സംഘപരിവാർ ഭരണകൂടം കഴിഞ്ഞ ആറ് വർഷക്കാലയളവിൽ ഇന്ത്യൻ ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്ന് നാം അനുഭവത്തിലൂടെ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ കഴിഞ്ഞ 4 മാസക്കാലമായി തെരുവിൽ പ്രക്ഷോഭത്തിലാണ്. ചെറുകിട വ്യവസായ മേഖല നാശത്തിന്റെ പടുകുഴിയിലാണ്. നോട്ടു നിരോധനം തൊട്ട് പൊതുമേഖലകളുടെ വില്പനകൾ വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും തകർക്കുന്ന നയങ്ങളാണ് ഈ ചെറിയ കാലയളവിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കുന്ന, കൂട്ടക്കൊലകളും വർഗീയ കലാപങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന, പൗരന്മാരെ വേർതിരിക്കുന്ന, ഫെഡറൽ ഭരണ സംവിധാനത്തെ ആകെ അട്ടിമറിക്കുന്ന സംഘപരിവാർ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയൊന്നാകെ തിരസ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.
ശാസ്ത്ര-ഗവവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ ഒന്നൊന്നായി ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കുവാനുള്ള വേദികളായി മാറ്റിക്കൊണ്ടിരിക്കുന്നു. വിലവർദ്ധനവും തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും മത വൈകാരിക വിഷയങ്ങൾ ഉയർത്തി അതിനെ മറച്ചുപിടിക്കാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാമെന്ന് RSS-BJP നേതൃത്വം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. "കേവല ഭൂരിപക്ഷത്തിന്റെ പാതിയുണ്ടെങ്കിൽ പോലും ഞങ്ങൾ ഭരിക്കു'മെന്ന് ജനങ്ങളെ നോക്കി വെല്ലുവിളിക്കാൻ അവർക്ക് സാധിക്കുന്നു.
ബിജെപി ഭരണത്തിൻകീഴിൽ കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ തുടങ്ങി എല്ലാ അടിസ്ഥാന ജനവിഭാഗങ്ങളും അടിച്ചമർത്തലുകളെ നേരിടുകയാണ്. രാജ്യത്തിന്റെ സമ്പത്ത് അംബാനിയും അദാനിയും പോലുള്ള ഏതാനും വൻകിട കോർപ്പറേറ്റുകളുടെ കൈകളിലേക്ക് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അതിനുള്ള എല്ലാ ഒത്താശയും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നു.
സംഘപരിവാറിന്റെ ഈയൊരു ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ കർഷക സമൂഹമാണ്. ബിജെപി സർക്കാരിനും ആർഎസ്എസിനും എതിരായി നേരിട്ട യുദ്ധംതന്നെ അവർ നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുവാനുള്ള പ്രചരണ പരിപാടികളുമായി കർഷക സമൂഹം ഇന്ത്യയിലെമ്പാടുമായി പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. പശ്ചിമ ബംഗാളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കർഷകർക്ക് സാധിച്ചിരിക്കുന്നു. പഞ്ചാബിലെ മൂന്ന് ബിജെപി എംഎൽഎ മാർക്കും ബിജെപിയിൽ നിന്ന് രാജിവെച്ച് മറ്റ് പാർട്ടികളിലേക്ക് ചേക്കേറേണ്ടി വന്നു. ബിജെപി മുക്ത പഞ്ചാബ് എന്ന കർഷക മുദ്രാവാക്യത്തിന്റെ ആദ്യ വിജയമായി ഇത്. എൻഡിഎയിലെ പല ഘടക കക്ഷികളെയും അതിൽ നിന്ന് പുറത്തുചാടിക്കാൻ കർഷകരുടെ പ്രചരണങ്ങൾക്ക് സാധിച്ചിരിക്കുന്നു.
ബിജെപിക്കും കോർപ്പറേറ്റുകൾക്കും എതിരായ യുദ്ധത്തിൽ കർഷകർ നൽകുന്ന ദിശാബോധം സുപ്രധാനമാണ്. നിലവിലെ മുന്നണി സംവിധാനങ്ങളിലെ പിഴവുകളും അസംതൃപ്തികളും മുതലെടുത്ത്, ജനങ്ങളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച് അധികാരത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന സംഘപരിവാറിനെ തളച്ചിടേണ്ടത് ജനാധിപത്യത്തെ സംരക്ഷിക്കുവാനുള്ള ആദ്യപടിയാണ്. ഉത്തരേന്ത്യയിൽ കർഷകർ ഉയർത്തിയ വെല്ലുവിളികളിൽ പതറി, പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ബിജെപി- സംഘപരിവാർ ശക്തികളെ എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്.
"ഉത്തരേന്ത്യ മുഴുവൻ അടിയന്തിരാവസ്ഥയ്‌ക്കെതിരെ വിധിയെഴുതിയപ്പോൾ കോൺഗ്രസ്സിനെ വിജയിപ്പിച്ച കേരളം' എന്ന അപമാനം പേറുന്ന സംസ്ഥാനമാണ് നമ്മുടേത്. ബിജെപിക്കെതിരായി കർഷകരും ആദിവാസി-ദളിത് വിഭാഗങ്ങളും കലാപക്കൊടി ഉയർത്തുമ്പോൾ അവരെ കേരള മണ്ണിൽ നിന്നും തൂത്തെറിഞ്ഞുകൊണ്ട് ഈ അപമാനത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ധാരാളിത്തത്തിനുള്ള സമയമല്ലിത്; ഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ട നിർണ്ണായക ഘട്ടമാണ്.