വോട്ടർപട്ടികയിൽനിന്ന് 13 കോടിയിലേറെ ഇന്ത്യക്കാരെ പുറന്തള്ളിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെയും അതിന് നേതൃത്വം കൊടുത്ത മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ്കുമാറിനെയും രാജ്യം വിചാരണ ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് 2024–ലെ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നടന്ന വ്യാപക അട്ടിമറികളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 373 നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള പഠനങ്ങൾ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സംഘടന കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതിയിൽ പരാതിവന്ന ദിവസം തന്നെ ഇലക്ഷൻ കമ്മീഷൻ അവരുടെ വെബ്സൈറ്റിൽ നിന്ന് എല്ലാ തെരഞ്ഞെടുപ്പ് വിവരങ്ങളും അപ്രത്യക്ഷമാക്കി. മോദി സർക്കാർ ഇലക്ഷൻ കമ്മീഷനെയും പോളിംഗ് സംവിധാനത്തെയും ദുരുപയോഗം ചെയ്ത്, തങ്ങൾക്കനുകൂലമായ ജനവിധിയുണ്ടാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലിടപെടുന്നുവെന്ന ആരോപണം 2019- ഓടെ പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ചതാണ്.
ഇപ്പോൾ റിപ്പോർട്ടേഴ്സ് കലക്ടീവ് എന്ന അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയാണ്, 51 നിയമസഭ- ലോക്സഭാ സീറ്റുകളിൽ നടന്ന കൃത്രിമത്വത്തെ സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് തയ്യാറാക്കിയത്. ഇലക്ഷൻ ഓഡിറ്റ് എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ട് ഈ കൂട്ടായ്മ പുറത്തുവിട്ടത് നവംബർ 10–നാണ്. 2024–ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടന്നതായിട്ടാണ് റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ നിഗമനം. അവർ പരിശോധിച്ച നിയോജകമണ്ഡലങ്ങളിലെ ചെയ്ത വോട്ടും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.

2024–ലെ തെരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകൾ ഇ.വി.എം നേക്കാൾ കുറവായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിക്കുന്നത്. പോളിംഗ് ബൂത്തുകളിലെത്തിയ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രത്യേക രേഖയും ഇലക്ഷൻ കമ്മീഷൻ സൂക്ഷിക്കേണ്ടതുണ്ട്. സ്വാഭാവികമായും, നിയമപരമായും ഈ എണ്ണവും ഇ.വി.എമ്മുകളുടെ വോട്ടുകളുടെ എണ്ണവും തമ്മിൽ പൊരുത്തമുണ്ടാകണം. ഇവയിൽ പൊരുത്തക്കേടുണ്ടെങ്കിൽ കൃത്രിമം നടന്നതായി സംശയിക്കാം. ഇക്കാര്യങ്ങൾ 2025 ഫെബ്രുവരി ഏഴിന് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാക്കൾ ഉന്നയിച്ചിട്ടുള്ളതാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ഉയർത്തിയ ഗുരുതര ആരോപണങ്ങൾ യുക്തിരഹിതമായി തള്ളുകയാണ് അന്ന് ഇലക്ഷൻ കമ്മീഷൻ ചെയ്തത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ്. റിപ്പോർട്ടേഴ്സ് കലക്ടീവ് പരിശോധിച്ച നിയമസഭാ മണ്ഡലങ്ങളിൽ 51 ഇടത്തെ രേഖകൾ അപൂർണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോക്സഭാ സീറ്റുകളിൽ സാധ്യമായ കൃത്രിമത്വം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു വഴിയുമില്ലെന്നാണ് ആഭ്യന്തര രേഖകൾ വ്യകതമാക്കുന്നത്. 19 നിയോജകമണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ ബൂത്തുകളിൽ കയറിയ വോട്ടർമാരുടെ എണ്ണം രേഖപ്പെടുത്തുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടു. എണ്ണം രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ഉദ്യോഗസ്ഥർ പൂജ്യമെന്നോ ശൂന്യമെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വലിയ പൊരുത്തക്കേടുകളിൽ ഒന്ന് ഹരിയാനയിലെ ബദ്കാൻ നിയമസഭാ മണ്ഡലത്തിലാണ്. ഇവിടെ 3.32 ലക്ഷം വോട്ടുകൾ പോൾ ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തരരേഖകൾ കാണിക്കുന്നുണ്ട്. എന്നാൽ ഇ.വി.എമ്മുകളിൽ നിന്ന് 1.60 ലക്ഷം വോട്ടുകൾ മാത്രമെ എണ്ണിയിട്ടുള്ളൂവെന്നും രേഖകൾ കാണിക്കുന്നു.
