കാശില്ലാത്ത കേന്ദ്ര പാക്കേജ്‌ സഞ്ചിയിൽ മുദ്രാവാക്യങ്ങൾ മാത്രം

മെയ്​ 12ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലും കൃഷിക്കാരെ, തൊഴിലാളികളെ, സാധാരണ മനുഷ്യരെ അഡ്രസ്സ് ചെയ്യുന്ന ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. മുദ്രാവാക്യങ്ങൾ കൊണ്ടും വാചകമടി കൊണ്ടും എക്കണോമിക് പാക്കേജിനെ റിലീഫ് പാക്കേജായി വ്യാഖ്യാനിച്ചുകൊണ്ടും കേന്ദ്ര സർക്കാർ നടത്തുന്ന പ്രസംഗങ്ങൾ പതിവുപോലെ അപ്പർ ക്ലാസിനെ മാത്രം പരിഗണിക്കുന്ന ഔദാര്യങ്ങളാണ്. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ കോടികൾ വലയുന്ന ഇക്കാലത്തും ഉപരിവർഗ്ഗത്തെ, സമ്പന്നരെ മാത്രം സന്തോഷിപ്പിക്കുന്ന പാക്കേജുകൾ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അടിമുടി വിഡ്ഢികളാക്കുയാണെന്ന് പറയുകയാണ് കെ. സഹദേവൻ.

മെയ് 12-ാം തീയ്യതി രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ആവർത്തിച്ച് പറഞ്ഞ ഒരു കാര്യം "ആത്മനിർഭർത' (സ്വയം പര്യാപ്തത) യെക്കുറിച്ചായിരുന്നു. പിന്നീട് രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസത്തിൽ നിന്ന് മുക്തിനേടുന്നതിനായി 20 ലക്ഷം കോടിയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വിശദാംശങ്ങൾ ധനമന്ത്രി നിർമ്മലാ സീതാരാമൻ അടുത്ത ദിവസം തന്നെ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 13-ാം തീയ്യതി വൈകീട്ട് നാല് മണിക്ക് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിശദാംശങ്ങൾ പ്രഖ്യാപിച്ചു. സത്യം പറയണമല്ലോ. പ്രധാനമന്ത്രിയുടെ ആത്മനിർഭരതാ പ്രഖ്യാപനത്തിൽ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോകാൻ ധനമന്ത്രി സീതാരാമൻ തയ്യാറായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി

നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച പാക്കേജിനെ ഇങ്ങനെ ചുരുക്കിയെഴുതാം:
വ്യാപാരമോ വ്യവസായമോ ചെയ്യണമെങ്കിൽ ലോൺ എടുക്കുക; ഞങ്ങൾ ലിക്വിഡിറ്റി വർദ്ധിപ്പിച്ചിട്ടുണ്ട്. നികുതി അടക്കുന്നതിൽ പ്രയാസം അനുഭവിക്കുന്നുണ്ടോ?. എങ്കിൽ കുറച്ച് ദിവസം കഴിഞ്ഞ് അടച്ചാൽ മതി. ശമ്പളം കൂടുതൽ വേണമെന്നോ?; സേവിംഗ്‌സ് കുറച്ചാൽ മതി, പ്രൊവിഡണ്ട് ഫണ്ട് 12%ത്തിൽ നിന്നും 10%മായി കുറച്ചിട്ടുണ്ട്. അതായത് സ്വന്തം കാര്യം സ്വയം നോക്കിക്കൊള്ളാൻ തന്നെയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതും ധനമന്ത്രി "സവിശേഷ പാക്കേജായി' പ്രഖ്യാപിച്ചതും!
ഇനി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകളിലൂടെ ഒന്ന് കടന്നുപോകാം.

ധനമന്ത്രി പ്രഖ്യാപിച്ചത് ഒരു റിലീഫ് പാക്കേജ് അല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു ഫിനാൻഷ്യൽ പാക്കേജ് മാത്രമാണ്. ഈ പാക്കേജ് വഴി ഒരു രൂപയുടെ പോലും പ്രവാഹം സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി കടന്നുവരാൻ പോകുന്നില്ല

ഇടത്തരം-ചെറുകിട വ്യവസായങ്ങൾക്ക് (MSME) ഈടില്ലാത്ത വായ്പയ്ക്കായ് - 3 ലക്ഷം കോടി രൂപ, MSMEകൾക്ക് സബോർഡിനേറ്റ് ഡെബ്റ്റ് - 20,000 കോടി രൂപ, MSME കൾക്ക് ഓഹരികൾ നിവേശിപ്പിക്കുന്നതിനായി (Equity Infusion)- 50,000 കോടി, ജീവനക്കാരുടെ പ്രൊവിഡണ്ട് ഫണ്ട് 12%ത്തിൽ നിന്നും 10% ആയി കുറയ്ക്കുന്നതിനായ് - 9,750 കോടി, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനായ് - 30,000 കോടി, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം - 45,000 കോടി
വൈദ്യുതി വിതരണ കമ്പനികളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനായ് - 90,000 കോടി, TDS(Tax Deduction at Source), TCS (Tax Collection at Source) ഇളവ് - 50,000 കോടി.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

മുകളിൽ സൂചിപ്പിച്ച പദ്ധതികളും അവയ്ക്കായ് മാറ്റിവെച്ച തുകകളും ചേർത്ത് വെച്ചാൽ ഏകദേശം 6 ലക്ഷം കോടി രൂപയുടെ പദ്ധതി മാത്രമാണ് കോവിഡ് പാക്കേജെന്ന നിലയിൽ നിർമ്മലാ സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ചത്. ഇതിൽ കൂടുതൽ എന്തെങ്കിലും ധനമന്ത്രി പ്രഖ്യാപിക്കാൻ പോകുന്നുവോ? അറിയില്ല എന്നാണ് ഉത്തരം.
അപ്പോൾ കഴിഞ്ഞ ഒന്നര മാസക്കാലമായി തൊഴിലെടുക്കാൻ സാധിക്കാത്ത 50 കോടിയോളം വരുന്ന തൊഴിലാളികൾ?
കാർഷിക ഉത്പന്നങ്ങൾ വിളവെടുക്കാനോ വിറ്റഴിക്കാനോ സാധിക്കാത്ത കർഷകർ?
തൊഴിൽ നഷ്ടപ്പെട്ട 14 കോടിയോളം വരുന്ന ജനങ്ങൾ?
ഇപ്പോഴും തെരുവിലൂടെ നടന്നുകൊണ്ടിരിക്കുന്ന പതിനായിരങ്ങൾ?
ഇവർക്കൊക്കെ വേണ്ടി എന്ത് ആശ്വാസ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്?

വളരെ കൃത്യമായി പറഞ്ഞാൽ മേൽപ്പറഞ്ഞ ഒരു വിഭാഗത്തെയും പരിഗണിക്കുന്നതല്ല ഈ പാക്കേജ്. ധനമന്ത്രി പ്രഖ്യാപിച്ചത് ഒരു റിലീഫ് പാക്കേജ് അല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇതൊരു ഫിനാൻഷ്യൽ പാക്കേജ് മാത്രമാണ്. ഈ പാക്കേജ് വഴി ഒരു രൂപയുടെ പോലും പ്രവാഹം സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി കടന്നുവരാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ലോക്ഡൗൺ കാരണം വിൽക്കാൻ കഴിയാതെ പഞ്ചാബിലെ വയലുകളിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന ഉള്ളി.

ലോകത്ത് ഒരു രാജ്യത്തും തങ്ങളുടെ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കുന്ന മോണിറ്ററി പാക്കേജുകളെ റിലീഫ് പാക്കേജായി പ്രഖ്യാപിക്കുന്ന രീതി കാണാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ സമീപകാലത്ത് അത് വളരെ സ്വാഭാവികമെന്ന രീതിയിൽ നടന്നുവരുന്നതായി കാണാൻ കഴിയും. കഴിഞ്ഞ രണ്ടര മാസക്കാലയളവിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ലിക്വിഡിറ്റി പ്രതിസന്ധി കുറയ്ക്കുന്നതിനായ് ഏകദേശം 8 ലക്ഷം കോടി രൂപയുടെ ആശ്വാസ നടപടികൾ സ്വീകരിക്കുകയുണ്ടായി. ധനമന്ത്രി അവതരിപ്പിച്ച കോവിഡ് പാക്കേജിൽ ഇത് കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാണ് എന്നറിയുക. ഇതു കൂടി ചേർത്താൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച "20ലക്ഷം കോടി പാക്കേജി'ന്റെ 70ശതമാനമായി! കേന്ദ്ര സർക്കാരിന്റെ ഈയൊരു നടപടി കേവലം നൈതികതയുടെ മാത്രം പ്രശ്‌നമല്ലെന്നുമാത്രമല്ല ജനങ്ങളെ നേർക്കുനേർ വിഡ്ഢികളാക്കുക കൂടിയാണ് ചെയ്യുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈയൊരു നടപടി കേവലം നൈതികതയുടെ മാത്രം പ്രശ്‌നമല്ലെന്നുമാത്രമല്ല ജനങ്ങളെ നേർക്കുനേർ വിഡ്ഢികളാക്കുക കൂടിയാണ് ചെയ്യുന്നത്

ബാങ്കേതര ധനകാര്യ സ്ഥാപനങ്ങൾക്കും, ഹൗസിംഗ് കമ്പനികൾക്കും, വൈദ്യുതി വിതരണ കമ്പനികൾക്കും ധനാശ്വാസ നടപടികൾ പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാർക്ക് എന്ത് നേട്ടമാണുണ്ടാകുകയെന്ന് ചോദിച്ചാൽ യാതൊരു മറുപടിയും സർക്കാരിന്റെ കൈകളിലില്ല. ഐഎഫ്എസ്എൽ പോലുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയാസ്തി (Non Performing Asset) യ്ക്ക് ആരാണ് കാരണക്കാർ എന്നുകൂടി പരിശോധിക്കുമ്പോഴാണ് ഈ ദുരിതാശ്വാസ പാക്കേജിന്റെ പേരിൽ പോലും സർക്കാർ ആരെയാണ് സഹായിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോദ്ധ്യപ്പെടുക. പാക്കേജ് അവതരണത്തിന് ശേഷം മൊത്തം പാക്കേജിൽ നിന്നും സാധാരണക്കാരുടെ കൈകളിലേക്ക് എത്തുന്ന തുകയുടെ കണക്ക് - net cash outflow -എത്രയാണെന്ന് പറയാമോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം നമുക്ക് പിന്നീട് നോക്കാം എന്നായിരുന്നു ധനമന്ത്രി നൽകിയ മറുപടി! മുൻപ് പ്രഖ്യാപിച്ച 1.7ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ് ധനമന്ത്രി നൽകിയത്!

ലോക്ഡൗൺ ഇന്ത്യയിലെ സമസ്ത മേഖലയെയും തകർത്തുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയാണ്. തൊഴിൽ മേഖലയിലും ചെറുകിട വ്യവസായ-വ്യാപാര മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചകൾ തിരിച്ചുപിടിക്കാൻ കഴിയാത്തത്രയും ഭീകരമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ 67%വും തൊഴിൽ രഹിതരായിക്കഴിഞ്ഞുവെന്നും നഗരങ്ങളിലെ പത്തിൽ എട്ട് പേരും, ഗ്രാമീണ മേഖലയിൽ പത്തിൽ ആറ് പേരും തൊഴിലില്ലാത്തവരായി മാറിയെന്ന് അസീം പ്രേംജി യൂണിവേർസിറ്റി രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗരങ്ങളിൽ സ്വയം തൊഴിൽ കണ്ടെത്തിയവരിൽ 84% പേരും ഗ്രാമീണ മേഖലയിൽ 62% പേരും സമാനമായ പ്രതിസന്ധി നേരിടുകയാണ്. കോവിഡ് പാക്കേജ് അനുവദിച്ചുകൊണ്ട് ധനമന്ത്രി അവകാശപ്പെട്ടത് രാജ്യത്തെ മുഴുവൻ ജൻധൻ അക്കൗണ്ടിലേക്കും പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 രൂപയുടെ ദുരിതാശ്വാസം എത്തിക്കഴിഞ്ഞുവെന്നായിരുന്നു. എന്നാൽ സർവ്വേ ഫലം തെളിയിക്കുന്നത്, പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടിലൂടെ പണം ലഭിച്ചവർ 30% വും കേന്ദ്രസംസ്ഥാന സർക്കാരുകളിൽ നിന്നായി പണം ലഭിച്ചവർ 46% വും ആണെന്നാണ്. മറ്റ് ചില യാഥാർത്ഥ്യങ്ങളിലേക്കും സർവ്വേ വിരൽ ചൂണ്ടുന്നുണ്ട്. സാമ്പത്തിക ക്ലേശം കാരണം മുൻകാലത്തേക്കാൾ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 74% വും അവശ്യവസ്തുക്കൾ പോലും വാങ്ങാൻ പണമില്ലാത്തവരുടെ എണ്ണം 45% വും ആയി ഉയർന്നുവെന്നുമാണ് പതിമൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്. ദീർഘകാല ലോക്ഡൗൺ കാർഷിക മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധികൾ പലതാണ്. റാബി സീസൺ കഴിയാറായിട്ടും വിളവെടുക്കാൻ കഴിയാതെ പോയ കർഷകർ 37% വും കൊയ്ത വിളവ് വിൽക്കാൻ സാധിക്കാതെ പോയവരുടെ എണ്ണം 15% വും കിട്ടിയ വിലയ്ക്ക് വിൽക്കേണ്ടി വന്നവരുടെ എണ്ണം 37% വും ആണെന്നും കൂടി സർവ്വേ ഫലം വെളിപ്പെടുത്തുന്നു. മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഉപകാരപ്പെടുന്ന യാതൊന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ

"മേയ്ക്ക് ഇൻ ഇന്ത്യ'യിൽ നിന്നും "ആത്മനിർഭർ ഭാരത'ത്തിലേക്ക് എത്തുമ്പോൾ മോദി അധികാരത്തിൽ വന്നതിന് ശേഷം മുദ്രാവാക്യങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല എന്നത് തർക്കമറ്റ സംഗതിയാണ്. മുദ്രാവാക്യത്തിൽ സാമാന്യജനങ്ങളെ തളച്ചിടാമെന്ന് അദ്ദേഹം പലവട്ടം തെളിയിച്ചതാണ്. ഏറ്റവുമൊടുവിൽ കിണ്ണം കൊട്ടാനും ദീപം തെളിയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കൊറോണയ്‌ക്കെതിരായ യുദ്ധത്തിൽ ആവേശം പകരാനും മോദി ജനങ്ങളോടാവശ്യപ്പെട്ടു. മുന്നിലിട്ടുകൊടുക്കുന്ന ഏത് മുദ്രാവാക്യവും യാതൊരു ചോദ്യവും കൂടാതെ ഏറ്റെടുക്കുന്ന ഒരു ജനതയായി ഇന്ത്യൻ ജനത പരിണമിച്ചിരിക്കുന്നുവെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാണ്.

മുന്നിലിട്ടുകൊടുക്കുന്ന ഏത് മുദ്രാവാക്യവും യാതൊരു ചോദ്യവും കൂടാതെ ഏറ്റെടുക്കുന്ന ഒരു ജനതയായി ഇന്ത്യൻ ജനത പരിണമിച്ചിരിക്കുന്നുവെന്ന് ഏറ്റവും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാണ്.

"മേയ്ക്ക് ഇൻ ഇന്ത്യ' മുദ്രാവാക്യത്തിൽ നിന്നും "ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യത്തിലേക്ക് മോദി നടന്നുകയറുമ്പോൾ എന്തുപറ്റി മേയ്ക്ക് ഇൻ ഇന്ത്യയ്‌ക്കെന്ന ഒരൊറ്റ ചോദ്യവും ഉയരുന്നില്ലെന്നത് വസ്തുതയാണ്. 'മേയ്ക്ക് ഇൻ ഇന്ത്യ' മുദ്രാവാക്യം ജനങ്ങളുടെ മുന്നിലേക്കെറിഞ്ഞ് കൊടുത്ത് മോദി ചെയ്തത് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിന് ആവശ്യമായ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയായിരുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു വ്യവസായം സ്വയം പര്യാപ്തത നേടിയതായി മോദി തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.

എന്നാൽ മോദിയുടെ സ്വയംപര്യാപ്തതാ വാചകമടിയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു വസ്തുനിഷ്ഠ യാഥാർത്ഥ്യം കൂടിയുണ്ട്. താൽക്കാലികമായെങ്കിലും "ആത്മനിർഭരത'-യെക്കുറിച്ച് പറയാൻ മോദിയെ പ്രേരിപ്പിക്കുന്ന ഒരു ഘടകം, ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സമീപഭാവിയിലെങ്ങും പുതുതായൊരു വിദേശ കമ്പനിയും ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നില്ലെന്ന യാഥാർത്ഥ്യം. മറ്റൊന്ന് ആഗോളതലത്തിൽ തന്നെ കയറ്റുമതി-ഇറക്കുമതി വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ച. ഈ വസ്തുതകളെ മുന്നിൽ കണ്ടുകൊണ്ടാണ് 200 കോടിയിൽ താഴെ വരുന്ന ടെൻഡറുകളെ ആഗോള ടെൻഡറുകളിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്രുവിന്റെ കാലം തൊട്ട് ഏതാണ്ട് 90 കൾ വരെ നിലനിന്നിരുന്ന ഈയൊരു നയത്തെയാണ് മോദി പുനരവതരിപ്പിച്ചിരിക്കുന്നത്. എത്രകണ്ട് മായ്ച്ചുകളഞ്ഞാലും നെഹ്രുവിന്റെ നിഴൽ രാജ്യത്തെ വിട്ടകലുന്നില്ലെന്നത് മോദിയുടെ ദൗർഭാഗ്യമാകാം. മോദി ഓർമ്മിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ പോലും "ആത്മനിർഭരത'യെ സംബന്ധിച്ച പരാമർശം രാഷ്ട്രീയ നിരീക്ഷകരെ ഓർമ്മിപ്പിച്ചത് നെഹ്‌റുവിനെയായിരുന്നു!
ഇതിനൊക്കെ അപ്പുറത്തായി മോദി എന്ന തന്ത്രജ്ഞന്റെ വിചിത്രവഴികൾ കൂടി ഈ ആത്മനിർഭർ വാദത്തിന് പിന്നിൽ മറഞ്ഞുകിടപ്പുണ്ടെന്ന വസ്തുത കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ, പ്രശ്‌നങ്ങളെ പുതിയ മുദ്രാവാക്യങ്ങളാക്കി മാറ്റാനും മാധ്യമങ്ങളെക്കൊണ്ടും ദുരിതബാധിതരായ ജനങ്ങളെക്കൊണ്ടുപോലും അവ ഏറ്റെടുപ്പിക്കാനുമുള്ള മോദിയുടെ തന്ത്രം തന്നെയാണ് പുതിയ ആത്മനിർഭരതാ നരേറ്റീവ്‌സിന് പിന്നിലും കാണാൻ കഴിയുക.

ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ, പ്രശ്‌നങ്ങളെ പുതിയ മുദ്രാവാക്യങ്ങളാക്കി മാറ്റാനും മാധ്യമങ്ങളെക്കൊണ്ടും ദുരിതബാധിതരായ ജനങ്ങളെക്കൊണ്ടുപോലും അവ ഏറ്റെടുപ്പിക്കാനുമുള്ള മോദിയുടെ തന്ത്രം തന്നെയാണ് പുതിയ ആത്മനിർഭരതാ നരേറ്റീവ്‌സിന് പിന്നിലും കാണാൻ കഴിയുക

ഇതിനുള്ള ഏറ്റവും നല്ല മുൻകാല ഉദാഹരണം ഡീമോണിറ്റൈസേഷൻ പരിപാടിയാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ച ദിനത്തിൽ പ്രധാനമന്ത്രി ഒരിക്കൽ പോലും കാഷ്‌ലെസ്സ് ഇക്കോണമി എന്ന വാക്ക് ഉച്ഛരിച്ചിരുന്നില്ലെന്നത് ഓർക്കുന്നുവരുണ്ടാകും. കള്ളപ്പണം ഇല്ലാതാക്കൽ, തീവ്രവാദത്തിന് തടയിടൽ തുടങ്ങിയ കാര്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായി പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നോട്ട് നിരോധനത്തിന്റെ അമ്പതാം ദിവസം തൊട്ട് മോദി പുതിയൊരു മുദ്രാവാക്യം മുന്നോട്ടുവെച്ചു. അത് കാഷ്‌ലെസ്സ് സൊസൈറ്റിയെക്കുറിച്ചായിരുന്നു. യഥാർത്ഥത്തിൽ നോട്ട് ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന ജനങ്ങൾ മോദിയുടെ ഈയൊരു അവകാശവാദത്തെ അനുഭവിച്ചറിയുകയായിരുന്നു. പുതിയൊരു സമ്പദ്ക്രമത്തിലേക്ക് നടന്നുകയറാനുള്ള രാജ്യത്തിന്റെ ശ്രമത്തിനിടയിൽ അനിവാര്യമായും അനുഭവിക്കേണ്ട പ്രതിസന്ധികൾ മാത്രമാണിതെന്നും ഒരു ഉത്തമ പൗരനെന്ന നിലയിൽ ഇത് തന്റെ കടമയാണെന്നും ഓരോ ഇന്ത്യക്കാരനെക്കൊണ്ടും വിശ്വസിപ്പിക്കാൻ മോദിക്ക് കഴിഞ്ഞു. വാസ്തവത്തിൽ 2016 നവമ്പർ 8ന് മുമ്പുള്ളതിനേക്കാളും ധനപ്രവാഹമാണ് (Cash Flow) നിലവിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ ഉള്ളതെന്ന വസ്തുത ചൂണ്ടിക്കാട്ടാനോ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനോ സാധിക്കുന്ന ഒരു സംവിധാനവും നിലവിലില്ല എന്നത് മോദിയുടെ വിജയമായി തുടരുകയാണ്.

മുംബൈയിൽ നിന്നും യുപിയിലേക്ക് പോകുന്ന തൊഴിലാളികൾ.

ഇതേ രീതിയിൽ പുതിയ പ്രതിസന്ധിയെ നേട്ടമായി മാറ്റാമെന്ന മറ്റൊരു നരേറ്റീവ് ആണ് മെയ് 12-ാം തീയ്യതിയിലെ ആത്മനിർഭരതാ പ്രഖ്യാപനത്തിലൂടെ മോദി മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ആറാഴ്ചക്കാലമായി തൊഴിലില്ലാതെ, വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ, സ്വന്തം നാട്ടിലെത്താൻ കിലോമീറ്ററുകളോളം കുഞ്ഞുകുട്ടികളോടൊപ്പം നടക്കേണ്ടി വരുന്ന, തവളകളെയും എലികളെയും പിടിച്ച് വിശപ്പടക്കേണ്ടി വരുന്ന ജനങ്ങളോട്, ജീവിതം നിലനിർത്താൻ പാടുപെടുന്ന ജനങ്ങളോടാണ് മോദി സ്വയംപര്യാപ്തതയെ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതെന്നോർക്കുക. ഒരു സർക്കാരും തങ്ങളുടെ രക്ഷയ്‌ക്കെത്താൻ പോകുന്നില്ലെന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോൾ അതേ തിരിച്ചറിവിനെ പുതിയൊരു ആഖ്യാനമാക്കി മാറ്റുകയാണ് മോദി ചെയ്തത്.
ലോക്ഡൗൺ കാലയളവിൽ വീടുകളിലിരുന്ന് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന മധ്യവർഗ്ഗങ്ങളും, 500ഉം 1500ഉം കിലോമീറ്ററുകൾ കാൽനടയായും സൈക്കിളിലും മറ്റും സഞ്ചരിച്ചുകൊണ്ട് വീടണയാൻ ശ്രമിക്കുന്ന ദരിദ്ര തൊഴിലാളി വിഭാഗങ്ങളും അനുഭവിക്കുന്ന "സ്വയംപര്യാപ്തത'യെ പുതിയൊരു മുദ്രാവാക്യമായി മാറ്റിക്കൊണ്ട് സർക്കാരിന്റെ എല്ലാ പരാജയങ്ങളെയും മൂടിവെക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ഇത്തവണയും മോദി തന്നെ ജയിക്കും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാരണം മോദിയുടെ തന്ത്രത്തെ ശരിയായ രീതിയിൽ മനസ്സിലാക്കാനോ അതിനെ തുറന്നുകാണിക്കാനോ ക്ഷമതയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നില്ല എന്നത് അത്രതന്നെ കയ്പുനിറഞ്ഞ യാഥാർത്ഥ്യമാണ്.

"മേയ്ക്ക് ഇൻ ഇന്ത്യ" എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോൾ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്, നമുക്കാവശ്യമുള്ളതെല്ലാം ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്നായിരുന്നു

"മേയ്ക്ക് ഇൻ ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചപ്പോൾ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്, നമുക്കാവശ്യമുള്ളതെല്ലാം ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്നായിരുന്നു. എന്നാൽ മൊട്ടുസൂചി തൊട്ട് വിമാന ഇന്ധനം വരെയുള്ള എന്തിലും വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പരാജയപ്പെടുത്തിയത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളായിരുന്നില്ല. ഇക്കാര്യം ഉന്നയിക്കാൻ ധൈര്യമുള്ള രാഷ്ട്രീയ ശക്തികളും ഇന്ത്യയിലില്ല. പുതിയ നരേറ്റീവുകളിലൂടെ മാധ്യമങ്ങളെയും മധ്യവർഗ്ഗങ്ങളെയും കയ്യിലെടുക്കാൻ താൽക്കാലികമായെങ്കിലും മോദിക്ക് സാധിച്ചേക്കാം. പക്ഷേ മുദ്രാവാക്യങ്ങൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയില്ലെന്ന് ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ആറ് വർഷക്കാലയളവിൽ ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത് ഇന്ത്യയ്ക്കാർ തന്നെയാണ്. ഇക്കാലയളവിൽ മോദി രാജ്യത്തിന് നൽകിയ മുദ്രാവാക്യങ്ങൾ കുറഞ്ഞതൊന്നുമല്ല. "സ്‌കിൽ ഇന്ത്യ', "സ്റ്റാർട്ട് അപ് ഇന്ത്യ', "സ്റ്റാൻഡ് അപ് ഇന്ത്യ', "സ്മാർട്ട് ഇന്ത്യ' "മേക് ഇൻ ഇന്ത്യ' ഒടുവിലിതാ "ആത്മനിർഭർ ഭാരത്'.

എന്നാൽ ഇതേ ആറു വർഷക്കാലയളവിൽ രാജ്യം കടന്നുപോകേണ്ടിവന്നത് അസാധാരണമായ നിരവധി സന്ദർഭങ്ങളിലൂടെയായിരുന്നു. കറൻസിയുടെ മൂല്യം സർവ്വകാല റെക്കോർഡുകളും തകർത്തുകൊണ്ട് ഇടിഞ്ഞ കാലം, തൊഴിലില്ലായ്മ കഴിഞ്ഞ നാല് പതിറ്റാണ്ടിലേക്കാളും ഉയരെ എത്തിയത്. ജനങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വം ഏറ്റവും ഉയർന്ന നിലയിലെത്തിയത് ഒക്കെയും ഈ കുറഞ്ഞ കാലയളിവിലായിരുന്നു. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പെ തന്നെ ഇന്ത്യയുടെ സാമ്പത്തിക മേഖല സമ്പൂർണ്ണ തകർച്ചയുടെ വക്കിലായിരുന്നുവെന്ന് നമ്മോട് പറയുന്നത് ദേശീയ സാമ്പ്ൾ സർവ്വേ, സി.എം.ഇ.ഐ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ തന്നെയാണ്. ഈ യാഥാർത്ഥ്യങ്ങളെയാണ് "ആത്മനിർഭർ' നരേറ്റീവിലൂടെ മറയിടാൻ മോദി ശ്രമിക്കുന്നത്.

പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് നരേന്ദ്രമോദി സാമൂഹ്യ മാധ്യമങ്ങളിൽ ട്വീറ്റുകളുടെ ഒരു പെരുമഴ തന്നെ സൃഷ്ടിക്കുകയുണ്ടായി. ആ ട്വീറ്റുകളിലൂടെ ചോദിച്ചതു തന്നെയാണ് ജനങ്ങൾക്ക് ചോദിക്കാനുള്ളത്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments