കങ്കണയുടെ രാഷ്ട്രീയാഭിനയവും ഫലിച്ചു, മാണ്ഡി ബി.​ജെ.പിക്ക്

സംസ്ഥാനത്തുണ്ടായ മോദി തരംഗത്തിനൊപ്പം കങ്കണയുടെ വിവാദ നാവുകൂടി ചേർന്നപ്പോൾ മാണ്ഡിയിലെ ജനവിധി പൂർണമായെന്നു പറയാം.

Election Desk

ബോളിവുഡിലെ വിവാദ നായിക കങ്കണ റണാവത്ത് മത്സരിക്കാനെത്തിയതോടെ ദേശീയശ്രദ്ധയി​ലേക്കുയർന്ന ഹിമാചൽ പ്രദേശിലെ മാണ്ഡി, കങ്കണയിലൂടെ ബി.ജെ.പി സ്വന്തമാക്കി. ഹിമാചൽ പ്രദേശിൽ ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്രസിങ്ങിന്റെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകൻ വിക്രമാദിത്യ സിങ്ങിനെയാണ് തോൽപ്പിച്ചത്. സിനിമകളെല്ലാം പരാജയപ്പെട്ടതോടെ ​ബോളിവുഡിൽനിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേക്കിറങ്ങിയ കങ്കണയുടെ തീരുമാനം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

​​​പ്രധാനമ​ന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയാണ് കങ്കണ വോട്ട് ചോദിച്ചത്. സംസ്ഥാനമൊന്നാകെ മോദി തരംഗമാണെന്ന് അവർ ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. തനിക്ക് ജന്മനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയ ബി.ജെ.പിയോടുള്ള നന്ദിയും അവർ സദാ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. വിവാദം മാത്രം വിളമ്പുന്ന നാവിനാൽ എപ്പോഴും ശ്രദ്ധയാകർഷിച്ചു: ‘‘സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്’’, വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് അവർ പറഞ്ഞു.

പരമ്പരാഗതമായി കോൺഗ്രസ് കോട്ടയായ മാണ്ഡി കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്കൊപ്പമായിരുന്നു. 2014-ൽ ബി.ജെ.പിയുടെ രാം സ്വരൂപ് ശർമ കോൺഗ്രസിന്റെ പ്രതിഭാ സിങ്ങിനെ 39,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി, 3.62 ലക്ഷം വോട്ടുകൾ നേടിയായിരുന്നു സിങ്ങിന്റെ 3.22 ലക്ഷം. സി.പി.എം സ്ഥാനാർത്ഥി കുശാൽ ഭരദ്വാജ് മൂന്നാം സ്ഥാനത്തെത്തി.
2019-ൽ, രാം സ്വരൂപ് ശർമ്മ കോൺഗ്രസിന്റെ ആശ്രയ് ശർമ്മയെ തോൽപ്പിച്ചു. രാം സ്വരൂപ് ശർമ്മയുടെ മരണത്തെത്തുടർന്ന്, 2021- ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിഭാ സിംഗ് സീറ്റ് തിരിച്ചുപിടിച്ചു.

സംസ്ഥാനത്തുണ്ടായ മോദി തരംഗത്തിനൊപ്പം കങ്കണയുടെ വിവാദ നാവുകൂടി ചേർന്നപ്പോൾ മാണ്ഡ്യയിലെ ജനവിധി പൂർണമായെന്നു പറയാം. കാമ്പയിനിലുടനീളം വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. സിനിമാതാരത്തെ കാണാനുള്ള കൗതുകത്തിന് തന്റെ മുന്നിലെത്തിയ ജനക്കൂട്ടത്തോട് തീവ്ര ഹിന്ദുത്വ പരാമർശങ്ങൾ വിളമ്പുകയാണ് അവർ ചെയ്തത്. മണ്ഡലത്തിൽ സ്വാധീനമുള്ള ബ്രാഹ്മണ- രജപുത്ര വോട്ടുകളെ ഇത് ഏകോപിപ്പിച്ചു. മാണ്ഡിയിലെ 17 നിയമസഭാ മണ്ഡലങ്ങളിൽ 33.6 ശതമാനമാണ് രജപുത്ര വിഭാഗം. 29.85 ശതമാനം പട്ടികജാതിക്കാരും 21.4 ശതമാനം ബ്രാഹ്മണരുമാണ്. രജപുത്ര- ബ്രാഹ്മണ വിഭാഗക്കാർ മാത്രമാണ് ഇവിടെനിന്ന് ജയിച്ചുവരുന്നത്.

കങ്കണയെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള വിക്രമാദിത്യയുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. മാണ്ഡിക്കാരിയല്ല, കങ്കണ മുംബൈക്കാരിയാണ് എന്ന വിക്രമാദിത്യയുടെ പരാമർശമെല്ലാം തിരിച്ചടിച്ചു.

