മഹാരാഷ്ട്രയിലെ പാർഘറിൽ ബുള്ളറ്റ് ട്രയിൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ഗ്രാമീണ കർഷകരും ആദിവാസികളും / Photo: Shashi Sonawane

ഗ്രാമങ്ങൾ സംഘർഷഭരിതമാണ്​

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ - 4

ഗ്രാമീണ മേഖല നേരിടുന്ന, ഭാവിയിൽ രൂക്ഷമാകാൻ സാധ്യതയുള്ള, വിഭവ സംഘർഷങ്ങൾ പുതിയൊരു വികസനാവബോധത്തെ സംബന്ധിച്ച സംവാദങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.

ലേഖന പരമ്പരയുടെ ആദ്യം ഗോവൻ ജനതയും, മഹാരാഷ്ട്രയിൽ പാൽഘറിൽ ആദിവാസി ജനതയും, ബുന്ദേൽഘണ്ഡിൽ കെൻ നദി സംരക്ഷണത്തിന്​ തദ്ദേശവാസികളായ സ്ത്രീകളും നടത്തുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച്​സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെമ്പാടും ഇത്തരം നൂറുകണക്കായ ജനകീയ പ്രക്ഷോഭങ്ങൾ, പ്രാദേശിക ജനങ്ങളുടെ മുൻകൈയ്യിൽ നടക്കുന്നുണ്ട്. അടിസ്ഥാന പ്രകൃതി വിഭവ സംരക്ഷണവും വിഭവാധികാരം ഉറപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള സംഘർഷങ്ങൾ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൻകിട വ്യവസായ കോറിഡോറുകൾ, എക്​സ്​പ്രസ്​ ഹൈവേകൾ, അതിവേഗ റെയിൽപാതകൾ, വൻകിട അണക്കെട്ടുകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവക്ക്​ വൻതോതിൽ ഭൂമി ഏറ്റെടുക്കലും പൊതുവിഭവങ്ങളുടെ സ്വകാര്യവൽക്കരണവും അടിസ്ഥാന പ്രകൃതി വിഭവങ്ങളുടെയും പാരിസ്ഥിതിക സേവനങ്ങളുടെയും ഞെരുക്കത്തിലേക്കാണ് നയിക്കുന്നതെന്നും അതിന്റെ ആദ്യ ഇര ഗ്രാമീണ മേഖലയിൽ വസിക്കുന്നവരാണെന്നമുള്ള തിരിച്ചറിവ് ജനങ്ങളിൽ ഉടലെടുത്തിരിക്കുകയാണ്.

അതേസമയം പൊതുമേഖലകളെയും വിഭവങ്ങളെയും സമ്പൂർണ സ്വകാര്യവൽക്കരണത്തിന് അടിപ്പെടുത്തുന്ന നയങ്ങളുമായി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഗവൺമെന്റുകളും മുന്നിട്ടിറങ്ങുന്നു. വിഴിഞ്ഞം തുറമുഖം തൊട്ട് ഇൻഷൂറൻസ് മേഖലയിലെ സ്വകാര്യ നിക്ഷേപം വരെ ഉദാഹരണങ്ങളായി മുന്നിലുണ്ട്. സാമ്പ്രദായിക വികസന കാഴ്ചപ്പാടുകളുമായി രാഷ്ട്രീയ കക്ഷികളും അവർ നയിക്കുന്ന ഭരണകൂടങ്ങളും ഒരു ഭാഗത്തും വികസനത്തിന്റെ ഇരകളായി പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ മറുഭാഗത്തും നിൽക്കുന്ന പുതിയ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളാണ് ഇന്ന് ഇന്ത്യയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന, അവരുടെ സ്വപ്ന പദ്ധതികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന, നാല് വൻകിട പദ്ധതികളോട് പദ്ധതി ബാധിതരായ ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെ ഈ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മനസിലാക്കാൻ ശ്രമിക്കാം. ഗ്രാമീണ മേഖല നേരിടുന്ന, ഭാവിയിൽ രൂക്ഷമാകാൻ സാധ്യതയുള്ള, വിഭവ സംഘർഷങ്ങൾ പുതിയൊരു വികസനാവബോധത്തെ സംബന്ധിച്ച സംവാദങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.

മഹാരാഷ്ട്രയിലെ പാൽഘർ

മഹാരാഷ്ട്രയിലെ പാൽഘർ ജില്ല മുംബൈ നഗരത്തോട് അധികം ദൂരെയല്ലാത്ത പ്രദേശമാണ്. അതേസമയം ഗ്രാമീണ കർഷകരും ആദിവാസികളുമാണ് ജില്ലയിലെ ജനസംഖ്യയിൽ പ്രധാനം. കോളി വിഭാഗത്തിൽപ്പെട്ട ഭീൽ ആദിവാസികൾക്ക് മുൻതൂക്കമുള്ള ജില്ല കൂടിയാണിത്. പാൽഘർ ജില്ലയിലെ ആദിവാസികളും കർഷകരും പ്രക്ഷോഭത്തിലാണ്. മോദി സർക്കാരിന്റെ "സ്വപ്ന പദ്ധതി' യെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ജീവൻ പോയാലും പദ്ധതിക്ക് ഭൂമി വിട്ടു നൽകില്ലെന്ന് പ്രഖ്യാപിച്ച്​ അരലക്ഷത്തോളം ആളുകളാണ് പ്രത്യക്ഷ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

നിർദ്ദിഷ്ട അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാപ്പ് / Photo: NHSRCL.
നിർദ്ദിഷ്ട അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പാതയുടെ മാപ്പ് / Photo: NHSRCL.

2017ൽ നരേന്ദ്ര മോദിയും ജാപ്പാനീസ് പ്രധാനമന്ത്രി ആബെയും ചേർന്ന് ഉദ്ഘാടനം ചെയ്ത മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരു ലക്ഷം കോടി രൂപ മുതൽ മുടക്കുള്ളതാണ്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (JICA)യുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന പദ്ധതി, 508 കിലോമീറ്റർ നീളത്തിൽ, മുംബൈ- അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാതയിൽ ഒന്നായാണ് വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഹൈ സ്​പീഡ്​ ട്രെയിനുകൾ രണ്ട് നഗരങ്ങളും തമ്മിലുള്ള യാത്രാ ദൂരം രണ്ട് മണിക്കൂറിൽ താഴെയായി ചുരുക്കുമെന്നാണ് അധികൃതരുടെ അവകാശവാദം.

തുറമുഖം, എക്​സ്​പ്രസ്​‌ വേ, തീരദേശ ഹൈവേ, വൈദ്യുത പ്രസരണ ലൈനുകൾ എന്നീ പദ്ധതികൾക്ക്​ ആദിവാസികളുടെയും കർഷകരുടെയും നിരവധി ഹെക്ടർ ഭൂമി ഏറ്റെടുത്തു. എന്നാൽ, ഗുണഭോക്താക്കളുടെ പട്ടികയിൽ ഒരിക്കൽപ്പോലും ഈ വിഭാഗങ്ങൾ ഉൾപ്പെട്ടില്ല

ബുള്ളറ്റ് ട്രെയിൻ പാതയുടെ വലിയൊരു ഭാഗവും (351 കി.മീ) ഗുജറാത്തിലൂടെയാണ്. മഹാരാഷ്ട്രയിലൂടെ 156 കി.മീയും, കേന്ദ്ര ഭരണ പ്രദേശമായ ദാദർ- ഹവേലിയിലൂടെ ഏഴു കി.മീയും താനെ കടലിടുക്കിലൂടെ കടലിന്നടിയിലൂടെ ഏഴു കിലോമീറ്ററുമായിരിക്കും കടന്നുപോകുക. 2023ൽ പണി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക്​ 1308 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഒടുവിലത്തെ കണക്കനുസരിച്ച് 548 കിലോമീറ്റർ ഭൂമി മാത്രമേ സർക്കാരിന് ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളൂ. ഗുജറാത്തിലടക്കം കർഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും എതിർപ്പ്​ നേരിട്ടാണ് പദ്ധതി നടപ്പിലാക്കാൻ അധികാരികൾ തുനിയുന്നത്. അതിൽ പ്രതിഷേധം ശക്തം, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ്. രാജ്യ വികസനത്തിന് സ്വന്തം ഭൂമി നഷ്ടപ്പെടുത്തേണ്ടി വരുന്നത് പാൽഘർ ജില്ലയിലെ ജനങ്ങളെ സംബന്ധിച്ച്​ഇതാദ്യമല്ല. തുറമുഖം, എക്​സ്​പ്രസ്​ വേ, തീരദേശ ഹൈവേ, വൈദ്യുത പ്രസരണ ലൈനുകൾ എന്നീ പദ്ധതികൾക്ക്​ മേഖലയിലെ ആദിവാസികളുടെയും കർഷകരുടെയും നിരവധി ഹെക്ടർ ഭൂമി ഏറ്റെടുത്തു. എന്നാൽ, ഗുണഭോക്താക്കളുടെ പട്ടികയിൽ ഒരിക്കൽപ്പോലും ഈ വിഭാഗങ്ങൾ ഉൾപ്പെട്ടില്ല എന്നത് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ആഴം വർധിപ്പിക്കുന്നു.

"കോൾ ഹബ്, കോനകാ നാകാ'

""ആംഖ നാകാ, തുംക നാകാ; കോൾ ഹബ് കോനകാ നാകാ'' (എനിക്കും വേണ്ട നിനക്കും വേണ്ട; കൽക്കരി കേന്ദ്രം ആർക്കും വേണ്ട)- 2020 നവംബർ രണ്ടിന് ആയിരക്കണക്കായ ഗോവൻ നിവാസികൾ തെക്കൻ ഗോവയിലെ ചന്ദോർ റെയിൽ ട്രാക്കുകൾ ഉപരോധിച്ച്​ വിളിച്ചുപറഞ്ഞു. മർമുഗാവ് തുറമുഖത്തേക്കുള്ള കൽക്കരി വാഗണുകളെ തടയുക എന്നതായിരുന്നു അവരുടെ ഉപരോധ ലക്ഷ്യം. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്കും വൻകിട നിക്ഷേപകർക്കും വേണ്ടി ഗോവയെ "കോൾഹബ്' ആക്കി പരിവർത്തിക്കുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം. മർമുഗാവ് പോർട്ട് ട്രസ്റ്റിന്റെ ശേഷി വർധിപ്പിക്കുവാനുതകുന്ന നാല് പശ്ചാത്തല വികസന പദ്ധതികൾ ഗോവ പോലുള്ള കൊച്ചു സംസ്ഥാനത്തിന്റെ പരിസ്ഥിതിയെയും ജനജീവിതത്തെയും തകർക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവർ ഒത്തുചേർന്നത്.

ഗോവയെ "കോൾഹബ്' ആക്കി  മാറ്റുന്നതിനെതിരെ ത​ദ്ദേശീയർ 2020 നവംബർ രണ്ടിന് തെക്കൻ ഗോവയിലെ ചന്ദോർ റെയിൽ ട്രാക്ക്​ ഉപരോധിക്കുന്നു / Photo: @savemollemgoa, twitter
ഗോവയെ "കോൾഹബ്' ആക്കി മാറ്റുന്നതിനെതിരെ ത​ദ്ദേശീയർ 2020 നവംബർ രണ്ടിന് തെക്കൻ ഗോവയിലെ ചന്ദോർ റെയിൽ ട്രാക്ക്​ ഉപരോധിക്കുന്നു / Photo: @savemollemgoa, twitter

കോവിഡ് ലോക്ക്​ഡൗൺ മറയാക്കി ജനവിരുദ്ധ നിയമങ്ങളും പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടതിന്റെ കൂട്ടത്തിൽ തന്നെയാണ് നാല് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് ഗോവയിൽ അനുമതി നൽകിയത്. ദേശീയപാത 4 എ വികസനം, സാൻവോർദെം തൊട്ട് മർമുഗാവ് വരെ റെയിൽവെ പാത ഇരട്ടിപ്പിക്കൽ, സ്റ്റെർലൈറ്റ് കമ്പനിയുടെ വൈദ്യുതോത്പാദന കേന്ദ്രത്തിൽ നിന്നുള്ള പ്രസരണ ലൈൻ പദ്ധതി, മർമുഗാവ് പോർട്ട് ട്രസ്റ്റ് വികസനം എന്നിവയായിരുന്നു അവ. ഈ പദ്ധതികൾ കടന്നുപോകുന്നത് ഗോവയിലെ രണ്ട്​ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയാണ്. ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്ന് 60 കി.മീ ദൂരെയുള്ള മൊള്ളം ദേശീയോദ്യാനവും ഭഗവാൻ മഹാവീർ വന്യജീവി സംരക്ഷണ കേന്ദ്രവും തകർത്തേ ഈ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കൂ. 240 ച.കീ.മീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ രണ്ട് സംരക്ഷണ കേന്ദ്രങ്ങളും ഗോവയിലെ പശ്ചിമഘട്ട മേഖലയിൽ അവശേഷിക്കുന്ന തുരുത്തുകൾ മാത്രമാണ്.

റെയിൽവെ ട്രാക്കുകൾക്കും ദേശീയപാത വികസനത്തിനുമായി 30000ത്തിലധികം മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതി നൽകിയത് പ്രകാശ് ജാവ്ദേക്കർ ചെയർമാനായ ദേശീയ വന്യജീവി ബോർഡാണ്. ദൂത്‌സാഗർ വെള്ളച്ചാട്ടം അടക്കമുള്ള നൂറുകണക്കായ നീരുറവകൾ ഉത്ഭവിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ദുർബലമായ പാരിസ്ഥിതിക മേഖലകളെയാണ് പുതിയ പദ്ധതികൾ ഗുരുതരമായി ബാധിക്കാൻ പോകുകയെന്ന് തിരിച്ചറിയുന്ന ജനങ്ങൾ "സേവ് മൊള്ളം' പ്രസ്ഥാനത്തിന് രൂപംനൽകി പ്രതിഷേധിക്കുകയാണ്.

മർമുഗാവ് തുറമുഖ വികസന പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്ത്​അദാനിയാണെന്നത് യാദൃച്​ഛികമല്ല. കുറഞ്ഞ കാലയളവുകൊണ്ട് കൽക്കരി വ്യവസായത്തിലെ ഒന്നാമത്തെയാളാകാൻ അദാനിക്ക് സൗകര്യം ലഭിച്ചത് ഇത്തരം പദ്ധതികൾ മൂലമാണ്

എൻ.ഡി.എ സർക്കാരിന്റെ മറ്റൊരു പദ്ധതിയായ "സാഗർമാല'യിൽ ഉൾപ്പെടുത്തി 137 ദശലക്ഷം ടൺ കൽക്കരി കയറ്റിക്കൊണ്ടുപോകാനുള്ള പദ്ധതിക്കാണ് മർമുഗാവ് തുറമുഖ വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ യഥാർത്ഥ ഗുണഭോക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്ത്​അദാനിയാണെന്നത് യാദൃച്​ഛികമല്ല. വളരെ കുറഞ്ഞ കാലയളവുകൊണ്ട് ഇന്ത്യയിലെ കൽക്കരി വ്യവസായത്തിലെ ഒന്നാമത്തെയാളാകാൻ അദാനിക്ക് സൗകര്യം ലഭിച്ചത് ഇത്തരത്തിലുള്ള പദ്ധതികൾ മൂലമാണ്. മർമുഗാവ് തുറമുഖം കൈകാര്യം ചെയ്യുന്ന കൽക്കരി കയറ്റിറക്കുമതികൾ നിലവിൽ ഈ മേഖലയിലെ സ്വൈര്യജീവിതത്തിന് വിഘാതമാകുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. തുറമുഖത്തിന്റെ ശേഷി പതിന്മടങ്ങ് വർധിപ്പിക്കുമ്പോൾ അത് പശ്ചിമഘട്ടത്തിന്റെ നാശത്തിലേക്ക് മാത്രമേ ചെന്നെത്തൂ എന്ന് അവർ ഭയപ്പെടുന്നുണ്ട്. മാനദണ്ഡം പാലിക്കാതെ കേന്ദ്ര ഗവൺമെന്റ് അനുമതി നൽകിയ നാല് പദ്ധതികളുമായി അനായാസം മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് തോന്നുന്നില്ല. പതിനായിരക്കണക്കിന് ജനങ്ങളാണ് നിത്യേന കോവിഡ് കാലത്ത് പോലും പ്രക്ഷോഭരംഗത്തിറങ്ങുന്നത്.

ബുന്ദേൽഘണ്ഡ്, കെൻ നദി... ജല സമാധി

മധ്യപ്രദേശ് -ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുന്ദേൽഘണ്ഡ് മേഖല ഒരു ദശാബ്ദക്കാലത്തിലേറെയായി അസാധാരണ തോതിൽ ജലദൗർലഭ്യം അനുഭവിക്കുകയാണ്. 13 ജില്ലകളിലെ 14 ദശലക്ഷത്തിലധികം കർഷകരെയാണ് ബുന്ദേൽഘണ്ഡിലെ വരൾച്ചാ പ്രശ്‌നം ബാധിക്കുന്നത്. ജലക്ഷാമം പരിഹരിക്കാൻ ഭരണകൂടം കണ്ടെത്തിയ വഴി ഗൗരവമായ പ്രതിസന്ധികളിലേക്ക് നയിക്കുന്നവയാണ്. മധ്യപ്രദേശിൽ നിന്നുൽഭവിക്കുന്ന കെൻ- ബേത്‌വാ നദികളെ ബന്ധിപ്പിച്ചുള്ള നദീ സംയോജന പദ്ധതി (Ken-Betwa River Linking Project) ജലക്ഷാമം നേരിടുന്ന ഈ മേഖലയെ ഗുരുതര വരൾച്ചയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് ജനങ്ങൾ കരുതുന്നു. 1972ൽ വിഭാവനം ചെയ്ത ഈ പദ്ധതി പ്രായോഗിക പാരിസ്ഥിതിക കാരണങ്ങൾ കൊണ്ട് പലഘട്ടത്തിലും മാറ്റിവെച്ചതായിരുന്നു.

കെൻ നദീ സംരക്ഷണത്തിന്​ ബുന്ദേൽഘണ്ഡ് നിവാസികൾ നടത്തുന്ന ജലസമാധി പ്രതിഷേധം / Photo: Jigyasa Mishra, PARI
കെൻ നദീ സംരക്ഷണത്തിന്​ ബുന്ദേൽഘണ്ഡ് നിവാസികൾ നടത്തുന്ന ജലസമാധി പ്രതിഷേധം / Photo: Jigyasa Mishra, PARI

നരേന്ദ്ര മോദി സർക്കാർ അധികരത്തിലെത്തിയ ആദ്യവർഷം തന്നെ 18,000 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാണിക്കുകയായിരുന്നു. Indiaspend ന്റെ വിശകലനമനുസരിച്ച് ആറ് വർഷക്കാലയളവിൽ (2014-2020) 2115 വൻകിട പദ്ധതികൾക്കാണ് എൻ.ഡി.എ സർക്കാർ പാരിസ്ഥിതികാനുമതി നൽകിയത്.
യമുനയുടെ പോഷക നദികളായ കെൻ-ബേത്‌വാ നദികളെ ബന്ധിപ്പിച്ച്​ കാർഷിക മേഖലയിലെ ജലപ്രശ്‌നം പരിഹരിക്കാമെന്നതാണ് പദ്ധതി ലക്ഷ്യം. ഇതിന്​ കെൻ നദിയിൽ അണകെട്ടാനും ജലക്ഷാമം രൂക്ഷമായ ബേത്‌വയിലേക്ക് കെൻ നദിയിലെ ജലം ഒഴുക്കിവിടാനുമാണ് പദ്ധതി. ഇതിന്​ പന്ന ടൈഗർ റിസർവ്വിലെ 4141 ഹെക്ടർ വനഭൂമിയാണ് അണക്കെട്ടിന്റെ ജലസംഭരണിയിലകപ്പെടുത്താൻ പോകുന്നത്. അടുത്തകാലം വരെ സമൃദ്ധമായി ഒഴുകിയിരുന്ന ഈ രണ്ട് നദികളും ജലദൗർലഭ്യത്തിന്റെ പിടിയിലമർന്നതിന്റെയും മഴക്കാലങ്ങളിൽ വന്ന മാറ്റങ്ങളുടെയും യഥാർത്ഥ കാരണം കണ്ടെത്തുകയോ ദീർഘകാല പരിഹാരം അന്വേഷിക്കുകയോ ചെയ്യുന്നതിന് പകരം അണക്കെട്ടുകൊണ്ടും നദീ സംയോജനം കൊണ്ടും പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്ന അധികാരികളുടെ തീരുമാനത്തിനെതിരെ കെൻ നദീതീരത്ത് വസിക്കുന്ന ഗ്രാമീണർ പ്രക്ഷോഭത്തിലാണ്.

ബുന്ദേൽഘണ്ഡിലെ കർഷകരും ഗ്രാമീണരും കെൻ നദീ സംരക്ഷണ പോരാട്ടത്തിലാണ്. ജലസമാധി അടക്കമുള്ള സമരമാർഗങ്ങളാണ് അവർ സ്വീകരിക്കുന്നത്

വനനശീകരണം, നദികളിലെ അനധികൃത മണൽ ഖനനം, അശാസ്ത്രീയ കാർഷികവൃത്തികൾ, നിയന്ത്രണ രഹിതമായ ഭൂഗർഭ ജലവിനിയോഗം തുടങ്ങിയ കാരണങ്ങളാണ് ബുന്ദേൽഘണ്ഡ് മേഖലയിൽ ജലക്ഷാമത്തിനിടയാക്കുന്നത്​. ഇവ ശരിയായി മനസ്സിലാക്കുന്നതിനോ നഷ്ടപ്പെടുന്ന ഹരിതാവരണം തിരിച്ചുപിടിക്കാനോ ശ്രമിക്കാതെ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകുന്നത് കൂടുതൽ അപകടത്തിലേക്കായിരിക്കും ബുന്ദേൽഘണ്ഡ് മേഖലയെ ചെന്നെത്തിക്കുക എന്ന് പരിസ്ഥിതി പ്രവർത്തകരും കർഷക സംഘടനകളും മുന്നറിയിപ്പ്​ നൽകുന്നുണ്ട്. വ്യത്യസ്ത നദികളിലെ ഹൈഡ്രോളജിയെ കണക്കിലെടുക്കാതെ നദികൾ പരസ്പരം ബന്ധിപ്പിക്കുന്നത് ഭാവിയിൽ ഗൗരവമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും വിദഗ്ദ്ധർ നൽകുന്നു. ബുന്ദേൽഘണ്ഡിലെ കർഷകരും ഗ്രാമീണരും കെൻ നദീ സംരക്ഷണ പോരാട്ടത്തിലാണ്. ജലസമാധി അടക്കമുള്ള സമരമാർഗങ്ങളാണ് അവർ സ്വീകരിക്കുന്നത്. ദൗധാനിൽ നിർമ്മിക്കുന്ന അണക്കെട്ട് കീഴ് നദീതടത്തിലെ ജലപ്രവാഹം ഇല്ലാതാക്കുമെന്നും അത് താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂഗർഭ ജലവിതാനം ഇല്ലാതാക്കുമെന്നും അവർ ഭയപ്പെടുന്നു. അവരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ബുന്ദേൽഘണ്ഡിലെ ജലക്ഷാമം പരിഹരിക്കാനെന്ന്​ അവകാശപ്പെട്ട്​ തയ്യാറാക്കിയ നദീ സംയോജന പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ അത് വിദിശ, റെയ്‌സൺ ജില്ലകളിലെ നഗരങ്ങളിലേക്കുള്ള ജലവിതരണം ഉറപ്പുവരുത്തുന്നതിന് തയ്യാറാക്കപ്പെട്ടതാണെന്ന്​ വ്യക്തമാകുമെന്ന് സൗത്ത് ഏഷ്യൻ നെറ്റ് വർക് ഫോർ ഡാം, റിവർ ആന്റ് പീപ്പ്ളിന്റെ ഹിമാൻഷു ഠക്കർ ചൂണ്ടിക്കാണിക്കുന്നു.

ഡൽഹി- മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ

രാജ്യ തലസ്ഥാനത്തെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെയും ബന്ധപ്പെടുത്തുന്ന അതിബൃഹത്തായ വ്യവസായ ഇടനാഴി പദ്ധതിയാണ് 2006ൽ യു.പി.എ സർക്കാർ വിഭാവനം ചെയ്തത്. ജപ്പാൻ ഗവൺമെന്റിന്റെ ധനസഹായത്തോടെ തയ്യാറാക്കിയ, 90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഇടനാഴി ആറ് സംസ്ഥാനങ്ങളിലൂടെയായിരിക്കും കടന്നുപോകുക. 24 വ്യവസായ മേഖലകൾ, എട്ട് സ്മാർട്ട് സിറ്റികൾ, രണ്ട് എയർപോർട്ടുകൾ, ചരക്ക് കടത്ത് കേന്ദ്രങ്ങൾ തുടങ്ങി വൻ മുതൽമുടക്കുള്ളതും വലിയ തോതിൽ ഭൂമി ആവശ്യമുള്ളതും ആയ പദ്ധതിയാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് കൃഷി ഭൂമിയാണ് പദ്ധതിക്ക്​ ഏറ്റെടുക്കേണ്ടി വരിക.

ഡൽഹി- മുംബൈ ഇന്റസ്ട്രിയൽ കോറിഡോറിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന ഗ്രാമവാസികൾ
ഡൽഹി- മുംബൈ ഇന്റസ്ട്രിയൽ കോറിഡോറിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിക്കുന്ന ഗ്രാമവാസികൾ

പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത ഡൽഹി ഫ്രൈറ്റ് കോറിഡോർ വിവിധ സംസ്ഥാനങ്ങളിലെ ഫലഭൂയിഷ്​ഠമായ കൃഷി ഭൂമിയിലൂടെയാണ് കടന്നുപോകുക എന്നതുകൊണ്ടുതന്നെ കർഷകരോഷം വ്യാപകമാണ്​. ഫ്രൈറ്റ് കോറിഡോറിനുള്ള ഭൂമി ഏറ്റെടുക്കൽ ഏറ്റവും പ്രയാസകരം രാജസ്ഥാനിലാണ്. ഇതുവരെ പദ്ധതിക്ക്​ഭൂമി അക്വയർ നടപടി പൂർത്തീകരിക്കാൻ സർക്കാരിന് സാധിക്കാതിരുന്നതും ആൾവാർ ജില്ലയിൽ ഏറ്റെടുത്ത ഭൂമി തിരികെ നൽകേണ്ടി (ഡീ അക്വയർ) വന്നതും പദ്ധതി പ്രവർത്തനത്തെ അവതാളത്തിലാക്കിയിരിക്കുകയാണ്. രാജസ്ഥാനിലെന്നപോലെ മഹാരാഷ്ട്രയിലും, പ്രത്യേകിച്ച്, റായ്ഗഡ് ജില്ലയിലും പദ്ധതിക്കെതിരെ കർഷക രോഷമുണ്ട്. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി പൂർണമായി അവഗണിക്കുന്നതും വൻകിട വ്യവസായ പദ്ധതികൾക്ക് ഒത്താശ ചെയ്യുന്നതും കർഷക രോഷം ശക്തമാക്കുന്നു.

വളരുന്ന വിഭവ സംഘർഷങ്ങൾ

മേൽ സൂചിപ്പിച്ച നാല് ജനകീയ പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനം വിഭവങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ്. കൊളോണിയൽ കാലഘട്ടം തൊട്ടാരംഭിച്ച വിഭവ ചൂഷണം പരമാവധിയിലെത്തിയിരിക്കുകയാണെന്നും അതേ വികസന മാതൃകകളുമായി മുന്നോട്ടുപോകാൻ സാധിക്കുകയില്ലെന്നുമുള്ള തിരിച്ചറിവ് ഗ്രാമീണ മേഖലയെ ചെറുത്തുനിൽപ്പിന് നിർബന്ധിക്കുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന വിഭവങ്ങൾ, സൗജന്യമായി ലഭ്യമായിരുന്ന പാരിസ്ഥിതിക സേവനങ്ങൾ, പൊതു ഇടങ്ങൾ എന്നിവ ഒന്നൊന്നായി അവരുടെ കൈകളിൽ നിന്ന് നഷ്ടമാകുകയാണ്. വികസന പദ്ധതികളോടുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ സംഘർഷങ്ങളെ പ്രാദേശിക പ്രശ്‌നമായി ചുരുക്കാനാണ് ഭരണകൂടങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചിട്ടുള്ളത്. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമാനമായ ആയിരക്കണക്കിന് പ്രക്ഷോഭങ്ങളുടെ കേന്ദ്ര വിഷയം മനസ്സിലാക്കാൻ ശ്രമിച്ചാൽ ഈ സംഘർഷങ്ങൾക്കുള്ളിലെ പൊതുവിഷയത്തെ കണ്ടെത്താൻ സാധിക്കും.

ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന പോഷകാഹാരക്കുറവ് സമീപഭാവിയിൽ തന്നെ ഗ്രാമീണ ആരോഗ്യമേഖലയെ അവതാളത്തിലാഴ്​ത്തും

""വിജയിച്ചവന് എല്ലാം കയ്യടക്കാൻ കഴിയുന്ന'' തരത്തിലുള്ള ബിസിനസ് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനെ ആധുനീകരണം എന്ന പേരിട്ട് വിളിക്കാനാണ് രാഷ്ട്രീയ നേതൃത്വവും സാമ്പത്തിക വിദഗ്ദ്ധരും ജനങ്ങളോട് ആവശ്യപ്പെടുന്നത്. കോവിഡ് മഹാമാരി ലോകത്തിലെ സാമ്പത്തിക പ്രവർത്തനങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കുമ്പോഴും ഏറ്റവും മുകൾത്തട്ടിലെ വിരലെണ്ണാവുന്ന കോർപ്പറേറ്റുകളുടെ സമ്പത്തിലുണ്ടായ വർധനവ് സൂചിപ്പിക്കുന്നത് സാമ്പത്തിക അസമത്വത്തിലെ ആഴത്തെയാണ്.
രൂക്ഷമായ ജലക്ഷാമം, താളംതെറ്റിയെത്തുന്ന മൺസൂൺ, പ്രകൃതി ക്ഷോഭങ്ങൾ, ചെറുകിട വ്യവസായങ്ങളുടെ തകർച്ച തുടങ്ങി ഗ്രാമീണ മേഖല നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലേക്കുള്ള തൊഴിലാളികളുടെ പിൻനടത്തവും കോടിക്കണക്കിന് കുടുംബങ്ങളെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഇടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന പോഷകാഹാരക്കുറവ് സമീപഭാവിയിൽ തന്നെ ഗ്രാമീണ ആരോഗ്യമേഖലയെ അവതാളത്തിലാഴ്ത്തുന്നതായിരിക്കും.

തൊഴിലില്ലായ്മയും വിഭവ ദൗർലഭ്യവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലയിൽ പടരുന്ന അസ്വസ്ഥതകൾ ഒരു രാഷ്ട്രീയ വിഷയമായി മാറുകയാണെന്ന് കർഷക സമരങ്ങൾ തെളിയിക്കുന്നു. പുത്തൻ കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധം എന്നതിനപ്പുറം പതിറ്റാണ്ടുകളായി കാർഷിക മേഖലയോട് കാണിക്കുന്ന അവഗണന കൂടിയാണ് പ്രത്യക്ഷ സമരരൂപത്തിലേക്ക് കടക്കാൻ കർഷക സമൂഹത്തെ പ്രേരിപ്പിച്ചത്. പാരിസ്ഥിതിക നിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും അട്ടിമറി നടത്തി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനെന്ന വ്യാജേന നടപ്പിലാക്കുന്ന നയങ്ങളോടുള്ള എതിർപ്പുകൂടിയായി ഗ്രാമീണ മേഖലയിലെ അസ്വസ്ഥകൾ പരിണമിക്കും എന്നതിൽ തർക്കമില്ല. ▮

​References1. Arun Kumar (2017), The Black Economy in India, Penguin Books.2. Chancel and Piketty (2017); Indian Income Inequality 1922-2015, World Inequality Lab.3. Ruparelia. S, et al, (2011), Understanding India's new political economy: A great transformation?, Routledge, London.4. Chudhary, S (2019), Impact of Demonetization in Indian on MSME, International Journal of Trend in Scientific Research and Development, Vol.3, Issue-3.5. Sahni.S, Aulakh, R. (2020), Impact of COVID 19 on rural migrants in India. Accessed form ResearchGate.6. Panda, P. (2010), Land Conversion and urbanization in India: Snippets from literature, Jharkhand journal of Development and Management Studies.7. Sharma, V P, (2015); Dynamics of Land Use Competition in India: Perceptions and Realities, Working Paper, Indian Institute of Management, Ahammedabad.8. Mallik, C (2014); Land Dispossession and Rural Transformation: the Case of Fringe Villages ofKolkata, Journal of Rural Development, Vol.33, No.1. January-March.9. Nielsen; K E, (2018) Land Dispossession in Everyday Politics in Rural Eastern India, Accessed from ResearchGate. 10. Deepak Nayyar (2020); Lives, Livelihoods and the Economy: India in Pandemic Times, Indian Society of Labour Economics 2020.11. Sainath, P (2019); The Neoliberal Attack on Rural India, Two reports, Dossier 21, Institute for social research, October. 12. Murthy, C.S (2005); Rural Non-Agricultural Employment in India: The Residual Sector Hypothesis Revisited. Working Paper, Centre For Economic and Social Studies Hyderabad.13. Sikdar & Mishra (2020); Reverse Migration during Lockdown: A Snapshot of Public Policies, Working Paper 318, National Institute of Public Finance and Policy, New Delhi. 14. Kalyani Vartak (2016), Role of Caste in Migration: Some Observations from Beed District, Maharashtra. Social Science Spectrum, Vol. 2, No. 2, June 2016, pp. 131-144.15. Levien, M (2013), The Politics of Dispossession: Theorizing India's "Land Wars', Sage Publication. 16. Tumbe. C (2018), India Moving: A history of Migration, Penguin Books.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments