കനയ്യക്ക് തുടർത്തോൽവി,
നോർത്ത്- ഈസ്റ്റ് ഡൽഹിയിൽ മനോജ് തിവാരി

ബി.ജെ.പി ഡൽഹിയിൽ വീണ്ടും മത്സരത്തിനിറക്കിയ ഏക സിറ്റിങ്ങ് എം.പിയായിരുന്നു മനോജ് തിവാരി. ഹാട്രിക് വിജയത്തോടെ മണ്ഡലത്തിന്റെ ഇലക്ഷൻ പൊളിറ്റിക്സിൽ ചരിത്രം കുറിച്ചിരിക്കുകയാണ് തിവാരി.

Election Desk

സി.പി.ഐയിൽനിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യകുമാറിന് ഇത്തവണയും തനിക്കുമുന്നിലെത്തിയ ആൾക്കൂട്ടത്തെ വോട്ടാക്കി മാറ്റാനായില്ല. ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ച ഡൽഹിയിലെ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ കനയ്യകുമാർ തോൽവിയിലേക്ക്. സിറ്റിങ് ബി.ജെ.പി എം.പി മനോജ് തിവാരിയോടാണ് പരാജയം. ബി.ജെ.പി ഡൽഹിയിൽ വീണ്ടും മത്സരത്തിനിറക്കിയ ഏക സിറ്റിങ്ങ് എം.പിയായിരുന്നു മനോജ് തിവാരി. ഹാട്രിക് വിജയത്തോടെ മണ്ഡലത്തിന്റെ ഇലക്ഷൻ പൊളിറ്റിക്സിൽ ചരിത്രം കുറിച്ചിരിക്കുകയാണ് തിവാരി.

2014-ലെയും 2019- ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലാണ് തിവാരി ജയിച്ചത്. 2014- ൽ 45 ശതമാനമായിരുന്നു തിവാരിയുടെ വോട്ട് വിഹിതം, 2019- ൽ 54 ശതമാനമായി ഉയർത്തി. 2019-ൽ, മൂന്നുതവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെയാണ് 3,66,102 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിവാരി അട്ടിമറിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോജ് തിവാരി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോജ് തിവാരി

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്റ്റുഡന്റ് യൂണിയൻ കൗൺസിൽ മുൻ പ്രസിഡന്റും എൻ.എസ്.യു.ഐ ദേശീയ നേതാവു കൂടിയായ കനയ്യകുമാർ, പ്രാദേശിക നേതാക്കളുടെ എതി​ർപ്പ് മറികടന്ന് രാഹുലിന്റെ ആശീർവാദത്തോടെയാണ് മത്സരത്തിനെത്തിയത്. കനയ്യ എത്തിയതോടെ കാമ്പയിനും ഇരട്ടി ആവേശമുള്ളതായി മാറി. എങ്കിലും സംഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരുന്നത് തോൽവിയിലേക്കു നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിയുടെ പിന്തുണയും പൂർണ്ണമായി കനയ്യക്ക് ലഭിച്ചില്ല എന്നും റിപ്പോർട്ടുണ്ട്. സഖ്യത്തിലെ പ്രശ്നങ്ങളെ കാമ്പയിനിൽ ബി.ജെ.പി സമർഥമായി ഉപയോഗിച്ചു. ഇന്ത്യൻ സെന്യത്തെ അവഹേളിച്ച് കനയ്യകുമാർ പ്രസംഗിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും ബി.ജെ.പി നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനാണ് ജനങ്ങൾ പരിശ്രമിക്കുന്നതെന്നും രാജ്യത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കൾക്ക് വോട്ട് നൽകി ജനം സമയം പാഴാക്കില്ലെന്നും തിവാരി പറഞ്ഞിരുന്നു. കനയ്യയെ ലക്ഷ്യം വച്ചുള്ള ഇത്തരം വിദ്വേഷ കാമ്പയിൻ വിജയിച്ചുവെന്നാണ് ഫലം തെളിയിക്കുന്നത്.

നോർത്ത് ഈസ്റ്റ് ഡൽഹിയുടെ വിധി മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ചാണ് കനയ്യ ജനങ്ങൾക്കുമുന്നിലെത്തിയത്. പ്രചാരണത്തിനിടെ ഒരു സംഘം അക്രമികൾ കനയ്യകുമാറിനുനേരെ ആക്രമണം നടത്തുകയും മഷിക്കുപ്പിയെറിയുകയും ചെയ്തു. തന്റെ സുരക്ഷയെക്കുറിച്ചോർത്ത് ഭയമില്ലെന്നും താൻ ബീഹാറിന്റെ മണ്ണിലാണ് ജനിച്ചതെന്നും ജീവിതം തന്നെ ഒരു പോരാട്ടമാണെന്നുമായിരുന്നു കനയ്യകുമാറിന്റെ പ്രതികരണം. പക്ഷേ ഇതൊന്നും വോട്ടായി മാറിയില്ലെന്നാണ് തിവാരിയുടെ വൻ ഭൂരിപക്ഷത്തിലുള്ള ജയത്തോടെ തെളിയുന്നത്. 2019-ൽ ബീഹാറിലെ ബെഗുസാരയിൽ നിന്ന് സിപി.ഐ സ്ഥാനാർഥിയായി മത്സരിച്ച് കനയ്യകുമാർ പരാജയപ്പെട്ടിരുന്നു. 2021 സെപ്റ്റംബറിലാണ് സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേരുന്നത്.

നോർത്ത് ഈസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽപ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും തൊഴിലാളികളുമാണുള്ളത്. വോട്ടർമാരിൽ ബീഹാറികളാണ് കൂടുതലുള്ളതെന്ന കണക്കുവെച്ചാണ് ബീഹാറിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ ബി.ജെ.പിയും ‘ഇന്ത്യ’ സഖ്യവും തീരുമാനിച്ചത്.

ബുരാരി, തിമർപൂർ, സീമാപുരി (എസ്സി), റോഹ്താസ് നഗർ, സീലംപൂർ, ഘോണ്ട, ബാബർപൂർ, ഗോകൽപൂർ (എസ്സി), മുസ്തഫാബാദ്, കരവൽ നഗർ എന്നിവയുൾപ്പെടെ 10 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലം. പത്ത് മണ്ഡലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ബി ജെ പിയുടെ (റോഹ്താസ് നഗർ, ഘോണ്ട, കരവാൽ നഗർ) കൈവശമുള്ളത്, ബാക്കി എഴെണ്ണത്തിലും എ.എ.പി നിയമസഭാംഗങ്ങളാണുള്ളത്. എന്നിട്ടും അന്തിമ വിജയം തിവാരിയ്ക്ക് ഒപ്പമായിരുന്നു.

Comments