അമൃത്പാല്‍ സിംഗ്

ഖദൂർ സാഹിബിൽ ഖലിസ്ഥാന്‍ നേതാവ് അമൃത് പാൽ സിങ് ജയത്തിലേക്ക്

സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും സംഘപരിവാറാണ് അമൃത് പാൽ സിങിന്റെ സ്ഥാനാർഥിത്വത്തിനുപിന്നിലെന്ന് ശിരോമണി അകാലിദൾ തുടക്കം മുതലേ ആരോപിച്ചിരുന്നു.

Election Desk

‘ഭിന്ദ്രൻവാല രണ്ടാമൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് പാൽ സിങ് പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്‌സഭാ മണ്ഡലത്തിൽ ജയത്തിലേക്ക്. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണുള്ളത്. കോൺഗ്രസിലെ കുൽബീർ സിംഗ് സിറയെയാണ് തോൽപ്പിച്ചത്.
എ.എ.പിയിലെ ലാൽജിത് സിംഗ് ഭുള്ളർ, ശിരോമണി അകാലിദളിലെ വീർസിങ് വലത്തോഹ, ബി.ജെ.പിയിലെ മൻജീത് സിംഗ് മന്ന മിയാൻവിന്ദ് തുടങ്ങിയവരും മത്സരരംഗത്തുണ്ടായിരുന്നു.

സ്വതന്ത്രനായാണ് മത്സരിച്ചതെങ്കിലും സംഘപരിവാറാണ് അമൃത് പാൽ സിങിന്റെ സ്ഥാനാർഥിത്വത്തിനു പിന്നിലെന്ന് ശിരോമണി അകാലിദൾ തുടക്കം മുതലേ ആരോപിച്ചിരുന്നു. മണ്ഡലത്തിലെ ബി.ജെ.പി ഇതര പാർട്ടികളുടെ വോട്ട് ബാങ്ക് തകർക്കുന്നതിനാണ് അമൃത് പാൽ സിങ് മത്സരിച്ചെന്ന വിമർശനങ്ങളുമുണ്ടായിരുന്നു. നിലവിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് അസമിലെ ജയിലിൽ കഴിയുകയാണ് വാരിസ് പഞ്ചാബ് ദേയുടെ നേതാവായ അമൃത് പാൽ സിങ്. അമൃത്പാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖൽസയാണ്. പിന്നാലെ കുടുംബാംഗങ്ങൾ ജയിലിലെത്തി അമൃത് പാലിനെ കാണുകയും നാമനിർദ്ദേശ പത്രിക നൽകുകയുമായിരുന്നു. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ അമൃത് പാലിന്റെ ആസ്തി ആയിരം കോടി രൂപയാണെന്ന് വെളിപ്പെടുത്തിയതും വിവാദങ്ങൾക്ക് കാരണമായിരുന്നു.

പഞ്ചാബിലും ഖദൂർ സാഹിബ് മണ്ഡലത്തിലും അമൃത് പാലിന് വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ടെന്ന് തുടക്കം മുതലേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭിന്ദ്രൻവാലയെ ഓർമിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പരമ്പരാഗത സിഖ് വേഷവിധാനങ്ങളോടെയും മത വിശ്വാസങ്ങളുടെയും കൂടി ജീവിക്കുന്ന അമൃത് പാലിന് വലിയ ആരാധകവൃന്ദമുണ്ട്. ജയിലിൽ കഴിയുന്ന സിഖ് തടവുകാരുടെ മോചനം, നദീജല തർക്കപരിഹാരം, കർഷകർക്ക് നീതി ഉറപ്പാക്കൽ, വിദേശ കുടിയേറ്റം കുറയ്ക്കൽ, തുടങ്ങിയ നിരവധി സിഖ് അനുകൂല വാഗ്ദാനങ്ങളാണ് അമൃത് പാൽ, പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ അമൃത് പാൽ സിങ്ങിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. ഭിന്ദ്രൻ വാലയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ഒരു വോട്ടെന്ന പ്രചാരണമാണ് അനുയായികൾ നടത്തിയത്. അമൃത് പാലിന്റെ കുടുംബാംഗങ്ങളും വീടുവിടാന്തരം കയറിയുളള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് അമൃത് പാലിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മത്സരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചതെന്നുമാണ് അമൃത് പാൽ സിങ്ങിന്റെ പിതാവ് തർസെം സിംഗ് പറഞ്ഞത്. “ഞങ്ങൾ അദ്ദേഹത്തെ ജയിലിൽ കാണാൻ ചെന്നപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചു”. ജനങ്ങളിൽ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം സമ്മർദ്ദമുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അമൃത്പാൽ മത്സരിക്കാൻ തയ്യാറായതെന്നാണ് പിതാവ് പറയുന്നത്.

ഇന്ത്യയിൽ ഏറ്റവും അധികം മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബാണ്. രൂക്ഷമായ തൊഴിലില്ലായ്മയും മറ്റും പഞ്ചാബിലെ യുവാക്കളെ വലിയതോതിൽ മയക്കമരുന്നിന് അടിമയാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഹരിക്കടിമയായ യുവാക്കളെ നേർവഴിയിലേക്കും മതവിശ്വാസങ്ങളിലേക്കും തിരികെ കൊണ്ടുവന്ന സിഖ് മതപ്രചാരകനെന്ന ഇമേജാണ് അമൃത് പാലിന്റെ ജനകീയതയുടെ പ്രധാന കാരണം.

നേരത്തെ 1989ൽ ഖലിസ്ഥാൻ വാദിയും ശിരോമണി അകാലിദൾ നേതാവുമായ സിമ്രൻജിത് സിങ് മാൻ തടവിലിരുന്ന് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തിരുന്നു. സിമ്രൻ ജിതിന് ശേഷം അമൃത് പാലിലൂടെ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്.

75 ശതമാനം സിഖ് വോട്ടുള്ള മണ്ഡലമാണ് ഖദൂർ സാഹിബ്. മണ്ഡലത്തിൽ നിന്ന് കൂടുതൽ തവണ ശിരോമണി അകാലിദളാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ജസ്ബീർ സിംഗ് ഗിൽ 4,59,710 വോട്ടാണ് നേടിയത്. എസ്.എ.ഡി സ്ഥാനാർഥിയായ ബിബി ജാഗിറിന് 3,19,137 വോട്ടായിരുന്നു ലഭിച്ചത്. 1,40, 573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. 2 1996-ൽ പഞ്ചാബ് പോലീസ് പിടികൂടിയ ശേഷം 'കാണാതായ' പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിംഗ് ഖൽറയുടെ വിധവ ബിബി പരംജിത് കൗർ ഖൽറ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 20 ശതമാനം വോട്ടാണ് പരംജിത് കൗർ നേടിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അമൃത് പാൽ സിങ്ങിന് പിന്തുണ നൽകുമെന്ന് പരംജിത് കൗർ ഖൽറ പറഞ്ഞിരുന്നു. ഇതും അമൃത് പാലിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുള്ള അമൃത് പാലിനെതിരെ വധശ്രമം മുതൽ കൊള്ളയടിക്കൽ വരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അമൃത് പാലിനെതിരെ 12 ക്രിമിനൽ കേസുണ്ടെങ്കിലും ഒന്നിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. പഞ്ചാബിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയും ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള പദ്ധതിയുടെ ഭാഗമായുമെല്ലാം അമൃത് പാലിന്റെ സ്ഥാനാർഥിത്വം വിലയിരുത്തപ്പെട്ടിരുന്നു. ജയത്തോടെ ആ വാദങ്ങൾക്ക് ബലമേറുകയാണ്.

പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിക്കും സിഖ് പാർട്ടിയായ ശിരോമണി അകാലിദളിനും അമൃത് പാലിന്റെ വിജയം, നൽകുന്ന ആഘാതം ചെറുതല്ല.

Comments