മുളക് ശേഖരിക്കുന്ന ആദിവാസി തൊഴിലാളികൾ / Photos : PARI Network, Purusottam Thakur

തിരിച്ചുനടന്നത് എൺപതുകളിലേക്കോ?

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ - 3

കാർഷിക മേഖലയുടെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും തകർച്ച, ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങൾ, വർധിച്ച ജീവിതച്ചെലവ്, നിനച്ചിരിക്കാതെ വർധിച്ച ഗ്രാമീണ ജനസംഖ്യ എന്നിവയൊക്കെച്ചേർന്ന് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വൻ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്- ഗ്രാമീണ ഇന്ത്യൻ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മൂന്നാംഭാഗം

ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യു.പി, ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് അവയെ "ബിമാരു സ്റ്റേറ്റ്‌സ് ' (BIMARU States) എന്ന് വിശേഷിപ്പിച്ചത് ജനസംഖ്യാ ശാസ്ത്രജ്ഞൻ ആശിഷ് ബോസ് ആയിരുന്നു. "ബിമാരു' എന്ന ഹിന്ദി വാക്കിന് "രോഗാതുരം' എന്നാണർത്ഥം. ദാരിദ്ര്യം, അനാരോഗ്യം, തൊഴിലില്ലായ്മ, ജനപ്പെരുപ്പം, നിരക്ഷരത തുടങ്ങി മാനവ വികസന സൂചികയിൽ ഏറ്റവും താഴെത്തട്ടിലുള്ള പ്രദേശങ്ങളെ അവയുടെ സാമൂഹ്യ പിന്നാക്കാവസ്ഥ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു 1980കളിൽ വികസന സമ്പദ്ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഇത്തരമൊരു പ്രയോഗം ഉണ്ടായത്. സാമൂഹിക വികസന മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സബീന ആൽകൈരയും (Sabina Alkire) ജെയിംസ് ഫോസ്റ്ററും (James Foster) 2015ൽ തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക മൂല്യ (Multidimensional Poverty Index-MPI Value) ത്തിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ പല ഗ്രാമീണ മേഖലകളും "സബ് സഹാറൻ' രാജ്യങ്ങൾക്ക് തുല്യമായ ദാരിദ്ര്യാവസ്ഥയിലാണ് ഇപ്പോഴും കഴിയുന്നത് എന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഉയർന്ന ദാരിദ്ര്യാവസ്ഥ നിലനിൽക്കുന്ന 100 ജില്ലകളിൽ 91 എണ്ണവും മേൽ സൂചിപ്പിച്ച ഏഴ് സംസ്ഥാനങ്ങളിലാണ്. പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ അടക്കമുള്ള അതിനിശിതമായ സാമ്പത്തിക നയസമീപനങ്ങൾ സ്വീകരിക്കപ്പെട്ടശേഷവും ഈ ജില്ലകളുടെ പിന്നാക്കാവസ്ഥകളിൽ വലിയ മാറ്റങ്ങളൊന്നും പ്രകടമായില്ല എന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളിൽ വലിയൊരു ഭാഗവും ഈ പ്രദേശങ്ങളിൽ നിന്നാണ് എന്നത് ഈ സ്ഥിതിവിവരക്കണക്കുകളെ സാധൂകരിക്കുന്നു. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക തകർച്ച, നോട്ട് നിരോധനം, കോവിഡ്, ലോക്ക്ഡൗൺ എന്നിവ ഈ ബിമാരു സംസ്ഥാനങ്ങളുടെ സവിശേഷമായ സാമൂഹിക പിന്നാക്കാവസ്ഥകളെ സങ്കീർണമാക്കാൻ പോകുകയാണ്.

ഭക്ഷണം പോലുമില്ലാത്ത ഗ്രാമങ്ങൾ

മാർച്ച് 23ന് രാത്രി സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, ഏറ്റവും കൂടുതൽ തൊഴിലാളികൾ തിരിച്ചുപോക്ക് നടത്തിയത് 116 ജില്ലകളിലേക്കാണ്. തൊഴിലാളി കുടിയേറ്റത്തെ സംബന്ധിച്ച വ്യക്തമായ കണക്ക് ലഭ്യമല്ലെങ്കിലും ഏകദേശ ധാരണ അനുസരിച്ച് (കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ സാമ്പിൾ സർവേ ഓർഗനൈസേഷൻ 2016-17ൽ നടത്തിയ കണക്കെടുപ്പാണ് അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച ഔദ്യോഗിക രേഖ) 60- 40 ലക്ഷം വരെ തൊഴിലാളികൾ ഉത്തർപ്രദേശിലേക്കും, 20- 18 ലക്ഷം വരെ തൊഴിലാളികൾ ബിഹാറിലേക്കും തിരിച്ചെത്തിയിട്ടുണ്ട്. ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിശദ പഠനം നടത്തിയ പ്രൊഫ. അരവിന്ദ് കുണ്ഡു, ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളിൽ 25% യു.പിയിൽ നിന്നും 14% ബിഹാറിൽ നിന്നും തുടർന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽനിന്നുമാണെന്ന് കണക്കാക്കുന്നുണ്ട്. തൊഴിൽരഹിതരായി തിരിച്ചെത്തിയ ഇവരിൽ വലിയൊരു ശതമാനത്തിനും വരുമാനം എന്നേന്നക്കുമായി നഷ്ടപ്പെടാൻ പോകുകയാണെ ധാരണ ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോൾ ഉണ്ടായിരുന്നില്ല.

സാമ്പത്തിക തകർച്ച, നോട്ട് നിരോധനം, കോവിഡ്, ലോക്ക്ഡൗൺ എന്നിവ ബിഹാർ, യു.പി, മധ്യപ്രദേശ് തുടങ്ങിയ 'ബിമാരു' സംസ്ഥാനങ്ങളുടെ സവിശേഷമായ സാമൂഹിക പിന്നാക്കാവസ്ഥകളെ സങ്കീർണമാക്കാൻ പോകുകയാണ് / photo: PARI Network, Shreya Katyayini

ലോക്ക്ഡൗണിനെത്തുടർന്നും പിന്നീട് ആറുമാസങ്ങൾക്കുശേഷവും കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്, ഗ്രാമങ്ങളിലെത്തിയ തൊഴിലാളികളിൽ വലിയൊരു പങ്കും തൊഴിൽ നഷ്ടം നേരിടുന്നുവെന്നാണ്. അസീം പ്രേംജി യൂണിവേഴ്‌സിറ്റി 12 സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കിടയിൽ നടത്തിയ സർവേയിൽ 66% പേർക്കും തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ടെന്ന് വിശദമാക്കുന്നു. ലോക്ക്ഡൗൺ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും ഗ്രാമീണ മേഖലയിലെ ഭക്ഷണക്രമത്തിൽ മാറ്റം സംഭവിച്ചതായും പഠനം സൂചിപ്പിക്കുന്നു. ഏപിൽ 15 മുതൽ മെയ് 15 വരെ നടന്ന ആദ്യഘട്ട സർവേയിൽ 47% വീടുകളും ഭക്ഷണം വാങ്ങാനുള്ള പണം ഇല്ലെന്ന അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു. യൂണിവേഴ്‌സിറ്റി സർവേയോട് പ്രതികരിച്ച 5000 പേരിൽ 10ൽ 8 പേരും ലോക്ക്ഡൗൺ കാലത്തിന് മുമ്പുള്ളതിൽ കുറഞ്ഞ ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ എന്ന് രേഖപ്പെടുത്തി. കാർഷിക മേഖലയിലെ അവശിഷ്ട തൊഴിലുകൾ മാത്രമായിരുന്നു ഇക്കാലയളവിൽ അവരുടെ മുന്നിലുണ്ടായിരുന്നത്. കുടിയേറ്റ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സേവനങ്ങൾ ലഭ്യമാകാതിരിക്കുന്നതിനുള്ള സാഹചര്യവും ഏറെയുണ്ടായിരുന്നു. പ്രത്യേകിച്ചും വർഷങ്ങളായി ഗ്രാമങ്ങളിൽ നിന്ന് വിട്ടുജീവിക്കുന്ന തൊഴിലാളികൾക്ക് പ്രാദേശികമായി കിട്ടിയിരുന്ന പല സേവനങ്ങളും ലഭ്യമായില്ല. സർക്കാർ പ്രഖ്യാപിച്ച സേവനങ്ങൾ ലഭ്യമായ തൊഴിലാളികളുടെ എണ്ണം 27% ത്തിൽ താഴെ മാത്രമേ വരൂ എന്ന് കർണാടകയിൽനിന്ന് മാത്രമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം അന്നത്തെ വരുമാനത്തിനപ്പുറത്തേക്ക് ഭാവിയിലേക്ക് മിച്ചംപിടിക്കാനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു

ഇന്ത്യയിലെ തൊഴിൽ സേനയിൽ മുക്കാൽ പങ്കും അനൗദ്യോഗിക മേഖലകളിലാണ് എന്നതും അവരുടെ കണക്കുകൾ സംബന്ധിച്ച കൃത്യമായ ധാരണ ഒരു ഗവൺമെന്റ് ഏജൻസികളും ഉണ്ടാക്കിയിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കാർഷിക, വ്യാവസായിക- സേവന രംഗങ്ങളിൽ യാഥാക്രം 98%, 75%, 72% ആളുകൾ അനൗദ്യോഗിക തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നതായിട്ടാണ് "നാഷണൽ കമീഷൻ ഫോർ എന്റർപ്രൈസസ് ഇൻ ദ അൺ ഓർഗനൈസ്ഡ് സെക്ടർ' നിരീക്ഷിച്ചിരിക്കുന്നത്. ഈ കണക്ക് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളിൽ സിംഹഭാഗവും അനൗദ്യോഗിക മേഖലയെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നാണ്. ഈ മേഖലകളെ ഉൾപ്പെടുത്തി സാമൂഹ്യക്ഷേമ ശൃംഖലകൾ രൂപീകരിക്കാൻ ഇതുവരെ സർക്കാരുകൾ ശ്രമിച്ചിട്ടില്ല എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളിൽ സിംഹഭാഗവും അനൗദ്യോഗിക മേഖലയെയാണ് ആശ്രയിച്ചിരിക്കുന്നത് / photo: PARI Network, Ritayan Mukherjee

കൃത്യമായി പറയുകയാണെങ്കിൽ രാജ്യത്തെ 41.1 കോടി തൊഴിലാളികളിലേക്ക് സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലം എത്തിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്ന സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങൾ (MSMEs) ഇന്ത്യയിലെ തൊഴിൽ മേഖലയിലെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ഉൽപാദനത്തിന്റെ മൂന്നിലൊന്നും കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ടും സംഭാവന ചെയ്യുന്ന ഈ സംരംഭങ്ങൾ സർക്കാർ നയസമീപനങ്ങളുടെ ഫലമായി തകർച്ച നേരിടുകയാണ്. ലോക്ക്ഡൗണിനെത്തുടർന്ന് ഗുരുതര പ്രതിസന്ധി നേരിടുന്ന ഈ മേഖലയിൽ വേതനത്തിലും വരുമാനത്തിലും വൻതോതിലുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച വേതന നഷ്ടവും തൊഴിൽ നഷ്ടവും നേരിടേണ്ടി വന്ന ജനങ്ങൾ പ്രധാനമായും ഈ സംരംഭങ്ങളിൽ നിന്നുള്ളവരാണ്.

വാങ്ങൽശേഷിയിൽ അതിഭീമമായ കുറവ്

ഈ അസംഘടിത തൊഴിലാളി വിഭാഗത്തെ സംബന്ധിച്ച് ന്യായമായ വേതനം നേടിയെടുക്കാനോ, തൊഴിൽ സ്ഥിരത ഉറപ്പുവരുത്താനോ സാധിക്കുമായിരുന്നില്ല എന്നത് പ്രതിസന്ധി ഘട്ടത്തെ ഗുരുതരമാക്കുന്നു. 2017-18ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഒരു താൽക്കാലിക തൊഴിലാളിയുടെ ശരാശരി വേതനം 254.83 രൂപയാണ്. സ്വയംതൊഴിൽ ചെയ്യുന്ന ഒരു വ്യക്തിയുടെ ശരാശരി വരുമാനം 276.09 രൂപയും. രാജ്യത്തെ 68% തൊഴിലാളികളും ജോലി ചെയ്യുന്നത് ദേശീയ മിനിമം കൂലിയായ 375 രൂപയിലും താഴെയാണ് എന്നതാണ് യാഥാർത്ഥ്യം. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം അന്നത്തെ വരുമാനത്തിനപ്പുറത്തേക്ക് ഭാവിയിലേക്ക് മിച്ചംപിടിക്കാനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു.

