‘ഇപ്പോഴും ചുറ്റും കാണുന്നത് മതിലുകൾ’;
തടവറയിലെ ഏഴ് ക്രൂര വർഷങ്ങൾ തുറന്നു പറഞ്ഞ് പ്രൊഫ. സായിബാബ

ജയിലിൽ പോകുമ്പോൾ ഒരു അസുഖവും ഇല്ലാതിരുന്ന പ്രൊഫ. സായിബാബയുടെ ഇന്നത്തെ ആരോഗ്യസ്ഥിതി അതല്ല. ഹൃദയത്തിന്റെ 55% മാത്രമാണ് പ്രവർത്തനക്ഷമം. മറ്റ് നിരവധി അസുഖങ്ങളും. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ഏഴു വർഷം ജയിലിലടക്കപ്പെട്ട ഒരു മനുഷ്യൻ തന്റെ തടവുജീവിതത്തെക്കുറിച്ച് നടത്തുന്ന വെളിപ്പെടുത്തലുകൾ, ഭരണകൂടവും നീതിന്യായ സംവിധാനവും പ്രതിസ്ഥാനത്തുനിൽക്കുന്ന വിചാരണകൾ കൂടിയാണ്.

National Desk

'സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും ചികിത്സ നൽകിയില്ല. പരിശോധനകൾ മാത്രമാണ് നടത്തിയിരുന്നത്. സർക്കാർ ഡോക്ടർമാർ നിർദേശിച്ച ചികിത്സയൊന്നും നൽകിയില്ല’.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് നീണ്ടകാലം ജയിൽ ജീവിതം നയിക്കേണ്ടി വന്ന ഡൽഹി സർവ്വകലാശാല പ്രൊഫസർ ജി.എൻ. സായിബാബയുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന മഹേഷ് ടിർക്കി, ഹോം മിശ്ര, പ്രശാന്ത് റാഹി, വിജയ് ടിർക്കി എന്നിവരെയും കുറ്റവിമുക്തരാക്കിയത്.

കെട്ടിച്ചമക്കപ്പെട്ട മാവോയിസ്റ്റ് ബന്ധത്തെകുറിച്ചും ഭിന്നശേഷിക്കാരനായ തനിക്ക് ജയിലിനകത്ത് നേരിടേണ്ടി ചികിത്സാ നിഷേധത്തെ കുറിച്ചും ജയിൽമോചിതനായതിന്റെ അടുത്ത ദിവസം ന്യൂഡൽഹി ഹർകിഷൻ സിങ് സുർജിത് ഭവനിൽ നടന്ന പരിപാടിയിൽ അദ്ദേഹം തുറന്നുപറഞ്ഞു. ഒരു പതിറ്റാണ്ട് തനിക്കുണ്ടായ മനുഷ്യത്വരാഹിത്തത്തെ കുറിച്ച് അദ്ദേഹം തുറന്നുപറയുന്നുണ്ട്.

പ്രൊഫ. ജി.എൻ. സായിബാബ

തുടർച്ചയായ 7 വർഷങ്ങളാണ് പ്രൊഫ. സായിബാബ തടവറയിലടക്കപ്പെട്ടത്. 2014 മേയ് ഒമ്പതിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഭിന്നശേഷിക്കാരനായ സായിബാബയെ അറസ്റ്റ് ചെയ്യുമ്പോൾ ഒട്ടും പരിഗണന നൽകാതെ, ഇടതുഭാഗം തൂക്കിയെടുത്ത് വലിച്ചുകൊണ്ട് പോവുകയായിരുന്നു. അന്നുണ്ടായ പരിക്കിന്റെ അടയാളം ഇന്നും മാഞ്ഞിട്ടില്ല.

ഡൽഹിയിൽ നിന്ന് നാഗ്പൂരുലേക്ക് കൊണ്ടുപോവുന്ന വഴി, തലച്ചോറിൽ നിന്ന് ചുമലിലേക്കുള്ള നാഡികൾക്ക് പരിക്കേറ്റു. എന്നാൽ ഒമ്പത് മാസം ചികിത്സ നൽകാൻ പോലും ഭരണകൂട സംവിധാനങ്ങൾ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീട് ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോൾ, മസിലുകൾക്കും നാഡികൾക്കുമുണ്ടായ പരിക്ക് പൂർവസ്ഥിതിയിലാക്കാൻ കഴിയാത്ത വിധം തകരാർ സംഭവിച്ചിരുന്നു. അവയെ പഴയ അവസ്ഥയിലാക്കാൻ ഒരിക്കലും സാധിക്കില്ലെന്നും ഡോക്ടർ അദ്ദേഹത്തിനോട് പറഞ്ഞു. സർജറി നടത്താൻ ഡോക്ടർ നിർദേശിച്ച സമയത്താണ് അപ്രതീക്ഷിതമായി ശിക്ഷാവിധിയുണ്ടാകുന്നത്. അതിനുശേഷം പോളിയോ ബാധിച്ച ശരീരത്തിന്റെ ഇടതുവശം പിന്നെയും തളർന്നു.

വർഷംതോറും മെഡിക്കൽ പരിശോധ നടത്താറുണ്ടായിരുന്ന തനിക്ക് ജയിലിൽ പോകുമ്പോൾ ഒരു അസുഖവും ഉണ്ടായിരുന്നില്ല എന്നും ഒരു ഗുളിക പോലും കഴിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇന്നത്തെ സായിബാബയുടെ ആരോഗ്യസ്ഥിതി അതല്ല. ഹൃദയത്തിന്റെ 55% മാത്രമാണ് പ്രവർത്തനക്ഷമം. ഡോക്ടർ നിർദേശിച്ച ഹൃദയ പരിശോധന നടത്താൻ പോലും സംവിധാനങ്ങൾ തയ്യാറായില്ല. പരിശോധന നടത്താതെ നാലും അഞ്ചും ആറും തരത്തിലുള്ള വേദനസംഹാരികൾ മാത്രം നൽകി. അത്രയും മനുഷ്യത്വവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ജയിൽവാസകാലം.

2020 ആഗസ്റ്റ് ഒന്നിനാണ് അമ്മ മരിച്ചത്. അവരെ മരണത്തിനുമുമ്പ് കാണാന്‍ പോലും അനുവദിച്ചില്ല. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും അനുമതി തന്നില്ല. ഭിന്നശേഷിക്കാരനായ തന്നെ പഠിപ്പിച്ച് നല്ല ജോലി കിട്ടണം എന്ന് ആഗ്രഹിച്ച ഒരമ്മയായിരുന്നു അവര്‍.

'എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നെങ്കിലും ഒരിക്കൽ പുറംലോകത്തേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജയിൽവാസത്തിനിടയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചപ്പോൾ കേവലം പനി കൊണ്ടാണ് അയാൾ മരിച്ചതെന്നാണ് അവർ പറഞ്ഞത്. ഇത്രയും ആധുനികമായ മരുന്നുകളുള്ള ഇക്കാലത്ത് അങ്ങനെയൊരാൾ പനി വന്ന് മരിക്കുമോ. ഈ കേസിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ ഒന്നുമയാൾക്ക് അറിയില്ലായിരുന്നു. സ്വന്തം ഊരു വിട്ട് പുറത്തുപോലും പോകാത്തയാളാണ്. ആ അയാളാണ് എന്റെ കൺമുന്നിൽ മരിക്കുന്നത്. അവസാന നിമിഷത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അവർ തയാറായില്ല. പിന്നീട് അവിടുത്തെ തടവുകാർ ശബ്ദമുയർത്തിയതിന് ശേഷമാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.'

ജയിലിൽ റാമ്പില്ലാത്തതിനാൽ ഭിന്നശേഷിക്കാരനായ സായിബാബക്ക് എവിടേക്കെങ്കിലും പോകണമെങ്കിൽ മറ്റൊരാളുടെ സഹായം ആവശ്യമായിരുന്നു. 'ജയിലിൽ റാമ്പില്ലാത്തതിനാൽ ആരെങ്കിലും എടുത്തുകൊണ്ട് പോകാതെ സന്ദർശക മുറിയിൽ പോകാൻ കഴിയില്ലായിരുന്നു. ഓൺലൈൻ വഴി ബന്ധുക്കളോട് സംസാരിക്കുന്ന മുറിയിലേക്കും പോകാൻ കഴിഞ്ഞില്ല. മാത്രവുമല്ല ആശുപത്രിയിലേക്കും പോകാനായില്ല. ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. എത്രനാൾ ഒരു മനുഷ്യന് വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും. സഹായമില്ലാതെ എനിക്ക് ടോയ്‌ലറ്റിലേക്കുപോലും പോകാനാകുമായിരുന്നില്ല. അത്തരമൊരു മനുഷ്യനോടാണ് ഇത്തരം ക്രൂരത നടത്തിയത്. ജീവനോടെ പുറത്തുവരുമെന്ന് കരുതിയതല്ല- 56 കാരനായ സായിബാബ പറഞ്ഞു.

'നീണ്ട ഏഴ് വർഷങ്ങൾക്കിപ്പുറം ഇവിടെ വന്നിങ്ങനെ നിൽക്കുമ്പോൾ ഞാൻ എവിടെയാണെന്ന് പോലും എനിക്ക് മനസിലാകുന്നില്ല. ഇപ്പോഴും ആ ക്രൂരമായ ജയിലഴിക്കുള്ളിലാണ് ഞാനെന്നാണ് എനിക്ക് തോന്നുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ കഴിയുമ്പോഴും കടന്നുപോകുന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ എനിക്ക് കഴിയുന്നില്ല. ജയിലിന് പുറത്തുള്ള ചുറ്റുപാടുകളോടും എനിക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. എനിക്ക് ചുറ്റും മതിലുകൾ മാത്രമെ കാണാൻ സാധിക്കുന്നുള്ളൂ.'

പങ്കാളി വസന്തകുമാരിക്കൊപ്പം

നിയമത്താൽ വേട്ടയാടപ്പെട്ട പത്ത് വർഷങ്ങൾ ഓർത്തെടുക്കുന്നതിലൂടെ ഈ മനുഷ്യൻ പ്രതിക്കൂട്ടിലാക്കുന്നത് ഭരണകൂടത്തെയും നീതിന്യായ സംവിധാനത്തെയുമാണ്. മാധ്യമങ്ങളോട് സംസാരിക്കവെ, വൈകി കിട്ടുന്ന നീതി അനീതിയാണെന്ന് ഇടറിയ ശബ്ദത്തിൽ അദ്ദേഹം ഈ സംവിധാനങ്ങളെ ഓർമപ്പെടുത്തുന്നുമുണ്ട്.

Comments