സംഘപരിവാര ഇന്ത്യയിൽ മുസ്ലിം - ക്രിസ്ത്യൻ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും നീതി നിഷേധവും എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ്. ക്രിസ്ത്യാനികൾക്ക് സാമൂഹ്യ - സാമ്പത്തിക - രാഷട്രീയ മേൽക്കോയ്മയുള്ള കേരളത്തിൽ സിറിയൻ ക്രൈസ്തവ സഭകൾ ഹിന്ദുത്വയോട് ചേർന്ന് നിൽക്കുമ്പോഴും അവരെ പ്രീതിപ്പെടുത്താൻ നിരന്തരം മുസ്ലിം വെറുപ്പ് പറയുമ്പോഴും, ഹിന്ദുത്വവാദികളുടെ അടിസ്ഥാന ചിന്തയിൽ ഒരു മാറ്റവും ഇല്ലെന്നതാണ് ഇപ്പോഴും തുടരുന്ന ക്രൈസ്തവ പീഡനങ്ങൾ തെളിയിക്കുന്നത്. വർത്തമാനകാല ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾക്ക് അവരുടെ മതപരമായ വസ്ത്രം ധരിച്ച് നടക്കാനോ ആഘോഷങ്ങൾ സംഘടിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ മുൻവിധികളോടെ അവരെ ആക്രമിക്കുന്നു. പോലീസും ഭരണകൂടങ്ങളും അക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്നു. ഇന്നലെ ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകൾ ആൾക്കൂട്ട വിചാരണയ്ക്കും അക്രമങ്ങൾക്കും വിധേയമായി കള്ളക്കേസിൽ കുടുക്കി ജയിലടക്കപ്പെട്ടു. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക്, പ്രത്യേകിച്ചും ആദിവാസി - ദലിത് സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും പര്യാപ്തമാകുന്നതരത്തിലുള്ള പ്രവർത്തനങ്ങളാണ് സുവിശേഷ പ്രവർത്തകർ, അടിസ്ഥാന സൗകര്യങ്ങൾ അശേഷമില്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെയ്യുന്നത്. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിസ്റ്റർ പ്രീതിയേയും സിസ്റ്റർ വന്ദനയേയും ഛത്തീസ്ഗഡിലെ ഹിന്ദുത്വ ഭരണകൂടം ഇന്നലെ ജയിലിലടച്ചത്. വൈകാതെ കള്ളസാക്ഷികളും കള്ളമൊഴികളും അവർക്കെതിരെ അണിനിരക്കും. ഭരണകൂടങ്ങൾതന്നെ പ്രതിസ്ഥാനത്താകുമ്പോൾ അതിനൊന്നും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ!
ലോകത്തിൻ്റെ പല ഭാഗങ്ങളിലും സാംസ്ക്കാരിക വൈരുദ്ധ്യങ്ങളും തർക്കങ്ങളും സംഘർഷങ്ങളുമൊക്കെ ധാരാളമായി നടക്കുന്നുണ്ട്. പ്രാദേശികവും മതപരവും ഗോത്രപരവുമായ കാരണങ്ങളാണ് പലതിനും പുറകിൽ. പ്രശ്നങ്ങളുടെയൊന്നും കാരണം സാർവ്വദേശീയ തലത്തിൽ ഏക സ്വഭാവമുള്ളതല്ല. ഇന്ത്യയെ സംബന്ധിച്ച് ഇത്തരം സംഘർഷങ്ങളുടെ ഒരു വശത്ത് എക്കാലത്തും ആധിപത്യത്തിൻ്റെയും സാമൂഹ്യാധികാരത്തിൻ്റെയും ജാത്യാഭിമാനത്തിൻ്റെയും പക്ഷം പേറുന്ന ഹിന്ദു സവർണ്ണതയാണ്. അതിനെതിരായ സമരമാണ് ബുദ്ധമതവും ജൈനരും സിഖുകാരും ഇസ്ലാമും ക്രിസ്ത്യാനിറ്റിയും സാമൂഹ്യ പരിഷ്കർത്താക്കളും നവോത്ഥാന നായകരുമൊക്കെ പല കാലങ്ങളിലായി ചെയ്തത്.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളെന്ന അർത്ഥത്തിൽ തമ്മിൽ തമ്മിൽ സംഘർഷങ്ങളിലേർപ്പെട്ട ചരിത്രമൊന്നുമില്ല നമ്മുടെ രാജ്യത്ത്. പരസ്പരം സൗഹാർദ്ദപൂർവ്വമായ സാമൂഹ്യജീവിതമാണ് ഇരു സമൂഹങ്ങളും നയിച്ചിരുന്നത്. എന്നാൽ സംഘപരിവാർ അധികാരത്തിലെത്തിയശേഷം സിറിയൻ ക്രൈസ്തവ സഭകൾ ഭരണകൂടത്തോട് ചേർന്നുനിന്നുകൊണ്ട് മുസ്ലിം വെറുപ്പിൻ്റെ പ്രചാരകരാകുന്നതാണ് രാജ്യം കാണുന്നത്. ക്രിസ്ത്യാനികളുടെ ഏതെങ്കിലും അവകാശങ്ങൾ മുസ്ലിങ്ങൾ തട്ടിയെടുത്തിട്ടില്ല. എന്നിട്ടും സംഘപരിവാറിനുമുന്നിൽ യജമാനഭക്തി കാണിക്കാൻ സിറിയൻ ക്രൈസ്തവ സഭകൾ നുണകളെ കൂട്ടുപിടിച്ച് മുസ്ലിം വെറുപ്പ് നിരന്തരം പറയുന്നു. ലൗജിഹാദ് പോലുള്ള കേന്ദ്രീകൃത കെട്ടുകഥകളിൽ വിഷം നിറച്ച്, വ്യാജ ന്യായങ്ങൾ നിരത്തി, സംഘപരിവാറിൻ്റെ ആക്രമണോത്സുകതയ്ക്ക് വെള്ളവും വളവും നൽകുന്നു. വിധേയത്വം രോഗമായി ബാധിക്കുന്ന തരത്തിലേക്ക് സിറിയൻ സഭകൾക്ക് മൂല്യശോഷണം സംഭവിച്ചു.
കത്തോലിക്ക സഭയുടെ പ്രധാന കോൺഗ്രിഗേഷനായ ഈശോ സഭയുടെ പുരോഹിതനും എൺപത്തിമൂന്ന് വയസ്സുകാരനും പാർക്കിൻസൺസ് രോഗിയുമായിരുന്ന സ്റ്റാൻസാമിയെ അവസാനകാലത്ത് വിറയൽ ബാധിച്ച്, വെള്ളം കുടിക്കാൻ ഒരു സ്ളിപ്പർ ഫ്ലാസ്ക് പോലും നൽകാതെ ഹിന്ദുത്വ ഭരണകൂടം ജയിലിട്ട് നിരന്തരം പീഡിപ്പിച്ചപ്പോഴും സഭ കണ്ടതായി നടിച്ചില്ല.
മുസ്ലിം സമൂഹത്തിനെതിരെ പൊളിറ്റിക്കൽ ഹിന്ദുവിനുവേണ്ടി എത്രമാത്രം സവർക്കറുടെ പണി ചെയ്താലും, (ക്രിസ്ത്യാനികളോടുള്ള സംഘപരിവാറിൻ്റെ മനോഭാവം മാറുമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ, സഭാ നേതൃത്വങ്ങൾക്ക് കാല്പനികതയുടെ സ്ഥലജലവിഭ്രാന്തികൾ ബാധിച്ചുവെന്നേ പറയാനാകൂ. കുന്നുകൂട്ടിയിട്ടിരിക്കുന്ന സ്വത്തുക്കളുടെ സംരക്ഷണമാണ് ഉദ്ദേശമെങ്കിൽ നട്ടെല്ല് വളച്ച് ഹിന്ദുത്വയ്ക്കെതിരെ മിണ്ടാതിരുന്നാൽ മതിയല്ലോ. അനധികൃത സ്വത്തുക്കൾ കയ്യാളുന്നവരെല്ലാം അധികാരികളോട് സമരസപ്പെടുന്നത് ചരിത്രത്തിന് പുതുമയൊന്നുമല്ല.
അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഒറീസയിൽ ഗ്രഹാം സ്റ്റയിൻസ് എന്ന ഓസ്ട്രേലിയൻ സുവിശേഷകനേയും കുടുംബത്തേയും ഹിന്ദുത്വവാദികൾ ചുട്ടുകൊന്നത്. രാജ്യം മുഴുവൻ പ്രതിഷേധമുണ്ടായി. സഭാ വ്യത്യാസം മറന്ന് ക്രൈസ്തവരും, മുസ്ലിങ്ങളടക്കം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും മതേതര വിശ്വാസികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. രാജ്യം മുഴുവൻ സമരസാന്ദ്രമായ ദിനങ്ങളായിരുന്നു അത്. തിരുവനന്തപുരത്ത് ഒരു അരമനയിൽ രാത്രി സിബിഐ റെയ്ഡ് നടത്തി. വിദേശത്ത് നിന്നും വന്ന ബൈബിളിനൊപ്പം കെട്ടു കണക്കിന് കോടികളുടെ വിദേശ പണവും കണ്ടെത്തിയതായി പറയപ്പെടുന്നു. അന്ന് രാത്രി ഗ്രഹാം സ്റ്റെയിൻസിന് വേണ്ടിയുള്ള സമരത്തിന് സഭ തിരശീലയിട്ടു. അത്രേയുള്ളൂ സിറിയൻ സഭകളുടെ നീതിബോധം.
കത്തോലിക്ക സഭയുടെ പ്രധാന കോൺഗ്രിഗേഷനായ ഈശോ സഭയുടെ പുരോഹിതനും എൺപത്തിമൂന്ന് വയസ്സുകാരനും പാർക്കിൻസൺസ് രോഗിയുമായിരുന്ന സ്റ്റാൻസാമിയെ അവസാനകാലത്ത് വിറയൽ ബാധിച്ച്, വെള്ളം കുടിക്കാൻ ഒരു സ്ളിപ്പർ ഫ്ലാസ്ക് പോലും നൽകാതെ ഹിന്ദുത്വ ഭരണകൂടം ജയിലിട്ട് നിരന്തരം പീഡിപ്പിച്ചപ്പോഴും സഭ കണ്ടതായി നടിച്ചില്ല. ഭൂമി വില്പനയിലും കോഴക്കേസുകളിലും സ്വാശ്രയ കച്ചവടത്തിലും നിറഞ്ഞാടുന്ന സഭയ്ക്ക്, ദലിതർക്കും ആദിവാസികൾക്കും വേണ്ടി ജീവിക്കുന്ന സ്റ്റാൻ സാമിയെങ്ങനെ പ്രിയപ്പെട്ടവനാകും? ഹിന്ദുത്വ വംശീയതയുടെ ആധിപത്യകാലത്ത് വേട്ടകാർക്കൊപ്പം ചേർന്ന് ഇരകളാക്കപ്പെടുന്ന സമൂഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നത് നീതികരിക്കാൻ കഴിയുന്നതല്ല.

ദൈവശാസ്ത്രത്തെ അന്തസ്സാര ശൂന്യമായി ഉൾക്കൊണ്ടവരാണ് വർത്തമാനകാല സിറിയൻ ക്രൈസ്തവ സഭാ നേതൃത്വവും പൗരോഹിത്യവും. കാസയെന്ന വിഷം മാത്രം തുപ്പുന്ന നെറികേടിനെ പരിപോഷിപ്പിച്ച് വിടുന്നു. കെന്നഡി കരിമ്പിൻകാലയെ പോലുള്ളവരെ കെട്ടഴിച്ചുവിട്ടുകൊണ്ട് മുസ്ലിം വെറുപ്പുതുപ്പുന്നു. സംഘപരിവാറെന്നത് വെറുമൊരു അധികാര പദ്ധതിയല്ല. അതൊരു സാംസ്കാരിക അധിനിവേശമാണ്. സവർണ്ണ ഹിന്ദുവിൻ്റെ സാംസ്ക്കാരികതയുമായി ലയിച്ചു ചേരാത്തതൊന്നും അവർക്ക് സ്വീകാര്യമില്ല. സാംസ്ക്കാരിക 'ശുദ്ധീകരണ'മാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുസ്ലിങ്ങളോടുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന സിറിയൻ സഭകൾ ആ കാര്യം ഓർത്തിരിക്കുന്നത് നന്നായിരിക്കും.
ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മു കശ്മീർ. പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മാൾഡ ബീഹാറിലെ കിഷൻഗഞ്ച്, ആസാമിലെ സൗത്ത് സൽമാര, ധുബ്രി, ഉത്തർപ്രദേശിലെ രാംപൂർ, മഹാരാഷ്ട്രയിലെ ഔറംഗാബാദ് തുടങ്ങിയ ജില്ലകൾ നമ്മുടെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷ ജില്ലകളാണ്. ഇവിടെയെല്ലാം ധാരാളം സ്ഥാപനങ്ങൾ ക്രൈസ്തവ സഭകൾ നടത്തുന്നുണ്ട്. സുവിശേഷ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകളായി നടക്കുന്നു. ഏതെങ്കിലും മുസ്ലീം സംഘടനകൾ എന്തെങ്കിലും ഭീഷണി ഉയർത്തിയുണ്ടോ? ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളെപ്പോലെ അതിക്രമം കാണിച്ചിട്ടുണ്ടോ?
ചില ക്രൈസ്തവ സഭകളുടെ നെറികേടുകൾ ഏറ്റുവാങ്ങുമ്പോഴും സിസ്റ്റർ പ്രീതിക്കും സിസ്റ്റർ വന്ദനയ്ക്കുമെതിരായ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കാൻ മുസ്ലിം സംഘടനകളെല്ലാം രംഗത്തുണ്ട്. കാരണം ഒരു ന്യൂനപക്ഷ മതവിഭാഗത്തിൻ്റെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. ഹിന്ദുത്വ ഫാസിസത്തിനൊപ്പം ചേർന്ന് ഒറ്റുകാരുടെ പണിയെടുക്കുന്ന സഭകളുടെ ഇരുട്ടു നിറഞ്ഞ കണ്ണുകളിലേക്ക് ഇനിയെങ്കിലും വെളിച്ചം കയറട്ടെ.
