ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് ഇത് ഉത്സവങ്ങളുടെ കാലമാണ്. കർവാ ചൗഥ് മുതൽ ഗുരുനാനാക് ജയന്തി വരെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന ഉത്സവങ്ങൾ നവംബറിലാണ്. ദീപാവലി, ദുർഗാപൂജ, ഛഠ് പൂജ, കാളി പൂജ എന്നിവ ഏറ്റവും പ്രകടമാകുന്നത് വിപണികളിലാണ്. എന്നാൽ ഏഴ് മാസമായി തുടരുന്ന ലോക്ക്ഡൗൺ അന്തരീക്ഷം ഇന്ത്യയിലെ ഉത്സവാന്തരീക്ഷത്തെയാകമാനം മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖല പ്രത്യേകിച്ചും ദീപാവലിയുടെ യാതൊരു തിളക്കവുമില്ലാതെ ഒരുതരം നിർവികാരതയിൽ ആഴ്ന്നിരിക്കുകയാണ്.
ഊർജ്ജസ്വലമല്ലാത്ത വിപണി ചലനങ്ങളെ ഏറ്റവും എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന ഇന്ത്യയിലെ വാണിജ്യ സംഘടന, ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി- CII, നാലുദിവസം മുമ്പ് (നവംബർ 8) ഇന്ത്യൻ ധനകാര്യ മന്ത്രിക്ക് ഒരു കത്ത് നൽകുന്നു. വിപണി മാന്ദ്യത്തിൽ നിന്ന് വ്യവസായത്തെ രക്ഷിക്കുവാൻ ഉടൻ വേണ്ടത് ചെയ്യുക എന്നായിരുന്നു ആ കത്തിലെ സാരം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഗുരുതര തകർച്ചയിലേക്ക് മുന്നേറാനുള്ള സാധ്യത സംബന്ധിച്ച് റിസർവ് ബാങ്ക് പ്രതിമാസ ബുള്ളറ്റിനിൽ (നവംബർ 11) വന്ന മുന്നറിയിപ്പ് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് തള്ളിക്കളയാവുന്ന ഒന്നായിരുന്നില്ല. റിസർവ് ബാങ്ക് നിയോഗിച്ച കെ.വി. കാമത്ത് കമ്മറ്റിയും കഴിഞ്ഞ സെപ്തംബർ നാലിന്, തങ്ങളുടെ നിർദ്ദേശങ്ങൾ സെൻട്രൽ ബാങ്കിന് നൽകി. ലോക്ക്ഡൗൺ ദുർബലപ്പെടുത്തിയ 26ഓളം വ്യവസായ മേഖലകളെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നിർദ്ദേശങ്ങളായിരുന്നു കാമത്ത് കമ്മറ്റി നൽകിയത്.
ആശ്വാസമൊക്കെയും വൻകിടക്കാർക്ക്
മൂന്നിന്റെയും പരിണതഫലമെന്ന നിലയിൽ കേന്ദ്ര ധനകാര്യ മന്ത്രി 2,65,080 കോടി രൂപയുടെ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ തൊട്ട് നാളിതുവരെയായി 29,87,641 കോടി രൂപയാണ് വിവിധ പദ്ധതികളിലൂടെ സാമ്പത്തിക ഉത്തേജനത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപാദനത്തിന്റെ 15%ത്തോളം വരും ഈ തുക.
പുതിയ സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവകാശപ്പെട്ടു. രാജ്യത്തിന്റെ ഊർജ്ജ ഉപഭോഗത്തിൽ 12%വും, ബാങ്ക് ക്രൈഡിറ്റിൽ 5.1%വും വളർച്ച സംഭവിച്ചതായും വിദേശ നിക്ഷേപം 560 ബില്യൺ ഡോളറായി ഉയർന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ പാക്കേജിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കൂടുതലായി സ്വീകരിച്ചിരിക്കുന്നത്. ‘ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന' എന്ന പുതിയ പദ്ധതിയിലൂടെ ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കുന്നതിന് വ്യവസായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച് 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പുതുതായി രണ്ട് തൊഴിലാളികളെ നിയമിക്കുകയാണെങ്കിൽ തൊഴിലാളികളുടെയും തൊഴിലുടമയുടെയും പ്രൊവിഡന്റ് ഫണ്ട് അടയ്ക്കുവാനുള്ള ഉത്തരവാദിത്തം സർക്കാരിന്റേതായിരിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളുണ്ട്. 10ഓളം സുപ്രധാന മേഖലകളിലെ ഉൽപാദനത്തിന് ഇളവ് നൽകാൻ 1.46 ലക്ഷം കോടി രൂപ നീക്കിവെച്ചതായും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 18,000 കോടി രൂപയും മൂലധന വ്യവസായ ചെലവുകളിലേക്കായി 10,200 കോടി രൂപയും അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും മുദ്ര ലോണുകൾക്കും ഉള്ള കാലാവധി മാർച്ച് 31, 2021 വരെ നീട്ടി എമർജെൻസി ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (ECLGS 2.0) രണ്ടാം ഘട്ടവും പുതിയ പാക്കേജിലൂടെ പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പാക്കേജ് വിപണിയിൽ പെട്ടെന്നുള്ള ചലനം സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്ന് തന്നെയാണ് കരുതേണ്ടത്. കാരണം പ്രഖ്യാപിത പദ്ധതികളിൽ വലിയൊരു ശതമാനവും വൻകിട വ്യവസായ മേഖലകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ധനകാര്യ മേഖലയിലെ ലിക്വിഡിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ക്രെഡിറ്റ് ലൈൻ ഗാരണ്ടി സ്‌കീം മാത്രമാണ് താൽക്കാലികമായ ആശ്വാസം നൽകുവാൻ പര്യാപ്തമെന്ന് കരുതേണ്ടതുണ്ട്.
മാറുന്ന മധ്യവർഗ മനോഭാവം
മൂന്ന് തവണയായി നടത്തിയ ആത്മനിർഭർ ഭാരത് പ്രഖ്യാപനങ്ങളിലൂടെ 14,40,730 കോടി രൂപയും, പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിയിലൂടെ 1,92,800 കോടിയും, അന്ന യോജനയിലൂടെ 82,911 കോടിയും റിസർവ്വ് ബാങ്ക് പ്രഖ്യാപനത്തിന്റെ ഭാഗമായി 12, 71, 200 കോടിയും ആയി നാളിതുവരെ 29, 87, 641 കോടി രൂപയുടെ സാമ്പത്തിക ആശ്വാസ പദ്ധതികളാണ് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്രയും വലിയൊരു തുക ചെറിയൊരു കാലയളവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അന്താരാഷ്ട്ര നാണയ നിധി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയുടെ ആഭ്യന്തര മൊത്തോൽപാദനത്തിലെ വളർച്ച -10.3% ആയിരിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ജി.ഡി.പി വളർച്ചയിലെ ഗുരുതര സങ്കോചത്തിൽ നിന്നുള്ള തിരിച്ചുവരവ് ദുഷ്‌കരവും കാലദൈർഘ്യം ആവശ്യപ്പെടുന്നതുമാണെന്നതാണ് ഐ.എം.എഫ് വിലയിരുത്തൽ.
കൗതുകകരമായ ഒരു മുദ്രാവാക്യം എന്നതിനപ്പുറത്തേക്ക് ‘ആത്മനിർഭർ ഭാരത്' എന്ന മോദി മന്ത്രത്തിന് വികസിക്കാൻ സാധിക്കാത്തതിന് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തന്നെയാണ് തടസ്സം. ലോകത്തിലെ തന്നെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണമെങ്കിൽ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം (domestic demand) വൻതോതിൽ ഉയർത്തേണ്ടതുണ്ട്.
ആഭ്യന്തര വിപണിയിലെ ഡിമാന്റ് വർദ്ധനവ് തുടർച്ചയായി നിലനിർത്തണമെങ്കിൽ ജനസംഖ്യയിൽ ആനുപാതികമായ രീതിയിൽ സമ്പത്തിന്റെ വിതരണം നടക്കേണ്ടത് അനിവാര്യമാണ്. എന്നാൽ രാജ്യത്തിന്റെ സമ്പത്തിന്റെ മൂക്കാൽ പങ്കും ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന വ്യക്തികളുടെ കയ്യിൽ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഏതാനും വർഷങ്ങൾക്കിടയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ സക്രിയമായിരിക്കാൻ സാധിക്കുന്ന ഏകവിഭാഗം ഇവിടുത്തെ മധ്യവർഗ്ഗങ്ങളാണ്. അവരുടെ ഇടപെടൽ രാജ്യത്തിന്റെ ആഭ്യന്തര മൊത്തോൽപാദനത്തിന്റെ 15-40% വരെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന സാമ്പത്തിക മാന്ദ്യവും, ഏഴു മാസമായി തുടരുന്ന ലോക്ക്ഡൗൺ നിബന്ധനകളും ഈ വിഭാഗത്തിന്റെ വാങ്ങൽശേഷിയിലും മനോഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്തിയതായി സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് ഭിന്നമായി ചെലവഴിക്കുന്നതിൽ (spending) നിന്ന് മിച്ചം വെക്കുന്നതിലേക്ക് (savings) സാമ്പത്തിക ക്രയവിക്രയങ്ങൾ മാറ്റുന്നതിലേക്ക് സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മധ്യവർഗ വിഭാഗങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇത് വിപണിയുടെ ചലനാത്മകതയെ കൂടുതൽ ബാധിക്കുമെന്നും ആഭ്യന്തര ആവശ്യം ഉയർത്തിക്കൊണ്ട് സമ്പദ്ഘടനയെ ശക്തിപ്പെടുത്താമെന്ന ആത്മനിർഭര സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുമെന്നും കരുതപ്പെടുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ കൈകളിലേക്ക് പണത്തിന്റെ വരവ് ഉറപ്പിക്കാൻ കഴിയാത്തിടത്തോളം വിപണിയെ സജീവമായി നിർത്തുക എന്നത് അസാധ്യമായ കാര്യമാണ്.
വ്യാവസായിക- സേവന മേഖല ഗുരുതര പ്രതിസന്ധിയിൽ
നിയോലിബറൽ സാമ്പത്തിക പരിഷ്‌കരണങ്ങൾ നടപ്പിലാക്കാനാരംഭിച്ച നാൾതൊട്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കയറ്റുമതിയെ അടിസ്ഥാനമാക്കി വളർന്നുവികസിച്ച ഒന്നാണ്. 1995-2020 കാലയളവിലെ കയറ്റുമതിയിലെ ശരാശരി 12.1% ആണ്. ഇതിനെ മറികടന്ന് ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു വളരാവുന്ന രീതിയിലുള്ള നയരൂപീകരണങ്ങളല്ല കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച ഭയാശങ്ക പല മേഖലകളിലും പുതിയ പല പ്രശ്‌നങ്ങൾക്കും തുടക്കമിട്ടതായി കരുതപ്പെടുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ അനുസരിച്ച് 10 കോടിയോളം ഗാർഹിക തൊഴിലാളികളുടെ (domestic workers) തൊഴിൽ മേഖലയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ വൻതോതിൽ പിരിച്ചുവിടൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഗാർഹിക തൊഴിലാളികൾക്ക് പകരം വാഷിംഗ് മെഷീനുകളുടെയും, ഡിഷ് വാഷറുകളുടെയും, ശുചീകരണ യന്ത്രങ്ങളുടെയും വിൽപനയിൽ വൻ വർദ്ധനവ് സംഭവിക്കുകയാണെന്ന് വാൾസ്ട്രീറ്റ് ജേർണലിന്റെ എറിക് ബെൽമാൻ റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടൽ-ടൂറിസം മേഖലകൾ പോലുള്ള സേവനരംഗങ്ങളിൽ 9 കോടിയിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ടൂറിസം മേഖല എന്ന് സജീവമാകുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുകയാണ്.
രാജ്യത്തിലെ തൊഴിലില്ലായ്മ 6.4% ആയി സർവ്വകാല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ആത്മനിർഭർ റോസ്ഗാർ യോജന പ്രഖ്യാപിക്കുന്നതെന്ന് പറയുമ്പോഴും പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ നഷ്ടങ്ങളെ എങ്ങിനെ നേരിടണം എന്ന കാര്യത്തിൽ സർക്കാരിന് യാതൊരു ധാരണയുമില്ല.
ഇന്ത്യയുടെ വ്യാവസായിക സേവന മേഖലകൾ ഗുരുതര പ്രതിസന്ധി നേരിടുകയും ജി.ഡി.പി വളർച്ചയിൽ അത് പ്രകടമാകുകയും ചെയ്തപ്പോൾ പ്രതീക്ഷയുടെ ചെറിയ കിരണങ്ങളെങ്കിലും കണ്ടെത്താൻ കഴിഞ്ഞത് കാർഷിക മേഖലയിലായിരുന്നു.
വ്യാവസായിക-ഉൽപാദന-സേവന മേഖലകൾ നെഗറ്റീവ് വളർച്ച നേരിടേണ്ടി വന്നപ്പോൾ കാർഷിക മേഖലയുടെ വളർച്ച 3.4% ആയിരുന്നുവെന്ന് ദേശീയ സാമ്പ്ൾ സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നിയമനിർമ്മാണങ്ങൾ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും രാജ്യമൊട്ടാകെ കർഷകർ സമരരംഗത്തിറങ്ങിയിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കാർഷിക മേഖലയിൽ നിന്നുള്ള പ്രതീക്ഷ നിറഞ്ഞ ഇത്തരമൊരു വാർത്ത നാം കേൾക്കുന്നത്.
കാർഷിക മേഖലയിലും ചെറുകിട സംരംഭങ്ങളിലും ഇടപെടുന്ന കോടിക്കണക്കായ ജനങ്ങളുടെ കൈകളിലേക്ക് പണത്തിന്റെ നേരിട്ടുള്ള പ്രവാഹം സാധ്യമാകാത്തിടത്തോളം ആത്മനിർഭരത ഏതാനും വൻകിട കോർപ്പറേറ്റുകളിലേക്ക് മാത്രമായി ചുരുങ്ങുമെന്നതിന്റെ തെളിവുകൾ മാത്രമാണ് നമ്മുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്.
കാശില്ലാത്ത കേന്ദ്ര പാക്കേജ് സഞ്ചിയിൽ മുദ്രാവാക്യങ്ങൾ മാത്രം