ഇതിൽ 10 സീറ്റ് മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ്. ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി–എൻ.ഡി.എ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇലക്ഷൻ ഓഡിറ്റിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 32 മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും റിപ്പോർട്ട് വ്യകതമാക്കുന്നു.

ഈ രീതിയിൽ നടന്ന വലിയ പൊരുത്തക്കേടുകളിൽ ഒന്ന് ഹരിയാനയിലെ ബദ്കാൻ നിയമസഭാ മണ്ഡലത്തിലാണ്. ഇവിടെ 3.32 ലക്ഷം വോട്ടുകൾ പോൾ ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തരരേഖകൾ കാണിക്കുന്നുണ്ട്. എന്നാൽ ഇ.വി.എമ്മുകളിൽ നിന്ന് 1.60 ലക്ഷം വോട്ടുകൾ മാത്രമെ എണ്ണിയിട്ടുള്ളൂവെന്നും രേഖകൾ കാണിക്കുന്നു. ബദ്കാൻ ഉൾപ്പെടെ 32 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും എണ്ണിയ വോട്ടുകൾ വോട്ടർമാർ ചെയ്ത വോട്ടുകളുടെ എണ്ണത്തേക്കാൾ കുറവായിരുന്നു. ബാക്കിയുള്ള 20 മണ്ഡലങ്ങളിൽ ഇലക്ഷൻ കമ്മീഷന്റെ ആന്തരിക രേഖകൾ പ്രകാരം ചെയ്ത വോട്ടുകളുടെ എണ്ണം എണ്ണിയ വോട്ടുകളേക്കാൾ കുറവായിരുന്നു.
ഈ രണ്ട് സാഹചര്യങ്ങളും സൂചിപ്പിക്കുന്നത്, ബൂത്ത് പിടിച്ചെടുക്കലോ കള്ളവോട്ട് ചെയ്യലോ നടന്നിട്ടുണ്ടാവാമെന്നാണ്. അപൂർവ്വം ചില സാഹചര്യങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. അത് ഒരാളുടെ വോട്ട് അസാധുവാക്കപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരു വ്യക്തി ബൂത്തിൽ കയറിയതിനുശേഷം വോട്ട് ചെയ്യില്ലെന്ന് തീരുമാനിക്കുമ്പോഴോ ആണ്. ഇവിടെ റിപ്പോർട്ട് ഗൗരവാവഹമായി നിരീക്ഷിക്കുന്ന ഒരുകാര്യം, തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ദൂരീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പുറത്തുവിടേണ്ടതായിരുന്നു എന്നാണ്. എന്നാൽ കമ്മീഷൻ രേഖകൾ പരസ്യപ്പെടുത്താൻ ഒരിക്കലും തയ്യാറാവുന്നില്ല എന്നത് ഗുരുതര സാഹചര്യത്തെയാണ് കാണിക്കുന്നത്.
63 പാർലമെൻ്റ് മണ്ഡലങ്ങളും മഹാരാഷ്ട്ര, ഹരിയാന, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിലെ 467 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുത്തിയ പരിശോധനയാണ് റിപ്പോർട്ടേഴ്സ് കലക്ടീവ് നടത്തിയിട്ടുള്ളത്. അവർ 530 മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ സമർപ്പിച്ച ആന്തരിക തെരഞ്ഞെടുപ്പ് റിപ്പോർട്ടുകളാണ് പരിശോധിച്ചത്. ഇതിൽ ജമ്മുകാശ്മീരിലെ ദേവ്സർ മണ്ഡലത്തിലെ റിപ്പോർട്ട് കണ്ടെത്താനായില്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ഇലക്ഷൻ ഓഡിറ്റ് പരമ്പരയുടെ ആദ്യഭാഗം മാത്രമാണെന്നും റിപ്പോർട്ടേഴ്സ് കലക്ടീവ് പറയുന്നു.
