യോഗിയെ തോൽപ്പിക്കാൻ ഹിന്ദുത്വ പറയുന്ന പ്രിയങ്ക, തോൽക്കുന്ന കോൺഗ്രസ്

''രാമജന്മഭൂമിയുടെ പൂട്ടുകൾ തുറന്നുകൊടുത്തുകൊണ്ടു രാജീവ് ഗാന്ധി തുടങ്ങിവച്ച ഹിന്ദുത്വവൽക്കരണം ഇന്ത്യയെ എവിടെയെത്തിച്ചു, കോൺഗ്രസിനെ എവിടെയെത്തിച്ചു എന്ന് നമ്മൾക്കറിയാം. എന്നിട്ടും ബാക്കിയുള്ള കോൺഗ്രസിനിട്ടാണ് പ്രിയങ്കാജി ഗാന്ധിജി വാദ്രാജിയുടെ പണി. ഇന്ത്യയ്ക്കിട്ടും.''

ദുർഗാ മാതാവിനെ അനുസ്മരിച്ചുകൊണ്ട് തുടക്കം. "ജയ് മാതാ ദി' എന്ന് നാട്ടുകാരെക്കൊണ്ട് ഏറ്റുപറയിപ്പിക്കൽ. താൻ ഉപവാസത്തിലാണെന്നും അതുകൊണ്ടു ദേവീസ്തുതി ചൊല്ലാം എന്ന് പറഞ്ഞു നാല് ശ്ലോകം.

പ്രിയങ്കാജി ഗാന്ധി വാദ്രാജിയുടെ ഇന്നലത്തെ വാരണാസിയിലെ പ്രത്യക്ഷത്തിന്റെ കഥയാണ്. വെടിയേറ്റുമരിച്ച കൃഷിക്കാരുടെ അവകാശറാലിയാണ് സംഭവം.

പഞ്ചാബിലെ കോൺഗ്രസിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി. ചത്തിസ്‌ഗഡിലും അതാവർത്തിച്ചു. ഉത്തർപ്രദേശിൽ ഒരു പ്രതിപക്ഷ വിജയത്തിനുള്ള ഏതെങ്കിലും വിദൂര സാധ്യതയുണ്ടെങ്കിൽ അതും ഉടച്ചുകളഞ്ഞേ പ്രിയങ്കാ ഗാന്ധി വാദ്രാജി ദേശീയ തലത്തിൽ കോൺഗ്രസിന്റെ കാര്യം ശരിയാക്കാൻ ഇറങ്ങൂ എന്നായിരുന്നു എന്റെ വിചാരം.
വാദ്രാജി എന്നെ തോൽപ്പിച്ചു കളഞ്ഞു. ഓപ്പറേഷൻ തുടങ്ങിക്കഴിഞ്ഞു.

തങ്ങൾ ഹിന്ദുക്കളാണ് എന്നറിയാത്തതുകൊണ്ടല്ല ഇന്ത്യയിലെ ഹിന്ദുക്കൾ ഒരു മതേതര രാജ്യം നിർമ്മിക്കാൻ സമ്മതം മൂളിയത്. അതും മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടു തങ്ങൾക്കായി വീതിച്ചു കിട്ടിയ നാട്ടിൽ. അത് സംസ്കാരമുള്ള ഒരു ജനതയുടെ കൊടിയടയാളമാണെന്നു അവർക്കു മനസിലായതു കൊണ്ടാണ്. അല്ലെങ്കിൽ അവരെ അത് മനസിലാക്കിയെടുക്കാൻ കഴിവുണ്ടായിരുന്ന നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയിൽ ഉണ്ടായിരുന്നതുകൊണ്ടാണ്. ആ ചരിത്ര തീരുമാനത്തിന് അടുത്തയാളുടെ, ഒരു വേള കാരണമായ ആളുടെ, ജനിതക പിൻഗാമിയാണ് ഇന്നലെ മുകളിൽപ്പറഞ്ഞ വേഷംകെട്ട് നടത്തിയ പ്രിയങ്കാജി ഗാന്ധിജി വാദ്രാജി.

ഇന്ത്യൻ ഹിന്ദുവിനെ തങ്ങളുദ്ദേശിക്കുന്നതരത്തിലുള്ള ഹിന്ദുവാക്കാൻ ഇക്കാലമായിട്ടും ആർഎസ്എസിന് സാധിച്ചിട്ടില്ല, തെരഞ്ഞെടുപ്പുവിജയങ്ങൾ ഉണ്ടായിട്ടുകൂടി. ആചാരങ്ങളെയും വിശ്വാസങ്ങളെയും ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗിച്ചും അധികാരം പിടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവരുദ്ദേശിക്കുന്ന വിധത്തിൽ അന്യമതദ്വേഷിയായ മതജീവിയാക്കാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല.

അപ്പോഴാണ് അതിന്റെ ചെറുപതിപ്പുമായി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചെറുമകളുടെ പ്രത്യക്ഷം!. ഇമ്മാതിരി കളി കളിച്ചു കോൺഗ്രസുണ്ടാക്കിയ "നേട്ടങ്ങൾ' കണക്കാക്കുമ്പോൾ ഈ പ്രത്യക്ഷത്തിന്റെ പ്രത്യാഘാതം രണ്ടാണ്.

ഒന്ന്: ഹിന്ദുത്വ പറയാൻ കോൺഗ്രസിനേക്കാളും നല്ലതു ബി ജെ പി യാണ് എന്ന കാര്യത്തിൽ നാട്ടുകാർക്കോ കോൺഗ്രസുകാർക്കോ സംശയം ഉണ്ടാകേണ്ട കാര്യമില്ല. മതേ"തറ' സമ്പ്രദായം ഒരു ഭാരമാണെങ്കിൽ പച്ച വർഗീയതയുടെ കൂടെ നിൽക്കുകയാണു ബുദ്ധി. അതിനു കോൺഗ്രസ് വേണമെന്നില്ല.

രണ്ട്: ഹിന്ദുത്വ പറയാൻ ഗാന്ധി കുടുംബം ഇറങ്ങിയാൽ തങ്ങളുടെ കാര്യം ആര് പറയും എന്നമ്പരന്നുനിയിൽക്കുന്ന ഇന്ത്യൻ മുസൽമാന്റെ മുൻപിൽ അസദുദ്ദീൻ ഉവൈസിയും അമ്മാതിരി അവതാരങ്ങളും പ്രത്യക്ഷപ്പെടും. അവരാണ് ആർഎസ്എസിന്റെ എക്കാലത്തെയും തുറുപ്പുചീട്ട്; ഉറപ്പ്. അവർ നടത്തുന്ന ഓരോ പ്രസംഗവും മറുഭാഗം വേണമെങ്കിൽ സ്പോൺസർ ചെയ്യും.

രാമജന്മഭൂമിയുടെ പൂട്ടുകൾ തുറന്നുകൊടുത്തുകൊണ്ടു രാജീവ് ഗാന്ധി തുടങ്ങിവച്ച ഹിന്ദുത്വവൽക്കരണം ഇന്ത്യയെ എവിടെയെത്തിച്ചു, കോൺഗ്രസിനെ എവിടെയെത്തിച്ചു എന്ന് നമ്മൾക്കറിയാം. എന്നിട്ടും ബാക്കിയുള്ള കോൺഗ്രസിനിട്ടാണ് പ്രിയങ്കാജി ഗാന്ധിജി വാദ്രാജിയുടെ പണി. ഇന്ത്യയ്ക്കിട്ടും.

മുസ്ലിങ്ങൾക്കുമാത്രമാണ് പണ്ട് റേഷൻ കിട്ടിക്കൊണ്ടിരുന്നതു, അത് ഞങ്ങൾ നിർത്തലാക്കിയെന്ന് പറഞ്ഞു യോഗിജി ഭരണനേട്ടത്തിന്റെ കെട്ടഴിച്ചുതുടങ്ങിയിട്ടുണ്ട്, ഉത്തർ പ്രദേശിൽ. ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡോ. മൻമോഹൻസിങ്ങിനെതിരെ പാകിസ്‌ഥാനുമായി ബന്ധപ്പെടുത്തി നികൃഷ്ടമായ ആരോപണം ഉന്നയിക്കാൻ യാതൊരു മടിയുമില്ലാതിരുന്ന പ്രധാനമന്ത്രി മോദിജി ഇനി വരാനിരിക്കുന്നതേയുള്ളൂ. വേഷം നോക്കി കുഴപ്പക്കാരെ തിരിച്ചറിയാമെന്നും ഭൂരിപക്ഷജനതയുടെ രോഷം ഭയന്ന് ന്യൂനപക്ഷം ഭൂരിപക്ഷമായ സ്‌ഥലത്തേക്ക്‌ പ്രതിപക്ഷ നേതാക്കൾ ഒളിച്ചോടിയെന്നും പറഞ്ഞ ആളാണ് മോദിജി; ഉത്തർ പ്രദേശ് പിടിക്കാൻ അദ്ദേഹം എന്തൊക്കെ പറയും എന്ന് കണ്ടറിയണം.

അപ്പോഴാണ് മോദിജിയും യോഗിജിയും പറയാൻ പോകുന്നത് ശരിയാണെന്നു മുൻ‌കൂർ പറഞ്ഞുകൊണ്ട് പ്രിയങ്കാജി ഗാന്ധിജി വാദ്രാജി ഇന്നലെയേ പുറപ്പെട്ടത്; ഇനി വേണമെങ്കിൽ അര മണിക്കൂർ നേരത്തെ പുറപ്പെടാമെന്നു വാക്ക് കൊടുത്തത്. വാദ്രാജിയെ കോൺഗ്രസ് അതിജീവിക്കട്ടെ എന്ന് കോൺഗ്രസുകാർക്ക്, എനിക്കും, എന്റെ വക ഒരാശംസ.

Comments