കേരളം, ഒഡീഷ, ഗുജറാത്ത്. മൂന്ന് സംസ്ഥാനങ്ങൾ. മൂന്ന് വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങൾ. ഈ മൂന്ന് സംസ്ഥാന ഭരണകൂടങ്ങളും കോവിഡ് 19 എന്ന പകർച്ച വ്യാധിയെ എങ്ങിനെ നേരിട്ടു എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. ഉത്പാദന മേഖലയെ അവഗണിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് മാത്രമുള്ളതാണ്. അതേസമയം വൻകിട വ്യവസായ സംരംഭങ്ങൾക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും അടിത്തട്ടിൽ സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ളതും ജനങ്ങളെ വർഗ്ഗീയമായി വേർതിരിക്കുകയും ചെയ്തുകൊണ്ട് കോർപ്പറേറ്റ് പ്രീണനത്തിലൂടെ അധികാരം നിലനിർത്തുകയും ചെയ്യുന്നതാണ് ഗുജറാത്ത് മോഡൽ. സംസ്ഥാനത്തിന്റെ പൊതുവിഭവങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്ക് സമർപ്പിക്കുന്നതിൽ യാതൊരു വൈമുഖ്യവും പ്രദർശിപ്പിക്കാത്ത, അതേസമയം താഴെത്തട്ടിലുള്ള ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കാനും അവരുടെ വിശ്വാസം നേടിയെടുക്കാനും കഴിഞ്ഞ ഭരണാധികാരിയെന്ന നിലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരത്തിലിരിക്കാൻ കഴിഞ്ഞ വ്യക്തിയാണ് നവീൺ പട്‌നായ്ക്. ഈ മൂന്ന് ഭരണരീതികളും ഒരു പൊതുദുരന്തത്തെ നേരിടുന്നതിൽ എങ്ങിനെ പ്രവർത്തിച്ചു എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
കേരളം
3.48 കോടി ജനങ്ങളും 39,000 ചതുരശ്ര കിലോമീറ്ററിൽ താഴെ ഭൂവിസ്തൃതിയുമുള്ള, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയും, മാനവ വികസന സൂചികയിൽ ശ്രീലങ്കയോട് കിടപിടിക്കുന്നതുമായ കേരളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുൻപന്തിയിലാണെന്നത് തർക്കമറ്റ സംഗതിയാണ്. ജനാധിപത്യ ക്രമത്തിൽ ഓരോ അഞ്ച് വർഷവും ഇരു മുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന രീതിയാണ് സംസ്ഥാനത്തിന്റെ പിറവി തൊട്ട് നാം സ്വീകരിച്ചിരിക്കുന്നത്. സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനുള്ളതാണ്. കേരളത്തിലെ പല ഭരണകൂട തീരുമാനങ്ങളെയും സ്വാധീനിക്കുന്നതിൽ ഈ സിവിൽ സൊസൈറ്റി ജാഗ്രത പ്രവർത്തിക്കുന്നുണ്ടെന്നത് വാസ്തവമാണ്.
വർഷങ്ങളായി വളർത്തിയെടുത്ത സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ കേരള ഗവൺമെന്റ് വിജയം നേടിയെന്നത് യാഥാർത്ഥ്യമാണ്.
കാർഷികവ്യാവസായിക ഉത്പാദന മേഖലകളെ തമസ്‌കരിച്ചുകൊണ്ട് മൂന്നാം മേഖലയെന്ന് വിശേഷിപ്പിക്കുന്ന സേവന മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസന-ആസൂത്രണ രീതിയാണ് കേരളം അനുവർത്തിച്ചു വന്നിരിക്കുന്നതെന്നും, ഗൾഫ് മേഖലകളിൽ നിന്നും വരുന്ന മണി ഓർഡറുകളെ ആശ്രയിച്ചുള്ള "മണി ഓർഡർ ഇക്കണോമി'യാണ് കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെന്നും നമുക്കറിയാവുന്ന കാര്യമാണ്. ഇത് കൂടാതെ ലോട്ടറി, മദ്യം എന്നിവ പ്രധാന വരുമാന സ്രോതസ്സും, ജീവനക്കാർക്കുള്ള വേതനം പ്രധാന ചെലവും ആയിട്ടുള്ള എല്ലായ്‌പ്പോഴും ധനക്കമ്മിയുള്ള ബജറ്റ് മാത്രം അവതരിപ്പിക്കാൻ വിധിക്കപ്പെട്ട ധനമന്ത്രിമാർ ഉള്ള സംസ്ഥാനമാണ് കേരളമെന്നതും വസ്തുതയാണ്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, 2018ലും 2019ലും അതിവർഷം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്നത് യാഥാർത്ഥ്യമാണ്. ഏതാണ്ട് 25,000-30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം 2018ലെ പ്രളയത്തിൽ മാത്രം സംസ്ഥാനത്തിന് സംഭവിക്കുകയുണ്ടായി. രണ്ട് പ്രളയങ്ങളെയും നേരിടുന്നതിൽ സംസ്ഥാന ഭരണകൂടവും സിവിൽ സമൂഹവും തികഞ്ഞ ജാഗ്രത കാണിച്ചുവെന്ന് പറയാവുന്നതാണ്.
കോവിഡ് പ്രതിരോധം
ലോകം കോവിഡ് ഭീഷണിയെ നേരിട്ടുകൊണ്ടിരുന്ന ആദ്യഘട്ടത്തിൽ തന്നെ ആഗോളതലത്തിലേക്കുള്ള അതിന്റെ വ്യാപന സാധ്യത തിരിച്ചറിയുകയും അന്താരാഷ്ട്ര സഞ്ചാരങ്ങൾ കൂടിയ പ്രദേശങ്ങളെ അത് കൂടുതൽ വേഗത്തിൽ വ്യാപിക്കുമെന്നും ഉള്ള വസ്തുത തിരിച്ചറിയാൻ സംസ്ഥാന ഭരണകൂടത്തിന് സാധിച്ചു. പ്രത്യേകിച്ചും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ക്വാറന്റൈനിൽ പാർപ്പിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരെ പ്രത്യേക നിരീക്ഷണത്തിൽ നിർത്തുകയും രോഗപരിശോധനാ നടപടികൾ സ്വീകരിക്കുകയും ചെയ്തതിലൂടെ വൈറസിന്റെ സാമൂഹിക വ്യാപന സാധ്യത കുറച്ചുകൊണ്ടുവരുവാൻ സംസ്ഥാന സർക്കാരിന് സാധിച്ചു.
കോവിഡ് ബാധയ്‌ക്കെതിരെ കേരളം നേടിയ വിജയം ലോകം മുഴുവൻ ചർച്ചാ വിഷയമാണ്. വാഷിങ്ടൺ പോസ്റ്റിലും, വിവിധ അന്താരാഷ്ട്ര ഫോറങ്ങളിലും കേരളത്തിന്റെ "ഫ്‌ളാറ്റൻ കർവി'നെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കേന്ദ്ര സർക്കാർ പോലും കോവിഡിനെതിരായ കേരളത്തിന്റെ പ്രകടനം മികവുറ്റതാണെന്ന് അഭിപ്രായപ്പെട്ടു.
ലോക്ഡൗൺ കാലത്തെ ആദ്യ കുഴമറിച്ചിലുകൾ, സംഘർഷങ്ങൾ എന്നിവ മാറ്റിവെച്ചാൽ രോഗികളുടെ ശുശ്രൂഷ, ടെസ്റ്റിംഗ്, സാമൂഹിക നിയന്ത്രണം, ക്വാറന്റൈൻ എന്നീ കാര്യങ്ങളിൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് പറയാവുന്നതാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് (ഏപ്രിൽ 30 വരെ) കേരളത്തിലെ കോവിഡ് 19 രോഗികളുടെ എണ്ണം 495ഉം രോഗം ഭേദമായവരുടെ എണ്ണം 369 ഉം മരണ സംഖ്യ മൂന്നും നടത്തിയ ടെസ്റ്റുകളുടെ എണ്ണം 23,980 ഉം ആണ്.
കോവിഡ് ബാധയ്‌ക്കെതിരെ കേരളം നേടിയ വിജയം ഇന്ന് ലോകം മുഴുവൻ ചർച്ചാ വിഷയമാണ്. വാഷിങ്ടൺ പോസ്റ്റിലും, വിവിധ അന്താരാഷ്ട്ര ഫോറങ്ങളിലും കേരളത്തിന്റെ "ഫ്‌ളാറ്റൻ കർവി'നെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കേന്ദ്ര സർക്കാർ പോലും കോവിഡിനെതിരായ കേരളത്തിന്റെ പ്രകടനം മികവുറ്റതാണെന്ന് അഭിപ്രായപ്പെട്ടു.
കോവിഡിനെ നേരിടാനുള്ള സാമ്പത്തിക പാക്കേജെന്ന് നിലയിൽ 20,000 കോടി രൂപ കേരള സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. (തുക ഏതൊക്കെ മേഖലയിൽ വിനിയോഗിച്ചുവെന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ). കമ്യൂണിറ്റി അടുക്കളകൾ, ടെസ്റ്റുകൾ, അതിഥി തൊഴിലാളികൾക്കുള്ള സഹായങ്ങൾ, പെൻഷനുകൾ തുടങ്ങിയ പല പരിപാടികളും സർക്കാർ ഈ ഘട്ടത്തിൽ പ്രഖ്യാപിക്കുകയുണ്ടായി.
ഒഡീഷ
നാലരക്കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒഡീഷ ഭൂവിസ്തൃതിയിൽ കേരളത്തിന്റെ മൂന്ന് മടങ്ങോളം വരും. മാനവ വികസന സൂചികയിൽ 32ാം സ്ഥാനമുള്ള ഒഡീഷ, സാക്ഷരത, പ്രതിശീർഷ ഉപഭോഗം തുടങ്ങി വിവിധ കാര്യങ്ങളിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ഇന്ത്യയിലെ ധാതുനിക്ഷേപ മേഖലയിൽ സുപ്രധാനമാണ് ഒഡീഷയുടെ സ്ഥാനം. എന്നാലതേ സമയം ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയും മറ്റ് അനുബന്ധ വ്യവസായങ്ങളുമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് ഒരുപക്ഷേ ഏറ്റവും കൂടുതൽ തൊഴിൽ സേനയെ കയറ്റി അയക്കുന്ന സംസ്ഥാനമെന്ന ഖ്യാതി ഒഡീഷയ്ക്ക് അവകാശപ്പെടാവുന്നതാണ്. സൂറത്ത്, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നെ തുടങ്ങിയ വൻനഗരങ്ങളിൽ ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ ഒഡീഷയിൽ നിന്നുള്ളവരാണ്. കേരളത്തിൽ തന്നെയും മൊത്തം കുടിയേറ്റ തൊഴിലാളികളിൽ ഏകദേശക്കണക്കനുസരിച്ച് ആറിലൊന്ന് ഒഡീഷയിൽ നിന്നുള്ളവരാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ വർഷാവർഷം നേരിടേണ്ടി വരുന്ന ഒരു സംസ്ഥാനമാണ് ഒഡീഷ. 1999ൽ ഒഡീഷ തീരത്തുണ്ടായ സൂപ്പർ സൈക്ലോൺ പതിനായിരത്തോളം ജീവനുകളാണ് കവർന്നെടുത്തത്. തുടർന്നിങ്ങോട്ട് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ബംഗാൾ ഉൾക്കടലിൽ നിന്ന ഒഡീഷ തീരത്തെ ഗുരുതരമായി ആക്രമിച്ചുകൊണ്ടിരുന്നു. 2019ൽ 270 കിലോമീറ്റർ വേഗതയിൽ ഫാലിൻ ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തെ കശക്കിയെറിഞ്ഞപ്പോൾ മരണം 50ൽ താഴെയായി കുറക്കാൻ സർക്കാരിന് സാധിച്ചു. 10ലക്ഷം പേരെയാണ് 24 മണിക്കൂറിനുള്ളിൽ ഒഡീഷ സർക്കാർ മാറ്റിപ്പാർപ്പിച്ചത്. 2000 തൊട്ട് തുടർച്ചയായി 20വർഷമായി ഒഡീഷയിലെ ഭരണാധികാരം കയ്യാളുന്ന നവീൻ പട്‌നായ്ക് സ്വന്തം നാടിന്റെ ഭാഷപോലും കൈകാര്യം ചെയ്യാനറിയാത്ത വ്യക്തിയാണ്. ജീവിതത്തിന്റെ ഭൂരിഭാഗവും ഒഡീഷയിൽ നിന്ന് അകന്ന് ജീവിച്ച നവീൻ അച്ഛൻ ബിജുപട്‌നായ്കിന്റെ മരണശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു.
ആദ്യഘട്ടത്തിലെ സംഘപരിവാർ ബാന്ധവത്തിന് ശേഷം ബിജു ജനതാദൾ എന്ന സ്വന്തം പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും നിയമസഭയിൽ തുടർച്ചയായി മൃഗീയ ഭൂരിപക്ഷം നേടുകയും ചെയ്തു. പോപ്പുലിസ്റ്റ് തീരുമാനങ്ങളിലൂടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ ഒരു ഭരണാധികാരിയെന്ന നിലയിൽ നവീൻ ശ്രമിച്ചിട്ടുണ്ട്. ഒഡീഷയിലെ സമൃദ്ധമായ ഖനിജ വിഭവങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്കായി സമർപ്പിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് നവീൻ പട്‌നായ്ക്.
പോസ്‌കോ മുതൽ വേദാന്ത വരെയുള്ള കമ്പനികൾക്ക് ആവശ്യമായ ഒത്താശ ചെയ്തുകൊടുക്കാൻ എല്ലാ ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മേൽ ശ്രദ്ധ ചെലുത്താനും സൂത്രശാലിയായ ഈ ഭരണാധികാരി ശ്രമിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. 2019ൽ രാജ്യമെങ്ങും ബിജെപി തരംഗം അലയടിച്ചുയർന്നപ്പോഴും ഒഡീഷ ഭരണത്തിന് അഞ്ചാംവട്ട തുടർച്ച നൽകിയത് നവീൻ പട്‌നായിക്കിന്റെ പോപുലിസ്റ്റ് നയങ്ങൾ തന്നെയായിരുന്നു.
പോസ്‌കോ മുതൽ വേദാന്ത വരെയുള്ള കമ്പനികൾക്ക് ആവശ്യമായ ഒത്താശ ചെയ്തുകൊടുക്കാൻ എല്ലാ ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മേൽ ശ്രദ്ധ ചെലുത്താനും ഈ ഭരണാധികാരി ശ്രമിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ്.
വ്യവസ്ഥാപിത അഴിമതി അതേപടി തുടരുമ്പോഴും അടിത്തട്ടിലെ ജനങ്ങൾക്കാവശ്യമായവ ഡെലിവർ ചെയ്യുക എന്ന തന്ത്രം ഫലപ്രദമായി പ്രയോഗിക്കുവാൻ ബിജു ജനതാദൾ സർക്കാരിന് സാധിച്ചു. 2018ലെ മാത്രം സംഭവം ഉദാഹരണമായെടുക്കാം. 2018ൽ കേരളത്തെ പ്രളയം ഗ്രസിച്ചപ്പോൾ ഇവിടങ്ങളിൽ കുടുങ്ങിക്കിടന്ന ഒഡീഷ തൊഴിലാളികൾക്ക് ആവശ്യമായ കരുതൽ നൽകുവാൻ ഒഡീഷ മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധ നൽകുകയുണ്ടായി. ഒഡീഷയിലെ തൊഴിൽ വകുപ്പ് മന്ത്രിയുമായി ഈ ലേഖകൻ സംസാരിച്ചതിന്റെ തൊട്ടടുത്ത ദിവസം ലേബർ കമ്മീഷണറേറ്റിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തുകയും തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള സൗജന്യ തീവണ്ടി ബോഗികൾ ഏർപ്പെടുത്തുകയും ചെയ്തു. സർക്കാർ കൂടെയുണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്തു. നവീൻബാബു ഒഡീഷക്കാർക്ക് പ്രീയങ്കരനാകുന്ന ഇടങ്ങൾ ഇവയൊക്കെയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വനിതകൾക്ക് 38% പ്രാതിനിധ്യം നൽകി ഏറ്റവും കൂടുതൽ വനിതകളെ പാർലമെന്റിലേക്ക് പറഞ്ഞയച്ചതിന്റെ ഖ്യാതി കൂടി നവീൻ പട്‌നായ്ക്കിനുള്ളതാണ്.
കർഷകരെ സഹായിക്കുന്നതിനായി 2018ൽ പ്രഖ്യാപിച്ച "കല്യ യോജന' ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ പദ്ധതിയുടെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ "പിഎം കിസാൻ സമ്മാൻ യോജന' പ്രഖ്യാപിക്കപ്പെട്ടത്!
ഒഡീഷ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നവർ പലപ്പോഴും എത്തിപ്പെടുന്ന ഒരു നിഗമനം ഭരണാധികാരികളെ രക്ഷാകർത്താക്കളായി കണ്ട്, അവരുടെ കാരുണ്യത്തിൽ സന്തോഷിക്കുന്നവരാണ് ഒഡീഷയിലെ ജനങ്ങൾ എന്ന രീതിയിലാണ്. ഇത് ഒഡീഷ രാഷ്ട്രീയത്തെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിൽ വരുന്ന പാളിച്ചയാണ്.
സർക്കാരുകൾ സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങൾക്കെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ഒഡീഷ. ബഹുരാഷ്ട്ര കുത്തകകളെക്കെതിരെ ഇത്രയും കരുത്തുറ്റ ജനകീയ പ്രക്ഷോഭങ്ങൾ നയിക്കുകയും വിജയം നേടുകയും ചെയ്ത മറ്റൊരു സംസ്ഥാനവുമില്ലെന്നതാണ് യാഥാർത്ഥ്യം. ബഹുരാഷ്ട്ര ഖനന ഭീമനായ വേദാന്തയ്‌ക്കെതിരെ ഐതിഹാസിക സമരത്തിന് നേതൃത്വം നൽകി വിജയിപ്പിച്ചത് കന്ധ് ഗോത്രവിഭാഗമാണ്. പോസ്‌കോ, ചിൽക, കലിംഗ്, ബലിയപാൽ, ഗന്ധമർദ്ദൻ, കാശിപൂർ തുടങ്ങിയ എണ്ണമറ്റ ജനകീയ സമരങ്ങളും അവയുടെ വിജയങ്ങളും ഒഡീഷയിലെ ജനകീയ പ്രസ്ഥാനങ്ങൾ എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനകളാണ്.
1999ൽ ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്‌നിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കൊലചെയ്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ വർഗ്ഗീയ വേർതിരിവ് നടത്താനുള്ള ശ്രമം സംഘപരിവാർ നടത്തുകയുണ്ടായി. 2007ലെ കന്ധമാൽ കലാപവും 2016ലെ ഭദ്രക് കലാപവും സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രമായി സംഘപരിവാർ ഉപയോഗപ്പെടുത്തിയെങ്കിലും പൊതുവിൽ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള പ്രവണതയാണ് ഒഡീഷയിലെ ജനങ്ങളിൽ കാണാൻ കഴിയുക.
കോവിഡ് പ്രതിരോധം
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുൻകാല അനുഭവങ്ങളിൽ നേടിയെടുത്ത പരിജ്ഞാനം കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിൽ ഒഡീഷ ഗവൺമെന്റിനെ സഹായിച്ചുവെന്ന് വേണം കരുതാൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഗൗരവം സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ വ്യക്തി നവീൻ പട്‌നായ്ക് ആണെന്ന് "ദ വയർ' ലേഖനത്തിൽ സൂചിപ്പിക്കുന്നു. രാജ്യം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഒഡീഷ മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ തന്നെ നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നുവെന്നാണ് സൂചനകൾ.
കോവിഡ് ബാധയുടെ സഞ്ചാരപഥങ്ങൾ കൂടുതൽ വിദേശയാത്രക്കാരിലൂടെയാണ് എന്നത് ഒഡീഷയിൽ രോഗവ്യാപനം സംഭവിക്കാതിരിക്കുന്നതിന് കാരണമായി. എങ്കിൽ കൂടിയും രാജ്യത്ത് വൈറസ് ആക്രമണം ആരംഭിച്ച ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്തെ ആരോഗ്യവിഭാഗത്തെ സജ്ജമാക്കി നിർത്താൻ ഒഡീഷ ഗവൺമെന്റിന് സാധിച്ചു. കോവിഡ് വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള കോവിഡ് പോർട്ടർ ഒഡീഷ ഗവൺമെന്റ് ആരംഭിക്കുന്നത് മാർച്ച് 3നാണ്. കേന്ദ്ര സർക്കാർ പോലും അത്തരമൊന്ന് ആരംഭിക്കുന്നത് അതിനുശേഷമാണ് എന്നോർക്കുക. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നാല് മാസത്തെ മൂൻകൂർ ശമ്പളം പ്രഖ്യാപിക്കുകയും അവരെ ആതുരസേവനത്തിൽ ആശങ്കകളില്ലാതെ ജോലിചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു.
കോവിഡ് ബാധയുടെ സഞ്ചാരപഥങ്ങൾ കൂടുതൽ വിദേശയാത്രക്കാരിലൂടെയാണ് എന്നത് ഒഡീഷയിൽ രോഗവ്യാപനം സംഭവിക്കാതിരിക്കുന്നതിന് കാരണമായി.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിനകത്തുള്ള തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുള്ള നടപടികളും സർക്കാർ ആദ്യഘട്ടത്തിൽ ഒരുക്കിയിരുന്നു. പ്രളയക്കെടുതിക്കാലത്ത് താമസിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിയൊരുക്കിയ കമ്യൂണിറ്റി ഹാളുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാരിന് എളുപ്പത്തിൽ സാധിച്ചു. പെൻഷനുകൾ, റേഷൻ എന്നിവ എത്തിക്കുന്നതിൽ കാലതാമസം കൂടാതെ കഴിക്കാനും ഒഡീഷയ്ക്ക് സാധിച്ചു.
കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ റാബി വിളവെടുപ്പ് കാലത്തെ ലോക്ഡൗൺ കാർഷിക മേഖലയെ തകർക്കുമെന്ന് തിരിച്ചറിഞ്ഞ അധികൃതർ രണ്ടാം ഘട്ട ലോക്ഡൗൺ കാലയളവിൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ അനുവദിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതികളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ജില്ലാ അതിരുകൾ കെട്ടിയടക്കുന്ന രീതിയായിരുന്നു ഫലത്തിൽ നവീൺ പട്‌നായ്ക് സ്വീകരിച്ചത്. സർക്കാർ സംഭരണ കേന്ദ്രങ്ങൾ സജീവമായി നിലനിർത്തുകയും ഖാരിഫ് വിളകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താൻ കർഷകരെ അനുവദിക്കുകയും കർഷകർക്കുള്ള ചെറു കാർഷിക കടങ്ങൾ നൽകാൻ ലോക്ഡൗൺ കാലത്തും ഗ്രാമീണ ബാങ്കുകളെ തയ്യാറാക്കി നിർത്തുകയും ചെയ്തതിലൂടെ ഒരുപരിധിവരെ ഭാവി ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു എന്ന് പറയാവുന്നതാണ്.
കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ റാബി വിളവെടുപ്പ് കാലത്തെ ലോക്ഡൗൺ കാർഷിക മേഖലയെ തകർക്കുമെന്ന് തിരിച്ചറിഞ്ഞ അധികൃതർ രണ്ടാം ഘട്ട ലോക്ഡൗൺ കാലയളവിൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ അനുവദിക്കുകയായിരുന്നു.
കർശന നിയന്ത്രണങ്ങളിൽക്കൂടി കടന്നുപോകുമ്പോഴും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും ഒഡീഷ സർക്കാർ നടത്തുകയുണ്ടായി. ഗുജറാത്തിൽ നിന്നും നിരവധി ബസുകളിൽ മുൻഗണനകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുവാൻ ഗവൺമെന്റിന് കഴിഞ്ഞു.
കോവിഡ് 19നെതിരായ യുദ്ധത്തിൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് രോഗ വ്യാപനം കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നത് മാതൃകാപരമായ സംഗതിയാണ്. സർക്കാരിന്റെ കോവിഡ് സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് (ഏപ്രിൽ 30), സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 128ഉം, ഭേദമായവരുടെ എണ്ണം 39ഉം, മരണസംഖ്യ 1ഉം, നടത്തിയ ടെസ്റ്റുകളുടെ എണ്ണം 31,696ഉം ആണ്. പി.ആർ വർക്കുകളിൽ പിറകിലായതുകൊണ്ടോ എന്തോ ഒഡീഷ സംസ്ഥാനം കോവിഡ് പ്രതിരോധങ്ങളിൽ നേടിയ വിജയം അത്രമാത്രം ചർച്ച ചെയ്യപ്പെടുകയുണ്ടായില്ല എന്ന് വേണം കരുതാൻ.
ഗുജറാത്ത്
ഏറെ ചർച്ച ചെയ്യപ്പെട്ട ഗുജറാത്ത് മോഡൽ കോവിഡ് കാലത്ത് ഏത് രീതിയിൽ പ്രവർത്തിച്ചുവെന്ന് ഗുജറാത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിലയിരുത്തേണ്ട അവസരം കൂടിയാണിത്. പ്രത്യേകിച്ചും ഗുജറാത്ത് മോഡൽ വികസനത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്തിയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുന്ന പശ്ചാത്തലത്തിൽ.
ഇന്ത്യയുടെ വ്യവസായ കോറിഡോർ എന്ന സ്ഥാനം ബിജെപി എന്ന പാർട്ടി ജനിക്കും മുന്നെ നേടിയെടുത്ത സംസ്ഥാനമാണ് ഗുജറാത്ത്. വാപി മുതൽ അങ്കലേശ്വർ വരെ നീണ്ടുകിടക്കുന്ന വ്യാവസായിക ഇടനാഴി വൈരക്കൽ വ്യാപാരം തൊട്ട് രാസവ്യവസായങ്ങൾ വരെയുള്ള വൻകിട വ്യവസായങ്ങളുടെ കേന്ദ്രമായതിന് ദീർഘകാല ചരിത്രമുണ്ട്.
ഇതര രാജ്യങ്ങളുമായി ഇന്ത്യയുടെ സമുദ്രവ്യാപാരം ആരംഭിക്കുന്നത് ഗുജറാത്ത് തുറമുഖങ്ങൾ വഴിയാണെന്നതും ചരിത്രമാണ്. ഗുജറാത്തികളുടെ സംരംഭകത്വ സ്വഭാവത്തെ ഉപയോഗപ്പെടുത്തി വ്യാവസായിക വളർച്ച നേടുവാനുള്ള ശ്രമങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട്. ഈയൊരു ചരിത്രത്തെ പൂർണ്ണമായും തിരസ്‌കരിച്ചുകൊണ്ടാണ് ഗുജറാത്ത് വികസനത്തിന്റെ നായകനായി നരേന്ദ്രമോദി അവതരിക്കുന്നതും ഇന്ത്യയിലെ കോർപ്പറേറ്റുകളും മാധ്യമങ്ങളും അതിന് സമ്പൂർണ്ണ പിന്തുണ നൽകുന്നതും. 1995ലാണ് ഗുജറാത്തിൽ ആദ്യ ബിജെപി സർക്കാർ സ്ഥാപിതമാകുന്നത്. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഈ ഗവൺമെന്റ് 8 മാസം പിന്നിട്ട ശേഷം അതേ പാർട്ടിയിലെ സുരേഷ് മേഹ്തയുടെ കീഴിൽ ഒരു വർഷം കൂടി തുടരുകയായിരുന്നു. ഇടക്കാലത്ത് ശങ്കർസിംഗ് വഗേല മുഖ്യമന്ത്രിയായതൊഴിച്ചാൽ പിന്നീടുള്ള കാലം മുഴുവൻ ബിജെപിയുടെ സുരക്ഷിത പ്രദേശമായി ഗുജറാത്ത് സംസ്ഥാനം മാറി.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ സുരക്ഷാ മേഖലകളിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് കുപ്രസിദ്ധമായ കാര്യമാണ്.
1994ൽ പടർന്നുപിടിച്ച പ്ലേഗ്, 2001ലെ ഭൂകമ്പം, 2002ലെ വംശഹത്യ, 2006ലെ സൂറത്ത് വെള്ളപ്പൊക്കം തുടങ്ങിയ മനുഷ്യനിർമ്മിതവും അല്ലാത്തതുമായ നിരവധി ദുരന്തങ്ങളിലൂടെ വളരെ ചെറിയ കാലയളവിൽ തന്നെ കടന്നുപോകാൻ വിധിക്കപ്പെട്ടവരായിരുന്നു ഗുജറാത്തി ജനത. വർഗ്ഗീയ വിഭജനത്തിന്റെ പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റുകയും ഗുജറാത്തിന്റെ വംശീയ വിരുദ്ധ മാതൃക രാജ്യമെങ്ങും പടർത്തുന്നതിൽ വിജയിക്കുകയും ചെയ്ത സംഘപരിവാറിന് പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പാഠങ്ങളാക്കി മുന്നേറാനോ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനോ ഉള്ള നടപടികൾ സ്വീകരിക്കാനോ കഴിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം. പ്ലേഗ് പോലുള്ള പകർച്ചവ്യാധികളെയും മറ്റ് പ്രകൃതി ദുരന്തങ്ങളെയും നേരിടുന്നതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടുകൊണ്ട് ദുരന്ത നിവാരണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ സാധിക്കും.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ സുരക്ഷാ മേഖലകളിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് കുപ്രസിദ്ധമായ കാര്യമാണ്. ആശുപത്രിക്കിടക്കകളുടെ കാര്യം മാത്രം ഉദാഹരണമായെടുത്താൽ ഇക്കാര്യം മനസ്സിലാകും. ആളോഹരി സംസ്ഥാന ജിഡിപി 2,26,130 രൂപയായി കണക്കാക്കപ്പെട്ടിട്ടുള്ള ഗുജറാത്തിൽ 1000 പേർക്ക് 0.55 ആശുപത്രി ബെഡുകളാണ് ഉള്ളത്. പ്രതിശീർഷ ജിഡിപി പാതിയോളം മാത്രം വരുന്ന (1,16,614രൂപ) ഒഡീഷയിലും ഇതേ സംഖ്യയാണുള്ളതെന്ന് കൂടി ഈ അവസരത്തിൽ ഓർക്കുക (നാഷണൽ ഹെൽത് പ്രൊഫൈൽ). ഗ്ലോബൽ ഹംഗർ റിപ്പോർട്ട്, എൻഎഫ്എച്ച്എസ് റിപ്പോർട്ട്, യുനിസെഫ് എന്നിവയൊക്കെത്തന്നെയും ആവർത്തിച്ച് സൂചിപ്പിക്കുന്ന ഒരു കാര്യം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത് ആണെന്നാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സുരക്ഷിതത്വം എന്നീ മേഖലകളിൽ മുതൽമുടക്ക് കുറച്ചുകൊണ്ടുവരുന്ന സർക്കാർ നടപടി പ്രതിസന്ധി ഘട്ടങ്ങളിൽ മൊത്തം ജനസമൂഹത്തെ എങ്ങിനെ ബാധിക്കുന്നുവെന്നതിന്റെ നേരനുഭവമാണ് ഇന്ന് ഗുജറാത്ത് അനുഭവിക്കുന്നത്.
കോവിഡ് പ്രതിരോധം
കോവിഡ് 19 രോഗബാധയോട് ഒട്ടും കരുതലില്ലാതെ സമീപിച്ച സംസ്ഥാനമാണ് ഗുജറാത്ത് എന്നത് രോഗവ്യാപനത്തിന്റെയും മരണങ്ങളുടെയും കണക്ക് പരിശോധിച്ചാൽ മനസ്സിലാകും. ഏപ്രിൽ 30 ന് സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച്, സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 4,082 ആണ്. രോഗം ഭേദമായവരുടെ എണ്ണം 527ഉം മരണസംഖ്യ 197ഉം നടത്തിയ ടെസ്റ്റുകളുടെ എണ്ണം 59,488ഉം ആണ്. കൊറോണ വ്യാപനത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് രണ്ടാം സ്ഥാനം ഗുജറാത്തിനാണെന്ന് കാണാം.
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ ഗുജറാത്ത് ആണെന്ന് ഐഐടി ഡൽഹി പഠനം ചൂണ്ടിക്കാട്ടുന്നു. കൊറോണ ബാധയുടെ പ്രത്യുൽപാദന നിരക്ക് (Reproduction Number - R0) ശരാശരി ദേശീയ തലത്തിൽ 1.8 ആയിരിക്കുമ്പോൾ ഗുജറാത്തിൽ അത് 3.3 ആണ് എന്നത് സാമൂഹിക വ്യാപനത്തിന്റെ തോത് എത്രയാണെന്ന് മനസ്സിലാക്കാൻ സഹായിക്കും.
കൊറണ വ്യാപനത്തെ സംബന്ധിച്ചും അതിന്റെ ഗൗരവതരമായ പരിണതഫലങ്ങളെ സംബന്ധിച്ചും കേന്ദ്ര ഗവൺമെന്റിന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. ജനുവരി 17ന് കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ പുറത്തിറക്കിയ പ്രസ്താവ വ്യക്തമാക്കുന്നു. എന്നിരിക്കിലും ഫെബ്രുവരി 24ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് സ്വീകരണം നൽകുന്നതിനായി ലക്ഷക്കണക്കിന് ആളുകളെ ഒരുക്കുന്ന തിരക്കിലായിരുന്നു ഗുജറാത്ത് സർക്കാർ. ഏറ്റവും ആദ്യം കൊറോണ രോഗബാധ കണ്ടെത്തിയ കേരളം ഈ സമയത്ത് സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഏർപ്പെടുത്തുകയായിരുന്നു.
അഹമ്മദാബാദ് പോലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയുണ്ടായില്ല. ജമാൽപൂർ, ഷാഹ്പൂർ, ദനി ലിംഡാ, ഖഡിയ, ബെഹ്രാംപുര, രായ്ഖഡ് എന്നിങ്ങനെയുള്ള പ്രദേശങ്ങളിലായിരുന്നു രോഗബാധ ആദ്യം കണ്ടെത്തിയത്. എന്നാൽ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ ഇവിടങ്ങളിൽ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിക്കുകയുണ്ടായില്ല. കൊറോണ ബാധിതർക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പോലും അധികൃതർക്ക് സാധിച്ചില്ലെന്ന ആക്ഷേപം പരക്കെ ഉയരുകയുണ്ടായി. ജിഗ്നേഷ് മേവാനി എംഎൽഎ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിന് പുറത്ത് ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്ന 25ഓളം രോഗികളുടെ വീഡിയോ പുറത്തുവിട്ടിരുന്നത് ഓർമ്മിക്കുക.
പകർച്ചവ്യാധികൾ പോലും സാമുദായികമായി വിഭജിക്കപ്പെട്ട മറ്റൊരു സംസ്ഥാനവും ഇന്ത്യയിലുണ്ടാകുമെന്ന് തോന്നുന്നില്ല. ഗെറ്റോകളുടെ നഗരമെന്ന് അറിയപ്പെടുന്ന അഹമ്മദാബാദിലെ രോഗബാധിത കേന്ദ്രങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ കുടിയേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനം കൂടിയാണത്.
ഏറ്റവും കൂടുതൽ രോഗവ്യാപനം നടന്നിട്ടുള്ള പ്രദേശങ്ങളായ ജമാൽപൂർ, ഷാഹ്പൂർ, ദനിലിംഡാ, ബെഹ്‌റാംപുര എന്നിവ മുസ്ലീം ജനസംഖ്യ കൂടുതലുള്ളവയാണ്. ഖഡിയ, രായ്ഖഡ് എന്നിവ ദളിത് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളും. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചുവന്നവരെ ചൊല്ലിയുള്ള വാക്‌പോരുകളും കോവിഡ് കാലത്ത് ഗുജറാത്തിൽ വ്യാപകമായി നടക്കുകയുണ്ടായി. ഇതേസമയം ഒറീസ്സയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ ടെസ്റ്റ് നടത്തുകയും വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞവരെ യഥാസമയം ക്വാറൈന്റനിൽ നിർത്തി ആവശ്യമായ പരിചരണം നൽകുകയുമാണുണ്ടായത്.
കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ കുടിയേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനം കൂടിയാണത്. സൂറത്തിലും അഹമ്മദാബാദിലും ലോക്ഡൗൺ കാലയളവിൽ തൊഴിലാളികൾ കൂട്ടമായി തെരുവിലിറങ്ങിയ വാർത്തകൾ നാം കാണുകയുണ്ടായി. ഭക്ഷണവിതരണം അടക്കമുള്ള പല കാര്യങ്ങളും എൻജിഓകളെ ഏൽപിച്ച് കൈകഴുകുന്ന രീതിയാണ് സർക്കാർ അവലംബിച്ചിരിക്കുന്നത്. റേഷൻ ഏർപ്പെടുത്തുന്നതിലും സൗജന്യ ഭക്ഷണം ഒരുക്കിക്കൊടുക്കുന്നതിലും ജനങ്ങൾക്ക് ആവശ്യമായ പണം കൈമാറുന്നതിലും എല്ലാം സർക്കാർ പരാജയമാണെന്ന ആരോപണങ്ങൾ ഇപ്പോൾത്തന്നെ വ്യാപകമായിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത് (94%). ആരോഗ്യ മേഖലയിലെ പ്രതിശീർഷ വിനിയോഗം കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത് (2,329രൂപ/വർഷം/വ്യക്തി). അതേസമയം ആരോഗ്യമേഖലയിലെ പ്രതിശീർഷ റവന്യൂ ചെലവുകളിൽ ദരിദ്ര സംസ്ഥാനമായ ഒഡീഷയുടെ സ്ഥാനം പത്താമതാണ് എന്നുകൂടി അറിയുക (2018-19).
വ്യത്യസ്ത രാഷ്ട്രീയ-സാമ്പത്തിക പശ്ചാത്തലമുള്ള മൂന്ന് സംസ്ഥാനങ്ങൾ രാജ്യത്തെ ബാധിച്ചിരിക്കുന്ന പൊതുവിപത്തിനെ നേരിട്ട വഴികൾ എന്തെന്ന് നാം കണ്ടു. വ്യാവസായികമായി മുന്നിട്ട് നിൽക്കുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡൽ' എത്രമാത്രം പരാജയമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. കേവലം ഒരു പ്രതിമക്കായ് 3000 കോടി രൂപ ചെലവഴിക്കാൻ കെല്പുള്ള ഒരു സംസ്ഥാനത്തിന് ജനങ്ങളുടെ ദുരിതകാലത്ത് അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സാധിക്കുന്നില്ലെന്നത് ഒരു വിഷയമായി ഉയർത്തിക്കാട്ടാൻ സാധിക്കുന്ന ഒരു പ്രതിപക്ഷം പോലും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ല.
വ്യാവസായികമായി മുന്നിട്ട് നിൽക്കുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കൊട്ടിഘോഷിക്കപ്പെട്ട "ഗുജറാത്ത് മോഡൽ' എത്രമാത്രം പരാജയമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്.
വർഷങ്ങളായി വളർത്തിയെടുത്ത സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ കേരള ഗവൺമെന്റ് വിജയം നേടിയെന്നത് യാഥാർത്ഥ്യമാണ്. അടിത്തട്ടിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ജാഗ്രതയും ഇടപെടലും എക്കാലത്തും കേരളത്തിലെ ഭരണകൂട തീരുമാനങ്ങളിൽ പ്രതിഫലിക്കപ്പെടാറുണ്ടെന്നുള്ളതും അത്രതന്നെ വസ്തുതയാണ്.
പകർച്ചവ്യാധിയെ നേരിടുന്നതിൽ നാളിതുവരെ ഒഡീഷ നേടിയ വിജയം മുൻകാല ദുരന്തങ്ങളെ നേരിടുന്നതിലൂടെ നേടിയെടുത്ത ആർജ്ജിതാനുഭവങ്ങൾ ഉപയോഗപ്പെടുത്തിയതിന്റെ ഫലം കൂടിയാണ്.