ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാവട് യാത്ര നൂറ്റാണ്ടുകളായി നടക്കുന്ന ഒരു സാധാരണ തീർത്ഥയാത്ര മാത്രമായിരുന്നു കഴിഞ്ഞ വർഷം വരെ. മുളന്തണ്ടിൽ കെട്ടി ഞാത്തിയ മൺപാത്രങ്ങളുമായി, കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിച്ച്, ഗംഗാ ജലം ശേഖരിച്ച് അവരവരുടെ ഗ്രാമങ്ങളിലെ ശിവക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളിലും നദികളിലും തടാകങ്ങളിലും കുളങ്ങളിലും തളിച്ച് ഗംഗയുടെ പരിശുദ്ധി പകരുന്ന ഒരു വിശ്വാസ തീർത്ഥാടനം മാത്രമായിരുന്നു അത്. നാലും അഞ്ചും, ചിലപ്പോൾ ഡസൻകണക്കിന് ആളുകളും ഉൾപ്പെടുന്ന ചെറുചെറു കൂട്ടങ്ങളായി തൊട്ടടുത്തുള്ള ഗംഗാ തീരങ്ങളിലേക്ക് പദയാത്ര നടത്തുന്ന കാവട് യാത്രികർക്ക് വിശ്രമ സൗകര്യമൊരുക്കിക്കൊടുക്കാൻ ജാതി-മത ഭേദമെന്യേ ആളുകൾ തയ്യാറാകുന്നത് സാധാരണ കാഴ്ചയായിരുന്നു നാളിതുവരെ.
തീർച്ചയായും, മറ്റെല്ലാ ഉത്സവങ്ങളിലുമെന്നപോലെ, കാലത്തിന്റേതായ മാറ്റങ്ങൾ കാവട് യാത്രയിലും പ്രകടമായിരുന്നു. കാൽനട യാത്രയ്ക്ക് പകരം വാഹനങ്ങളിലും, 'ഹർഹർ മഹാദേവി'ന് പകരം വലിയ ലൗഡ് സ്പീക്കറുകളിലെ ഉച്ചത്തിലുള്ള പാട്ടുകളും, തോരണങ്ങളും ഒക്കെയായി യാത്രയുടെ രീതികളിൽ വലിയ മാറ്റങ്ങൾ ഇക്കാലങ്ങളിൽ പ്രകടമായിക്കഴിഞ്ഞിരുന്നു. എങ്കിൽപ്പോലും മനുഷ്യരെ തമ്മിൽത്തല്ലിക്കുന്ന ഒന്നായി യാത്ര മാറിയിരുന്നില്ലെന്നത് വസ്തുതയാണ്.
എന്നാൽ ഇക്കഴിഞ്ഞ ജൂലൈ 17ാം തീയ്യതി മുതൽ കാവട് യാത്രയുടെ സ്വഭാവം മാറിയിരിക്കുന്നു. അല്ല, കാവട് യാത്രയ്ക്ക് സംഘപരിവാർ വർഗ്ഗീയ മുഖം നൽകിയിരിക്കുന്നു എന്ന് പറയുകയാകും കൂടുതൽ ഉചിതം. കാവട് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ അവരുടെ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന അസാധാരണമായ ഒരു ഉത്തരവിലൂടെ, ഉത്തർപ്രദേശിലെ മുസ്സഫർനഗർ പോലീസ്, കാവട് യാത്രയെ വിദ്വേഷ പ്രചരണത്തിനുള്ള ഉപാധിയാക്കി മാറ്റിയിരിക്കുന്നു. സംഘപരിവാറിന്റെ വർഗ്ഗീയ വിഭജന രാഷ്ട്രീയ ലക്ഷ്യം ഫലം കണ്ടെത്തിയിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് പിന്നീട് കണ്ടത്. സ്ഥാപനങ്ങൾ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന അധികാരികളുടെ ഉത്തരവ് കോടതി ഉത്തരവിലൂടെ എടുത്തുമാറ്റപ്പെട്ടുവെങ്കിലും കാവട് യാത്രയുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് യാതൊരു ശമനവും ഉണ്ടായിട്ടില്ലെന്നും കാണാവുന്നതാണ്.
കാവട് യാത്രയെ ഒരു രാഷ്ട്രീയ ഉപകരണമാക്കാൻ സംഘപരിവാർ നിശ്ചയിച്ചുറച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയും മുസ്സഫർനഗറും അടക്കമുള്ള ഹിന്ദുത്വ പരീക്ഷണ ശാലകളിൽ ബിജെപിക്ക് ഏറ്റ കനത്ത പരാജയം രാമനെ തൽക്കാലത്തേക്കെങ്കിലും കൈവെടിയാനും കാവട് യാത്രപോലുള്ള വാർഷിക തീർത്ഥാടന യാത്രകളെ കൂടുതൽ വർഗ്ഗീയവൽക്കരിക്കാനും സംഘപരിവാരത്തെ നിർബന്ധിക്കുന്നതായി കാണാം. തികച്ചും അനൗപചാരികമായി നടന്നുവന്നിരുന്ന കാവട് യാത്രയുടെ രക്ഷാധികാരിയായി സംസ്ഥാന ഭരണകൂടം മാറുന്നതും ഇതോടൊപ്പം കാണാവുന്നതാണ്. കാവട് യാത്രയിലെ കീഴാള വിഭാഗങ്ങളുടെ വർധിച്ചുവരുന്ന പങ്കാളിത്തം തിരിച്ചറിഞ്ഞുകഴിഞ്ഞ സംഘപരിവാർ വരുംനാളുകളിൽ ഇതിനെ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാൻ കൂടുതൽ കാര്യക്ഷമതയോടു കൂടി ശ്രമിക്കും എന്ന കാര്യം നിസ്തർക്കമാണ്.
മുതിർന്ന മാധ്യമ പ്രവർത്തകനായ അജാസ് അഷ്റഫ് ശരിയായി ചൂണ്ടിക്കാട്ടുന്നതുപോലെ, ''ദുരിതത്തിൽ കുടുങ്ങിക്കിടക്കുന്ന കീഴാളർക്കു മറവിയുടെ 16 ദിവസത്തെ ഉത്സവമായി യാത്ര മാറുകയും, കീഴാള വിഭാഗത്തിൽ നിന്ന് നിലവിലെ അവസ്ഥയ്ക്കെതിരെ ഉയരുന്ന വെല്ലുവിളിയുടെ സാധ്യത കുറയ്ക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് അവരെ മയപ്പെടുത്തുകയും ചെയ്യുന്ന'' ഒരു രാഷ്ട്രീയ പദ്ധതിയായി കാവട് യാത്രയെ പരിവർത്തിപ്പിക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
തങ്ങളുടെ ഹിന്ദുത്വ പദ്ധതികൾ ഓരോന്നോരോന്നായി പരാജയപ്പെടുന്നതും ഉത്തർപ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും പുതിയ ജാതി-രാഷ്ട്രീയ സമവാക്യങ്ങൾ അവരുടെ വിശാല ഹിന്ദുത്വ പദ്ധതിക്കെതിരായി ഉയർന്നുവരുന്നതും സംഘപരിവാരത്തെ വിറളിപിടിപ്പിക്കുന്നുണ്ട്. രാമനെ വിട്ട് തൽക്കാലത്തേക്കെങ്കിലും കാവടിയെടുക്കാൻ സംഘപരിവാരത്തെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമിതാണ്. കാവടിയെടുത്ത സംഘപരിവാരങ്ങൾ കൂടുതൽ അക്രമാസക്തരാകുന്ന കാഴ്ചയായിരിക്കും വരും നാളുകളിൽ രാജ്യം ദർശിക്കേണ്ടി വരിക.