ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തറിയിച്ച് തൂത്തുക്കുടിയിൽ വീണ്ടും കനിമൊഴി. സിറ്റിങ് എം.പി കൂടിയായ കനിമൊഴിയുടെ രണ്ടാം വിജയമാണിത്. ബി.ജെ.പി സ്ഥാനാർഥി നൈനാർ നാഗേന്ദ്രനെ പരാജയപ്പെടുത്തിയാണ് കനിമൊഴി വീണ്ടും പാർലമെന്റിലേക്ക് പോകാനൊരുങ്ങുന്നത്. എ.ഐ.ഡി.എം.കെ നേതാവ് ശിവസാമി വേലുമണി.ആർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
2019-ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആവർത്തനമാവുകയാണ് 2024. നിലവിൽ തെലങ്കാന ഗവർണർ സ്ഥാനം രാജിവെച്ച് ചെന്നൈ സൗത്തിൽ മത്സരിക്കുന്ന തമിഴിസൈ സൗന്ദരരാജനെ മൂന്ന് ലക്ഷം വോട്ടുകൾക്കാണ് കനിമൊഴി 2019-ൽ പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ബി ജെ പി വേദികളിൽ സുപരിചിതയായ തമിഴിസൈയുടെ ജനകീയത വോട്ടാക്കാൻ ബി ജെ പിക്ക് അന്ന് സാധിച്ചില്ല. കരുണാനിധി രാഷ്ട്രീയത്തിന്റെ പിന്തുടർച്ചക്കാരിയായ കനിമൊഴിക്ക് തൂത്തുക്കുടി അനായാസം പിടിച്ചെടുക്കാൻ തുടർച്ചയായ രണ്ട് തവണയും സാധിച്ചു. മണ്ഡലം രൂപീകരിക്കപ്പെട്ട 2009 മുതൽ ഒരു തവണയൊഴികെ ഡി എം കെ ആധിപത്യം ഉറപ്പിക്കുന്ന മണ്ഡലമാണ് തൂത്തുക്കുടി. 2014-ൽ എ ഐ ഡി എം കെയുടെ ജെ. ജയസിങ് ത്യാഗരാജ് നട്ടർജിയാണ് തൂത്തുക്കുടിയിൽ ജയിച്ച ഏക ഡി എം കെ ഇതര സ്ഥാനാർഥി.
ബി ജെ പിയും ഡി എം കെയും നേരിട്ട് ശക്തമായ പോരാട്ടം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് തൂത്തുക്കുടി. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും ഹിന്ദുത്വവിരുദ്ധ മുദ്രാവാക്യങ്ങളുയർത്തിയുമായിരുന്നു തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചത്്. നാമനിർദേശ പത്രിക സമർപ്പിച്ച സമയം മുതൽ തന്നെ ഡി എം കെ സ്ഥാനാർഥിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി ബി ജെ പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ഹിന്ദുത്വ അടിച്ചേൽപ്പിക്കലിനെയും വിമർശിച്ച് രംഗത്തുവന്നിരുന്നു. ബി ജെ പിയാകട്ടെ, സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന രീതിയാണ് പിന്തുടർന്നത്. 2023 ഡിസംബറിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയെ നേരിട്ടപ്പോൾ, ദുരിതം അനുഭവിച്ച കുടുംബങ്ങളെ സ്റ്റാലിൻ സർക്കാർ അവഗണിച്ചുവെന്നാണ് ബി ജെ പി അടക്കമുള്ള എതിർ കക്ഷികൾ ഉയർത്തിയ പ്രധാന പ്രചാരണ തന്ത്രം.
ഭരണവിരുദ്ധ വികാരം ഉയർത്തി വോട്ട് പിടിക്കാമെന്ന എതിർ പാർട്ടി തന്ത്രങ്ങളെല്ലാം തന്നെ ഫലം കാണാതെ പോവുകയായിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജനകീയ ഭരണം കാഴ്ചവെച്ച് തങ്ങൾക്ക് അനുകൂലമായ ഒരു ഗ്രൗണ്ട് സൃഷ്ടിച്ചിട്ടുണ്ട്. അത് സ്ംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് ഡി എം കെ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന അവഗണന, ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, ഗവർണറെ ഉപയോഗിച്ച് സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാൻ നടത്തിയ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ഉയർത്തികൊണ്ട് വരാനും ഡി എം കെക്ക് കഴിഞ്ഞിരുന്നു. മോദി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മണ്ഡലം കൂടിയാണ് തൂത്തുക്കുടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുമാസത്തിനിടെ മൂന്ന് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തിയത്. എന്നാൽ മോദി റോഡ് ഷോകൾ വോട്ടായില്ലായെന്ന് തന്നെയാണ് തമിഴ്‌നാട്ടിൽ നിന്നു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.