ഭരണകൂടം നിർമ്മിച്ച
‘രാഷ്ട്രീയജീവി’ ആവാതിരിക്കൽ

അനീതി നിറഞ്ഞ ജയിൽ ജീവിതത്തിലൂടെ എങ്ങനെയാണ് ജി.എൻ. സായിബാബ പൗരസമൂഹത്തിന്റെ ശബ്ദമായി മാറിയ വിമതരാഷ്ട്രീയ പ്രവർത്തനത്തിലേക്ക് സ്വയം പരിണമിച്ചതെന്ന് അന്വേഷിക്കുന്നു, കരുണാകൻ.

വിമതസ്വരത്തെ ഭരണകൂടം ‘മ്യൂട്ട്’ ചെയ്യുന്നത് ഏറ്റവുമാദ്യം അതിനെ പ്രച്ഛന്നമാക്കിക്കൊണ്ടാണ്. അതിന്റെ എല്ലാ ഒലികളെയും അടച്ചുകൊണ്ടാണ്. അതിനൊരു പ്രധാന കാരണം, വിമതസ്വരങ്ങൾ ഏതൊരു കാലത്തും സാമ്പ്രാദായിക പ്രതിപക്ഷത്തിന്റെ റോളിലല്ല സമൂഹത്തിൽ ഇടപെടുന്നത് എന്നതുകൊണ്ടാണ്.

ഇതിനെ ഇങ്ങനെ ഒന്നുകൂടി മനസ്സിലാക്കാം: സാമ്പ്രദായിക പ്രതിപക്ഷം ഭരണപക്ഷത്തിനുമൊപ്പം പലപ്പോഴും ജനാധിപത്യത്തെ അതിന്റെ കെട്ടിക്കിടക്കുന്ന അവസ്ഥയിൽത്തന്നെ നിലനിർത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തെ ഭരണകൂടോപാധിയായി മാത്രം കാണുന്നതുകൊണ്ടാണ് അത്. എന്നാൽ, വിമതപക്ഷ രാഷ്ട്രീയം ഈ പ്രക്രിയയെത്തന്നെ പ്രശ്നവൽക്കരിക്കുന്നു. സംശയത്തിൽ നിർത്തുന്നു. ജനാധിപത്യത്തെ ഒരു സാമൂഹ്യശ്രമം എന്നനിലയിൽസമീപിക്കുന്നു, അങ്ങനെ വിലയിരുത്തുന്നു, പുതുക്കുന്നു, വിശദീകരിക്കുകയും ചെയ്യുന്നു. മറ്റൊരർത്ഥത്തിൽ, വിമതരാഷ്ട്രീയ സങ്കൽപ്പം നേരിടുന്നത് പൗരസമൂഹത്തിന്റെ നിശ്ശബ്ദതയാണ്: പൗരസമൂഹത്തിന്റെ ശബ്ദമാവുക എന്നാണ് വിമതരാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും.

ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തിലേക്ക് ‘അർബൻ നക്സലുകൾ’ എന്ന പ്രയോഗം ഇയൊരു അന്തരീക്ഷത്തിലാണ് പ്രവേശിച്ചത്‌. വിമതസ്വരങ്ങളെ മ്യൂട്ട് ചെയ്യാൻ അതിനെ പ്രഛന്നമാക്കുക എന്ന ഇടപെടൽ തന്നെയായിരുന്നു ഈ പ്രയോഗത്തിലും ഉണ്ടായിരുന്നത്. തീർച്ചയായും ‘നക്സലിസം’ ജനാധിപത്യവിരുദ്ധമായ അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടുതന്നെ ഈ നറേറ്റീവിന് വേഗം കീഴ്പ്പെടുന്ന ഒന്നായിരുന്നു. തങ്ങളുടെ ഏക പാർട്ടി ആധിപത്യ രാഷ്ട്രീയത്തിന്റെ സായുധ സങ്കൽപ്പങ്ങൾ നക്സലിസത്തെ ഒരു ക്രമസമാധാന പ്രശ്നമാക്കി മാത്രം ഒതുക്കിയത് – പൊതുസമൂഹത്തിനിടയിലെങ്കിലും- അങ്ങനെ കൂടിയാണ്‌.

സ്വാതന്ത്ര്യത്തിന്റെ അന്തസ്സ് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല എന്നും ഒരു രാജ്യത്തിന്റെ പ്രശ്നം കൂടിയാണ് എന്നും ആ ഹ്രസ്വകാലത്തെ രാഷ്ടീയ ഇടപെടൽ കാണിച്ചു
സ്വാതന്ത്ര്യത്തിന്റെ അന്തസ്സ് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല എന്നും ഒരു രാജ്യത്തിന്റെ പ്രശ്നം കൂടിയാണ് എന്നും ആ ഹ്രസ്വകാലത്തെ രാഷ്ടീയ ഇടപെടൽ കാണിച്ചു

എന്നാൽ, ഭരണകൂടത്തിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. പൗരാവകാശത്തെ ജനാധിപത്യ രാഷ്ട്രീയത്തിനു പുറത്തുനിർത്തുക എന്ന കർമ്മംകൂടി ‘അർബൻ നക്സലുകൾ’ എന്ന പ്രയോഗം ലക്ഷ്യമാക്കി: ഭരണകൂടത്തിന്റെ ഒത്താശയോടെ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളിലേക്ക്, വീണ്ടും മാധ്യമങ്ങളുടെ ഒത്താശയോടെ, ഈ പ്രയോഗം കടന്നുവന്നത് അങ്ങനെയൊരു പശ്ചാത്തലത്തിലാണ്. അർബൻ നക്സലുകൾ എന്നാൽ മാവോയിസ്റ്റ് അക്രമത്തെ പിന്തുണയ്ക്കുന്ന നഗരബുദ്ധിജീവികൾ എന്ന അർത്ഥം അങ്ങനെ കൈവന്നു. ഭീമാ കൊറേഗാവ് സംഭവങ്ങളെ തുടർന്നുണ്ടായ ബുദ്ധിജീവികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അറസ്റ്റും വിചാരണത്തടവും അവരിൽ ചിലരുടെ മരണവും കോടതി ഇടപെടലുകളിലൂടെ അവരിൽ പലരും പുറത്തു വന്നതും ഈ നറേറ്റീവിന്റെ രാഷ്ട്രീയാംശങ്ങൾ പലതും നൽകുന്നതായിരുന്നു.

ഭരണകൂടം നിർമ്മിച്ച രാഷ്ട്രീയജീവിയും അതേ ഭരണകൂടവും തമ്മിലുള്ള വിശുദ്ധബന്ധത്തെ അപവിത്രവൽക്കരിക്കുക എന്ന ശ്രമകരമായ ഉദ്യമമാണ്, ഒരുപക്ഷേ, എല്ലാ വിമതരാഷ്ട്രീയത്തിന്റെയും ആവശ്യമായി വന്നത്.

ഇപ്പോൾ, ജയിൽമോചിതനായശേഷം മാസങ്ങൾക്കുള്ളിൽ ജി. എൻ. സായിബാബ മരിക്കുമ്പോൾ ഈ ‘മ്യൂട്ട് പൊളിറ്റിക്സ്’ എത്ര കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാനും പറ്റും.

ആധുനിക മനുഷ്യൻ, തന്റെ സാമൂഹിക ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തനിക്ക് വളരെ പിറകേ നിന്നുവന്ന അധികാര രാഷ്ട്രീയം പല കാലങ്ങളിൽ അതിന്റെ വിദഗ്ദമായ ഇടപെടലിലൂടെ ശിഥിലീകരിച്ച തന്റെതന്നെ സ്വത്വത്തെ എങ്ങനെ മനസിലാക്കും എന്നായിരുന്നു. ഭരണകൂടങ്ങളുടെയും വിപ്ലവങ്ങളുടെയും തടവറകളുടെയും പിറവികൾകൊണ്ട് കലുഷിതമായ ഒരു കാഴ്ച്ച സമ്മാനിക്കുക മാത്രമല്ല അത് അയാൾക്ക് കരുതിവെച്ചത്; തന്നെത്തന്നെ ഇതിനൊക്കെയുംവേണ്ടി പങ്കുവെയ്ക്കുന്ന, അല്ലെങ്കിൽ സ്വയം പിളർത്തുനൽകുന്ന ഒരു ‘രാഷ്ട്രീയജീവി’യായി സ്വയം കരുതിവെയ്ക്കുക എന്നു കൂടിയായിരുന്നു: ആധിപത്യ ഭരണകൂടങ്ങളുടെ ഏറ്റവും പ്രശസ്തമായ നിർമ്മിതിയും ഈ ‘രാഷ്ട്രീയ ജീവി’യായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ അപചയം പൗരരുടെ കൂടിയായത് അങ്ങനെയാണ്.

വിചാരണയില്ലാതെ തടവറയിൽ കഴിയുന്ന അവർ ഒരേസമയം ഭരണകൂടത്തിൻറെ രാഷ്ട്രീയ ഹിംസയേയും സമൂഹത്തിലെ രാഷ്ട്രീയജീവിയുടെ നിശ്ശബ്ദതയെയും നേരിടുകയായിരുന്നു
വിചാരണയില്ലാതെ തടവറയിൽ കഴിയുന്ന അവർ ഒരേസമയം ഭരണകൂടത്തിൻറെ രാഷ്ട്രീയ ഹിംസയേയും സമൂഹത്തിലെ രാഷ്ട്രീയജീവിയുടെ നിശ്ശബ്ദതയെയും നേരിടുകയായിരുന്നു

ഇങ്ങനെ ഭരണകൂടം നിർമ്മിച്ച രാഷ്ട്രീയജീവിയും അതേ ഭരണകൂടവും തമ്മിലുള്ള വിശുദ്ധബന്ധത്തെ അപവിത്രവൽക്കരിക്കുക എന്ന ശ്രമകരമായ ഉദ്യമമാണ്, ഒരുപക്ഷേ, എല്ലാ വിമതരാഷ്ട്രീയത്തിന്റെയും ആവശ്യമായി വന്നത്. സമഗ്രാധിപത്യ സമൂഹങ്ങളിൽ ഈ കാഴ്ച്ച വളരെ പ്രകടമായിരുന്നുവെങ്കിൽ, ജനാധിപത്യ സമൂഹങ്ങളിൽ നേരത്തെ പറഞ്ഞപോലെ പ്രച്ഛന്നമായും പ്രകടിപ്പിക്കപ്പെട്ടു. ഭരണകൂടവും ആധിപത്യ രാഷ്ട്രീയവും സമ്മാനിക്കുന്ന തടവറകളെ ഈ വിമതരാഷ്ട്രീയക്കാർ അഭിമുഖീകരിച്ചതും നമ്മുക്കുവേണ്ടി അവതരിപ്പിച്ചതും അങ്ങനെയാണ്: സ്വാതന്ത്ര്യത്തെ അവർ മനുഷ്യാന്തസ്സിന്റെ പ്രശ്നമാക്കുക എന്നായിരുന്നു അത്. വിചാരണയില്ലാതെ തടവറയിൽ കഴിയുന്ന അവർ ഒരേസമയം ഭരണകൂടത്തിൻറെ രാഷ്ട്രീയ ഹിംസയേയും സമൂഹത്തിലെ രാഷ്ട്രീയജീവിയുടെ നിശ്ശബ്ദതയെയും നേരിടുകയായിരുന്നു. പരാജിതരുടെ അന്തസോടെത്തന്നെ.

ലോകമെങ്ങുമുള്ള വിമതരാഷ്ട്രീയത്തടവുകാരുടെ ഒരു നിയോഗം, അതുകൊണ്ടുതന്നെ, തങ്ങളുടെ ജീവിതത്തെ അതിന്റെ കെട്ട മനഃസ്ഥിതിയിൽനിന്ന് ഉയർത്തുക എന്നായി മാറി: അത് ആ ജീവിതത്തെ മാത്രമല്ല, സാഹചര്യങ്ങളെയും ചരിത്രവൽക്കരിക്കുന്നത്തിലേക്കും കടന്നുചെല്ലുന്നു.

ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് തടവിലായ മനുഷ്യാവകാശ പ്രവർത്തകർ, ബുദ്ധിജീവികൾ, സാമൂഹ്യപ്രവർത്തകർ, വിദ്യാർത്ഥികൾ, ചിലപ്പോൾ ഇതിനിടയിൽ കൊല്ലപ്പെട്ടവർപോലുമായ മനുഷ്യർ, വാസ്തവത്തിൽ ആധിപത്യ രാഷ്ട്രീയത്തിന്റെ കൊടുംസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

വിമോചനാശയങ്ങൾ പൗരാവകാശബോധം തന്നെയും, പലപ്പോഴും സ്ഥാപനവൽക്കരിക്കപ്പെടുന്നത് ലോകം നമുക്ക് കാണിച്ചുതരുന്നു. വ്യക്തികൾ, പ്രസ്ഥാനങ്ങൾ, ആ ആശയങ്ങൾതന്നെ പിന്നീട് ഉപേക്ഷിക്കുന്നതും. അതിലൊന്നും അത്ഭുതമില്ല. ലോകം അങ്ങനെ നമ്മെ എപ്പോഴും നേരിടുന്നു. മനുഷ്യരെ കുറിച്ചുള്ള ഒരു വലിയ ഉത്കണ്ഠ, അവർ എങ്ങനെ തങ്ങളെ തന്നെ ‘ഭരിക്കും’ എന്നതായതുകൊണ്ട് ‘അധികാര’ത്തെ കുറിച്ചുള്ള അവരുടെ അന്വേഷണങ്ങൾക്ക് അവസാനവുമില്ലതന്നെ. എന്നാൽ, അധികാരവിരുദ്ധമായ ആശയത്തെ തങ്ങളുടെ തന്നെ സ്വാതന്ത്യത്തിന്റെയും ഭാവനയുടെയും രാഷ്ട്രീയമാക്കുന്ന ബുദ്ധിജീവികളും പൊതുപ്രവർത്തകരും, വാസ്തവത്തിൽ, ചെറുക്കുന്നത് തങ്ങളുടെ തന്നെ ഈ സങ്കൽപ്പം മറ്റൊരു അധികാരരൂപമായി ജീർണിക്കുന്നതിനെയാണ്. അങ്ങനെയാണ് അവർ തങ്ങളുടെ സ്വത്വത്തെ അനിശ്ചിതത്വത്തിന്റെ കൈകളിൽ വളരാൻ വിടുന്നത്. അധികാരത്തെ പറ്റിയുള്ള അവരുടെ കണ്ടെത്തലുകൾ അങ്ങനെ എപ്പോഴും വീണ്ടുവിചാരത്തിനു പ്രേരകമായ അവരുടെ തന്നെ വിചാരലോകം തന്നെയായി മാറുന്നതും അങ്ങനെയാണ്.

സ്വതന്ത്രവും ഭയരഹിതവും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി പരിണമിക്കുന്നതുമായ ഒരധികാര വ്യവസ്ഥ, തങ്ങളുടെ രാഷ്ട്രീയതത്വചിന്തയുടെ അടിത്തറയാക്കുന്ന ആരുടേയും ശ്രദ്ധയിൽപ്പെടുന്ന ഒരു കാര്യം, ഏതുതരം സമഗ്രാധിപത്യത്തോടും വിസമ്മതിക്കുന്ന ഒരു വിമതസ്വത്വം എല്ലാ സമൂഹത്തിന്റെയും ചരിത്രപരമായ ഓർമ്മയാകുന്നു എന്നാകും. അതിൽ കലാപങ്ങളും ആശയങ്ങളും വ്യക്തികളും അവരുടെ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളും പങ്കെടുക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയത്തെയും അതിന്റെ പരിമിതികളെയും അത്തരം ഇടപെടലുകൾ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, നിലനിൽക്കുന്ന അധികാരസ്ഥാപനങ്ങളുടെ സാമൂഹികാസ്തിത്വത്തെ ഇത്തരം ഇടപെടലുകൾ സ്വാധീനിക്കുകയും ചെയ്യുന്നു.

ഏതുതരം സമഗ്രാധിപത്യത്തോടും വിസമ്മതിക്കുന്ന ഒരു വിമതസ്വത്വം എല്ലാ സമൂഹത്തിന്റെയും ചരിത്രപരമായ ഓർമ്മയാകുന്നു. അതിൽ കലാപങ്ങളും ആശയങ്ങളും വ്യക്തികളും  അവരുടെ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളും പങ്കെടുക്കുന്നു
ഏതുതരം സമഗ്രാധിപത്യത്തോടും വിസമ്മതിക്കുന്ന ഒരു വിമതസ്വത്വം എല്ലാ സമൂഹത്തിന്റെയും ചരിത്രപരമായ ഓർമ്മയാകുന്നു. അതിൽ കലാപങ്ങളും ആശയങ്ങളും വ്യക്തികളും അവരുടെ ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളും പങ്കെടുക്കുന്നു

ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് തടവിലായ മനുഷ്യാവകാശ പ്രവർത്തകർ, ബുദ്ധിജീവികൾ, സാമൂഹ്യപ്രവർത്തകർ, വിദ്യാർത്ഥികൾ, ചിലപ്പോൾ ഇതിനിടയിൽ കൊല്ലപ്പെട്ടവർപോലുമായ മനുഷ്യർ, വാസ്തവത്തിൽ ഇത്തരമൊരു ആധിപത്യ രാഷ്ട്രീയത്തിന്റെ കൊടുംസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രീയജീവിതത്തിന്റെ പൊതുസ്വഭാവത്തെ കാണിക്കുന്നുമുണ്ടായിരുന്നു. പാർലമെൻറ്റി രാഷ്ട്രീയവും ജനാധിപത്യവും സാമൂഹ്യവളർച്ചയ്ക്ക് അപ്രാപ്തവും പലപ്പോഴും അപ്രായോഗികവുമാണ് എന്ന് ഉറപ്പുവരുത്താനാണ് ഇത്തരം ആധിപത്യ രാഷ്ട്രീയം ശ്രദ്ധിക്കുക: അത് ഒരു ‘പാർട്ടി’യിലൂടെയോ ഒരു നേതാവിലൂടെയോ ഒരു പ്രത്യയശാസ്ത്രത്തിലൂടെയോ സാധ്യമാക്കുന്നു. എന്നാൽ, ചൈനയിലും റഷ്യയിലും, മറ്റ് ഏകാധിപത്യ രാജ്യങ്ങളിൽനിന്ന് വിഭിന്നമായി, പാർലമെന്ററി ജനാധിപത്യ രാഷ്ട്രീയത്തിൽ ഇത് വേരുറയ്ക്കുന്നത് ജനാധിപത്യത്തെ പ്രച്ഛന്നമാക്കിക്കൊണ്ടാണ്.

ജനാധിപത്യ സ്ഥാപനങ്ങളെ കീഴ്പ്പെടുത്തി, സമൂഹത്തിൽ അവയുടെ ഇടപെടലുകളെ അത് തടയുന്നു. സ്വാതന്ത്യത്തെ ഒരു രാഷ്ട്രീയ പ്രശ്നം എന്നതിൽനിന്ന് എടുത്തുമാറ്റി, അനുവദിക്കപ്പെട്ട ജീവിതത്തിന്റെ മെച്ചപ്പെട്ട അവസ്ഥ എന്ന് അത് വരുത്തുന്നു. അഥവാ, അധികാരവുമായുള്ള പൗരജീവിതത്തിന്റെ എല്ലാ അഭിമുഖീകരണങ്ങളെയും ഈ ആധിപത്യ രാഷ്ട്രീയം ‘മ്യൂട്ട്’ ചെയ്യുന്നു. ഈ രാഷ്ട്രീയാവസ്ഥയെയാണ് സായിബാബയും നേരിട്ടത്. ത​ന്റെ ശാരീരിക പരിമിതിയും രോഗാവസ്ഥയും ബൗദ്ധികജീവിതവും തൊഴിൽനഷ്ടവും വിചാരണത്തടവും എല്ലാം സായിബാബയ്ക്ക് നരകസമാനമായ ജീവിതമായിരിക്കും സമ്മാനിച്ചത് എന്ന് തീർച്ചയാണ്. ദുഃഖകരമായ സത്യവുമാണ്. അതേസമയം, സ്വാതന്ത്ര്യത്തിന്റെ അന്തസ്സ് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല എന്നും ഒരു രാജ്യത്തിന്റെ പ്രശ്നം കൂടിയാണ് എന്നും ആ ഹ്രസ്വകാലത്തെ രാഷ്ടീയ ഇടപെടൽ കാണിച്ചു എന്നത് മറക്കാനും കഴിയില്ല; മറ്റു പലരെയുംപോലെ.


Summary: GN Saibaba, victim of state brutality, Karunakaran writes about writer and Human rights activist's life and struggles.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments