ഒരു ഇമേജ് എക്കാലവും നിലനിർത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. സർവ്വവ്യാപിയായ കാരുണ്യ മുതലാളിത്തത്തിന്റെ അദൃശ്യ കരങ്ങൾക്ക് യാതൊരു ഊനവും തട്ടാതെ നിലനിർത്തുവാൻ അവരുടെ ഈ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. വിപ്ലവ ഇടതുപക്ഷത്തെയും തീവ്ര വലതുപക്ഷത്തെയും മത യാഥാസ്ഥിതികതയെയും ഒരേപോലെ കൈകാര്യം ചെയ്യുന്നതിൽ അവർ വിജയിക്കുന്നു. ഈ ഘട്ടങ്ങളിലൊക്കെത്തന്നെയും സമ്പത്തിന്റെ മൂല്യം, സാമൂഹിക നില, ഔദ്യോഗിക പദവികളിലെ കാലദൈർഘ്യം എന്നിവകളിലൂടെ അധികാര പ്രയോഗം നടത്തുന്ന വിഭാഗങ്ങൾ എന്ന നിലയിൽ നിർവ്വചിക്കപ്പെടുന്ന ഫൗണ്ടേഷനുകൾ നിശ്ശബ്ദമായും സൂക്ഷ്മമായും വരേണ്യ വർഗ്ഗത്തിന്റെ താൽപ്പര്യങ്ങളെയും പ്രത്യേകാവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്.
വളരെ വിശാലാർത്ഥത്തിൽ, ‘തൽസ്ഥിതി' status quo-യെ നിയമാനുസൃതമാക്കുന്ന പാണ്ഡിത്യ പ്രവർത്തനങ്ങളെ-ഗവേഷണങ്ങൾ, നയരൂപീകരണ ചർച്ചകൾ എന്നിവ- പിന്തുണച്ചുകൊണ്ടാണ് ഈ കാരുണ്യ പ്രസ്ഥാനങ്ങൾ തങ്ങളുടെ അധികാരങ്ങൾ പ്രയോഗിക്കുന്നത്. നിലവിലുള്ള സമ്പത്തിന്റെയും അധികാരന്റെയും കേന്ദ്രീകരണത്തെക്കുറിച്ചോ വ്യവസ്ഥാപരമായ മാറ്റങ്ങളെക്കുറിച്ചോ ഉള്ള എല്ലാ ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിക്കുക എന്നത് അതിന്റെ മുഖ്യ കടമയും പ്രവർത്തനവുമായിരിക്കും. എക്കാലവും അത് അങ്ങിനത്തന്നെയാകാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു.
എങ്ങിനെയാണ് അവർ അത് സാധിതമാക്കുന്നതെന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നേരിട്ടുള്ള അധികാര പ്രയോഗങ്ങൾക്കപ്പുറത്ത് ഏറ്റവും ഫലവത്തായ മാർഗ്ഗം സാംസ്‌കാരിക മേൽക്കോയ്മ

നേടിയെടുക്കുന്നതിലൂടെയാണെന്ന് വരേണ്യവർഗ്ഗത്തിന് നന്നായറിയാം. സംസ്‌കാരിക മേൽക്കോയ്മ നേടിയെടുക്കുന്നത്, തെറ്റായ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ സന്നദ്ധരാക്കാൻ സാധിക്കുന്നതിലൂടെയാണെന്നും സാമൂഹ്യ സ്വാധീനത്തിന്റെ ശരിയായ സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കാതെ ലക്ഷണങ്ങളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യുന്ന സമൂഹ സൃഷ്ടിയിലൂടെയാണെന്നും അവർക്കറിയാം. അത് ഏറ്റവും ഫലപ്രദമായി ഓരോ കാലത്തും ഉപയോഗപ്പെടുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്.
വ്യവസായ ഭീമൻ റോക്ഫെല്ലർ ഉടമ ജോൺ ഡി റോക്ഫെല്ലർ (John D Rockfeller, Sr.) ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഫ്രാങ്ക് പി വാൾഷി (Frank P Walsh)ന് നൽകിയ മറുപടി ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ഫിലാന്ത്രോപിസ്റ്റായി അറിയപ്പെട്ടിരുന്ന റോക്ഫെല്ലറിനോട്, തൊഴിലാളികൾക്ക് അവരുടെ വിഹിതം നേരിട്ട് ലഭിക്കുന്ന തരത്തിൽ ഒരു സിസ്റ്റം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യത്തോട് പ്രതികരിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്; ‘‘നിങ്ങൾ പരാമർശിക്കുന്ന അതേ സ്ഥാപനത്തിന്റെ ഉടമകളായി തൊഴിലാളികൾ ക്രമേണ മാറുന്നത് കണ്ട് ഞാൻ സന്തോഷിക്കും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളികൾ കടന്നുവരാനും അവരുമായി ബന്ധം നിലനിർത്താനും എന്റെ സമ്പത്തുകൾ ഭാഗികമായോ പൂർണ്ണമായോ സമർപ്പിക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമാണ്''11. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ഈ സംഭാഷണം നടന്നതെന്ന് ഓർക്കുക. റോക്ഫെല്ലറിന്റെ സ്ഥാപനത്തിന്റെ ഒരൊറ്റ ഓഹരിപോലും അതിലെ തൊഴിലാളികൾക്ക് നാളിതുവരെ ലഭ്യമായിട്ടില്ലെന്നത് വസ്തുതയാണ്. തന്റെ സമ്പാദ്യങ്ങൾ വൻകിട ഫൗണ്ടേഷനുകൾ രൂപീകരിച്ച് വിതരണം ചെയ്യുന്ന നടപടികൾ തന്നെയാണ് റോക്ഫെല്ലർ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. വൻകിട കോർപ്പറേറ്റുകൾ, സഹസ്ര കോടികൾ കൈകാര്യം ചെയ്യുന്ന മതാധികാര സ്ഥാപനങ്ങൾ എന്നിവയൊക്കെയും കാരുണ്യ പ്രവർത്തനങ്ങൾക്കായ് കോടികൾ ചെലവഴിക്കുമ്പോഴും അവരുടെ സഹായത്തിന് അർഹരായ ആളുകളെ തങ്ങളുടെ അധികാര പരിധിയുടെ നിഴലിൽ പോലും കടന്നുവരാൻ സമ്മതിക്കാത്തത് കാണാവുന്നതാണ്.
സാംസ്‌കാരിക മേൽക്കോയ്മ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്നതെങ്ങിനെയെന്ന് മനസ്സിലാക്കുവാൻ വിവിധ സർവ്വകലാശാലകളിലെ ഗവേഷണ പ്രവർത്തനങ്ങളെയും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെയും സംബന്ധിച്ച സ്ഫൂലാർത്ഥത്തിലുള്ള അന്വേഷണങ്ങൾ തന്നെ ധാരാളമാണ്. വരേണ്യ വർഗ്ഗത്തിന്റെ പ്രിവിലേജുകളെയും അതിന്റെ അധികാര ഘടനയെയും ഗൗരവതരമായി വെല്ലുവിളിക്കുന്ന ഏതുതരത്തിലുള്ള ഇടപെടലുകളെയും അന്വേഷണങ്ങളെയും അത് വഴിതിരിച്ചുവിടുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നതായി കാണാം. വ്യവസ്ഥയുടെ തായ്വേരുകളെ സ്പർശിക്കാത്ത സൗമ്യ വിമർശനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ഒരേ സമയം ജനാധിപത്യത്തിന്റെ കാവലാളായി നിലനിൽക്കാനും അസമത്വത്തിലൂന്നിയ സാമൂഹിക ഘടനയ്ക്കെതിരെ ഉയരുന്ന വെല്ലുവിളികളെ ഇല്ലാതാക്കാനും മുതലാളിത്തത്തിന്റെ ഈ ‘കാരുണ്യരൂപങ്ങൾക്ക്' സാധിക്കുന്നു.

യൗവനങ്ങളെ ചൂണ്ടാൻ
തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഹാനികരമാകാത്ത രീതിയിൽ പുതുചിന്തകളെ എങ്ങിനെ ഉത്പാദിപ്പിക്കാമെന്നത് മുതലാളിത്തത്തിന്റെ എക്കാലത്തെയും വലിയ അന്വേഷണങ്ങളിലൊന്നായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വിവിധങ്ങളായ സാമൂഹ്യശ്രേണികളെ സ്വാഭാവികമെന്ന നിലയിൽ നോക്കിക്കാണാനും അതേസമയം ചിന്തകളിലെ നവീകരണം സാധ്യമാക്കുന്നതുമായ ഗവേഷണ പ്രവർത്തനങ്ങളിലേക്ക് യൗവ്വനങ്ങളെ വഴിതിരിച്ചുവിട്ടുകൊണ്ടുമായിരുന്നു അവർ അതിന് ശ്രമിച്ചത്. ഇതേക്കുറിച്ച് തോമസ് ഗാഫ്നേ ‘ദ കറപ്ഷൻ ഓഫ് ഇക്കണോമിക്സ്' (The Corruption of Economics) എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക: ''19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്തിലെ വിവിധ യൂണിവേർസികളിലെ സാമൂഹ്യശാസ്ത്ര ഗവേഷണ മേഖലകളിലെ ഫണ്ടിംഗ് രീതികളിലേക്ക് കണ്ണോടിക്കുക. വ്യാവസായിക മുതലാളിത്തത്തെ വിമർശിക്കുന്ന തരത്തിലുള്ള ഏതൊരു ചിന്തയെയും, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രമേഖലയിൽ- തടയിടുന്ന രീതിയിലായിരുന്നു സർവ്വകലാശാലകളിലെ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തിരുന്നത് (Gaffney, 1994)11.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ബുദ്ധിജീവി വർഗ്ഗം കയ്യാളുന്ന സാംസ്‌കാരിക മൂലധനം (Cutltural Capital) എന്നിവ സാംസ്‌കാരിക മേൽക്കോയ്മ നേടിയെടുക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്ന് വരേണ്യ വർഗ്ഗം തിരിച്ചറിഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. സാമ്പത്തിക മൂലധനത്തിനും ബുദ്ധിജീവി വർഗം ഉത്പാദിപ്പിച്ചെടുക്കുന്ന സാംസ്‌കാരിക മൂലധനത്തിനും ഇടയിലുള്ള ഇടനിലക്കാരന്റെ റോളിലാണ് എല്ലാ ഫൗണ്ടേഷനുകളും പ്രവർത്തിക്കുന്നതെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ ഇന്ദ്രജിത് പർമാർ ചൂണ്ടിക്കാട്ടുന്നു12.
പുതിയ വിജ്ഞാനശാഖയും രീതിശാസ്ത്രം രൂപപ്പെടുത്തുവാനുള്ള കഴിവും സ്ഥാപിച്ചെടുക്കാനുള്ള അധികാരം ശാസ്ത്രപുരോഗതിക്കായുള്ള ലളിത സംഭാവനകളല്ല, മറിച്ച് നിർണ്ണയിക്കപ്പെട്ട പ്രതീകാത്മക ആധിപത്യത്തിന്റെ ഘടന സ്ഥാപിച്ചെടുക്കുന്നതിനോ, പുനഃസ്ഥാപിക്കുന്നതിനോ, ശക്തിപ്പെടുത്താനോ പരിരക്ഷിക്കാനോ, വിപരീതമാക്കുവാനോ ഉള്ള രാഷ്ട്രീയ കുതന്ത്രങ്ങളായാണ് എല്ലായിപ്പോഴും അവ പ്രത്യക്ഷപ്പെടുക എന്ന് സാംസ്‌കാരിക മൂലധന നിർമിതിയിൽ ഫിലാന്ത്രോപിക് ഫൗണ്ടേഷനുകളുടെ തന്ത്രപരമായ സ്വാധീനം വിശദീകരിച്ച്​ ഡേവിഡ് സ്വാർട്സ് (David Swatrz) വ്യക്തമാക്കുന്നു13.
19ൃ-ാംനൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വളർന്നുവന്ന വമ്പൻ വ്യവസായ സംഘങ്ങളിൽ നിന്ന് ഭിന്നമായ ഘടനാരൂപങ്ങൾ ഉൾക്കൊള്ളുന്ന പുത്തൻ സാമ്പത്തിക ശക്തികൾ, പ്രത്യേകിച്ചും 1980കൾക്ക് ശേഷം ശക്തമായ, വിവര സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യവസായ സംരംഭങ്ങളുടെ ഉടമകൾ, കാരുണ്യ മുതലാളിത്തത്തിന്റെ പുത്തൻ രൂപങ്ങളായി തങ്ങളെ സ്വയം അടയാളപ്പെടുത്തുന്നത് കാണാൻ കഴിയും. കാരുണ്യ മുതലാളിത്തത്തിന്റെ ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്റെ ‘ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനി'ലൂടെ അതിന്റെ രൂപീകരണ കാലം (2000) തൊട്ടിങ്ങോട്ട് ഏതാണ്ട് 46.8 ബില്യൺ ഡോളർ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്ന് വിവിധ സ്രോതസ്സുകൾ വെളിപ്പെടുത്തുന്നു. ഗിവിംഗ് പ്ലെഡ്ജ് എന്ന ഫിലാന്ത്രോപിക് സംരംഭത്തിന്റെ മുഖ്യ സംഘാടകരിലൊളായ ഗേറ്റ്സ് മേൽപ്പറഞ്ഞ തുകയ്ക്ക് പുറമെ തന്റെ സ്ഥാപനത്തിന്റെ ബില്യൺ കണക്കിന് ഡോളറുകൾ മൂല്യമുള്ള ഓഹരികൾ കൂടി ഇത്തരത്തിൽ വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഗേറ്റ്സും, സക്കർബെർഗും അടക്കമുള്ള പുതുതലമുറ ഫിലാന്ത്രോപിസ്റ്റുകൾ സാമൂഹ്യ മാറ്റത്തിനുള്ള ഏറ്റവും നല്ല ഉപാധിയായി കാരുണ്യ പ്രവർത്തനങ്ങളെ പരിഗണിക്കുകയും ദാരിദ്ര നിർമ്മാർജ്ജനം, രോഗമുക്തി, വിദ്യാഭ്യാസം, അടിത്തട്ടിലുള്ളവരുടെ ശാക്തീകരണം എന്നിവയ്ക്കായി സഹസ്ര കോടികൾ ചെലവഴിക്കുകയും ചെയ്യുന്നു. ഏറ്റവും ഫലപ്രദമെന്നും യുക്തിസഹമെന്നും തോന്നാവുന്ന പ്രവൃത്തികളിലൂടെ തങ്ങളുടെ സമ്പത്തുകൾ സമൂഹത്തിലേക്ക് തന്നെ തിരിച്ചുവിടാൻ ഫൗണ്ടേഷനുകളെ ഉപയോഗപ്പെടുത്തുമ്പോഴും ഫിലാന്ത്രോപിയുടെ അടിസ്ഥാന നിയമങ്ങളെ ലംഘിക്കാതിരിക്കാൻ അവർ ബദ്ധശ്രദ്ധരാണ്. തങ്ങളുടെ വരേണ്യവർഗ്ഗ പദവികളെയോ അധികാര ഘടനയെയോ വെല്ലുവിളിക്കുന്ന ഒന്നിനെയും അവർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നത് ഈ പ്രവൃത്തികളിലുടനീളം കാണാം.
വ്യക്തിതലത്തിൽ നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ വരേണ്യ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. ലളിത ജീവിതങ്ങളുടെ ഉത്തമ ഉദാഹരണങ്ങളായി മേൽപ്പറഞ്ഞ ‘ഐ.ടി ഓവർലോഡുകൾ' എടുത്തുകാട്ടപ്പെടുമ്പോഴും ഈ വരേണ്യ വിഭാഗം തങ്ങളുടെ അധികാര ഭാവനകൾക്ക് യാതൊരു ഊനവും തട്ടാത്ത വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുനയിക്കുന്നു. ഈ അതിസമ്പന്ന വിഭാഗങ്ങളുടെ കാരുണ്യ മനോഭാവത്തെ, അവരുടെ വർഗ്ഗ സ്വഭാവത്തെ, അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ പോൾ സ്‌കെർവിഷ് (Paul Schervish) വിശേഷിപ്പിക്കുന്നത് 'അതികർതൃത്വം' (Hyper Agency) എന്നാണ്. ‘‘വ്യക്തികളെ, താരതമ്യേന ഏകാകികളായിത്തന്നെ, അവർ അഭിലഷിക്കുന്ന തരത്തിലുള്ള സാമൂഹ്യമാറ്റങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വ്യവസ്ഥകളുടെയും ശേഷികളുടെയും ഒരു നിര എന്ന നിലയിലും, അതുപോലെതന്നെ ആ സാഹചര്യങ്ങൾക്കകത്തുനിന്നുകൊണ്ട് അവരും മറ്റുള്ളവരും അവരുടെ കർതൃത്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന'' ഒന്നായാണ് 'ഹൈപ്പർ ഏജൻസി'യെ സ്‌കെർവിഷ് വിശദീകരിക്കുന്നത്14. വർത്തമാനകാല ഹൈ-ടെക് കാരുണ്യ ദാതാക്കളിൽ ഈയൊരു ഹൈപ്പർ ഏജൻസി മനോഭാവം അതിശക്തമായി വേരുപിടിച്ചിരിക്കുന്നതായി കാണാൻ കഴിയും. ബിൽഗേറ്റ്സും വാറൻ ബഫറ്റും രൂപീകരിച്ച ‘ഗിവിംഗ് പ്ലഡ്ജി'ൽ ദാതാക്കളായി സ്വയം മുന്നോട്ടുവന്നവർ നൽകുന്ന പ്രതിജ്ഞാപത്രം തന്നെ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം. താന്താങ്ങൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ-വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമ്മാർജ്ജനം, ബാലവേല

നിർമ്മാർജ്ജനം.....എന്നിവകളിലൊക്കെ- സ്വയം അഭിമാനം കൊള്ളുകയും അത്തരത്തിലുള്ള സേവനങ്ങൾക്കായി അവസരം ലഭിച്ചതിൽ സന്തോഷിക്കുകയും ചെയ്യുന്നവയാണ് ഓരോ പ്രതിജ്ഞാ പത്രവും!

ഗവൺമെന്റുകളും ഫൗണ്ടേഷനുകളും

വൻകിട ഫിലാന്ത്രോപിക് സംരംഭങ്ങളുടെ ആദ്യതലമുറ തങ്ങളുടെ വരേണ്യ താൽപ്പര്യങ്ങളുടെ സംരക്ഷണാർത്ഥം ആഗോളതലത്തിൽ പ്രവർത്തന പദ്ധതികൾ തയ്യാറാക്കുകയും വിവിധ ദേശീയ ഗവൺമെന്റുകളിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നതായി ഫിലാന്ത്രോപിക് ഫൗണ്ടേഷനുകളുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ആഗോള ഫിലാന്ത്രോപിക് സംരംഭങ്ങളുടെ ആദ്യകാല ത്രിമൂർത്തികളിലൊന്നായ ഫോർഡ് ഫൗണ്ടേഷൻ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഗോള രാഷ്ട്രീയത്തിലെ നിർണായക സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ശീതയുദ്ധകാലത്ത് അത് പ്രകടമായ രീതിയിൽ പുറത്തുവരികയും ‘കമ്യൂണിസ്റ്റ് വെല്ലുവിളികളെ നേരിടാൻ ജനാധിപത്യ സ്ഥാപനങ്ങളെ സഹായിക്കാൻ തങ്ങളുടെ വിഭവങ്ങൾ വലിയ തോതിൽ ചെലവഴിക്കാൻ തയ്യാറായതിന്റെയും' ചരിത്രങ്ങൾ പിൽക്കാലത്ത് അവർ തന്നെ സ്വയം വെളിപ്പെടുത്തിയിരുന്നു.
വ്യാവസായിക വികസനത്തിനും കമ്പോള വളർച്ചയ്ക്കും അനുഗുണമാകുന്ന രീതിയിൽ സൈദ്ധാന്തിക നിർമ്മിതിയും സാംസ്‌കാരിക മൂലധന ഉത്പാദനവും അവർ ഏറ്റവും ആസൂത്രിതമായ രീതിയിൽ നിർവ്വഹിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ ഭരണകൂടങ്ങൾ അധികാരത്തിന്റെയും ഭീഷണിയുടെയും സൈനികബലത്തിന്റെയും വഴികളിലൂടെ പ്രവർത്തിക്കുകയും പലപ്പോഴും ചരിത്രത്തിൽ നിന്ന് സ്വയം നിഷ്‌കാസിതമാകുകയും ചെയ്തപ്പോൾ ‘വിജ്ഞാന'ത്തിന്റെയും ‘കാരുണ്യ'ത്തിന്റെയും ‘സോഫ്റ്റ് പവർ' വിനിയോഗത്തിലൂടെ ഫിലാന്ത്രോപിക് ഫൗണ്ടേഷനുകൾ അവരുടെ അപ്രമാദിത്വം കൂടുതൽ ശക്തമാക്കുകയും സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപരിക്കുകയും പൊതു സ്വീകാര്യത നേടിയെടുക്കുകയും ചെയ്തു. തെറ്റായ സാമൂഹ്യ ഇടപെടലുകളുടെയും തീരുമാനങ്ങളുടെയും പേരിൽ രാഷ്ട്രീയ ഭരണകൂടങ്ങൾ വോട്ടർമാരാൽ തൂത്തെറിയപ്പെട്ടപ്പോൾ തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച്, തങ്ങളുടെ ഇച്ഛക്കനുസരിച്ച്, സാമൂഹ്യ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്ന് ഫിലാന്ത്രോപിസ്റ്റ് ഫൗണ്ടേഷനുകളെ വിലക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. നേരിട്ടുള്ള അധികാര പ്രയോഗങ്ങളുടെ വക്താക്കളായി ഈ ഫിലാന്ത്രോപിസ്റ്റുകളെ കാണാൻ കഴിയില്ലെന്നതും സമൂഹത്തോടോ, ഏതെങ്കിലും ജനാധിപത്യ വ്യവസ്ഥകളോടോ ഉത്തരം പറയാനുള്ള ബാദ്ധ്യതകളിൽ നിന്ന് അവർ സ്വയം മാറ്റിനിർത്തപ്പെടുന്നു എന്നതും തന്നെയാണ് ഇതിനുള്ള കാരണം. എങ്കിൽ കൂടിയും കാരുണ്യ മുതലാളിത്തത്തിന്റെ അദൃശ്യകരങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്നതായി നമുക്ക് കാണാം.
മേൽസൂചിപ്പിച്ച കാരുണ്യ മുതലാളിത്തത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനം പ്രകടമായത് നവലിബറൽ സാമ്പത്തിക പരിഷ്‌കരണങ്ങളോടുകൂടിയായിരുന്നു. ദേശീയ ഗവൺമെന്റുകളെ സാമൂഹ്യക്ഷേമ മേഖലകളിൽ നിന്നും പിൻവലിപ്പിക്കാനും ജനങ്ങൾക്ക് നൽകിവന്ന പലതരത്തിലുള്ള സൗജന്യങ്ങളും നിർത്തിവെപ്പിക്കാനും ആവശ്യപ്പെടുന്നതായിരുന്നു ഉദാരവൽക്കരണ പരിഷ്‌കരണങ്ങളിലെ ഏറ്റവും സുപ്രധാന കുറിപ്പടികൾ. പുതുസഹസ്രാബ്ദത്തോടെ വനിത-ശിശുക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ക്ഷേമപദ്ധതികളിന്മേൽ ഗവൺമെന്റുകൾ വൻവെട്ടിക്കുറവുകൾ വരുത്തിക്കൊണ്ടിരുന്നു. ഗവൺമെന്റുകൾ കയ്യൊഴിഞ്ഞ ക്ഷേമമേഖലകളിലേക്ക് ‘കാരുണ്യ മുതലാളിത്തം' ആർത്തിയോടെ ചാടി വീഴുന്ന കാഴ്ചകൾ ഇന്ന് സർവ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.
സാമൂഹ്യ ക്ഷേമമേഖലകളിൽ കാരുണ്യ മുതലാളിത്തത്തിന് പ്രവർത്തിക്കാനാവശ്യമായ നിയമനിർമ്മാണ നടപടികൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പൂർണ്ണമായും പിൻവലിയാനുള്ള ശ്രമങ്ങളും ദേശീയ സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് ആദ്യമായി കോർപ്പറേറ്റ് സ്ഥാപനങ്ങളെ സാമൂഹ്യ ഉത്തരവാദിത്വം നിർവ്വഹിക്കാൻ നിയമപരമായി ബാദ്ധ്യതപ്പെടുത്തുന്ന നിയമ നിർമ്മാണം നടത്തിയ രാജ്യമെന്ന ഖ്യാതി ഇന്ത്യയ്ക്കുള്ളതാണ്. ഇന്ത്യൻ കമ്പനീസ് ആക്ടിൽ 135ാം വകുപ്പായി ‘കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി' -സി.എസ്.ആർ- ഉൾച്ചേർത്തുകൊണ്ട് സാമൂഹ്യരംഗത്ത് നിക്ഷേപം നടത്താൻ കമ്പനികളെ ഗവൺമെന്റ് ബാദ്ധ്യതപ്പെടുത്തുകയുണ്ടായി. 500 കോടിയോ അതിന് മുകളിലോ ആസ്തിയുള്ളതോ അല്ലെങ്കിൽ പ്രതിവർഷം 1000 കോടിയോ അതിന് മുകളിലോ വില്പനയുള്ളതോ, അറ്റാദായം 5 കോടി രൂപയോ അതിന്

മുകളിലുള്ളതോ ആയ കമ്പനികൾ അവരുടെ ലാഭവിഹിതത്തിന്റെ 2% സാമൂഹ്യ ഉത്തരവാദിത്വം നിർവ്വഹിക്കാനായി ചെലവിടണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. 2014 ഏപ്രിൽ 1ന് പാസാക്കപ്പെട്ട ഈ നിയമം വളരെ ആകർഷകമെന്ന് തോന്നാമെങ്കിലും ഇതിന് തൊട്ടടുത്ത കാലത്ത് തന്നെ നടന്ന മറ്റൊരു നിയമ നിർമ്മാണം വലിയ രീതിയിൽ ചർച്ച ചെയ്യുകയുണ്ടായില്ല. 2016-17 കാലത്തെ ബജറ്റ് സെഷനിൽ അക്കാലത്ത് ധനമന്ത്രിയായിരുന്ന അരുൺ ജെറ്റ്ലി 1957ലെ വെൽത് ടാക്സ് ആക്ട് റദ്ദ് ചെയ്തുകൊണ്ട് സമ്പത്ത് നികുതിയിൽ നിന്ന് സമ്പന്ന വിഭാഗത്തെ ഒഴിവാക്കിയ വസ്തുത ഇതോടൊപ്പം ഓർമ്മിക്കുന്നത് നന്നായിരിക്കും.

സാമൂഹ്യ മേഖലയിലെ സ്വകാര്യ ഫണ്ട് വിനിയോഗം

ഒരുഭാഗത്ത്, സാമൂഹ്യക്ഷേമ മേഖലകളിൽ ഗവൺമെന്റ് മുതൽ മുടക്ക് കുറച്ചുകൊണ്ടുവരുമ്പോൾ, മറുഭാഗത്ത് കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ കീഴിൽ സാമൂഹ്യ മേഖലയിലെ സ്വകാര്യ ഫണ്ട് വിനിയോഗത്തിൽ വർദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (Stsuainable Development Goals 2030) പ്രവർത്തിക്കുന്ന ഫിലാന്ത്രോപിക് സംഘടനകളുടെ വാർഷിക റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ട് സൂചിപ്പിക്കുന്നുണ്ട്.

അരുൺ ജെറ്റ്ലി

ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യം, ലിംഗ സമത്വം, ശുദ്ധജല ലഭ്യത തുടങ്ങി പരിസ്ഥിതി സംരക്ഷണം വരെയുള്ള 17 കാര്യങ്ങളാണ് സുസ്ഥിര വികസനലക്ഷ്യങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള സ്വകാര്യ ഫണ്ടിംഗിൽ 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 15% വർദ്ധനവുണ്ടായപ്പോൾ പൊതുഫണ്ടിംഗിലെ വർദ്ധനവ് 10% മാത്രമായിരുന്നുവെന്ന് ഇന്ത്യാ ഫിലാന്ത്രോപി റിപ്പോർട്ട് 2019 സൂചിപ്പിക്കുന്നു15. (ചെലവഴിക്കപ്പെടുന്ന തുകയുടെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ഗവൺമെന്റ് തന്നെയാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. എങ്കിൽക്കൂടിയും സമീപഭാവിയിൽ തന്നെ സ്വകാര്യ സംരംഭകർ ഇതിനെ മറികടക്കും എന്ന് കരുതപ്പെടുന്നു.)
വൻകിട കോർപ്പറേറ്റുകളുടെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫിലാന്ത്രോപിക് ഫൗണ്ടേഷനുകൾ പടച്ചുവിടുന്ന പ്രത്യശാസ്ത്ര ബോദ്ധ്യങ്ങൾക്ക് പൊതുസ്വീകാര്യത ലഭിക്കുന്നതെങ്ങിനെയെന്നും അവർ സമൂഹത്തിന്റെ കീഴ്ത്തട്ടിലേക്ക് വ്യാപരിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കാൻ പ്രാദേശിക ഉദാഹരണങ്ങളിലേക്ക് കണ്ണ് പായിക്കുന്നത് നന്നായിരിക്കും. ഒരു പ്രദേശത്തെ മൊത്തം ജനങ്ങൾക്കും, വരാനിരിക്കുന്ന തലമുറകൾക്കും ഉപയുക്തമാകേണ്ട് പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യുകയും സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന് മേൽ കാരുണ്യവർഷം ചൊരിയുകയും ചെയ്യുന്നത് വ്യാവസായിക വളർച്ചയുടെയും കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വമായും സ്വാഗതം ചെയ്യപ്പെടുന്നതും ന്യായീകരിക്കുന്നതും കാണാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല, വിഖ്യാതമായ പ്ലാച്ചിമടയിലേക്ക് നോക്കിയാൽ മതി.

പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി നടത്തിയ ജലചൂഷണവും അതിനെതിരെയുള്ള പ്രാദേശിക ജനതയുടെ പ്രക്ഷോഭവിജയവും തുടർന്ന് അതേ കമ്പനിയെ സാമൂഹിക ഉത്തരവാദിത്തം നിർവ്വഹിക്കാൻ വീണ്ടും ക്ഷണിച്ചുവരുത്തുന്നതും ഈ മനോഭാവത്തിനുള്ള ഉത്തമ ഉദാഹരണമാണ്. ഭരണ നിർവ്വഹണത്തിലെ കാര്യക്ഷമത, തീരുമാനങ്ങളിലെടുക്കുന്നതിൽ കാലതാമസമില്ലായ്മ, ചുവപ്പുനാടയുടെ അഭാവം തുടങ്ങിയ സവിശേഷതകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ പിൻബലത്തോടെ ജനാധിപത്യത്തിന്റെ തുറസ്സുകളിലേക്ക് പോലും കടന്നുകയറാനും സമാന്തര ഭരണ രീതികൾ നടപ്പിലാക്കാനും സാധിക്കുന്നതിന്റെ ഉദാഹരണം നമ്മുടെ തൊട്ടുമുന്നിൽ തന്നെയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ഭരിക്കുന്ന ടൗണായി കിഴക്കമ്പലം പഞ്ചായത്ത് മാറിയതിലൂടെ സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന അരാഷ്ട്രീയതയും ജനാധിപത്യ ബോധമില്ലായ്മയും പ്രകടമായിത്തന്നെ പുറത്തുവരുന്നുണ്ട്. പ്രത്യയശാസ്ത്ര ബോദ്ധ്യങ്ങളും രാഷ്ട്രീയായുധങ്ങളും നഷ്ടപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് ആശയങ്ങളുടെ കേവല നടത്തിപ്പുകാരായി അധഃപതിക്കുന്നതിന്റെ സ്വാഭാവിക പരിണതി മാത്രമാണത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും കടന്നുചെല്ലാൻ മടിക്കുന്ന മേഖലകളിലേക്ക് എൻജിഓകളും ചാരിറ്റി പ്രസ്ഥാനങ്ങളും മത ഭരണസംവിധാനങ്ങളും അനായാസം കടന്നുചെല്ലുകയും തങ്ങളുടെ സ്വാധീനം ശക്തമാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും അനുദിനമെന്നോണം വർദ്ധിച്ചുവരുന്നു.

കാരുണ്യ മുതലാളിത്തത്തിന്റെ പിറവി തൊട്ട് നാളിതുവരെ അവർ ഇടപെട്ടുകൊണ്ടിരിക്കുന്ന മേഖലകളിൽ പ്രധാനം ‘ദാരിദ്ര്യ നിർമ്മാർജ്ജനം' ‘സാമൂഹിക അസമത്വം കുറയ്ക്കൽ' എന്നിവയാണെന്ന് കാണാൻ കഴിയും. ഈ മേഖലകളിലെ വിഭവ വിനിയോഗത്തിന്റെ തോത് ശ്രദ്ധിച്ചാൽ അത് അമ്പരപ്പിക്കുന്നതുമായിരിക്കും. എന്നാൽ ലോകത്തെവിടെയും ഫിലാന്ത്രോപിക് സംഘടനകളുടെ വർദ്ധനവും സാമൂഹികാസമത്വത്തിലെ വളർച്ചയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്താൻ വലിയ പ്രയാസമില്ല. ഇന്ത്യയെത്തന്നെ ഉദാഹരിച്ചാൽ, അതിസമ്പന്നന്മാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നാളുകളിൽ തന്നെയാണ് സാമൂഹിക അസമത്വം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് കാണാം. ഒരു ഭാഗത്ത് സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതൽ ശക്തമാകുന്നതോടെ മറുഭാഗത്ത് അസമത്വത്തിന്റെ തോതിലും വർദ്ധനവ് സംഭവിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. ബ്രസീൽ, ഇന്ത്യ, ചൈന തുടങ്ങിയ ‘എമേർജിംഗ് ഇക്കണോമി'കളിൽ ഈ പ്രതിഭാസം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സ്ഥിതീകരിക്കുന്നു.
‘‘ശതകോടീശ്വരന്മാരുടെ സ്വാധീനം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന അനുപാതത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്നതായും അവ അസമത്വത്തിന്റെയും ‘ജനകീയത'യുടെയും ഉയർച്ചയാൽ ജനാധിപത്യ വ്യവസ്ഥകൾക്ക് ഭീഷണി ഉയർത്തുകയാണെന്നും ഉള്ള ബോദ്ധ്യം ജനങ്ങളിൽ കൂടുതലായി വളർന്നുകൊണ്ടിരിക്കുകയാണെന്ന്'' സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി അഭിപ്രായപ്പെടുന്നു (Pickttey, 2020, 715). എന്നാൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ, ‘‘അവരുടെ അർദ്ധ കുത്തക സ്വഭാവങ്ങൾ അവഗണിക്കുകയും, അവർക്കായി അനുവദിക്കപ്പെട്ട നിയമ-നികുതി ഇളവുകളും, അവർ കയ്യടക്കി വെച്ചിരിക്കുന്ന പൊതുവിഭവങ്ങളെയും സംബന്ധിച്ച മുഴുവൻ വിമർശനങ്ങളും വിസ്മരിക്കപ്പെടുകയു''മാണെന്ന് പിക്കെറ്റി ചൂണ്ടിക്കാട്ടുന്നു16. ദരിദ്ര രാജ്യങ്ങളിൽ ഫിലാന്ത്രോപിക ഫൗണ്ടേഷനുകൾ ജനാധിപത്യ വ്യവസ്ഥകളെ ഒഴിവാക്കുകയും അതിന്റെ പാപ്പരീകരണത്തിന് കാരണമാകുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുടനീളം കാണാൻ കഴിയും.
നയപരമായ തീരുമാനങ്ങളിലൂടെ പൊതുവിഭവങ്ങൾ യഥേഷ്ടം കൊള്ളയടിക്കാനും സമ്പത്ത് കുന്നുകൂട്ടുവാനും ഉള്ള അനന്ത സാധ്യതകൾ രാഷ്ട്രീയ ഭരണകൂടങ്ങൾ കുത്തകകൾക്കായി ഒരു ഭാഗത്ത് തുറന്നുകൊടുക്കുകയും മറുഭാഗത്ത് അവരുടെ കാരുണ്യത്തിന്റെ പങ്കുപറ്റാൻ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ശക്തമാകുകയാണ്. സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുകൊണ്ട് അതിസമ്പന്നർക്ക് സൗജന്യങ്ങളും ടാക്സ് ഹോളിഡേകളും പ്രഖ്യാപിക്കുമ്പോൾ അവരുടെ കാരുണ്യ പ്രവർത്തനങ്ങളെ പാവപ്പെട്ടവരെക്കൊണ്ട് സബ്സിഡൈസ് ചെയ്യിക്കുകയാണ് യഥാർത്ഥത്തിൽ സർക്കാരുകൾ ചെയ്യുന്നത്. ഈയൊരു യാഥാർത്ഥ്യത്തിന് മറയിട്ടുകൊണ്ട് കാരുണ്യ മുതലാളിത്തത്തിന് കയ്യടിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് രാഷ്ട്രീയനേതൃത്വങ്ങൾ. രാഷ്ട്രീയനേതൃത്വങ്ങൾക്കകത്തു തന്നെ സംഭവിക്കുന്ന മാറ്റങ്ങൾ ഇതിന് പ്രധാന കാരണങ്ങളാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെയോ സാമൂഹികമായ അസമത്വത്തിന്റെ തോതിനെയോ സംബന്ധിച്ച യാതൊരു ധാരണകളുമില്ലാത്ത ഒരു വരേണ്യവിഭാഗമായി രാഷ്ട്രീയനേതൃത്വങ്ങൾ മാറിയിരിക്കുന്നുവെന്നാണ് ഇന്ത്യയിലെ ജനപ്രതിനിധികളുടെ സാമ്പത്തിക-സാമൂഹ്യബന്ധം പരിശോധിച്ചാൽ മനസ്സിലാകുക. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് 2019 മെയ് 28ന് പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇന്ത്യൻ പാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ 90%വും കോടീശ്വരന്മാരാണ് എന്നാണ്. ഭാരതീയ ജനതാ പാർട്ടിയുടെ 301 പ്രതിനിധികളിൽ 265 പേരും കോൺഗ്രസ്സിന്റെ 51 അംഗങ്ങളിൽ 43പേരും, മറ്റുള്ള പാർട്ടികളിലെ അംഗങ്ങളിൽ വലിയൊരു ശതമാനവും

ശതകോടീശ്വരന്മാരാണെന്ന വസ്തുത പൊതു നയരൂപീകരണങ്ങളിലും നിയമനിർമാണങ്ങളിലും വരേണ്യവർഗ താൽപര്യങ്ങൾ എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നതിന്റെ ഉത്തമദൃഷ്ടന്തങ്ങളാണ്.
വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ തൊട്ട് ഇങ്ങ് താഴേത്തട്ടിൽ ചെറുസംരംഭങ്ങളും വ്യക്തികളും നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ വരെ വ്യവസ്ഥാപരിപാലനത്തിന്റെ ശക്തമായ ഉപാധികളായി മാറുന്നത് നാം കാണുന്നു. വരേണ്യ ധാർമികതയുടെയും അതികർതൃത്വത്തിന്റെയും കയ്യാളുകളായി പ്രവർത്തിക്കുന്ന ഇവർ വ്യവസ്ഥയ്ക്കും വരേണ്യ മേൽക്കോയ്മയ്ക്കും എതിരെ ഉയർന്നുവരുന്ന എല്ലാ ചോദ്യങ്ങളെയും വഴി തിരിച്ചുവിടുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നു. ജനങ്ങൾ അതിദീർഘമായ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയും സ്ഥാപിച്ചെടുത്ത ജനാധിപത്യ തുറസ്സുകളിൽ തന്നെയാണ് ഈ അതികർതൃത്വ നാട്യങ്ങൾ കൊണ്ടാടപ്പെടുന്നതെന്നതും ഓർക്കേണ്ടതുണ്ട്. വരേണ്യവർഗബോധത്തിന്റെ പ്രതിലോമകരമായ ഈ രക്ഷാകർതൃത്വത്തെയും അവർ ഉത്പാദിപ്പിച്ചുവിടുന്ന സാംസ്‌കാരിക-വൈജ്ഞാനിക മൂല്യങ്ങളെയും പ്രതിരോധിക്കാതെ ജനാധിപത്യം ഇന്ന് നേരിടുന്ന നിശ്ചലതകളെ മറികടക്കാൻ സാധിക്കില്ല തന്നെ.

References
1. Hurun Rich List India,
https://www.hurunindia.net/hurun-india-rich-list-2019
2. Kiran Mazumdar Shaw on Azim Premji,
https://twitter.com/kiranshaw/status/1105843527064449025?lang=en
3. Interview Azim/Anil/Open magazine,
https://openthemagazine.com/columns/open-conversation/azim-premji-being-rich-did-not-thrill-me/
4. Growing philanthropy in India/IDR,
https://idronline.org/philanthropy-in-india-is-growing-fact-or-fiction/
5. Hurun India Philanthropy List,
https://www.hurunindia.net/hurun-india-philanthropy-list-2019
6. The Giving Pledge Official Website,
https://givingpledge.org/Home.aspx
7. Mark Zukkerberg & Prinscilla Chan, a Letter to Our Daughter
https://www.facebook.com/notes/mark-zuckerberg/a-letter-to-our-daughter/10153375081581634/
8. Avila, Charles (1983); Ownership: Early Christian Teaching, quoted in Indiayile Aadivasi Corridoril sambhavikkunnathu, by K.Sahadevan, vidyarthi Publication, 2016
9. Arnove, Robert (1980)ed.; Philanthropy and Cultural Imperialism: The Foundations at Home and Abroad,
10. Conversation with John D Rockfeller;
Howe 1980, quoted in 'Revisiting the 'Big Th ree' Foundations' by Robert Arnove & Nadine Pinede, Critical Socioligy 33, 2007
11. Gaffney, Thomas (1994); The Corruption of economics: Neoclassical Economics as strategem against Henry George, University of California.
12. Parmar, Indrajeet (2015); The Big 3 Foundations and American Global Power, American Journal of Economics and Sociology, Vol. 74, No. 4. DOI: 10.1111/ajes.12115 .
13. Swarts, David (1997); Culture & Power, The Sociology of Pierre Bourdieu, The University of Chicago Press, Chicago.
14. Schervish, Paul.G (2003); Hyperagency and high-tech donors: A new theory of the new philanthropists, Boston College University Libraries. http://hdl.handle.net/2345/bc-ir:104107
15. India Philanthropy Report 2019, Bain & Company, https://www.bain.com/contentassets/069bf9cf144e4b8bbdda8a85386a5611/bain_brief_india_philanthropy_report_2019.pdf
16. Picketty, Thomas (2020); Capital & Ideology, The Belknap Press of Harvard University Press
London.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments