ബജറ്റിലും കർഷകരോട് യുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ൽഹിയോട് ചേർന്നുള്ള സിംഘു, തിക്രി, ഘാസിപ്പൂർ അതിർത്തികളിൽ കഴിഞ്ഞ 67 ദിവസമായി പ്രക്ഷോഭം ചെയ്യുന്ന കർഷകരെ കേന്ദ്ര സർക്കാർ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്ന് രാജ്യത്തെ ജനങ്ങൾ കണ്ടുകഴിഞ്ഞു. അതിർത്തികളിൽ കിടങ്ങുകൾ കുഴിച്ചും, മുൾവേലികൾ സ്ഥാപിച്ചും, ഇന്റർനെറ്റും വാട്ടർ കണക്ഷനും വിച്ഛേദിച്ചും രാജ്യത്തിന്റെ പൊതു ശത്രുക്കളോടെന്ന പോലെയാണ് സർക്കാർ കർഷകരെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 400ലധികം കർഷക പ്രക്ഷോഭകാരികൾക്കെതിരെ കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തിരുക്കുന്നു. തങ്ങൾക്കനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാത്ത പത്രപ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്തിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട കർഷകരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും സർക്കാരിന്റെയും സംഘപരിവാറിന്റെയും ഭാഗത്തുനിന്നുണ്ടായി.

തങ്ങൾക്കെതിരെ വൻതോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തയ്യാറായ കർഷക സമൂഹത്തെ പാഠം പഠിപ്പിക്കുന്നതിന് തന്നെയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് വിലയിരുത്തിയാൽ ബോദ്ധ്യപ്പെടും.
രാജ്യം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത രീതിയിലുള്ള തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും അതിനോടുള്ള ഗ്രാമീണ കാർഷിക മേഖലയിൽ നിന്നുള്ള ചെറുത്തുനിൽപ്പുകളും ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ 2021-22 വർഷത്തേക്കുള്ള ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യൻ കർഷകർ പൊതുവിൽ കേന്ദ്ര ഗവൺമെന്റുമായി ഇടഞ്ഞുനിൽക്കുമ്പോൾ, നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകാത്ത സർക്കാർ കാർഷിക മേഖലയെ സമാശ്വസിപ്പിക്കാനുള്ള ചില പദ്ധതികളുമായി മുന്നോട്ടുവരും എന്ന ധാരണ പൊതുവിൽ നിലനിന്നിരുന്നു. അതുപോലെതന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന ഗ്രാമീണ മേഖലയെ കൈപിടിച്ചുയർത്തുന്നതിനായി തൊഴിലുറപ്പ് പദ്ധതികൾ പോലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളും അവയ്ക്കുള്ള ഫണ്ട് അലോക്കേഷൻ വർദ്ധിപ്പിക്കുമെന്നും ഉള്ള പ്രതീക്ഷകളും ജനങ്ങളിൽ നിലനിന്നിരുന്നു. എന്നാൽ അത്തരം എല്ലാ ധാരണകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ട് തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഗ്രാമീണ/കാർഷിക മേഖലയെ അതിന്റെ വിധിക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ / Photo : Shalini singh

കാർഷിക മേഖലയുടെ ഉത്തേജനത്തിനായി 16.5 ലക്ഷം കോടി രൂപയുടെ വായ്പകൾ അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞപ്പോൾ അവരുടെ തന്നെ മുഖത്ത് ചിരിപടരുന്നത് കാണാമായിരുന്നു. കാരണം, ഈ പ്രഖ്യാപിക്കപ്പെട്ട തുക എന്നത് കാർഷിക മേഖലയ്ക്കുള്ള നീക്കിയിരിപ്പല്ലെന്നും കേവലം ബാങ്കുകൾക്കുള്ള വായ്പാ നിർദ്ദേശം മാത്രമാണെന്നും ധനമന്ത്രിക്കും കേൾക്കുന്നവർക്കും അറിയാമായിരുന്നു.

കാർഷിക മേഖലയുടെ പശ്ചാത്തല വികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മൃഗപരിപാലനത്തിനായി മറ്റൊരു 15,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്ന് അവർ ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഇവിടെ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം സമാനമായ തുക തന്നെയാണ് ഇതേ ധനമന്ത്രി ആത്മനിർഭർ പാക്കേജ് എന്ന നിലയിൽ 2020 മെയ് മാസം ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേ അനുസരിച്ച് കാർഷിക പശ്ചാത്തല വികസനത്തിനായി ചെലവഴിച്ച തുക കേവലം 2991 കോടി രൂപമാത്രമായിരുന്നു. ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയും യഥാർത്ഥത്തിൽ ചെലവഴിക്കപ്പെടുന്ന തുകയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ധനമന്ത്രി.

എളുപ്പം ചീത്തയാകുന്ന പച്ചക്കറി വിളകളുമായി ബന്ധപ്പെട്ട് 22 വിളകളുടെ കാര്യത്തിൽ സംവിധാനമുണ്ടാക്കുമെന്ന് ഓപ്പറേഷൻ ഗ്രീൻസ് പദ്ധതി വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി പറയുകയുണ്ടായി. നേരത്തെ മൂന്ന് വിളകളുടെ കാര്യത്തിൽ (തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്) മാത്രമായിരുന്നു ഇത് ഏർപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ അതിന്റെ ഏഴ് മടങ്ങ് വർദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി വിശദീകരിക്കുകയുണ്ടായി. ഇവിടെയും പ്രഖ്യാപനങ്ങൾ മാത്രമാണ് ഗവൺമെന്റിന്റെ ഉദ്ദേശ്യമെന്ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് പരിശോധിച്ച ആർക്കും വ്യക്തമാകുന്ന കാര്യമാണ്.

ഈ ഗവൺമെന്റിന്റെ തന്നെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം ഓപ്പറേഷൻ ഗ്രീൻസിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ അനുമതി ലഭിച്ചത് കേവലം അഞ്ച് പദ്ധതികൾ മാത്രമാണ്. എന്നാൽ ഒരു പദ്ധതിപോലും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ലെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അധികാരത്തിൽ വന്ന നാൾ തൊട്ട് വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപി സർക്കാർ പതുക്കെപ്പതുക്കെ അത്തരം വാഗ്ദാനത്തിൽ നിന്നുപോലും പിന്മാറുകയാണെന്ന് ഇതേക്കുറിച്ച് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിൽ ഒരക്ഷരം ഉരിയാടാൻ തയ്യാറാകാത്തതിലൂടെ ബോധ്യപ്പെടും.

പി.എം.കിസാൻ പദ്ധതി, പിഎം ഫസൽ ഭീമ യോജന തുടങ്ങിയ പദ്ധതികൾ വലിയ തോതിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യയിലെ കർഷകർക്കിടയിൽ അതിന്റെ ഗുണഫലം ലഭ്യമായത് കേവലം 29% ആളുകൾക്ക് മാത്രമാണെന്നും സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പിഎം കിസാൻ പദ്ധതിയ്ക്കായി കഴിഞ്ഞ ബജറ്റിൽ 75,000 കോടി രൂപയാണ് അനുവദിക്കപ്പെട്ടിരുന്നതെങ്കിൽ ഇത്തവണ അത് 65,000 കോടി രൂപയായി കുറക്കുകയാണുണ്ടായത്. കർഷകർക്കുള്ള മിനിമം സഹായ വില ഉറപ്പുവരുത്തുന്നതിനായി സംഭരണം ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട PM AASHA പദ്ധതിക്കായി കഴിഞ്ഞ തവണ നീക്കിവെച്ചത് 500 കോടി രൂപയായിരുന്നു. തുച്ഛമായ ഈ തുക വീണ്ടും വെട്ടിക്കുറച്ച് ഇത്തവണ 400 കോടി രൂപയായി മാറ്റി. അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മറ്റികളെ ശക്തിപ്പെടുത്താനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ ബെഞ്ചുകളെ നോക്കി പ്രഖ്യാപിച്ച ധനമന്ത്രി ഗ്രാമീണ ചന്തകൾ രൂപീകരിക്കുവാനുള്ള എന്തുനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

ഗ്രാമീണ മേഖലയിലേക്ക് പണത്തിന്റെ പ്രവാഹം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ വലിയൊരു ശതമാനം ജനങ്ങളുടെയും വാങ്ങൽശേഷിയെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കൂ എന്നത് സാമാന്യ സാമ്പത്തികശാസ്ത്ര ധാരണയുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. ഗ്രാമീണ മേഖലയിൽ പണപ്രവാഹം സാധ്യമാക്കാനുള്ള ഒരു പ്രധാന വഴി തൊഴിലുറപ്പ് പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയും കാർഷിക/അനുബന്ധ മേഖലയെ ശക്തിപ്പെടുത്തുക എന്നതുമാണ്. അതുകൊണ്ടുതന്നെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തേണ്ടതുണ്ടെന്ന പൊതു അഭിപ്രായം നിലനിൽക്കെ മുൻകാലങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത തുക മാത്രമാണ് അതിനായി നീക്കിവെച്ചിരിക്കുന്നത്. 2020-21 കാലയളവിലെ ബജറ്റിൽ പ്രഖ്യാപിച്ച തുക 71,000 കോടി രൂപയായിരുന്നുവെങ്കിലും യഥാർത്ഥത്തിൽ ചെലവഴിച്ചത് 60000 കോടി രൂപ മാത്രമായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 45 വർഷക്കാലയളവിനുള്ളിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിലനിൽക്കുന്ന ഒരു കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ കാര്യമായ വകയിരുത്തൽ ഇല്ലാതിരിക്കുന്നതും വകയിരുത്തിയ തുക കൃത്യമായി ചെലവഴിക്കാതിരിക്കുന്നതും വലിയ പ്രതിസന്ധികൾക്ക് കാരണമാകും.

എന്തുണ്ട് വിൽക്കാൻ?

ബജറ്റ് തയ്യാറാക്കലിന്റെ ഭാഗമായുള്ള ഏറ്റവും വലിയ അന്വേഷണം ധനകാര്യ വകുപ്പ് നടത്തിയിരിക്കുന്നത് വിൽക്കാനായി ഇനി എന്തൊക്കെ അവശേഷിക്കുന്നു എന്നതാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ബജറ്റ്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി (Idle Land) വിൽക്കാനുള്ള തീരുമാനം അത്തരമൊരു അന്വേഷണത്തിൽ നിന്ന് വന്നതാണ്. മൂലധന പ്രതിസന്ധി നേരിടുന്ന പൊതുമേഖലയാണ് ആദ്യകാലത്ത് സ്വകാര്യ നിക്ഷേപത്തിന് തിരഞ്ഞെടുത്തിരുന്നതെങ്കിൽ അത്തരം മാനദണ്ഡങ്ങൾ കൂടി ഒഴിവാക്കിക്കൊണ്ട് സ്വകാര്യ നിക്ഷേപ യജ്ഞം പൂർത്തിയാക്കാനുള്ള നടപടികൾക്ക് കൂടിയാണ് ധനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് കമ്പനി, ജനറൽ ഇൻഷ്വറൻസ് കമ്പനി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദേശ നിക്ഷേപം (Foreign Direct Investment) 49%ത്തിൽ നിന്ന് 74% ആയി ഉയർത്താനുള്ള തീരുമാനത്തിലൂടെ നിയോലിബറൽ പരിഷ്‌കരണങ്ങളുടെ അപ്പോസ്തലനായ ഡോ.മൻമോഹൻ സിങ്ങിനെപ്പോലും കടത്തിവെട്ടിയിരിക്കുകയാണ് നിർമ്മലാ സീതാരാമൻ. തുറമുഖങ്ങളടക്കമുള്ളവ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട് ധനമന്ത്രി.

ഡോ.മൻമോഹൻ സിങ്ങ്

സാമ്പത്തിക സർവ്വേ റിപ്പോർട്ട്: ദിശ എവിടേക്കെന്ന് വ്യക്തം

കഴിഞ്ഞ ദിവസം ഗവൺമെന്റ് അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട് നൽകുന്ന സൂചനകൾ തന്നെ തീവ്ര പരിഷ്‌കരണങ്ങൾ ആവശ്യപ്പെടുന്നുവെന്നുവെന്നതായിരുന്നു. അമിത നിയന്ത്രണത്തിന്റെ (Overregulation) പ്രശ്‌നങ്ങൾ പരിഹരിക്കാനും കാർഷിക നിയമ ഭേദഗതികളുമായി മുന്നോട്ടുപോകാനും കോവിഡ് കാലത്തിന് മുമ്പുള്ള നിരക്കിലേക്ക് സാമ്പത്തിക വളർച്ചയെ എത്തിക്കുവാൻ ചെലവഴിക്കുന്നത് വർദ്ധിപ്പിക്കുവാനും ഒക്കെയുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പരിഷ്‌കരണങ്ങൾ ഇന്ത്യയിലുണ്ടാക്കിയ സാമ്പത്തിക വളർച്ചയുടെ യഥാർത്ഥ ചിത്രങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് പറയുന്നത് ‌പോലും ക്ലീഷേ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം ഇത്രയധികം ത്വരിതപ്പെടുത്തിയ കാലം മുമ്പ് ഉണ്ടായിട്ടില്ല. മധ്യവർഗ്ഗങ്ങളടക്കം ഈ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. മധ്യവർഗ്ഗത്തിന്റേതടക്കം വാങ്ങൽ ശേഷി താഴേക്ക് കുതിക്കുകയും കൺസ്യൂമർ കോൺഫിഡൻസ് ഇൻഡക്‌സ് താഴെത്തട്ടിലെത്തി നിൽക്കുകയും ചെയ്യുമ്പോഴും പരിഷ്‌കരണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ, ചരിത്രപരമായി വിലയിരുത്താൻ സാമ്പത്തിക വിദഗ്ദ്ധർ തയ്യാറാകുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട്.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തിരാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനായി ഒട്ടും ആലോചനയില്ലാതെ ദീർഘകാല ലോക് പ്രഖ്യാപിച്ചതിലൂടെ, ചർച്ചകളുടെയും നടപടികളുടെയും ഊന്നൽ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വഴിമാറിപ്പോയ, ഏക രാഷ്ട്രവും ഇന്ത്യയായിരിക്കാം.
ഇത്തരമൊരു ദുർഘട പ്രതിസന്ധിയെ യഥാവിധി ചർച്ച ചെയ്യാൻ സാമ്പത്തിക മേഖലയിലുള്ളവർ തയ്യാറാകാതിരിക്കുന്നതും നമുക്ക് കാണാൻ കഴിയും.കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments