ലോകം മോദിയുടെ രാജി ആവശ്യം പങ്കു വെയ്ക്കുമ്പോൾ

തുല്യനീതിക്കും മതസഹവർത്തിത്വത്തിനും വേണ്ടി നിലകൊള്ളാൻ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ മുമ്പന്നെത്തെക്കാൾ വെല്ലുവിളിക്കപ്പെടുന്നത് ആർ. എസ്. എസിന്റെ രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തെ വിശദീകരിക്കാൻ തുടങ്ങിയതോടെയാണ്. ഇതിന്റെ കൂടെയാണ് കോവിഡ്​ തുറന്നിടുന്ന രാഷ്ട്രീയാവസരങ്ങളെയും കാണേണ്ടത്. അതുകൊണ്ടാണ് മോദി രാജിവെച്ചില്ലെങ്കിലും മോദിയുടെ രാജിയുടെ ആവശ്യം ലോകം തന്നെ പങ്ക് വെയ്ക്കുന്നത്.

"Where cruelty and injustice are concerned, hopelessness is submission, which I believe is immoral. '
- Edward Said
രാഷ്ട്രീയത്തെയും ഭരണത്തെയും ആധിപത്യത്തെയും മാത്രമല്ല, മഹാമാരിയായ കോവിഡ് 19 ന്റെ ചികിത്സ വരെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ നരേറ്റീവ് ആക്കാം എന്നായിരുന്നു നരേന്ദ്ര മോദിയും ഷായും ആർ. എസ്.എസും വിചാരിച്ചത്. ഇപ്പോൾ ആ മോഹത്തിനു മുഴുവൻ ഇന്ത്യയും വലിയ വില കൊടുക്കുകയാണ്: കൊലപാതകത്തോളം പോന്ന കുറ്റകൃത്യത്തിന്​ ഓരോ ഇന്ത്യൻ പൗരനും സാക്ഷിയാവുന്ന പോലെ. ഇത് അപ്രതീക്ഷിതമായിരുന്നില്ല. ‘ഒരു രാഷ്ട്രം ഒരു നേതാവ് ഒരു പാർട്ടി’ എന്ന ജനാധിപത്യ വിരുദ്ധവും ആപത്ത്ക്കാരവുമായ രാഷ്ട്രീയത്തിന്റ മറ്റൊരു വിധിയായിരുന്നു ഈ കൂട്ട മരണങ്ങളും. എന്നാൽ, ഇതിനൊപ്പം ഇന്ത്യയുടെ ഫെഡറൽ ഘടനതന്നെ രാഷ്ട്രീയമായി ഇരയാക്കപ്പെടുകയും ആയിരുന്നു.

ഏറ്റവും ആധിപത്യ വാസനയുള്ള ഒരു ഭരണകൂടമായി ഇപ്പോഴത്തെ ബി. ജെ.പി അതിന്റ തൽസ്വരൂപത്തിലേക്ക് മാറുന്നതും കോവിഡിന്റെ ഈ കാലത്താണ്. സാമ്പ്രദായിക പ്രതിപക്ഷത്തിനു പുറത്ത് പൊതുസമൂഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഒതുക്കാനും ഇതൊരു അവസരമായി ആർ. എസ്. എസ് /ബി. ജെ. പി സഖ്യം കണ്ടു. അവരുടെ വലിയ ലക്ഷ്യത്തിലേക്ക്, ഹിന്ദു മേധാവിത്ത ഇന്ത്യ എന്ന ആശയത്തിലേക്ക്, അല്ലെങ്കിൽ ബഹുസ്വരമായ ഇന്ത്യയെ ബലമായി അടുപ്പിക്കാനും ഈ അവസരം ഉപയോഗിക്കാമെന്നായി. വാസ്തവത്തിൽ, ഈ മഹാമാരിയുടെ മാരകമായ ഒന്നും രണ്ടും ഘട്ടങ്ങളിലെ രോഗവ്യാപനം ഇന്ത്യയുടെ ദുരിതപൂർണമായ ആരോഗ്യസ്ഥിതിയെ മാത്രമല്ല കാണിച്ചത്. രാജ്യത്തിന്റെ ഫെഡറൽ ജീവിതത്തെ നയിക്കുന്ന സാമൂഹിക ഘടനയെത്തന്നെ അലങ്കോലപ്പെടുത്തുന്ന വിധം ആർ. എസ്. എസ് രാഷ്ട്രീയം ഇതിനകം മറ്റൊരു നീക്കം കൂടി നടത്തിയിരുന്നു: പൗരനെന്ന രാഷ്ട്രീയ സംജ്ഞയെത്തന്നെ നമ്മുടെ ദൈനംദിന വ്യവഹാരത്തിൽ നിന്ന്​ മാറ്റി, ആ സ്ഥാനത്ത് ഭയത്തിന്റെയും ഉൾപ്പൊട്ടലിന്റെയും വാഹകനാക്കി പൗരനെ പ്രതിഷ്ഠിക്കുക. ഭയം മോദിയുടെ കാര്യത്തിൽ വീരാരാധനയുമാകുന്നു. അവകാശബോധത്തിൽ നിന്ന് ആശ്രിതബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഭരണരീതിയാണ് മോദിക്കും ആർ. എസ്. എസ്സിനും പഥ്യവും.

ആസ്‌ട്രേലിയൻ ന്യൂസ് പേപ്പർ ഫിനാൻഷ്യൽ റിവ്യുവിൽ വന്ന കാർട്ടൂൺ

അറപ്പിക്കുന്ന ആത്മരതിയാണ് നരേന്ദ്ര മോദി തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന തന്റെ ആശ്രിതർക്ക്​ വിതരണം ചെയ്യുന്നതെങ്കിൽ, തന്റെ പ്രതിപക്ഷത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിൽ നിന്നും രാജ്യത്തെ വിഭവ സ്രോതസ്സുകളിൽ നിന്നും അകറ്റി നിർത്താനുള്ള പ്രഭാവമായും അതേ നേതൃസങ്കൽപ്പത്തെത്തന്നെ മോദി ഉപയോഗിക്കുന്നു.

എന്നാൽ, ഇതിനിടെ കോവിഡ്-അനന്തര കാലം, ലോകത്ത് എല്ലായിടത്തും ഉണ്ടാക്കിയ ഒരു സന്ദർഭം നമുക്കും കൈവന്നിരുന്നു: ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തിനുപരിയായി ഓരോ ദേശത്തെയും ജനങളുടെ ക്ഷേമത്തെ മുഴുവൻ ലോകത്തിന്റെയും ശ്രദ്ധയിലേക്കും നയിക്കുക എന്നായിരുന്നു അത്. അങ്ങനെ രോഗ നിവാരണത്തെ മുഴുവൻ മനുഷ്യരുടെയും ജനാധിപത്യകാംഷയുടെ ഭാഗമാക്കുക. ലോകാരോഗ്യ സംഘടനയുടെ നേതൃപരമായ ഇടപെൽ, രോഗത്തെ വിവിധ രാജ്യങ്ങൾ നേരിടുന്ന വിധത്തെ കുറിച്ചുള്ള തുറന്ന ചർച്ചകൾ, മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം സജീവമായ സമാന്തര പ്രസിദ്ധീകരണങ്ങളുടെ ഇടപെടൽ, ഇതെല്ലാം ലോകത്തെ മുഴുവൻ നമ്മുടെ കണ്മുമ്പിൽ നിർത്തുന്നു.

മോദി ഭരണകൂടം അത്തരമൊരു ഘട്ടത്തെയാണ് ഇപ്പോൾ ഇന്ത്യക്കകത്തും പുറത്തും നേരിടുന്നത്. അതുകൊണ്ടാണ് കേന്ദ്ര സർക്കാരിനും മോദിക്കും എതിരെയുള്ള വിമർശനത്തെ ആർ. എസ്. എസ് ഭയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ മോദിയുടെ രാജി ആവശ്യപ്പെടുന്ന എഴുത്തും വാർത്തയും നീക്കം ചെയ്തതിനെതിരെ ലോകത്തെ പ്രമുഖ മാധ്യമങ്ങൾ തന്നെ ചോദ്യം ചെയ്തതും ഈ പശ്ചാത്തലത്തിലായിരുന്നു.

അമേരിക്കൻ പത്രം ന്യൂയോർക്ക് ടൈംസിൽ വന്ന ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ കുറിച്ചുള്ള ലീഡ് വാർത്ത

കോവിഡ് മഹാമാരിയുടെ മറവിൽ ജനാധിപത്യ ഭരണകൂടങ്ങൾ പല രാജ്യങ്ങളിലും സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ആർ. എസ്. എസ് /ബി. ജെ. പി ഭരണത്തെയും അങ്ങനെ ഒന്നായാണ് കാണുന്നതും. അല്ലെങ്കിൽ, പാർലമെന്ററി ജനാധിപത്യത്തിനകത്ത് സാധൂകരിക്കപ്പെടുന്ന ഏക പാർട്ടി ആധിപത്യം തന്നെയാണ് ആർ. എസ്. എസ് /ബി. ജെ. പി ലക്ഷ്യമാക്കുന്നതും. ഇന്ത്യയുടെ അന്യാദൃശമായ ഭരണഘടനയ്ക്ക് അകത്ത് അവർ ആഗ്രഹിക്കുന്ന വിധം ഒരു രാഷ്ട്രീയാധിപത്യം കൊണ്ടുവരാൻ കഴിയില്ല എന്ന് ഇപ്പോഴും കരുതുന്നുമുണ്ട്. എന്നാൽ, ഭരണഘടനയെ വിസ്മരിക്കത്തക്കവിധം പൊതുബോധത്തിൽ ജനാധിപത്യമൂല്യങ്ങളുടെ സമർത്ഥമായ ഉന്മൂലനം അവർ ഇതിനു പകരം പരീക്ഷിക്കുന്നുവെന്ന് കാണാതിരുന്നൂടാ.

അതിലൊന്നാണ് ഏറെക്കുറെ വിജയകരമായി സാധിച്ച പരമ്പരാഗത രാഷ്ട്രീയ കക്ഷികളെ കൂടി തങ്ങളുടെ ജനാധിപത്യ -ആഖ്യാനത്തിന്റെ തടവിൽ എത്തിക്കുക എന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെയും പ്രതിപക്ഷത്തെ നേതാക്കളെയും അവർ ഇതിനായി ഉപയോഗിയ്ക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സി. പി. എം കേരളത്തിൽ പരീക്ഷിച്ചതും മോദിയുടെ ഈ "ജനാധിപത്യ ആഖ്യാന'മായിരുന്നു. ആർ.എസ്. എസിന്റെ രാഷ്ട്രീയത്തെ എതിർക്കുന്ന ബുദ്ധിജീവി സമൂഹം പോലും സി. പി. എമ്മിന്റെ ഈ നീക്കത്തെ നിശബ്ദമായി പിന്താങ്ങുന്ന സന്ദർഭത്തിനും കേരളം സാക്ഷിയായി.

ടെെം മാസികയുടെ ഈ ലക്കത്തിലെ കവർ

വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്താൻ എത്ര ദൂരം ഒരു രാഷ്ട്രീയ കക്ഷിക്ക് പോകാൻ കഴിയുന്നു എന്നതാണ് ജനാധിപത്യവുമായി ആ കക്ഷി നടത്തുന്ന ആദ്യ സംവാദം. അതിനൊപ്പം വരും ഭരണകൂടത്തെയും സമൂഹത്തെയും കുറിച്ചുള്ള അതിന്റ സങ്കല്പങ്ങളും. തുല്യനീതിക്കും മതസഹവർത്തിത്വത്തിനും വേണ്ടി നിലകൊള്ളാൻ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾ മുമ്പന്നെത്തെക്കാൾ വെല്ലുവിളിക്കപ്പെടുന്നത് ആർ. എസ്. എസിന്റെ രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തെ വിശദീകരിക്കാൻ തുടങ്ങിയതോടെയാണ്.

ഇതിന്റെ കൂടെയാണ് ഈ മഹാമാരി അതിന്റെ സംഹാര ശേഷിക്ക് ഒപ്പം തുറന്നിടുന്ന രാഷ്ട്രീയാവസരങ്ങളെയും കാണേണ്ടത്. അങ്ങനെ ഒരവസരമാണ് ഭരണകൂടങ്ങളെ ജനാധിപത്യത്തിന്റെ തുറസ്സിൽ നിർത്തുന്നത്. ഇപ്പോൾ, കോവിഡ്- 19 നെ നേരിടുന്നതിൽ ആർ. എസ്. എസ് രാഷ്ട്രീയവും മോദിയും ബി. ജെ. പി ഭരണകൂടവും വന്നു നിൽക്കുന്നതുപോലെ. അതുകൊണ്ടാണ് മോദി രാജിവെച്ചില്ലെങ്കിലും മോദിയുടെ രാജിയുടെ ആവശ്യം ലോകം തന്നെ പങ്ക് വെയ്ക്കുന്നത്.കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments