മുസ്‍ലിം വിദ്വേഷവുമായി ബി.ജെ.പിയുടെ വീഡിയോ, ദേശീയ അധ്യക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കർണാടക പൊലീസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‌ലിംങ്ങള്‍ക്ക് അനര്‍ഹമായി ഫണ്ട് നല്‍കുന്നതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്.

Election Desk

വിഭജന രാഷ്ട്രീയം കാമ്പയിനായി ഉയർത്തുന്ന ബി ജെ പിക്ക് കർണാടകയിൽ തിരിച്ചടി. കോണ്‍ഗ്രസ് രാജ്യത്ത് മുസ്‍ലിം പ്രീണനത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് കാര്‍ട്ടൂണ്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയേയും പാർട്ടി സംസ്ഥാന ഐ.ടി. സെല്‍മേധാവി അമിത് മാളവ്യയേയും ചോദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കര്‍ണാടക പോലീസ്. കര്‍ണാടക ബി ജെ പി എക്‌സ് ഹാന്‍ഡിലില്‍ മുസ്‍ലിം വിഭാഗത്തിനെതിരെ പങ്കുവച്ച വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയത്.

മുസ്‍ലിം വിഭാഗത്തിന് വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുമ്പോള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ, ഒ ബി സി വിഭാഗങ്ങളെ തഴയുന്നുവെന്ന് സൂചിപ്പിക്കുന്ന കാര്‍ട്ടൂണ്‍ വീഡിയോ ആണ് കര്‍ണാടക ബി ജെ പിയുടെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ അമിത് മാളവ്യ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

ആനിമേറ്റഡ് വീഡിയോയിൽ നിന്നുള്ള ദൃശ്യം

കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് ലീഗല്‍ യൂണിറ്റ് അംഗം രമേഷ് ബാബുവാണ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിക്ക് പിന്നാലെയാണ് ജെ.പി. നഡ്ഡക്കും അമിത് മാളവ്യക്കുമെതിരെ കേസെടുത്തത്. ഇതിനുപിന്നാലെ, വീഡിയോ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നു കാണിച്ച് അത് നീക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിയോട് ആവശ്യപ്പെട്ടിരുന്നു.

17-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ശനിയാഴ്ചയാണ് ബി.ജെ.പി. കര്‍ണാടക ഘടകം എക്‌സില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‌ലിംങ്ങള്‍ക്ക് അനര്‍ഹമായി ഫണ്ട് നല്‍കുന്നതായാണ് വീഡിയോയില്‍ ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടേയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകള്‍ മുസ്‌ലിം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടില്‍ നിക്ഷേപിക്കുന്നു. പക്ഷിക്കൂട്ടില്‍ എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞശേഷം രാഹുല്‍ ഗാന്ധി മുസ്‌ലിം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ട് നല്‍കുന്നു. മറ്റുള്ള പക്ഷികള്‍ അത് ലഭിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കത് നല്‍കുന്നില്ലെന്ന വംശീയ ഉള്ളടക്കമാണ് വീഡിയോയിൽ.

തെരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടം അവസാനിച്ചപ്പോൾ സ്ഥിതി പരുങ്ങലിലായ ബി.ജെ.പി മാരകമായ വര്‍ഗീയ - വിഭജന രാഷ്ട്രീയമാണ് ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റാര്‍ ക്യാംപയിനറായ നരേന്ദ്ര മോദി മുതല്‍ പ്രാദേശിക നേതൃത്വം വരെ അതിലുള്‍പ്പെടുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കര്‍ണാടക ബി ജെ പി ഘടകം എക്സില്‍ പങ്കുവെച്ച ആനിമേറ്റഡ് വീഡിയോ.

നേരത്തെ മുസ്ലിംകള്‍ക്കെതിരൊയ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇലക്ഷന്‍ കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. സമീപകാല ഇലക്ഷന്‍ കാമ്പയിന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ ഇലക്ഷൻ കമീഷൻ നോട്ടീസ് അയക്കുന്നത്. അതിനു ശേഷവും മോദി വിദ്വേഷ പ്രസംഗം തുടരുകയാണ്. മൂന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ട് മുമ്പുള്ള പ്രസംഗത്തില്‍, പാകിസ്താനെ വരെ കൂട്ടുപിടിച്ചായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്ന രാജ്യവും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് ബി.ജെ.പി തുറന്നുകാട്ടുകയാണ് എന്നു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 'നമുക്കെല്ലാം അറിയാം, കോണ്‍ഗ്രസും പാക്കിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നലെ നമ്മള്‍ കണ്ടിട്ടുണ്ട്, അതിപ്പോള്‍ തുറന്നുകാട്ടുകയാണ്’.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിനെ ആക്ഷേപിച്ച മോദി രാഹുലിനെയാണ് പ്രധാനമായും ലക്ഷ്യം വച്ചത്: ''ഭരണഘടനയുമായി നൃത്തം ചെയ്യുന്ന നിങ്ങള്‍ എന്തുകൊണ്ട് അത് 75 വര്‍ഷമായിട്ടും രാജ്യത്ത് എല്ലായിടത്തും നടപ്പാക്കിയില്ല? ഈ രാജ്യത്തിന് രണ്ടു ഭരണഘടനകളുണ്ടായിരുന്നു, രണ്ട് കൊടികളുണ്ടായിരുന്നു, രണ്ട് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന രാജ്യത്താകെ പിന്തുടരാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. ആര്‍ട്ടിക്കിള്‍ 370-ലൂടെ, കാശ്മീരിനെ ഭരണഘടനയില്‍നിന്ന് മാറ്റിനിര്‍ത്തി’’.

ബി ജെ പിക്കും സ്വന്തം ഗ്യാരന്റിയിലൂന്നി പ്രചരണത്തിനിറങ്ങിയ മോദിക്കും അടുത്ത ഘട്ടങ്ങൾ വളരെ നിർണായകമാണ്. പോളിംഗ് ശതമാനത്തിലെ തിരിമറിസാധ്യത അടക്കം പ്രതിപക്ഷം അതിശക്തമായി രംഗത്തുണ്ട്. ആ നിലയ്ക്ക് വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ കര്‍ണാടക പൊലീസ് എടുക്കുന്ന നിലപാട് ബി ജെ പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

Comments