അസംഘടിതമായും അരക്ഷിതാവസ്ഥയിലും കഴിഞ്ഞിരുന്ന കോടിക്കണക്കിന്‌ തൊഴിലാളികളെയാണ് ലോക്ക്ഡൗൺ പ്രഖ്യാപനത്തിലൂടെ, കേന്ദ്ര ഗവൺമെന്റ് തെരുവുകളിലേക്കെറിഞ്ഞത് / photo: PARI Network, Purusottam Thakur

ഈയൊരു അസംഘടിതാവസ്ഥയിലും അരക്ഷിതാവസ്ഥയിലും കഴിഞ്ഞിരുന്ന കോടിക്കണക്കായ തൊഴിലാളികളെയാണ് ലോക്ക്ഡൗൺ പ്രഖ്യാപനത്തിലൂടെ, യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര ഗവൺമെന്റ് തെരുവുകളിലേക്കെറിഞ്ഞത്. കാര്യമായ സമ്പാദ്യ (savings) മില്ലാതെ, വരുമാനം കൂടി നിലച്ച ജനങ്ങളുടെ വാങ്ങൽശേഷിയിൽ (purchasing power) ഇക്കാലയളവിൽ അതിഭീമമായ കുറവ് സൃഷ്ടിക്കുമെന്നത് ഉറപ്പായിരുന്നു. അത് വിപണിയിലെ പ്രതിസന്ധി ഇരട്ടിപ്പിക്കുമെന്നും ഉൽപാദന-സേവന മേഖലകളെ ഗൗരവമായ തകർച്ചയിലേക്ക് നയിക്കുമെന്നതും വസ്തുതയാണ്. സെന്റർ ഫോർ ഇന്ത്യൻ ഇക്കണോമി (CMIE)യുടെ കണക്കനുസരിച്ച് 20-30 വയസ് പ്രായമുള്ളവർക്കിടയിൽ 2.7 കോടി പേർക്ക് ലോക്ക്ഡൗൺ മൂലം തൊഴിൽനഷ്ടം സംഭവിച്ചിട്ടുണ്ട്. 30 വയസ്സ് പ്രായമുള്ള സ്ത്രീകൾക്കിടയിൽ ഏപ്രിലിൽ മാത്രം സംഭവിച്ച തൊഴിൽനഷ്ടം 3.3 കോടിയാണ്. യുവജനങ്ങൾക്കിടയിലെ വരുമാന നഷ്ടം ഉപഭോക്തൃസാധന വിപണിയുടെ തകർച്ചക്ക് കാരണമായിട്ടുണ്ടെന്ന് രാജ്യത്തിന്റെ ആഭ്യന്തര മൊത്തോൽപാദനത്തിലെ കണക്ക് വ്യക്തമാക്കുന്നു.

ഗ്രാമീണ സ്ത്രീകളും തൊഴിലില്ലായ്മയും

ഏതൊരു ദുരന്തവും നിലനിൽക്കുന്ന വിടവുകളെ ആഴത്തിലുള്ളതാക്കുകയോ, സാമൂഹിക വിവേചനങ്ങളെ ബലപ്പെടുത്തുകയോ അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കോവിഡും അടച്ചുപൂട്ടലും അസംഘടിത തൊഴിൽ മേഖല നാളിതുവരെ നേരിട്ടുകൊണ്ടിരുന്ന അനിശ്ചിതാവസ്ഥകളുടെയോ അസ്ഥിരതകളുടെയോ ആക്കം വർധിപ്പിക്കുകയല്ല, മറിച്ച്, തൊഴിൽ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് നയിച്ചതെന്ന് കാണാം. International Labour Organization (ILO 2020) ന്റെ റിപ്പോർട്ടനുസരിച്ച് കോവിഡ് ആഗോളതലത്തിൽ 400 ദശലക്ഷം അസംഘടിത തൊഴിലാളികളുടെ ഉപജീവന മാർഗം അടച്ചുകളയുകയും, അവരെ രൂക്ഷമായ ദാരിദ്ര്യത്തിലെത്തിക്കുകയും ചെയ്തു. ഇതിൽ തന്നെ സ്ത്രീകളുടെ അവസ്ഥയാണ് പരിതാപകരം. അസംഘടിത മേഖലയിലെ സ്ത്രീകൾ ചെയ്യുന്ന തൊഴിലുകളിൽ ഭൂരിഭാഗവും ദൃശ്യത കുറഞ്ഞവയാണ്. കൂടാതെ അനൗപചാരികമായ തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായി കടന്നുവരികയും, നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തൊഴിലാളി സഞ്ചയങ്ങളാണ് ഈ മേഖലയിൽ.

കൂടിയ അധ്വാന സമയം, കുറഞ്ഞ വേതനം, അനാരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെല്ലാം സ്ത്രീ തൊഴിലാളികൾ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിൽ പ്രശ്‌നങ്ങളാണ് / photo: PARI Network, P. Sainath

കൂടിയ അധ്വാനസമയം, കുറഞ്ഞ വേതനം, അനാരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെല്ലാം ഇത്തരം സ്ത്രീതൊഴിലാളികൾ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിൽ പ്രശ്‌നങ്ങളാണ്. ഹോസ്പിറ്റാലിറ്റി, കെയർ സർവീസ്, ആശുപത്രി ജോലികൾ, ചില്ലറ ചെറുകിട- തെരുവു വ്യാപാരം, നിർമാണ പ്രവർത്തനങ്ങൾ, ശുചീകരണം, വീട്ടുവേല എന്നിവയെല്ലാമാണ് സ്ത്രീ തൊഴിലാളി പങ്കാളിത്തം കൂടുതലുള്ള മേഖലകൾ. അസംഘടിത മേഖലയിലെ അധ്വാനശക്തിയുടെ നല്ലൊരു ശതമാനം കാർഷിക മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് നാം കണ്ടു. ഇതിൽ സ്ത്രീ തൊഴിലാളികളും ഉൾപ്പെടും. അടച്ചുപൂട്ടൽ ഈ മേഖലകളെയെല്ലാം ബാധിച്ചതുകൊണ്ട് തൊഴിൽ നഷ്ട്ടപ്പെട്ട സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്.

ദിവസവേതനാടിസ്ഥാനത്തിലാണ് ഈ തൊഴിലുകളിൽ സ്ത്രീകൾ ഏർപ്പെട്ടിരുന്നത്. മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ അടച്ചുപൂട്ടൽ അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായി വരുമാന സ്രോതസുകളെ അടച്ചുകളഞ്ഞു. ഗ്രാമീണ മേഖലയിൽ ഇത്തരം തൊഴിലുകളിൽ നിന്നുള്ള സ്ത്രീകളുടെ വരുമാനം ആശ്രയിച്ചു നിലനിൽക്കുന്ന അനേകം കുടുംബങ്ങളുണ്ട്. മറ്റു വീട്ടുചെലവുകൾക്കപ്പുറം കുടുംബാംഗങ്ങളുടെ ഭക്ഷണാവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ വരുമാനത്തിന് വലിയ പങ്കുണ്ട് എന്നതുകൊണ്ടുതന്നെ മഹാമാരിക്കാലം ഗ്രാമീണ കുടുംബങ്ങളുടെ പോഷണ നിലവാരത്തിൽ വരുത്തിയ ഇടിവ് വളരെ വലുതാണ്. ദാരിദ്ര്യം രൂക്ഷതയിൽ എത്തിയതും ഈ കാലയളവിലാകും. ഇന്ത്യൻ കുടുംബങ്ങളിൽ വിഭവങ്ങളുടെ വിതരണത്തിലും, പങ്കിട്ടെടുപ്പിലും സ്ത്രീ-പുരുഷ വിവേചനം ശക്തമാണ് എന്നതുകൊണ്ട് കോവിഡ്കാലം പെൺകുട്ടികളുടെയും സ്ത്രീകളുടെയും പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ കുറവുണ്ടാക്കിയിട്ടണ്ട്. ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ പോഷകദാരിദ്ര്യം നേരിടുവരാണ്. 53% സ്ത്രീകളും വിളർച്ച നേരിടുവരാണ്. തൊഴിൽ നഷ്ടപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ച് അവരുടെ ആരോഗ്യവും കൂടി അപകടത്തിലാവുന്ന സാഹചര്യം നേരിടേണ്ടി വരുന്നു.

നഷ്ടപ്പെട്ട തൊഴിൽ സ്ഥലവും സാഹചര്യങ്ങളും പുനഃസ്ഥാപിച്ചെടുക്കാൻ സ്ത്രീകൾ കൂടുതൽ പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അധ്വാനശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അടച്ചുപൂട്ടലിനുശേഷം തൊഴിൽ മേഖലകളിലേക്ക് തിരിച്ചുവന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

നഗരങ്ങളെ ആശ്രയിച്ച് ഉപജീവന മാർഗം കണ്ടെത്തിക്കൊണ്ടിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ തൊഴിലുകളും കോവിഡ് ഇല്ലാതാക്കി. അടച്ചുപൂട്ടൽ കാലയളവിൽ തൊഴിൽരഹിതരായ 6.7 ദശലക്ഷം സ്ത്രീകളിൽ 2.3 ദശലക്ഷം ഗ്രാമീണ സ്ത്രീകളും 4.4 ദശലക്ഷം നഗര പ്രദേശങ്ങളിലെ സ്ത്രീകളുമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. നഗര പ്രദേശങ്ങളിൽ ചെറുകിട ജോലികൾ ചെയ്തുവന്നിരുന്ന സ്ത്രീ തൊഴിലാളികൾ മുഴുവൻ പെട്ടെന്ന് അപ്രത്യക്ഷമായത് കാണാം. 2011നുശേഷം തൊഴിൽ തേടിയുള്ള സ്ത്രീ തൊഴിലാളികളുടെ ദേശാന്തര കുടിയേറ്റത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഏതു ദുരന്തമായാലും അത് എളുപ്പം ബാധിക്കുക സ്ത്രീ തൊഴിലുകളെയാണ്. മുമ്പ് നോട്ടു നിരോധനം നടപ്പിലാക്കിയ സമയത്തും തൊഴിൽ മാർഗമില്ലാതായവരിൽ കൂടുതലും സ്ത്രീകളെയാണെന്ന് കാണാം. നിലവിലെ കോവിഡാനന്തര സാഹചര്യം വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുന്ന ഒരു കാര്യം, തൊഴിലുകളിലേക്കുള്ള മടക്കം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കിടയിൽ കുറവാണ് എന്നതാണ്.

ഗ്രാമീണ മേഖലയിൽ ജോലി നഷ്ടമായ സ്ത്രീകൾ 49.7% ആണ്. ഈ തൊഴിൽ നഷ്ടം ഗ്രാമീണ കുടുംബാരോഗ്യത്തിലും പെൺകുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിലും പ്രതിഫലിപ്പിക്കപ്പെടുന്നതെങ്ങനെയെന്ന് കാണാനിരിക്കുന്നതേയുള്ളൂ / photo: PARI Network, Shreya Katyayini

നഷ്ടപ്പെട്ട തൊഴിൽ സ്ഥലവും സാഹചര്യങ്ങളും പുനഃസ്ഥാപിച്ചെടുക്കാൻ സ്ത്രീകൾ കൂടുതൽ പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അധ്വാനശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ അടച്ചുപൂട്ടലിനുശേഷം തൊഴിൽ മേഖലകളിലേക്ക് തിരിച്ചുവന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഗാർഹിക തൊഴിലാളികൾക്കുപകരം വാഷിംഗ് മെഷീനുകളുടെയും, ഡിഷ് വാഷറുകളുടെയും, ശുചീകരണ യന്ത്രങ്ങളുടെയും വിൽപനയിൽ ഇന്ത്യയിൽ വൻ വർധനവ് സംഭവിക്കുകയാണെ് വാൾസ്ട്രീറ്റ് ജേർണലിന്റെ എറിക് ബെൽമാൻ ഏപ്രിലിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഹോട്ടൽ-ടൂറിസം മേഖലകൾ പോലുള്ള സേവനരംഗങ്ങളിൽ 9 കോടിയിലധികം ആളുകൾ ജോലി ചെയ്യുുണ്ട്. പുതിയ സാഹചര്യത്തിൽ ടൂറിസം മേഖല എന്ന് സജീവമാകുമെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുകയാണ്. ഹോട്ടൽ- ടൂറിസം മേഖലയിലും സ്ത്രീകളുടെ സംഖ്യ ഒട്ടും കുറവല്ല എന്നത് യാഥാർത്ഥ്യമാണ്. സർവേകൾ പ്രകാരം (CMIE, Azim Premji University) ജോലി നഷ്ടമായ സ്ത്രീകൾ 49.7% ആണ്. ഇവയൊക്കെയും ഗ്രാമീണ കുടുംബാരോഗ്യത്തിലും പെൺകുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളിലും പ്രതിഫലിപ്പിക്കപ്പെടുന്നതെങ്ങനെയെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

'ഉത്തേജന പാക്കേജുകൾ', 'ആത്മനിർഭര ഭാരതം'

ലക്ഷം കോടികളെ സംബന്ധിച്ച കണക്കുകൾ ഇന്ത്യൻ ജനത ആവർത്തിച്ച് കേട്ടുകൊണ്ടിരുന്ന നാളുകളായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യമാസങ്ങൾ! തൊഴിലാളികൾ ആശ്രയമില്ലാതെ തെരുവിൽ അലഞ്ഞിരുന്ന നാളുകളിലാണ് ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായ പദ്ധതികൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ആദ്യ പ്രഖ്യാപനം മാർച്ച് 26നായിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ 1.7 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. ജൻധൻ അക്കൗണ്ടുകൾ വഴി സ്ത്രീകൾക്ക് പണമെത്തിക്കുന്നതിന് 3000 കോടി രൂപ, ഭക്ഷ്യധാന്യങ്ങൾ സൗജന്യ റേഷൻ വഴി നൽകുന്നതിന് 3500 കോടി, മുതിർന്ന പൗരന്മാർ, വിധവകൾ, അംഗപരിമിതർ എന്നിവർക്ക് 3000 കോടി, പി.എം.കിസാൻ പദ്ധതിക്ക് 17,500 കോടി, ഉജ്വല പദ്ധതിക്ക് 13,000 കോടി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 40,000 കോടി, തൊഴിലാളി ക്ഷേമനിധിയിലേക്ക് 2,500 കോടി, ആദിവാസി ജനങ്ങൾക്ക് തൊഴിൽ നൽകാൻ 6,000 കോടി എന്നിങ്ങനെയായിരുന്നു ആദ്യ സഹായ പദ്ധതികൾ.

അടുത്ത പ്രഖ്യാപനം മെയ് 12നായിരുന്നു. 20 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിച്ചു. ആത്മനിർഭര ഭാരതത്തെക്കുറിച്ചും പ്രതിസന്ധികൾ അവസരമാക്കി മാറ്റുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പിന്നീട് ധനമന്ത്രി പദ്ധതി വിശദാംശങ്ങൾ പ്രഖ്യാപിച്ചതോടെ തുക വീണ്ടും വർധിച്ച് 20,97,053 കോടി രൂപയായി. ബാങ്കുകളുടെ പണപ്രശ്‌നം പരിഹരിക്കുന്നതിന് 8 ലക്ഷം കോടി, MSMEകൾക്കുള്ള കൊളാറ്ററൽ ലോൺ ഇനത്തിൽ 3 ലക്ഷം കോടി, പി.എം.കിസാൻ ക്രെഡിറ്റ് കാർഡിന് 2 ലക്ഷം കോടി എന്നിങ്ങനെ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ പ്രധാനമന്ത്രിയും ധനമന്ത്രിയും ചേർന്ന് ജനങ്ങളുടെ മേൽ വർഷിച്ചു. ഇവയിൽ വലിയൊരു ഭാഗവും മുൻകാല ബജറ്റുകളിൽ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ തനിയാവർത്തനം മാത്രമായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു.

സാങ്കേതിക നൈപുണ്യം നേടാൻ കഴിയാത്തവരും തങ്ങളെത്തന്നെ അത്തരത്തിൽ പുതുക്കാൻ കഴിയാത്തവരും തൊഴിൽ വിപണിയിൽ നിന്ന് എളുപ്പം പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് / photo: PARI Network, Aparna Karthikeyan

അതേസമയം, തൊഴിലും വരുമാനവും നഷ്ടപ്പെട്ട കോടിക്കണക്കായ ജനങ്ങൾക്ക് ആകെ ലഭ്യമായ തുക മുമ്പേ പ്രഖ്യാപിക്കപ്പെട്ട 1.7 ലക്ഷം കോടി രൂപ മാത്രമായിരുന്നുവെന്ന് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ്തുക വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ കണക്കെഴുതി! സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള കൊളാറ്ററൽ ലോണുകൾക്കായി പ്രഖ്യാപിക്കപ്പെട്ട തുക കേവല വകയിരുത്തൽ മാത്രമാണെന്നും അത് അത്തരം സംരംഭങ്ങൾക്ക് ഉറപ്പുള്ള ആശ്വാസ നടപടികളല്ലെന്നും അറിയുന്നവർ ചുരുക്കമാണെന്ന് സർക്കാർ ബുദ്ധികേന്ദ്രങ്ങൾക്ക് ധാരണയുണ്ടായിരുന്നു.

താൽക്കാലിക തൊഴിൽനഷ്ടം മാത്രമായിരിക്കുമെന്ന് കരുതിയിരുന്നവർക്ക് അനന്തമായി നീളുന്ന ലോക്ക്ഡൗൺ കാലയളവ് തങ്ങളുടെ തൊഴിലുകൾ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണെന്ന തിരിച്ചറിവ് വീടുകളിൽ വലിയ സംഘർഷങ്ങൾക്ക് കാരണമായി

അതേസമയം നേരിട്ടുള്ള കാഷ് ട്രാൻസ്ഫറുകളും സൗജന്യ ഭക്ഷ്യധാന്യ വിതരണവും മാത്രമായിരുന്നു ജനങ്ങൾക്ക് ആശ്വാസമായത്. അതേസമയം, കുടിയേറ്റ തൊഴിലാളികൾക്ക് ഈ ആശ്വാസ പദ്ധതികളുടെ ഗുണം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഗവൺമെന്റുകൾക്ക് സാധിച്ചിരുന്നില്ല. ആന്ധ്രാപ്രദേശ്, ഹരിയാന, ബിഹാർ, തമിഴ്‌നാട് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങൾ ഒറ്റത്തവണത്തെ ആശ്വാസ നടപടിയെന്ന നിലയിൽ തൊഴിലാളികൾക്ക് 1000 രൂപ നൽകി. ഒഡീഷ സർക്കാർ തിരിച്ചെത്തിയ തൊഴിലാളികൾക്ക് ക്വാറന്റയിൻ സപ്പോർട്ട് എന്ന നിലയിൽ 2000 രൂപ നൽകി. പഞ്ചാബ് ഗവൺമെന്റ് നിർമാണത്തൊഴിലാളികൾക്ക് 3000 രൂപയും. ആറും ഏഴും അംഗങ്ങളുള്ള കുടുംബങ്ങൾക്ക് മാസങ്ങളോളം കഴിയാനുള്ള തുകയായിരുന്നു ഇത്! കാർഷിക - ചെറുകിട വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന കോടിക്കണക്കായ ജനങ്ങളുടെ പക്കലേക്ക് പണത്തിന്റെ നേരിട്ടുള്ള പ്രവാഹം സാധ്യമാക്കാത്തിടത്തോളം വിപണിയെ ചലനാത്മകമാക്കി നിർത്താൻ സാധ്യമല്ല.

എന്നന്നേക്കുമായി നഷ്ടമായ തൊഴിലുകൾ

താൽക്കാലിക തൊഴിൽനഷ്ടം മാത്രമായിരിക്കുമെന്ന് കരുതിയിരുന്നവർക്ക് അനന്തമായി നീളുന്ന ലോക്ക്ഡൗൺ കാലയളവ് തങ്ങളുടെ തൊഴിലുകൾ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണെന്ന തിരിച്ചറിവ് വീടുകളിൽ വലിയ സംഘർഷങ്ങൾക്ക് കാരണമായി. ഇതോടൊപ്പം, പുതിയ സാഹചര്യങ്ങളിൽ തൊഴിലുകളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ തൊഴിൽ മേഖലകളിലേക്കുള്ള ദ്രുതഗതിയിലുള്ള കടന്നുകയറ്റവും അവിദഗ്ധ തൊഴിലാളികളുടെ തൊഴിലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നുണ്ട്. സാങ്കേതിക നൈപുണ്യം നേടാൻ കഴിയാത്തവരും തങ്ങളെത്തന്നെ അത്തരത്തിൽ പുതുക്കാൻ കഴിയാത്തവരും തൊഴിൽ വിപണിയിൽ നിന്ന് എളുപ്പം പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പൊതുവിഭവങ്ങളിന്മേലുള്ള വൻകിട കമ്പനികളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന ആഘാതവും അതിനെതിരെയുള്ള ഗ്രാമീണ മേഖലയുടെ നിരന്തര ചെറുത്തുനിൽപ്പുകളും ഗ്രാമീണാന്തരീക്ഷത്തെ കലുഷിതമാക്കുന്നു / photo: PARI Network, Priyanka Kakodkar

കാർഷിക മേഖലയുടെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും തകർച്ച, ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങൾ, വർധിച്ച ജീവിതച്ചെലവ്, നിനച്ചിരിക്കാതെ വർധിച്ച ഗ്രാമീണ ജനസംഖ്യ എന്നിവയൊക്കെച്ചേർന്ന് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിലുള്ള സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഇവയ്‌ക്കൊക്കെ പുറമെ പൊതുവിഭവങ്ങളിന്മേലുള്ള വൻകിട കമ്പനികളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന ആഘാതവും അതിനെതിരെയുള്ള ഗ്രാമീണ മേഖലയുടെ നിരന്തര ചെറുത്തുനിൽപ്പുകളും ഗ്രാമീണാന്തരീക്ഷത്തെ കലുഷിതമാക്കുന്നുണ്ട്. അതേക്കുറിച്ച് അടുത്ത ലക്കത്തിൽ വിശദീകരിക്കാം. ▮


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments