ഹരിയാനയിൽ ബി.ജെ.പി സർക്കാർ അനിശ്ചിതത്വത്തിൽപെട്ടുഴലുമ്പോഴും കർണാൽ ലോക്സഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വിജയത്തിലേക്ക്. കോൺഗ്രസിലെ ദിവ്യാൻഷു ബുദ്ധിരാജയോടായിരുന്നു ഖട്ടറിന്റെ മത്സരം. ഖട്ടറിന്റെ ആദ്യ ലോകസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്.
ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി- ജെ.ജെ.പി സഖ്യസർക്കാറിന്റെ തകർച്ചക്കുശേഷം, കർണാലിലെ എം.എൽ.എ സ്ഥാനം രാജിവെച്ചശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. 2014- ലും 2019- ലും കർണാലിൽ നിന്നാണ് ഖട്ടർ നിയമസഭാംഗമായത്. കർഷകരുടെയും ഗുസ്തിതാരങ്ങളുടെയും സമരം സൃഷ്ടിച്ച അതിശക്തമായ ജനകീയ പ്രതിഷേധം മറികടന്ന് ഖട്ടർ നേടിയ വിജയം ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു ഖട്ടറുടെ കാമ്പയിൻ. പ്രധാനമന്ത്രിയായി മോദിയെ തിരഞ്ഞെടുക്കുന്നതിനാണ് ഈ പോരാട്ടമെന്നും താൻ അദ്ദേഹത്തിന്റ നോമിനി മാത്രമാണെന്നുമാണ് ഖട്ടർ അഭിപ്രായപ്പെട്ടത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, അഴിമതി നിർമ്മാജനം, ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു കാമ്പയിൻ.
2014 -മുതൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്. 2014-ൽ ബി.ജെ.പിയുടെ അശ്വനി കുമാറും 2019- ൽ സഞ്ജയ് ഭാട്ടിയയുമാണ് വിജയിച്ചത്. 2019-ൽ സഞ്ജയ് ഭാട്ടിയ 70.08% വോട്ട് ഷെയറിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് ശർമയെ തോൽപ്പിച്ചത്.
ഹരിയാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയാണ് ദിവ്യാൻഷു ബുദ്ധിരാജയാണ് എതിർ സ്ഥാനത്തുണ്ടായിരുന്നത്. ഖട്ടർ സർക്കാറിനെതിരായ സമരങ്ങളിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന ബുദ്ധിരാജ തന്നെ മത്സരിക്കാനെത്തിയത് അണികൾക്ക് വലിയ ആവേശമാണുണ്ടാക്കിയത്. 2017- ൽ വിദ്യാർഥി പ്രതിഷേധത്തിനിടെ ഖട്ടറിന്റെ വാഹനം തടയാൻ ശ്രമിച്ച കേസിൽ ബുദ്ധിരാജയെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഇതൊന്നും ഖട്ടറിനെ പരാജയപ്പെടുത്താൻ പര്യാപത്മായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിയുന്നത്.
1952 മുതൽ 11 തവണ കോൺഗ്രസ് ജയിച്ച മണ്ഡലമാണ് കർണാൽ. ബി ജെ പി അഞ്ച് തവണ ജയിച്ചു.
ഹരിയാനയുടെ വടക്ക്-മധ്യ ഭാഗത്തുള്ള ഒരു കാർഷിക-വ്യാവസായിക ജില്ലയാണ് കർണാൽ. ഒമ്പത് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന് കർണാൽ ലോക്സഭാ മണ്ഡലത്തിൽ അഞ്ചെണ്ണം ബിജെപിയും മൂന്നെണ്ണം കോൺഗ്രസും ഒരെണ്ണം സ്വതന്ത്രനുമാണ് പ്രതിനിധീകരിക്കുന്നത്.