ഭക്ഷണമുണ്ടാക്കുന്നവന്റെ കടങ്ങൾ

കാർഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കർഷകരുടെ സ്വാശ്രയത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വർഷം തോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാൻ അവർ നിർബ്ബന്ധിതരാകുകയും ചെയ്തു

2016ൽ പുറത്തിറങ്ങിയ "ഉഡ്താ പഞ്ചാബ്' എന്ന ചിത്രം പഞ്ചാബിലെ യുവജനങ്ങൾക്കിടയിൽ നീരാളിപോലെ പിടിമുറുക്കിയ ലഹരിവസ്തുക്കളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാണ്. സെൻസർബോർഡിന്റെ സ്റ്റേ അടക്കം നിരവധി വിവാദങ്ങൾക്കിടയിലൂടെ കടന്നുപോയ ഈ സിനിമ ഒരു ശരാശരി ബോളിവുഡ് മസാലയ്ക്കപ്പുറം കലാപരമായോ രാഷ്ട്രീയമായോ എന്തെങ്കിലും മൂല്യമുള്ള ഒന്നായിരുന്നില്ല. എന്നാൽ പഞ്ചാബിന്റെ വർത്തമാനാവസ്ഥയ്ക്ക് കാരണമായ അസ്വസ്ഥതകളെ എത്രകണ്ട് ഉദാസീനമായി പരിഗണിക്കാൻ ശ്രമിച്ചാൽ കൂടിയും പരാമർശിക്കാതിരിക്കാൻ സാധിക്കാത്ത രീതിയിൽ നിർബ്ബന്ധിതമാക്കുന്ന ഒരു സാമൂഹ്യസാഹചര്യം ഇന്ന് പഞ്ചാബിൽ നിലനിൽക്കുന്നുണ്ട് എന്ന് മനസിലാക്കാൻ ഈ ചിത്രം സഹായിക്കും. ഒരുപക്ഷേ സംവിധായകന്റെയോ തിരക്കഥാ കൃത്തിന്റെയോ കണ്ണിൽ സുപ്രധാനമെന്ന് തോന്നിയിട്ടില്ലായിരുന്നാൽ തന്നെയും കാർഷിക മേഖലയിലെ തകർച്ച പുതുതലമുറയെ ഒരുതരം നിരാശയിലേക്കും മാനസിക തകർച്ചയിലേക്കും കൊണ്ടുചെന്നെത്തിക്കുന്നതായി ചിത്രം സൂചന നൽകുന്നുണ്ട്.

കാർഷികാവശ്യത്തിനുള്ള കീടനാശിനികൾ പഞ്ചാബിലേക്ക് എത്തിപ്പെടുന്നത് ലഹരിവസ്തുക്കളായിട്ടാണ്. വ്യത്യസ്ത കീടനാശിനികളുടെ സംയുക്തങ്ങൾ ലഹരി വസ്തുക്കളായി വിൽക്കുന്ന പുതിയ കച്ചവടത്തെ സിനിമയിലെ ഒരു കഥാപാത്രം "രണ്ടാം ഹരിതവിപ്ലവം' എന്ന് പരിഹാസത്തോടെ വിശേഷിപ്പിക്കുന്നത് പ്രേക്ഷകരിൽ എത്രപേർ ഗൗരവമായെടുത്തിട്ടുണ്ടാകും എന്നറിയില്ല. ഹരിതവിപ്ലവം ഏറ്റവും അധികം സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുത്ത സംസ്ഥാനങ്ങളിൽ പ്രഥമ സ്ഥാനം പഞ്ചാബിനാണ് എന്നത് തർക്കമറ്റ സംഗതിയാണ്. 70-80കളിൽ ഇന്ത്യയിലെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള സംസ്ഥാനവും പഞ്ചാബായിരുന്നു. "അത്ഭുതവിത്തുകളും' കീടനാശിനികളും ട്രാക്ടറുകളും ഒക്കെച്ചേർന്ന് ഇന്ത്യയുടെ ഭക്ഷ്യകലവറയായി പഞ്ചാബിനെ

"ഉഡ്താ പഞ്ചാബ്' എന്ന ചിത്രത്തിൽ നിന്ന്
"ഉഡ്താ പഞ്ചാബ്' എന്ന ചിത്രത്തിൽ നിന്ന്

മാറ്റിത്തീർത്തു. എന്നാൽ രണ്ടര പതിറ്റാണ്ടിനിപ്പുറം പഞ്ചാബിന്റെ സ്ഥിതി പരമദയനീയമായി മാറിയിരിക്കുന്നു. കാർഷിക കടങ്ങളുടെ പേരിലുള്ള ആത്മഹത്യകൾ, ലഹരിവസ്തുക്കളുടെ അമിതോപയോഗം, യുവാക്കൾക്കിടയിൽ പടർന്നുകൂടിയിരിക്കുന്ന ജീവിത നൈരാശ്യം, രാസവള-കീടനാശിനികളുടെ അമിതോപഭോഗം മൂലം വർദ്ധിച്ചുവരുന്ന കാൻസർ രോഗങ്ങൾ, സ്ത്രീ-പുരുഷ അനുപാതത്തിലെ ഗണ്യമായ കുറവ്, തുടങ്ങി സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങൾ പഞ്ചാബിനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയിലെ ഈ മാറ്റം പഞ്ചാബിന്റെ മാത്രം അവസ്ഥയല്ല. കർഷക ആത്മഹത്യകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങൾ എത്രയോ ഉണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഇതിനുത്തരം കണ്ടെത്താൻ 90കളിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടത് അനിവാര്യമാണ്.

ഘടനാപരമായ പരിഷ്‌കാരങ്ങൾ

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ തകർച്ച നേരിടുമ്പോഴെല്ലാം അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര സ്ഥാപനങ്ങളുടെ സഹായത്തോടെ വികസ്വര-അവികസിത രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയിൽ പൊളിച്ചെഴുത്തുകൾ നടത്താനുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. "ആഗോളീകരണം' (Globalisation) എന്ന വശ്യമനോഹരമായ പദപ്രയോഗത്തിലൂടെയായിരുന്നു 90കളിലെ സാമ്പത്തിക പരിഷ്‌കരണങ്ങൾ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കടന്നുകയറിയത്. ഒരേസമയം ഒരു സാമ്പത്തിക പദ്ധതി എന്ന നിലയിലും ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലും വലിയ പ്രതീക്ഷകളും വ്യാമോഹങ്ങളും നൽകാൻ ആഗോളീകരണത്തിന് സാധിച്ചു എന്നത് വസ്തുതയാണ്. എന്നാൽ ഈ ആശയത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന "പ്രച്ഛന്ന സാമ്രാജ്യത്വ'ത്തെ അതിന്റെ ആരംഭകാലത്ത് തന്നെ തിരിച്ചറിയാൻ അതിന്റെ വിമർശകർക്ക് സാധിച്ചിരുന്നു. അതേസമയം മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ എല്ലാ സാമൂഹിക സാമ്പത്തിക രോഗങ്ങൾക്കും ഉള്ള ഒറ്റമൂലിയായി ആഗോളീകരണത്തെ നവ ഉദാരീകരണ വക്താക്കളും മൂന്നാം ലോക രാജ്യങ്ങളിലെ സാമ്പത്തിക-നയ രൂപീകരണ വിദഗ്ദ്ധരും സ്വീകരിച്ചു. ലോകത്തെ ഒരൊറ്റ യൂണിറ്റായി അവതരിപ്പിക്കുകയും ദേശീയവും പ്രാദേശികവുമായ സമ്പദ്‌വ്യവസ്ഥകളെ ലോക സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിക്കെട്ടാമെന്നുമുള്ള സ്വപ്നമായിരുന്നു നവ ലിബറൽ പദ്ധതികളിലൂടെ മുന്നോട്ടുവെച്ചത്. പരസ്പര ബന്ധത്തിന്റെ മാധ്യമമെന്ന നിലയിൽ കമ്പോളത്തിന്റെ സാധ്യതകളെയാണ് അവർ ഉയർത്തിക്കാട്ടിയത്. വിപണിയുടെ ആഗോളവൽക്കരണം എന്ന ആശയത്തിന് ഉത്പാദകരാജ്യങ്ങളെന്ന നിലയിൽ മൂന്നാം ലോകരാജ്യങ്ങളിൽ വലിയ സ്വീകാര്യതയുണ്ടാക്കുവാൻ അതുകൊണ്ടുതന്നെ അതിന്റെ വക്താക്കൾക്ക് സാധിച്ചു. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വിപണി അനുകൂല നയങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര വ്യാപാര കരാറുകൾ തയ്യാറാക്കപ്പെട്ടത്. ഇതുവഴി രാഷ്ട്രങ്ങളെ വിഭവ വിന്യാസത്തിനുള്ള കമ്പോളമായി പുനർനിർണ്ണയിക്കുകയാണ് അവർ ചെയ്തത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയോ അവിടുത്തെ ജനങ്ങളുടെ താൽപര്യങ്ങളെയോ പരിഗണിക്കാതെ, വിപണിയെ ചലനാത്മകമായി നിലനിർത്താനും അതുവഴി തങ്ങളുടെ സാമ്പത്തിക നിലനിൽപ് ഭദ്രമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നയരൂപീകരണങ്ങൾക്ക് അടിമസമാനമായ രീതിയിൽ വിധേയമാകുക എന്നതു മാത്രമാണ് വികസിത-അവികസിത രാഷ്ട്രങ്ങളുടെ ഭരണാധികാരികളുടെ ദൗത്യം.

1995 ജനുവരിയിൽ സ്ഥാപിതമായ ലോക വ്യാപാര സംഘടനയുടെ ഒപ്പം തന്നെയാണ് നാളതുവരെ തുടർന്നുവന്ന വ്യാപാരത്തെയും ചുങ്കത്തെയും സംബന്ധിച്ച പൊതു ഉടമ്പടിയുടെ പരിസമാപ്തി എന്ന നിലയിൽ രാജ്യങ്ങൾ തമ്മിലുള്ള കാർഷിക ഉടമ്പടി (Agreement on Agriculture-AoA)യും തയ്യാറാക്കപ്പെട്ടത്. മൂന്നാം ലോകരാജ്യങ്ങളിലെ കാർഷിക മേഖലയെ സമ്പൂർണ്ണ മാറ്റത്തിലേക്ക് വഴിതെളിയിച്ച ഈ ഉടമ്പടി വികസിത രാജ്യങ്ങളുടെ ഏകപക്ഷീയമായ ലാഭാർത്ഥിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒന്നായിരുന്നു. രാഷ്ട്രങ്ങൾ പൊതുവിലും മേഖലാടിസ്ഥാനത്തിലും തയ്യാറാക്കുന്ന കരാറുകളുടെ പൊതു സമീപനം എന്താണെന്ന് ഉടമ്പടി നിർദ്ദേശിക്കുന്നുണ്ട്. അതനുസരിച്ച് അതത് രാഷ്ട്രങ്ങളുടെ വിപണി ഉടമ്പടിയിൽ ഒപ്പുവെച്ച രാഷ്ട്രങ്ങൾക്കായി തുറന്നുവെക്കുകയും, അതിലേക്കായി എല്ലാതരത്തിലുമുള്ള നിയന്ത്രണങ്ങളും എടുത്തുകളയാനും അവർ ബാദ്ധ്യസ്ഥരാണ്. കാർഷിക മേഖലയ്ക്ക് നൽകുന്ന ഗാർഹിക ആനുകൂല്യങ്ങളിൽ (Domestic Support) മാറ്റം വരുത്തുവാനും സബ്‌സിഡികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തയ്യാറാകേണ്ടതുണ്ട്. ഇതേ രീതിയിൽ കയറ്റുമതി രംഗത്ത് നേരിട്ടുള്ള സബ്‌സിഡികളിൽ കുറവുവരുത്തുവാനും ഉടമ്പടി നിർദ്ദേശിക്കുന്നു. അംഗരാഷ്ട്രങ്ങൾക്കെല്ലാം പൊതുവിൽ ബാധകമായ ഉടമ്പടികൾ എന്ന നിലയിൽ ഇവയെ കാണാമെങ്കിലും സബ്‌സിഡികൾ, കാർഷിക ഉത്പാദന രീതികൾ, വിപണികളിലെ ഗവൺമെന്റ് ഇടപെടലുകൾ, ആഭ്യന്തര വിപണിയെ സംബന്ധിച്ച സംരക്ഷണ നയങ്ങൾ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ വികസിത-വികസ്വര രാജ്യങ്ങൾ തമ്മിൽ ഭീമമായ അന്തരങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ഏകീകൃത മാനദണ്ഡങ്ങൾ സ്വാഭാവികമായും വികസ്വര രാഷ്ട്രങ്ങളുടെ ചൂഷണങ്ങളിലേക്കായിരിക്കും ചെന്നെത്തുക എന്ന കാര്യം ആരംഭത്തിൽ തന്നെ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. ഉദാഹരണത്തിന് വികസിത രാജ്യങ്ങളുടെ കാർഷിക മേഖലയ്ക്കുള്ള ഗാർഹിക ആനുകൂല്യങ്ങളുടെ തോതിൽ ഉടമ്പടി നിലവിൽ വന്നതിനുശേഷവും വൻ വർദ്ധനവുണ്ടായതായി രേഖപ്പെടുത്തപ്പെട്ടപ്പോൾ അത്തരം ആനുകൂല്യങ്ങൾ നിവിലില്ലാതിരുന്ന വികസ്വര രാജ്യങ്ങളുടെ കാര്യത്തിൽ ഭാവിയിൽ സാധ്യമാക്കാവുന്ന ഇളവുകളെയും സൗജന്യങ്ങളെയും കാർഷിക ഉടമ്പടിയിലൂടെ ഇല്ലാതാക്കുകയാണ് ചെയ്തത്. കയറ്റുമതി മേഖലയിലെ സബ്‌സിഡികളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്.

90കളുടെ ആരംഭത്തോടെ നടപ്പിലാക്കിയ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നപേരിലറിയപ്പെട്ട, പുത്തൻ സാമ്പത്തിക നയങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ വൻതോതിലുള്ള മാറ്റങ്ങൾക്ക് ഇടവരുത്തുകയുണ്ടായി. സ്വകാര്യ-ഉദാര-ആഗോളീകരണ നയങ്ങൾ നടപ്പിലാക്കുന്നതിനായി ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി. ലോകവ്യാപാര സംഘടന എന്നിവയുടെ മുൻകൈയ്യിൽ മുന്നോട്ടുവെച്ച ഘടനാപരമായ പരിഷ്‌കരണങ്ങൾ അനുസരിച്ച്, കാർഷിക-ഭക്ഷ്യ മേഖലകളിലേതടക്കം എല്ലാ സാമൂഹ്യ സുരക്ഷാ മേഖലകളിലെയും സബ്‌സിഡികൾ എടുത്തുകളയുക, ഉദാര സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി നയങ്ങൾ ഉദാരമാക്കുക, ബാങ്കിംഗ് മേഖല സ്വകാര്യവൽക്കരിക്കുക എന്നിവയായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്. ഈ പരിഷ്‌കരണ നടപടികളോട് ചേർത്തുവെക്കാവുന്ന രീതിയിൽ ലോക വ്യപാര സംഘടനയും ഒട്ടനവധി നിബന്ധനകൾ മുന്നോട്ടുവെക്കുകയുണ്ടായി. അവയിൽ ഏറ്റവും സുപ്രധാനമായവ; പൊതുവിതരണ സമ്പ്രദായം നിറുത്തലാക്കുക, വികസ്വര രാജ്യങ്ങളിൽ സ്വതന്ത്ര വ്യാപാരം നടപ്പിലാക്കുക, ബഹുരാഷ്ട്ര കമ്പനികളുടെ വ്യവസായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുക, വിദേശ നിക്ഷേപങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക എന്നിവയായിരുന്നു.

പുത്തൻ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഉള്ളടക്കം പ്രധാനമായും വിപണി മുതലാളിത്തത്തിന് അനുരൂപമാകുന്ന വിധത്തിൽ മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ പുതുക്കിപ്പണിയുക എന്നതാണ്. പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ തുറന്നുകൊടുക്കുക എന്നതായിരുന്നു അതിന്റെ കാതൽ. വ്യാപാരക്കമ്മി (trade deficit), അടവുശിഷ്ടം (Balance of payments-BoP) തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളെ അതിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളെന്ന വ്യാജേനയാണ് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റിയിരുന്നത്.

പുത്തൻ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായി ഇന്ത്യൻ സമ്പദ്ഘടനയിൽ വന്ന മാറ്റങ്ങൾ വാസ്തവത്തിൽ ഊഹനിക്ഷേപങ്ങളെ ആശ്രയിച്ചുള്ളവയായിരുന്നു. യഥാർത്ഥ ഉത്പാദന വളർച്ച അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളുടെ വൻതോതിലുള്ള ഇടപെടൽ ഊഹനിക്ഷേപങ്ങളുടെ വളർച്ചയ്ക്ക് കാരണമായി. നികുതിക്കമ്മി കുറച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചുനിർത്തുക എന്ന ലോകബാങ്ക് ഐ.എം.എഫ് നിർദ്ദേശങ്ങളുടെ അടിയന്തിര പരിണാമമെന്നത് ക്ഷേമ മേഖലകളിലെ ചെലവുകൾ വെട്ടിക്കുറക്കുക എന്നതായിരുന്നു. കാർഷിക മേഖലയിലെ സബ്‌സിഡികൾ ഗണ്യമായ തോതിൽ വെട്ടിക്കുറക്കുന്നതിലേക്ക് ഇത് നയിച്ചു. വളം, വൈദ്യുതി മേഖലകളിലെ സബ്‌സിഡികൾ എടുത്തുകളഞ്ഞതോടെ ഇവയുടെ വിലയിൽ വൻതോതിലുള്ള വർദ്ധനവുണ്ടായി. സ്വാഭാവികമായും കാർഷിക ചെലവുകൾ ഇതോടെ ഇരട്ടിയായി മാറി. ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുക എന്നത് അസാധ്യമായിത്തീർന്നു.

സബ്‌സിഡികൾ, ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവ എടുത്തുകളയാൻ നിർദ്ദേശിച്ചതുപോലെ തന്നെ ബൗദ്ധിക സ്വത്തവകാശത്തെയും വിപണിയുടെ ഭാഗമാക്കാൻ ഈ ഉടമ്പടിയിലൂടെ സാധിച്ചു. ഇതുവഴി ട്രാൻസ്‌നാഷണൽ കമ്പനികൾ പേറ്റന്റ് നിയമത്തിലൂടെ വിത്തുകൾ, വളർത്തുമൃഗങ്ങൾ, ഔഷധങ്ങൾ എന്നിവ ഉത്പാദിപ്പിക്കാനും വിൽക്കാനും ഉള്ള കുത്തകാവകാശം സ്വന്തമാക്കി. കാർഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കർഷകരുടെ സ്വാശ്രയത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വർഷം തോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാൻ അവർ നിർബ്ബന്ധിതരാകുകയും ചെയ്തു.

സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പിലാക്കുന്നതിനു മുന്നെയുള്ള കാലങ്ങളിൽ വിത്തുകളുടെ വിതരണം സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള വിത്തുൽപാദക കേന്ദ്രങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ പുത്തൻ നയങ്ങളുടെ ഭാഗമായി മൊൺസാന്റോ, കാർഗിൽ, സിൻ ജെന്റാ തുടങ്ങിയ വൻകിട ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യൻ കാർഷിക മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ഐ.എം.എഫ് നിർദ്ദേശത്തിന്റെ ഭാഗമെന്ന നിലയിൽ കാർഷിക മേഖലയിലെ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിനായി പല സംസ്ഥാനങ്ങളിലെയും വിത്തുൽപാദക കേന്ദ്രങ്ങൾ അടച്ചിടുകയും ചെയ്തു. സർക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സ്വകാര്യ കമ്പനികൾ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ വിത്തുകളുടെ വിലയിൽ വൻവർദ്ധനവ് സംഭവിക്കുകയുണ്ടായി. ഉദാഹരണത്തിന് 1990കളിൽ ഒരേക്കർ കൃഷി ചെയ്യാനുള്ള പരുത്തിവിത്തിന് സർക്കാർ വില 70 രൂപയായിരുന്നത് മൊൺസാന്റോയുടെ ബിടി കോട്ടൺ വിത്തുകൾ വന്നതോടെ 3200 രൂപയായി ഉയർന്നു. അതായത് വിത്ത് വിലയിലുള്ള വർദ്ധനവ് 3555%ത്തിന്റെ വർദ്ധനവ്! (Sainath, 2005). വിത്തുകളുടെ കാര്യത്തിൽ സർക്കാർ വിത്തുൽപാദന കേന്ദ്രങ്ങൾ നൽകുന്ന ഉറപ്പ് നൽകാൻ സ്വകാര്യ കമ്പനികൾക്ക് സാധിച്ചില്ലെന്നത് മറ്റൊരു കാര്യം. പിൽക്കാലത്ത് കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതിന് പിന്നിൽ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് നിർണ്ണായക ഘടകമാണെന്ന് കാണാൻ സാധിക്കും.

കാർഷിക ഉടമ്പടി വികസ്വര രാജ്യങ്ങൾക്ക് മേൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ലോക ഭക്ഷ്യ-കൃഷി സംഘടന 2001ൽ തയ്യാറാക്കിയ റിപ്പോർട്ട് വളരെ നിർണ്ണായകമായ പല സൂചനകളും നൽകുന്നുണ്ട്. 14 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഏറ്റവും സുപ്രധാനമായ മാറ്റമെന്നത് കാർഷിക ഉടമ്പടി നടപ്പിലാക്കാൻ തുടങ്ങിയ ആദ്യവർഷങ്ങളിൽ തന്നെ ഈ രാജ്യങ്ങളിലെ ഭക്ഷ്യ ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവ് സംഭവിച്ചു എന്നതാണ്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയ രണ്ട് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. 1995-98 കാലയളവിൽ ഇന്ത്യയുടെ ഭക്ഷ്യ ഇറക്കുമതി ബിൽ ഇരട്ടിയിലധികമായി വർദ്ധിച്ചുവെന്ന് FAO റിപ്പോർട്ട് ചെയ്തു. കാർഷിക കയറ്റുമതിയേക്കാൾ വളരെ കൂടുതലായിരുന്നു ഈ വർദ്ധനവ് (168%). നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിയ കാലയളവിൽ വികസിത രാജ്യങ്ങളിലെ കാർഷിക കയറ്റുമതിയിൽ യാതൊരു പുരോഗതിയും സംഭവിച്ചിട്ടില്ലെന്ന് എഅഛയുടെ സാമ്പത്തികകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി-ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെട്ടതോടെ ഡെൻമാർക്കിൽ നിന്നും 17,000 ടൺ പാൽപ്പൊടി ഇന്ത്യയിലേക്ക് ചുങ്കം നൽകാതെ ഇറക്കുമതി ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വികസിത രാജ്യങ്ങളിൽ നിന്നും വിലകുറഞ്ഞ പാലുൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരാൻ തുടങ്ങിയതോടെ ഇന്ത്യൻ പാലുൽപാദക സഹകരണ സംഘങ്ങൾ സമ്പൂർണ്ണ തകർച്ചയെ നേരിടുകയായിരുന്നു (Devinder Sharma-2002). ആഗോളീകരണത്തിന്റെ ഭാഗമായി വിപണികൾ തുറന്നിടാനും നിയന്ത്രണങ്ങൾ എടുത്തുകളയാനും ഉള്ള നിർദ്ദേശങ്ങൾ ഒരു ഭാഗത്ത് നടപ്പിലാക്കപ്പെട്ടപ്പോൾ തന്നെ തങ്ങളുടെ ആഭ്യന്തര വിപണി തകർച്ചയെ നേരിടാതിരിക്കാനുള്ള "സംരക്ഷണ തന്ത്രങ്ങൾ' വികസിത രാജ്യങ്ങൾ മുന്നേതന്നെ നടപ്പിലാക്കിയിരുന്നു.

വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള കാർഷിക വികസനത്തിന്റെ മറ്റൊരു ദുരന്തമെന്നത് ഭക്ഷ്യവിളകളിൽ നിന്നും നാണ്യവിളകളിലേക്കുള്ള വൻതോതിലുള്ള പരിവർത്തനമാണ്. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാർഷികോത്പാദന രീതി സ്വീകരിച്ചതോടെ വിപണി വിലയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് കർഷകരുടെ വിധി തീരുമാനിക്കപ്പെട്ടു. നാണ്യവിളകളുടെ വിലയിൽ സംഭവിച്ചുകൊണ്ടിരുന്ന തകർച്ചകൾ മൂന്നാം ലോക രാജ്യങ്ങളിലെ കർഷകരെ കൂടുതൽ ആഘാതമേൽപ്പിച്ചുകൊണ്ടിരുന്നു. കുരുമുളക് പോലുള്ള നാണ്യവിളകളുടെ ഉദാഹരണം മാത്രമെടുക്കാം. പരിഷ്‌കരണ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയ ആദ്യവർഷങ്ങളിൽ ഒരു ക്വിന്റൽ കുരുമുളകിന് 27,000 രൂപയുണ്ടായിരുന്നത് 2004 ആയപ്പോഴേക്കും 5000 രൂപയായി കുറഞ്ഞു. സാർക്ക് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചുങ്കം ഒഴിവാക്കി കുരുമുളക് ഇന്ത്യൻ വിപണിയിലെത്തിയതോടെ കേരളത്തിലെ കുരുമുളക് കർഷകർ പ്രതിസന്ധിയെ നേരിടാൻ തുടങ്ങി. ഇറക്കുമതി നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ പല നാണ്യവിളകളുടെയും വിലയിൽ ഇതേരീതിയുള്ള ഇടിവുകൾ പിൽക്കാലത്ത് സംഭവിച്ചുകൊണ്ടിരുന്നതും കർഷകരുടെ സാമ്പത്തിക ബാദ്ധ്യതകൾ കൂട്ടിക്കൊണ്ടിരുന്നു.

പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങൾ താഴേത്തട്ടിലേക്ക് അരിച്ചിറങ്ങുമെന്ന വാദങ്ങൾ (Trickle down theory) പൂർണ്ണമായും തെറ്റായിരുന്നു എന്ന് ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീമമായ അന്തരം സൂചിപ്പിക്കുന്നുണ്ട്. ഗ്രാമീണ കർഷകരുടെ വർത്തമാനാവസ്ഥ ഇതിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബഹുഭൂരിപക്ഷവും കർഷക-കർഷകത്തൊഴിലാളി വിഭാഗങ്ങളുടെ വരുമാനത്തിലും ചെലവുചെയ്യലിലും സംഭവിച്ച കുറവ് ഇക്കാര്യം ഉറപ്പിച്ചുപറയുന്നു.

പുത്തൻ സാമ്പത്തിക നയങ്ങളും വർഗ്ഗീയ രാഷ്ട്രീയവും

പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വൻതോതിലുള്ള പരിവർത്തനങ്ങൾക്ക് ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾക്കെതിരായ മുന്നേറ്റങ്ങൾ പരിഷ്‌കരണത്തിന്റെ ഇരകളായി മാറാൻ പോകുന്ന അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നും ഉയർന്നുവരാൻ സാധ്യതയുണ്ടെന്നുമുള്ള ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ സംവാദങ്ങളെ വഴിച്ചുതിരിച്ചുവിടേണ്ടതിന്റെ ആവശ്യകത ആഗോളീകരണത്തിന്റെ പ്രായോജകർ മുമ്പെ തന്നെ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന കോൺഗ്രസ്/കോൺഗ്രസിതര താൽക്കാലിക സർക്കാരുകളെക്കൊണ്ട് പുത്തൻ സാമ്പത്തിക പരിഷ്‌കരണങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലെന്ന ബോദ്ധ്യവും അവർക്കുണ്ടായിരുന്നു. അടിസ്ഥാന പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ അക്കാലത്ത് വളർന്നുവന്ന സംഘബോധവും മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മുന്നേറ്റങ്ങളും ഒക്കെചേർന്ന് പുത്തൻ രാഷ്ട്രീയ സമവാക്യങ്ങൾ ഇന്ത്യയിൽ ഉയർന്നുവരുന്നത് കാണാൻ അവർക്ക് സാധിച്ചു. ഇതിനെ പ്രതിരോധിക്കുവാനുള്ള ഏകമാർഗ്ഗം എക്കാലത്തെയും പോലെ ഇന്ത്യയെ വർഗ്ഗീയമായി വിഭജിക്കുക എന്നതായിരുന്നു. ആർ.എസ്.എസിന്റെ വർഗ്ഗീയ രാഷ്ട്രീയം ഈയൊരർത്ഥത്തിൽ വിപണി മുതലാളിത്തത്തിന് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള എളുപ്പവഴിയായി മാറി. ഹരിതവിപ്ലവത്തിന്റെ ഭാഗമായി വളർന്നുവന്ന മുതലാളിത്ത കർഷക വിഭാഗങ്ങൾക്കിടയിൽ ആർ.എസ്.എസിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിന് എളുപ്പത്തിൽ വേരോട്ടമുണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സമ്പന്ന കർഷകരും, ഉദാരവൽക്കരണ നയങ്ങളുടെ അടിയന്തിര നേട്ടങ്ങൾ ലഭ്യമായ നഗര മധ്യവർഗ്ഗങ്ങളും സംഘപരിവാറിന്റെ ഹൈന്ദവ രാഷ്ട്രീയത്തെ എളുപ്പത്തിൽ തന്നെ സ്വാംശീകരിക്കുകയുണ്ടായി. ഒരു പരിധിവരെ സുഷുപ്തിയിലായിരുന്ന "ഹൈന്ദവ ദേശീയത'യെ ബാബറി മസ്ജിദിന്മേൽ അവകാശവാദമുന്നയിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഒരു ശക്തിയായി പടരാൻ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞു.

1990 സെപ്തംബർ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ വെച്ച് ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച രഥയാത്ര ഇന്ത്യയെ വർഗ്ഗീയമായി വിഭജിക്കുക എന്ന ലക്ഷ്യംവെച്ചുള്ളതായിരുന്നു. പിന്നീടങ്ങോട്ട് രാജ്യത്ത് വർഗ്ഗീയ ലഹളകളുടെ പരമ്പര തന്നെ അരങ്ങേറുകയുണ്ടായി. മുസ്‌ലിം-ക്രിസ്ത്യൻ അപരത്വത്തെ നിർമിച്ചുകൊണ്ട് അത് അസംഘടിത ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. "ഹൈന്ദവ സംസ്‌കൃതി, "സ്വദേശി ജാഗരൺ' തുടങ്ങിയ വിടുവായത്തങ്ങൾ ഇടക്കിടെ നടത്തുമെങ്കിലും സ്വകാര്യ-ഉദാര-ആഗോളീകരണ നയങ്ങൾ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് അവർ തങ്ങളുടെ രാഷ്ട്രീയ കൂറ് പിന്നീട് തെളിയിച്ചുകൊണ്ടിരുന്നു. 1996ൽ അധികാരത്തിൽ വന്ന, വാജ്‌പേയുടെ

ജസ്വന്ത് സിംഗ്
ജസ്വന്ത് സിംഗ്

നേതൃത്വത്തിലുള്ള ഒന്നാം എൻ.ഡി.എ സർക്കാർ, അധികാരത്തിലിരുന്ന 13 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ ധാബോളിൽ എന്റോൺ കമ്പനിക്ക് വേണ്ടി എല്ലാ അനുമതിയും നൽകിക്കൊണ്ട് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരോടുള്ള വിശ്വസ്തത തെളിയിക്കുകയായിരുന്നു. വരുംനാളുകളിൽ തങ്ങളെങ്ങനെ പ്രവർത്തിക്കുമെന്ന് യജമാനന്മാർക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള വ്യഗ്രതയും ഇതിനുപിന്നിലുണ്ടായിരുന്നു. രണ്ടാം എൻ.ഡി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് ബഹുരാഷ്ട്ര കമ്പനികളോട്, ""ഭയപ്പെടാനൊന്നുമില്ലെന്നും'', തങ്ങളുടെ പാർട്ടി, ""പരിഷ്‌കരണ പരിപാടികൾ ആഴത്തിലും വിശാലവും വേഗതയോടും കൂടി നടപ്പിലാക്കാനി''-രിക്കുന്നതേയുള്ളൂ എന്നും ഉറപ്പുനൽകുകയുണ്ടായി. പൊതുമേഖലകളുടെ ഓഹരികൾ വിറ്റഴിക്കാൻ മാത്രമായി ഒരു വകുപ്പും അതിന് പ്രത്യേകമായി ഒരു മന്ത്രിയും ഉണ്ടാക്കിയത് എൻഡിഎ സർക്കാരായിരുന്നു. എഴുപതുകളുടെ മധ്യം തൊട്ട് എൺപതുകളുടെ അവസാനം വരെ ഇന്ത്യയിൽ നിലനിന്നിരുന്ന കർഷക മുന്നേറ്റങ്ങളെക്കുറിച്ച് മുൻപേ പ്രതിപാദിക്കുകയുണ്ടായി. ഈ കർഷക മുന്നേറ്റങ്ങളും അവരിലൂടെ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളും തൊണ്ണൂറുകളോടെ പൂർണ്ണമായും അപ്രത്യക്ഷമാകുന്നതിന് പിന്നിലും ഈ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ വളർച്ച ബോധപൂർവ്വമായ കാരണങ്ങളായിട്ടുണ്ട്. പുത്തൻ സാമ്പത്തിക നയങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കുകയും കാർഷിക മേഖലയിലും ഗ്രാമീണ തൊഴിൽ മേഖലയിലും തൊഴിലില്ലായ്മയും വരുമാനത്തിലുള്ള അന്തരവും സൃഷ്ടിക്കുകയും ചെയ്തപ്പോൾ സാധാരണ ജനങ്ങളുടെ മനസിലേക്ക് വർഗ്ഗീയ വിഷം കുത്തിവെച്ച് വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കുക എന്ന ദൗത്യമായിരുന്നു സ്വയം സേവകർ ആസൂത്രിതമായി നിറവേറ്റിക്കൊണ്ടിരുന്നത്. 1990 മുതൽ 2004 വരെ ഇന്ത്യയിൽ നടന്ന വർഗ്ഗീയ കലാപങ്ങളുടെ എണ്ണം ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും.

പെരുകുന്ന കർഷക ആത്മഹത്യകൾ

ഫ്രഞ്ച് സോഷ്യോളജിസ്റ്റ് എമിൽ ദുർഖൈം (Emile Durkheim), സാമൂഹിക നിയന്ത്രണങ്ങൾ നഷ്ടമാകുമ്പോൾ സംഭവിക്കുന്ന ശിഥിലീകരണത്തെക്കുറിച്ചും അതുവഴി നിസ്സഹായനാകുന്ന വ്യക്തികൾ ആത്മഹത്യയിലേക്ക് അഭയം തേടുകയും ചെയ്യുന്നതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. അനോമിക് ആത്മഹത്യകൾ (Anomic Suicides) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു പ്രതിഭാസത്തെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്; ""പൊതുമനസ്സാക്ഷിയുടെ നിയന്ത്രണത്തിലായിരിക്കും വ്യക്തിവ്യവഹാരങ്ങൾ സംഭവിക്കുന്നത്, ഈ നിയന്ത്രണങ്ങൾ ദുർബലമാകുകയോ തകർക്കപ്പെടുകയോ ചെയ്യുമ്പോൾ വ്യക്തികൾ നിരാശയിലേക്ക് കൂപ്പുകുത്തുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നു. സമൂഹത്തിന്റെ സ്വാഭാവിക ചലനത്തിന് വിരുദ്ധമായ രീതിയിലുള്ള ഒരു കൂട്ടം നിയമങ്ങൾ, അവ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വിഘാതമാകുമ്പോൾ അവയുടെ ഏറ്റവും അടുത്ത ഇരകൾക്കിടയിൽ ആത്മഹത്യ ഒരു തിരഞ്ഞെടുപ്പായി മാറുന്നു''. -ഒരു സാമൂഹ്യ വിഭാഗമെന്ന നിലയിൽ കർഷകർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യകളെ ഇത്തരത്തിലുള്ള സാമൂഹിക ക്രമവിരുദ്ധതയിൽ നിന്നുടലെടുക്കുന്ന ഒന്നായി മനസിലാക്കേണ്ടതുണ്ട്.

ഉദാരവൽക്കരണ നയങ്ങൾ കാർഷിക മേഖലയിൽ നിലനിന്നിരുന്ന ഒട്ടനവധി നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിനും ബഹുരാഷ്ട്ര കമ്പനികളുടേതടക്കമുള്ള സ്വകാര്യ മൂലധനത്തിന്റെ ഇടപെടൽ വ്യാപകമാകുകയും, സർക്കാർ നിയന്ത്രണങ്ങൾ ഏതാണ്ട് വലിയ തോതിൽ ഇല്ലാതാകുകയും ചെയ്തതോടെ കർഷകർക്കിടയിൽ സുരക്ഷിതത്വബോധം നഷ്ടമാകുകയും പരാശ്രിതത്വത്തിലേക്ക് അവർ കൂടുതൽ അടുക്കുകയും ചെയ്തു. സാങ്കേതികമായ മറ്റ് ഒട്ടനവധി കാരണങ്ങളെക്കാൾ ഏറ്റവും സുപ്രധാനമായി വിലയിരുത്താവുന്ന ഒരുകാരണം ഈയൊരു നയസമീപനത്തിലെ മാറ്റമാണെന്ന് പറയാം. ഇന്ത്യയിലെ കർഷക ആത്മഹത്യകൾ അസാധാരണമായ തോതിൽ വർദ്ധിക്കുന്നത് 90കളുടെ മധ്യത്തോടെയാണ് എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് വ്യക്തം. ഉദാരണവൽക്കരണ നയങ്ങൾ പൊതുവിൽ ഇന്ത്യയുടെ ദാരിദ്ര്യരേഖയെ കുറച്ചുകൂടി താഴത്തേക്ക് വലിച്ചിറക്കാൻ സഹായിച്ചു എന്നത് വസ്തുതയാണെങ്കിലും ഗ്രാമീണ മേഖലയിലെ

പി.സായ്‌നാഥ്
പി.സായ്‌നാഥ്

ദാരിദ്ര്യത്തിന്റെ തോത് വളരെ നിർണ്ണായകമായ തോതിൽ ഉയർന്നു നിൽക്കുന്നതായി കാണാം. അതുപോലെത്തന്നെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകളും ലോകരാഷ്ട്രങ്ങളുടെ തന്നെ ചർച്ചകളിലെ സുപ്രധാന വിഷയമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രമുഖ പത്രപ്രവർത്തകനായ പി.സായ്‌നാഥിനോട് നന്ദി പറയേണ്ടതുണ്ട്. ഇന്ത്യയിലെ പത്രമാധ്യമങ്ങൾ അവഗണിച്ചുപോന്നിരുന്ന കർഷക ആത്മഹത്യകളെ അതിന്റെ എല്ലാ വ്യാപ്തിയോടും ഗൗരവത്തോടും കൂടി ദേശീയ-അന്തർദ്ദേശീയ തലങ്ങളിലേക്ക് എത്തിച്ചത് പി.സായ്‌നാഥ് ആണെന്നു പറയാം. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പോലും ഇത്തരത്തിൽ കർഷക ആത്മഹത്യകളെ സംബന്ധിച്ച പ്രത്യേക അന്വേഷണങ്ങൾ ആരംഭിച്ചത് 1995 ശേഷം മാത്രമായിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ തന്നെ കണക്കുകൾ ഉദ്ധരിക്കുകയാണെങ്കിൽ 1995 മുതൽ 2015വരെയുള്ള കാലയളവിൽ 3,21,248 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തതായി കാണാൻ സാധിക്കും. പല സംസ്ഥാനങ്ങളുടെയും അപൂർണ്ണമായ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. തമിഴ്‌നാട്, രാജസ്ഥാൻ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ പിൽക്കാലത്ത് മാത്രമാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പ്രത്യേകമായി ശേഖരിക്കുവാൻ ആരംഭിച്ചത്.

ഇന്ത്യയിലെ കർഷക ആത്മഹത്യകൾ ഭയാനകമായ തോതിൽ വർദ്ധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ തേടിച്ചെല്ലുമ്പോൾ പ്രധാനമായും നാം ചെന്നെത്തുന്നത് ആഗോള-ഉദാരവൽക്കരണ നയങ്ങളിലേക്കായിരിക്കും. ഉദാര സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയ ആദ്യദശകത്തിൽ തന്നെ കർഷക ആത്മഹത്യകളിലെ പെരുക്കങ്ങൾ കാണാൻ കഴിയും. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കർഷക ആത്മഹത്യകളെ പ്രത്യേകം രേഖപ്പെടുത്താൻ തുടങ്ങിയ 1995ൽ 10720 കർഷക ആത്മഹത്യകളാണ് ഇന്ത്യയിൽ സംഭവിച്ചത്. 2004 ആകുമ്പോഴേക്കും ഇത് 18241 ആയി ഉയർന്നു. ഒരു ദശകക്കാലമായപ്പോഴേക്കും ഏതാണ്ട് ഇരട്ടി വർദ്ധനവ്! കർഷക ആത്മഹത്യകൾക്ക് പിന്നിൽ സാമൂഹികവും സാമ്പത്തികവും ആയ നിരവധി ഘടകങ്ങൾ ഉണ്ട്. കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ തൊട്ട് കാർഷിക മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ഇടപെടൽവരെ ഇതിൽ പെടും. ഈ കാരണങ്ങളെ ഒക്കെത്തന്നെ പൊതുവിൽ പരിശോധിക്കുമ്പോൾ ഗവൺമെന്റുകളുടെ കാർഷിക നയങ്ങളിലെ വൈകല്യങ്ങളാണ് സുപ്രധാന കാരണങ്ങളെന്ന് കണ്ടെത്താൻ നമുക്ക് സാധിക്കും.

ഉപജീവനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാർഷികവൃത്തിയിൽ നിന്നും നാണ്യവിളകളിലേക്കുള്ള ചുവടുമാറ്റം ഹരിതവിപ്ലവത്തിന്റെ നാളുകളിൽ തന്നെ ആരംഭിച്ച ഒന്നാണെങ്കിലും ആഗോള കരാറുകളുടെ അടിസ്ഥാനത്തിൽ അവയ്ക്ക് ഗതിവേഗം വർദ്ധിച്ചത് 90കളോടെയായിരുന്നു. ഭക്ഷ്യോത്പാദനത്തിൽ നിന്നും നാണ്യവിളകളിലേക്കുള്ള മാറ്റം സാമാന്യകർഷകരെ രണ്ട് വിധത്തിലായിരുന്നു പ്രധാനമായും ബാധിച്ചത്. ഒന്ന് കർഷരുടെ തന്നെ ഭക്ഷ്യസുരക്ഷയെയും അവരുടെ ഭക്ഷണത്തിലെ വൈവിധ്യത്തെയും അത് തകർത്തുകളയുകയുണ്ടായി. ഗ്രാമീണ മേഖലയിലെ പോഷകാഹാരക്കുറവിന് ഇത് ഒരു കാരണമായി മാറി. രണ്ടാമത്തേത് അന്താരാഷ്ട്ര വിപണികളിലെ കാർഷിക വിളകളുടെ വിലയിലും ലഭ്യതയിലും സംഭവിച്ച ഏറ്റക്കുറച്ചിലുകൾ കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നതിന് വിഘാതമായി മാറി. ലോക വ്യാപാര സംഘടനയുടെ മധ്യസ്ഥതയിൽ രൂപീകരിക്കപ്പെട്ട കാർഷിക ഉടമ്പടി (Agreement on Agriculture-AoA) അനുസരിച്ച് കാർഷിക ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണികളിലെ ആവശ്യങ്ങൾക്കനുസരിച്ച് നിശ്ചയിക്കുവാൻ ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങൾ നിർബ്ബന്ധിതരാവുകയുണ്ടായി. കരിമ്പ്, പരുത്തി, എണ്ണക്കുരുക്കൾ തുടങ്ങിയ നാണ്യവിളകൾ അന്താരാഷ്ട്ര വിപണിയെ മാത്രം ആശ്രയിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത കർഷകർക്ക് വിപണിയിലെ അവയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് മാത്രം വില ലഭ്യമാകാൻ തുടങ്ങിയപ്പോൾ കൃഷി നഷ്ടക്കച്ചവടമാകാൻ ആരംഭിച്ചു. അന്താരാഷ്ട്ര കരാറുകൾ അനുസരിച്ച് വിപണിയിൽ കുറഞ്ഞ വില മാത്രം ലഭ്യമായിരുന്നപ്പോഴും കാർഷികോത്പന്നങ്ങൾ കയറ്റി അയക്കാൻ അംഗരാജ്യങ്ങളെ നിർബ്ബന്ധിതരാക്കുന്ന വ്യവസ്ഥകൾ കാർഷിക ഉടമ്പടികളുടെ ഭാഗമായിരുന്നു എന്നത് മൂന്നാം ലോകരാജ്യങ്ങളിലെ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്കെത്തിച്ചു. പരുത്തി, പഞ്ചസാര എന്നിവയുടെ വിലയിൽ 1990കൾക്ക് ശേഷം വന്ന ദ്രുതഗതിയിലുള്ള ചാഞ്ചാട്ടങ്ങൾ ആ മേഖലയിലെ കർഷകരെ, പ്രത്യേകിച്ചും ചെറുകിട കർഷകരെ കടബാദ്ധ്യതകളിലേക്ക് നയിക്കുകയുണ്ടായി. ഉദാഹരണത്തിന്, 2000ത്തിൽ ആഗോളവിപണിയിൽ പരുത്തി, പഞ്ചസാര എന്നിവയ്ക്ക് ഒരു പൗണ്ടിന് (ഒരു പൗണ്ട് ഏകദേശം 450ഗ്രാം) യഥാക്രമം 0.2951, 0.0619 (18.27, 3.96 രൂപ-2017ലെ വിനിമയ നിരക്കനുസരിച്ച്) അമേരിക്കൻ ഡോളറായിരുന്നു ലഭിച്ചിരുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞവിലയായിരുന്നു ഇത്. ഏതാണ്ട് ഇതേ കാലയളവിൽ തന്നെയായിരുന്നു ഇന്ത്യയിലെ കർഷക ആത്മഹത്യകൾ, വിശേഷിച്ചും പരുത്തി കർഷകരുടെ ആത്മഹത്യകൾ, വലിയ തോതിൽ വർദ്ധിച്ചതെന്ന് നമുക്ക് കാണാൻ സാധിക്കും. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകൾക്കനുസരിച്ച് കയറ്റുമതി - ഇറക്കുമതി നയങ്ങളിൽ വരുത്തിയ മാറ്റങ്ങളും കർഷകരെ ദുരിതക്കയങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു.

ഇന്ത്യൻ കർഷകരെ കടബാദ്ധ്യതകളിലേക്കും ആത്മഹത്യകളിലേക്കും നയിച്ചതിന് പിന്നിൽ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൊൺസാന്റോ പോലുള്ള വിത്തുകുത്തകകൾ ജനിതക മാറ്റം വരുത്തിയ വിത്തുകളുമായി ഇന്ത്യൻ കാർഷിക മേഖലയിലേക്ക് നുഴഞ്ഞുകയറിയത് കർഷകരുടെ സ്വാശ്രയത്വത്തിന് മേൽ വിലങ്ങുതടിയായി മാറി. ബിടി കോട്ടണുകൾ കൃഷി ചെയ്ത ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് ആത്മഹത്യയല്ലാതെ വഴിയില്ലെന്ന അവസ്ഥ വന്നു. കാർഷിക മേഖലയിലെ ചെലവ് കൂടുന്നതിനും ഓരോ വിളകൾക്ക് ശേഷവും വിത്തുകൾക്കായി കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നതും ഒക്കെത്തന്നെ അവരുടെ പരാശ്രിതത്വം വർദ്ധിപ്പിച്ചു. മേൽപ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ കർഷക ആത്മഹത്യയിൽ പകുതിയലധികം സംഭവിക്കുന്നതെന്നത് യാദൃശ്ചികമല്ലെന്ന് അർത്ഥം.

വിപണിയെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ കൃഷി സൃഷ്ടിച്ച ഏറ്റവും വലിയ മാറ്റം ഓരോ വിളവെടുപ്പിനും ശേഷം കാർഷിക ചെലവുകൾ വർദ്ധിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു. രാസവള-കീടനാശിനികളുടെ ഉപയോഗം നാൾക്കുനാൾ കൂടിക്കൊണ്ടിരുന്നതോടൊപ്പം അവയുടെ വിലയിലും വൻതോതിലുള്ള വർദ്ധനവ് സംഭവിച്ചുകൊണ്ടിരുന്നു എന്നത് കാർഷിക ചെലവുകൾ കൂട്ടുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അമിത രാസവള പ്രയോഗങ്ങൾ മണ്ണിന്റെ ഉർവ്വരത നാൾക്കുനാൾ ഇല്ലാതാക്കിക്കൊണ്ടിരുന്നത് രാസവസ്തുക്കളുടെ ഉപഭോഗത്തിലുളള വർദ്ധനവിലേക്കാണ് നയിച്ചത്. ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1969-70 കാലത്ത് ഒരു ഹെക്ടറിലെ എൻപികെ മിശ്രിതത്തിന്റെ ഉപഭോഗം 11.4 കിലോഗ്രാം ആയിരുന്നുവെങ്കിൽ 1999-2000 ആയപ്പോഴേക്കും 94.90 കിലോ ആയി വർദ്ധിക്കുകയുണ്ടായി. അതായത് ഏകദേശം 9 ഇരട്ടി വർദ്ധനവാണ് രാസവള ഉപഭോഗത്തിൽ സംഭവിച്ചിരിക്കുന്നത്. അതേസമയം ഉത്പാദന വർദ്ധനവ് ഇതേ അനുപാതത്തിൽ സംഭവിച്ചില്ല എന്നും നമുക്ക് കാണാം. കർഷകർക്ക് അവരുടെ വിളകൾക്ക് ലഭിക്കുന്ന കുറഞ്ഞ സഹായക വില (minimum support price)വിലയിലും ഇത്തരത്തിലുള്ള ഇരട്ടിപ്പുകൾ സംഭവിച്ചിട്ടില്ല. കീടനാശിനികളുടെ ഉപഭോഗത്തിലും ഇപ്രകാരമുളള ഗണ്യമായ വ്യതിയാനം കാണാൻ സാധിക്കും. ഓരോ കീടനാശിനികളെയും അതിജീവിക്കുവാനുള്ള കീടങ്ങളുടെ ജൈവീകമായ കഴിവുകൾ കർഷകരെ പുതിയതും വീര്യം കൂടിയതും കൂടിയ അളവിലുള്ളതുമായ കീടനാശിനികൾ ഉപയോഗിക്കാൻ നിർബ്ബന്ധിതരാക്കി. പ്രത്യേക കീടങ്ങളെ ചെറുക്കുന്നതെന്ന് അവകാശപ്പെട്ട് മൊൺസാന്റോ വിപണിയിലിറക്കിയ ബിടി പരുത്തി വിത്തുകൾ ചെറിയൊരു കാലയളവുകൊണ്ടുതന്നെ അതിന്റെ ശേഷി നഷ്ടപ്പെടുത്തുകയും കർഷകർക്ക് അതേ കമ്പനിയുടെ തന്നെ പുതിയതരം കീടനാശിനികൾ വാങ്ങേണ്ടിവരികയും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഈ രീതിയിൽ കാർഷിക മേഖലയിലെ ഉത്പാദന ചെലവുകൾ താങ്ങാനാകാതെ വരുന്ന കർഷകർ കാർഷികാവശ്യങ്ങൾക്കായി പ്രാദേശിക വട്ടിപ്പലിശക്കാരുടെ വലയിൽ കുടുങ്ങുകയും കടബാദ്ധ്യതകളിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. മാരക കീടനാശിനികളുടെ എളുപ്പത്തിലുള്ള ലഭ്യത ജീവിതം അവസാനിപ്പിക്കാനുള്ള അവരുടെ തീരുമാനത്തെ കൂടുതൽ പ്രായോഗികമാക്കിത്തീർക്കുന്നു. കർഷക ആത്മഹത്യകളിൽ വലിയൊരു ശതമാനം കീടനാശിനികളുടെ ഉപയോഗത്താലാണെന്ന കാര്യവും ഇവിടെ ഓർമ്മക്കേണ്ടതുണ്ട്.

കുറഞ്ഞ സഹായ വിലയും കൂടിയ ചില്ലറ വിലയും

കാർഷികോൽപന്നങ്ങൾക്കും മറ്റ് ഉപഭോക്തൃ വസ്തുക്കൾക്കും വില നിശ്ചയിക്കുന്നതിൽ അധികാരികൾ കാണിക്കുന്ന തന്ത്രം വലിയ തോതിൽ ചർച്ച ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. വ്യാവസായിക ഉത്പന്നങ്ങൾക്ക്, പ്രത്യേകിച്ചും ഉപഭോഗ വസ്തുക്കളുടെ, വില നിശ്ചയിക്കുവാനുള്ള അധികാരം പൊതുവിൽ ഉത്പാദകർക്കാണ് നൽകുന്നത്. സോപ്പ്, ചീപ്പ്, കണ്ണാടി മുതൽ കമ്പ്യൂട്ടർ വരെയുള്ള എല്ലാ വസ്തുക്കളുടെയും പരമാവധി ചില്ലറ വില (Maximum Retail Price) അതത് ഉത്പാദകർ തീരുമാനിക്കുമ്പോൾ മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് മാത്രം അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അവകാശമില്ല. അവരുടെ ഉത്പന്നങ്ങളുടെ വില അതത് കാലത്തെ വിപണി നീക്കങ്ങൾക്ക് അനുസരിച്ച് ഉയർന്നും താഴ്ന്നും നിൽക്കും. ഇക്കാര്യത്തിൽ സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ സഹായ വില-(Minimum Support Price)യിൽ കർഷകർ എക്കാലവും തൃപ്തരായി നിന്നുകൊള്ളണം.

കാർഷികോത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വാദത്തിന് എക്കാലവും ഇരകളാക്കപ്പെടുന്നത് കർഷകരാണ് എന്നതാണ് യാഥാർത്ഥ്യം. വിപണിയിൽ വ്യാവസായിക ഉത്പന്നങ്ങളുടെ വിലയിൽ വർഷം തോറും വർദ്ധനവ് പ്രകടനമാകാറുണ്ടെങ്കിലും കർഷകർക്ക് ഒരിക്കലും ഗുണകരമായി വർത്തിക്കാറില്ല. എന്നുമാത്രമല്ല കാർഷികോൽപ്പന്നങ്ങളുടെയും വ്യാവസായികോൽപ്പന്നങ്ങളുടെയും വില വർദ്ധനവുകളിലെ ഭീമമായ അന്തരം അവരുടെ നിത്യജീവിതച്ചെലവുകൾ ഭാരിച്ചതായി മാറ്റുകയും ചെയ്യുന്നു. സർക്കാർ പ്രഖ്യാപിക്കുന്ന കുറഞ്ഞ സഹായവിലയിലെ വർദ്ധനവിനെയും സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ വേതനത്തിലെ വർദ്ധനവിനെയും മുന്നെ താരതമ്യം ചെയ്യുകയുണ്ടായി. കഴിഞ്ഞ നാല് ദശകക്കാലത്തിനിടയിൽ ഗോതമ്പ്, നെല്ല് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ സഹായ വിലയിൽ 19 മടങ്ങ് മാത്രം വർദ്ധനവുണ്ടായപ്പോൾ സർക്കാർ ജീവനക്കാരുടെയും കോളേജ് അദ്ധ്യാപകരുടെയും സ്വകാര്യ കമ്പനി സിഇഓ മാരുടെയും ശമ്പളത്തിൽ 300 മുതൽ 2000 വരെ ഇരട്ടി വർദ്ധനവാണുണ്ടായത് എന്ന് മാത്രം ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും

കാർഷികമേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ്. ഋതുക്കളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, ചൂടുതരംഗം, കടുത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷിക വിളകളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലൊരിക്കൽ സംഭവിക്കാറുള്ള പ്രകൃതി ദുരന്തങ്ങൾ ഇന്ന് വർഷാവർഷങ്ങളിൽ സംഭവിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മാത്രം സംഭവിച്ച പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും അതിലൂടെ സംഭവിച്ച കാർഷിക നഷ്ടങ്ങളുടെയും കണക്ക് അതിഭീമമാണ്. ഇന്ത്യയിലെ കാർഷിക മേഖലയിൽ മൂന്നിൽ രണ്ട് ഭാഗവും മൺസൂണിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ മഴയുടെ അളവിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ കൃഷിയെ സാരമായി ബാധിക്കുന്നവയാണ്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച എന്നിവ ഒരേ വർഷത്തിൽ തന്നെ മാറിമാറി സംഭവിക്കുന്ന അവസ്ഥയും ഇന്ന് സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അടുത്ത ഇരകൾ കർഷകരായിരിക്കും എന്നത് നിസ്തർക്കമായ സംഗതിയായിണ്. ഋതുഭേദങ്ങളെയും മണ്ണിന്റെ ജൈവശേഷിയെയും വിത്തിന്റെയും ചെടിയുടെയും കീടനിയന്ത്രണ ശേഷിയെയും ഒക്കെ നിർണ്ണയിക്കുന്നത് കാലാവസ്ഥയായിരിക്കും എന്നതുകൊണ്ടുതന്നെ കാലാവസ്ഥയിലെ നേരിയ തോതിലുള്ള വ്യതിയാനങ്ങൾ പോലും കാർഷിക വിളകളെ പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കാർഷിക-കാലാവസ്ഥാ മേഖലകളുടെ വ്യതിചലനം, മേൽമണ്ണിന്റെ നാശം, മണ്ണിലെ ജൈവാംശത്തിന്റെ തോതിൽ സംഭവിക്കുന്ന കുറവ്, മണ്ണിലെ ജലാംശത്തിന്റെ അഭാവം, ലവണീകരണം-ക്ഷാരീകരണം തുടങ്ങിയ പ്രക്രിയ വർദ്ധിക്കൽ, കീടങ്ങൾ കളകൾ, രോഗങ്ങൾ എന്നിവയുടെ വർദ്ധനവ്, ചെടികളുടെ വളർച്ചയിൽ സംഭവിക്കാവുന്ന ന്യൂനതകൾ എന്നിവകളിലൂടെ ഏറ്റവും ഒടുവിലായി വിളകളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവിലേക്കും നയിക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ താപ വർദ്ധനവിന്റെയും പ്രധാന കാരണങ്ങളിലൊന്ന് കാർബൺ വിസർജ്ജനത്തിൽ സംഭവിച്ച ക്രമാതീതമായ വർദ്ധനവാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. കാർബൺ ഡയോക്‌സൈഡിന്റെ വർദ്ധനവ് വിളകളുടെ പോഷക ഘടനയെ മാറ്റിമറിക്കുകയും അതിന്റെ പ്രത്യാഘാതമെന്ന നിലയിൽ കീടങ്ങളെ പ്രതിരോധിക്കുവാനുള്ള അവയുടെ ശേഷി കുറഞ്ഞുവരികയും ചെയ്യും. വെള്ളപ്പൊക്കവും വരൾച്ചയും ഒരേ രീതിയിൽ മണ്ണിന്റെ ജൈവശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അമിതമായി ജലം കെട്ടിക്കിടക്കുന്നത് മണ്ണിന്റെ ലവണത്വം വർദ്ധിക്കുന്നതുപോലെ അമിതമായ നിർജലീകരണം മണ്ണിലെ ജീവാണു സമ്പത്തിനെ ഇല്ലാതാക്കുകയും ചെയ്യും. അന്തരീക്ഷ താപനിലയിലെ വർദ്ധനവ് കീട ജൈവലോകത്തിന്റെ വർദ്ധനവിനും കാരണമാകുന്നു. തണുപ്പുകാലങ്ങളിലെ താപനിലയിൽ ഏറ്റക്കൂടുതൽ സംഭവിക്കുമ്പോൾ സമാധിയിലായിരിക്കുന്ന (hibernation) പല കീടങ്ങളും സജീവമാകാൻ തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തണുപ്പുകാല വിളകളെ വലിയതോതിൽ ബാധിക്കുന്നുവെന്നും ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തോടും അതുമായി ബന്ധപ്പെട്ട കാർഷിക മേഖലയിലെ നാശനഷ്ടങ്ങളോടുമുള്ള അധികൃതരുടെ സമീപനങ്ങൾ പ്രധാനമായും കർഷകർക്കായി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരങ്ങളിൽ മാത്രമായി ഒതുങ്ങാറാണ് പതിവ്. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും ഇടയാക്കുന്ന കാർബൺ വിസർജ്ജനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെക്കുന്നതിനപ്പുറം എന്തെങ്കിലും ചെയ്യാൻ ഇന്ത്യയിലെ ഭരണാധികാരികൾക്ക് യാതൊരു പരിപാടിയുമില്ല എന്നു മാത്രമല്ല, അതിനു നേർവിപരീത ദിശയിലുള്ള വ്യാവസായിക-ഊർജ്ജ-വികസന നയങ്ങളാണ് ഇന്ത്യാ ഗവൺമെന്റ് പിന്തുടർന്നുകൊണ്ടിരിക്കുന്നതെന്നും കാണാൻ സാധിക്കും. വെള്ളപ്പൊക്കം, വരൾച്ച, കടുത്ത മഞ്ഞുവീഴ്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാർഷിക മേഖലയിൽ വൻതോതിലുള്ള സാമ്പത്തിക നഷ്ടങ്ങൾക്കിടയാക്കുന്നുണ്ട്. വരും നാളുകളിൽ ഇത് ഇന്ത്യയുടെ റവന്യൂ നഷ്ടങ്ങളിൽ നിർണ്ണായകമാകാൻ പോകുന്ന ഒന്നാണ് എന്ന് ലോകബാങ്ക് തങ്ങളുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട് (1998). 2015ൽ മാത്രം നടന്ന 19ഓളം പ്രകൃതിദുരന്തങ്ങളിൽ ഇന്ത്യയ്ക്ക് 21,000 കോടി രൂപയ്ക്ക് തുല്യമായ കാർഷിക നഷ്ടമുണ്ടായതായി CRED (Centre for Research on the Epidemology of Disaster) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2005 മുതൽ 2015 വരെയുള്ള കാലയളവിലെ പ്രകൃതി ദുരന്തങ്ങളിലൂടെയുള്ള കാർഷിക നഷ്ടം ഏതാണ്ട് 1.5ലക്ഷം കോടി രൂപയുടേതാണെന്ന് വിലയിരുത്തപ്പെടുന്നു. ആളപായങ്ങൾ, മണ്ണിന്റെ ഉർവ്വരത, ആവാസവ്യവസ്ഥ, ജീവജാതികൾ എന്നിവയ്ക്ക് മേൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ തുടങ്ങിയ ദീർഘകാല പ്രത്യാഘാതങ്ങൾ പരിഗണിക്കപ്പെടാതെയുള്ള കണക്കുകൾ മാത്രമാണിത്. കാർബൺ വിസർജ്ജനം കുറയ്ക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ സംഭവിക്കുന്ന നേരിട്ടുള്ള നഷ്ടങ്ങൾക്കും എത്രയോ മുകരളിലാണ് ഇവ. അതുകൊണ്ടുതന്നെ അവധാനതയോടും സമഗ്രതയോടും കൂടിയുള്ള പദ്ധതികളാണ് ഇക്കാര്യത്തിൽ ആവശ്യമായി വരുന്നത്. പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്ന മുതലാളിത്ത വികസന രീതികൾ (മനുഷ്യന്റെ ഇടപെടൽ എന്നതിലെ അരാഷ്ട്രീയതയെ വ്യക്തമായി സ്പർശിക്കാതെ വിഷയത്തിനുള്ള പരിഹാരം സാധ്യമാകില്ല തന്നെ.) പുനപ്പരിശോധിക്കാതെ ഇനിയുള്ള കാലത്ത് മുന്നോട്ടുപോകാൻ സാധ്യമല്ല. കാർബൺ വിസർജ്ജനം കുറയ്ക്കുന്നതടക്കമുള്ള പരിഹാരങ്ങളെ സമഗ്രതയോടെ കാണാതെ, വ്യാവസായിക-ഊർജ്ജ-കാർഷിക നയങ്ങൾ അതിനനുസരിച്ച് പുതുക്കിപ്പണിയാനുള്ള വിവേകമാണ് ഭരണാധികാരികൾ കാണിക്കേണ്ടത്. അത്തരം ആവശ്യങ്ങളുന്നയിക്കുന്നതിൽ നിലനിൽക്കുന്ന കർഷക സംഘടനകളും പരാജയപ്പെടുന്നു എന്ന വസ്തുതയും ഇവിടെ ചൂണ്ടിക്കാട്ടേണ്ടതാണ്.

മോദിയുടെ മൂന്ന് വർഷങ്ങൾ

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും, കർഷകർക്ക് ഉത്പാദനച്ചെലവിന്മേൽ 50% ലാഭം ഉറപ്പുവരുത്തുമെന്നും, മിനിമം സഹായവില ഉയർത്തുമെന്നും സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്നും, കാര്യക്ഷമമായ ഭൂവിനിയോഗം സാധ്യമാക്കുന്നതിനായി ദേശീയ ഭൂനയം നടപ്പിലാക്കുമെന്നും ഒക്കെയുള്ള നിരവധി വാഗ്ദ്ധാനങ്ങൾ നൽകിക്കൊണ്ട് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യവർഷത്തിൽ തന്നെ കർഷക ആത്മഹത്യാ നിരക്ക് 42% ആയി ഉയർന്നുവെന്നത് (TNN/January 6, 2017) കർഷകരോടുള്ള ബി.ജെ.പി സർക്കാരിന്റെ മനോഭാവത്തിനുള്ള ഉത്തമ ഉദാഹരണമാണ്. വ്യവസായ-കാർഷിക ഉത്പാദന മേഖലയിൽ സംഭവിച്ച പൊതുവായ തകർച്ചയും ദേശീയ ആഭ്യന്തര മൊത്തോല്പാദനത്തിൽ സംഭവിച്ച കുറവും ഒക്കെച്ചേർന്ന് ഇന്ത്യയുടെ സമ്പദ്‌മേഖല വലിയൊരു പ്രതിസന്ധിയെ നേരിടുന്ന അവസ്ഥയാണുള്ളത്. നോട്ട് നിരോധനം പോലുള്ള, ലക്ഷ്യമെന്തായിരുന്നുവെന്ന് ആർക്കും വ്യക്തമല്ലാത്ത, പരിഷ്‌കരണങ്ങൾ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കൂടുതൽ തകർച്ചയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ബീഫ് നിരോധനം അടക്കമുള്ള പല തീരുമാനങ്ങളും വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ കലുഷമാക്കാനിരിക്കുന്നതേയൂള്ളൂ. ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നതും ഈയടുത്തകാലത്താണ്. ഗ്രാമീണ കർഷകർക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന അസംതൃപ്തിയെ മറികടക്കുന്നതിനായി സാമൂദായിക വിഭജനം ഒന്ന ഒരൊറ്റ അജണ്ടയ തന്നെയാണ് അവർ വീണ്ടും പ്രയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അസഹിഷ്ണുത, മുസ്ലീങ്ങൾക്കും ഇതര മതസ്ഥർക്കുമെതിരായുള്ള ആക്രമണങ്ങൾ, ദേശീയത, രാജ്യസ്‌നേഹം തുടങ്ങിയ വിഷയങ്ങളെ വൈകാരികമായി പെരുപ്പിച്ച് നിർത്തൽ തുടങ്ങിയ തന്ത്രങ്ങളിലൂടെ ഹിന്ദുത്വദേശീയതയ്ക്ക് അടിത്തറ പാകാൻ ശ്രമിക്കുന്നതോടൊപ്പം തങ്ങളുടെ ഭരണ പരാജയങ്ങൾ മൂടിവെക്കാനുമാണ് മോദിയും സംഘപരിവാരങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കർഷക ക്ഷേമത്തെ മുൻനിർത്തി സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട ബി.ജെ.പി ഗവൺമെന്റ് അത് നടപ്പിലാക്കാൻ പ്രായോഗികമായി സാധ്യമല്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. ഈയൊരു സത്യവാങ്മൂലത്തിന് യുക്തിസഹമായ കാരണങ്ങൾ നിരത്താൻ പോലും നാളിതുവരെ സർക്കാർ തയ്യാറായിട്ടില്ല. കൃഷി ഭൂമിയുടെ സംരക്ഷണം, കാര്യക്ഷമമായ ഭൂവിനിയോഗം എന്നിവ ഉറപ്പുവരുത്തുന്നതിനായി ദേശീയ ഭൂനിയമം നടപ്പിലാക്കും എന്ന് 2014ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ബി.ജെ.പി ഉറപ്പുനൽകുകയുണ്ടായി. എന്നാൽ അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് കോൺഗ്രസ് ഗവൺമെന്റ് നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു അവർ ചെയ്തത്. ഒട്ടേറെ പുരോഗമന സ്വഭാവം നിലനിന്നിരുന്ന 2011ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഏറ്റവും സുപ്രധാനങ്ങളായ രണ്ട് വകുപ്പുകൾ - അനുമതി നിബന്ധനകൾ (Consent Clause), സാമൂഹ്യ പ്രത്യാഘാത നിർണ്ണയം (Social Impact Assessment) എന്നിവ റദ്ദുചെയ്തുകൊണ്ടായിരുന്നു പുതിയ ഓർഡിനൻസ് മോദി സർക്കാർ ലോക്‌സഭയിൽ പാസാക്കിയത്. വ്യവസായ-ഭൂമാഫിയകൾക്ക് ചുളുവിലയ്ക്ക്, തടസ്സങ്ങളേതുമില്ലാതെ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്.
ശാസ്ത്രീയ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഉറപ്പുവരുത്താതെ ജനതികമാറ്റം വരുത്തിയ വിളകൾ ഇന്ത്യയിൽ പ്രയോഗിക്കുകയില്ലെന്ന് ബി.ജെ.പി മാനിഫെസ്റ്റോ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നത്. എന്നാൽ ജനിതക മാറ്റം വരുത്തിയ കടുക് കൃഷി ചെയ്യുന്നത് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ് ബി.ജെ.പി സർക്കാർ. ഡോ.പുഷ്പ് ഭാർഗവയെയും ഡോ.പഞ്ചാബ് സിംഗിനെയും പോലുള്ള ജനിതക ശാസ്ത്രജ്ഞന്മാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് ഇന്ത്യൻ കാർഷിക മേഖലയെ ഒരിക്കൽ കൂടി ബഹുരാഷ്ട്ര വിത്തുകമ്പനികളുടെ കൈകളിലേക്ക് എത്തിക്കുവാനുള്ള തീരുമാനത്തിന് മോദി സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഈ രീതിയിൽ കർഷകരെ വീണ്ടും പരാശ്രിതത്വത്തിലേക്ക് തള്ളിവിടുന്ന മോദി സർക്കാരിനെതിരെ വൻതോതിലുള്ള പ്രക്ഷോഭങ്ങൾ ഇന്ത്യയിലെമ്പാടും കർഷകരുടെ മുൻകയ്യിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ് എന്നത് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

കടങ്ങൾ എഴുതിത്തള്ളലും കർഷകരും

കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്ന ആവശ്യം കർഷക സംഘടനകൾ മുന്നോട്ടുവെക്കുന്ന ഒന്നാണ്. ഇതിനോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണങ്ങൾ പലപ്പോഴും ഭിന്നങ്ങളായിരിക്കും. കർഷകരുടെ പ്രത്യക്ഷ പ്രതിഷേധത്തിന്റെ ഇരകളെന്ന നിലയിൽ കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാനങ്ങൾ നിർബ്ബന്ധിതരാകുമ്പോൾ സമ്പദ് വ്യവസ്ഥ തകർച്ചയെ നേരിടുമെന്ന കാരണം പറഞ്ഞ് സംസ്ഥാനങ്ങൾ സ്വന്തം ബാദ്ധ്യതയിൽ കടങ്ങൾ എഴുതിത്തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്യുന്നു. തെരെഞ്ഞെടുപ്പ് വാഗ്ദ്ധാനമെന്ന നിലയിൽ 36,000 കോടി രൂപ എഴുതിത്തള്ളിക്കൊണ്ട് യുപി സർക്കാർ മുന്നിട്ടിറങ്ങിയപ്പോൾ മഹാരാഷ്ട്രയും ഏതാണ്ട് 30,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു. പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി എട്ടോളം സംസ്ഥാനങ്ങളാണ് കർഷക പ്രതിഷേധങ്ങളുടെ സമ്മർദ്ദം കാരണം കർഷകരുടെ കടബാദ്ധ്യതകൾ എഴുതിത്തള്ളാൻ നിർബ്ബന്ധിതരായിരിക്കുന്നത്. ഈയിനത്തിൽ 3.1ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എട്ട് സംസ്ഥാനങ്ങൾ ചേർന്ന് എഴുതിത്തള്ളാൻ തയ്യാറായിരിക്കുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്ര സർക്കാരും അവരോട് ചേർന്നുനിൽക്കുന്ന സാമ്പത്തിക വിദഗ്ദ്ധരും നൽകുന്ന മുന്നറിയിപ്പുകൾ പരിഹാസ്യമാണ്. കാരണം, വൻകിട കോർപ്പറേറ്റ് കടങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്താതിരിക്കുകയും പലപ്പോഴും എഴുതിത്തള്ളുകയും ചെയ്യുന്ന ഗവൺമെന്റാണ് കർഷകരുടെ കടങ്ങൾക്ക് മേൽ പിടിമുറുക്കാൻ ആവശ്യപ്പെടുന്നത്! കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴാം ശമ്പളക്കമ്മീഷൻ നിർദ്ദേശിക്കുന്ന വേതന വർദ്ധനവ് നടപ്പിലാക്കിയാൽ ഒരു ലക്ഷം കോടി രൂപയുടെ അധിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 58ലക്ഷം സർക്കാർ ജീവനക്കാർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. അതേസമയം 1.9 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളുന്നത് 4.7 കോടി കർഷക കുടുംബങ്ങളുടെ കണ്ണീരൊപ്പുമെന്ന് പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് കവിത കരുഗന്തി അഭിപ്രായപ്പെടുന്നു.

ഒരു താൽക്കാലിക ആശ്വാസ നടപടി എന്ന നിലയിലല്ലാതെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് വലിയൊരളവിൽ കർഷകർക്ക് സഹായകമായ സംഗതിയല്ല എന്ന വസ്തുതയും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം ബോദ്ധ്യപ്പെടണമെങ്കിൽ കാർഷിക മേഖലയുമായി ബന്ധപ്പെട് ചില യാഥാർത്ഥ്യങ്ങൾ നാം മനസിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കർഷകരിൽ 82%വും ചെറുകിട-ശരാശരിയിലും താഴെയുള്ള കർഷകരാണ്. അതായത് ഭൂവുടമസ്ഥത 0.4-2 ഹെക്ടർ മാത്രം ഉള്ളവരെയാണ് ചെറുകിട കർഷകർ എന്നുപറയുന്നത്. ഇതിൽ തന്നെയും 1 ഹെക്ടറിൽ താഴെയുള്ളവരുടെ സംഖ്യ 64%മാണ്. മേൽപ്പറഞ്ഞ ചെറുകിട കർഷകരിൽ പാതിയോളം പേർ (47.4%-NSSO data) തങ്ങളുടെ കാർഷിക കടങ്ങൾക്കായി അനൗദ്യോഗിക സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും പ്രാദേശിക വട്ടിപ്പലിശക്കാരും ആണ് ഈ മേഖലയിൽ സ്വതന്ത്രമായി വിഹരിക്കുന്നത്. ചെറുകിട കർഷകരെ ഇത്തരത്തിൽ വട്ടിപ്പലിശക്കാരുടെ കൈകളിലേക്ക് തള്ളിയകറ്റുന്നതിന് നമ്മുടെ ബാങ്കുകൾക്ക് പ്രധാന പങ്കുണ്ട്. ഒരു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾക്ക് പണയവസ്തുക്കൾ (Collateral Security) ആവശ്യപ്പെടരുതെന്ന റിസർവ്വ് ബാങ്ക് നിർദ്ദേശങ്ങൾ പോലും പാലിക്കാൻ ബാങ്കുകൾ തയ്യാറാകാതിരിക്കുന്നതുകൊണ്ടാണ് ചെറുകിട കർഷകർക്ക് ഈ രീതിയിൽ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നത്. സർക്കാർ എഴുതിത്തള്ളുന്ന കടങ്ങൾ ഔദ്യോഗിക സ്ഥാപനങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് എന്നുള്ളതുകൊണ്ടുതന്നെ ചെറുകിട കർഷകരിൽ പകുതിയോളം ഭാഗത്തിന് ഇതിന്റെ നേട്ടം ലഭ്യമാകാറില്ല. കടങ്ങൾ എഴുതിത്തള്ളുന്നതിന് പിറകിൽ കർഷക ആത്മഹത്യകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ കടങ്ങൾ എഴുതിത്തള്ളുന്നതിലൂടെ കർഷക ആത്മഹത്യകൾ കുറയ്ക്കാൻ സാധിച്ചിട്ടില്ല എന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുന്നുണ്ട്. കർഷക ആത്മഹത്യകൾ കുറയ്ക്കുന്നതിനെക്കുറിച്ചും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ആത്മാർത്ഥമായിട്ടാണ് നാം ചിന്തിക്കുന്നതെങ്കിൽ പ്രധാനമായും ചെയ്യേണ്ടത് കർഷകർക്ക് അവരുടെ വിളവിൻമേൽ ന്യായമായ വില ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ്. മിനിമം സഹായവില ഉയർത്തിയും അതോടൊപ്പം ഉത്പാദനച്ചെലവിന്റെ 50% ഉറപ്പുവരുത്തിയും പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന കാർഷിക നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ തയ്യാറാകുകയും ചെയ്യേണ്ടതുണ്ട്. കാർഷിക കടങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ബാങ്കുകളെ നിർബ്ബന്ധിക്കാൻ സർക്കാരുകൾ തയ്യാറേകണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഗുണനിലവാരം കുറഞ്ഞ വിത്തുകൾ വില്പന ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കുകയും സർക്കാർ വിത്തുൽപാദന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പൊതുമേഖലാ സംഭരണ കേന്ദ്രങ്ങൾ ന്യായമായ വിലയ്ക്ക് കർഷകരുടെ ഉത്പന്നങ്ങൾ മുഴുവനായും വാങ്ങുമെന്ന ഉറപ്പ് കർഷകർക്ക് ഉണ്ടാകേണ്ടതും അനിവാര്യമാണ്. സംഭരണ കേന്ദ്രങ്ങളുടെ കാര്യക്ഷമതയും ശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

കർഷക പ്രക്ഷോഭങ്ങൾ; അസംതൃപ്തമായ ഗ്രാമങ്ങൾ

അഭൂതപൂർവ്വമായ രീതിയിൽ കർഷക പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2016-17. മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ, യുപി, മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം തന്നെ തുടർച്ചയായ കർഷക സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം ജൂൺ മാസത്തിൽ മധ്യപ്രദേശിലെ മൻസോറിൽ നടന്ന കർഷക പ്രക്ഷോഭത്തെ തോക്കുകൾ കൊണ്ടായിരുന്നു ശിവ്‌രാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നേരിട്ടത്. അഞ്ച് കർഷകരുടെ ജീവനാണ് ഈ വെടിവെപ്പിൽ പൊലിഞ്ഞത്. കടബാദ്ധ്യതകൾ മൂലം ആത്മഹത്യയിൽ അഭയം തേടുന്ന കർഷകർക്ക് നേരെ വെടിയുതിർക്കുന്നതിന് പോലും മടിയില്ലാത്ത രീതിയിൽ ബി.ജെ.പിയുടെ കർഷകവിരോധം പ്രകടമായിരിക്കുന്നു.

കർഷകരെ സമര രംഗത്തേക്ക് നയിക്കുന്നതിൽ ബി.ജെ.പിയുടെ സമീപകാല നടപടികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൊയ്‌തെടുത്ത വിളകൾ സംഭരിക്കുന്നതിൽ കാണിക്കുന്ന അലംഭാവം ലക്ഷക്കണക്കിന് കർഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഗോതമ്പുൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധവുണ്ടായിട്ടുപോലും 2016-2017 കാലയളവിൽ 229.6ലക്ഷം ടൺ ഗോതമ്പ് മാത്രമേ സർക്കാർ സംഭരിക്കുകയുണ്ടായുള്ളൂ. 2015-16 കാലയളവിൽ ഇത് 288.8 ലക്ഷം ടണ്ണായിരുന്നു. 60 ലക്ഷം ടൺ ഗോതമ്പിന്റെ കുറവാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. നെല്ലിന്റെ കാര്യത്തിൽ 38ലക്ഷം ടണ്ണിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കുറഞ്ഞവിലയ്ക്ക് പയറുൽപന്നങ്ങൾ (44/കിലോഗ്രാം) ഇറക്കുമതി ചെയ്യുകയും കൂടിയ വിലയ്ക്ക് (230/കിലോഗ്രാം) ചില്ലറ വില്പന അനുവദിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ കർഷകരെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുന്നതിനെതിരായാണ് കർഷകർ പ്രധാനമായും പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനും പുറമെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വായ്പകളിന്മേൽ ഇളവുകൾ അനുവദിക്കുക, മിനിമം സഹായവില വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭരണ-പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ട കർഷക സംഘടനകൾ തൊട്ട് സ്വതന്ത്രമായി രൂപംകൊണ്ട കർഷക വിശാല സംഖ്യം വരെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.

2019ൽ നടന്ന കിസാൻ ലോങ് മാർച്ചിൽ നിന്ന്   Photo/Communist Party of India (Marxist) Facebook
2019ൽ നടന്ന കിസാൻ ലോങ് മാർച്ചിൽ നിന്ന് Photo/Communist Party of India (Marxist) Facebook

എഴുപതുകളിലെ കർഷക പ്രക്ഷോഭങ്ങൾ പ്രധാനമായും വൻകിട ഭൂവുടമകളുടെയും കർഷകരുടെയും മുൻകൈയ്യിലാണ് അരങ്ങേറിയത് എന്നതുകൊണ്ടുതന്നെ കർഷകരിലെ ന്യൂനപക്ഷത്തിന്റെ താൽപര്യങ്ങളായിരുന്നു അത്തരം പ്രക്ഷോഭങ്ങളിൽ മേൽക്കൈ നേടിയിരുന്നത്. ഈയൊരു പരിമിതി അക്കാലത്തെ കർഷക പ്രസ്ഥാനങ്ങളുടെ മുന്നോട്ടുപോക്കിന് വിഘാതമായി മാറി എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. വർത്തമാനകാല കർഷക പ്രക്ഷോഭങ്ങൾ മുൻകാലത്ത് നിന്നും വ്യത്യസ്തമാകുന്നത് അവ ചെറുകിട കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു എന്നതുകൊണ്ടാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ചെറുകിട കർഷകരുടെ മുൻകൈയ്യിൽ സ്വതന്ത്ര സംഘടനകൾ സമീപകാലത്ത് ധാരാളമായി ഉയർന്നുവരുന്നതും ആശാവഹമായ കാര്യമാണ്. അടുത്തകാലത്തായി ദില്ലിയിൽ നടന്ന കർഷക പ്രക്ഷോഭങ്ങളെത്തുടർന്ന് ഇന്ത്യയിലെമ്പാടുമുള്ള 62ഓളം സംഘടനകൾ ചേർന്നുള്ള കർഷക വിശാല ഐക്യം രൂപപ്പെട്ടത് ഇതിന്റെ സൂചനയാണ്.

ഉപസംഹാരം

ഒരു പ്രദേശം ഗ്രാമീണ മേഖലയായി പരിഗണിക്കുന്നു എന്നതിനർത്ഥം ആ പ്രദേശത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ 75%ത്തോളം കാർഷിക മേഖലയിൽ നിന്നായിരിക്കണം എന്നതാണ് ഔദ്യോഗിക ഭാഷ്യം, ഇന്ത്യയിലെ 70% ജനങ്ങളും ഗ്രാമീണ മേഖലയിലാണ് എന്നതും ഇന്ത്യയുടെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 17% മാത്രമാണ് കാർഷിക മേഖലയിൽ നിന്നുള്ള (മത്സ്യബന്ധനം, ഫോറസ്ട്രി എന്നിവ ഉൾപ്പെടെ) സംഭാവന എന്ന വസ്തുതയും കൂട്ടിവായിക്കുമ്പോൾ നിലവിൽ "ഗ്രാമീണ ഇന്ത്യ' എന്ന പ്രയോഗത്തിൽ തന്നെ വൈകല്യങ്ങളുണ്ട് എന്ന് കരുതേണ്ടതുണ്ട്. കാഴ്ചപ്പാടിനും യാഥാർത്ഥ്യത്തിനും ഇടയിലെ ഈയൊരു വൈരുദ്ധ്യത്തിന് ഇന്ത്യ നാളിതുവരെ തുടർന്നുവരുന്ന സാമ്പത്തിക നയങ്ങൾ സുപ്രധാന ഘടകമാണെന്ന് കണ്ടെത്താൻ വിഷമമില്ല. ആധുനികത-വികസനം, ജീവിതനിലവാരം എന്നീ സംജ്ഞകളെ സംബന്ധിച്ച കാഴ്ചപ്പാടുകളിൽ ഉൾച്ചേർന്നിരിക്കുന്ന വൈകല്യങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളിലൂടെ മാത്രമേ നാം നേരിടുന്ന കാർഷിക പ്രതിസന്ധികൾക്ക് തടയിടാൻ സാധിക്കുകയുള്ളൂ. ആധുനികതയും ശാസ്ത്ര സാങ്കേതിക വികസനങ്ങളും മുതലാളിത്ത വളർച്ചയ്ക്കുള്ള ഉപാധികൾ മാത്രമായി ചുരുക്കപ്പെടുന്നതിലെയും അവയുടെ ഫലമായി ഉയിർക്കൊള്ളുന്ന പ്രശ്‌നങ്ങളെ വിമർശനപരമായി വീക്ഷിക്കുമ്പോൾ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നതിലെയും നിരർത്ഥകത ഇനിയെങ്കിലും ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഭക്ഷണമില്ലാതെ ജീവിക്കാൻ സാധ്യമല്ലെന്നും ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ട് ഭക്ഷ്യസുരക്ഷ ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിൽ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നത്തിൽ നിന്നും നാം ഇനിയെങ്കിലും മോചിതരാകേണ്ടതുണ്ട്. വളരെപ്പെട്ടെന്ന് നശിച്ചുപോകുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തെരുവുകളിലും ഗോഡൗണുകളിലും വിൽക്കുകയും സൂക്ഷിക്കുകയും ചെയ്യുകയും ദീർഘകാലം നിലനിൽക്കുന്ന ചെരുപ്പുകളും വസ്ത്രങ്ങളും മറ്റ് ഉപഭോഗ വസ്തുക്കളും ഏസി ഷോറൂമുകളിൽ വിൽപനയ്ക്ക് വെക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത്രയും വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതേ, കാഴ്ചപപ്പാടുകൾ തന്നെയാണ് പ്രശ്‌നം. അതുതന്നെയാണ് മാറേണ്ടതും.

2017ൽ നടന്ന കർഷക പ്രക്ഷോഭങ്ങൾ
സെപ്തംമ്പർ 12: ബോംബെ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിലെ പാൽഘറിൽ കർഷക പ്രതിഷേധം.
സെപ്തംബർ 1: രാജസ്ഥാനിൽ കർഷക പ്രക്ഷോഭം 12 ദിവസത്തെ തുടർച്ചയായ പ്രക്ഷോഭത്തെ തുടർന്ന് കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാരംഭിച്ച പ്രക്ഷോഭം ജനകീയ സമരമായി മാറുകയായിരുന്നു.
ആഗസ്ത് 16: കാവേരിജലതർക്കം കർണ്ണാടകയിൽ കർഷക പ്രക്ഷോഭം
ആഗസ്ത് 9: കിസാൻ മസ്ദൂർ മഹാസംഘിന്റെ ബാനറിൽ ഛത്തീസ്ഗഢിൽ കർഷക സമരം. ഗവർണറുടെ ബംഗ്ലാവിന് മുന്നിൽ ഉപരോധം.
ജൂലൈ 17: ഛത്തീസ്ഗഢ് കിസാൻ-മസ്ദൂർ മഹാസംഘിന്റെ ബാനറിൽ 22 ജില്ലകളിൽ റോഡ് ഉപരോധം. കാർഷിക സബ്‌സിഡികൾ ഒഴിവാക്കുന്നതിലും മിനിമം സഹായവില ഉയർത്താത്തതിലും പ്രതിഷേധിച്ചുകൊണ്ടായിരുന്നു സമരം.
ജൂലൈ 15 മുതൽ: ജന്ദർമന്തറിൽ തമിഴ്‌നാട് കർഷകരുടെ പ്രക്ഷോഭം. ചത്ത എലികളെ ഭക്ഷിച്ചും പ്രതീകാത്മകമായി ആത്മഹത്യ ചെയ്തും കർഷകർ ദിവസങ്ങളോളം സമരം തുടർന്നു.
ജൂലൈ 14: അഖില ഭാരതീയ രാഷ്ട്രവാദി കിസാൻ ഏവം മസ്ദൂർ സംഘടനിന്റെ ബാനറിൽ പട്‌നയിൽ ധർണ്ണ. കർഷക പ്രക്ഷോഭം ബീഹാറിലും ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്.
ജൂലൈ 12: ഝാർഘണ്ട് കൃഷക് മിത്ര സംഘിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം.
ജൂലൈ 7: മധ്യപ്രദേശിലെ മൻസോറിൽ കർഷക പ്രക്ഷോഭം. വെടിവെപ്പ്, അഞ്ച് മരണം.
ജൂലൈ 6: ബി.ജെ.പിയുടെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 62ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ മൻസോറിൽ നിന്നും ദില്ലിയിലെ ജന്ദർമന്തറിലേക്ക് കിസാൻ മുക്തിയാത്ര ആരംഭിക്കുന്നു.
ജൂലൈ:മധ്യപ്രദേശിലെ വെടിവെപ്പിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കർഷകർ പ്രതിഷേധിക്കുന്നു. പഞ്ചാബിലെ കർഷകർ മധ്യപ്രദേശ് കർഷക പ്രക്ഷോഭത്തിൽ ഐക്യപ്പെടുന്നു.
ജൂലൈ 1: കൃഷ്ണരാജ സാഗർ അണക്കെട്ടിലെ വെള്ളം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കർണ്ണാടകയിലെ കർഷകർ ബാംഗ്ലൂർ-മൈസൂർ ഹൈവേ ഉപരോധിച്ചു.
ജൂലൈ: കടബാദ്ധ്യതകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ കർഷക പ്രക്ഷോഭം അൽപേഷ് ഠാക്കൂറിന്റെ നേതൃത്വത്തിൽ അഹമ്മദാബാദിലെ തെരുവിൽ പാലൊഴുക്കിക്കൊണ്ട് കർഷകർ പ്രതിഷേധിച്ചു
ജൂൺ 28: ഉള്ളി സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ കർഷർ ഇൻഡോർ-ഭോപ്പാൽ ഹൈവേ ഉപരോധിച്ചു.
ജൂൺ 15:നവ നിർമ്മാൺ കൃഷക് സംഘടനിന്റെ നേതൃത്വത്തിൽ വാഹന ഉപരോധം. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളൽ, പെൻഷൻ, മിനിമം സപ്പോർട്ട് പ്രൈസ് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം.
ജൂൺ 16: കാർഷിക ഉത്പന്നങ്ങൾക്ക് മിനിമം സഹായ വില നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 62ഓളം കർഷക സംഘടനകളുടെ കൂട്ടായ്മ ചേർന്ന് ദേശീയതലത്തിൽ 3 മണിക്കൂർ ദേശീയപാത ഉപരോധിച്ചു.
ജൂൺ: ആദ്യവാരത്തിൽ ഉൽപ്പന്നങ്ങൾക്ക് വില ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് കർഷകർ വിളകൾ റോഡിൽ തള്ളിക്കൊണ്ട് പ്രതിഷേധിച്ചു.
മെയ് 16: പഞ്ചാബിലെ ബറ്റിൻഡയിൽ കർഷകന്റെ ആത്മഹത്യയെത്തുടർന്ന് ബികെയു വിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം.
ഏപ്രിൽ : തമിഴ്‌നാട്ടിൽ പി.അയ്യക്കണ്ണിന്റെ നേതൃത്വത്തിലുള്ള കർഷകർ കടബാദ്ധ്യതകൾ എഴുതിത്തള്ളണമെന്നും മിനിമം സപ്പോർട്ട് പ്രൈസ് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു. തലമുണ്ഡനം ചെയ്തുകൊണ്ടുള്ള സമരം 41 ദിവസങ്ങളോളം നീണ്ടുനിന്നു.
ജനുവരി 13: കർഷകർ പച്ചക്കറി വിളകൾ തെരുവുകളിലും ഹൈവേകളിലും ഉപേക്ഷിച്ച് പ്രതിഷേധിക്കുന്നു. ഝാർഘണ്ടിലെ ടാറ്റാ-റാഞ്ചി നാഷണൽ ഹൈവേയിൽ പച്ചക്കറി കൂമ്പാരങ്ങൾ. നോട്ട് നിരോധനം കർഷകരെ പ്രതികൂലമായി ബാധിക്കുന്നു.
ജനുവരി 3: പച്ചക്കറി വിളകൾക്ക് കുറഞ്ഞ വില കുറഞ്ഞതിന്റെ പേരിൽ കൃഷി നഷ്ടമായ ഛത്തീസ്ഗഢിലെ കർഷകർ പച്ചക്കറികൾ സൗജന്യമായി നൽകി പ്രതിഷേധിച്ചു. ഛത്തീസ്ഗഢ് യുവ പ്രഗതിശീൽ കർഷക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

(2017 ഒക്​ടോബിൽ എഴുതിയത്​- Transition Studies)

References:
11. WTO Agreement on Agriculture: Deficiencies and Proposals for Change, Bhagirath Lal Das, Thtird World Network, 2001.
12. The WTO Agriculture Agreement: Feattures, Effects, Negotiations and What is at Stake, MArtin Khor, TWN, 2001.
13. Destroying India's White Revolution, Deveinder Sharma, Ag-Impact listserver, 2002.
14. BJP Election Manifesto, 2014.
15. An Economic Analysis of Farmers Suicide in India, Dr. Sureder Ahlawat, 2016.
16. Farm suicides rising, most intense in four states, P.Sainath, The Hindu, 12/11/2017
17. Farmers suicide in India: Levels and trends across major states, 1995-2011, Deepankar Basu et al, UoM, 2016.
18. Farmers suicide in India: Magnitudes, trends and spatial patterns, K.Nagaraj, Madras Institute of Development studies, March-2005.
19. Farmers suicide and response of the govermnet in India: An analysis, Dr.G.L.Parvathamma, Journal of Economics and Finance, 2016.
20. Climate Change, Climate variability and Indian Agriculture: Impacts, Vulnerability and Adaptation Strategies; Shakeel.A Et al., 2015.
21. Annual Report 2016-17, Department of Agriculture, Cooperation and Farmers Welfare, Mninistry of Agriculture and Farmers Welfare, GoI.
22. Reports from various news papers, news agencies, TheWire.com, firstpost.com, nationalherald.com etc.


Summary: കാർഷിക മേഖലയിലെ കുത്തക കമ്പനികളുടെ കടന്നുവരവ് വിത്തിന്മേലുള്ള കർഷകരുടെ സ്വാശ്രയത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വർഷം തോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാൻ അവർ നിർബ്ബന്ധിതരാകുകയും ചെയ്തു


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments