‘വല്ല്യേട്ടൻ' തീർച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും

ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെയും സർക്കാർ വിരുദ്ധ സമരങ്ങളുടെയും പശ്ചാത്തലത്തിൽ, കോവിഡാനന്തര കാലത്തെ 'വലിയ ഗവൺമെന്റ്'' എന്ന സങ്കൽപം കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങും എന്നുതന്നെയാണ് കരുതേണ്ടത്. എന്നാൽ, അതിനെ പ്രതിരോധിക്കാൻ പ്രാപ്തി നേടുന്ന പൗരസമൂഹവും ഈ കോവിഡിനെ തുടർന്നുള്ള ദിവസങ്ങൾ ഓർമിപ്പിക്കുന്നുണ്ട്

ലോകം മുഴുവനുമുണ്ടായ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യരംഗത്ത് ഓരോ സമൂഹവും ആർജിച്ച സ്വാശ്രയത്വമായിരുന്നു ആദ്യം പരിശോധിക്കപ്പെട്ടത്. ആരോഗ്യമുള്ള സമൂഹമായിരിക്കാൻ ഓരോ സമൂഹങ്ങൾക്കുമുള്ള ശേഷിയും, തങ്ങളുടെ ആരോഗ്യത്തെ സാമൂഹിക ആവശ്യമായി ഭരണകൂടങ്ങൾ കാണുന്നുണ്ടോ എന്ന് പരിശോധിക്കാൻ പൗരസമൂഹത്തിനുള്ള അവകാശവും, പരീക്ഷിക്കപ്പെടുന്ന ഘട്ടം കൂടിയായിരുന്നു അത്. ഇത് രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും ഭരണനേതൃത്വങ്ങളെയും മനസ്സിലാക്കാനും ഉപകരിക്കുന്നതായിരുന്നു. മുമ്പൊരിക്കലും ഉണ്ടാവാത്തവിധം, ആരോഗ്യരംഗത്ത് കൂടുതൽ സമയവും സമ്പത്തും ചെലവഴിക്കാൻ ഭരണകൂടങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഇതോടെ നിലവിൽ വരികയായിരുന്നു. ഇതിനോടൊപ്പം, രോഗത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽത്തന്നെ മനുഷ്യസമൂഹം ഇതുവരെയും ആർജിച്ച അതിജീവനശേഷി, ഒന്നായി കണ്ടെത്തുമ്പോൾത്തന്നെ, പ്രാദേശികാടിസ്ഥാനത്തിൽ ശിഥിലീകരിക്കപ്പെടുകയോ വിഭജിക്കപ്പെടുകയോ ചെയ്യുന്നുണ്ടായിരുന്നു. ഇതും ഓരോ രാജ്യങ്ങൾക്കും സാമൂഹികമായ വെല്ലുവിളി ഉയർത്തുന്നതുമായിരുന്നു.
ഇന്ന് ഈ മഹാമാരി ചെന്നു ചേരാത്ത രാജ്യങ്ങൾ ഇല്ല. അല്ലെങ്കിൽ, ഭൂമിയിലെ എല്ലാ 'വ്യക്തി'കളെയും ഇന്ന് കോവിഡ് ബാധിച്ചിട്ടുണ്ട് - ഒരു ജീവിവർഗം എന്ന നിലയിൽ നമ്മുടെ സാമൂഹിക അസ്തിത്വത്തെ പ്രതി തന്നെ.

ആരോഗം നിയന്ത്രണമാകുമ്പോൾ

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് രോഗവ്യാപനം ഉയർത്തുന്ന വെല്ലുവിളി അതേപോലെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്നതായാണ് നമ്മൾ ആദ്യം കണ്ടത്. കേരളവും ഒറീസയും ഒഴിച്ചാൽ സംസ്ഥാന സർക്കാരുകൾ പലതും ഈ പ്രതിസന്ധിയെ നേരിടാൻ വിസമ്മതിച്ചു. നരേന്ദ്രമോദി സർക്കാർ മതാത്മകമായ ഒരു നിസംഗതയോടെയാണ് രോഗവ്യാപനത്തെത്തന്നെ നേരിട്ടത്.

മനുഷ്യസമൂഹത്തിന്റെ ഇരുണ്ട കാലത്തെ ഓർമിപ്പിക്കുന്നവണ്ണം മന്ത്രവാദത്തോളം പോന്ന പരിഹാരങ്ങൾ അതുകൊണ്ടുതന്നെ സ്വീകരിക്കപ്പെടുന്ന ഒരു മനോനില അംഗീകരിക്കപ്പെട്ടു; രാഷ്ട്രത്തിന്റെ സ്വത്വത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങൾക്ക് അനുസൃതമായിക്കൊണ്ടുതന്നെ. എന്നാൽ, ഇതേതുടർന്ന് ലോകവ്യാപകമായി സാമൂഹ്യ നിയന്ത്രണങ്ങൾ വന്നതോടെ ഭരണകൂടങ്ങൾ അവയുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും റോളിലേക്ക് പെട്ടെന്ന് വന്നു. ഇത്, ഭരണകൂടങ്ങളുടെയും ഭരണനേതൃത്വങ്ങളുടെയും സ്വഭാവത്തെ കൂടി കാണിക്കുന്നുണ്ടായിരുന്നു. മോദി സർക്കാർ ജനതാ കർഫ്യൂ പ്രഖ്യാപിക്കുമ്പോൾ നമുക്ക് അനുവദിക്കുന്നത് വെറും നാല് മണിക്കൂറാണ്. ഭൂമിയിലെ ഏറ്റവും വലിയ ഒരു സമൂഹത്തിന്റെ സകല സഞ്ചാരങ്ങളെയും വിനിമയ മാർഗങ്ങളെയും ‘ദുർബലമായ ഒരു ഭരണകൂട'ത്തിന് അതിശക്തമായിത്തന്നെ നിയന്ത്രിക്കാൻ അവസരം കിട്ടുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ‘‘ദുർബലമായ ഭരണകൂടം'' എന്ന് പറഞ്ഞത് ഇന്ത്യയുടെ ജനസംഖ്യാനുപാതത്തെ കണക്കിലെടുത്താണ്. എന്നാൽ, ഭരണകൂടം എന്ന അർത്ഥത്തിൽ തങ്ങൾക്കുള്ള ‘അധികാരം' ഭരണനേതൃത്വം കൃത്യമായിത്തന്നെ ഉപയോഗിക്കുന്ന അവസരമായി രോഗവ്യാപനം മാറി. സമൂഹത്തിന്റെ ആരോഗ്യം എന്ന സങ്കൽപം തന്നെ ‘സേവനം' എന്നതിൽനിന്ന് മാറി ‘നിയന്ത്രണ'ത്തിനുള്ള ഉപാധിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് പറയുമ്പോൾ അത് രാജ്യം മുഴുവൻ പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു എന്നത് കാണാതിരുന്നുകൂടാ.

സാമൂഹിക ഭയം എന്ന ആയുധം

ജനാധിപത്യത്തെ ചില സവിശേഷഘട്ടങ്ങളിൽ പൗരസമൂഹങ്ങൾ നിർവചിക്കുന്നത് നിലനിൽക്കുന്ന രാഷ്ട്രീയ പരിതസ്ഥിതിയിൽ നേരിട്ട് ഇടപെട്ടും ഭരണകൂടത്തെ സ്വാതന്ത്രോന്മുഖമായ രാഷ്ട്രീയ പരിവർത്തനത്തിന് പ്രേരിപ്പിച്ചുമായിരിക്കും; എങ്കിൽ, ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്കും അതിന്റെ രാഷ്ട്രീയനേതൃത്വം എന്ന നിലയ്ക്കും ബി.ജെ.പി സർക്കാർ ജനാധിപത്യത്തെ അവസരവാദപരമായ (Opportunistic) ഒരാവശ്യമായി കാണുക മാത്രം ചെയ്യുന്നു എന്നതുകൊണ്ട് ഈ പ്രക്ഷോഭങ്ങൾ അവരെ ബാധിക്കുക എളുപ്പമായിരുന്നില്ല. മഹാമാരി ഇന്ത്യയിൽ വന്നത് അങ്ങനെയൊരു രാഷ്ട്രീയ അവസരത്തിലുമായിരുന്നു. സർക്കാർ അനിഷേധ്യമായ ഭരണകൂടപദവിയിലേക്ക് പെട്ടെന്ന് മാറി. ജനതാ കർഫ്യൂ പ്രഖ്യാപനം ആ പദവിയുടെ വിളംബരവുമായിരുന്നു. തുടർന്ന്, ലോകം കണ്ടത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നു. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ പ്രാഥമികമായ ജീവിതാവകാശത്തിൽ നിന്നുതന്നെ പുറത്തായി.

രാഷ്ട്രീയ അവസരവാദവും മഹാമാരിയെ കുറിച്ച് സമയാസമയങ്ങളിൽ പുതുക്കുന്ന ഭയവും ഭരണകൂടങ്ങൾക്ക് കൂടുതൽ അവസരവും അധികാരവും നൽകുന്ന പുതിയ രാഷ്ട്രീയ സാധാരണതയിലേക്ക് ലോകസമൂഹം മാറുന്നു എന്നതാണ് കോവിഡിന്റെ ഏറ്റവും ഇരുണ്ട വശം. കാരണം, ഇപ്പോൾ പുതിയതായി കൈവന്ന അധികാരം ""ജനാധിപത്യ വിരുദ്ധ'' ഭരണകൂടങ്ങൾ നിലനിർത്താൻ തന്നെയായിരിക്കും സാധ്യത - ഇത് ആശങ്കാജനകവുമാണ്. ജനാധിപത്യത്തെ സംശയിക്കുകയും കപടമാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ, രാഷ്ട്രീയ കക്ഷികൾ തന്നെയും, ഈ മഹാമാരിയെ രാഷ്ട്രീയ അവസരവാദത്തിലേയ്ക്കും സാമൂഹികഭയത്തിലേക്കും മാറ്റി എന്നുതന്നെ നമ്മൾ കരുതണം. രോഗത്തിന്റെ വരാനിരിക്കുന്ന ഘട്ടങ്ങൾ ഇപ്പോഴേ നമ്മുടെ പരിസരത്തിലുമുണ്ട്. ഇത് ഭരണകൂടങ്ങൾ ഉപയോഗിക്കാൻ പോകുന്നത് ഇപ്പോഴേ അവർക്ക് കൈവന്ന അധികാരത്തിന്റെ സമ്പൂർണ ആനുകൂല്യത്തിലൂടെ ആയിരിക്കും. അതായത്, നമ്മുടെ ശരീരോഷ്മാവ്, യാത്ര ചെയ്യാൻ നമ്മുടെ സ്വാബ്, സദാസമയവും നമ്മുടെ ഫോൺ, നമ്മുടെ ഫോട്ടോ എടുക്കൽ, സഞ്ചരിക്കുന്ന സ്ഥലങ്ങൾ - ഇതെല്ലാം ഇന്ന് പോതുജാരോഗ്യത്തിന്റെ നിഷ്‌കളങ്കമായ ആവശ്യമായിരിക്കില്ല; മറിച്ച്, ആധിപത്യത്തിന്റെയും നിയന്ത്രണത്തിന്റെയുമായി മാറും - കോവിഡാനന്തരകാലത്ത് "വല്ല്യേട്ടൻ' തീർച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും.

കോവിഡ് കാലത്തെ ‘പൊലീസ്'

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സമൂഹത്തിന്റെ ആരോഗ്യ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ മിഷേൽ ഫൂക്കോ മധ്യകാല നൂറ്റാണ്ട് മുതൽ ആ സമൂഹങ്ങളിൽ പൊതുജനാരോഗ്യം നിലവിൽ വരുന്നതും പരിണമിക്കുന്നതും എങ്ങനെ എന്ന് വിശദമായി പറയുന്നു. അതിനെ മൂന്നു ഘട്ടങ്ങളായി വിശേഷിപ്പിക്കുന്നു. സാമൂഹ്യ പ്രവർത്തനത്തിന്റെ (Social Functions) അടിസ്ഥാനത്തിൽ, Order, enrichment, health എന്നിവയാണ് അവ. ഈ മൂന്നിന്റെയും മൂർത്തിമദ്ഭാവം, ഫൂക്കോ പറയുന്നു, ‘പോലീസ്' ആണ്. മുഴുവനായും ഇത് ആധുനിക സങ്കൽപത്തിലെ പൊലീസ് അല്ല, പക്ഷെ ആ സാമൂഹ്യ പ്രവർത്തനത്തെ ഓർമിപ്പിക്കുന്നു. പക്ഷെ, നിയമ സംവിധാനത്തിന്റെയും സമ്പത്തിന്റെ സംരക്ഷണത്തിന്റെയും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെയും മുഴുവൻ പ്രാതിനിധ്യം ‘പൊലീസ്' എന്ന സങ്കൽപ്പത്തിലുണ്ട്, മറ്റൊരു വിധത്തിൽ ‘ഭരണകൂട'ത്തിന്റെ തെരുവിലെ മൂർത്തിയാണ് പൊലീസ്. ഇനി ആലോചിച്ചു നോക്കു, കേരളത്തിൽ ‘മിതമായ' വിധവും പൂനെയിൽ ‘തീവ്ര'മായും

രോഗവ്യാപനത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ എറ്റെടുത്ത പൊലീസിനെ. ഫൂക്കൊവിനെ ഓർത്തു പറയുകയാണെങ്കിൽ കോവിഡ് കാലത്തെ ‘പൊലീസ്', മുദ്രാവാക്യങ്ങളിലെ വെറുമൊരു പൊലീസല്ല, ‘‘പൊലീസ്'' തന്നെയാണ്.
ആധിപത്യ വാസനയുള്ള ‘‘വലിയ ഗവൺമെന്റുകൾ'' (Larger Governments) ആയിരിക്കും മഹാമാരിയെ തുടർന്നുള്ള കാലം ഇനി കൊണ്ടുവരിക എന്ന് വിശ്വസിക്കുന്നവരുണ്ട്. എങ്കിൽ, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന ഗവൺമെന്റുകൾ ഈ അവസരത്തെ ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന് അവർ നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ മോദി സർക്കാർ എടുത്ത ‘‘നയപരമായ തീരുമാനങ്ങളിൽ'', രാജ്യത്തെ തെരഞ്ഞെടുത്ത പ്രാദേശിക സർക്കാരുകളെ അട്ടിമറിക്കാനോ ദുർബലപ്പെടുത്താനോ ഈ കാലത്തെ ഉപയോഗിച്ചത് അത്തരം സാധ്യതകളെ വെളിപ്പെടുത്തുന്നതായിരുന്നു.
ഒരുപക്ഷെ, ‘‘വലിയ ഗവൺമെന്റുകൾ'' മഹാമാരിയെ തുടർന്നുള്ള സമൂഹം ആവശ്യപ്പെടുന്നുണ്ടാകാം. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ, രോഗം വരുത്തിവച്ച സാമ്പത്തിക ബാധ്യത മറികടക്കാൻ, രോഗത്തിന് ഫലപ്രദമായ വാക്‌സിൻ കണ്ടെത്തുന്നതുവരെ ഒരു പൊട്ടിത്തെറി ഒഴിവാക്കാനായി സാമൂഹ്യ നിരീക്ഷണങ്ങൾക്ക്, എല്ലാം ഒരുപക്ഷേ വലിയ സർക്കാരുകൾ ആവശ്യം വന്നേക്കും. എന്നാൽ ഈ മേഖലകളിലെല്ലാം ജനാധിപത്യപരമായ സമീപനം ഉറപ്പുവരുത്തുന്ന ധാർമികതയുടെയും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും രാഷ്ട്രീയം ഈ സർക്കാരുകൾക്ക് ഉണ്ടാവുമോ എന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. എന്തായാലും, 1960 കളിലും 1970 കളിലും ഉണ്ടായിരുന്ന ‘‘വലിയ ഗവൺമെന്റുകൾ'' പോലെ ആയിരിക്കില്ല ഇവ എന്ന് തീർച്ചയാണ്. മാത്രമല്ല, ഇത്തരം സർക്കാറുകൾ ‘‘പടിഞ്ഞാറ്'' ആയിരിക്കില്ല,
‘‘കിഴക്കാ''യിരിക്കും രൂപപ്പെടുക എന്നും സാമൂഹ്യശാസ്തജ്ഞരും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെയും സർക്കാർ വിരുദ്ധ സമരങ്ങളുടെയും പശ്ചാത്തലത്തിൽ ‘‘വലിയ ഗവൺമെന്റ്'' എന്ന സങ്കൽപം കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങും എന്നുതന്നെയാണ് കരുതേണ്ടത്.

ഇടവേളയിൽപോലും ഉണ്ടാകുന്നുണ്ട്, രാഷ്ട്രീയ മുന്നേറ്റങ്ങൾ
ഈ സമയം കൊണ്ട് സർക്കാരുകൾ വ്യക്തിയുടെ സ്വകാര്യതയിൽ നേരിട്ട് ഇടപെട്ടതും, ഇത്, സമൂഹങ്ങളും ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങൾക്ക് മുമ്പില്ലാത്തവിധം കാരണമാവുകയും ചെയ്യുന്നതും നാം കാണുന്നു.

സമൂഹത്തിനുമേൽ കൂടുതൽ നിയന്ത്രണത്തിനു ശ്രമിക്കുന്ന സർക്കാരും അതിനെ പ്രതിരോധിക്കാൻ പ്രാപ്തി നേടുന്ന പൗരസമൂഹവും ഈ കോവിഡിനെ തുടർന്നുള്ള ദിവസങ്ങൾ ഓർമിപ്പിക്കുന്നു. എന്തായാലും, എന്നേക്കുമായി സൂക്ഷിക്കാവുന്ന ഒരു പരമാധികാരത്തിലേക്ക് ഈ പ്രതിസന്ധി നമ്മെ നയിക്കുമെന്നു കരുതേണ്ടതില്ല. എന്തെന്നാൽ, ലോകത്ത്, കഴിഞ്ഞ മുപ്പതുവർഷംകൊണ്ട് കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്ന ഒരു രാഷ്ട്രീയസമൂഹത്തിന്റെ സൃഷ്ടിയും ഇതോടൊപ്പം നടക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ മഹാമാരിയുടെ ഇടവേളയിൽപോലും അത്തരം രാഷ്ട്രീയ മുന്നേറ്റങ്ങൾ ലോകത്ത് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ദുരന്തങ്ങളിൽനിന്ന് മുതലെടുക്കാൻ സർക്കാരുകൾ തിരിയുന്നതിന് തടയുവാൻ ആത്യന്തികമായി സമൂഹത്തിന് കഴിയുക ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയായിരിക്കും. അങ്ങനെ ഒന്നില്ലാത്ത സമൂഹങ്ങളിൽ ഈ മഹാമാരി മനുഷ്യാവകാശലംഘനത്തിന്റെ കൂടി ദുരന്തകാലമായി മാറാനുംമതി.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments