ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിലൂടെ തിരിച്ചുവരവിനൊരുങ്ങിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിളക്ക് കടപ്പ മണ്ഡലത്തിൽ തോൽവി. നിലവില്‍ അറുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വൈ.എസ്.ആർ.സി.പിയുടെ വൈ.എസ്. അവിനാഷ് റെഡ്ഡി വിജയം ഉറപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ തിരിച്ചടിയുടെ ആക്കം കൂട്ടുന്നതാണ് ശർമിളക്കുണ്ടായ തിരിച്ചടി. തുടർച്ചയായ മൂന്നാം വിജയമാണ് സിറ്റിങ് എം.പിയായ അവിനാഷിന്റേത്. 2014 മുതൽ പാർലമെന്റിൽ കടപ്പയെ പ്രതിനിധീകരിക്കുന്നത് അവിനാഷാണ്. ശർമിളയുടെ അടുത്ത ബന്ധു കൂടിയാണ് അവിനാഷ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അവിനാഷ് ജയിച്ചത്.
2019-ൽ അവിനാഷ് ടി.ഡി.പിയുടെ സി. അധിനാരായണ റെഡ്ഡിയെയാണ് തോൽപ്പിച്ചത്. 63.79 ശതമാനം വോട്ടും അവിനാഷ് നേടി. പിന്നാക്ക വിഭാഗ വോട്ടിന്റെ പിൻബലത്തിലാണ് വൈ.എസ്. ആർ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചത്. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളും പാർട്ടി ഉയർത്തിയിരുന്നു.
ശക്തമായ ത്രികോണ മത്സരം നടന്ന ആന്ധ്രപ്രദേശിൽ കോണ്‍ഗ്രസ് നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതോടൊപ്പം, വൈ.എസ്. രാജശേഖരറെഡ്ഡിയുടെ രണ്ട് മക്കൾ- വൈ.എസ്. ശർമിളയും മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയും- പരസ്പരം പോരടിക്കുന്നുവെന്നതും തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെയും ശർമിള ജയിക്കുമെന്നതിൽ കോൺഗ്രസിന് ആത്മവിശ്വാസമുണ്ടായിരുന്നു. ജഗൻമോഹൻ റെഡ്ഡിക്കെതിരായ ഭരണവിരുദ്ധവികാരത്തെ തങ്ങൾക്കനുകൂലമാക്കാനുള്ള കോൺഗ്രസ് ശ്രമം പാളിപ്പോയി.
വൈ.എസ്.ആറിന്റെ സഹോദരനും കടപ്പ മുൻ എം.പിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഢിയുടെ കൊലപാതകമായിരുന്നു ഇത്തവണ കടപ്പയിൽ കാമ്പയിന്റെ പ്രധാന വിഷയം. കൊലപാതകക്കേസിൽ അറസ്റ്റിലായ ജഗൻമോഹൻ റെഡ്ഢിയുടെ അമ്മാവൻ ഭാസ്‌കർ റെഡ്ഢിയുടെ മകനാണ് സ്ഥാനാർഥിയായ വൈ.എസ്. അവിനാഷ് റെഡ്ഢി. അവിനാഷിന്റെ സ്ഥാനാർഥിത്വത്തിലൂടെ കൊലപാതകികളെ ജഗൻ സർക്കാർ സംരക്ഷിക്കുകയാണെന്നായിരുന്നു ശർമിളയുടെ ആരോപണം. ഇതിന് പിന്തുണയുമായി വൈ.എസ്.ആറിന്റെ പങ്കാളി വിജയമ്മയും വിവേകാനന്ദ റെഡ്ഢിയുടെ പങ്കാളി സൗഭാഗ്യയും രംഗത്തെത്തിയത് ജഗനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ജനം വിശ്വാസത്തിലെടുത്തില്ല എന്നാണ് ശർമിളയുടെ തോൽവി കാണിക്കുന്നത്.
വൈ.എസ്.ആറിന്റെ മരണശേഷം കടപ്പ വൈ.എസ്.ആർ ജില്ല എന്നാണറിയപ്പെടുന്നത്. കടപ്പ ലോക്‌സഭാ മണ്ഡലവും ഏഴ് നിയമസഭാ മണ്ഡലങ്ങളും വൈ.എസ്.ആറിനൊപ്പമായിരുന്നു. മണ്ഡലം രൂപീകൃതമായ 1952 മുതൽ പല പൊതുതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനൊപ്പമായിരുന്നു കടപ്പ. 1989 മുതൽ 1998 വരെ വൈ.എസ്. രാജശേഖര റെഡ്ഡിയാണ് കടപ്പയിൽനിന്ന് പാർലമെന്റിലെത്തിയത്. ജഗനും രണ്ടു തവണ ഇവിടെനിന്ന് ജയിച്ചിട്ടുണ്ട്. 1952, 1962, 1967, 1971 തുടങ്ങിയ വർഷങ്ങളിൽ സി പി എമ്മിനൊപ്പമായിരുന്നു കടപ്പ. 1977-ൽ ഇന്ദിരാ വിരുദ്ധ തരംഗത്തിലും കോൺഗ്രസിനൊപ്പം നിന്ന സംസ്ഥാനം, വൈ.എസ്.ആറിന്റെ മരണത്തിനുശേഷം കോൺഗ്രസിന് അപ്രാപ്യമായി. ശക്തമായി തിരിച്ചുവരുക എന്ന ലക്ഷ്യത്തോടെയാണ് വൈ.എസ്.ആറിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകളെ കോൺഗ്രസ് മത്സരിപ്പിച്ചത്.
2011-ൽ വൈ.എസ്.ആർ കോൺഗ്രസ് രൂപീകൃതമായ കാലത്ത് ഒരുമിച്ചായിരുന്നു ജഗനും ശർമിളയും. എന്നാൽ പിന്നീട് രാഷ്ട്രീയമായ തർക്കങ്ങളെ തുടർന്ന് 2021-ൽ ശർമിള പാർട്ടി വിട്ടു. തുടർന്ന് പ്രവർത്തന മണ്ഡലം തെലങ്കാനയിലേക്ക് മാറ്റി. ജഗനോടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ശർമിള തെലങ്കാനയിലേക്കുപോയത്. എന്നാൽ, അവരുടെ സാന്നിധ്യം തെലങ്കാന പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഢിയുടെ എതിർപ്പിനിടയാക്കി. ഇതേതുടർന്നാണ് അവർ ആന്ധ്രയിലേക്ക് തിരിച്ചെത്തിയത്. 2023 ജനുവരിയിലാണ് കോൺഗ്രസിലെത്തിയത്.