അടിസ്ഥാന ജനകീയ വിഷയങ്ങളും വികസനവുമെല്ലാം ഉയർത്തിക്കാട്ടാൻ വിക്രമാദിത്യ ശ്രമിച്ചുവെങ്കിലും കങ്കണയുടെ വിവാദ കാമ്പയിനിൽ അതെല്ലാം നിഷ്പ്രഭമായി.

പരമ്പരാഗതമായി രാജകുടുംബാംഗങ്ങളെ തെരഞ്ഞെടുക്കുന്ന മാണ്ഡി 'ഛോട്ടാ കാശി' എന്നാണറിയപ്പെടുന്നത്. ഇതുവരെ നടന്ന 19-ൽ 13 തെരഞ്ഞെടുപ്പിലും ജയിച്ചത് രാജകുടുംബാംഗങ്ങൾ. 1952-ൽ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആദ്യത്തെ ആരോഗ്യമന്ത്രിയും പാട്യാല രാജകുടുംബാംഗവുമായ അമൃത് കുമാറിനായിരുന്നു ജയം. സിറ്റിങ് എം.പി പ്രതിഭാ സിങ് രാംപുർ- ബുഷഹർ രാജാവായിരുന്ന വീർഭദ്രസിങ്ങിന്റെ പങ്കാളിയാണ്.

വിക്രമാദിത്യ സിങ്ങിനെയും കങ്കണ റണാവത്തിനെയും കൂടാതെ ഇത്തവണ ബി.എസ്.പിയിൽ നിന്ന് പ്രകാശ് ചന്ദ് ഭരദ്വാജും മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിൽ 4223 വോട്ടുനേടി മൂന്നാസ്ഥാനത്ത് എത്താനേ അദ്ദേഹത്തിന് സാധിച്ചുള്ളു

രാഷ്ട്രീയമായി അത്യന്തം കലുഷിതമായ സാഹചര്യത്തിലാണ് ഹിമാചൽ പ്രദേശിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ് പരാജയപ്പെട്ടിരുന്നു. ആറ് എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിയായ ഹർഷ് മഹാജനിനെ പിന്തുണച്ചതിനെ തുടർന്ന് വോട്ടുനില 34- 34 എന്ന സമനിലയിലെത്തുകയും നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കുകയുമായിരുന്നു. കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നു ഇത്.
ക്രോസ് വോട്ടിങ്ങിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് വിമത എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചതെല്ലാം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കനപ്പിക്കുന്നതായിരുന്നു.

മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ 6,98,666 പുരുഷന്മാരും 6,78,504 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 13,77,173 വോട്ടർമാരാണുണ്ടായിരുന്നത്.

തീർത്തും കലുഷിതമായ സാഹചര്യത്തിലാണ് ഹിമാചൽ പ്രദേശിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥിയായ അഭിഷേക് മനു സിങ് പരാജയപ്പെട്ടിരുന്നു. ആറ് എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിയായ ഹർഷ് മഹാജനിനെ പിന്തുണച്ചതിനെ തുടർന്ന് വോട്ടുനില 34- 34 എന്ന സമനിലയിലെത്തുകയും നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്ഥാനാർഥി ജയിക്കുകയുമായിരുന്നു. കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നു ഇത്.

ക്രോസ് വോട്ടിങ്ങിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് വിമത എം.എൽ.എമാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചതെല്ലാം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കനപ്പിക്കുന്നതായിരുന്നു. എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്തിമ വിജയം കങ്കണയ്ക്ക് ഒപ്പമായിരുന്നു.

2019ൽ വൻ ഭൂരിപക്ഷത്തോടെയും വൻ വോട്ട് ഷെയറോടെയുമായിരുന്നു ബി.ജെ.പി സ്ഥാനാർഥികളുടെ ജയം. കാൻഗ്രയിൽ ധരംശാല എം.എൽ.എയായിരുന്ന കിഷൻ കപൂർ 7,25,218 വോട്ട് നേടിയാണ് (72.0%) ജയിച്ചത്. മാണ്ഡിയിൽ രാം സ്വരൂപ് ശർമ്മ 6,47,189 (68.75%), ഹമീർ പൂരിൽ അനുരാഗ് താക്കൂർ 6,82,692 (69.0%), ഷിംലയിൽ സുരേഷ് കുമാർ കശ്യപ് (66.35%) തുടങ്ങിയവരാണ് വിജയിച്ചത്. എന്നാൽ, 2021- ൽ മാണ്ഡിയിൽ നടന്ന ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് 7,490 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിജയം നേടി. ബി.ജെ.പിയുടെ വോട്ട് വിഹിതം രണ്ടു വർഷത്തിനുള്ളിൽ കുത്തനെ ഇടിഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കങ്കണയ്ക്ക് 512437 വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിക്രമാദിത്യയ്ക്ക് 441123 വോട്ട് മാത്രമേ നേടാനായുള്ളു.

Comments