നീറ്റ് പരീക്ഷ ഒഴിവാക്കണം; തമിഴ്നാടിന് പുറമെ പ്രമേയം പാസ്സാക്കി ബംഗാളും കർണാടകയും

നീറ്റ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകാഭിപ്രായമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. തമിഴ്‌നാടിന് പുറമെ കർണാടകയും പശ്ചിമ ബംഗാളും നീറ്റിനെതിരെ പ്രമേയം പാസ്സാക്കി.

News Desk

  • നീറ്റ് (National Entrance cum Eligibility Test -NEET) അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി.

  • ഗ്രാമീണ മേഖലയിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍നിന്ന് പുറന്തള്ളുന്ന നീറ്റ് സംവിധാനം അവസാനിപ്പിക്കണമെന്നാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നത്.

  • നീറ്റ്, സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഇല്ലാതാക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറുകളുടെ അവകാശം അപഹരിക്കുന്നുവെന്നും പ്ര​മേയം കുറ്റപ്പെടുത്തുന്നു.

  • സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.ഇ.ടി) വഴിയായിരിക്കണം മെഡിക്കല്‍ പ്രവേശനമെന്നാണ് പ്രമേയം. നീറ്റില്‍നിന്ന് കര്‍ണാടകയെ ഒഴിവാക്കി സി.ഇ.ടി വഴി പ്രവേശനം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

  • നീറ്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമീഷന്‍ ആക്റ്റ്- 2019 ഭേദഗതി ചെയ്യണം.

  • നീറ്റ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകാഭിപ്രായമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിൽ തമിഴ്‌നാട് നേരത്തെ തന്നെ നിലപാട് എടുത്തിട്ടുണ്ട്. തെലങ്കാനയും ഉടന്‍ നിലപാടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

  • ഇതോടെ നീറ്റ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി.

  • കർണാട നിയമസഭയിലെ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ജെ.ഡി.എസും പ്രമേയത്തെ എതിര്‍ത്തു.

  • 'ഒരു രാജ്യം ഒരു ഇലക്ഷന്‍', ‘നീറ്റ്’ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആര്‍.അശോക് ആവശ്യപ്പെട്ടു.

  • നീറ്റ് അവസാനിപ്പിച്ച് സംസ്ഥാനത്ത് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കിയത്.

  • വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

  • നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി സമ്പൂര്‍ണ പരാജയമെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

  • 2023-24ല്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സീറ്റുള്ള സംസ്ഥാനമാണ് കര്‍ണാടക. 11,745 സീറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ 3750 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 7995 എണ്ണം സ്വകാര്യ കോളേജുകളിലുമാണ്.

  • 11,650 സീറ്റുകളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര - 10,845, യു.പി - 9908, തെലങ്കാന - 8490 സീറ്റുകള്‍, എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.

  • മെഡിക്കല്‍ പ്രവേശനത്തിന് ആദ്യമുണ്ടായിരുന്ന സംവിധാനം തിരിച്ചുകൊണ്ടുവന്ന് നീറ്റ് ഒഴിവാക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments