ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ‘ഇന്ത്യ’ സഖ്യം ഡൽഹിയിൽ നടത്തിയ മഹാറാലിയുടെ വേദിയില്‍ പ്രതിപക്ഷ നേതാക്കളുടെ സീറ്റുകള്‍ക്കിടയില്‍ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ജാർക്കണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെയും പേരുകളെഴുതിയ സീറ്റുകൾ. എന്നാൽ, ഇ.ഡി. അറസ്റ്റു ചെയ്ത ഇരുവരുടെയും അസാന്നിധ്യത്തെ രണ്ടു സ്ത്രീകൾ, അവരുടെ സാന്നിധ്യം കൊണ്ട് അതിശക്തമായി മറികടന്നു. ഇതുവരെ വേദികളില്‍ ഇല്ലാതിരുന്ന രണ്ട് സ്ത്രീകളായിരുന്നു അത്; സുനിതയും കല്‍പ്പനയും.
സുനിത അരവിന്ദ് കെജ്രിവാളിന്റെയും കൽപ്പന ജാർക്കണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ജീവിത പങ്കാളികൾ. രണ്ട് പുതിയ സ്ത്രീപ്രതിപക്ഷ നേതാക്കളുടെ കൂടി സാന്നിധ്യമായിരുന്നു അത്. 'ഇന്ത്യ' സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇരുവരെയും ആവേശത്തോടെയാണ് സ്വീകരിച്ചത്. രാഷ്ട്രീയമായ ഒരു ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഈ സ്ത്രീകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും വിജയം ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ പലതരം നീക്കങ്ങൾക്കുള്ള അപ്രതീക്ഷിതമായ രാഷ്ട്രീയ പരിണതി കൂടിയായിരുന്നു ഈ രണ്ട് സ്ത്രീകളുടെ രംഗപ്രവേശം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റാണ് അതിൽ പ്രധാനം. കെജ്രിവാളിനെയും ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന ഘടകക്ഷിയായ ആം ആദ്മി പാർട്ടിയെയും പ്രതിക്കൂട്ടിലാക്കാനുള്ള കുത്സിത രാഷ്ട്രീയനീക്കം ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതീക്ഷിച്ചവിധമല്ല വികസിച്ചുവരുന്നത്. അത്, ബി.ജെ.പിയുടെ കോർപറേറ്റ് ബന്ധത്തെ കൂടുതൽ തുറന്നുകാട്ടിയെന്നു മാത്രമല്ല, പ്രതിപക്ഷ മുന്നണിയെ ഒരൊറ്റ ശബ്ദത്തിൽ ബി.ജെ.പിക്കെതിരെ അണിനിരത്തുകയും ചെയ്തു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ബി.ജെ.പി നേതൃത്വമാണ് മുഖ്യപ്രതി എന്ന ആപ്പ് എം.പി സഞ്ജയ് സിങ്ങിന്റെ ആരോപണം, ബി.ജെ.പിയെ പരുങ്ങലിലാക്കിയിട്ടുണ്ട്. മദ്യനയക്കേസില്‍ ജയിലിലായിരുന്ന സിങ് ജാമ്യം നേടി പുറത്തുവന്നയുടനെയായിരുന്നു വെളിപ്പെടുത്തല്‍. ബി.ജെ.പിയുടെ ഏറ്റവും ഉന്നതമായ നേതൃത്വം തന്നെയാണ് ഈ കുംഭകോണത്തിലുള്ളതെന്നും ഗൂഢാലോചന വെളിപ്പെടുത്തുമെന്നും സിങ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന പ്രതിപക്ഷ വേട്ടക്കെതിരെ രാംലീലമൈതാനിയില്‍ ‘ഇന്ത്യ’ സഖ്യം നടത്തിയ മഹാറാലിയിൽ ജനശ്രദ്ധയാകര്‍ഷിച്ചത് സുനിതയും കല്‍പ്പനയുമായിരുന്നു. രണ്ടുപേരും ഇ.ഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാറിന്റെ വേട്ടയുടെ ഇരകളുമായിരുന്നു.
കൃത്യമായ രാഷ്ടീയ അജണ്ടകളോടെ ഇ.ഡി, തടവിലാക്കിയ തങ്ങളുടെ ജീവിത പങ്കാളികളുടെ നിരപരാധിത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, കേന്ദ്ര സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് അവര്‍ നടത്തിയ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. വേദിയില്‍ അവര്‍ രണ്ടുപേരും ഉള്‍ക്കൊള്ളുന്ന ഫ്രെയ്മിലേക്ക് സോണിയാഗാന്ധി കൂടി ചേര്‍ക്കപ്പെടുന്നതോടെ, പങ്കാളികളെന്ന നിലയിലുള്ള അവരുടെ രാഷ്ട്രീയ ഉദ്യമങ്ങള്‍ക്ക് ആഴമേറുകയാണ്.
ഡല്‍ഹി മദ്യനയക്കേസിൽ മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറസ്റ്റ് ഡല്‍ഹി ഭരണത്തെക്കുറിച്ച് അനിശ്ചിതത്വങ്ങളുണ്ടാക്കിയെങ്കിലും തടവിലിരുന്ന് സംസ്ഥാനം ഭരിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.
ഇതോടെ, കെജ്രിവാളിനുവേണ്ടി സുനിത രംഗത്തെത്തി. അദ്ദേഹത്തിന്റെ അഭാവത്തില്‍ സംഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ എകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോയത് അവരാണ്. ജയിലിൽ കെജ്രിവാളിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ സന്ദേശങ്ങളും ഉത്തരവുകളും പുറത്തെത്തിക്കുന്നത് സുനിതയാണ്. ‘ഇന്ത്യ’ മുന്നണിയുടെ മഹാറാലിയിൽ അവർ പറഞ്ഞു: “പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഭര്‍ത്താവിനെ ജയിലില്‍ അടച്ചിരിക്കുന്നു. മോദി ചെയ്തത് ശരിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കെജ് രിവാള്‍ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? കെജ് രിവാള്‍ ജയിലിലാണ്. അദ്ദേഹം രാജിവെക്കണം എന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അദ്ദേഹം രാജിവെക്കണോ? നിങ്ങളുടെ കെജ് രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികകാലം ജയിലില്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല” - അരവിന്ദ് കെജ് രിവാളിന്റെ ആറ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വേദിയില്‍ വെച്ച് സുനിത വായിച്ചിരുന്നു.
'ഇന്ത്യ' മുന്നണിയുടെ രാഷ്ട്രീയത്തെ വ്യക്തമായി തന്നെ സുനിത വിശദീകരിക്കുന്നു: ''ഇന്ത്യ മുന്നണിക്ക് ഒരു അവസരം നല്‍കിയാല്‍ നമുക്ക് ഒന്നുചേര്‍ന്ന് മഹത്തായൊരു രാജ്യത്തെ പടുത്തുയര്‍ത്താം. മേലില്‍ ഇന്ത്യയില്‍ ഒരു ഏകാധിപത്യഭരണം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം''.
കെജ്രിവാൾ തീഹാർ ജയിലിൽ കിടന്ന് ഭരണകാര്യങ്ങളിൽ ഇടപെടുന്നത് തടയാൻ വിപുല സന്നാഹങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സുനിതയും മറ്റു പാർട്ടി പ്രവർത്തകരും കെജ്രിവാളിനെ സന്ദർശിക്കാനെത്തുമ്പോൾ ഔദ്യോഗിക ഫയലുകളും മറ്റും കൊണ്ടുവരുന്നില്ല എന്നുറപ്പുവരുത്താൻ ജയിലധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാൽ, ഇതിനെ മറികടക്കാൻ കെജ്രിവാളിന്റെ അസാന്നിധ്യത്തെ തന്നിലൂടെ നിരന്തര സാന്നിധ്യമാക്കുകയാണ് സുനിത.
ഡോ. ബി.ആര്‍. അംബേദ്കറുടെ ഭരണഘടന നല്‍കുന്ന ഉറപ്പുകളെ മോദി ഭരണകൂടം എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്നാണ് കല്‍പന സോറന്‍ വിശദീകരിച്ചത്. രാജ്യത്തെ ഗോത്രജനത നടത്തിയ സുദീര്‍ഘമായ പോരാട്ടങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു: ''ആദിവാസികളുടെ ചരിത്രം എന്നത് ദീര്‍ഘമായ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടേതുമാണ്. ഈ രാജ്യത്തെ ജനങ്ങളാണ് ഏതൊരു രാഷ്ട്രീയപാര്‍ട്ടിയേക്കാളും ഏതൊരു നേതാവിനേക്കാളും വലിയത്. മോദി സര്‍ക്കാര്‍ ഭരണഘടനാമൂല്യങ്ങള്‍ ഒന്നൊന്നായി ഒഴുക്കിക്കളയുകയായിരുന്നു. നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കണമെങ്കില്‍ ശ്രദ്ധയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം''.
ഝാര്‍ഖണ്ഡിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായത്. അറസ്റ്റിന് മുമ്പ് തന്നെ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. അന്നുതൊട്ട് ഉയര്‍ന്നുകേള്‍ക്കുന്ന പേരായിരുന്നു കല്‍പ്പന സോറന്റേത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കല്‍പ്പനയെ പരിഗണിച്ചിരുന്നെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രതിസന്ധികളെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിച്ചു. ഹേമന്തിന്റെ അറസ്‌ററോടെയാണ് കല്‍പ്പന സോറന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ജെ.എം.എം വേദികളില്‍ സ്ഥിരസാന്നിധ്യമായി മാറിയ അവര്‍ ഇന്ന് പാര്‍ട്ടിയുടെ താരപ്രചാരകളില്‍ ഒരാള്‍ കൂടിയാണ്. കേന്ദ്രവേട്ടക്കെതിരെയുള്ള ഉറച്ചശബ്ദമായി ഡൽഹിയിലെ മഹാറാലിയിലും അവര്‍ പ്രതികരിച്ചു. രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീകളുടെയും ഒമ്പത് ശതമാനത്തോളമുള്ള ആദിവാസികളുടെയും പ്രതിനിധിയാണെന്ന് അഭിസംബോധന ചെയ്താണ് അവര്‍ സംസാരിച്ചുതുടങ്ങിയത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമുദായിക സംഘർഷം തുടങ്ങിയ വിഷയങ്ങളും അവര്‍ ഉന്നയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഝാര്‍ഖണ്ഡിലെ ഗാണ്ഡെയില്‍ മെയ് 20ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കല്‍പന മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
കെജ്രിവാളിന്റെ അറസ്റ്റിന് ശേഷം സുനിതയും കല്‍പ്പനയും തമ്മിലുള്ള കൂടികാഴ്ചയും ഒരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. കെജ്രിവാളിന്റേയും സോറന്റെയും അറസ്‌റ്റോടെ ഭരണം അവതാളത്തിലാകുമെന്ന് പദ്ധതിയിട്ട ബി.ജെ.പിക്കേറ്റ വലിയ പ്രഹരമായിരുന്നു ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം.
പക്ഷേ ഈ നീക്കങ്ങളെയെല്ലാം കേവലം അധികാരത്തില്‍ പങ്കുപറ്റാനുള്ള ശ്രമമായാണ് ബി.ജെ.പി പരിഹസിക്കുന്നത്. 1997- ല്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രാജിവെച്ചപ്പോള്‍ പകരം മുഖ്യമന്ത്രി പദത്തിലേറിയ ഭാര്യ റാബ്‌റി ദേവിയോടാണ് ഇവരെ ഉപമിക്കുന്നത്. സമര്‍ദ്ദഫലമായി രാഷ്ട്രീയത്തിലെത്തിയ റാബ്രി ദേവി, ഭര്‍ത്താവിന്റെ ഉത്തരവുകള്‍ അനുസരിക്കുന്ന ഒരു നിഴൽ മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ടിരുന്നു. റാബ്‌റി ദേവി നിരക്ഷരായായിരുന്നെന്നും അവർക്കെതിരെയുള്ള പ്രചാരണങ്ങളിൽ ഉയർന്നുവന്നിരുന്നു.
പക്ഷേ ഈ ആരോപണങ്ങളിൽനിന്ന് സുനിതയെയും കൽപ്പനയെയും വേറിട്ടുനിർത്തുന്നത് അവർ പ്രകടിപ്പിക്കുന്ന രാഷ്ട്രീയമായ ഇച്ഛാശക്തിയും നിലപാടുമാണ്. ഇന്ത്യന്‍ റവന്യു സര്‍വീസില്‍ ഉദ്യോഗസ്ഥായായിരുന്ന സുനിത, സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായശേഷമാണ് 2016-ല്‍ ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്ന് സുനിത സ്വമേധയാ വിരമിച്ചത്.
ബി.ടെക്കും എം.ബി.എയും പൂര്‍ത്തിയാക്കിയ കല്‍പ്പന, അദ്ധ്യാപിക കൂടിയാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നു. ജീവിതപങ്കാളികളുടെ അറസ്റ്റിലൂടെ തുടക്കമിട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഇരുവരും തെളിയിച്ചു കഴിഞ്ഞു.
കല്‍പ്പന ഡല്‍ഹിയിലെത്തി സുനിതയെ കാണുന്ന വീഡിയോ ബി.ജെ.പിയെ നന്നായി ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ദല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ അതിഷി പറയുന്നു. കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി തങ്ങള്‍ പ്രയോഗിക്കുന്ന മാരകമായ അധികാര പ്രയോഗത്തിനുമുന്നില്‍ തല കുനിക്കാത്ത ഈ സ്ത്രീകള്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുകയാണ് എന്നും അവര്‍ പറയുന്നു.
നാരീശക്തിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ബി.ജെ.പിക്കും മോദിക്കും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുനിത കെജ്രിവാളിനേയും കല്‍പ്പന സോറനെയും പോലുള്ള കരുത്തരായ സ്ത്രീകളെ കൂടി നേരിടേണ്ടിവരും.