ബാബറി മസ്ജിദിന്റെ തകർച്ചയെ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിയുടെ മരണത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. അടിസ്ഥാന ഭരണഘടനാമൂല്യങ്ങളും നിയമവാഴ്ചയും തകർത്തു എന്നതാണ് അങ്ങനെ പറയാനുള്ള കാരണങ്ങളിൽ ഒന്ന്. അതിനുശേഷം, ഒരു കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രസി എന്ന നിലക്ക് നിയമവാഴ്ചയുടെ നിരന്തരലംഘനം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.
ഭരണഘടനയിൽ വിശ്വസിക്കാൻ മനുഷ്യർക്ക് കാരണങ്ങളില്ലാത്ത അവസ്ഥയിലേക്കുപോലും നമ്മൾ വന്നുകൊണ്ടിരിക്കുന്നു.
ബാബറി മസ്ജിദിന്റെ തകർച്ചയെ ഒരു സിംബലായി എടുക്കുകയാണെങ്കിൽ, അവിടുന്നിങ്ങോട്ട് മൂന്ന് കാര്യങ്ങൾ സംഭവിച്ചു. ഒന്ന്, ബാബറി മസ്ജിദ് തകർത്തു, രണ്ട്, ബാബറി മസ്ജിദ് നിന്ന സ്ഥലം ഒരുവിഭാഗക്കാർക്ക് മാത്രമായി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധി, മൂന്ന്, ബാബറി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്കാരെ വെറുതെ വിട്ട കഴിഞ്ഞദിവസത്തെ ലക്‌നൗ സി.ബി.ഐ പ്രത്യേക കോടതി വിധി. ഈ വിധിയാണ് ഏറ്റവും മാരക പ്രത്യാഘാതമുണ്ടാക്കാൻ പോകുന്നത്.
ഗൂഢാലോചനയുടെ ഭാഗമായി എക്സിക്യൂട്ടീവും
ബാബറി മസ്ജിദ് തകർത്തത് പല കാരണങ്ങൾകൊണ്ട് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്. അതിലെ അക്രമത്തിന്റെയും ഹിംസയുടെയും വശം മാറ്റിനിർത്തിയാൽ തന്നെ ഒരു ഭരണകൂടം എന്ന നിലക്കും ഒരു സമൂഹം എന്ന നിലക്കും നമ്മൾ അതിനെ എങ്ങനെയാണ് സമീപിച്ചത് എന്ന് ആലോചിക്കുക. പ്രശ്‌നത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നു, ബാബറി മസ്ജിദിന്റെ സ്റ്റാറ്റസ്‌കോ നിലനിർത്തണം എന്ന് അന്ന് സുപ്രീംകോടതി ഉത്തരവിട്ടു, എങ്ങനെ നിലനിർത്താമെന്ന സത്യവാങ്മൂലം ഉത്തർപ്രദേശ് സർക്കാർ കൊടുത്തു, അതിന് കേന്ദ്രസർക്കാർ ഗ്യാരണ്ടിയായിരുന്നു. കേന്ദ്രസർക്കാർ അവിടെ പാരാമിലിറ്ററി സേനയെ വിന്യസിക്കുകയും ചെയ്തതാണ്.
ബാബറി മസ്ജിദിന് കേടുവരാൻ പാടില്ല എന്നതായിരുന്നു സുപ്രീംകോടതി നിലപാട്. എന്നാൽ, 1992 ഡിസംബർ ആറിന്, കഴിഞ്ഞദിവസത്തെ കോടതി വിധി പ്രകാരമാണെങ്കിൽ, കുറേയധികം- ഒന്നരലക്ഷത്തോളമുണ്ടെന്നാണ് പറയുന്നത്- hooligans ആയ കർസേവകർ ബാബറി മസ്ജിദ് തകർത്തു. ബാബറി മസ്ജിദ് അങ്ങനെത്തന്നെ നിലനിർത്തണം എന്നതാണ് സുപ്രീംകോടതി ഉത്തരവ് എന്നിരിക്കേ, ഗൂഢാലോചനയുടെ ഭാഗമായി എക്സിക്യൂട്ടീവ് ആ കുറ്റകൃത്യം നടപ്പാക്കാൻ അരുനിന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.
സുപ്രീംകോടതി ഉത്തരവിനോട് ആദരവ് പുലർത്താൻ എക്സിക്യൂട്ടീവ് തയ്യാറായിരുന്നുവെങ്കിൽ ബാബറി മസ്ജിദ് തകരില്ലായിരുന്നു. എക്സിക്യുട്ടീവിന്റെ ഭാഗത്തുമാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭാഗത്തും സംഭവിച്ച വലിയ പിഴവാണ് ബാബറി മസ്ജിദ് തകർന്നുവീഴുന്നതിന് ഇടയാക്കിയത്.
എല്ലാം അറിയാം, എന്നിട്ടും...
ബാബറി മസ്ജിദ് തകർത്തശേഷം, മുപ്പതുവർഷമായി ഇന്ത്യ കലുഷിത കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചത്. ബാബറി മസ്ജിദിന് മുമ്പും ശേഷവും എന്ന തരത്തിൽ തന്നെ സാമൂഹ്യ ജീവിതം വിഭജിതമായ അവസ്ഥ. ഈ സ്ഥലം ഹിന്ദുക്കൾക്ക് മാത്രമായി വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധി ഇപ്പോഴും എനിക്ക് ദഹിക്കാത്ത ഒന്നാണ്. ഹിന്ദുക്കൾ കൈവശം വെച്ചിരുന്നുവെന്ന് അവർ അവകാശപ്പെടുന്ന സ്ഥലം അവർക്ക് കൊടുക്കുകയാണ്. ആ സ്ഥലം നിരന്തരം കൈവശം വെച്ചിരുന്നുവെന്ന് തെളിയിക്കാൻ മുസ്‌ലിംകൾക്ക് പറ്റിയിട്ടില്ലെന്നു പറഞ്ഞിട്ടാണ് സുപ്രീംകോടതി, സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുന്നത്. വിചിത്ര ലോജിക്കാണ് ഇതിൽ വർക്കു ചെയ്തതെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നീതിതേടി മുമ്പിൽ വന്ന രണ്ടുകൂട്ടർക്ക് രണ്ടുതരം അളവുകോൽവെച്ചാണ് സുപ്രീം കോടതി നീതി അളന്നത് എന്ന തോന്നൽ എനിക്കുണ്ട്.
ഈ വിധി പോലും, ഒരുവേള അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. കാരണം അതിനകത്ത് ഒരു സൊല്യൂഷൻ ഉണ്ട്. സുപ്രീംകോടതി വിധിയിൽ അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം, ഞങ്ങൾ ഭരണഘടന അനുസരിച്ചാണ് വിധി പ്രസ്താവിച്ചത് എന്ന അവകാശവാദമാണ്. മതേതര ജനാധിപത്യ രാഷ്ട്രത്തിലെ ഭരണഘടന അനുസരിച്ചുള്ള വിധിയായി അതിനെ അംഗീകരിക്കാൻ പറ്റില്ല. അതേസമയം, ഒരു ഒത്തുതീർപ്പ് എന്ന നിലയ്ക്ക് അതിനെ കാണാം. എന്നാൽ, ഗൂഢാലോചനയിൽ പങ്കെടുത്തവരെ വെറുതെ വിട്ടുകൊണ്ടുളള ലക്‌നൗ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
മുമ്പത്തെ സുപ്രീംകോടതി വിധിയിൽ പോലും, ഒരിക്കലും അംഗീകരിക്കാനാവാത്ത, നിയമവാഴ്ചയുടെ ഗുരുതരലംഘനം എന്നാണ് ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അങ്ങനെ സുപ്രീംകോടതി പോലും അഭിപ്രായപ്പെട്ട, മാധ്യമങ്ങളിലൂടെയും മറ്റും ലോകം മുഴുവൻ കണ്ട ഒന്നാണിത്. ലോകത്തിന് അറിയാം ആരാണ്, എന്തിനാണ് അതിനുപിന്നിൽ പ്രവർത്തിച്ചതെന്ന്. അതിൽ ഗൂഢാലോചനയില്ലെന്ന് പറയുന്നത് അതുകൊണ്ടുതന്നെ എത്ര പരിഹാസ്യമാണ്. നിയമവാഴ്ചയിലുള്ള വിശ്വാസം പോലും നഷ്ടമാകുന്നുവെന്ന തോന്നലുണ്ടാകുന്നത് എത്ര ഗുരുതരമാണ് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്.
ഒറിജിലൽ ഇല്ലാത്ത തെളിവുകൾ
തെളിവുകൾക്കുപകരം തോന്നലുകളെയാണ് പലപ്പോഴും ഈ വിധി ആധാരമാക്കിയത് എന്ന തോന്നൽ എനിക്കുണ്ട്. വിധിയിൽ പറയുന്ന ഒരു കാര്യം, അവരല്ല ഇത് പൊളിച്ചത്, കാരണം ബാബറി മസ്ജിദിന്റെ കീഴിൽ കൊണ്ടുവെച്ചിരുന്ന ശ്രീരാമന്റെ വിഗ്രഹം അപ്പോൾ അവിടെ തന്നെയുണ്ടായിരുന്നു, പൊളിക്കാനായിരുന്നു പ്ലാൻ എങ്കിൽ അവർ ആ വിഗ്രഹം നേരത്തെ അവിടെ നിന്ന് കടത്തിയേനെ എന്നാണ്.
അതിനെക്കുറിച്ച് ജസ്റ്റിസ് ലിബർഹാൻ കമ്മീഷന്റെ ഒരു നിരീക്ഷണമുണ്ട്- കർസേവകർ അകത്തുകടന്നയുടൻ അവർ ചെയ്തത് അവിടെയുളള ഗർഭഗൃഹത്തിൽ ചെന്ന് ശ്രീരാമന്റെ വിഗ്രഹവും കാഴ്ചപ്പെട്ടിയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഇത് ആസൂത്രിതം അല്ലായിരുന്നെങ്കിൽ മന്ദിരത്തിനടിയിലുള്ള ശ്രീരാമ വിഗ്രഹത്തിന് എന്തെങ്കിലും സംഭവിക്കുമായിരുന്നില്ലേ എന്നത് മനസിലാക്കണം. ശ്രീരാമ വിഗ്രഹം സുരക്ഷിതമായി മറ്റൊരു സ്ഥലത്താണ് ഇരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇത് പ്ലാൻഡ് അല്ലായിരുന്നുവെന്ന വിധിക്ക് എത്ര സാംഗത്യമുണ്ട് എന്നത് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. അത് എങ്ങനെ വിശ്വസിക്കാൻ പറ്റും?
ബാബറി മസ്ജിദ് തകർത്തതിൽ, ഗൂഢാലോചന ഇല്ല എന്ന് കണ്ടെത്താൻ കോടതി ഉന്നയിക്കുന്ന വാദങ്ങളുടെ പരിഹാസ്യത മാറ്റിവെച്ചാൽ, ഗൗരവമായെടുക്കേണ്ട മറ്റൊരു ഘടകം, ഈ കേസ് പ്രോസിക്യൂട്ട് ചെയ്ത സി.ബി.ഐ എന്ന അന്വേഷണ ഏജൻസിയെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാന ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി എന്നാണ് സി.ബി.ഐ അറിയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൊള്ളാവുന്ന ഉദ്യോഗസ്ഥരുള്ള ഏജൻസി. ഇവർ കൊടുത്ത ഫോട്ടോഗ്രാഫുകൾ, പത്രറിപ്പോർട്ടുകൾ, വോയ്‌സ്- വീഡിയോ റെക്കോർഡുകൾ തുടങ്ങിയ തെളിവുകൾ അംഗീകരിക്കാൻ പറ്റില്ലെന്നാണ് കോടതി പറഞ്ഞത്. അതിന്റെ കാരണങ്ങളും പറയുന്നു; പത്ര റിപ്പോർട്ടുകളുടെ ഒറിജിനൽ ഇല്ല, കോപ്പി മാത്രമേയുള്ളൂ, ഫോട്ടോഗ്രാഫുകളുടെ നെഗറ്റീവില്ല, വീഡിയോ- ഓഡിയോ ക്ലിപ്പുകളിൽ എഡിറ്റിങ് നടന്നിട്ടുണ്ട്, അതിൽ ഫോറൻസിക് പരിശോധന നടന്നിട്ടില്ല. ജഡ്ജി പറയുന്നതിൽ കാര്യമുണ്ട്, ഫോട്ടോ മാത്രം കൊടുത്ത്, നെഗറ്റീവ് ഇല്ലെന്നു പറഞ്ഞാൽ ഇത് tampered ആണോ എന്ന് എങ്ങനെ അറിയാൻ കഴിയും.
അങ്ങനെ തികച്ചും അൺ പ്രൊഫഷണലായി ഒരു കേസ് പ്രോസിക്യൂട്ട് ചെയ്തതിന്റെ ഫലം കൂടിയാണ് ഈ കേസിലെ തോൽവി. അത് യാദൃച്ഛികമായി സംഭവിച്ചതാണ് എന്ന് വിശ്വസിക്കാൻ നിവൃത്തിയില്ല. കാരണം, ലോകം മുഴുവൻ കണ്ട ഒരു കുറ്റകൃത്യം, കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി പറഞ്ഞ കാര്യം, അത് അന്വേഷിക്കുന്ന ഏജൻസി പ്രഫഷണലായി ജോലി ചെയ്താൽ തെളിവ് കിട്ടാൻ ബുദ്ധിമുട്ടില്ല. പത്ര റിപ്പോർട്ടുകളുടെ ഒറിജിനലും ഫോട്ടോകളുടെ നെഗറ്റീവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നത് അസംബന്ധമാണ്, സി.ബി.ഐ ഒരു ഒഴവുകഴിവ് കണ്ടുപിടിച്ചുവെന്നുവേണം കരുതാൻ. അത് അംഗീകരിക്കാനാകില്ല, മാത്രമല്ല, അത് മനഃപൂർവവുമാണ് എന്നുവേണം കരുതാൻ.
ജുഡീഷ്യറി ഇതിനകത്ത് എങ്ങനെയാണ് collude ചെയ്തത് എന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യം കൂടി മനസ്സിലാക്കണം. പല കേസുകളിലും സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകുമ്പോൾ ചാർജ് ഷീറ്റ് നോക്കി കോടതികൾ പറയും, അന്വേഷണം പൂർണമല്ല, വേണ്ടവിധത്തിലല്ല നടന്നത്, അന്വേഷണ റിപ്പോർട്ടിൽ ആവശ്യമായ കാര്യങ്ങൾ ഇല്ല എന്നൊക്കെ. ഇത് പറയാൻ അവകാശമുള്ള സംവിധാനമാണ് കോടതി. ഈ കേസിൽ കോടതി എന്താണ് ചെയ്തത്? വിചാരണ കഴിഞ്ഞ് വിധി പ്രസ്താവിക്കാൻ നേരത്താണ് പറയുന്നത്, ഫോട്ടോയുടെ നെഗറ്റീവ് ഇല്ല, പത്ര റിപ്പോർട്ടിന്റെ ഒറിജിനൽ ഇല്ല, വോയിസ് ക്ലിപ്പിന്റെ ഫോറൻസിക് പരിശോധന നടന്നിട്ടില്ല എന്നൊക്കെ. ബാലിശവും അസംബന്ധവുമായ വാദങ്ങളാണിവ.
തെളിവുകളെന്ന നിലക്ക് ഇതെല്ലാം ഹാജരാക്കുമ്പോൾ, നെഗറ്റീവില്ലാത്തതുകൊണ്ട് ഞാനിത് തെളിവായി പരിഗണിക്കുന്നില്ല എന്ന് ഒരു ജഡ്ജി പറയുന്നതും ആ ജഡ്ജിയെക്കൊണ്ട് അങ്ങനെ പറയിക്കുന്നതും വളരെ യാദൃച്ഛികമാണ് എന്നു പറയാൻ കഴിയില്ല. ഇത് നിയമവാഴ്ചയോടുള്ള അനാദരവിന്റെ ഭാഗമാണ്. ബാബറി മസ്ജിദ് ഒരു കൂട്ടം ക്രിമിനലുകൾ തകർക്കുന്നു, സർക്കാർ സംവിധാനം- സംസ്ഥാന സർക്കാറിന്റെയായാലും കേന്ദ്ര സർക്കാറിന്റെയായാലും- അത് നോക്കി നിൽക്കുന്നു; കോടതി ഉത്തരവിന് വിരുദ്ധമായി അവർ അങ്ങനെ ചെയ്തുവെങ്കിൽ, ഇവിടെ അവരെ വെറുതെ വിടുന്ന വിധിയിലും എക്സിക്യൂട്ടീവും ഒരുവേള ജുഡീഷ്യറിയും കുറ്റാരോപിതരായി നിൽക്കുന്ന അവസ്ഥയുണ്ട്. അവരാരെങ്കിലും അവരുടെ പണി ചെയ്തിരുന്നെങ്കിൽ ഈ കേസിലെ ഗൂഢാലോചകർ ശിക്ഷിക്കപ്പെടുമെന്നത് ന്യായമായ കാര്യമാണ്. കാരണം അങ്ങനെയൊരു കുറ്റം നടന്നു എന്നത് വ്യക്തമാണ്. അതിനെ പ്രോസിക്യുട്ട് ചെയ്യുന്ന വിധത്തിൽ ഒരു രാജ്യത്തിന് എത്തിപ്പെടാൻ പറ്റിയില്ല എങ്കിൽ, അതിലെ കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും ശിക്ഷിക്കാനും കഴിഞ്ഞില്ല എങ്കിൽ നിയമവാഴ്ചയിൽ നാം എങ്ങനെയാണ് വിശ്വാസമർപ്പിക്കുക? ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണിത്.
ചവിട്ടി നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥ
തെരഞ്ഞെടുപ്പ് എന്നതിലെ പ്രഥമ പരിഗണന, ആർക്കാണ് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നു എന്നതാണ്. എന്നാൽ ജനാധിപത്യം അർത്ഥവത്താകുക, വോട്ടു ചെയ്യാത്തവരുടെ കൂടി അവകാശങ്ങൾ എങ്ങനെ മാനിക്കപ്പെടുന്നു എന്ന് നോക്കിയാണ്. അങ്ങനെ വരുമ്പോൾ, സ്വാതന്ത്ര്യം നേടി 72 വർഷങ്ങൾക്കുശേഷവും നാം പിന്നോട്ടാണ് പോയിട്ടുള്ളത് എന്നു കാണാം.
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായപ്പോൾ ശ്യാമപ്രസാദ് മുഖർജിയെ ക്യാബിനറ്റിലെടുത്തു. ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിനിധിയായിരുന്നു അദ്ദേഹം എങ്കിലും അവരെക്കൂടി രാഷ്ട്രനിർമാണ പ്രക്രിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നെഹ്‌റു നടത്തിയത്. എന്നാൽ, ഇപ്പോൾ കാണുന്നതെന്താണ്. ഒരു പ്രത്യേക ട്രസ്റ്റ്, സിനിമയിൽ ഞാനും അപ്പനും സുഭദ്രയും എന്നു പറയുന്നതുപോലത്തെ ട്രസ്റ്റ്, അവർക്കു മാത്രമായി ഭരണസംവിധാനം മാറുന്നുവെന്ന ഭീതിദമായ അവസ്ഥ.
അവസാനത്തെ ആളെ വരെ പരിഗണിക്കുകയെന്ന ഭരണാധികാരിയുടെ കേവലമായ രാജ്യധർമ്മം അയാൾ മറക്കുന്നു, അയാളെ അധികാരത്തിലെത്തിച്ചവർ ആരാണോ അതിലെ ഒരു ന്യൂനപക്ഷത്തിന്റെ അല്ലെങ്കിൽ അത് എഞ്ചിനിയറിങ് ചെയ്യാൻ കഴിവുള്ളവരുടെ ഒരു ന്യൂനപക്ഷത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്ന ആളായി ഭരണാധികാരി മാറുന്നുവെന്ന പേടിപ്പിക്കുന്ന ഒരവസ്ഥയിലാണ് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാഷ്ട്രം.
എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്, ചവിട്ടി നിൽക്കാൻ സ്ഥലവുമില്ലാത്തൊരു അവസ്ഥ ഉണ്ട് എന്ന്. അത് അവരുടെ ജീവിതത്തെക്കുറിച്ച് പറയുന്നതാണ്. ഒരു രാജ്യം എന്നുള്ള നിലക്ക്, ചവിട്ടിനിൽക്കാൻ ഒരു സ്ഥലവുമില്ലാത്ത അവസ്ഥയിലേക്കാണ് നമ്മൾ പോകുന്നത്. എവിടെയെങ്കിലും ഒന്നു പിടിച്ചുനിൽക്കാൻ, എന്തിലെങ്കിലും ഒരു പ്രതീക്ഷവയ്ക്കാൻ, ഒരു സ്ഥലം, ഒരാശയം ഒരു പ്രവൃത്തി ഒരാൾ ഇല്ലാത്ത അവസ്ഥയിലേക്ക് മുങ്ങിപ്പോകുന്ന അവസ്ഥ, ഭയക്കാനുള്ള സമയമായി എന്നാണ് എന്റെ തോന്നൽ.