മുഴുവൻ മനുഷ്യർക്കുമായി
ഒരു കർഷക പ്രതിപക്ഷം

ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ നയപരമായ വിഷയങ്ങൾ ഏറ്റെടുത്തതിലൂടെ പ്രതിപക്ഷ റോൾ കർഷകർ, പ്രക്ഷോഭത്തിലൂടെ സ്വയം ഏറ്റെടുക്കുകയാണുണ്ടായത്. 

2024 ഫെബ്രുവരി 13ന് കർഷക സംഘടനകളിൽ ഒരു വിഭാഗം- സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ)- ഡൽഹി അതിർത്തികളിലേക്ക് മാർച്ച് നടത്തി. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ ശംഭു, ഖനൗരി അതിർത്തികൾ കേന്ദ്രീകരിച്ച് ഡൽഹി നഗരത്തിലേക്ക് മാർച്ച് നടത്താനെത്തിയത്. തീർച്ചയായും ഇന്ത്യൻ ഭരണകൂടം, മുൻകാലങ്ങളിലെന്നപോലെ ഏറ്റവും നിർല്ലജ്ജമായ രീതിയിലാണ് കർഷകരുടെ സമാധാനപൂർണ്ണമായ പ്രക്ഷോഭത്തെ എതിരിട്ടതെന്ന് നാം കണ്ടു.

എന്തായിരുന്നു വീണ്ടുമൊരു ഡൽഹി മാർച്ച് നടത്താൻ കർഷകരെ പ്രേരിപ്പിച്ച ഘടകം? എല്ലാവർക്കും അറിയാവുന്നതുപോലെ, 2020-ലെ ഒന്നാം കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളിലൊന്നു പോലും നടപ്പിലാക്കാൻ വർഷം രണ്ട് കഴിഞ്ഞിട്ടും അധികൃതർതയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കടുത്ത നീക്കത്തിലേക്ക് അവർ തിരിഞ്ഞത്.

'ൽഹി ചലോ' മാർച്ചിൽ നിന്ന്

രണ്ടാം കർഷക പ്രക്ഷോഭത്തിൽ പത്തോളം ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവെച്ചത്. ഡൽഹി അതിർത്തികളിൽ ഇപ്പോൾ സമരത്തിലില്ലാത്ത കർഷക സംഘടനകളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് വ്യത്യസ്ത രീതിയിൽ പ്രക്ഷോഭത്തിലാണെന്നതും ഓർമ്മിക്കേണ്ടതുണ്ട്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാംലീല മൈതാനിയിൽ മാർച്ച് 14ന് പതിനായിരങ്ങളെ അണിനിരത്തി നടത്തിയ കർഷക മഹാപഞ്ചായത്തിലും ഉന്നയിക്കപ്പെട്ടത് ഇതേ ആവശ്യങ്ങൾ തന്നെയായിരുന്നു. ഇരു കർഷക സംഘടനകളും മുന്നോട്ടുവെക്കുന്ന ആ ഡിമാന്റുകൾ എന്താണെന്ന് നോക്കാം.

1.  മിനിമം താങ്ങുവില നിയമപരമായ അവകാശമായി അംഗീകരിച്ച് നടപ്പിലാക്കുക.
2. 2020-21 കാലയളവിലെ  കർഷക പ്രതിഷേധത്തിനിടെ പ്രക്ഷോഭകർക്കെതിരെ രാജ്യവ്യാപകമായി ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുക.
3. ലഖിംപൂർ ഖേരി കൂട്ടക്കൊലയ്ക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കുക.
4. വൈദ്യുതി (ഭേദഗതി) നിയമം- 2023 റദ്ദാക്കുക.
5. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നിർദ്ദേശിക്കുന്ന സി 2+50% ഫോർമുലയിൽ മിനിമം സഹായവില നിയമപരമായി ഉറപ്പാക്കുക.
6. രാജ്യവ്യാപകമായി മുഴുവൻ കർഷകരുടെയും തൊഴിലാളി സമൂഹത്തിന്റെയും വായ്പകൾ എഴുതിത്തള്ളുക.
7. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ നിന്ന് പുറത്തുപോകുക.
8. കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഇന്ത്യൻ കർഷകരെ ദ്രോഹിക്കുന്നതും അവസാനിപ്പിക്കുക.
9. ഇറക്കുമതി തീരുവ വർധിപ്പിച്ച് ഇന്ത്യൻ കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനം പാലിക്കുക. 10. 2013-ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കൽ നിയമം പുനരുജ്ജീവിപ്പിക്കുക.
കൂടാതെ ആദിവാസി വനാവകാശം നടപ്പിലാക്കുന്നത് സംബന്ധിച്ച ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ട്.

ഈ ആവശ്യങ്ങളിൽ പരമപ്രധാനം മിനിമം സഹായവില സംബന്ധിച്ചുള്ളതാണ്. ഇത് കേവലം കാർഷിക സമൂഹത്തിന്റെ ആവശ്യമെന്നതിനപ്പുറം രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും ഗുണപ്രദമായ ആവശ്യമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല. അതിനുപകരം മിനിമം സഹായവില സംബന്ധിച്ച കർഷകരുടെ ആവശ്യത്തെ അവർ മഹാപരാധം ചെയ്യുന്നതുപോലെയാണ് നോക്കിക്കാണുന്നത്.

ഇന്ത്യൻ കർഷകരെ ആത്മഹത്യയിലേക്ക് നയിച്ചതിന് നാളിതുവരെയുള്ള മുഴുവൻ ഭരണകൂടങ്ങളും ഉത്തരവാദികളാണെന്ന യാഥാർത്ഥ്യം കൂടി അംഗീകരിക്കേണ്ടതുണ്ട്.

കാർഷിക വിളകൾക്ക് മിനിമം സഹായ വില നൽകുക എന്നത് പുതിയ കാര്യമല്ല. അറുപതുകളിൽ തന്നെ, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് മിനിമം സഹായ വില പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായിട്ടുണ്ട്. പക്ഷേ മിനിമം സഹായവില പ്രഖ്യാപിക്കുന്നതിനായി ഇന്ന് സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മാനദണ്ഡം യഥാർത്ഥ കാർഷിക ചെലവുകൾ ഉൾക്കൊള്ളുന്നതല്ല എന്നതാണ് പ്രശ്‌നം. മിനിമം സഹായ വില കണക്കാക്കുന്നതിൽ സർക്കാർ നിലവിൽ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡത്തിൽ കർഷകർക്ക് നേരിട്ട് പണമായി ചെലവാകുന്ന തുകയും കുടുംബ തൊഴിലാളികളുടെ അധ്വാനത്തിനുള്ള തുകയും  (എ 2+50%) മാത്രമേ ഉൾപ്പെടുന്നുള്ളൂ. അതേസമയം സ്വാമിനാഥൻ കമീഷൻ ഫോർമുല അനുസരിച്ച് കാർഷിക ജോലികൾക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്ന പണം, വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, ഇതര കൂലിപ്പണികൾ, ഇന്ധനം, ജലസേചനം, എന്നിവയോടൊപ്പം കുടുംബാധ്വാനം, ഭൂമി വാടക എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കപ്പെട്ടതാണ്. സി 2+50% എന്ന് വിളിക്കുന്ന ഈ ഫോർമുല അനുസരിച്ച് മിനിമം സഹായ വില കണക്കാക്കുകയും അത് നിയമപരമായി ഉറപ്പാക്കുകയും ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

ഇവിടെ ഒരു കാര്യം കൂടി വ്യക്തതയോടെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. നിലവിൽ സ്വാമിനാഥൻ കമീഷൻ നിർദ്ദേശമനുസരിച്ചുള്ള മിനിമം സഹായ വില നൽകിയാൽത്തന്നെയും കർഷകരുടെ മാസ വരുമാനത്തിലുണ്ടാകാൻ പോകുന്ന വർധനവ് ആയിരം രൂപ മാത്രമാണ്. അതായത്, കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കനുസരിച്ച് പ്രതിമാസം ഏകദേശം 5000 രൂപ മാത്രം വരുമാനമുള്ള കർഷകരുടെ വരുമാനം 6000-ലേക്ക് കടക്കുമെന്ന് മാത്രം. (2017-ൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം നടത്തിയ സർവ്വേയിലാണ് കർഷകരുടെ വരുമാനത്തെ സംബന്ധിച്ച ഈ കണക്കുകൾ പുറത്തുവന്നത്). 

വസ്തുതകൾ ഇതൊക്കെയാണെങ്കിലും മിനിമം സഹായ വില ആവശ്യത്തെ എതിർക്കുന്നതിനായി നിരവധി അസത്യപ്രചരണങ്ങളും സർക്കാർ ഭാഗത്തുനിന്ന് നിരന്തരം പടച്ചുവിടുന്നുണ്ട്. അതിലൊന്ന്, സർക്കാർ പ്രഖ്യാപിച്ച മുഴുവൻ വിളകളും മിനിമം സഹായ വില നൽകി സംഭരിക്കുകയാണെങ്കിൽ അത് പൊതു ഖജനാവിന് മേൽ ഏതാണ്ട് 16 ലക്ഷം കോടിയുടെ അധികഭാരം ഏൽപ്പിക്കുമെന്നതാണ്. സത്യത്തിൽ ഇത് അർദ്ധസത്യം നിറഞ്ഞൊരു വാദമാണ്. കാരണം സംഭരിക്കപ്പെടുന്ന വിളകൾ വില്ക്കപ്പെടുന്നതിലൂടെ തിരികെ ഖജനാവിലേക്ക് വരുന്ന തുക മറച്ചുവെച്ചുകൊണ്ടാണ് ഈ കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ എം എസ് പി വിലയ്ക്ക് മുഴുവൻ വിളകൾ ഏറ്റെടുത്താൽ പൊതുഖജനാവിനുമേൽ വരുന്ന അധികഭാരം 36,000 കോടി രൂപമാത്രമാണ്. അതായത്, നിലവിലെ വാർഷിക ബജറ്റിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരിക്കും ഈ തുക. ഇന്ത്യയിലെ 20 കോടിയോളം വരുന്ന കർഷക കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ഈ തുക വിനിയോഗപ്പെടുത്തുന്നതെന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. അതോടൊപ്പം, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് പത്ത് ലക്ഷം കോടി രൂപയോളം തട്ടിയെടുത്ത 28-ഓളം പേർക്ക് രാജ്യം വിടാൻ അവസരമൊരുക്കിക്കൊടുത്ത സർക്കാരാണ് കർഷകർ അവരുടെ അധ്വാനത്തിന് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോൾ കള്ളപ്രചരണങ്ങൾ നടത്തുന്നെന്നകാര്യം കൂടി വിസ്മരിക്കരുത്.

ഒരു ദശകം അധികാരത്തിലിരുന്നിട്ടും മോദിക്കെതിരായി ശക്തവും വിശ്വസനീയവുമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോദിയുടെ അധികാര കാലയളവിലൊന്നും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽ നിന്ന് കാര്യമായ വെല്ലുവിളികളൊന്നും തന്നെ ഉണ്ടായിട്ടില്ല

കർഷകർ എന്ന പ്രതിപക്ഷം

ഇന്ത്യൻ കർഷകരെ ആത്മഹത്യയിലേക്ക് നയിച്ചതിന് നാളിതുവരെയുള്ള മുഴുവൻ ഭരണകൂടങ്ങളും ഉത്തരവാദികളാണെന്ന യാഥാർത്ഥ്യം കൂടി അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ തകർച്ചയുടെ പടുകുഴിയിൽ എത്തി നിൽക്കുന്ന കർഷകരെ അവിടെ നിന്നുകൂടി തള്ളിത്താഴത്തിടാനുള്ള നീക്കങ്ങളായിരുന്നു മോദി സർക്കാർ പുതിയ കാർഷിക നിയമ ഭേദഗതികളിലൂടെ നടത്തിയത്. ഇതിനെതിരെ ഒരു വർഷക്കാലം ഡൽഹി അതിർത്തിയിലെ തെരുവോരങ്ങളിൽ കർഷകർ നടത്തിയ സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത വിധം സമാനതകളില്ലാത്തതായിരുന്നു. സർക്കാരിന്റെ എല്ലാ തരം ഭീഷണികളെയും അതിജീവിച്ച് നടത്തിയ പ്രക്ഷോഭഫലമായി മൂന്നു നിയമങ്ങളും പിൻവലിക്കേണ്ടിവന്നുവെങ്കിലും കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുന്നതിലുള്ള പ്രതിഷേധമായിരുന്നു രണ്ടാം കർഷക പ്രക്ഷോഭത്തിലൂടെ പ്രകടമായത്.

ഒരു ദശകം അധികാരത്തിലിരുന്നിട്ടും മോദിക്കെതിരായി ശക്തവും വിശ്വസനീയവുമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോദിയുടെ അധികാര കാലയളവിലൊന്നും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽ നിന്ന് കാര്യമായ വെല്ലുവിളികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും നാം കണ്ടു. രാജ്യത്തെ തൊഴിൽ നിയമങ്ങളൊന്നാകെ ഭേദഗതികൾക്ക് വിധേയമാക്കിയിട്ടുപോലും ഇന്ത്യയിലെ സംഘടിത ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. ഈയൊരു രാഷ്ട്രീയ നിശ്ശബ്ദതയെയും ജനാധിപത്യ മരവിപ്പിനെയുമായിരുന്നു കർഷകർ തങ്ങളുടെ ത്വാഗോജ്വലമായ പോരാട്ടങ്ങളിലൂടെ തകർത്തെറിഞ്ഞത്. രാഷ്ട്രീയ പാർട്ടികളെ പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് നടത്തിയ ഒന്നാം കർഷക പ്രക്ഷോഭം ഫലപ്രാപ്തിയിലെത്തി എന്നത് ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കർഷകരെ സമാധാനിപ്പിച്ച് നിർത്തേണ്ടത് പ്രധാനമാണെന്ന് മറ്റാരെക്കാളും നന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാം.

രണ്ടാം കർഷക പ്രക്ഷോഭത്തിന്റെ ഭാവി എന്തായിരിക്കും? വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ അത് എങ്ങിനെ പ്രതിഫലിക്കും? തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ മോദി സർക്കാർ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ഒത്തുതീർപ്പിനു പോകുമോ? പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ മാത്രമായി ഇപ്പോൾ ഒതുങ്ങി നിൽക്കുന്ന പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ജനാധിപത്യത്തിന്റെ ഭാവിയിൽ ആശങ്കയുള്ളവരുടെ മനസ്സുകളിലുണ്ട്.  

രണ്ടാം കർഷക പ്രക്ഷോഭത്തെ നരേന്ദ്രമോദി സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നത് എല്ലാവരും കൗതുകത്തോടെ നോക്കിനിൽക്കുകയാണ്. ഇത്തവണ കുറച്ചുകൂടി കടുത്തതും നയപരവുമായ തീരുമാനങ്ങളാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്.

കാർഷിക മേഖലയ്ക്കുള്ള രണ്ട് പ്രധാന പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന, പ്രതിവർഷം 6,000 രൂപ ഉറപ്പുനൽകുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന എന്നിവ കർഷകരുടെ പ്രതിഷേധങ്ങളിൽ നിന്ന് സർക്കാരിനെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വേണം കർഷക രണ്ടാം ഘട്ട പ്രക്ഷോഭവുമായി ഡൽഹി അതിർത്തികളിലേക്ക് നീങ്ങിയതിൽനിന്ന് മനസ്സിലാക്കാൻ. ഇത്തരം സൗജന്യങ്ങൾക്കപ്പുറത്ത് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളോടൊപ്പം തന്നെ ഇന്ത്യൻ കാർഷിക മേഖലയെ അന്താരാഷ്ട്ര ബിസിനസ് താൽപ്പര്യങ്ങൾക്ക് അടിയറവ് വെക്കുന്ന കാർഷിക കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും ഇറക്കുമതി തീരുവ കുറച്ച് ഇന്ത്യൻ കർഷകരെ ദ്രോഹിക്കുന്ന നടപടികൾ നിർത്തണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ നയപരമായ വിഷയങ്ങൾ ഏറ്റെടുത്തതിലൂടെ പ്രതിപക്ഷത്തിന്റെ റോൾ കർഷകർ സ്വയം ഏറ്റെടുക്കുകയാണുണ്ടായത്. 

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ

രണ്ടാം കർഷക പ്രക്ഷോഭത്തെ നരേന്ദ്രമോദി സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നത് എല്ലാവരും കൗതുകത്തോടെ നോക്കിനിൽക്കുകയാണ്. 2021-ൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതായിരുന്നു സർക്കാരിന് ചെയ്യാനുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കുറച്ചുകൂടി കടുത്തതും നയപരവുമായ തീരുമാനങ്ങളാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കർഷകരെ സമാധാനിപ്പിച്ച് നിർത്തേണ്ടത് പ്രധാനമാണെന്ന് മറ്റാരെക്കാളും നന്നായി മോദിക്ക് അറിയാം. കർഷക പ്രക്ഷോഭത്തെ വളരെ മോശമായി കൈകാര്യം ചെയ്ത ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് കർഷകരോഷം ഭയന്നുതന്നെയാണ്. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളോട് യോജിക്കാൻ മോദിക്കോ ബി ജെ പി സർക്കാരിനോ സാധിക്കില്ല. കാരണം ഭക്ഷ്യ സംസ്‌കരണ മേഖലയിൽ വൻനിക്ഷേപങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കമ്പനികൾഅവരുടെ സാമ്പത്തിക സ്രോതസ്സാണ് എന്നതുതന്നെ.

ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷകർ ബി ജെ പിക്കെതിരെ വോട്ട് ചെയ്യുമോ എന്നത് കണ്ടറിയേണ്ടതാണ്. 


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments