'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം' എഴുതിയപ്പോൾ സാംസ്‌കാരിക പ്രവർത്തകരിൽ നിന്നുണ്ടായത് തലചുറ്റിക്കുന്ന അനുഭവം

'ശരീഅത്ത്; മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകം കേരളീയ സമൂഹം, ഏറെക്കുറെ യാഥാസ്ഥിതികരൊഴികെ, എല്ലാവരും ഏറ്റുവാങ്ങി. അതേസമയം, 'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം' ആ വിധം ഏറ്റുവാങ്ങപ്പെട്ടില്ല. മാത്രമല്ല, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്ന ചിലർ തന്നെ സംഘപരിവാറിനെ ഈ വിധത്തിൽ വിമർശിക്കേണ്ടതുണ്ടോ എന്ന ആശങ്ക സൗഹൃദപൂർവം പങ്കുവെച്ചു. ചിലർ ഒരുപടി കൂടി കടന്ന് ഇതെല്ലാം തീവ്രവാദത്തിന്റെ പക്ഷത്ത് നിൽക്കലാണ് എന്നുവരെ പറഞ്ഞു. അത് ഞങ്ങൾക്ക് തലചുറ്റിക്കുന്ന അനുഭവമായിപ്പോയി. ശരീഅത്ത് വിവാദ കാലത്തും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്തും പു.ക.സയുടെ ഭാഗമായി താൻ നടത്തിയ ഇടപെടലുകളെ സാംസ്‌കാരിക ലോകവും ഇടതുസാമാന്യ ബോധവും രണ്ട് തരത്തിൽ സമീപിച്ചതിനെക്കുറിച്ച് കെ.ഇ.എൻ. ട്രൂകോപ്പി വെബ്‌സീനിൽ തുറന്നെഴുതുന്നു.

1985 കാലഘട്ടത്തിൽ, ശരീഅത്ത് സംവാദകാലത്ത് ഒരുദിവസം ഒന്നിലധികം പ്രസംഗങ്ങൾ പല സ്ഥലത്തും തനിച്ചും ഹമീദ് ചേന്ദമംഗലൂരിനൊപ്പവും നടത്തിയിട്ടുണ്ട്. മുസ്‌ലിം യാഥാസ്ഥിതിക കാഴ്ചപ്പാടുകൾക്കെതിരെയുള്ള സമരം എന്ന അർഥത്തിൽ അത് കേരള ചരിത്രത്തിൽ ശ്രദ്ധേയമായ സാംസ്‌കാരിക സംഭവമായി ദൃഢപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ഹമീദ് ചേന്ദമംഗലൂരും ഞാനും കൂടി എഴുതി, പുരോഗമന കലാസാഹിത്യ സംഘം പ്രസിദ്ധീകരിച്ച ശരീഅത്ത്: മിഥ്യയും യാഥാർഥ്യവും എന്ന ചെറുപുസ്തകം കേരളത്തിലുടനീളം ഇടതുപക്ഷവേദികളിൽ വിറ്റഴിക്കപ്പെടുകയും സംവാദത്തിന്റെ വിപുലമായ വാതിലുകൾ തുറക്കുകയും ചെയ്തു. ശരീഅത്ത് പക്ഷത്തുനിന്ന് പ്രത്യാഖ്യാനങ്ങളുണ്ടായി, പുസ്തകരൂപത്തിലും അല്ലാതെയും. അങ്ങനെ കേരളത്തിലത് വലിയ കോളിളക്കം സൃഷ്ടിച്ചു. അന്ന് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സത്യത്തിൽ വലിയൊരു അംഗീകാരം ഞാനുൾപ്പെടെയുള്ളവർക്ക് ലഭിച്ചു.

1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെതുടർന്ന് ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷം ആകെ മാറി. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കാര്യമാണ് സംഭവിച്ചത്. ബാബരി മസ്ജിദ് ആക്രമിക്കപ്പെടാം എന്നൊക്കെയല്ലാതെ, കല്ലിന് കല്ല് പറിച്ചെടുക്കപ്പെടുമെന്ന് ആരും കരുതിയില്ല. മുമ്പവിടെയൊരു ആരാധനാലയം ഉണ്ടായതിന്റെ അവശിഷ്ടം പോലും ബാക്കിവെക്കാതെ തൂത്തുവാരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷെ അത് സംഭവിച്ചു. മതപരമായ ധ്രുവീകരണത്തിലേക്ക് സമൂഹം വഴുക്കിവീഴുമോ എന്ന ഉത്കണ്ഠ പു.ക.സ. പ്രവർത്തകർ എന്ന നിലയിലും ഞങ്ങൾക്കുണ്ടായി. ഞാൻ അന്ന് പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. കെ.എസ്. ഹരിഹരനാണ് ജോയിന്റ് സെക്രട്ടറി. ഈ പ്രശ്‌നത്തെ മതനിരപേക്ഷമായി പ്രതിരോധിക്കണമെന്നതിനാൽ ഞങ്ങൾ 'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം' എന്ന പുസ്തകം എഴുതി. സീതാറാം യെച്ചൂരിയാണ് ആമുഖം എഴുതിയത്. അത് തീർച്ചയായും ഞങ്ങൾക്ക് വലിയ അഭിമാനമുണ്ടാക്കിയ ഒരു കാര്യമാണ്. ഫാഷിസ്റ്റ് അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ച്, ഇന്ത്യ പുതിയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് ചുവടുവെക്കുകയാണെന്ന് യെച്ചൂരി ആമുഖത്തിൽ പറയുന്നുണ്ട്.

ഇത്രയും സൂചിപ്പിച്ചത്, 'ശരീഅത്ത്; മിഥ്യയും യാഥാർഥ്യവും' എന്ന പുസ്തകം കേരളീയ സമൂഹം, ഏറെക്കുറെ യാഥാസ്ഥിതികരൊഴികെ, എല്ലാവരും ഏറ്റുവാങ്ങി. അതേസമയം, 'ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം' ആ വിധം ഏറ്റുവാങ്ങപ്പെട്ടില്ല. മാത്രമല്ല, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്ന ചിലർ തന്നെ സംഘപരിവാറിനെ ഈ വിധത്തിൽ വിമർശിക്കേണ്ടതുണ്ടോ എന്ന ആശങ്ക സൗഹൃദപൂർവം പങ്കുവെച്ചു. ചിലർ ഒരുപടി കൂടി കടന്ന് ഇതെല്ലാം തീവ്രവാദത്തിന്റെ പക്ഷത്ത് നിൽക്കലാണ് എന്നുവരെ പറഞ്ഞു. അത് ഞങ്ങൾക്ക് തലചുറ്റിക്കുന്ന അനുഭവമായിപ്പോയി. അതായത്, ഇന്ത്യൻ മതനിരപേക്ഷതയുടെ ഒരു മഹാസ്മാരകം ഇടിച്ചുപൊളിച്ച് ഇന്ത്യൻ ഫാഷിസം കൊലവിളി നടത്തുന്ന പശ്ചാത്തലത്തിൽ, ആ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രം വിശദീകരിക്കുന്ന പുസ്തകത്തോടുപോലും ഈയൊരു സമീപനം എങ്ങനെ രൂപപ്പെട്ടുവന്നു. അത് സത്യത്തിൽ കണ്ണുതുറപ്പിക്കുന്നതായിരുന്നു. അതായത്, ഇന്ത്യയിൽ നിങ്ങൾക്ക് ഏത് വർഗീയ പ്രസ്ഥാനത്തെയും തീവ്രവാദ പ്രസ്ഥാനത്തെയും എങ്ങനെയും വിമർശിക്കാം, അതിനൊക്കെ ഏറിയോ കുറഞ്ഞോ പൊതുബോധത്തിന്റെ പിന്തുണയും കിട്ടും. എന്നാൽ എപ്പോഴാണോ നിങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യൻ ഫാഷിസത്തെ വിമർശിക്കാൻ ആരംഭിക്കുന്നത്, അപ്പോൾ കളി മാറും. കൂടെ നിൽക്കുമെന്ന് നിങ്ങൾ കരുതിയവർ തന്നെ കളം മാറി ചവിട്ടും. സൗഹൃദരൂപേണ, 'ഇത്ര വേണ്ടിയിരുന്നോ' എന്ന് ചോദിക്കും. അതും അതിലപ്പുറവും ഈ പുസ്തകത്തിന്റെ പേരിൽ ഞങ്ങൾ അനുഭവിച്ചു. പക്ഷെ, ഇടതുപക്ഷ പ്രസ്ഥാനം, ഇടതുപക്ഷ രാഷ്ട്രീയബോധം ഈ പുസ്തകം ഉയർത്തിപ്പിടിച്ചു. ഈ പുസ്തകത്തിന് അബുദാബി ശക്തി അവാർഡ് ലഭിച്ചു. അതേസമയം, ഇടതുപക്ഷ സാമാന്യബോധം ഈ പുസ്തകത്തിനൊപ്പം വേണ്ടതുപോലെ ഉറച്ചുനിന്നില്ല.

തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് നവ ഫാഷിസത്തെ പരാജയപ്പെടുത്താനാവില്ല | കെ.ഇ.എൻ

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 97
സൗജന്യമായി വായിക്കാം, കേൾക്കാം.


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments